10 December Sunday

ഇന്ത്യന്‍ മധ്യവര്‍ഗ്ഗ സ്ത്രീത്വത്തിന്റെ ദുരന്തങ്ങള്‍

ഡോ. മീന ടി പിള്ളUpdated: Sunday Mar 13, 2016

ഇന്ത്യന്‍ ജനതയുടെ നല്ലൊരു ശതമാനം വരുന്ന മധ്യവര്‍ഗ സ്ത്രീകളുടെ സംഘര്‍ഷങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടിയാണ് രതിക കപൂറിന്റെ 'ദി പ്രൈവറ്റ് ലൈഫ് ഓഫ് മിസ്സിസ് ശര്‍മ' എന്ന കൃതി


ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി’എന്നുറക്കെ പാടി, സ്വന്തം വികാരങ്ങളും മോഹങ്ങളും കൊച്ചുകൊച്ചു സന്തോഷങ്ങളും ഹോമിച്ച് മറ്റുള്ളവര്‍ക്കായി നിവര്‍ത്തപ്പെട്ട ഒരു നരച്ച കുടയായിമാത്രം ജീവിക്കുന്ന ലക്ഷോപലക്ഷം സ്ത്രീകളുണ്ട്, അവരുടെ കഥയാണ് രതിക കപൂര്‍ 'ദി പ്രൈവറ്റ് ലൈഫ് ഓഫ് മിസ്സിസ് ശര്‍മ'യില്‍ പറയുന്നത്. ഉദാത്തമായ സാഹിത്യകൃതിയൊന്നുമല്ല ഇത്. എന്നാല്‍, നമുക്കുചുറ്റും നിത്യവും കാണുന്ന സ്ത്രീകളുടെ ലളിതമെന്നുതോന്നുന്ന എന്നാല്‍ സംഘര്‍ഷപൂരിതമായ കഥയാണ് കൃതി പറയുന്നത്.
മറ്റുള്ളവരേക്കാള്‍ സദ്വൃത്തയാണെന്നു സ്വയമഭിമാനിക്കുന്ന സ്ത്രീകളെയും ആ ചിന്തയില്‍ രമിച്ച് സ്വപ്നങ്ങളെ എന്നെന്നേക്കുമായി ഹോമിക്കാന്‍ തയ്യാറാവുന്ന സുശീലകളെയും സൃഷ്ടിക്കുന്നത് എല്ലാ പുരുഷകേന്ദ്രീകൃത സമൂഹവും എക്കാലവും പയറ്റുന്ന അടവാണ്. ഇത്തരത്തിലൊരു മധ്യവര്‍ഗ ഇന്ത്യന്‍ നായികാസൃഷ്ടിയാണ് കേന്ദ്രകഥാപാത്രം. സീതയും സതിയും സാവിത്രിയും തോറ്റുപോകുന്ന വിശുദ്ധിയും പാതിവൃത്യവും ഈ മുപ്പത്തേഴുകാരിയില്‍ മറ്റു സ്ത്രീകളുടെ സദാചാര നിരീക്ഷകയാകാന്‍ തനിക്ക് ധാര്‍മിക അവകാശമുണ്ടെന്ന തോന്നല്‍ ജനിപ്പിക്കുന്നു. എന്നാല്‍, ഈ കപടസദാചാരബോധം അവരില്‍ സൃഷ്ടിക്കുന്ന പിരിമുറുക്കവും അനുരഞ്ജനത്തിന്റെ ഭാഗമായി ഹോമിക്കേണ്ടിവരുന്ന അവരുടെ സ്വപ്നങ്ങളും ഒക്കെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നുണ്ട് കപൂര്‍.

