20 April Saturday

ആരോഗ്യമേഖലയിലെ ക്യൂബന്‍ മാതൃക കാസ്ട്രോയുടെയും ചെ ഗുവേരയുടെയും മഹത്തായ സംഭാവന

ഡോ. ബി ഇക്ബാല്‍Updated: Sunday Dec 4, 2016

ചെ ഗുവേരയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഫിദല്‍ കാസ്ട്രോ ക്യൂബന്‍ ആരോഗ്യമേഖലയില്‍
നടപ്പാക്കിയ വമ്പിച്ച പരിവര്‍ത്തനത്തിന്റെ ആവേശകരമായ വിശദാംശങ്ങളാണ് സ്റ്റീവ് ബ്രൌെര്‍ 'റവലൂഷണറി ഡോക്ടേഴ്സ്' എന്ന ശ്രദ്ധേയമായ പുസ്തകത്തില്‍  ( Revolutionary Doctors: Steve Brouwer:Monthly Review Press 2011) നല്‍കുന്നത്


ബാറ്റിസ്റ്റയുടെ ദുര്‍ഭരണത്തില്‍നിന്ന് ദുരിതജീവിതം നയിച്ചിരുന്ന ക്യൂബന്‍ ജനതയെ ഫിദല്‍ കാസ്ട്രോയും ഏണസ്റ്റെ ചെ ഗുവേരയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് മോചിപ്പിക്കുമ്പോള്‍ അതീവ ശോചനീയമായിരുന്നു ക്യൂബന്‍ ജനതയുടെ ആരോഗ്യസ്ഥിതി. ക്യൂബന്‍ വിമോചനത്തിനുശേഷവും നഗരപ്രദേശങ്ങളില്‍ കേന്ദ്രീകരിച്ച് ചികിത്സ നടത്തിയിരുന്ന ക്യൂബന്‍ ഡോക്ടര്‍മാര്‍ ഗ്രാമപ്രദേശങ്ങളീലേക്ക് പോകാന്‍ തയ്യാറായില്ല. വിപ്ളവപ്രവര്‍ത്തനവും ഡോക്ടര്‍ എന്ന നിലയിലുള്ള തന്റെ കടമകളും സമന്വയിപ്പിച്ചിരുന്ന ചെ ഗുവേരയെ ക്യൂബയിലെ ആരോഗ്യസംവിധാനത്തിന്റെ ശോച്യാവസ്ഥ അസ്വസ്ഥനാക്കി. സാമൂഹ്യനീതിയിലധിഷ്ഠിതമായ രാഷ്ട്രപുനര്‍നിര്‍മിതിയും വൈദ്യശാസ്ത്രത്തിന്റെ മാനവികതയും സമന്വയിപ്പിക്കേണ്ടതാണെന്ന് ചെ ഗുവേര അഭിപ്രായപ്പെട്ടു. ഇതിലേക്കായി വിപ്ളവകരമായ വൈദ്യശാസ്ത്രം ആവിഷ്കരിക്കണമെന്നും പുതിയ മൂല്യബോധമുള്ള  ഡോക്ടര്‍മാരെ പരിശീലിപ്പിച്ചെടുക്കണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. 

ചെ ഗുവേരയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഫിദല്‍ കാസ്ട്രോ ക്യൂബന്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കിയ വമ്പിച്ച പരിവര്‍ത്തനത്തിന്റെ ആവേശകരമായ വിശദാംശങ്ങളാണ് സ്റ്റീവ് ബ്രൌെര്‍ 'റവലൂഷണറി ഡോക്ടേഴ്സ്' എന്ന ശ്രദ്ധേയമായ പുസ്തകത്തില്‍  ( Revolutionary  Doctors: Steve Brouwer: Monthly Review Press 2011) നല്‍കുന്നത്.  ഗ്രാമങ്ങളില്‍നിന്നുള്ള യുവാക്കളെ  ആരോഗ്യവിദ്യാഭ്യാസം നല്‍കി തങ്ങളുടെ ജന്മസ്ഥലത്തുതന്നെ വൈദ്യസേവനം നല്‍കാന്‍ പ്രേരിപ്പിക്കുക എന്ന നയമാണ് ഫിദല്‍ നടപ്പാക്കിയത്. ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നതിനായി ലോകത്തെ ഏറ്റവുംവലിയ മെഡിക്കല്‍ വിദ്യാഭ്യാസകേന്ദ്രമായ ലാറ്റിനമേരിക്ക സ്കൂള്‍ ഓഫ് മെഡിസിന്‍  1993ല്‍ ഹവാനയില്‍ സ്ഥാപിച്ചു.  സ്വാര്‍ഥതയ്ക്കെതിരെ ഐക്യദാര്‍ഢ്യത്തിന്റെ പോരാട്ടവേദിയാണ് ഈ വൈദ്യവിദ്യാഭ്യാസകേന്ദ്രമെന്ന്  കാസ്ട്രോ പ്രഖ്യാപിച്ചു. സമഗ്ര പൊതുജനാരോഗ്യപരിശീലനമാണ് ഈ കേന്ദ്രത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. പൊതുസമൂഹത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ മനസ്സിലാക്കി അവയില്‍ ഇടപെടുന്നതിന് ഈ പാഠ്യപദ്ധതി മെഡിക്കല്‍ ബിരുദധാരികളെ പ്രാപ്തരാക്കുന്നു.

