20 April Saturday

ദേശീയതയും കപടദേശീയതയും

സുനില്‍ പി ഇളയിടംUpdated: Sunday Jul 31, 2016

ഇരട്ട മുഖമുള്ള ദേവതയായിരുന്നു ദേശീയത. വിമോചനത്തോടൊപ്പം അത് കൊടിയ വിദ്വേഷങ്ങളെയും പാലൂട്ടിവളര്‍ത്തി. സ്വാതന്ത്യ്രസ്വപ്നങ്ങളോടൊപ്പം കടുത്ത ശത്രുതകള്‍ക്കും ജന്മം നല്‍കി. ഇരുപതാംനൂറ്റാണ്ടിലെ വലിയ മനസ്സുകളില്‍ പലതും ദേശീയത എന്ന ആശയത്തെ തിരസ്കരിച്ചതും അതുകൊണ്ടായിരുന്നു.  ഐന്‍സ്റ്റയിനും ബര്‍ട്രാന്റ് റസ്സലും ജോര്‍ജ് ബര്‍ണാഡ് ഷായും മുതല്‍ രവീന്ദ്രനാഥ ടാഗോറും കേസരി ബാലകൃഷ്ണപിള്ളയുംവരെയുള്ളവര്‍ ദേശീയമായ അതിര്‍വരമ്പുകളെ മറികടന്നുപോകുന്ന മനുഷ്യവംശത്തിന്റെ ഏകതയെക്കുറിച്ചാണ് പിന്നെയും പിന്നെയും സംസാരിച്ചുകൊണ്ടിരുന്നത്. ദേശീയതയെന്നല്ല, കേവലമായ രാജ്യസ്നേഹം എന്ന ആശയംപോലും തനിക്ക് സ്വീകാര്യമല്ലെന്നാണ് ഐന്‍സ്റ്റയിന്‍ പറഞ്ഞത് (`I am against any nationalism; even in the guise of mere patriotism'). രാജ്യസ്നേഹത്തിന് നമ്മുടെ ആത്മീയ അഭയമാകാന്‍ കഴിയില്ലെന്നും തന്റെ അന്തിമാഭയം മനുഷ്യവംശമാണെന്നും ടാഗോര്‍ കരുതിയിരുന്നു (`Patriotism can not be our spiritual shelter. My refuge is humanity'). രത്നങ്ങളുടെ വിലകൊടുത്ത് കുപ്പിച്ചില്ലുകള്‍ വാങ്ങുന്നതുപോലെയാണ്, മനുഷ്യവംശസ്നേഹത്തിനു പകരം രാജ്യസ്നേഹത്തെ പ്രതിഷ്ഠിക്കുന്നതെന്ന് ടാഗോര്‍ പറഞ്ഞു. ദേശീയമായ മിഥ്യാഭിമാനത്തിന്റെ തകരച്ചെണ്ടകള്‍ മുഴങ്ങാത്ത, മനുഷ്യവംശം അതിന്റെ ആദിമമായ ഏകതയെ തിരിച്ചറിയുന്ന, ഒരുകാലത്തെ സ്വപ്നം കണ്ടുകൊണ്ട് പറവൂരിലെ തന്റെ നിസ്വവും ദരിദ്രവും പരിത്യക്തവുമായ ജീവിതകാലത്ത് കേസരി ബാലകൃഷ്ണപിള്ള ചരിത്രാന്വേഷണങ്ങളില്‍ മുഴുകിയിരുന്നു.

വിവേകത്തിന്റെയും സാര്‍വലൌകികതയുടെയും ഇത്തരം സ്വരങ്ങള്‍, പക്ഷേ, ചരിത്രത്തില്‍ ഏറെയൊന്നും വിജയം വരിച്ചില്ല. നമ്മുടെ വലിയ ചിന്തകരിലൊരാള്‍ രേഖപ്പെടുത്തിയതുപോലെ മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആശയങ്ങളിലൊന്നായി ദേശീയത ഇരുപതാം നൂറ്റാണ്ടിനെ വേട്ടയാടി. കൂട്ടക്കൊലകള്‍, ലോകയുദ്ധങ്ങള്‍, ഫാസിസ്റ്റ് കൊലയറകള്‍, അനന്തകോടി മനുഷ്യരുടെ അഭയാര്‍ഥിപ്രവാഹങ്ങള്‍ എന്നിങ്ങനെ പലരൂപങ്ങളില്‍ ദേശീയത വിളവെടുത്തുകൊണ്ടിരുന്നു. മൂന്നാംലോകരാജ്യങ്ങളിലെ സാമ്രാജ്യത്വവിരുദ്ധസമരങ്ങളുടെയും ദേശീയവിമോചനത്തിന്റെയും ചാലകശക്തിയായപ്പോള്‍ത്തന്നെ ഭ്രാന്തമായ പ്രതികാരത്തിന്റെയും വെറുപ്പിന്റെയും കൊലനിലങ്ങളിലൂടെയും അത് നിര്‍ബാധം സഞ്ചരിച്ചു. മതത്തെയും ദൈവത്തെയും മാറ്റിവച്ചാല്‍, മറ്റേതെങ്കിലും ഒരു പ്രതിഭാസത്തിന് ഇത്രമേല്‍ വിഘടിതവും പരസ്പരവിരുദ്ധവുമായ ചരിത്രജീവിതം കൈവന്നിട്ടില്ലെന്നു പറയാം.

