20 April Saturday

വാന്‍ ഗോഗിന്റെ ചെവി, സത്യം പുറത്ത്?

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2016

ലോകപ്രശസ്ത ഡച്ച് ചിത്രകാരന്‍ വിന്‍സെന്റ് വില്ലെം വാന്‍ ഗോഗ് (1853–1890) തന്റെ അത്യപൂര്‍വ ചിത്രങ്ങളിലൂടെ ആധുനികകാലത്തും വലിയൊരു ആരാധകവൃന്ദത്തിനുടമയായ അസാധാരണ ജീനിയസ്സായിരുന്നു. വാന്‍ ഗോഗ് ചിത്രങ്ങളുടെ തനിമയും വര്‍ണവൈവിധ്യവും അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍മാത്രമല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലും ചിത്രകലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിവരുന്നു. ജീവിതംകാലംമുഴുവന്‍ ഒരുപക്ഷേ, സാഹിത്യപ്രതിഭയായ ദസ്തയേവ്സ്കിയോട് താരതമ്യം ചെയ്യാവുന്ന രീതിയില്‍ മദ്യപാനവും മറ്റുമായി കുത്തഴിഞ്ഞ ജീവിതം നയിച്ച വാന്‍ ഗോഗ്  37–ാം വയസ്സില്‍ യാദൃച്ഛികമെന്നു കരുതപ്പെടുന്ന രീതിയില്‍ സ്വയംവച്ച വെടിയേറ്റ് മരണമടയുകയാണുണ്ടായത്. വാന്‍ ഗോഗിന്റെ പല ചിത്രങ്ങളും ലോകം അറിഞ്ഞതും ആസ്വദിച്ചതും അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു.

ഉന്മാദത്തോടടുക്കുന്ന മാനസിക വിഭ്രാന്തിക്കടിമയായിരുന്ന വാന്‍ഗോഗിന്റെ ജീവിതത്തിലെ പല സംഭവവികാസങ്ങളും വളരെയേറെ വ്യാഖ്യാനങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിധേയമാക്കപ്പെട്ടിട്ടുണ്ട്. വാന്‍ ഗോഗിനെ ബാധിച്ചിരുന്നതായി സംശയിക്കപ്പെടുന്ന ശാരീരിക–മാനസിക രോഗങ്ങളെപ്പറ്റി നിരവധി വൈദ്യശാസ്ത്രലേഖനങ്ങള്‍ വിശ്രുത മെഡിക്കല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടുവരുന്നു. ദസ്തയേവ്സ്കിയെപ്പോലെ  വാന്‍ ഗോഗിനെയും അപസ്മാരരോഗം ബാധിച്ചിരുന്നതായി കരുതപ്പെടുന്നുണ്ട്. മനോവൈകല്യത്തിനു കാരണമായ അപൂര്‍വമായി കണ്ടുവരുന്ന ഒരു തരം ചയാപചയ രോഗത്തിന്  അദ്ദേഹം അടിമയായിരുന്നുവെന്ന് കരുതുന്നവരുമുണ്ട്.

