27 May Monday

വനിതാദിനവും തൊഴിലാളിപ്രസ്ഥാനവും

സുനില്‍ പി ഇളയിടംUpdated: Sunday Apr 16, 2017

സാര്‍വദേശീയ വനിതാദിനത്തിന്റെ രൂപീകരണത്തിലും അതിന്റെ ആചരണത്തിലും സോഷ്യലിസ്റ്റ്-തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ക്കുള്ള നിര്‍ണായകമായ പങ്ക് എടുത്തുകാണിക്കാനാണ് മാര്‍ച്ച് എട്ടിന്റെയും സാര്‍വദേശീയ വനിതാദിനത്തിന്റെയും യഥാര്‍ഥ ചരിത്രം (The Real History of International Women's Day and March 8) എന്ന  ഗ്രന്ഥത്തില്‍ ശ്രമിക്കുന്നത്


മാര്‍ച്ച് എട്ട് ഇപ്പോള്‍ ലോകവ്യാപകമായി സാര്‍വദേശീയ വനിതാദിനമായി ആചരിച്ചുപോരുന്നുണ്ട്. ഭരണകൂടങ്ങളും ഗവണ്‍മെന്റിതര പ്രസ്ഥാനങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും സ്ത്രീസംഘടനകളുംമുതല്‍ പുതിയ കോര്‍പറേറ്റ് കച്ചവടക്കാര്‍വരെ സാര്‍വദേശീയ വനിതാദിനാചരണത്തില്‍ പങ്കുചേരുന്നു. സ്ത്രീജീവിതത്തിന്റെ നാനാതലങ്ങളെക്കുറിച്ചുള്ള ഗൌരവപൂര്‍ണമായ അന്വേഷണങ്ങളും വിവിധവിഭാഗം സ്ത്രീകളുടെ അവകാശപ്രഖ്യാപനങ്ങളുംമുതല്‍ സ്ത്രീകള്‍ക്കായി കച്ചവടക്കാര്‍ പ്രഖ്യാപിക്കുന്ന പ്രത്യേകം ഇളവുകള്‍വരെ സാര്‍വദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായി നടന്നുവരുന്നുണ്ട്. അങ്ങനെ ഒരുഭാഗത്ത് ഏറ്റവും വിപ്ളവകരവും പരിവര്‍ത്തനോന്മുഖവുമായ ഒരു പ്രേരണാശക്തിയും പ്രചോദനകേന്ദ്രവുമായിരിക്കെത്തന്നെ, മറുഭാഗത്ത് വിപണിതാല്‍പ്പര്യങ്ങളുമായി കൂട്ടിയിണക്കപ്പെട്ടതോ ഔപചാരികമോ ഒക്കെയായ ആഘോഷങ്ങളായും വനിതാദിനാചരണം മാറിത്തീര്‍ന്നിരിക്കുന്നു.

ഇത്തരമൊരു സന്ദര്‍ഭത്തിലാണ് മാര്‍ച്ച് എട്ടിന്റെയും സാര്‍വദേശീയ വനിതാദിനത്തിന്റെയും യഥാര്‍ഥ ചരിത്രം (The Real History of International Women's Day and March 8) എന്ന ചെറിയ ഗ്രന്ഥം വലിയ പ്രാധാന്യം കൈവരിക്കുന്നത്. തമിഴ്നാട്ടിലെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകനും സിപിഐ എം നേതാക്കളിലൊരാളുമായ ആര്‍ ജവഹര്‍ ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. 2017ല്‍ ഡല്‍ഹിയില്‍നിന്ന് ആകാര്‍ പബ്ളിഷേഴ്സാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബൃന്ദ കാരാട്ട്, ആനിരാജ, കവിതകൃഷ്ണന്‍ എന്നിങ്ങനെ, ഇന്ത്യയിലെ ഇടതുപക്ഷ സ്ത്രീപ്രസ്ഥാനങ്ങളുടെ സമുന്നതരായ മൂന്ന് നേതാക്കളുടെ ആമുഖത്തോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. സാര്‍വദേശീയ വനിതാദിനത്തിന്റെ രൂപീകരണത്തിലും അതിന്റെ ആചരണത്തിലും സോഷ്യലിസ്റ്റ്-തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ക്കുള്ള നിര്‍ണായകമായ പങ്ക് എടുത്തുകാണിക്കാനാണ് ജവഹര്‍ ഈ ഗ്രന്ഥത്തില്‍ ശ്രമിക്കുന്നത്. സ്ത്രീവാദപരമായ നിലപാടുകള്‍ മാര്‍ക്സിസത്തിന് നിരക്കുന്നതല്ലെന്ന് ഒരുഭാഗത്തും മാര്‍ക്സിസം സ്ത്രീവിരുദ്ധമാണെന്ന് മറുഭാഗത്തും പ്രബലമായ തെറ്റിദ്ധാരണകള്‍ നിലനിന്നിരുന്ന, ഇപ്പോഴും നിലനില്‍ക്കുന്ന ഒരു സന്ദര്‍ഭത്തില്‍, വനിതാദിനാചരണത്തിനു പിന്നിലെ തൊഴിലാളിവര്‍ഗപരമായ ഉള്ളടക്കം ചൂണ്ടിക്കാട്ടാനും ഉയര്‍ത്തിപ്പിടിക്കാനുമുള്ള ഈ ശ്രമം അത്യന്തം പ്രാധാന്യമുള്ള ഒന്നാണ്.

