03 December Sunday

അച്ഛനിലേക്കുള്ള വഴി

ഡോ. യു നന്ദകുമാര്‍Updated: Sunday Mar 19, 2017

നിനക്ക് വീട്ടിലേക്ക് ഒന്ന് വരാമോ?' അങ്ങേത്തലയ്ക്കല്‍ അമ്മ; അതീവ ഉല്‍ക്കണ്ഠയോടെയാണ് സംസാരിച്ചത്. അച്ഛന്‍ വീണിരിക്കുന്നു; വര്‍ഷങ്ങളോളം വീട്ടിലെ സജീവസാന്നിധ്യമായി, എല്ലാരിലും സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചിരുന്ന അച്ഛന്‍ ഒടുവില്‍ രോഗത്തിന് കീഴടങ്ങുകയാണ്. അമ്മയുടെ അപേക്ഷയില്‍ ആ ധ്വനിയാണ് ക്രിസ് കണ്ടത്. അച്ഛനും അമ്മയും നാലു മക്കളും അടങ്ങുന്ന കുടുംബമായിരുന്നു. പരസ്പരം സഹായാഭ്യര്‍ഥനകള്‍ കുടുംബത്തില്‍ പതിവില്ല: പണത്തിന്, സാമീപ്യത്തിന്, പങ്കുവയ്ക്കലുകള്‍ക്ക്, ഒന്നിനും. അതിനാല്‍, അമ്മയുടെ അഭ്യര്‍ഥന ഗൌരവമുള്ളതാണെന്ന് ക്രിസിന് മനസ്സിലായി. മക്കളില്‍ മൂത്തവനായ ക്രിസ് ഒപ്പമുണ്ടാകണമെന്ന അമ്മയുടെ ആഗ്രഹമാണ്; ഒരു ശേഷക്രിയക്ക് മനസ്സിനെ ഒരുക്കിക്കൊണ്ട് ക്രിസ് അമ്മയ്ക്കൊപ്പമെത്തി.

അറിയപ്പെട്ട എഴുത്തുകാരനാണ് ക്രിസ് ഒഫറ്റ്. അദ്ദേഹത്തിന്റെ കെന്‍റ്റക്കി സ്ട്രെയ്റ്റ് (Kentucky Straight) പ്രസിദ്ധീകരിച്ചപ്പോള്‍ ക്രിസ് അച്ഛനോട് ഫോണില്‍ സംസാരിച്ചു. ദീര്‍ഘമായ മൌനത്തിനുശേഷം അങ്ങേത്തലയ്ക്കല്‍നിന്ന് അച്ഛന്റെ ശബ്ദം, 'ഞാന്‍ ദുഃഖിക്കുന്നു'. ഒട്ടൊരതിശയത്തോടെ ക്രിസ് ചോദിച്ചു, എന്തിന്? 'ഒരു എഴുത്തുകാരനായി ഒടുങ്ങാന്‍ പോന്ന ദാരുണമായ കുട്ടിക്കാലമാണോ നിനക്കുഞാന്‍ തന്നത്?'

ഇപ്പോള്‍ അച്ഛന്‍ മരണക്കിടക്കയിലാണ്; മദ്യപാനത്തില്‍ കരള്‍ നശിച്ചിരിക്കുന്നു, ഏറിയാല്‍ ആറുമാസം- ഡോക്ടര്‍മാര്‍ പറഞ്ഞു. അച്ഛന്റെ തുടര്‍ജീവിതത്തിന് ഉതകുന്ന രീതിയില്‍ വീടൊരുക്കാന്‍ ക്രിസ് അവിടെ തങ്ങി. 2013ല്‍ അച്ഛന്‍ മരിച്ചു. ആന്‍ഡ്രൂ ജെഫേസണ്‍ ഒഫറ്റ് സ്വന്തം മക്കളോടുപോലും സംഘര്‍ഷത്തോടെയാണ് ജീവിച്ചത്. അദ്ദേഹത്തിന്റെ അവസാനനാളുകളിലും മരണശേഷവും ക്രിസ് ഒഫറ്റ് തന്റെ പിതാവിനെ കണ്ടെത്താനുള്ള ശ്രമത്തില്‍ മുഴുകി. അതില്‍നിന്നുണ്ടായ അത്യന്തം ആകര്‍ഷകമായ പുസ്തകമാണ് 'എന്റെ അച്ഛന്‍ എന്ന അശ്ളീല സാഹിത്യകാരന്‍' (Chris Offutt-My Father, the Pornographer: Aria Books; 2016). ഒരിക്കലും അടുപ്പം കാണിച്ചിട്ടില്ലാത്ത, കുട്ടികളോട് നിസ്സംഗതയോടും കുറെയൊക്കെ ശത്രുതയോടും ഇടപെട്ടിരുന്ന അച്ഛനെ മനസ്സിലാക്കാന്‍ ക്രിസ് നടത്തുന്ന ആത്മീയയാത്രയാണ് ഇപ്പുസ്തകം. 2016ലെ ഏറ്റവും പ്രകീര്‍ത്തിക്കപ്പെട്ട ഓര്‍മപ്പുസ്തകമാണിത്. ഒരുവര്‍ഷം തികഞ്ഞില്ല, രണ്ടാം പതിപ്പെത്താന്‍.

