19 April Friday

ഒരു പെണ്‍കുട്ടിയുടെ ഒളിവുജീവിതം

ഡോ. മീന ടി പിള്ളUpdated: Sunday Apr 17, 2016

അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മായില്‍ കദാരെ പലപ്പോഴും കാഫ്കയോട് ഉപമിക്കപ്പെടുന്ന കഥാകൃത്താണ്. അതിയാഥാര്‍ഥ്യങ്ങളും യാഥാര്‍ഥ്യങ്ങളും കൂടിക്കലര്‍ന്ന വിചിത്രലോകങ്ങളിലൂടെ താന്‍ ജീവിക്കുന്ന അല്‍ബേനിയ എന്ന നാടും തന്നെ തളര്‍ത്തുകയും ഉത്തേജിപ്പിക്കുകയുംചെയ്യുന്ന തന്റെ കാലവും യുക്തിക്കും യുക്തിരാഹിത്യത്തിനും ഇടയില്‍ ഉഴറുന്ന തന്റെ മനസ്സും ഒക്കെത്തന്നെ ഒരു വിലാപകാവ്യത്തിന്റെ ചാരുതയോടെ പകര്‍ത്തുന്നു കദാരെ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവല്‍ ആണ് 'എ ഗേള്‍ ഇന്‍ എക്സയില്‍'.

രണ്ടാംലോകമഹായുദ്ധത്തിനുശേഷം അല്‍ബേനിയയില്‍  എന്‍വര്‍ ഹോക്സ്ജയുടെ നേതൃത്വത്തില്‍ നിലവില്‍വന്ന ഭരണകൂടത്തിന്റെ ഭാഗമായിരുന്ന കദാരെ  ഈ കാലഘട്ടത്തെയാണ് തന്റെ നോവലില്‍ വിമര്‍ശനാത്മകമായി സമീപിക്കുന്നത്.

അല്‍ബേനിയയില്‍ ജനിച്ച്, അവിടെ വളര്‍ന്ന്, തങ്ങളുടെ യൌവനകാലം മുഴുവന്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കായി ഈ കൃതി സമര്‍പ്പിച്ചിരിക്കുന്നു നോവലിസ്റ്റ്. അങ്ങനെ വീട്ടുതടങ്കലിലായിരുന്ന ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍നിന്നാണ് കഥ തുടങ്ങുന്നത്. തനിക്ക് പരിചയമില്ലാത്ത കഥാകൃത്തില്‍ താന്‍ ആഗ്രഹിക്കുന്ന ജീവിതത്തിന്റെ എല്ലാ കൌതുകങ്ങളും വെളിച്ചവും കണ്ടെത്താന്‍ ശ്രമിക്കുന്നു ഈ പെണ്‍കുട്ടി. അയാള്‍ അറിയാതെ അയാളെയും അയാളുടെ എഴുത്ത് പ്രതിനിധാനംചെയ്യുന്ന സ്വാതന്ത്യ്രത്തെയും അവള്‍ പ്രണയിക്കുന്നു. അവളുടെ കയ്പ് നിറഞ്ഞ ജീവിതാനുഭവങ്ങളും സ്വപ്നങ്ങളും നൈരാശ്യവും വിചിത്രമായ പകല്‍ക്കിനാവുകളിലെ അസംബന്ധങ്ങളും എല്ലാം ഒപ്പിയെടുത്ത് കദാരെ രചിച്ചിരിക്കുന്ന ഈ കൃതി വല്ലാത്ത നൊമ്പരങ്ങളാണ് പകരുന്നത്.

 
ജീവിതത്തിന്റെ വന്‍ ദുരന്തങ്ങളും വിചിത്രമായ അനുഭവങ്ങളും സമന്വയിപ്പിച്ച് മുന്നേറുന്ന ആഖ്യാനം മനുഷ്യര്‍ വല്ലാതെ നിസ്സഹായരാകുന്ന നിമിഷങ്ങളെ അതീവ തീക്ഷ്ണതയോടെ പകര്‍ത്തുന്നു. ആഗോളസാഹിത്യം എന്നൊക്കെ വിളിക്കുന്ന ഉത്തരാധുനികവും സാര്‍വലൌകികവുമായ കാഴ്ചവട്ടങ്ങളില്‍നിന്ന് വിഭിന്നമായി തദ്ദേശീയമായ അഥവാ തീര്‍ത്തും നാടന്‍തനിമയുള്ള വിചിത്രമായ ഒരു പ്രമേയമാണ് ഈ നോവലിന്റേത്. മരണത്തില്‍ തുടങ്ങുന്ന കഥ ഒരര്‍ഥത്തില്‍ മരണവുമായി സമരസപ്പെടാന്‍ ശ്രമിക്കുന്ന മൃതതുല്യരായി ജീവിക്കുന്ന മനുഷ്യരുടെ കഥയാണ്. അവര്‍ ജീവിച്ചിരുന്നു എന്ന തിരിച്ചറിവാണ് പ്രണയവും മരണവും അവര്‍ക്ക് നല്‍കുന്നത്.

ഒരര്‍ഥത്തില്‍ നോക്കിയാല്‍ വളരെയധികം ആത്മകഥാംശം ഉള്ള ഒരു കൃതികൂടിയാണിത്. താന്‍ ഒരിക്കലും അവള്‍ക്കുവേണ്ടി ശബ്ദിക്കാതിരുന്നിട്ടും തന്നെ പ്രണയിച്ച അജ്ഞാത പെണ്‍കുട്ടിയും താന്‍ അനുഭവിക്കാതെപോയ പ്രണയവും എഴുതാതെപോയ പുസ്തകവും ഒക്കെ ഈ കൃതിയിലെ എഴുത്തുകാരന്റെ നൊമ്പരങ്ങളാണ്. 

നൊബേല്‍ സമ്മാനത്തിന് സാധ്യതയുള്ള ഒരു എഴുത്തുകാരനായിട്ടാണ് വായനാലോകം കദാരെയെ കാണുന്നത്. അല്‍ബേനിയന്‍ഭാഷയില്‍നിന്ന് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ജോണ്‍ ഹോഗ്സണ്‍ ആണ്. ഹാര്‍വില്‍ സെക്കര്‍ ആണ് പ്രസാധകര്‍.


meenatpillai@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top