09 June Friday

ചരിത്രവും ചിത്തഭ്രമവും

ഡോ. മീന ടി പിള്ളUpdated: Sunday Jun 5, 2016

അംഗോള എന്ന ദക്ഷിണാഫ്രിക്കന്‍ രാജ്യം. നമീബിയയും കോംഗോയും സാംബിയയും ഒക്കെ അവരുടെ കരകളില്‍ അതിര്‍ത്തികള്‍ കെട്ടുമ്പോഴും അങ്ങ് പടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ നീലവിസ്തൃതികളിലേക്ക് സ്വയം തുറന്നിടുന്ന നാട്. എന്നാല്‍, ഇതേ കടല്‍ പതിനാറാം നൂറ്റാണ്ടിനോടടുത്ത് ഈ വന്‍ കരയെ അടിമത്തത്തിലേക്ക് തള്ളിയിട്ടിരുന്നു. കപ്പല്‍ കയറി വന്ന പറങ്കികള്‍ കാലങ്ങളോളം ചൂഷണംചെയ്ത അംഗോളയുടെ മണ്ണും മനസ്സും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലേ സ്വാതന്ത്യ്രത്തെക്കുറിച്ച് കാര്യമായി ആലോചിച്ചുള്ളൂ. എന്നാല്‍, 1974ല്‍ പോര്‍ച്ചുഗീസ് കൊളോണിയല്‍ ആധിപത്യത്തില്‍നിന്ന് മോചനം നേടിയ അംഗോള വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് എന്നപോലെ കൊളോണിയല്‍ അടിമത്തത്തില്‍നിന്ന് ആഭ്യന്തരയുദ്ധങ്ങളുടെ തീച്ചൂളയിലേക്കാണ് വീണത്. ഈ കാലഘട്ടത്തിന്റെ കഥയാണ് അംഗോളയുടെ പ്രിയപ്പെട്ട കഥാകാരനായ ഹൂസെ എഡ്വാര്‍ഡോ ആഗലൂസ തന്റെ എ ജനറല്‍ തിയറി ഓഫ് ഒബ്ളിവിയ്ന്‍ എന്ന നോവലിലൂടെ പറയുന്നത്. ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരത്തിനുള്ള നീണ്ട പട്ടികയില്‍ ഇടംപിടിച്ച ഈ കൃതി അംഗോള എന്ന രാജ്യത്തിന്റെ കഥ പറയുന്നത് തുറസ്സായ സ്ഥലങ്ങളെക്കുറിച്ച് അകാരണമായ ഭയമുള്ള ഒരു നായികയിലൂടെയാണ്.