നമ്മുടെയിടയില്‍ കാണുന്ന ജീവചരിത്രപുസ്തകങ്ങള്‍ ഒരുതരം വീരാരാധനയില്‍നിന്ന് മുക്തമല്ല. നന്മചെയ്യുന്ന നല്ലവരായ നായകന്മാരെ ചുറ്റിപ്പറ്റിയാണ് ബഹുഭൂരിപക്ഷം ഓര്‍മക്കുറിപ്പുകളും ജീവചരിത്രങ്ങളും. അതില്‍നിന്നുമാറി സത്യസന്ധതയും അനുതാപവും അതിലേറെ നിഷ്പക്ഷതയും നിറഞ്ഞുനില്‍ക്കുന്ന ഈ പുസ്തകം സാമൂഹികചട്ടക്കൂടുകള്‍ ഭേദിച്ച് ജീവിച്ചവരുടെ കഥ പറയുന്നതെങ്ങനെയെന്ന് നമുക്ക് കാട്ടിത്തരുന്നു.

ആന്‍ഡ്രൂ ഒഫറ്റ് മരിക്കുമ്പോള്‍ തന്റെ വ്യക്തിഗതമായ രേഖകളും മറ്റു സാമഗ്രികളും ക്രിസിനു കൈമാറി, യുക്തമെന്നുതോന്നുന്ന രീതിയില്‍ എന്തുംചെയ്യാനുള്ള സ്വാതന്ത്യ്രത്തോടെ. എല്ലാം കണ്ടെത്തി അടുക്കിക്കഴിഞ്ഞപ്പോള്‍ 1800 പൌണ്ട് തൂക്കംവരുന്ന പേപ്പറുകളും രഹസ്യഅറകളില്‍ സൂക്ഷിച്ചിരുന്ന വിലകുറഞ്ഞ വസ്തുക്കളും. മാസങ്ങളെടുത്തു, ഇതൊക്കെ വായിച്ച് പൊരുത്തപ്പെടാന്‍.

തന്റെ പിതാവ് അശ്ളീല സാഹിത്യമെഴുതുന്നുവെന്ന് ക്രിസിനും കൂടെപ്പിറപ്പുകള്‍ക്കും കുറെയൊക്കെ അറിയാമായിരുന്നു; എന്നാലതിന്റെ വ്യാപ്തിയും നിഗൂഢതയും ഒക്കെ മനസ്സിലാക്കുന്ന പ്രക്രിയയിലൂടെ നാം കടന്നുപോകുന്നു. കത്തോലിക്കാസഭാ വിശ്വാസത്തില്‍ ജീവിച്ചവരായിരുന്നു ക്രിസിന്റെ അച്ഛനമ്മമാര്‍. അവര്‍ക്ക് നാലു മക്കള്‍. മൂത്തവന്‍ ക്രിസ്. കുട്ടിക്കാലംമുതല്‍ ക്രിസിന്റെ പ്രധാനജോലി ഇളയവര്‍ മൂന്നുപേരെയും സംരക്ഷിച്ചുകൊള്ളുക എന്നതാണ്. പൂര്‍ണമായി വീട്ടിലിരുന്ന് പുസ്തകമെഴുതുന്ന പിതാവിനെ സഹായിക്കുന്നതില്‍ മുഴുകിയ അമ്മ, അച്ഛന്‍ മതം ഉപേക്ഷിച്ചെങ്കിലും തികഞ്ഞ കത്തോലിക്കാ പത്നി ആയിരുന്നു. അച്ഛന്റെ മുറിയില്‍ മറ്റാരും കേറാതെ സൂക്ഷിക്കുക, കൈയെഴുത്ത് ടൈപ് ചെയ്യുക, സമയത്തിന് ഭക്ഷണമെത്തിക്കുക, മാര്‍ക്കറ്റില്‍ പോകുക, പിന്നെ കുട്ടികളോടൊത്ത് സമയം ചെലവാക്കുക. അങ്ങനെ പരാതികളില്ലാതെ അമ്പതുവര്‍ഷം അവര്‍ വീട്ടില്‍ കഴിഞ്ഞു. ആന്‍ഡ്രൂവിന് വ്യക്തമായ നിയമങ്ങളുണ്ടായിരുന്നു: വീട്ടില്‍ കുട്ടികളുടെ ശബ്ദം കേള്‍ക്കാന്‍ പാടില്ല. അദ്ദേഹത്തിന്റെ മുറിയില്‍ ആര്‍ക്കും പ്രവേശനവുമില്ല. ക്രിസിന് കയറണമെങ്കില്‍ വാതില്‍മുട്ടി കാത്തുനില്‍ക്കണം, പ്രവേശിക്കാന്‍ അനുമതിയെത്തുംവരെ. പെട്ടെന്ന് പൊട്ടിത്തെറിക്കുകയും നിസ്സാരകാര്യങ്ങള്‍ക്ക് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സര്‍വസാധാരണമായി. അച്ഛനെ പേടിച്ച് മക്കള്‍ തങ്ങളുടെ മുറിയില്‍ ഭീതിയോടെ കഴിഞ്ഞിരുന്നു.

