20 April Saturday

ജൂദാസ്: അറിയപ്പെടാത്ത ചരിത്രത്തിലൂടെയുള്ള പ്രയാണം

ഡോ. ബി ഇക്ബാല്‍Updated: Sunday Oct 16, 2016

സിദ്ധ ഇസ്രയേലി എഴുത്തുകാരനായ അമോസ് ഓസിന്റെ 'ജൂദാസ്' എന്ന നോവല്‍ (Judas: Amos Oz. Vintage: 2016) സാര്‍വദേശീയ സാഹിത്യലോകത്ത് ഏറ്റവും സജീവചര്‍ച്ചയ്ക്ക് വിധേയമാക്കപ്പെട്ടുവരുന്ന കൃതികളിലൊന്നാണ്. ഇസ്രയേല്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഭിന്നരാഷ്ട്രീയ പരിപ്രേക്ഷ്യങ്ങളും ക്രസ്തുവിനോടുള്ള ജൂതസമീപനങ്ങളും ക്രിസ്തു ശിഷ്യനായ ജൂദാസിനെപ്പറ്റിയുള്ള പുനര്‍വിലയിരുത്തലുകളും അതീവ വായനക്ഷമതയുള്ള ഈ നോവലിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. 1959ലെ ജെറുസലേമിന്റെ രാഷ്ട്രീയ– സാമൂഹ്യ കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നോവലിലെ സംഭവവികാസങ്ങള്‍ അനാവരണംചെയ്യപ്പെടുന്നത്. 

നിഷ്കളങ്കനും ഗവേഷകവിദ്യാര്‍ഥിയുമായ ഷാമുവല്‍ ആഷ് എന്ന യുവാവിന്റെ അനുഭവ വിവരണമാണ് നോവലിന്റെ ഉള്ളടക്കം. ക്രിസ്തുവിനെപ്പറ്റിയുള്ള ജൂതവിലയിരുത്തലാണ് ആഷിന്റെ ഗവേഷണവിഷയം. സോഷ്യലിസ്റ്റ് റിനുവല്‍ എന്ന പുരോഗമന പ്രസ്ഥാനത്തിലെ അംഗമായിരുന്നു ആഷ്. പ്രസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന പ്രത്യയശാസ്ത്രഭിന്നതകള്‍ ആഷിനെ അലട്ടുന്നു. പിതാവിന്റെ വ്യാപാരം ആകസ്മികമായി തകരുന്നതോടെ ഗവേഷണം തുടരാന്‍ ആഷിന് കഴിയാതെ വരുന്നു. അതിനിടെ കാമുകിയായ യാര്‍ഡിന പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ മറ്റൊരാളെ വിവാഹംചെയ്യുന്നു. ഇതില്‍ മാനസികമായി തകര്‍ന്ന ആഷ് ഒരു പരസ്യത്തില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് ജര്‍ഷോം വാല്‍ഡ് എന്ന് ശാരീരിക വൈകല്യം സംഭവിച്ച ഒരു വൃദ്ധന്റെ പരിചാരകനായി ജോലിയില്‍ പ്രവേശിക്കുന്നു. അവിടെ താമസിക്കുന്ന, 1948ലെ ഇസ്രയേല്‍ യുദ്ധത്തില്‍ മരിച്ച വാല്‍ഡിന്റെ മകന്റെ വിധവ അറ്റാലിയ എന്ന സുന്ദരിയില്‍ ആഷ് ആകൃഷ്ടനാകുന്നു. അപ്പോഴും ജോലിസമയം കഴിഞ്ഞാല്‍ തന്റെ ഗവേഷണവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ അടുത്ത ലൈബ്രറിയില്‍നിന്ന് ആഷ് വായിക്കുന്നുണ്ട്.

