26 April Friday

പൌരാണിക നാസ്തികത: ദൈവാസ്തിത്വ സംവാദം തുടരുന്നു

ഡോ ബി ഇക്ബാല്‍Updated: Sunday May 7, 2017

ദൈവാസ്തിത്വവുമായി ബന്ധപ്പെട്ട ചിന്തകള്‍ എല്ലാക്കാലത്തും മനുഷ്യരാശിയെ അലട്ടിക്കൊണ്ടിരുന്ന സമസ്യകളാണ്. സര്‍വചരാചരങ്ങളെയും സൃഷ്ടിക്കുകയും രക്ഷാശിക്ഷകള്‍ നല്‍കി സംരക്ഷിക്കുകയുംചെയ്യുന്ന സര്‍വശക്തമായ പ്രതിഭാസമായാണ് ദൈവത്തെ മതസംഹിതകളില്‍ കാണാന്‍ കഴിയുക. ചാള്‍സ് ഡാര്‍വിന്‍(1809-1882)  പരിണാമസിദ്ധാന്തം ആവിഷകരിച്ചതോടെയാണ് ദൈവാസ്തിത്വം തെളിയിക്കപ്പെടാവുന്ന ശാസ്ത്രസത്യങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യപ്പെട്ടുതുടങ്ങിയത്. ഭൂമിയിലെ ജീവജാലങ്ങളെയെല്ലാം പ്രത്യേകം പ്രത്യേകം പരസ്പരം മാറ്റാന്‍ കഴിയാത്ത വംശങ്ങളിലായി ദൈവം സൃഷ്ടിച്ചെന്നാണ് ബൈബിളില്‍ പറയുന്നത്. എന്നാല്‍, സൂക്ഷ്മജീവികളില്‍നിന്ന് പ്രകൃതിനിര്‍ദ്ധാരണത്തിലൂടെ (Natural Selection) മനുഷ്യരും മറ്റ് ജീവജാലങ്ങളും പ്രകൃത്യാതീതശക്തിയുടെ ഇടപെടലൊന്നുമില്ലാതെ പരിണമിച്ചുണ്ടായതാണെന്നാണ് ഡാര്‍വിന്‍ സിദ്ധാന്തിച്ചത്.

പ്രപഞ്ചസ്രഷ്ടാവ് എന്ന പദവിയില്‍നിന്ന് ദൈവത്തെ പരിണാമസിദ്ധാന്തം നിഷ്കാസനംചെയ്തു എന്നാണ് യുക്തിചിന്തകര്‍ കരുതുന്നതെങ്കിലും  ദൈവാസ്തിത്വസംവാദം സമീപകാലത്ത് പാശ്ചാത്യനാടുകളില്‍ പ്രത്യേകിച്ചും അമേരിക്കന്‍ സര്‍വകലാശാലാക്യാമ്പസുകളില്‍ സജീവമായി അതിതീവ്രതയോടെ നടന്നുവരുന്നു. ഈശ്വരവിശ്വാസത്തെയും മതവിശ്വാസത്തെയും ആത്മീയതയെയും ന്യായീകരിച്ചുകൊണ്ടും തള്ളിക്കളഞ്ഞുകൊണ്ടുമുള്ള നൂറുകണക്കിനു പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടുവരുന്നത്.  ഇവയില്‍ ശ്രദ്ധേയമായ ഒരു ഗ്രന്ഥമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