തുടക്കത്തില്‍ ശാസ്ത്രനോവലുകള്‍ എഴുതിയിരുന്ന ആന്‍ഡ്രൂ മെല്ലെ അശ്ളീലസാഹിത്യത്തിലേക്ക് തിരിയുകയാണുണ്ടായത്. ശാസ്ത്രനോവലുകള്‍ക്ക് വായനക്കാരില്ലാത്ത കാലം വന്നപ്പോള്‍ വായനക്കാര്‍ക്ക് വേണ്ടുന്ന പുസ്തകം എഴുതാനുള്ള പ്രേരണയാലാണ് പുതിയ രചനകള്‍ തുടങ്ങുന്നത്. താനാണെഴുതുന്നതെന്ന് അറിയാതിരിക്കാന്‍ പതിനേഴ് വ്യത്യസ്ത പേരുകളിലാണ് ആന്‍ഡ്രൂ പുസ്തകങ്ങള്‍ രചിച്ചത്. അതില്‍ ജോണ്‍ ക്ളീവ്, തുര്‍ക് വിന്റെര്‍ എന്നീ പേരുകള്‍ പ്രസിദ്ധമായിരുന്നു. ചരിത്രം, സംസ്കാരം, ശാസ്ത്രം, ദര്‍ശനം, ബൈബിള്‍ എന്നിങ്ങനെ വിപുലമായ വായനയുടെ പിന്‍ബലത്തിലാണ് അശ്ളീലസാഹിത്യംപോലും രചിച്ചിരുന്നത്. ഉദ്ദേശം 600 പുസ്തകങ്ങള്‍, ആഴ്ചയില്‍ ഒന്നും രണ്ടും വീതം എഴുതിക്കൂട്ടി. അശ്ളീലസാഹിത്യത്തിന് മാര്‍ക്കറ്റ് ശോഷിച്ചശേഷവും അദ്ദേഹം എഴുതിക്കൊണ്ടിരുന്നു.

താനെഴുതിയ സാഹിത്യത്തില്‍പോലും ഹിംസാത്മകമായ ഭാഗങ്ങളുണ്ടെന്നത് ആന്‍ഡ്രൂ ന്യായീകരിച്ചിരുന്നു. സാഹിത്യമില്ലായിരുന്നെങ്കില്‍ താനൊരു കൊലപാതകിയായിരുന്നേനെ എന്നാണ് ആന്‍ഡ്രൂ കരുതിയത്, ക്രിസ് അങ്ങനെ വിശ്വസിക്കുന്നില്ലെങ്കിലും. പിതാവിന്റെ ക്രൂരമായ സ്വഭാവവിശേഷം നിമിത്തം ഇളയകുട്ടികളെ അച്ഛന്റെ കണ്‍വെട്ടത്തുനിന്ന് മാറ്റിനിര്‍ത്തുന്നതും, അവര്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തുന്നതും മുതിര്‍ന്നയാളിന്റെ ഉത്തരവാദിത്തമായി മാറി. ചട്ടക്കൂടുകള്‍ക്ക് പുറത്തു ജീവിക്കുന്ന ഏതു കുടുംബത്തിലെ കുട്ടിക്കും ഉണ്ടാകാവുന്ന പ്രശ്നങ്ങളിലേക്ക് ക്രിസും വഴുതിവീണു. തന്റെ ചിന്തിക്കനുള്ള കഴിവും മൂല്യസങ്കല്‍പ്പങ്ങളുമാണ് തന്നെ രക്ഷിച്ചതെന്ന് ക്രിസ് ഉറപ്പുപറയുന്നു.