കുടുംബത്തിനുവേണ്ടി തേഞ്ഞുതേഞ്ഞില്ലാതായ പിച്ചളപ്പാത്രമാണ് നായികയെങ്കിലും അവരും അവരടിച്ചമര്‍ത്തിയ അവരുടെ തൃഷ്ണകളും ഇടയ്ക്കെങ്കിലും അമ്പരപ്പിക്കും. ഭര്‍ത്താവ് പരദേശത്തുപോയി പണിയെടുക്കുമ്പോള്‍ ഭര്‍തൃകുടുംബത്തിന്റെയും കുട്ടികളുടെയും ചുമതലകള്‍ക്കുതാഴെ സ്വാതന്ത്യ്രമില്ലായ്മയ്ക്കുള്ളില്‍ വിരസതകള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന ഒരു സാധാരണ സ്ത്രീ. എത്രമാത്രം ജനാധിപത്യവിരുദ്ധമാണ് നമ്മള്‍ കൊണ്ടാടുന്ന കുടുംബസംവിധാനമെന്ന് വിളിച്ചോതുന്ന ദൈനംദിനജീവിതം. ഇതിനിടയില്‍ അവര്‍ കണ്ടുമുട്ടുന്ന പുരുഷസുഹൃത്തും അയാളുടെ സൌഹൃദം നല്‍കുന്ന കൊച്ചു സന്തോഷങ്ങളും അവയുണ്ടാക്കുന്ന അസ്വസ്ഥതയും കുറ്റബോധവും നര്‍മത്തില്‍ ചാലിച്ച്, അങ്ങേയറ്റം സംവേദനക്ഷമതയോടെ കൈകാര്യംചെയ്യുന്നു നോവലിസ്റ്റ്.  ഹാസ്യത്തില്‍ പൊതിഞ്ഞ ഈ സന്ദര്‍ഭങ്ങള്‍ ആഴത്തില്‍ ചിന്തിപ്പിക്കുന്നവയുമാണ്. ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥിതിയില്‍ നിലനില്‍ക്കുന്ന കപട സദാചാരമൂല്യങ്ങളും, സ്ത്രീകളോടുള്ള ഇരട്ടത്താപ്പും പുരുഷാധിപത്യത്തില്‍ കുതിര്‍ന്നുവീര്‍ത്ത് അജീര്‍ണം ബാധിച്ച സ്ത്രൈണ സങ്കല്‍പ്പങ്ങളും, തങ്ങളുടെ വ്യക്തിത്വബോധം നഷ്ടപ്പെട്ട് മറ്റുള്ളവരുടെ ഭാവനകളുടെ തടവറകളില്‍ വീര്‍പ്പുമുട്ടുന്ന സ്ത്രീത്വവും ഈ താളുകളില്‍ ആവര്‍ത്തിച്ചു തെളിയുന്നതും അപ്രിയ ചോദ്യങ്ങള്‍ വാരിവിതറുന്നതും കാണാം.
അങ്ങേയറ്റം അരോചകമായി തോന്നാവുന്ന കഥാപാത്രമാണ് നായിക. എന്നാല്‍, എവിടൊക്കെയോ അവരോട് വല്ലാത്ത അനുകമ്പയും സഹിഷ്ണുതയും സൃഷ്ടിച്ചുകൊണ്ട് നമ്മളിലും അവരുടെ അംശം ഇല്ലേ എന്ന സംശയം ജനിപ്പിക്കാന്‍ നോവലിസ്റ്റിന് കഴിയുന്നു എന്നതാണ് കൃതിയുടെ വിജയം. ഇന്ത്യന്‍ സമൂഹ മനസ്സാക്ഷിയില്‍ സ്ത്രീപക്ഷചിന്തയില്‍ കാണുന്ന വിള്ളലുകളാണ് നോവല്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ നല്ലൊരു ശതമാനം വരുന്ന മധ്യവര്‍ഗ സ്ത്രീകളുടെ സംഘര്‍ഷങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടിയാണ് ഈ കൃതി. വിദ്യാഭ്യാസംകൊണ്ട് സ്വന്തംകാലില്‍ നിലയുറപ്പിക്കാന്‍ കഴിഞ്ഞെങ്കിലും കാലഹരണപ്പെട്ട പാരമ്പര്യങ്ങള്‍ക്കും കമ്പോളത്തില്‍ ഊന്നിയ ആധുനികതയ്ക്കും നടുവില്‍ അവര്‍ അനുഭവിക്കുന്ന ശ്വാസംമുട്ടലുകള്‍ വളരെ സൂക്ഷ്മമായി മനസ്സിലാക്കാന്‍ നോവലിസ്റ്റിന് കഴിഞ്ഞു. ബ്ളൂംസ്ബറിയാണ് പ്രസാധകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
-----
-----
 Top