ദേശീയതയുടെ ഈ ഇരട്ടജീവിതത്തെയും അതിന്റെ ചരിത്രപരമായ ഉള്ളടക്കത്തെയും ഇന്ത്യന്‍ ദേശീയതയുടെ സവിശേഷസന്ദര്‍ഭത്തെ മുന്‍നിര്‍ത്തി വിശകലനംചെയ്യുന്ന മൂന്ന് ദീര്‍ഘപ്രബന്ധങ്ങളാണ് ദേശീയതയെക്കുറിച്ച് (On Nationalism) എന്ന ശീര്‍ഷകത്തില്‍ ദല്‍ഹിയിലെ അലേഫ് ബുക് കമ്പനി (Aleph Book Company) പ്രസിദ്ധീകരിച്ചിരിക്കുന്നത്. റോമിലാ ഥാപ്പര്‍, എ ജി നൂറാനി, സദാനന്ദ് മേനോന്‍ എന്നിവരുടെ പ്രബന്ധങ്ങളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയത എന്ന ആശയത്തിന്റെ ചരിത്രപരമായ ഉള്ളടക്കം, ദേശീയതയെ മുന്‍നിര്‍ത്തി കെട്ടിപ്പടുക്കപ്പെടുന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നിയമങ്ങളും ഭരണകൂടസങ്കല്‍പ്പങ്ങളും, സാംസ്കാരിക ദേശീയത എന്ന ആശയത്തിന്റെ രാഷ്ട്രീയവിവക്ഷകള്‍ എന്നീ പ്രമേയങ്ങളാണ് ഈ പ്രബന്ധങ്ങളില്‍ പരിശോധിക്കപ്പെടുന്നത്. ഫാസിസത്തിന്റെ ഒന്നാമത്തെ ലക്ഷണം അതിതീവ്രമായ ദേശീയവാദമായിരിക്കും എന്ന സാമൂഹ്യശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ ഓര്‍മയിലെത്തിക്കുന്ന വിധത്തില്‍, ഹൈന്ദവഫാഷിസ്റ്റുകള്‍ ദേശീയതയുടെ മറപറ്റിനിന്ന് ആക്രോശിച്ചുകൊണ്ടേയിരിക്കുന്ന ഒരു കാലസന്ധിയില്‍, ഈ പുസ്തകം ജനാധിപത്യത്തിന്റെ ഒരു പ്രതിരോധസ്ഥാനമായി മാറിയിരിക്കുന്നു.

'ദേശീയതയും ചരിത്രവും: പുനരാലോചനകള്‍'’(Reflections on Nationalism and History) എന്ന പ്രബന്ധത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖയായ ചരിത്രകാരിയായ റൊമിലാ ഥാപ്പര്‍ ദേശീയതയും കപടദേശീയതയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. ഏതെങ്കിലുമൊരു കേന്ദ്രതത്വത്തെ– ഭാഷ, മതം, സംസ്കാരം– മുന്‍നിര്‍ത്തി വിഭാവനംചെയ്യപ്പെടുന്ന പ്രവര്‍ജകമായ (exclusive) ദേശീയതാസങ്കല്‍പ്പം അനിവാര്യമായും അപരങ്ങളുടെ നിര്‍മിതിയിലേക്ക് എത്തിപ്പെടുന്നതെങ്ങനെയെന്ന് റൊമിലാ ഥാപ്പര്‍ അവിടെ പരിശോധിക്കുന്നു. ഫാസിസ്റ്റ് ഉള്ളടക്കമുള്ള ഈ ദേശീയതായുക്തിയുടെ എതിര്‍ദിശയില്‍, ഉള്‍ക്കൊള്ളലിനെ മുന്‍നിര്‍ത്തിയാണ്, സാമ്രാജ്യത്വവിരുദ്ധസമരങ്ങളിലൂടെ ഇന്ത്യന്‍ ദേശീയത വികസിച്ചുവന്നത്. ഹിന്ദുത്വവാദികള്‍ ഇന്ന് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ദേശീയതാസങ്കല്‍പ്പം ഇന്ത്യന്‍ ദേശീയതയുടെ ഈ ഉള്‍ക്കൊള്ളല്‍ശേഷിയെ സമ്പൂര്‍ണമായി കൈയൊഴിയുന്ന കപടദേശീയതയാണെന്നും ഥാപ്പര്‍ വ്യക്തമാക്കുന്നു.