ആരോഗ്യമേഖലയിലെ ക്യൂബന്‍ മാതൃക  പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പ്രത്യേക താല്‍പ്പര്യമെട്രുത്ത് വെനസ്വേലയിലും നടപ്പാക്കിയതെങ്ങനെയെന്നും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. 2003  മുതല്‍ വെനസ്വേലയില്‍ ക്യൂബയുടെ സഹായത്തോടെ  പ്രാഥമികാരോഗ്യസേവനത്തിന്റെ അടിസ്ഥാനത്തിലുള്ള ആരോഗ്യസംവിധാനം നടപ്പാക്കി. 2004 മുതല്‍ 2010 വരെ ക്യൂബയില്‍നിന്നുള്ള 14,000 ഡോക്ടര്‍മാരും ഡെന്റിസ്റ്റ്, നേഴ്സുമാര്‍, ടെക്നിഷ്യന്മാര്‍ തുടങ്ങിയ 20,000 പേരും വെനസ്വേലയില്‍ സേവനമനുഷ്ഠിച്ചു. ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാരെ തങ്ങളുടെ ജീവിതചുറ്റുപാടുകള്‍ മനസ്സിലാക്കി വൈദ്യപഠനം നടത്താന്‍ സഹായിക്കുന്ന അതിരുകളില്ലാത്ത സര്‍വകലാശാലയെന്ന്  വിശേഷിപ്പിക്കപ്പെടുന്ന മാതൃകയാണ് വെനസ്വേല പിന്തുടരുന്നത്. 

സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികള്‍ സ്വീകരിച്ച് ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ തകര്‍ക്കാന്‍ ശ്രമിച്ചുവരുന്ന  അമേരിക്കയെക്കാള്‍ മികച്ച ആരോഗ്യനിലവാരമാണ് ക്യൂബയ്ക്കുള്ളത്. അമേരിക്കയുടെ ആരോഗ്യച്ചെലവിന്റെ കേവലം 4 ശതമാനം മാത്രമാണ് ക്യൂബ ആരോഗ്യത്തിനായി ചെലവിടുന്നത്. എന്നാല്‍, മിക്ക ആരോഗ്യസൂചികകളിലും ക്യൂബ മുന്നിട്ട് നില്‍ക്കുന്നു. ശിശുമരണനിരക്ക് ക്യൂബയില്‍ ആയിരത്തിന് 4.6 ആണെങ്കില്‍ അമേരിക്കയില്‍ അത് 6.5 ആണ്. സങ്കീര്‍ണമായ സാങ്കേതികവിദ്യാകേന്ദ്രീകൃതമായ, രോഗചികിത്സയെക്കാള്‍ രോഗപ്രതിരോധത്തിനും  ആരോഗ്യവിദ്യാഭ്യാസത്തിനും  ഊന്നല്‍നല്‍കുന്ന  കുടുംബാരോഗ്യസംവിധാനമാണ് ക്യൂബ പിന്തുടരുന്നത്.

ക്യൂബയില്‍ ഏറ്റവും താഴെത്തട്ടില്‍  ഡോക്ടറും നേഴ്സുമടങ്ങിയ ടീം നിശ്ചിത എണ്ണം കുടുംബങ്ങളുടെ  ആരോഗ്യ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നു. നമ്മുടെ സബ് സെന്ററുകള്‍ക്ക് തുല്യമായ ഈ സംവിധാനം കണ്‍സള്‍ട്ടാറിയോ എന്നാണ് അറിയപ്പെടുന്നത്. കണ്‍സള്‍ട്ടാറിയോയിലെ ഡോക്ടര്‍ക്കും നേഴ്സിനും തങ്ങളുടെ ചുമതലയിലുള്ള എല്ലാ ജനങ്ങളുമായും  നേരിട്ട് ബന്ധമുണ്ട്. ഇതിനുമുകളിലായി  ചില സ്പെഷ്യലിസ്റ്റുകളടങ്ങിയ നമ്മുടെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്ക് തുല്യമായ  പോളിക്ളിനിക്കുകളുണ്ട്. ഉയര്‍ന്ന തലത്തില്‍  സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കല്‍ കോളേജുകളും പ്രവര്‍ത്തിക്കുന്നു. കൃത്യമായ റഫറല്‍ സമ്പ്രദായമാണ് വിവിധ തലങ്ങളിലുള്ള ആശുപത്രികള്‍ പിന്തുടരുന്നത്.