യുക്തിചിന്തയും മതേതരമൂല്യങ്ങളും ദൈവാസ്തിത്വസംവാദവും   യൂറോപ്യന്‍ നവോത്ഥാന (Renaissance) കാലഘട്ടത്തിന്റെ സംഭാവനയാണെന്ന് വിലയിരുത്തപ്പെടാറുണ്ട്. മനുഷ്യരുടെ സ്ഥായീഭാവമായ മതാഭിമുഖ്യത്തില്‍നിന്ന് ആധുനിക കാലഘട്ടത്തിലുണ്ടായ വ്യതിയാനംമാത്രമാണ് മതവിമര്‍ശനവും നിരീശ്വരവാദവും മറ്റും എന്ന് ചില സാമൂഹ്യശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. ആധുനിക വിദ്യാഭ്യാസത്തിന്റെയും ശാസ്ത്രസാങ്കേതിക വിപ്ളവത്തിന്റെയും ഉല്‍പ്പന്നമായിട്ടാണ് മതനിരപേക്ഷ സമീപനങ്ങള്‍ നിലവില്‍ വന്നതെന്നാണ് ഇത്തരം ചിന്താധാരകളുടെ പൊതുസമീപനം. എന്നാല്‍, ഈ ധാരണ ശരിയല്ലെന്നും പൌരാണികകാലംമുതല്‍ മതവിശ്വാസത്തോടൊപ്പം വിശ്വാസരാഹിത്യവും നാസ്തികസരണിയും നിലവിലുണ്ടായിരുന്നുവെന്നും ഗ്രീസിന്റെയും റോമിന്റെയും  ബൌദ്ധികചരിത്രത്തിലൂടെ വിശദമാക്കുന്ന കൃതിയാണ് ടിം വിറ്റ് മാര്‍ഷിന്റെ ബാറ്റിലിങ് ദ ഗോഡ്സ് അത്തീസം ഇന്‍ ദി ഏന്‍ഷ്യന്റ് വേള്‍ഡ്  (Battling the Gods: Atheism in the Ancient World. Tim Whitemarsh. Faber and Faber 2016) എന്ന അതീവ ശ്രദ്ധേയമായ കൃതി. ബ്രിട്ടീഷ് ചിന്തകനും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഗ്രീക് സംസ്കാരവിഭാഗത്തിലെ പ്രൊഫസറുമാണ് ടിം വൈറ്റ് മാര്‍ഷ്. ബ്രിട്ടീഷ് തത്വചിന്തകനായ ഡേവിഡ് സെഡ് ലിയുമായി പൌരാണിക നാസ്തികവാദത്തെ സംബന്ധിച്ച് വൈറ്റ് മാര്‍ഷ് നടത്തിയ സംവാദം വളരെ പ്രസിദ്ധമാണ്.

കഴിഞ്ഞ രണ്ട് സഹസ്രാബ്ദക്കാലമായി മതവിരുദ്ധചിന്തകള്‍ മനുഷ്യരാശിയെ സ്വാധീനിച്ചിരുന്നതായി വൈറ്റ് മാര്‍ഷ് ഗ്രീക് ചരിത്രത്തില്‍നിന്നുള്ള നിരവധി ഉദാഹരണങ്ങളിലൂടെ വാദിച്ച് സമര്‍ഥിക്കുന്നു. മതവിശ്വാസംപോലെതന്നെ വിശ്വാസരാഹിത്യവും എല്ലാക്കാലത്തും മനുഷ്യനോടൊപ്പമുണ്ടായിരുന്നു. നവോത്ഥാന കാലഘട്ടത്തിനുശേഷമുള്ള നാസ്തികചിന്തകള്‍ക്ക് വ്യത്യസ്തമായ സാമൂഹ്യധര്‍മമാണ് നിര്‍വഹിക്കാനുണ്ടായിരുന്നത്. പ്രകൃതിപ്രതിഭാസങ്ങളെ വ്യാഖ്യാനിക്കാനുള്ള ആധികാരിക വക്താക്കള്‍ എന്ന നിലയിലുള്ള പൌരോഹിത്യത്തിന്റെ സ്ഥാനത്ത് യുക്തിസഹമായി ചിന്തിക്കുന്ന ശാസ്ത്രജ്ഞര്‍ പ്രതിഷ്ഠിക്കപ്പെടുകയാണുണ്ടായത്. എന്നാല്‍, പൌരാണികകാലത്ത് ശാസ്ത്രസിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിരുന്നില്ലെങ്കിലും ദൈവവ്യാഖ്യാനങ്ങള്‍ ചോദ്യംചെയ്യപ്പെട്ടിരുന്നു.