1888 ഡിസംബറില്‍ ക്രിസ്മസിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറെ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിധേയമാക്കപ്പെട്ട നാടകീയമായ സംഭവം നടക്കുന്നത്. തെക്കന്‍ ഫ്രാന്‍സിലെ ആര്‍ലസില്‍ താന്‍ താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള വേശ്യാലയത്തിലെ അഭിസാരികയായ റേച്ചലിന് വാന്‍ ഗോഗ് തന്റെ വലത് ചെവി മുറിച്ച് കാഴ്ചവച്ചു എന്നാതായിരുന്നു ഏറെ പ്രചരിപ്പിക്കപ്പെട്ടിരുന്ന സ്തോഭജനകമായ സംഭവം. ഭ്രാന്തിന്റെ വക്കോളമെത്തിയ മാനസികപിരിമുറുക്കത്തെതുടര്‍ന്നാണ് വാന്‍ ഗോഗ് ചെവിയുടെ ഒരു ഭാഗം മുറിച്ച് റേച്ചലിന് നല്‍കിയതെന്നാണ് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. വാന്‍ ഗോഗിന്റെ ആരാധകരായ നിരവധിപേര്‍ ഈ സംഭവത്തിന്റെ സത്യവാസ്ഥ എന്തെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുകയും നിരവധി പുസ്തകങ്ങള്‍ രചിക്കയും ചെയ്തിട്ടുണ്ട്. ജര്‍മന്‍ ചരിത്രകാരന്മാരായ ഹാന്‍സ് കോഫ് മാനും റീത്താ വില്‍ഡ് ഗാന്‍സും ചേര്‍ന്നെഴുതിയ നിശ്ശബ്ദതയുടെ ഉടമ്പടി എന്ന പുസ്തകത്തില്‍ വാന്‍ ഗോഗും അടുത്ത സുഹൃത്തായ പോള്‍ ഗോഗുമായുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് സംഭവം നടക്കുന്നതെന്ന് വിശദീകരിക്കുന്നു. സ്വവര്‍ഗാനുരാഗത്തോടടുത്ത ഉറ്റബന്ധമായിരുന്നു വാന്‍ ഗോഗിന് പോള്‍ ഗോഗുമായുണ്ടായിരുന്നത്. തന്നെ പിരിഞ്ഞ് പോള്‍ ഫ്രാന്‍സിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചതില്‍ അതൃപ്തനായ വാന്‍ ഗോഗും പോളും തമ്മില്‍ ശക്തമായ വാക്കേറ്റം നടന്നെന്നും അതിനൊടുവില്‍ പോളാണ് ഒരു വാളെടുത്ത് വാന്‍ ഗോഗിന്റെ ചെവി അറുത്തുമാറ്റിയതെന്നും വേണ്ടത്ര സ്വീകരിക്കപ്പെടാതെ പോയ പ്രസ്തുത പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട, ചിത്രകലാധ്യാപികയായ ബെര്‍നഡെറ്റ് മര്‍ഫി എന്ന വനിത ദീര്‍ഘകാലത്തെ ഗവേഷണത്തെ തുടര്‍ന്ന് രചിച്ച വാന്‍ ഗോഗിന്റെ ചെവി: യഥാര്‍ഥ കഥ എന്ന പുസ്തകത്തില്‍ ഈ സംഭവത്തിന്റെ യഥാര്‍ഥ ചരിത്രം അന്തിമമായി വെളിപ്പെടുത്തുന്നതായി വിലയിരുത്തപ്പെടുന്നു. വാന്‍ ഗോഗിന്റെ ചെവി മുറിച്ചതിനുശേഷം അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ഫിലിസ്ക് റേയുടെ പ്രിസ്ക്രിപ്ഷന്‍ പാഡിലെ കുറിപ്പില്‍നിന്നാണ് ചെവി മുറിച്ച സംഭവത്തിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍ ലഭിച്ചത്. വേശ്യാലയത്തിലെ ജോലിക്കാരിയായിരുന്ന ഗബ്രിയേലിനാണ് വാന്‍ ഗോഗ് തന്റെ ചെവി മുറിച്ച് നല്‍കിയതെന്നാണ് ഡോ. റേയുടെ കുറിപ്പില്‍ പറയുന്നത്. ഗബ്രിയേലിനെ ഒരു പട്ടി കടിച്ച് മുറിവേല്‍പ്പിച്ചതിലുള്ള വിഷമവും അനുകമ്പയും പ്രകടിപ്പിക്കുന്നതിനുവേണ്ടിയാണ് മനോരോഗമുള്ള വാന്‍ ഗോഗ് തന്റെ ചെവി മുറിച്ച് ആ വനിതയ്ക്ക് സമര്‍പ്പിച്ചതെന്നാണ് റേ എഴുതിയിട്ടുള്ളത്. ബിബിസി സിരീസിനുവേണ്ടിയാണ് ബെര്‍നഡെറ്റ് മര്‍ഫി ഈ പുസ്തകം എഴുതിയത്. എന്നാല്‍, മര്‍ഫിയുടേത് അന്തിമ വാക്കാണെന്ന് പറയാന്‍ നിവൃത്തിയില്ല. കൂടുതല്‍ സിദ്ധാന്തങ്ങളും വിശകലനങ്ങളും വാന്‍ ഗോഗിന്റെ മുറിച്ചുമാറ്റപ്പെട്ട ചെവിയെ സംബന്ധിച്ച് ഇനിയും എഴുതപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

വാന്‍ ഗോഗിന്റെ ജീവിതത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അറുതിവന്നുവെന്നു കരുതാന്‍ നിവൃത്തിയില്ല. വാന്‍ ഗോഗ് യഥാര്‍ഥത്തില്‍ ആത്മഹത്യചെയ്യുകയായിരുന്നില്ല കൊലചെയ്യപ്പെടുകയായിരുന്നുവെന്ന് ചിത്രീകരിച്ചുകൊണ്ടുള്ള ഒരു ചലച്ചിത്രം വൈകാതെ റിലീസ് ചെയ്യപ്പെടാന്‍പോവുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top