23 September Saturday

കാഴ്ചയുടെ കുതിപ്പുകള്‍

ഡോ. യു നന്ദകുമാര്‍Updated: Sunday Jul 10, 2016

1972ല്‍ ജാക്ക് ഷ്മിഡ്റ്റ് ബഹിരാകാശത്തുനിന്ന് എടുത്ത ഭൂമിയുടെ ചിത്രമുണ്ട്. ഇതാണ് ലോകമെമ്പാടും എല്ലാ പത്രങ്ങളിലും മുന്‍പേജില്‍ ഇടംനേടിയ ചിത്രം. നീലസമുദ്രങ്ങളും ഹരിതഭൂപ്രദേശങ്ങളും ചുറ്റിത്തിരിയുന്ന മേഘങ്ങളുംചേര്‍ന്ന ഭൂമിയെന്ന ഗോളം മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെ ആകെ മറച്ചുവച്ചിരുന്നു. മനുഷ്യര്‍ ഭൂമിയില്‍ ഏല്‍പ്പിച്ച മാറ്റങ്ങളെല്ലാംതന്നെ വേറൊരു തലത്തില്‍ അദൃശ്യമാകുന്നുവെന്ന വലിയ കാഴ്ച ഈ ചിത്രത്തിലുണ്ട്.

നിക്കൊളാസ് മിര്‍സോഫ്  ലോകത്തെ കാണേണ്ടതെങ്ങനെ (How To See The World) എന്ന പുസ്തകത്തില്‍ കാഴ്ചയുടെ വിവിധ തലങ്ങള്‍ – അതിന്റെ ശാന്തതയും സ്ഫോടനാത്മകതയും – ഒക്കെയാണ് പ്രതിപാദിക്കുന്നത്.
നാം എന്തിനെയും നോക്കിക്കാണുന്നത് വ്യത്യസ്തങ്ങളായ എത്രയോ തലങ്ങളിലാണ്. കാണല്‍, ദൃശ്യം, നോട്ടം, ദര്‍ശനം, വീക്ഷണം എന്നിങ്ങനെ എത്രയോ രീതിയിലാണ് മനുഷ്യന്‍ കാഴ്ചയെ അഭിമുഖീകരിക്കുന്നത്. ലോകം ആകെ കീഴടക്കിയ മനുഷ്യപ്രവര്‍ത്തനങ്ങളെ ആകെ നിഷേധിക്കുന്ന ചിത്രം യാഥാര്‍ഥ്യം എന്നതുപോലെ ഒരു കാഴ്ചപ്പാടുകൂടിയാകുന്നു. അപ്പോള്‍ കാഴ്ചയ്ക്ക് പലതലത്തിലുള്ള ഇടങ്ങള്‍ നമ്മിലുണ്ട്. പല നോട്ടങ്ങളും പല തലത്തിലുള്ള ആധിപത്യത്തെയോ മേല്‍ക്കോയ്മയെയോ കീഴ്പ്പെടുത്തുലുകളെയോ സൂചിപ്പിക്കുന്നു. ആധുനിക കാലഘട്ടത്തില്‍ ഇത്തരം നിലപാടുകള്‍ അസ്ഥാനത്തല്ല, തികച്ചും സര്‍വസാധാരണമായ മനുഷ്യചിന്തപോലുമാണ് എന്ന് മിര്‍സോഫ് ചൂണ്ടിക്കാണിക്കുന്നു.
ലോകമെമ്പാടും 30 വയസ്സിന് താഴെയുള്ളവര്‍ ഭൂരിപക്ഷമായിരിക്കുന്ന കാലമാണ് ഇത്. 2000നും 2012നും ഇടയ്ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 566 ശതമാനമാണ് വര്‍ധിച്ചത്. 300 കോടി ജനങ്ങള്‍ ഓണ്‍ലൈനില്‍ ഉണ്ട്. 2005ല്‍ ആരംഭിച്ച യൂട്യൂബ് ഇന്ന് 600 കോടി മണിക്കൂര്‍ ചിത്രങ്ങള്‍ കാണിക്കുന്നു.

നാമറിയാതെ കാഴ്ചയുടെയും മാധ്യമത്തിന്റെയും ഉള്ളിലേക്ക് നാം നമ്മുടെ ജീവിതത്തെയും ചിന്തകളെയും സന്നിവേശിപ്പിച്ചിരിക്കുന്നു. തിരിച്ചല്ല എന്ന് സാരം. ഇത് ആധുനികജീവിതത്തിലെ ആധുനികോത്തര കാഴ്ചപ്പാട് തന്നെയാണ്. ആധുനിക കാഴ്ചയില്‍ കാലം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. ഗൂഗിളില്‍, നെറ്റില്‍, യൂ ട്യൂബില്‍, മറ്റ് നവമാധ്യമങ്ങളിലൊക്കെ പണ്ടുള്ളതിനേക്കാളും ഏറെ കൃത്യമായി 'സ്ഥലകാലനിര്‍ണയം' മുദ്രണം ചെയ്തപോലെയാണ്. ഈ കാഴ്ച നമ്മെ എങ്ങോട്ട് നയിക്കുമെന്ന് മിര്‍സോഫ് പറയാന്‍ മുതിരുന്നില്ല. അച്ചടി നമ്മുടെ സാക്ഷരതയെയും ജീവിതത്തെയും മാറ്റിമറിച്ചതുപോലെ എന്തെങ്കിലും ഭാവിയില്‍ നടന്നേക്കാം.