അംഗോളയുടെ സ്വാതന്ത്യ്രലബ്ധിക്ക് തലേന്നാള്‍വരെ സ്വന്തം ഫ്ളാറ്റില്‍ സ്വയം തുറുങ്കില്‍ അടച്ച് 30 വര്‍ഷം ജീവിക്കുന്ന ഒരു സ്ത്രീ. ടെറസില്‍ വളരുന്ന പച്ചക്കറികളും കുരുക്കിട്ടുപിടിക്കുന്ന പ്രാവുകളും മറ്റും ഭക്ഷിച്ച് മൂന്നു പതിറ്റാണ്ടുകള്‍ തള്ളിനീക്കിയ അവള്‍ തന്റെ കഥ വീടിന്റെ ചുവരുകളില്‍ കോറിയിടുന്നു. തണുപ്പകറ്റാന്‍ ഗൃഹോപകരണങ്ങളും പുസ്തകങ്ങളും കത്തിച്ച് ജീവിക്കുന്ന അവര്‍ കാലംകടന്നുപോകുന്നത് അറിയുന്നേയില്ല.  തന്റെ ഒളിസങ്കേതത്തില്‍നിന്ന് കാണുന്ന പുറംകാഴ്ചകളിലൂടെ തന്റെ നാടിന്റെ മാറ്റങ്ങളുടെ ഗതിയറിയുന്നു ഈ ചിത്തഭ്രമം ബാധിച്ച സ്ത്രീ. അങ്ങനെ ചരിത്രത്തെ ഒളിഞ്ഞുനോട്ടങ്ങളിലൂടെയും ഒളിഞ്ഞുകേള്‍ക്കലുകളിലൂടെയും കണ്ടെത്തുന്ന അവരുടെ കഥ ഒരര്‍ഥത്തില്‍ ഒരു നാടിന്റെ കഥതന്നെയായിമാറുന്നു. വിസ്മൃതിയുടെ കരങ്ങളില്‍ അമരാന്‍ ശ്രമിക്കുമ്പോഴും സ്മൃതിയുടെ നൊമ്പരങ്ങള്‍ അലട്ടുന്ന ആ പെണ്‍മനസ്സ് നൂറ്റാണ്ടുകളുടെ വിങ്ങലുകളെയാണ് അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്. അംഗോളയുടെ സമകാലീന ചരിത്രത്തില്‍നിന്ന് സ്വയം പാര്‍ശ്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീകഥാപാത്രത്തിലൂടെ ഔദ്യോഗിക അഥവാ ആധികാരിക ചരിത്രങ്ങള്‍ക്ക് അപ്പുറത്ത് അല്ലെങ്കില്‍ അതിന്റെ അരികുകളില്‍ ജീവിക്കുന്ന അനേകം ജനങ്ങളുടെ അകാരണമായ ഭീതികളും ദുരന്തങ്ങളും ആവിഷ്കരിക്കാനാണ് ഈ കൃതി ശ്രമിക്കുന്നത്. സാധാരണക്കാരുടെ റേഡിയോയുടെ ബാറ്ററികള്‍ തീരുമ്പോള്‍ അവര്‍ തെരുവില്‍ അരങ്ങേറുന്ന നാടകങ്ങള്‍ ഒളിഞ്ഞുകണ്ടാണ് ചരിത്രം മനസ്സിലാക്കുന്നത്. എന്നും മുഖ്യധാരയുടെയും ജനപ്രിയ കാമനകളുടെയും അതിരുകളില്‍ ജീവിച്ച സ്ത്രീക്ക് പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ വേദനകള്‍ കാണാന്‍ എളുപ്പത്തില്‍ സാധിക്കുമെന്ന് മൃദുവായി ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് ഈ കൃതി. പുറമ്പോക്കിലെ കാഴ്ചകളില്‍ക്കൂടി മുന്നോട്ടുനീങ്ങുന്ന ആഖ്യാനം കൊന്നും കൊലചെയ്തും മുന്നേറുന്ന ദേശസങ്കല്‍പ്പനങ്ങള്‍ ഈ കാഴ്ചവട്ടത്തുനിന്ന് എത്ര അര്‍ഥശൂന്യമെന്ന് കാട്ടിത്തരുന്നു. എന്നാല്‍, ഇഴചേര്‍ന്ന് കിടക്കുന്ന കഥയും ജീവിതവുംപോലെ വ്യക്തികളും വാക്കുകളാല്‍ കൊരുക്കപ്പെട്ടിരിക്കുന്നു. വാക്കിന്റെ അര്‍ഥം മുറിയുമ്പോള്‍ പരസ്പരം കൈമാറാന്‍ വാക്കുകള്‍ ഇല്ലാതാകുമ്പോള്‍ ഒരു വ്യക്തിക്ക്, ഒരു ജനതയ്ക്ക് തങ്ങളെത്തന്നെ നഷ്ടമാകുന്നു. ഓരോ വാക്കും ഓരോ ചരിത്രവും ആ നഷ്ടപ്പെടലിനെതിരെയുള്ള കാഹളംമുഴക്കലാണ്.

ഒരര്‍ഥത്തില്‍ എല്ലാ ചരിത്രങ്ങളും കഥപറച്ചിലുകള്‍ ആണെന്നും ഏറ്റവും നല്ല കഥ മെനയുന്നവര്‍ക്കാണ് ജനസാഗരങ്ങളെ പിടിച്ചുലയ്ക്കാനും നയിക്കാനും സാധിക്കുന്നതെന്നും പറഞ്ഞുവയ്ക്കുന്നു ആഗലൂസ. ഒരു നാട് സ്വാതന്ത്യ്രത്തിനുവേണ്ടി നല്‍കിയ വില വാക്കുകളുടെ ത്രാസില്‍ അളക്കുന്നുണ്ട് ഈ കൃതി. താന്‍ എഴുതുന്നു അതുകൊണ്ട് താന്‍ ജീവിക്കുന്നു എന്ന് വിശ്വസിക്കുന്ന ചിത്തരോഗിയായ നായികയെപ്പോലെ ഭാഷയിലൂടെയും വാക്കുകളുടെ തുലാഭാരങ്ങളിലൂടെയും മാത്രമേ ഒരു നാടും അതിന്റെ സംസ്കാരവും ചരിത്രവും ഒക്കെ നിലനില്‍ക്കൂ എന്ന് കാട്ടിത്തരുന്നു ഈ കഥ. പോര്‍ച്ചുഗീസ് ഭാഷയില്‍നിന്നുള്ള മൊഴിമാറ്റം ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നത് ഡാനിയല്‍ ഹാന്‍ ആണ്. ഹാര്‍വില്‍ സെക്കര്‍ ആണ് പ്രസാധകര്‍.
meenatpillai@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top