മാര്‍ക്സിസവും സ്ത്രീസ്വാതന്ത്യ്രവാദവും തമ്മിലുള്ള ബന്ധം അത്യന്തം ആഴമേറിയതാണ്. 1885ല്‍ പുറത്തുവന്ന എംഗല്‍സിന്റെ ‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം’എന്ന ഗ്രന്ഥം അന്ന് ആ വിഷയത്തിലുണ്ടായ ഏറ്റവും വിപ്ളവകരമായ മുന്നേറ്റമായിരുന്നു. സ്ത്രീവാദം പൊതുവെ വോട്ടവകാശപ്രസ്ഥാനവും മറ്റുമായി നിലനിന്നിരുന്ന ഒരു ചരിത്രസന്ദര്‍ഭത്തിലാണ് കുടുംബം, ലൈംഗികത, സ്വത്തുടമസ്ഥത തുടങ്ങിയ പ്രമേയങ്ങളുമായി സ്ത്രീവിമോചനത്തെ കൂട്ടിയിണക്കാനുള്ള എംഗല്‍സിന്റെ ശ്രമങ്ങള്‍ നടന്നത്. പിന്നാലെ തൊഴിലാളിപ്രസ്ഥാനങ്ങളുടെ ഭാഗമായി സ്ത്രീകളുടെ സംഘടിതമുന്നേറ്റങ്ങള്‍ അരങ്ങേറുകയും വലിയൊരു നിര നേതാക്കള്‍ സ്ത്രീകള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവരുകയും ചെയ്തു. ക്ളാരാസെറ്റ്കിനും അലക്സാന്ദ്രാ കൊല്ലന്‍തൈയും റോസാലക്സംബര്‍ഗും മറ്റും ഉള്‍പ്പെടുന്ന ഈ നേതൃനിര സ്ത്രീവാദപരമായ ആശയങ്ങളെ തൊഴിലാളിവര്‍ഗ രാഷ്ട്രീയവുമായി കൂട്ടിയിണക്കുന്ന നാനാതരം പ്രയോഗരൂപങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തിരുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം ഏറ്റവും സ്വാഭാവികവും പ്രകൃതിസഹജവുമായിത്തീരുന്നത് സ്ത്രീ-പുരുഷ ബന്ധത്തിലാണെന്നും മനുഷ്യവംശത്തിന്റെ പുരോഗതിയുടെ യഥാര്‍ഥ മാനദണ്ഡം സ്ത്രീ-പുരുഷ ബന്ധങ്ങളിലെ പുരോഗതിയാണെന്നുമുള്ള (The relation of man to woman is the most natural relation of human being to human being... It is possible to judge from this relationship the entire level of development of mankind) മാര്‍ക്സിന്റെ 1844ലെ സാമ്പത്തിക തത്വശാസ്ത്രക്കുറിപ്പുകളിലെ നിരീക്ഷണത്തെ സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമങ്ങളിലാണ് അവര്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നത്.

നിര്‍ഭാഗ്യവശാല്‍, മാര്‍ക്സിസത്തിന്റെയും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെയും പില്‍ക്കാല വികാസത്തില്‍ ഈ വീക്ഷണങ്ങളും പ്രയോഗരൂപങ്ങളും അപ്രധാനമായി. സ്ത്രീകളുടെ അസ്വാതന്ത്യ്രത്തിന്റെ പ്രശ്നം തൊഴിലാളിവര്‍ഗരാഷ്ട്രീയത്തിന്റെ, താരതമ്യേന അപ്രധാനമായ അനുബന്ധപ്രശ്നമാണ് എന്ന വീക്ഷണം പ്രബലമായി. കുടുംബഘടനയുടെയും ലൈംഗികതയുടെയും മറ്റും വിഷയങ്ങള്‍ ഉന്നയിക്കുന്നത് ബൂര്‍ഷ്വാ വ്യതിയാനത്തിന്റെ ഭാഗമാണെന്നും ലൈംഗിക അരാജകത്വത്തിനുവേണ്ടിയാണെന്നും വിശദീകരിക്കപ്പെടാനും മനസ്സിലാക്കപ്പെടാനും തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭദശയില്‍ സ്ത്രീവിമോചനാശയങ്ങളും തൊഴിലാളിവര്‍ഗ രാഷ്ട്രീയവും തമ്മിലുണ്ടായിരുന്ന നാഭീനാളബന്ധം വിസ്മൃതമായി. എന്നുതന്നെയല്ല, 1950കള്‍ ആയപ്പോഴേക്കും ഫെമിനിസവും മാര്‍ക്സിസവും പരസ്പരവിരുദ്ധമായ പ്രവണതകളാണെന്ന് വിലയിരുത്തപ്പെടുന്ന നിലപോലും, റാഡിക്കല്‍ ഫെമിനിസത്തിന്റെ കടന്നുവരവോടെ, ഉയര്‍ന്നുവരുകയും ചെയ്തു. ലോകമെമ്പാടുമുള്ള തൊഴിലാളിപ്രസ്ഥാനങ്ങളിലും സ്ത്രീവിമോചനപ്രസ്ഥാനങ്ങളിലും ഈ കാഴ്ചപ്പാട്, ഏറിയും കുറഞ്ഞും, സ്വാധീനം ചെലുത്തുകയുംചെയ്തു.