ക്രിസ്തു ജീവിച്ചിരുന്നപ്പോഴും മരണസമയത്തും ഒരു ജൂതന്‍ മാത്രമായിരുന്നെന്നും ഒരു പ്രത്യേക മതവും ക്രിസ്തു സ്ഥാപിച്ചിരുന്നില്ലെന്നുമുള്ള ഫ്ലാവിയസ് ജോസഫസ്, ജോസഫ് കെലൌെസര്‍ എന്നീ ജൂതചരിത്രകാരന്മാരുടെ അഭിപ്രായങ്ങള്‍ ആഷിനെ സ്വാധീനിക്കുന്നു. യേശുവിന്റെ കുരിശുമരണത്തെതുടര്‍ന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിലോ യേശു നടത്തിയതായി പറയുന്ന അത്ഭുത പ്രവൃത്തികളിലോ ഇവര്‍ വിശ്വസിക്കുന്നില്ല. മതമേധാവികള്‍ ദുഷിപ്പിച്ച ജൂതമതത്തെ നവീകരിക്കാനാണ് യേശു ശ്രമിച്ചതെന്ന ഇവരുടെ വാദം ആഷിനെ ആകര്‍ഷിക്കുന്നു. യേശുവിനെ സംബന്ധിച്ചുള്ള ജൂതസമീപനത്തെപ്പറ്റിയുള്ള അന്വേഷണം ജൂദാസിനെ സംബന്ധിച്ച് കൂടുതല്‍ വായിക്കാന്‍ ആഷിനെ പ്രേരിപ്പിക്കുന്നു. നിരവധി പുസ്തകങ്ങളും രേഖകളും പരിശോധിച്ച ആഷ് ജൂദാസ് പൊതുവില്‍ കരുതുന്നതുപോലെ ക്രിസ്തുവിനെ റോമന്‍ പടയാളികള്‍ക്ക് ഒറ്റുകൊടുത്ത ഒരു വഞ്ചകനായിരുന്നില്ലെന്നും ക്രിസ്തുവിന്റെ മഹത്വം ലോകത്തിനുമുന്നില്‍ വ്യക്തമാക്കാന്‍ ശ്രമിച്ച ശിഷ്യന്‍മാത്രമായിരുന്നുവെന്നുമുള്ള നിഗമനത്തിലെത്തുന്നു. ധനികനായ ജൂദാസിന് 30 വെള്ളിക്കാശിന്റെ ആവശ്യമുണ്ടായിരുന്നില്ല. ക്രിസ്തു ദൈവപുത്രനാണെന്നു കരുതിയിരുന്ന ജൂദാസിന്റെ പ്രേരണയിലാണ് കുരിശുമരണത്തിലേക്ക് നയിക്കുന്ന പ്രവൃത്തികള്‍ ക്രിസ്തു ചെയ്യുന്നത്. എന്നാല്‍, കുരിശില്‍നിന്ന് നാടകീയമായി ഉയിര്‍ത്തെഴുന്നേല്‍ക്കാതെ വേദനിച്ച,് തന്നെ കൈവിട്ട ദൈവത്തോട് വിലപിച്ച് മരണമടയുന്ന യേശുവിനെയാണ് ജൂദാസ് കാണുന്നത്. തന്റെ പ്രതീക്ഷ തെറ്റിപ്പോയെന്ന് മനസ്സിലാക്കിയ, ക്രിസ്തുവിനെ ജീവനുതുല്യം ആരാധിച്ചിരുന്ന ജൂദാസ് മാനസികസംഘര്‍ഷംമൂലം തൂങ്ങിമരിക്കയാണുണ്ടായത്. ജൂദാസിനെ സംബന്ധിച്ച് സ്വാംശീകരിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജൂദാസിന്റെ സുവിശേഷം എന്നൊരു പുസ്തകം എഴുതാന്‍ ആഷ് തീരുമാനിക്കുന്നു.

