07 December Thursday

സ്വാതന്ത്യ്രാനന്തര ഇന്ത്യയും മനുഷ്യാവകാശങ്ങളും

ഡോ. മീന ടി പിള്ളUpdated: Sunday Jun 12, 2016

ഒരു രാഷ്ട്രത്തിന്റെ നിര്‍ണായകമായ ചരിത്രസന്ധിയില്‍ അവിടത്തെ മനുഷ്യാവകാശങ്ങളുടെ അവസ്ഥ എന്താണ്? ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍, കൊളോണിയല്‍ ആധിപത്യങ്ങള്‍ കുടഞ്ഞെറിഞ്ഞിട്ട് ഏഴ് പതിറ്റാണ്ടോളമായിട്ടും എന്തേ ഇങ്ങനെയൊരു ചോദ്യം? ഇതിന്റെ ഉത്തരങ്ങള്‍ തേടിയുള്ള യാത്രയാണ് ഓം പ്രകാശ് ദ്വിവേദിയും ജൂലി രാജനും ചേര്‍ന്ന് എഡിറ്റ് ചെയ്ത ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ പോസ്റ്റ്കൊളോണിയല്‍ ഇന്ത്യ എന്ന കൃതി. വിദ്യാഭ്യാസക്കച്ചവടംമുതല്‍, സാമൂഹികനീതിയുടെയും പൊതു മണ്ഡലത്തിലെ അക്രമങ്ങളുടെയും ഭിന്ന ശേഷിയുടെയും ഭിന്ന ലൈംഗികതയുടെയും പ്രശ്നങ്ങള്‍വരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ വായിച്ചെടുക്കാനും മനസ്സിലാക്കാനും അവലോകനംചെയ്യാനും ശ്രമിക്കുന്നു ഈ കൃതി. ഇന്ത്യയില്‍ ഇന്ന് വര്‍ഗ–വര്‍ണ–ലിംഗ അടിസ്ഥാനത്തില്‍ വലിയതോതില്‍ നടക്കുന്ന മനുഷ്യാവകാശങ്ങളുടെ ധ്വംസനം പലതും കാണാതെ പോകുന്നത് നൂറ്റാണ്ടുകളുടെ ആവര്‍ത്തനത്തിലൂടെ അവയ്ക്ക് കൈവന്ന പാരമ്പര്യമെന്ന സാധുതയിലൂടെയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രംതന്നെ നാം പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ടെന്ന വിലയിരുത്തലില്‍നിന്നാണ് ഈ കൃതി തുടങ്ങുന്നത്. അത്തരം സുതാര്യമായൊരു സമീപനത്തിലൂടെമാത്രമേ ഒരു ജനാധിപത്യത്തിന്റെ സുഗമവും ആരോഗ്യകരവുമായ നടത്തിപ്പിന്റെ ഒരു കണക്കെടുപ്പ് സാധ്യമാകൂ എന്ന് അവകാശപ്പെടുന്നു ഇതിന്റെ എഡിറ്റര്‍മാര്‍.

പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് ആദ്യമായി സടകുടഞ്ഞെണീറ്റ രാഷ്ട്രങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സ്വാതന്ത്യ്രപ്പിറവി ഒരു മനുഷ്യാവകാശ യുഗത്തിന്റെ പിറവിയായി പല രാഷ്ട്രീയനിരീക്ഷകരും പ്രതീക്ഷയോടെ കണ്ടിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ മുഖമുദ്രയായി കണ്ട മതേതര ദേശീയതയും സമത്വവും തുല്യാവകാശങ്ങളും ഒക്കെ ഭരണഘടന എന്ന ആദര്‍ശ സങ്കല്‍പ്പത്തില്‍ ഒതുങ്ങിയപ്പോള്‍ പൊട്ടിപ്പുറപ്പെട്ടത് ജാതിയുടെയും മതത്തിന്റെയും ലൈംഗികതയുടെയും മറ്റും പേരിലുള്ള അക്രമങ്ങളും അവകാശ ഭസ്മീകരണങ്ങളുമായിരുന്നു. അവ കെട്ടിപ്പൊക്കിയ മേല്‍ക്കോയ്മകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടത് സ്ത്രീകളും ദളിതരും ജാതി–മത ന്യൂനപക്ഷങ്ങളും ഭിന്ന ലൈംഗികരും ഒക്കെയായിരുന്നു. ഇതോടൊപ്പം ഇന്ത്യന്‍ സാമ്പത്തികക്കുതിപ്പിന്റെ ഗുണഭോക്താക്കള്‍ ഏറെക്കുറെ ഉന്നതവര്‍ഗവും മധ്യവര്‍ഗവുമാണെന്ന് നിസ്സംശയം തെളിഞ്ഞിരിക്കെ താഴെ തട്ടിലുള്ളവരുടെ വിദ്യാഭ്യാസവും ആരോഗ്യവും പാര്‍പ്പിടവും എന്തിന് ശുദ്ധവായുവും വെള്ളവുംവരെ ആര് ഉറപ്പാക്കുമെന്ന ചോദ്യം പ്രസക്തമാകുന്നു. ഇത് മനുഷ്യാവകാശലംഘനമായിത്തന്നെ കാണേണ്ടിയിരിക്കുന്നു എന്ന വാദമാണ് ഈ പുസ്തകത്തിലെ പ്രബന്ധങ്ങള്‍ മുമ്പോട്ടുവയ്ക്കുന്ന ആശയം. ഇതോടൊപ്പം രാഷ്ട്രീയസുരക്ഷ എന്ന മുടന്തന്‍ന്യായം ഉപയോഗിച്ച് ഇന്ത്യന്‍ അതിര്‍ത്തികളിലും തര്‍ക്കഭൂമികളിലും അധിവസിക്കുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ അനുഭവിക്കുന്ന ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ പേടിപ്പെടുത്തുന്നതാണെന്നും പുസ്തകം ആരോപിക്കുന്നു.

മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഇത്തരം പല കാതലായ വിഷയങ്ങളും ഈ കൃതി വിശകലനംചെയ്യുന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ശാക്തീകരണം വിദ്യാഭ്യാസംവഴിമാത്രമേ സാധ്യമാകൂ എന്നിരിക്കെ വിദ്യാഭ്യാസം മനുഷ്യാവകാശമായിട്ട് പരിഗണിക്കപ്പെടേണ്ടതാണ്. സാമൂഹിക– സാമ്പത്തിക– രാഷ്ട്രീയ– പൌര അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ഈ പരിഗണന കൂടിയേ തീരൂ. ഇത് ഏറ്റവും കൂടുതല്‍ ആവശ്യം ഇന്ന് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്കാണെന്ന് ഈ കൃതി വാദിക്കുന്നു. എന്നാല്‍, സ്ത്രീകളുടെ വിദ്യാഭ്യാസം സാധ്യമായാല്‍ത്തന്നെ ആ വിദ്യാഭ്യാസം സ്ത്രീശാക്തീകരണത്തിന് ഉതകുന്നതാക്കി മാറ്റാന്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും സാധ്യമായിട്ടില്ല എന്നതിന്  ഉദാഹരണമായി ഈ കൃതി ചൂണ്ടിക്കാണിക്കുന്നത് കേരളത്തെയാണ്. വളരെ മാതൃകാപരമായ ലിംഗ അനുപാതങ്ങളും സാക്ഷരതാ ശതമാനങ്ങളും നിരത്തുമ്പോള്‍ത്തന്നെ കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തവും അവര്‍ നേരിടുന്ന ലിംഗ അസമത്വവും ലിംഗാധിഷ്ഠിതമായ അക്രമവും പുരുഷാധിപത്യവും ഞെട്ടിക്കുന്നതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ പെണ്‍വിദ്യാഭ്യാസത്തെ ജാതി–മത–വര്‍ഗ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ ശ്രമിക്കുന്നു ഈ കൃതി. നിര്‍ഭയ കേസും തമിഴ് നാട്ടിലെ ദളിത് സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങളും ഭിന്ന ലൈംഗികര്‍ക്കെതിരെ നീതിന്യായവ്യവസ്ഥകള്‍ ഉള്‍പ്പെടെ നടത്തുന്ന പൈശാചികതകളും ഒക്കെ പ്രതിപാദിക്കപ്പെടുന്നുണ്ട് ഈ അധ്യായങ്ങളില്‍.

അക്കാദമിക പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും നയരൂപകര്‍ത്താകള്‍ക്കും പൌരസമൂഹത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കും നീതിന്യായവ്യവസ്ഥയുടെ കാവലാളുകള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സാമാന്യജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ ഒരു പുസ്തകം. റൂട്ട്ലെഡ്ജാണ് പ്രസാധകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
-----
-----
 Top