25 April Thursday

ഗീതാപ്രസും ഹിന്ദുത്വത്തിന്റെ സംസ്ഥാപനചരിത്രവും

സുനില്‍ പി ഇളയിടംUpdated: Sunday Oct 30, 2016

ഹൈന്ദവ വര്‍ഗീയതയുടെ ആശയലോകവും പ്രത്യയശാസ്ത്രവും ഇന്ത്യന്‍ജീവിതത്തില്‍ വേരുപിടിച്ചുവളര്‍ന്നതിന്റെ വഴികളെക്കുറിച്ചുള്ള സമഗ്രവും സൂക്ഷ്മതലസ്പര്‍ശിയുമായ അന്വേഷണമാണ് അക്ഷയ മുകുളിന്റെ ‘'ഗീതാ പ്രസും ഹിന്ദു ഇന്ത്യയുടെ നിര്‍മിതിയും'’’(Gita Press and the Making of a Hindu India) എന്ന ഗ്രന്ഥം. പ്രമുഖ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കിയ ഈ ഗ്രന്ഥം ഉത്തരഭാരതത്തിന്റെ ഹൃദയഭൂമിയില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടോളം വരുന്ന കാലയളവില്‍ ഹിന്ദുത്വപരമായ ആശയങ്ങള്‍ പടര്‍ന്നുകയറുന്നതില്‍ 'ഗീതാ പ്രസ്'’എന്ന പ്രസാധനസ്ഥാപനം വഹിച്ച പങ്കിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ഗൊരഖ്പുര്‍ കേന്ദ്രമായി കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി പ്രവര്‍ത്തിച്ചുവരുന്ന ഗീതാ പ്രസിന്റെ രേഖാശേഖരത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും വിപുലസഞ്ചയത്തെ മുന്‍നിര്‍ത്തി അക്ഷയ് മുകുള്‍ നടത്തുന്ന ഈ അന്വേഷണം ഇരുപതാം നൂറ്റാണ്ടില്‍ ഹിന്ദുത്വത്തിന്റെ ലോകവീക്ഷണം ഇന്ത്യന്‍ജീവിതത്തിലെ സാമാന്യബോധമായി സ്ഥാനം നേടിയതിന്റെ വിശദമായ പ്രതിപാദനമായി മാറിത്തീര്‍ന്നിരിക്കുന്നു. ആധികാരിക സ്രോതസ്സുകളില്‍നിന്ന് തെളിവുകള്‍ ശേഖരിച്ച്, അവയെ സമൃദ്ധവും സൂക്ഷ്മവുമായി വിന്യസിച്ചുകൊണ്ട് നിറവേറ്റപ്പെട്ട ഗവേഷണപഠനമാണ് ഈ ഗ്രന്ഥം. അത്യപൂര്‍വമായ ഒരു നിധിശേഖരം (A rare treasure house) എന്ന് അരുന്ധതി റോയ് ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കുന്നത് ഒട്ടുംതന്നെ അസ്ഥാനത്തല്ലെന്ന് ഇതിലൂടെ കടന്നുപോകുന്ന ആര്‍ക്കും ബോധ്യമാകും.

ഹിന്ദുത്വത്തിന്റെ രാഷ്ട്രീയവും മതപരവും മറ്റുമായ ഉള്ളടക്കം ധാരാളമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അതിന്റെ പ്രത്യയശാസ്ത്രപരവും അവബോധപരവുമായ നിര്‍മാണതന്ത്രങ്ങള്‍ ഇന്ത്യയിലെ മതനിരപേക്ഷ–വര്‍ഗീയവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രപരിഗണനാവിഷയമായിട്ടുണ്ടോ എന്നത് സംശയമാണ്. വാസ്തവത്തില്‍, അധീശവര്‍ഗാവബോധത്തിന്റെ നാട്ടാചാരരൂപമാണ് സാമാന്യബോധം എന്ന ഗ്രാംഷിയുടെ നിരീക്ഷണം ഏറ്റവും ഫലപ്രദമായി പ്രയോഗിക്കപ്പെട്ട സ്ഥാനങ്ങളിലൊന്നാണ് ഹിന്ദുത്വം. പ്രത്യക്ഷമായി വര്‍ഗീയതയുടെ മുദ്രകളൊന്നും പേറാതെ ഇന്ത്യന്‍ പൊതുബോധത്തില്‍ നില്‍ക്കുന്ന ഭൂതകാലധാരണകളിലും ദേശീയതാസങ്കല്‍പ്പങ്ങളിലുമെല്ലാം വേരൂന്നിയാണ് ഹിന്ദുത്വത്തിന്റെ ആശയലോകം വികസിച്ചുവന്നത്. ആധുനികമായ രാഷ്ട്രീയപ്രക്രിയയുടെ ഉല്‍പ്പന്നമായിരിക്കുമ്പോള്‍ത്തന്നെ അത് പ്രാചീനതയുടെ പരിവേഷം നിലനിര്‍ത്തി. അങ്ങേയറ്റം കൃത്രിമമായിരിക്കുമ്പോള്‍ത്തന്നെ ഏറ്റവും സ്വാഭാവികമെന്ന് തോന്നിപ്പിച്ചു. വര്‍ഗീയമായി വിഷലിപ്തമായിരിക്കുമ്പോള്‍ത്തന്നെ സരളവും മൃദുവുമായ മതബോധമെന്ന പ്രതീതി നിലനിര്‍ത്തി. ഫലത്തില്‍, ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രം ആധുനികമായ സാമാന്യബോധമായി. ഈ സാമാന്യബോധനിര്‍മാണത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരധ്യായമാണ് അക്ഷയ് മുകുള്‍ നമുക്കു മുന്നില്‍ അനാവരണംചെയ്യുന്നത്. അതും മുമ്പൊരിക്കലും നാം പരിചയിച്ചിട്ടില്ലാത്തത്ര വിശദാംശങ്ങളോടെ.

