19 April Friday

1001 രാവുകള്‍റുഷ്ദി സ്റ്റൈല്‍

ഡോ. മീന ടി പിള്ളUpdated: Sunday Dec 20, 2015

സല്‍മാന്‍ റുഷ്ദിയുടെ ഏറ്റവും പുതിയ നോവലിന്റെ പേരാണ് ടു ഇയേഴ്സ് എയിറ്റ് മന്ത്സ് ആന്‍ഡ് ട്വന്റിഎയ്റ്റ് നൈറ്റ്സ് )Two Years Eight Months and TwetnyEight Nights).. ഇത്രയും രാവുകള്‍ ചേരുമ്പോള്‍ അത് മാസ്മരികമായ കഥപറച്ചിലിന്റെ  ആയിരത്തൊന്നു രാവുകള്‍ക്ക് സമം എന്നത് റുഷ്ദിയുടെ ഭാഷയിലെ കുസൃതിമാത്രം. മാജിക്കല്‍ റിയലിസത്തിന്റെ മാന്ത്രിക ചക്രവാളങ്ങളിലേക്ക് ചിറകടിച്ചുപൊങ്ങുമ്പോഴും മതഭ്രാന്തിന്റെയും അന്ധവിശ്വാസത്തിന്റെയും യാഥാസ്ഥിതിക തീരങ്ങളില്‍ ചിറകറ്റു വീഴുന്ന അനേകം കഥാപാത്രങ്ങള്‍ ഈ കൃതിയെ യുക്തിയുടെയും അയുക്തിയുടെയും നടുവിലെ നേര്‍ത്ത അതിര്‍വരമ്പുകളില്‍ പ്രതിഷ്ഠിക്കുന്നു.

പാരിസ്ഥിതികപ്രശ്നങ്ങളും വര്‍ഗ– വംശീയവാദങ്ങളും വിഭാഗീയതകളും പകുത്തെടുത്ത ഭൂമിയുടെ ദൈനംദിന യാഥാര്‍ഥ്യത്തില്‍ ഊന്നി ചരിത്രവും ഫാന്റസിയും മിത്തും കൂടിച്ചേര്‍ന്ന ഒരപൂര്‍വ കഥ പറയുന്നു റുഷ്ദി. ചരിത്രം കലാപപൂരിതവും രക്തരൂഷിതവും ആകുമ്പോള്‍ കലാകാരന്റെ ആയുധം കഥയാണ്, അവന്റെ കലയും കലാപവും കഥതന്നെ എന്ന് വീണ്ടും തെളിയിക്കുന്നു അദ്ദേഹം.  
മധ്യകാലഘട്ടത്തിലെ കഥപറച്ചില്‍ തന്ത്രത്തെ അതിന്റെ പാരമ്യത്തില്‍ എത്തിച്ച അറേബ്യന്‍ രാവുകളുടെ ആഖ്യാനഘടന കടംവാങ്ങിക്കൊണ്ടാണ് ഈ നോവല്‍ തുടങ്ങുന്നത്. പുരുഷാന്തരങ്ങള്‍ താണ്ടിയെത്തുന്ന ഒരു ജിന്നിന്റെ പ്രണയം പുരോഗമനവാദിയായ തത്വചിന്തകനോടാണ്. എന്നാല്‍, അയാള്‍ എന്നേ തോറ്റവനാണ്. പുസ്തകങ്ങള്‍ ചുട്ടുകരിച്ച് നാടുകടത്തപ്പെട്ടവന്‍. തന്റെ പൂര്‍വഗാമിയും അങ്ങേയറ്റം യാഥാസ്ഥിതികനുമായ ദൈവശാസ്ത്രപണ്ഡിതനോട് ആശയങ്ങളുടെ യുദ്ധത്തില്‍ തോറ്റ ഈ യുഗപുരുഷനും ജിന്നും ശാരീരികമായി ഒന്നാകുമ്പോള്‍ പിറക്കുന്ന ഗോത്രങ്ങള്‍ ഏഴ് കടലും താണ്ടി ലോകമെമ്പാടും കുടിയേറിപ്പാര്‍ക്കുന്നു. അവര്‍ എല്ലാ മതങ്ങളെയും പുണരുകയും തിരസ്കരിക്കുകയും ചെയ്യുന്നു. അങ്ങനെ ആശയങ്ങളും മിത്തുകളും കഥകളും പാട്ടുകളും കപ്പലേറി കടലും കാലവും താണ്ടി ദേശാന്തരഗമനം നടത്തുമ്പോള്‍ പുതിയ സംസ്കാരങ്ങള്‍ പിറക്കുന്നു, സ്വത്വങ്ങള്‍ വാര്‍ത്തുടയ്ക്കപ്പെടുന്നു, പഴകിയ വിശ്വാസങ്ങള്‍ പുതിയ രൂപത്തില്‍ പുനര്‍ജനിക്കുന്നു. ആനന്ദങ്ങളും അനുഭൂതികളും വിലക്കപ്പെടുന്നു. എന്തിനേറെ ചിലയിടങ്ങളില്‍ വിലക്ക് ഒരു കലയായിത്തന്നെ അഭ്യസിക്കപ്പെടുന്നു. സ്ത്രീകളുടെ മുഖങ്ങള്‍, സ്ത്രീകളുടെ ശരീരങ്ങള്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, അവകാശങ്ങള്‍, സ്വപ്നങ്ങള്‍ ഒക്കെ വിലക്കുകള്‍ക്ക് കീഴ്പ്പെടുമ്പോള്‍ തന്റെ മരണം മാറ്റിവയ്ക്കാന്‍ നൂറ്റൊന്നു രാവുകള്‍ കഥ പറഞ്ഞുകൊണ്ടേയിരുന്ന ഒരു പെണ്‍കുട്ടിയുടെ ചിലമ്പിച്ച ശബ്ദം നേര്‍ത്തില്ലാതാകുന്നതായി തോന്നിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.