ക്രിസ്തുമതം, ജൂതമതം, ഇസ്ളാം തുടങ്ങിയ ഏകദൈവമതങ്ങളുടെ ആവിര്‍ഭാവത്തിനുമുമ്പ് കേവലം ആചാരാനുഷ്ഠാനങ്ങള്‍മാത്രമാണ് നിലവിലുണ്ടായിരുന്നതെന്ന വാദത്തെ വൈറ്റ് മാര്‍ഷ് അംഗീകരിക്കുന്നില്ല. മതാനുകൂലവും മതവിരുദ്ധവുമായ ചിന്താപദ്ധതികള്‍ അക്കാലത്തുതന്നെ മനുഷ്യരെ സ്വാധീനിച്ചിരുന്നു. ഹോമറിന്റെ കൃതികളിലുള്ള ദൈവങ്ങള്‍ മനുഷ്യകേന്ദ്രീകൃതമായിരുന്നുവെന്ന് വൈറ്റ് മാര്‍ഷ് വ്യക്തമാക്കുന്നു. മനുഷ്യരുടെ സ്വഭാവങ്ങളാണ് ദൈവങ്ങള്‍ പ്രകടിപ്പിച്ചിരുന്നത്. മനുഷ്യരുമായി യുദ്ധത്തിലേര്‍പ്പെടുന്ന ദൈവങ്ങളെയും ഹോമര്‍ സാഹിത്യത്തില്‍ കാണാന്‍ കഴിയും.  മനുഷ്യന്‍ ദൈവങ്ങളുമായി  പടവെട്ടിയിരുന്നു.  സീയുസ് ദൈവമാണ് താനെന്ന് സ്വയം അവകാശപ്പെട്ട സാല്‍മൊണീയസ് ഇടിവെട്ടുണ്ടാക്കാന്‍ തന്റെ തേരില്‍ പാത്രങ്ങള്‍ കെട്ടിയിട്ട് ശബ്ദമുണ്ടാക്കിയിരുന്നു. ഇതില്‍നിന്ന് ദൈവങ്ങള്‍ പ്രകൃതിശക്തികളുടെ മേല്‍ ഒരു നിയന്ത്രണവുമില്ലാത്ത നശ്വരജീവിതത്തിന്റെ പരിമിതിക്കുള്ളില്‍ നിലനില്‍ക്കുന്ന പ്രതിഭാസങ്ങള്‍ മാത്രമാണെന്ന് പൊതുസമൂഹത്തിന് ബോധ്യമായെന്ന് വൈറ്റ് മാര്‍ഷ് വാദിക്കുന്നു.

മനുഷ്യസ്വഭാവമുള്ള ദൈവങ്ങളോട് പൌരാണിക ജനതയ്ക്കുണ്ടായിരുന്ന ശത്രുത ആധുനികകാലത്തെ നിരീശ്വരവാദ സിദ്ധാന്തങ്ങള്‍ക്ക് തുല്യമല്ലെന്ന വാദത്തോട് വൈറ്റ് മാര്‍ഷ് യോജിക്കുന്നില്ല. അടിസ്ഥാനപരമായി രണ്ടു സമീപനവും ഒന്നുതന്നെ. മാത്രമല്ല, ആധുനികകാലത്തെ അജ്ഞേയവാദത്തേക്കാള്‍ (Agnoticism) സുവ്യക്തമായ നാസ്തിക ചിന്താസരണിയാണ് ഗ്രീസിലും മറ്റും ജനങ്ങളെ സ്വാധീനിച്ചിരുന്നത്. ക്രിസ്തുവിന് അഞ്ചു നൂറ്റാണ്ടുമുമ്പ് ജീവിച്ചിരുന്ന ജ്ഞാനിയായ (Stoic) പ്രോട്ടഗോറസിന്റെ നിരീക്ഷണങ്ങള്‍ ആധുനികകാലത്തെ നിരീശ്വരവാദത്തോട് സമാനമാണെന്ന് വൈറ്റ് മാര്‍ഷ് വ്യക്തമാക്കുന്നു. തന്റെ 'ദൈവത്തെപ്പറ്റി' (On Gods) എന്ന പുസ്തകത്തില്‍ പ്രോട്ടഗോറസ് അര്‍ഥശങ്കയ്ക്കിടമില്ലാതെ ദൈവാസ്തിത്വത്തെ തള്ളിക്കളയുന്നുണ്ട്. അക്കാലത്തെ മറ്റൊരു പണ്ഡിതനായ പ്രോഡിക്കസ് പൊതുസമൂഹത്തിലുള്ള ദൈവവിശ്വാസത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പില്‍ക്കാലത്ത് ദൈവവിശ്വാസവും നാസ്തികതയും പുനര്‍വ്യാഖ്യാനത്തിന് വിഷയീഭവിച്ചിട്ടുണ്ട്. വിധിയുടെയും പ്രകൃതിയുടെയും പ്രതീകമായി ദൈവസങ്കല്‍പ്പം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. എപ്പിക്യൂറസ് ദൈവത്തെ മനുഷ്യരുടെ അബോധതലത്തിലും സ്വപ്നങ്ങളിലും നിലനിലക്കുന്ന ദ്രവ്യത്തേക്കാള്‍ ലോലമായ അവ്യക്തമായ ഒരു  പ്രതിഭാസമായിമാത്രമാണ് വിലയിരുത്തിയത്.