1920കളുടെ തുടക്കത്തിലാണ് ജയദയാല്‍ ഗോയന്‍ഡ്ക, ഹനുമാന്‍ പ്രസാദ് പൊദ്ദര്‍ എന്നിവര്‍ ചേര്‍ന്ന് ഗൊരഖ്പുര്‍ ഗീതാ പ്രസും ‘'കല്യാണ്‍'’ എന്ന മാസികയും സ്ഥാപിക്കുന്നത്. വ്യാപാരവിജയം നേടിയ കച്ചവടക്കാരില്‍നിന്ന് ഹിന്ദുത്വവാദപരമായ ആത്മീയതാസങ്കല്‍പ്പങ്ങളിലേക്ക് പരിണമിച്ചെത്തിയ മാര്‍വാഡി കച്ചവടക്കാരും ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകരും ആയിരുന്നു അവര്‍. അടിസ്ഥാന ഹൈന്ദവഗ്രന്ഥങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് ഭാരതത്തിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ചും ഉത്തരഭാരതത്തിലെ ഹിന്ദുക്കള്‍ക്ക്, ലഭ്യമാക്കുകയായിരുന്നു പ്രസിന്റെയും മാസികയുടെയും ലക്ഷ്യം. 1923ല്‍ സ്ഥാപിതമായ ഗീതാ പ്രസും 1926ല്‍ നിലവില്‍വന്ന കല്യാണ്‍ മാസികയും ഇപ്പോള്‍ ഒരു നൂറ്റാണ്ടോളം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഇതിനകം ഭഗവദ്ഗീതയുടെ ഏഴരക്കോടിയോളം കോപ്പികള്‍ ഗീതാ പ്രസ് അച്ചടിച്ച് വിറ്റുകഴിഞ്ഞു. തുളസീദാസിന്റെ രാമചരിതമാനസത്തിന്റെ ഏഴുകോടിയോളം കോപ്പികളും പുരാണങ്ങളുടെയും ഉപനിഷത്തുകളുടെയും രണ്ടുകോടിയോളം പ്രതികളും അവിടെനിന്ന് പുറത്തുവന്നു. കല്യാണ്‍ എന്ന ഹിന്ദിമാസികയുടെ പ്രതിമാസ സര്‍ക്കുലേഷന്‍ ഇപ്പോള്‍ രണ്ട് ലക്ഷത്തോളവും അതിന്റെ ഇംഗ്ളീഷ് പതിപ്പിന്റെ സര്‍ക്കുലേഷന്‍ ഒരു ലക്ഷവുമാണ്. ഉത്തരഭാരതത്തില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടോളംകാലം അരങ്ങേറിയ ഹിന്ദുത്വപരമായ അവബോധനിര്‍മിതിയുടെ കേന്ദ്രമായിരുന്നു ഇവ.

സവിശേഷമായ രണ്ട് രീതികളിലാണ് ഗീതാ പ്രസ് ഹിന്ദുത്വാവബോധനിര്‍മിതിയുടെ ഊര്‍ജകേന്ദ്രമായി നിലകൊണ്ടത്. ഒരു ഭാഗത്ത് ഭഗവദ്ഗീതയും പുരാണ–ഇതിഹാസ ഗ്രന്ഥങ്ങളും വന്‍തോതില്‍ വിറ്റഴിച്ചുകൊണ്ട് 'ദേശീയമായ' മതാവബോധത്തെ നിര്‍മിച്ചെടുക്കുക. 'ഭാരതീയ'’പാരമ്പര്യത്തിന്റെ അമൂല്യസ്രോതസ്സുകളെ പൊതുസമൂഹത്തിന് കൈമാറുക. മതനിരപേക്ഷവും ദേശീയവുമായ കര്‍ത്തവ്യനിര്‍വഹണം എന്ന് തോന്നിപ്പിക്കാവുന്ന ഈ ദൌത്യം നിര്‍വഹിച്ചുകൊണ്ടിരിക്കെത്തന്നെ, മറുഭാഗത്ത് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ ആശയങ്ങളെ അതിശക്തമായി പറഞ്ഞുറപ്പിക്കുകയും ചെയ്യുക. ഗോസംരക്ഷണം, ഹിന്ദുസ്ഥാനിക്കു പകരം ഹിന്ദിയെ ദേശീയഭാഷയാക്കുന്നതിനുള്ള ശ്രമങ്ങള്‍, ഹിന്ദുകോഡ് ബില്‍, പാകിസ്ഥാന്‍ രൂപീകരണം തുടങ്ങി ഹൈന്ദവവര്‍ഗീയതയുടെ രാഷ്ട്രീയ ആയുധങ്ങള്‍ക്കെല്ലാം പൊതുബോധത്തില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ കല്യാണ്‍ മാസികയും ഗീതാപ്രസ് പ്രസിദ്ധീകരണങ്ങളും അതുല്യമായ പങ്കാണ് വഹിച്ചത്. 'നിര്‍ദോഷമായ' മതസാഹിത്യപ്രചാരണത്തെ തീവ്രമായ ഹിന്ദുത്വ രാഷ്ട്രീയ ആശയങ്ങളുമായി കൂട്ടിയിണക്കിക്കൊണ്ട് ഹൈന്ദവദേശീയതാവാദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവിഷ്കാരങ്ങളിലൊന്നായി മാറാന്‍ ഗീതാപ്രസിന് കഴിഞ്ഞു.

