13 June Thursday

ജനിതകാന്വേഷണങ്ങളുടെ ചരിത്രവഴികള്‍

ഡോ. ബി ഇക്ബാല്‍Updated: Sunday Jul 3, 2016

ഇരുപത്തൊന്നാം നൂറ്റാണ്ട് ജനിതകവിപ്ളവത്തിന്റെ നൂറ്റാണ്ടായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യജീനുകളുടെ പഠനത്തില്‍ ആദ്യത്തെ കുതിച്ചുചാട്ടം നടന്നത് ജയിംസ് വാട്സണും സഹപ്രവര്‍ത്തകരും 1953ല്‍ ഡിഎന്‍എയുടെ ഘടന കണ്ടെത്തിയതോടെയാണ്. തുടര്‍ന്ന് 1990ല്‍ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മനുഷ്യന്റെ ജനിതകഘടന നിര്‍ധാരണം ചെയ്യുന്നതിനുള്ള ഹ്യൂമന്‍ ജീനോം പ്രോജക്ട് ആരംഭിച്ചു. 2003ല്‍ മനുഷ്യ ജീനോം പ്രോജക്ട് പൂര്‍ത്തിയായി. ഇതോടെ  ആരോഗ്യമേഖലയിലും മറ്റും നിരവധി സാധ്യതകളാണ് ജനിതക സാങ്കേതികവിദ്യ  തുറന്നുതന്നിട്ടുള്ളത്.

ജനിതകത്തിന്റെ ശാസ്ത്രവും സാമൂഹ്യ പ്രത്യാഘാതങ്ങളും ചര്‍ച്ചചെയ്യുന്ന പുസ്തകങ്ങളുടെ വലിയൊരു പ്രളയംതന്നെ പാശ്ചാത്യ പ്രസാധനരംഗത്ത് നടന്നുകൊണ്ടിരിക്കയാണ്. ജനിതകസാഹിത്യത്തില്‍ ഈ വര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ടവയില്‍ ഏറ്റവും ശ്രദ്ധേയമായത് സിദ്ധാര്‍ഥ മുഖര്‍ജിയുടെ ദി ജീന്‍ ആന്‍ ഇന്റിമേറ്റ് ഹിസ്റ്ററി (The Gene an Intimate History: Allen Lane, May 2016)  എന്ന പുസ്തകമാണ്. ന്യൂയോര്‍ക്ക് ടൈംസ് 2016ല്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളില്‍ ബെസ്റ്റ് സെല്ലറായി തെരഞ്ഞെടുത്തിട്ടുള്ളതും ദി ജീന്‍ ആണ്. ഇപ്പോള്‍ അമേരിക്കയില്‍ ക്യാന്‍സര്‍രോഗ വിദഗ്ധനായി ജോലിനോക്കുന്ന ബംഗാളുകാരനായ സിദ്ധാര്‍ഥ മുഖര്‍ജിയുടെ ആദ്യത്തെ കൃതിയായ ദി എമ്പറര്‍ ഓഫ് ഓള്‍ മാലഡീസി (The Emperor of All Maladies Scriber. 2010)ന് 2011ലെ നോണ്‍ ഫിക്ഷന്‍വിഭാഗത്തില്‍ ഏറ്റവും നല്ല ഗ്രന്ഥത്തിനുള്ള പുലിസ്റ്റര്‍ പുരസ്കാരം ലഭിച്ചിരുന്നു. ക്യാന്‍സര്‍ ചികിത്സയുടെയും വൈദ്യശാസ്ത്രത്തിന്റെയും ചരിത്രം വിശകലനംചെയ്യുന്ന എമ്പറര്‍ സാഹിത്യഗന്ധമുള്ള അതീവ ഹൃദ്യമായ ഭാഷയിലാണ് മുഖര്‍ജി രചിച്ചിട്ടുള്ളത്.

മുഖര്‍ജിയുടെ സുവര്‍ണതൂലികയില്‍നിന്നുള്ള മറ്റൊരു ഉജ്വലമായ കൃതിയായി ദി ജീന്‍ ഇതിനകം വിലയിരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. സാമാന്യം വലുപ്പമുള്ള ദി ജീന്‍ (അറുന്നൂറോളം പേജുകള്‍) ഇന്ത്യയിലും ഏറ്റവുമധികം വിറ്റഴിയപ്പെട്ടുകൊണ്ടിരിക്കുന്ന ഇംഗ്ളീഷ് പുസ്തകങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജീവജാലങ്ങളുടെ വംശപാരമ്പര്യത്തെപ്പറ്റി (Heredity)  പുരാതനകാലംമുതല്‍ ആധുനികകാലംവരെ നടന്ന അന്വേഷണങ്ങളുടെ ചരിത്രമാണ് മുഖര്‍ജി ദി ജീനില്‍ അനാവരണംചെയ്യുന്നത്. തന്റെ  ബന്ധത്തിലുള്ള ജനിതകരോഗം ബാധിച്ച ഒരു തായ്വഴിയിലെ അംഗങ്ങളുടെ അനുഭവങ്ങള്‍ ആമുഖമായി പറഞ്ഞുകൊണ്ടാണ്  മുഖര്‍ജി പുസ്തകം ആരംഭിക്കുന്നത്.

മനുഷ്യവംശത്തിന്റെ സ്വഭാവങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റംചെയ്യപ്പെടുന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനായി മാല്‍ത്തൂസ്, മെന്‍ഡല്‍, ഡാര്‍വിന്‍ എന്നിവര്‍ നടത്തിയ അപക്വവും അപൂര്‍ണവുമായ ശ്രമങ്ങള്‍ മുഖര്‍ജി വിവരിക്കുന്നു. ജനിതകശുദ്ധത നിലനിര്‍ത്തുന്നതിനായി പാശ്ചാത്യനാടുകളില്‍ ആരംഭിക്കുകയും ലക്ഷക്കണക്കിനു ജൂതരെ കൊന്നൊടുക്കുന്നതിലേക്ക് ഹിറ്റ്ലറെ നയിക്കുകയുംചെയ്ത യൂജെനിക് സിദ്ധാന്തത്തെപ്പറ്റി മുഖര്‍ജി വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. ഡിഎന്‍എയുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് ജയിംസ് വാട്സന്‍, ഫ്രാന്‍സിസ് ക്രിക്, മോറിസ് വില്‍ക്കിന്‍സണ്‍, റോസലന്റ് ഫ്രാങ്ക്ളിന്‍ എന്നിവര്‍ നടത്തിയ പരീക്ഷണങ്ങളും ഇവരുടെ വ്യക്തിബന്ധങ്ങളിലുണ്ടായിരുന്ന ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം അതീവ ഹൃദ്യമായാണ് മുഖര്‍ജി രേഖപ്പെടുത്തിയിട്ടുള്ളത്. ജനിതകശാസ്ത്രത്തെപ്പറ്റി പഠിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രവിദ്യാര്‍ഥികള്‍മാത്രമല്ല ശാസ്ത്രസാഹിത്യത്തില്‍ താല്‍പ്പര്യമുള്ള പൊതുവായനക്കാരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ് ദി ജീന്‍. ശാസ്ത്രത്തിന്റെ നിഷ്കൃഷ്ടത ഒട്ടും നഷ്ടപ്പെടാതെ സാഹിത്യഭാഷയില്‍ എങ്ങനെ ശാസ്ത്രമെഴുതാം എന്നതിന്റെ മാതൃകകൂടിയാണ് ദി ജീന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top