29 March Friday

കാലത്തിന്റെ കൈയൊപ്പുകള്‍

ശശി മാവിന്‍മൂട്Updated: Sunday Jun 26, 2016

പൊള്ളുന്ന ചൂടില്‍ മനസ്സ് വിയര്‍ക്കുന്ന കവിതകളാണ് ജിനേഷ്കുമാര്‍ എരമം 'പിന്നെ' എന്ന കൃതിയിലൂടെ വായനക്കാര്‍ക്കു മുന്നില്‍ വയ്ക്കുന്നത്. 1990 മുതല്‍ പല കാലങ്ങളിലായി എഴുതിയ 22 കവിതകളാണ് ഈ സമാഹാരത്തെ സമ്പന്നമാക്കുന്നത്.

പിന്നെ ജിനേഷ്കുമാര്‍ എരമം കവിതകള്‍         പ്ളാവില ബുക്സ് വില:75

പിന്നെ ജിനേഷ്കുമാര്‍ എരമം കവിതകള്‍ പ്ളാവില ബുക്സ് വില:75

ആദ്യപകുതിയിലെ കവിതകള്‍ ഉപഹാസത്തില്‍ ചാലിച്ചെടുത്ത ഗദ്യകവിതകളും രണ്ടാം പകുതി വൃത്തവും താളവും ഛന്ദസ്സുമൊത്ത പാരമ്പര്യ കവിതകളുമാണ്. എല്ലാം 'പിന്നെ'യാകാന്‍ മാറ്റിവച്ച് ഒടുവില്‍ അഴുകിനാറിത്തുടങ്ങിയ മലയാളിയുടെ ഇന്നത്തെ അവസ്ഥയാണ് ശീര്‍ഷക കവിതയില്‍ അനാവൃതമാകുന്നത്. മൊബൈല്‍ ഫോണിന്റെ ജീവരഹസ്യം ഒറ്റ സ്പര്‍ശത്താല്‍ ഒപ്പിയെടുക്കുന്ന പുതിയ തലമുറയ്ക്ക് വിത്തിലെ ജീവനെയുണര്‍ത്തി ഒരുപിടി ധാന്യമുണ്ടാക്കാന്‍ കഴിയുമോ (വെല്ലുവിളി) എന്ന് കവി ചോദിക്കുന്നു. പൂതത്തെയും പൂതനയെയും തിരിയാത്ത ഇവര്‍ അകപ്പെട്ടിരിക്കുന്നത് പാതാളക്കിണറിലല്ല, ഒരു മൊബൈല്‍ഫോണിലാണെന്നും (അകപ്പെട്ടവന്‍) കവി തിരിച്ചറിയുന്നു. മുത്തശ്ശിക്കഥ കേള്‍പ്പിക്കാതെ ചെറുപ്പത്തില്‍ വാഷിങ്ടണിലേക്കുള്ള വിമാനടിക്കറ്റ് ഒരുക്കിക്കൊടുത്തിട്ട് തങ്ങളെ വൃദ്ധസദനത്തിലടച്ചെന്ന് പരാതിപ്പെടുന്ന രക്ഷാകര്‍ത്താക്കളെയും (അച്ഛനോട്) കവി വിമര്‍ശിക്കുന്നു. പ്രസിദ്ധകവി അയ്യപ്പപ്പണിക്കരുടെ 'കടുക്ക' എന്ന കവിതയോട് ചേര്‍ന്നുനില്‍ക്കുന്ന 'ദോശ' എന്ന കവിത പരിസ്ഥിതിവിനാശത്തിന്റെ പൊള്ളുന്ന നേര്‍ചിത്രമാണ്. 'കാണ്‍ക, ഗോളക്കല്ലടുപ്പില്‍ സൂര്യവിറകൊന്നാളുന്നു, ലാവയുള്ളില്‍ തിളയ്ക്കുന്നു, ലോഹമുരുകിപ്പരക്കുന്നു, പുറം പൊള്ളിക്കരിയുന്നു, കൊടും ചൂടില്‍ ദഹിക്കുന്നു'. ലോകംമുഴുവന്‍ അസഹിഷ്ണുത ആളിപ്പടരുമ്പോഴും സഹനത്തിന്റെ ആള്‍രൂപമായി ജീവിക്കുന്ന ഇറോം ശര്‍മിളയെ ഓര്‍മിപ്പിക്കുന്ന 'ജീവിച്ചുകൊണ്ടേയിരിക്കുമ്പോള്‍', 'മാറ്റം', 'ചന്ദ്രോത്സവം' എന്നിവയെല്ലാം ഈ ആസുരകാലത്തോടുള്ള കവിയുടെ ശക്തമായ പ്രതികരണങ്ങളാണ്.

