ഒരു ആണവയുദ്ധം അത്ര വിദൂരമല്ലാത്ത ഇന്ന് നാഗസാക്കിയില്‍ അണുബോംബ് ഇട്ടപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വളരെ സൂക്ഷ്മമായി വിവരിക്കുന്ന സുസന്‍ സതാര്‍ഡിന്റെ 'നാഗസാക്കി– ലൈഫ് ആഫ്റ്റെര്‍ ന്യൂക്ളിയര്‍ വാര്‍' എന്ന പുസ്തകം ഏറെ പ്രസക്തമാകുന്നു.
അണുബോംബ് ആക്രമണത്തെ അതിജീവിച്ച നാലുപേരുടെ വിവരണങ്ങളിലൂടെ അന്ന് ലോകമനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ ഒരു ദൃക്സാക്ഷിവിവരണമാണ് പുസ്തകം നല്‍കുന്നത്. അവര്‍ നേരിട്ട ആഘാതവും ഉറ്റവരും ഉടയവരും വെന്തുമരിച്ചത് കണ്ടതിനുശേഷം ജീവിതം വീണ്ടും മുമ്പോട്ടുപോയതെങ്ങനെയെന്ന ഏറെ ഹൃദയഭേദകമായ കഥകളും പറയുന്നു ഈ നാലു സാക്ഷികളും. കാലം മുറിവുകളെ ഉണക്കാന്‍ വിസമ്മതിക്കുമ്പോള്‍, ഒടുങ്ങാത്ത നീറ്റലുകളുമായി തുഴഞ്ഞെത്തുന്ന ജീവിതാവസാനത്തില്‍ ഒരു വന്‍ ദുരന്തത്തിന് സാക്ഷിയായ തങ്ങളുടെ ചെറുജീവിതങ്ങള്‍മാത്രമാണ് ബാക്കിപത്രത്തില്‍.
ബോംബിനെ അതിജീവിച്ചു എന്നു കരുതി തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാന്‍ കുതിച്ച പല പാവങ്ങളും അറിഞ്ഞില്ല തങ്ങളുടെ ശരീരം അണുവികിരണത്തിന്റെ അനന്തരഫലമായ പല മാരക രോഗങ്ങള്‍ക്കും അതിനോടകംതന്നെ കീഴ്പെട്ടുകഴിഞ്ഞു എന്നുള്ളത്. ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ടതുകാരണമാണ് ജപ്പാന്‍ മഹായുദ്ധത്തില്‍ കീഴടങ്ങിയതെന്നും മറ്റുമുള്ള അമേരിക്കയുടെ കുപ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് സതാര്‍ഡ് പറയുന്നുണ്ട് നാഗസാക്കിയില്‍ ബോംബ് ഇടുമ്പോള്‍ ജാപ്പനീസ് ക്യാബിനറ്റ് കീഴടങ്ങല്‍രേഖകള്‍ ചര്‍ച്ചചെയ്യാന്‍ കൂടിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന്. റഷ്യ ജപ്പാനെ കൂപ്പുകുത്തിക്കുമെന്ന് മുന്‍കൂട്ടിക്കണ്ട് ജപ്പാനെ തോല്‍പ്പിച്ചതിന്റെ കൈയടികള്‍ ചുവന്നപടയ്ക്ക് പോകാതെ അവ തട്ടിയെടുക്കാന്‍ അമേരിക്ക സ്വീകരിച്ച തന്ത്രമായാണ് നാഗസാക്കിയില്‍ വീണ അണുബോംബിനെ സതാര്‍ഡ് ചിത്രീകരിക്കുന്നത്.
ആ ദുരന്തം അതിജീവിച്ചവര്‍ പലരും പിന്നീട് അതിനെക്കുറിച്ച് സംസാരിക്കാന്‍ വിസമ്മതിച്ചു എന്നാണ് എഴുത്തുകാരി പറയുന്നത്. ബോംബിന്റെ തീക്ഷ്ണമായ വെളിച്ചത്തില്‍നിന്ന് തന്റെ കണ്ണുകളെ തടുക്കാന്‍ കൈകള്‍കൊണ്ട് മുഖം പൊത്തിയ സ്ത്രീ തന്റെ മുഖം കൈകളിലേക്ക് ഒലിച്ചിറങ്ങിയതാണ് കണ്ടത്. തങ്ങളുടെ ശരീരഭാഗങ്ങള്‍ ഉരുകിയൊലിച്ചപ്പോള്‍ പാടത്ത് പണിയെടുത്തവര്‍ മുറവിളികൂട്ടിയോടി. മുഖങ്ങളില്‍നിന്ന് കണ്ണുകള്‍ പൊട്ടിയുരുകുമ്പോള്‍, ശരീരങ്ങള്‍, അവയവങ്ങള്‍ ഇവയൊക്കെ നഷ്ടപ്പെടുമ്പോള്‍ പുരുഷനോ, സ്ത്രീയോ എന്ന് അറിയാതെയാകുമ്പോള്‍ മരണം എത്ര ഭേദം എന്ന് പലരും വിലപിച്ചു.