സന്ദേഹവാദമായിരുന്നു (Scepticism) അക്കാലത്ത് നാസ്തികതയുടെ കേന്ദ്ര ചിന്താരീതി. എല്ലാത്തരത്തിലും മതവിശ്വാസങ്ങളെയും അത് ചോദ്യംചെയ്തു. പൊതുസമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഇത്തരം സമീപനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ചിതറിക്കിടന്ന ഗ്രീക്ഭരണ സംവിധാനത്തില്‍ വികേന്ദ്രീകൃത വിശ്വാസ സംവിധാനങ്ങളാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍, കേന്ദ്രീകൃത റോമന്‍ സാമ്രാജ്യത്വത്തിനു കീഴില്‍ മതവിശ്വാസത്തിന് രാഷ്ട്രീയത്തിലും വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു.  റോമന്‍സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ദൈവവിശ്വാസം മതസ്ഥാപനങ്ങളും വലിയ പങ്ക് വഹിക്കുമെന്ന് ഭരണാധികാരികള്‍ കരുതിയിരുന്നു. സ്വാഭാവികമായും മതകേന്ദ്രീകൃതമായ റോമന്‍ സാമ്രാജ്യത്തോടുള്ള ജനാധിപത്യവാദികളുടെ എതിര്‍പ്പും സന്ദേഹവാദവും ഒരുമിച്ചാണ് വളര്‍ന്നുവന്നത്. റോമന്‍ സാമ്രാജ്യത്തോട് രാഷ്ടീയ ഭിന്നതയുള്ളവര്‍ സന്ദേഹവാദ തത്വശാസ്ത്രങ്ങളും  പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ഇതധികകാലം നിലനിന്നില്ല. റോമന്‍ സാമ്രാജ്യം തകരുമെന്ന സ്ഥിതിവന്നപ്പോള്‍ ജനങ്ങളെ ഒന്നിപ്പിക്കാനും വരുതിയില്‍കൊണ്ടുവരാനും ഭരണാധികാരികള്‍ ക്രിസ്തുമതവിശ്വാസത്തെ സമര്‍ഥമായി ഉപയോഗിച്ചു. ബഹുദൈവവിശ്വാസം ഉപേക്ഷിച്ച് ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ക്രിസ്തുമതം ഔദ്യോഗികമായ റോമന്‍ഭരണകൂടം സ്വീകരിച്ചതോടെ എല്ലാത്തരത്തിലുള്ള യുക്തിചിന്തകളും നിരോധിക്കപ്പെട്ടു.  ക്രിസ്തുമതവിശ്വാസികളല്ലാത്തവര്‍ കഠിനശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടു. എന്നാല്‍, യുക്തിവാദികളും നാസ്തികരും ന്യൂനപക്ഷമായിട്ടാണെങ്കിലും അക്കാലത്തും നിലവിലുണ്ടായിരുന്നതായി വൈറ്റ് മാര്‍ഷ് വ്യക്തമാക്കുന്നു. ഭരണകൂടത്തിന്റെ ഇടപെടല്‍മൂലം ഇത്തരം ചിന്താസരണികള്‍ രേഖപ്പെടുത്തിയിരുന്ന രേഖകള്‍ നഷ്ടപ്പെട്ടുപോയി എന്നുമാത്രം.

