24 April Wednesday

സോവിയറ്റ് തകര്‍ച്ചയുടെ ബാക്കിപത്രം

ഡോ. മീന ടി പിള്ളUpdated: Sunday Jun 19, 2016

2015ലെ സാഹിത്യ നൊബേല്‍ ജേതാവാണ് കിഴക്കന്‍ യൂറോപ്പില്‍ റഷ്യയുടെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ബെലാറൂസയില്‍ ജനിച്ച സ്വെത്ലാന അലക്സ്യേവിച്ച്. സോവിയറ്റ് യൂണിയന്‍ എന്ന മഹത്തായ ആശയത്തിന്റെ അവശേഷിക്കുന്ന ഹൃദയത്തുടിപ്പുകള്‍ ലോകത്തിന് പകര്‍ന്നു നല്‍കിയ എഴുത്തുകാരി. സാമാന്യജനങ്ങളുടെ ജീവിതങ്ങള്‍ തൊട്ടറിയാനുള്ള പത്രപ്രവര്‍ത്തനത്തിലൂടെ ആര്‍ജിച്ച കഴിവ് സാഹിത്യത്തിലൂടെ പ്രകാശിപ്പിച്ചപ്പോള്‍ പിറന്നുവീണത് ബഹുസ്ഫുരതയുടെ ഉത്തമോദാഹരണങ്ങളായ കൃതികളാണ്. ഇവ നോവല്‍ എന്നതിലുപരിയായി നാനാ നാദങ്ങളുടെയും ബഹുസ്ഫുരതയുടെയും സൌന്ദര്യാത്മക സമ്മേളനംകൂടിയാണ്. ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയ അവരുടെ ഏറ്റവും പുതിയ കൃതിയാണ് 'സെക്കന്‍ഡ് ഹാന്‍ഡ് ടൈം: ദി ലാസ്റ്റ് ഓഫ് ദി സോവിയറ്റ്സ്'. സോവിയറ്റ് യൂണിയനെ മാറോട് ചേര്‍ത്ത ഒരു ജനതയുടെ നെഞ്ചിലെ നെരിപ്പോടുകളാണ് ഈ നോവല്‍ ആലേഖനംചെയ്യുന്നത്.

ഏഴ് പതിറ്റാണ്ടോളം സോഷ്യലിസത്തിന്റെയും സാഹോദര്യത്തിന്റെയും അനുഭവങ്ങളില്‍ ജീവിച്ച ഒരു ജനത ആകസ്മികമായ ഒരു മഹാദുരന്തത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയുടെ ദാരുണമായ വിവരണം അവരുടെതന്നെ ചിലമ്പിച്ച സ്വരങ്ങളിലൂടെ ഒപ്പിയെടുക്കുകയാണ് നോവലിസ്റ്റ്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന പല ആഖ്യാനങ്ങള്‍ കോര്‍ത്തിണക്കി ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ നഷ്ടത്തിലേക്ക് നേരിട്ട് വെളിച്ചംവീശുന്ന ഒരു നാടിന്റെ മനസ്സാണ് ഈ കൃതി തുറന്നിടുന്നത്. കമ്പോളവ്യവസ്ഥ പാടെ നാടിനെ കീഴ്പ്പെടുത്തും എന്നായപ്പോള്‍ ഒരു അട്ടിമറിക്ക് ശ്രമിച്ച് പരാജയപ്പെട്ട പട്ടാളമേധാവിയുടെ ആത്മഹത്യ ഹൃദയഹാരിയായി വര്‍ണിക്കുന്നുണ്ട് എഴുത്തുകാരി. ചരിത്രത്തിന്റെ ക്രൂരതകള്‍ക്ക് ആക്കംകൂട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ കുഴിമാടംപോലും പുരാവസ്തുക്കച്ചവടക്കാര്‍ കൊള്ളയടിക്കുന്നു. പുതിയ റഷ്യയില്‍ താന്‍ യുദ്ധത്തില്‍ നേടിയ കീര്‍ത്തിമുദ്രകളേക്കാളും വില ആഡംബര ചരക്കുകള്‍ക്കും ഫാഷന്‍വസ്തുക്കള്‍ക്കും ആണെന്ന് തിരിച്ചറിയുമ്പോള്‍ റെയില്‍പാളത്തില്‍ തലവയ്ക്കുന്ന മറ്റൊരു സൈനികന്‍. തന്റെ പേരക്കുട്ടികളുടെ മുറിയില്‍ നിറയുന്ന കൊക്കോകോളയും പെപ്സിയും കണ്ട് വിറങ്ങലിച്ച മറ്റൊരു മനുഷ്യന്‍ പറയുന്നു തന്റെ അന്ത്യാഭിലാഷം ഒരു കമ്യൂണിസ്റ്റായി മരിക്കണം എന്നത് മാത്രമാണ്. അങ്ങനെ നീണ്ടുപോകുന്നു വിലാപങ്ങളുടെ പട്ടികയിലെ ഈ കഥാപാത്രങ്ങളുടെ നിര. കമ്യൂണിസത്തിനു പകരമായി ഉയര്‍ത്തിക്കാട്ടപ്പെട്ടത് തീവ്ര മുതലാളിത്തത്തിന്റെ വ്യാമോഹങ്ങള്‍ മാത്രമായിരുന്നുവെന്ന് ചരിത്രം തെളിയിച്ചപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു എന്ന തിരിച്ചറിവ് പകരുന്ന സന്താപവും ദൈന്യവുമാണ് ഈ നോവലിന്റെ പ്രധാന പ്രമേയം. ഈ പുത്തന്‍ലോകത്ത് പണമില്ലാത്തവന്‍ ഒന്നുമല്ല എന്ന ബോധം നല്‍കുന്ന പകപ്പും അന്ധാളിപ്പും ഞെട്ടലും ഈ ആഖ്യാനങ്ങളില്‍ ഉടനീളം കേള്‍ക്കാം.

സ്വെത്ലാന അലക്സ്യേവിച്ചിന്റെ മാസ്റ്റര്‍ പീസ് എന്നാണ് പല നിരൂപകരും ഈ കൃതിയെ വിശേഷിപ്പിക്കുന്നത്. ഒരുപക്ഷേ, 1993ല്‍  രചിച്ച 'എന്‍ചാന്‍റ്റെഡ് വിത്ത് ഡെത്ത്' എന്ന കൃതിയില്‍ അവതരിപ്പിക്കപ്പെട്ട സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍നിന്ന് സ്വന്തം ജീവിതങ്ങളെ അടര്‍ത്തിമാറ്റാന്‍ കഴിയാതെ ആത്മഹത്യ ചെയ്തവരുടെയും ചെയ്യാന്‍ ശ്രമിച്ചവരുടെയും കഥകളുടെ ഒരു തുടര്‍ച്ചയാകാം ഈ കൃതി.  ബേല ഷൈവിച്ചാണ് ഈ നോവല്‍ റഷ്യന്‍ ഭാഷയില്‍നിന്ന് അതിമനോഹരമായി ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. റാന്‍ഡം ഹൌസാണ് പ്രസാധകര്‍.
meenatpillai@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top