കുട്ടികള്‍ കണ്ണാടികള്‍ നോക്കി നിലവിളിച്ചു. തങ്ങള്‍ പ്രേതങ്ങളോ ഭൂതങ്ങളോ ആയി എന്നവര്‍ കരുതി. 70000 നിരാലംബരെ ഒറ്റയടിക്ക് ഒരു ദിവസം കൊന്നൊടുക്കിയിട്ടും കലിതീരാതെ ലക്ഷങ്ങളെ നീറ്റിനീറ്റി ക്രൂരമായി പീഡിപ്പിച്ചുകൊന്ന മരണത്തിന്റെ ആ അണുബോംബ് പിന്നീട് ലോകമനഃസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടിരുന്നു. പക്ഷേ, ഏറ്റവും വിചിത്രം ഈ അപായങ്ങള്‍ കുറയ്ക്കാന്‍ തുണയാകുമായിരുന്ന ബോംബിനെക്കുറിച്ചുള്ള സൂക്ഷ്മവിവരങ്ങള്‍ അമേരിക്ക കൈമാറാന്‍പോലും വിസമ്മതിച്ചു എന്നുള്ളതാണ്. രക്താര്‍ബുദംമുതല്‍ ചില ജനിതക രോഗങ്ങളിലേക്കുവരെ എത്തിച്ച ഈ പ്രക്രിയയെക്കുറിച്ച് പഠിക്കാന്‍വേണ്ട അടിസ്ഥാന വിവരങ്ങള്‍പോലും നല്‍കാന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ തയ്യാറായില്ല.
ഏറെ വൈരുധ്യം ഉളവാക്കുന്ന മറ്റൊരു കാഴ്ച അണുബോംബിന് ഇരയായവരെ, അവരുടെ കരിഞ്ഞു കരിവാളിച്ച ശരീരങ്ങളെ, മുഖ്യധാരാ ജപ്പാന്‍കാര്‍ വെറുത്തു എന്നതാണ്. ഹിബാകുഷാ എന്നറിയപ്പെട്ട ഇവരെ എന്നും സമൂഹത്തിന്റെ നടുവിലേക്ക് പ്രവേശിപ്പിക്കാന്‍ അവര്‍ വിസമ്മതിച്ചു. ഇതിനു കാരണം അവരുടെ വിരൂപമായ ശരീരങ്ങള്‍മാത്രമല്ല. ബോംബുവീണ സ്ഥലം ഏറെയും ക്രിസ്ത്യാനികളും താഴ്ന്നവരെന്നു കരുതി ബുദ്ധമതാനുയായികള്‍ അയിത്തം കല്‍പ്പിച്ച ജനങ്ങളുമായിരുന്നു. അങ്ങനെ ചരിത്രം ഒരു ദുരന്തത്തിന്റെ മേലെ മറ്റു പല ദുരന്തങ്ങളും പണിതീര്‍ക്കുന്നതെങ്ങനെ എന്ന് ഈ കൃതി നമുക്ക് കാട്ടിത്തരുന്നു.
ഈ പുസ്തകത്തിന്റെ പ്രത്യേകത അത് എങ്ങനെ ഒരു സമകാലീന ദുരന്തം ആധുനികപാണന്മാരെ സൃഷ്ടിക്കുന്നുവെന്ന് പറയുന്നതിലൂടെയാണ്. തങ്ങളുടെ തലമുറ പേറിയ ശാപങ്ങളുടെ കഥ പറയാന്‍ കുറച്ചു ചെറുപ്പക്കാര്‍ മുമ്പോട്ടുവരുന്നു. അവരുടെ കഥകളിലൂടെ, അവര്‍ കണ്ട കാഴ്ചകളിലൂടെ മൃതിയും നിണമൊഴുകിയ വഴികളും വിസ്മൃതിയില്‍ അലിയാതെ നാളത്തെ ദുരന്തങ്ങള്‍ക്ക് താക്കീതുകളായി നിലകൊള്ളാന്‍ സഹായിക്കുമെന്നാണ് സതാര്‍ഡിന്റെ വിശ്വാസം. വൈകിങ് ആണ് പ്രസാധകര്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..