'ബോണ്‍സായ്' മുതലുള്ള കവിതകളില്‍ വാക്കുകള്‍ പൂത്തു നില്‍ക്കുന്നതുകാണാം. എങ്കിലും ഉള്ളിലെ നൊമ്പരത്തീ അമര്‍ന്നു കത്തിക്കൊണ്ടേയിരിക്കുന്നു. ആസുരതയില്‍ എരിഞ്ഞടങ്ങുന്ന കിടാങ്ങളെയോര്‍ത്തുള്ള നിലവിളിയാണ് 'അമ്മമാര്‍ വിളിക്കുന്നു' എന്ന കവിതയില്‍ ഉയരുന്നതെങ്കില്‍ ഇറ്റുവെട്ടവും വറ്റി മനസ്സിന്റെ ചക്രവാളമിരുണ്ട പെണ്‍വിളികളാണ് 'കാത്തിരിപ്പ്' എന്ന കവിതയില്‍ കേള്‍ക്കുന്നത്. പുരാണകഥാപാത്രങ്ങളിലൂടെ സ്ത്രീയുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ചരിത്രവഴികള്‍ കാട്ടിത്തരുന്ന കവിതയാണ് 'ഇവള്‍'. 'അച്ഛന്‍ കുറുക്കിയെടുത്ത സ്വപ്നങ്ങള്‍ തന്‍ ഉപ്പു കലര്‍ന്നതെന്‍ രക്തവും ബാഷ്പവും' എന്ന നേരറിവിന്റെ കവിതയാണ് 'അച്ഛന്‍'. 'ജലദോഷം' പ്രതീകാത്മക കവിതയായി നമ്മെ വേട്ടയാടുമ്പോള്‍ 'യാത്രാമൊഴി' ഗൃഹാതുരത്വത്തിന്റെ ഓര്‍മകളായി തണല്‍വിരിച്ചുനില്‍ക്കുന്നു. വൈലോപ്പിള്ളിയെ അനുസ്മരിപ്പിക്കുന്ന 'ആസ്സാം പണിക്കാര്‍' എന്ന കവിത  അന്യനാട്ടില്‍നിന്ന് കേരളത്തില്‍ പണിക്ക് വരുന്നവരെയും മലയാളിയുടെ ഇന്നത്തെ മനോഭാവത്തെയും വരച്ചുകാട്ടുന്നു. 'കടലെടുത്തൊരെന്‍ സ്വപ്നതീരങ്ങളെ മഴുവെറിഞ്ഞ് മീളാനായ് വരുന്നു' (യാത്ര) എന്ന പ്രത്യാശയും കവി പങ്കു വയ്ക്കുന്നു.

മനസ്സിന്റെ മൂശയില്‍ പരിപക്വമാക്കിയ ഈ സമാഹാരത്തിലെ 22 കവിതകളും ആസ്വാദ്യകരമാണ്. ആശങ്കകള്‍ക്കിടയിലും കവി പകര്‍ന്നുതരുന്ന പ്രത്യാശയുടെ ഒരുതരി വെട്ടം ആസ്വാദകമനസ്സുകളില്‍ അവശേഷിക്കും.

mavinmoodusasi@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top