ഭാവനാപരമായി ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും ഇതൊരു കറകളഞ്ഞ രാഷ്ട്രീയനോവലാണ്. എന്നാല്‍, പരിഹാസമാണ് ഇതിന്റെ മുഖമുദ്ര. ഈ പുസ്തകത്തില്‍ സാഹിത്യത്തിലെ അതികായന്മാര്‍, യുഗപുരുഷന്മാര്‍, പ്രവാചകര്‍, പണ്ഡിതര്‍ ഒക്കെ ഇടയ്ക്കിടെ വന്നുപോകുന്നു. ക്ളാസിക്കല്‍ കലകളും ജനപ്രിയ സംസ്കാരവും തോളോടുതോളുരുമ്മുന്നു. തോമസ് ഹാര്‍ഡിയും കീറ്റ്സും സാല്‍വഡോര്‍ ഡാലിയും ഹാരി പോട്ടറും ബോളിവുഡ് കഥാപാത്രങ്ങളും റുഷ്ദിയുടെ പാത്രസൃഷ്ടികളുമായി സംവദിക്കുന്നു. പലപ്പോഴും യുക്തി അയുക്തിക്ക് കീഴടങ്ങുമ്പോള്‍ പിറക്കുന്ന വികൃതജന്തുക്കളാണ് ഈ കൃതിയിലെ ഭയപ്പെടുത്തുന്ന കാഴ്ചകള്‍ സമ്മാനിക്കുന്നത്.  


ഇതൊരു സങ്കീര്‍ണമായ കൃതിയാണ്. അതുകൊണ്ടുതന്നെ വായന എളുപ്പമാകില്ല. എന്നാല്‍, ഇത് എഴുത്തുകാരന്റെ പരാജയം അല്ല, മറിച്ച് വായനക്കാരുടെ അലസതയെയാണ് സൂചിപ്പിക്കുന്നത്. ലളിത വായനകളും അനായാസമായ കാഴ്ചകളുംമാത്രം ശീലിച്ച തലമുറയ്ക്ക് ഇത്രയധികം ചരിത്രവും ആശയവിസ്ഫോടനങ്ങളും വിശ്വാസസംഹിതകളും ദേശസ്മൃതികളും കലാരൂപങ്ങളും സാഹിത്യരൂപകങ്ങളും ഒക്കെ സമ്പന്നമാക്കുന്ന ഒരു ആഘോഷം ദഹനക്കേടുണ്ടാക്കും എന്നതില്‍ സംശയമില്ല. കഥയുടെയും കഥനത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഈ കൃതിയില്‍ ചരിത്രത്തിന്റെ പൂരപ്പറമ്പില്‍ അരങ്ങേറിയ, അരങ്ങേറാന്‍പോകുന്ന എല്ലാ വിചിത്രവും വിസ്ഫോടനകരവുമായ അത്ഭുതദൃശ്യങ്ങളും നമ്മുടെ മുമ്പില്‍ ചുരുളഴിയുന്നു. അങ്ങനെ കാലത്തിന്റെ പരിഹാസ്യമായ പ്രതികൃതിയാകുമ്പോഴും തന്റെ കളിയിലൂടെ ചരിത്രത്തെയും ജീവിതത്തെയും ആഴത്തില്‍ അപഗ്രഥിക്കുന്നു റുഷ്ദി. അസംഭാവിതകളെ സംഭാവിതകളായി മാറ്റാന്‍ ജീവിതത്തിനു മാത്രമല്ല തന്റെ മാജിക്കല്‍ റിയലിസത്തിനും കഴിയുമെന്ന് വീണ്ടും തെളിയിക്കുന്നു സല്‍മാന്‍ റുഷ്ദി. പെന്‍ഗ്വിന്‍ ആണ് പ്രസാധകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top