വാല്‍ഡുമായി ദിനംപ്രതി നടത്തിവന്നിരുന്ന സംവാദങ്ങളിലൂടെയാണ് ഇസ്രയേലിന്റെ സമകാലീന ചരിത്രം നോവലില്‍ വിഷയീഭവിക്കുന്നത്. അറ്റാലിയയുടെ അച്ഛന്‍ അന്തരിച്ച ഷിയാറ്റിയല്‍ അബ്രവാനെല്‍ ഇസ്രയേലിലെ പ്രമുഖ രാഷ്ടീയനേതാവായിരുന്നു. ഇസ്രയേല്‍ രൂപീകരണത്തിനായി നിലകൊണ്ട ഇസ്രയേലിന്റെ ആദ്യത്തെ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ ഗുറിയനുമായി അദ്ദേഹത്തിന് തികഞ്ഞ അഭിപ്രായവ്യത്യാസമാണുണ്ടായിരുന്നത്. ബ്രിട്ടീഷുകാര്‍ പലസ്തീന്‍ വിട്ടുകഴിഞ്ഞാല്‍ ജൂതന്മാര്‍ക്കുമാത്രമായി ഇസ്രയേല്‍ എന്ന രാജ്യം സ്ഥാപിക്കരുതെന്നും മുസ്ളിങ്ങളും ജൂതരും ഒരുമിച്ചുകഴിയുന്ന സംയുക്ത രാഷ്ട്രം സ്ഥാപിക്കണമെന്നുമായിരുന്നു അബ്രവാനെലിന്റെ അഭിപ്രായം. ഇസ്രയേല്‍ രൂപീകരിച്ചാല്‍ മുസ്ളിങ്ങളും ജൂതരും തമ്മില്‍ നിരന്തരം പ്രസ്തുത പ്രദേശത്തിന്റെ മേധാവിത്വത്തിനായി യുദ്ധം ചെയ്യേണ്ടിവരുമെന്നും അബ്രവാനെല്‍ പ്രവചിച്ചിരുന്നു. ഇതില്‍നിന്നു വ്യത്യസ്തമായി ഇസ്രയേല്‍ രൂപീകരണത്തിനായിട്ടാണ് ബെന്‍ ഗുറിയാന്റെ അഭിപ്രായത്തോട് യോജിച്ച വാല്‍ഡ് നിലകൊണ്ടത്. വാല്‍ഡുമായുള്ള ആഷിന്റെ സംസാരത്തിനിടയില്‍ ഇസ്രയേലിന്റെയും പാലസ്തീനിന്റെയും ചരിത്രവുമായി  ബന്ധപ്പെട്ട നമുക്കേറെ പരിചയമില്ലാത്ത നിരവധി വിവരങ്ങള്‍ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. 

അറ്റാലിയയുമായി അധികം അടുക്കരുതെന്ന വാല്‍ഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് ആഷ് അവളില്‍ അനുരക്തനാവുകയും ശാരീരികബന്ധം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. അതിനിടെ ഒരു ദിവസം വീടിന്റെ ഇടനാഴിയില്‍ വീണ് ആഷിന് പരിക്കേല്‍ക്കുന്നു. പരിക്കില്‍നിന്ന് സുഖം പ്രാപിക്കുന്ന ആഷിന്റെ സേവനം അവസാനിപ്പിക്കാന്‍ അറ്റാലിയ തീരുമാനിക്കുന്നു. ആഷ് തെരുവിലൂടെ ഒറ്റയ്ക്കുള്ള തന്റെ പ്രയാണം ആരംഭിക്കുന്നതോടെ നോവല്‍ അവസാനിക്കുന്നു.

ഇസ്രയേലില്‍ ഇന്നത്തെ ഏറ്റവും വിഖ്യാതനായ എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ബുദ്ധിജീവിയുമാണ് അമോസ് ഓസ്. ബെന്‍ ഗുറിയാന്‍ സര്‍വകലാശാലയില്‍ സാഹിത്യവിഭാഗത്തിലെ പ്രൊഫസറാണ് ഓസ്. ഇസ്രയേലി– പലസ്തീന്‍ പ്രശ്നത്തില്‍ ദ്വിരാഷ്ട വാദത്തിനോടൊപ്പമാണ് അമോസ് നിലകൊള്ളുന്നത്. പത്തു നോവലുകളും  മൂന്നു ചെറുകഥാസമാഹാരങ്ങളും  അഞ്ച് ലേഖന സമാഹാരങ്ങളും ഓസ് പ്രസിദ്ധീകരിച്ചിട്ടുണ്ട് പ്രസിദ്ധമായ ഗയ്ഥേ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഓസിന് ലഭിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top