ഈയൊരു പശ്ചാത്തലത്തിലാണ്, സാര്‍വദേശീയ വനിതാദിനാചരണത്തിനു പിന്നിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ യഥാര്‍ഥ ചരിത്രത്തെ അനാവരണംചെയ്യാനുള്ള ആര്‍ ജവഹറിന്റെ ലഘുഗ്രന്ഥം പ്രസക്തമാകുന്നത്. സ്ത്രീവാദവും മാര്‍ക്സിസവും തമ്മിലുള്ള നാഭീനാളബന്ധത്തെ, അതിന്റെ വിസ്മൃതചരിത്രത്തില്‍നിന്ന് വീണ്ടെടുക്കാനുള്ള ബഹുമുഖമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ഗ്രന്ഥത്തെ പരിഗണിക്കാം. സൈദ്ധാന്തികവും ആനുഭവികവും പ്രായോഗികവുമായ വിവിധതലങ്ങളില്‍ അരങ്ങേറുന്ന സംവാദങ്ങളിലൂടെയും വിനിമയങ്ങളിലൂടെയും സ്ത്രീവിമോചനാശയങ്ങളുടെയും തൊഴിലാളിവര്‍ഗരാഷ്ട്രീയത്തിന്റെയും ഉള്ളടക്കത്തെ പരസ്പരപൂരകമാക്കാനുള്ള വിപുലമായ പരിശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. അതിലേക്കുള്ള മികച്ച സംഭാവനകളിലൊന്നായി ഈ ലഘുഗ്രന്ഥത്തെ പരിഗണിക്കാം.

തെളിവുകളുടെയും രേഖകളുടെയും പിന്‍ബലത്തോടെ, ചെറിയ ചെറിയ അധ്യായങ്ങളിലായാണ് ആര്‍ ജവഹര്‍ തന്റെ വാദഗതി വികസിപ്പിച്ചിരിക്കുന്നത്. സാര്‍വദേശീയ വനിതാദിനത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന നിരവധി തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും അതിന്റെ രൂപീകരണചരിത്രം, വിശദാംശങ്ങളോടെ വെളിപ്പെടുത്താനും ഈ അധ്യായങ്ങളില്‍ അദ്ദേഹം ശ്രമിക്കുന്നു. അതുവഴി 1910ലെ ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് വിമന്‍സ് കോണ്‍ഫറന്‍സിന് സാര്‍വദേശീയ വനിതാദിനം എന്ന ആശയത്തിനു പിന്നിലും, 1917 മാര്‍ച്ച് എട്ടിന് റഷ്യയിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ ഭരണകൂടത്തിനെതിരെ ഉയര്‍ന്നുവന്ന കലാപത്തിന് മാര്‍ച്ച് എട്ട്’എന്ന ലോകവനിതാദിനത്തിനു പിന്നിലുമുള്ള നിര്‍ണായകപ്രാധാന്യം അദ്ദേഹം പറഞ്ഞുറപ്പിക്കുകയും ചെയ്യുന്നു. സാര്‍വദേശീയവനിതാദിനത്തിന്റെ പ്രേരണയും പ്രഭവവും തൊഴിലാളിവര്‍ഗരാഷ്ട്രീയത്തോട് എത്രമേല്‍ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യമാണ് ഈ ചെറിയ ഗ്രന്ഥം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് ചിതറിയ ധാരണകള്‍ പലര്‍ക്കും ഉണ്ടാകുമെങ്കിലും, രേഖകളുടെയും വസ്തുതകളുടെയും പിന്‍ബലത്തോടെ ഇക്കാര്യം പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ജവഹറിന്റെ ഗ്രന്ഥത്തിന്റെ പ്രാധാന്യം.

sunilpelayidom@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top