ആമുഖംകൂടാതെ അഞ്ച് അധ്യായങ്ങളും ഉപസംഹാരവുമായാണ് ഈ ഗ്രന്ഥം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. സൈനികരീതി പിന്തുടരുന്നതും പേശീബലത്തില്‍ അടിയുറച്ചതുമായ ഹൈന്ദവദേശീയതാസങ്കല്‍പ്പത്തിന്റെ പ്രഭവമായി ഗീതാ പ്രസ് നിലകൊണ്ടതിന്റെ ചരിത്രം അക്ഷയ് മുകുള്‍ ഈ അധ്യായങ്ങളിലൂടെ അനാവരണം ചെയ്യുന്നുണ്ട്. ഗീതാ പ്രസിന്റെ സ്ഥാപകരായ ജയദയാല്‍ ഗോയന്‍ഡ്ക, ഹനുമാന്‍ പ്രസാദ് പൊദ്ദര്‍ എന്നിവരുടെ വ്യക്തിജീവിതം, ഗീതാ പ്രസിന്റെ സംസ്ഥാപനം, ഗീതാ പ്രസിന്റെ ആശയപ്രപഞ്ചത്തെ രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത എഴുത്തുകാര്‍, രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിയിണക്കി വര്‍ഗീയതയെ സാമാന്യബോധമാക്കി പരിഭാഷപ്പെടുത്തുന്നതില്‍ ഗീതാ പ്രസ് വഹിച്ച പങ്ക്, ഗീതാ പ്രസിന്റെ മതാത്മക ധാര്‍മികതാസങ്കല്‍പ്പം എന്നിങ്ങനെ വ്യത്യസ്ത പ്രമേയങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ ഗ്രന്ഥത്തിലെ അധ്യായങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. അച്ചടി ദേശീയത (print nationalism) എന്ന ബനഡിക്ട് ആന്‍ഡേഴ്സന്റെ ആശയത്തെ പിന്‍പറ്റിക്കൊണ്ട് പ്രമുഖ കീഴാള ചരിത്രകാരനായ ഷാഹിദ് അമിന്‍ സൂചിപ്പിക്കുന്നതുപോലെ, ഇന്ത്യയിലെ അച്ചടി ഹൈന്ദവതയുടെ (print Hinduism) രൂപപ്പെടലിന്റെ ചരിത്രത്തെ, കുറഞ്ഞവിലയ്ക്ക് ലഭ്യമാകുന്ന പ്രമാണപാഠഗ്രന്ഥങ്ങളുടെ വ്യാപനത്തെയും ബലിഷ്ഠ ദേശീയതാസങ്കല്‍പ്പവുമായുള്ള വിനിമയങ്ങളെയും മുന്‍നിര്‍ത്തി വിശദീകരിക്കുകയാണ് ഈ ഗ്രന്ഥം ചെയ്യുന്നത്. അതിവിപുലവും അസാധാരണവുമായ രേഖാശേഖരത്തിന്റെ (archive) പരിശോധനയിലൂടെയാണ് അക്ഷയ് മുകുള്‍ ഈ ദൌത്യം നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രസാധന സംരംഭങ്ങളിലൊന്നിന്റെ ചരിത്രവും ഹൈന്ദവദേശീയതയുടെ വ്യാപനവും തമ്മിലുള്ള നാഭീനാളബന്ധം വെളിപ്പെടുത്തുന്ന ഈ ഗ്രന്ഥം വര്‍ഗീയാവബോധരൂപീകരണത്തിന്റെ സൂക്ഷ്മചരിത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധാപൂര്‍വം പിന്തുടരേണ്ട ഒന്നാണ്. ഗ്രന്ഥകര്‍ത്താവിന്റെ ഭാഷാചാതുര്യവും ആഖ്യാനമികവും അതിന് നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top