29 March Friday

ഒരു പെറൂവിയന്‍ കഥ

ഡോ. മീന ടി പിള്ളUpdated: Sunday Mar 20, 2016

കൈയൂക്കുള്ളവര്‍ കാര്യക്കാരായി വാഴുന്ന ഇടങ്ങളില്‍ നീതിന്യായ വ്യവസ്ഥയ്ക്ക് എന്തെങ്കിലും പ്രസക്തി ഉണ്ടോ എന്ന ചോദ്യം ഉയര്‍ത്തുകയാണ് മാരിയോ വര്‍ഗാസ് യോസ ഏറ്റവും പുതിയ നോവലിലൂടെ

പെറൂവിയന്‍ എഴുത്തുകാരനും നോബേല്‍ ജേതാവുമായ മാരിയോ വര്‍ഗാസ് യോസയുടെ കൃതികള്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്നവരാണ് മലയാളികള്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ ദി ഡിസ്ക്രീറ്റ് ഹീറോ മഹത്തായ സാഹിത്യസൃഷ്ടിയല്ലെങ്കില്‍ക്കൂടി വായനക്കാരെ നിരാശപ്പെടുത്തുന്നില്ല. ജീവിതത്തിന്റെ നിര്‍ണ്ണായക വഴിത്തിരിവില്‍ നില്‍ക്കുന്ന രണ്ടു സാധാരണ മനുഷ്യരുടെ കഥയിലൂടെ നാം ജീവിക്കുന്ന വലിയ ലോകത്തെ പറ്റിയും ഇവിടെ നിലനില്‍ക്കുന്ന ഇടുങ്ങിയ ചിന്താഗതികളെക്കുറിച്ചും മനുഷ്യരുടെ വലിയ സ്വപ്നങ്ങളും ചെറിയ മനസ്സുകളും ഒക്കെ സങ്കീര്‍ണമാക്കുന്ന ഇന്നിന്റെ തടവറകളെക്കുറിച്ചും വാചാലനാകുന്നു യോസ. നമുക്ക് ചുറ്റും ചുരുള്‍ നിവര്‍ത്തുന്ന അധികാര ശ്രേണികളുടെ ഭൂപടങ്ങള്‍ സാമാന്യ ജനങ്ങളുടെ പ്രതിരോധത്തെയും, പ്രതിഷേധത്തെയും ഇടയ്ക്കു ചിലപ്പോള്‍ പരാജയത്തെയും ഒളിപ്പിച്ചു വെയ്ക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ അപ്പോഴും അവ എങ്ങനെ നമുക്ക് ചുറ്റും മിന്നി മറയുകയും വീണ്ടും തെളിയുകയും ചെയ്യുന്നു എന്ന് പുസ്തകം കാട്ടിത്തരുന്നു.

യോസയുടെ മറ്റു കൃതികളില്‍ എന്ന പോലെ നിഗൂഢമായ എന്തൊക്കയോ ഇവിടെയും പ്രവര്‍ത്തിക്കുന്നു എന്ന തോന്നല്‍ ജനിപ്പിക്കുന്ന ആഖ്യാനം വായനയ്ക്ക്  അപസര്‍പ്പക നോവലിന്റെ കൌതുകം പകരുന്നു. അതോടൊപ്പം തലമുറകള്‍ തമ്മില്‍ വര്‍ധിച്ചു വരുന്ന വിടവുകളും കാട്ടിത്തരുന്നു. 