നാം നമ്മളെയെങ്ങനെ കാണുന്നു? ഇതിലും വലിയ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. 2010ല്‍ മാത്രം കണ്ടെത്തിയ വാക്കാണ് 'സെല്‍ഫി' ((Selfie)). സ്മാര്‍ട്ട്ഫോണ്‍, വെബ്കോം എന്നിവ ഉപയോഗിച്ച് എടുത്ത സ്വന്തം ചിത്രം സമൂഹമാധ്യമത്തില്‍ എത്തിക്കുന്നതിനെയാണ് സെല്‍ഫി എന്നുപറയുന്നത്. 2013ല്‍ സെല്‍ഫി അംഗീകരിക്കപ്പെട്ട ഇംഗ്ളീഷ് വാക്കായി. അതിന് തൊട്ടുമുമ്പുള്ള ഒരുവര്‍ഷം മാത്രം ഈ വാക്കിന്റെ ഉപയോഗം 17000 ശതമാനം വര്‍ധിച്ചു. ഇമ്മാതിരിയുള്ള മാറ്റങ്ങളാണ് ഈ കാലഘട്ടത്തെ വ്യത്യസ്തമാക്കുന്നത്. സെല്‍ഫി ഒരു വ്യക്തിയുടെ പ്രതിച്ഛായയാകാം, സാദൃശ്യമാകാം. അതിലുപരി ഒരു വ്യക്തി അയാളെ എങ്ങനെ സമൂഹത്തിനുവേണ്ടി രൂപകല്‍പ്പന ചെയ്യുന്നുവെന്ന തീക്ഷ്ണമായ നിലപാടുമാകാം. സ്വന്തം ചിത്രങ്ങള്‍ ധനവാന്റെ ആസക്തികളിലൊന്നായിരുന്നു, ഒരുകാലത്തെങ്കില്‍ ഇന്ന് സെല്‍ഫി സാധാരണക്കാരന്റെ ശൈലികളിലൊന്നായി മാറിയിരിക്കുന്നു.
സെല്‍ഫി ചിത്രങ്ങളുടെ ഉള്ളടക്കം ശ്രദ്ധിച്ചാല്‍ അതൊരു വെറും നിശ്ചലചിത്രമല്ലെന്ന് ബോധ്യമാകും. മിഷേല്‍ ഫുക്കൊ വിവിധ ബിംബങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രത്തെക്കുറിച്ച് (സെല്‍ഫിക്ക് വളരെമുമ്പ്) പറഞ്ഞത് ഇത്തരം ചിത്രങ്ങള്‍ എന്തൊക്കെ കാട്ടുന്നുവെന്നതുമാത്രമല്ല, വിവിധ ഘടകങ്ങളെ എങ്ങനെ അടുക്കിയിരിക്കുന്നു, സമൂഹത്തിനെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നതിലുമാണ് എന്നാണ്. ഇത് തുടങ്ങിവച്ച കാഴ്ചയുടെ ആക്ടിവിസം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സെല്‍ഫി ഒരു സ്ത്രീകാഴ്ചപ്പാടായിട്ടോ പ്രധാനമായും സ്ത്രീകളുടെ വിനോദമായോ കണ്ടിരുന്നു.

വിഷ്വല്‍ ആക്ടിവിസത്തില്‍ – അതിപ്പോള്‍ ലോകമെമ്പാടും ആയിക്കഴിഞ്ഞിരിക്കുന്നു – സെല്‍ഫി ഒരു ഘടകം മാത്രമാണ്. നിശ്ചലചിത്രങ്ങളും മറ്റ് ദൃശ്യങ്ങളും എല്ലാം സമ്മേളിക്കുന്ന രംഗം. പിക്സലുകളും പ്രവര്‍ത്തനങ്ങളും എങ്ങനെ സമ്മേളിക്കുന്നുവെന്ന് മിര്‍സോഫ് നമുക്ക് കാട്ടിത്തരുന്നു.

വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കുക (Occupy Wall Street) എന്ന പ്രസ്ഥാനം നോക്കൂ. വിഷ്വല്‍ ആക്ടിവിസത്തിന്റെ ഉദാഹരണമാണിത്. 'ഞങ്ങളാണ് 99 ശതമാനം' ((WeAreThe99%)-എന്ന ചടുലമായ മുദ്രാവാക്യം ദാരിദ്യ്രത്തിന്റെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയും കഥചൊല്ലല്‍ രംഗങ്ങളായാണ് ചിത്രീകരിക്കപ്പെട്ടത്. പല ചിത്രങ്ങളിലും സ്വന്തം കൈകൊണ്ടെഴുതിയ കഷ്ടപ്പാടിന്റെ കഥകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന പ്രതിഷേധക്കാര്‍ ആയിരുന്നു. തുടര്‍ന്ന് തുര്‍ക്കിയില്‍നിന്ന് പുറത്തുവന്ന ചുവപ്പണിഞ്ഞ സ്ത്രീ (Woman in Red)- വൈറലായി. ഇതില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ചുവന്ന വസ്ത്രങ്ങള്‍ ധരിച്ച ഒരു സ്ത്രീയുടെ നേര്‍ക്ക് കുരുമുളക് സ്പ്രേ അടിക്കുന്ന പട്ടാളക്കാരനെയാണ് കാണുന്നത്. നിശ്ചലയായി നില്‍ക്കുന്ന ഈ സ്ത്രീ മനുഷ്യമനഃസാക്ഷിയില്‍നിന്ന് വിഭിന്നമല്ലെന്ന തിരിച്ചറിവ് വളരെ പെട്ടെന്നുണ്ടായി.

അപ്പോള്‍ ചിത്രങ്ങള്‍ ഒരുതരം ബഹുസ്വരതയിലൂടെ ആക്ടിവിസത്തിലേക്ക് കടക്കുന്നു. സ്വറ്റ്ലാന അലക്സിവിച്ച് വിവിധ ഭാഷണ((Polyphony)ത്തിലൂടെ ഇരകളുടെ ജീവിതങ്ങള്‍ നമ്മുടെ ചിന്തകളിലേക്കും ചരിത്രത്തിലേക്കും എത്തിക്കുന്ന അതേ രീതിശാസ്ത്രംതന്നെയാണ് ഇവിടെയും. ഈജിപ്തിലെ വിപ്ളവത്തില്‍ പങ്കെടുത്ത അഹമ്മദ് എന്ന യുവാവ് ഇത് വ്യക്തമായി പറയുന്നു: ക്യാമറ നിലനില്‍ക്കുന്നിടത്തോളംകാലം വിപ്ളവം തുടരും. അഹമ്മദ് ഉദ്ദേശിക്കുന്നതെന്താണ്? ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നിടത്തോളംകാലം അവര്‍ ഭരണത്തില്‍ ഇടപെടുകതന്നെ ചെയ്യും. ഇതും നാം ലോകത്തെ കാണുന്ന രീതികളിലൊന്നാണ്. എല്ലാ പ്രതിഷേധങ്ങളും ചെറുത്തുനില്‍പ്പുകളും സ്ഥലകാലമുദ്രണം ചെയ്യപ്പെട്ട കാഴ്ചകളിലൂടെയായിരിക്കും എന്നതിന് അടിവര.
കാഴ്ചയുടെ ഈ അട്ടിമറികള്‍ തികച്ചും സാമൂഹ്യശാസ്ത്രത്താല്‍, അല്ലെങ്കില്‍ മനഃശാസ്ത്ര മാതൃകകളാല്‍ പഠിക്കാനാകുമോ? പറ്റില്ലെന്ന് മിര്‍സോഫ്. അതിന് സുവ്യക്തമായ ജൈവശാസ്ത്ര അടിസ്ഥാനങ്ങളുണ്ട്. fMRI (ഫങ്ഷണല്‍ MRI)), കംപ്യൂട്ടിങ് മുതലായ പുതിയ സാങ്കേതികവിദ്യകള്‍ നമ്മുടെ കാഴ്ചയിലെ വിപ്ളവം തുറന്നുകാട്ടുന്നുണ്ട്. വിഗ്സ്റ്റീന്‍ (ണശഴേേലിലെേശി) ഉദാഹരിക്കുന്ന മുയലും താറാവും (Rabbit and Duck പ്രതിഭാസവും വി എസ് രാമചന്ദ്രന്‍ കണ്ടെത്തിയ ന്യൂറല്‍ സര്‍ക്കിറ്റുകളും (Neural Circuits)-  ഈ കാഴ്ചഘടനകളെ കുറെയൊക്കെ നമുക്ക് മനസ്സിലാക്കിത്തരുന്നു.

ആധിപത്യങ്ങള്‍, അധിനിവേശങ്ങള്‍, വിപ്ളവങ്ങള്‍, ചെറുത്തുനില്‍പ്പുകള്‍, അല്ലെങ്കില്‍ ഒരു കുട്ടിയുടെ വിനോദം, അതെന്തുമായിക്കൊള്ളട്ടെ; ആധുനിക സാങ്കേതികവിദ്യ കാഴ്ചയെ നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന സ്പന്ദനമാക്കി മാറ്റിയിരിക്കുന്നു. അവശ്യം വായിച്ചിരിക്കേണ്ട ഈ പെലിക്കന്‍ പുസ്തകം വായനയുടെയും ചിന്തയുടെയും മറ്റൊരു അനുഭവമാകും, തീര്‍ച്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top