ക്രിസ് ഒഫറ്റ് ഒരു പോസ്റ്റ്മോര്‍ട്ടം നടത്തി പിതാവിനെ കുറ്റാരോപിതനാക്കാന്‍ മുതിരുന്നില്ല. ആഴത്തിലുള്ള വായനയും ചരിത്രബോധവും ഒക്കെയുണ്ടായിട്ടും എന്തുകൊണ്ട് തന്റെ അച്ഛന് സമൂഹത്തിനു പുറത്ത്, സ്വന്തം സ്വത്വത്തിനു പുറത്ത് ഏകാകിയായി ജീവിക്കേണ്ടിവന്നു എന്ന് അറിയുവാന്‍ മാത്രമാണ് ക്രിസ് ശ്രമിക്കുന്നത്. ആദ്യകാലത്ത് ആന്‍ഡ്രൂ എഴുതിയ അപ്രകാശിതനോവല്‍ അതിശയകരമായ വായനയായി ക്രിസിന് അനുഭവപ്പെട്ടു. രണ്ടുപേരുടെ ബന്ധങ്ങളിലെ സംഘര്‍ഷങ്ങളാണ് നോവല്‍വിഷയം. ഏതാണ്ട് 15 സെക്കന്‍ഡുമാത്രം സംഭാഷണമുള്ള നോവല്‍, കഥാപാത്രങ്ങളുടെ അപ്രകാശിത ചിന്തകള്‍ വിരാമങ്ങളില്ലാതെ എഴുതിപ്പോന്നതാണ്. ഇമ്മാതിരി രചനാപാടവമുള്ള ഒരാള്‍ക്ക് അറിയപ്പെട്ട നോവലിസ്റ്റ് ആകാനായില്ല; അയാള്‍ പൊതുവെ പുച്ഛിക്കപ്പെടുന്ന അശ്ളീലകാഥികനായി ചുരുങ്ങി. ക്രിസിന്റെ അന്വേഷണം തന്റെ പിതാവ് തന്നെ എത്രകണ്ട് സ്വാധീനിച്ചിട്ടുണ്ട് എന്നാണ്. ആന്‍ഡ്രൂവില്‍നിന്ന് ക്രിസില്‍ എത്തുന്ന ഡിഎന്‍എ ശാരീരികം മാത്രമല്ല; ആന്‍ഡ്രൂവിന്റെ ദര്‍ശനം, അയാളുടെ എഴുത്ത്, രചനാപാടവം, ഒരുവേള സമൂഹത്തോടുള്ള ബന്ധങ്ങള്‍ എല്ലാം ഈ ഡി എന്‍എ സ്വാധീനത്തിലുണ്ടാകും. അച്ഛനില്‍നിന്ന് ക്രൂരമായ അനുഭവങ്ങള്‍ ലഭിച്ചിട്ടും, ആന്‍ഡ്രൂ അനുഭവിച്ചിരിക്കാവുന്ന മാനസികവ്യഥയെ തികഞ്ഞ ആര്‍ജവത്തോടെ നോക്കിക്കണ്ട് ഉദാരമായ കാഴ്ചപ്പാട് നമ്മുടെമുമ്പില്‍ വയ്ക്കുകയാണ് ക്രിസ്. തന്റെ ഭാഗം പറയുവാന്‍ ആന്‍ഡ്രൂ ഇപ്പോഴില്ലല്ലോ.

വ്യക്തിയെന്ന നിലയില്‍ ആന്‍ഡ്രൂവില്‍ കണ്ടെത്തിയ സ്വഭാവവ്യതിയാനങ്ങള്‍ കാണ്‍കെ ക്രിസിന് ഒന്നുറപ്പായി: തന്റെ പിതാവ് മാനസികമായി ഒരിക്കലും നോര്‍മല്‍ ആയിരുന്നില്ല. എന്നിട്ടും തന്റെ അമ്മ അവരുടെ ബന്ധം സംഘര്‍ഷങ്ങളില്ലാതെ കൊണ്ടുപോയി. ഒരിക്കല്‍ ക്രിസ് അമ്മയോട് ചോദിച്ചു, 'അച്ഛന് ഒരുതരം വിഭ്രാന്തിയുണ്ടായിരുന്നോ?' അമ്മയുടെ മറുപടി ഇങ്ങനെ: 'നിനക്കതിപ്പോഴേ മനസ്സിലായുള്ളൂ...'

അതിശയകരമെന്നു വിശേഷിപ്പിക്കാവുന്ന ജീവിതകഥതന്നെയാണിത്. ഏതുനാട്ടിലും, എവിടെയും കാണാവുന്ന കാര്യങ്ങള്‍. ഒരുപക്ഷേ, വീരാരാധന മാറ്റിവച്ചാല്‍ നമ്മുടെ ജീവചരിത്രങ്ങളും ഇതില്‍നിന്ന് വിഭിന്നമാകാനിടയില്ല. പുസ്തകത്തിന്റെ ശീര്‍ഷകം നമ്മെ അലോസരപ്പെടുത്തരുത്. വായിച്ചിരിക്കേണ്ട പുസ്തകംതന്നെയാണ്, സംശയംവേണ്ട.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top