ദൈവാസ്തിത്വസംവാദത്തിലേക്ക് ഏറെ വെളിച്ചംവീശുന്ന, മതനിരപേക്ഷകര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ് വൈറ്റ് മാര്‍ഷ് രചിച്ചിട്ടുള്ളത്. നാസ്തികചിന്ത എല്ലാക്കാലത്തും നിലനിന്നിരുന്നുവെന്നും എന്നാല്‍ വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്തമായ രീതികളിലാണ് പ്രകടമാവുന്നതെന്നുമാണ് വൈറ്റ് മാര്‍ഷ് പ്രധാനമായും വാദിക്കുന്നത്. ദേബിപ്രസാദ് ചതോപാധ്യ (1918-1993) യുടെ ലോകായത (Lokayata A Study in Ancient Indian Materialism: 1959), ഇന്ത്യന്‍ നിരീശ്വരവാദം (Indian Atheism a Marxist Analysis: 1969) തുടങ്ങിയ കൃതികളില്‍ പൌരാണിക ഇന്ത്യയില്‍ നിലനിന്നിരുന്ന ഭൌതികവാദ നാസ്തിക ചിന്താധാരകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചതോപാധ്യയ ഇന്ത്യന്‍ ഭൌതികവാദത്തെ സംബന്ധിച്ച് നടത്തിയ പഠനത്തിനു സമാനമാണ് വൈറ്റ് മാര്‍ഷ് ഗ്രീക് റോമന്‍ കാലഘട്ടത്തിലെ നാസ്തികതയെപ്പറ്റി നടത്തിയ നിരീക്ഷണങ്ങളെന്ന് പറയാവുന്നതാണ്.

നവനിരീശ്വരര്‍ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള റിച്ചാര്‍ഡ് ഡോക്കിന്‍സ്, സാം ഹാരിസ്, ഡാനിയല്‍ ഡെന്നെറ്റ്, ക്രിസ്റ്റോഫര്‍ ഹിച്ചന്‍സ്, എ സി ഗ്രെലിങ് എന്നിവരുടെ കൃതികളും ദൈവാസ്തിത്വ സംവാദത്തിന് വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്. ഡോക്കിന്‍സിന്റെ ദി ഗോഡ് ഡെല്യൂഷന്‍ (The God Delusion: 2006),  ഗ്രെലിങ്ങിന്റെ ദൈവസംവാദം മതത്തിനെതിരെ മാനവികതയ്ക്കുവേണ്ടിയുമുള്ള  നിലപാട് ര, ടെറി ഈഗിള്‍ ടെണിന്റെ യുക്തി, വിശ്വാസം, വിപ്ളവം: ദൈവസംവാദത്തെ സംബന്ധിച്ച് ചില ചിന്തകള്‍ (Reason, Faith and Revolution: Reflections on the God Debate: 2009) എന്നിവയാണ് ഈ സരണിയിലുള്ള എടുത്തുപറയേണ്ട മറ്റ് ഗ്രന്ഥങ്ങള്‍.

ഈശ്വരവിശ്വസം, ആത്മീയത, യുക്തിചിന്ത, ശാസ്ത്രീയവീക്ഷണം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് തുടര്‍ന്നും പ്രസിദ്ധീകരിച്ചുവരുന്ന പുസ്തകങ്ങളുടെ ബാഹുല്യം കണക്കിലെടുക്കുമ്പോള്‍ ദൈവാസ്തിത്വസംവാദം ഇനിയും ഏറെനാള്‍ തുടരുമെന്നു കരുതേണ്ടിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top