'ദേശീയതയും അതിന്റെ സമകാലിക അതൃപ്തികളും' (Nationalism and Its Contemporary Discontents in India) എന്ന പ്രബന്ധത്തിന്റെ ആദ്യഭാഗത്ത് പ്രമുഖ നിയമജ്ഞനായ എ ജി നൂറാനി കൊളോണിയല്‍ ഭരണകൂടം ജന്മം നല്‍കിയ രാജ്യദ്രോഹം (sedition) എന്ന ആശയത്തിന്റെയും 'രാജ്യദ്രോഹക്കുറ്റം'’കൈകാര്യം ചെയ്യുന്ന 124– അ എന്ന വകുപ്പിന്റെയും ചരിത്രവും വര്‍ത്തമാനവുമാണ് ചര്‍ച്ചചെയ്യുന്നത്. 1837ലെ മെക്കാളെ മിനുട്സില്‍ തുടങ്ങി സമകാലിക ഇന്ത്യയില്‍വരെ ഈ കിരാതനിയമം എങ്ങനെയെല്ലാം ജീവിച്ചു എന്നതിന്റെ അതിവിശദമായ ചര്‍ച്ചയാണ് ഈ ഭാഗം. ഒരുപക്ഷേ ഈ വിഷയത്തെക്കുറിച്ച് ലഭിക്കാവുന്ന ഏറ്റവും സമഗ്രമായ ചര്‍ച്ചയും ഇതാണെന്നു പറയാം. പ്രബന്ധത്തിന്റെ രണ്ടാം ഭാഗത്ത് ഹിന്ദുത്വവാദികള്‍ തങ്ങളുടെ വ്യാജദേശീയതയുടെ അടയാളവാക്യമായി ഉയര്‍ത്തിക്കൊണ്ടുവന്ന 'ഭാരതമാതാവ്' എന്ന പ്രയോഗത്തിന്റെ ഉല്‍പ്പത്തിയും ചരിത്രജീവിതവുമാണ് നൂറാനി വിശകലനംചെയ്യുന്നത്.

'ദേശീയസംസ്കാരത്തില്‍നിന്ന് സാംസ്കാരികദേശീയതയിലേക്ക്'’(From National Culture to Cultural Nationalism) എന്ന അവസാനപ്രബന്ധം പ്രമുഖ കലാനിരൂപകനും സംസ്കാരവിമര്‍ശകനുമായ സദാനന്ദ് മേനോന്റേതാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞതും അങ്ങേയറ്റം ബഹുസ്വരാത്മകവുമായ ഇന്ത്യയുടെ ദേശീയസംസ്കാരത്തെ ഏകശിലാരൂപിയായ മതാത്മകതയിലേക്ക് വെട്ടിച്ചുരുക്കുകയാണ് 'സാംസ്കാരികദേശീയത'’എന്ന ആശയത്തിന്റെ അടിസ്ഥാനതാല്‍പ്പര്യം. ഇന്ത്യയുടെ വിപുലവും സമ്പന്നവുമായ സാംസ്കാരികജീവിതത്തിന്റെയും നീക്കിവയ്പുകളുടെയും തിരസ്കരണവും ഫാസിസത്തിന്റെ സാംസ്കാരിക ന്യായവാദവുമാണ് ഈ ആശയമെന്ന് സദാനന്ദ് മേനോന്‍ വിശദീകരിക്കുന്നു.

ഈ നിലയില്‍ സമകാലിക ഇന്ത്യന്‍ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കേന്ദ്രമായി ഉയര്‍ന്നുവന്ന ദേശീയ എന്ന പ്രമേയത്തെ സര്‍വതലസ്പര്‍ശിയായി അഭിസംബോധനചെയ്യുന്ന ഗ്രന്ഥമാണ് 'ദേശീയതയെപ്പറ്റി'. ഇന്ത്യയിലെ ജനാധിപത്യവാദികള്‍ക്കും മതനിരപേക്ഷതാവാദികള്‍ക്കും തങ്ങളുടെ സമരമുഖത്ത് ഉപയോഗിക്കാവുന്ന കൈപ്പുസ്തകമാണത്.
sunilpelayidom@gmail.com



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top