ഇമ്യൂണൈസേഷന്‍ തുടങ്ങിയ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യവിദ്യാഭ്യാസത്തിനും കണ്‍സള്‍ട്ടാറിയോ നേതൃത്വം നല്‍കുന്നു. ഫലപ്രദമായ രോഗപ്രതിരോധ പ്രവര്‍ത്തനത്തിലൂടെ നിരവധി പകര്‍ച്ചവ്യാധികള്‍  വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ നിയന്ത്രിക്കാന്‍ ക്യൂബയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പോളിയോ (1962), മലേറിയ (1967), നവജാത ടെറ്റനസ് (1972), ഡിഫ്തീരിയ (1979), മീസില്‍സ് (1983), റുബല്ല (1995), ടിബി മെനിഞ്ചൈറ്റിസ് (1997) എന്നീ രോഗങ്ങള്‍ ക്യൂബ പൂര്‍ണമായും നിര്‍മാര്‍ജനംചെയ്തുകഴിഞ്ഞിട്ടുണ്ട്. ലോകമാകെ ഭീതി പടര്‍ത്തിയ എയ്ഡ്സ് രോഗത്തെ ഫലപ്രദമായി ചെറുക്കുന്നതിലും ക്യൂബ വിജയിച്ചിട്ടുണ്ട്. കേവലം 200 എയ്ഡ്സ് രോഗികള്‍മാത്രമാണ് രാജ്യത്തുള്ളത്.

ക്യൂബന്‍ ജനതയുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനോടൊപ്പം മറ്റ് രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വൈദ്യസഹായം നല്‍കാനും ക്യൂബ പല പരിപാടികളും നടപ്പാക്കിവരുന്നു. ക്യൂബയില്‍ നിന്നുള്ള 1,24,000  ഡോക്ടര്‍മാര്‍,  ഡോക്ടര്‍ക്ഷാമം അനുഭവിക്കുന്ന അറുപതോളം രാജ്യങ്ങളില്‍ സേവനം അനുഷ്ഠിച്ചുവരുന്നുണ്ട്. ലാറ്റിനമേരിക്കന്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍നിന്നും   123 രാജ്യങ്ങളില്‍നിന്നുമുള്ള 22,000 പേര്‍ ഇതിനകം മെഡിക്കല്‍ ബിരുദം നേടിയിട്ടുണ്ട്. ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍നിന്നായി 11,000 പേര്‍ ഇവിടെ   വൈദ്യവിദ്യാഭ്യാസം നടത്തുന്നു.

ഹ്യൂഗോ ഷാവേസുമായി ചേര്‍ന്ന് ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോ ബൊളീവിയ, കോസ്റ്ററിക്ക, ഇക്വഡോര്‍ തുടങ്ങിയ 14 ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നടപ്പാക്കിയ വിജയകരമായ നേത്രചികിത്സാ പദ്ധതിയാണ് ഓപ്പറേഷം മിറക്കിള്‍. ഈ പരിപാടിയിലൂടെ 35 ലക്ഷം പേര്‍ക്ക് കാഴ്ചശക്തി തിരികെ നല്‍കാന്‍ കഴിഞ്ഞു. നിരവധി രാജ്യങ്ങളില്‍ ദുരന്തനിവാരണയജ്ഞത്തിലും ക്യൂബ പങ്കെടുത്തിട്ടുണ്ട്. 1986ലെ ചെര്‍ണോബില്‍ ന്യൂക്ളിയര്‍ അപകടത്തെ തുടര്‍ന്ന് ഉക്രെയിനിലെ ദുരന്തബാധിതര്‍ക്ക് ക്യൂബ വൈദ്യസഹായം നല്‍കി. 2004ലെ ശ്രീലങ്കന്‍ സുനാമിയിലും 2005ല്‍ പാകിസ്ഥാനിലുണ്ടായ ഭൂമികുലുക്കത്തിലും ക്യൂബ ഫലപ്രദമായ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി.

ലോകാരോഗ്യസംഘടന ക്ഷണിച്ചതനുസരിച്ച്  ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങളുടെ അംഗീകാരമായി 2014ല്‍ 67ാമത് ലോകാരോഗ്യ അസംബ്ളിയില്‍ ക്യൂബ അധ്യക്ഷസ്ഥാനം വഹിക്കയുണ്ടായി.  ക്യൂബന്‍ ആരോഗ്യമാതൃക കേരളത്തെയും സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവില്‍  ക്യൂബന്‍ മാതൃകയില്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രം സ്ഥാപിച്ചിരുന്നു.

ക്യൂബന്‍ വിപ്ളവസൂര്യന് ലോകം ആദരവര്‍പ്പിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഫിദലിന്റെയും ചെ ഗുവേരയുടെയും മഹത്തായ സംഭാവനയായ ക്യൂബന്‍ ആരോഗ്യമാതൃകയെപ്പറ്റി വിശദമായി മനസ്സിലാക്കാന്‍ സ്റ്റീവ് ബ്രൌെറിന്റെ പുസ്തകം സഹായിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top