പെറുവിലെ രണ്ടു പട്ടണങ്ങളില്‍ ജീവിക്കുന്ന തീര്‍ത്തും വ്യത്യസ്തരായ രണ്ടു മദ്ധ്യവയസ്കന്‍മാര്‍. അവരുടെ ജീവിത സാഹചര്യങ്ങളിലും വര്‍ഗ്ഗ ശ്രേണിയിലും ഒക്കെ വലിയ അന്തരങ്ങള്‍ . അവരുടെ ജീവിത കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു പക്ഷെ മലയാളി വായനക്കാര്‍ക്ക് സുപരിചിതമായ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലമാണ് കാണാന്‍ സാധിക്കുക. മൂന്നാം ലോക രാഷ്ട്രങ്ങളില്‍ അരങ്ങേറുന്ന പല ദുരന്തങ്ങളും ഈ കഥകളില്‍ കാണാം. കൈയ്യൂക്കുള്ളവരും കള്ളപ്പണവും സ്വാധീനവും ഉള്ളവരും  കാര്യക്കാരായി വാഴുന്ന ഇടങ്ങളില്‍ നീതിന്യായ വ്യവസ്ഥക്ക്എന്തെങ്കിലും പ്രസക്തി ഉണ്ടോ എന്ന ചോദ്യം നിരന്തരം ഉയര്‍ത്തുന്നു ഈ കൃതി.  കമ്പോള സംസ്കാരത്തില്‍ വ്യക്തിയുടെ മാന്യതയ്ക്കും സത്യസന്ധതയ്ക്കും ലവലേശം മൂല്യം കല്‍പ്പിക്കാത്ത സാമൂഹിക വ്യവസ്ഥയെ വരികള്‍ക്കിടയിലൂടെ  യോസ വിമര്‍ശിക്കുന്നു. 


യോസ എന്ന എഴുത്തുകാരന്റെ പരിണാമം കൂടി ഈ കൃതി അടയാളപ്പെടുത്തുന്നു. മുന്‍പത്തേക്കാള്‍ യാഥാസ്ഥിതിക സമീപനമാണ് യോസ കഥാപാത്രങ്ങളോട് സ്വീകരിക്കുന്നത്. അതെ സമയം പഴയ വിപ്ളവ വീര്യം നര്‍മ്മത്തില്‍ ചാലിച്ച് ചോര്‍ന്നു പോകാതെ സൂക്ഷിച്ചിട്ടുമുണ്ട്. ഉപഭോഗ സംസ്കാരത്തിന്റെ നീരാളിപ്പിടിയില്‍ അമര്‍ന്ന നഗരജീവിതങ്ങളിലും പരമ്പരാഗത വിശ്വാസങ്ങളിലും മനസ്സ് മരവിപ്പിക്കുന്ന ദാരിദ്യ്രത്തിലും യോസ ഒരേപോലെ ആണ്ടു മുങ്ങുന്നു.      

ഭൌതികതയില്‍ ആറാടി സ്വന്തം ഭാഷയും സംസ്കാരവും ചൂതുകളിച്ചുകളയുന്ന പുത്തന്‍ തലമുറ യോസയുടെ മുഖ്യ പ്രമേയം തന്നെ.ഷോപ്പിംഗ് മാളുകളും മള്‍ടിപ്ളെക്സുകളും നാഗരികതയുടെ അടയാളങ്ങള്‍ അല്ലെന്നും കൃതിയിലെ രണ്ടു കരുത്തരായ നായകര്‍ തെളിയിക്കുന്നു. അതിനായി അവര്‍ക്ക് പൊരുതേണ്ടിവന്നത് സ്വന്തം കുഞ്ഞുങ്ങളോടാണ്. എന്നാല്‍ പൊതു മണ്ഡലത്തില്‍ വര്‍ധിച്ചു വരുന്ന കാടത്തത്തിനെതിരെ പോരാടുന്ന മനുഷ്യര്‍ ചെറിയ തുരുത്തുകളിലേക്ക് ഒതുങ്ങുന്ന അവസ്ഥയും യോസ കാട്ടിത്തരുന്നു. സ്പാനിഷില്‍ നിന്നുള്ള ഇംഗ്ളീഷ് പരിഭാഷ തികഞ്ഞ കൈവഴക്കത്തോടെ നിര്‍വഹിച്ചിരിക്കുന്നത് ഈഡിത് ഗ്രോസ്സ്മാനാണ്. ഫേബര്‍ ആന്‍ഡ് ഫേബര്‍ ആണ് പ്രസാധകര്‍. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top