21 May Tuesday

ബലൂ കുന്നുകളിലെ അശരീരികള്‍

ഡോ. യു നന്ദകുമാര്‍Updated: Sunday Oct 23, 2016

ലോകമെമ്പാടും ശരത്കാലമണമായിരുന്നു.

രണ്ടാം വിളവെടുപ്പുകാലം. നാമറിയുംമുമ്പുതന്നിങ്ങെത്തി. മലകളില്‍, ധാന്യത്തിന്റെ മധുരഗന്ധം തൊണ്ടയില്‍ കട്ടിപിടിക്കുംവിധം കനത്തു. തുള്ളികളായി ശരത്ദീപ്തി വീടുകളുടെ കൂരമേലും പുല്‍നാമ്പുകളിലും പാടത്ത് പണിയെടുക്കുന്ന കര്‍ഷകരുടെ മുടിയിഴകളിലും മെല്ലെ പ്രവഹിച്ചു. സൂര്യവെളിച്ചം വൈഡൂര്യപ്രഭയെന്നോണം ഗ്രാമത്തെയാകെ പ്രദീപ്തമാക്കി.

അത് മലനിരകളെയാകെ പ്രദീപ്തമാക്കി.

അത് ലോകത്തെയാകെ പ്രദീപ്തമാക്കി''.

യെന്‍ ലിയെങ്കെ നമ്മെ അദ്ദേഹത്തിന്റെ 'മജ്ജ' എന്ന നോവലിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിങ്ങനെയാണ്. (Yan Lianke – Marrow, Penguin– Translation: Carlos Rojas) കാര്‍ലൊസ് റൊയസ് നിര്‍വഹിച്ച മനോഹരമായ പരിഭാഷയാണ് ഒരുപക്ഷേ മൂലഗ്രന്ഥത്തിന്റെ സൌന്ദര്യം ചോര്‍ന്നുപോകാതെ നമ്മെ പിടിച്ചിരുത്തുന്നത്.

പ്രകൃതിതന്നെ ഈ നോവലിലെ ശക്തമായ ഒരു കഥാപാത്രമാണ്. ഒളിഞ്ഞും തെളിഞ്ഞും അറിയിക്കുന്ന സാന്നിധ്യത്തിലൂടെ കഥാപാത്രങ്ങളുടെ മനസ്സിലെ സന്തോഷങ്ങളും സംഘര്‍ഷങ്ങളും നാമറിയുന്നു. കാറ്റുപെറുക്കിയെടുത്ത ഒരില അടഞ്ഞ വാതിലില്‍ തട്ടിവീഴുന്നതും സ്വപ്നത്തിലേക്ക് മടങ്ങുന്ന ലോകവും പൊടുന്നനെ ഉണങ്ങിവരണ്ട പുഴയും നോവലിന്റെ ഭാവതലങ്ങളാണ്. യെന്‍ ലിയെങ്കെയുടെ രണ്ട് ഉദ്ധരണികള്‍ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്– അതിലൊന്ന് ഇതാണ്, "എഴുത്തുകാര്‍ തങ്ങളുടെ ഓര്‍മകള്‍ക്കും വികാരങ്ങള്‍ക്കും വേണ്ടിയാണ് ജീവിക്കുന്നത്. ഈ ഓര്‍മകളും വികാരങ്ങളുമാണ് നമ്മെ എഴുത്തുകാരായി രൂപാന്തരപ്പെടുത്തുന്നത്''.

ചൈനയിലെ ഗ്രാമങ്ങളില്‍ പുരാതനമായ ഒരു വിശ്വാസമുണ്ട്– രക്തം അമ്മയില്‍നിന്നും വരുന്നു; അസ്ഥികള്‍ അച്ഛനില്‍നിന്നും. അന്ധമായിരിക്കാം ഈ വിശ്വാസങ്ങള്‍. ഒന്നാലോചിച്ചാല്‍ വിശ്വാസങ്ങള്‍തന്നെയല്ലേ സമൂഹത്തെ നിലനിര്‍ത്തുന്നത്? കാലങ്ങളുടെ കൃത്യതയും മനുഷ്യരുടെ വ്യക്തിത്വവും വിശ്വാസം നിലനിര്‍ത്തുന്ന ചട്ടക്കൂടുകളില്‍ അവ്യക്തമായി മാറുമല്ലോ. യെന്‍ ലിയെങ്കെ പറയുന്ന കഥ നടക്കുന്നത് ബലൂമലനിരകളിലെ ഒരു നാടന്‍ ഗ്രാമത്തിലാണ്. അത്രമാത്രം. കാലഘട്ടത്തെക്കുറിച്ച് മറ്റടയാളങ്ങളില്ല. ആധുനികതയുടെ ഒരു മിന്നല്‍ കാണുന്നത് ആരോഗ്യകേന്ദ്രത്തെക്കുറിച്ചുള്ള സൂചനയിലാണ്. കഥാപാത്രങ്ങള്‍ക്കും പേരില്ല; ആരുമാകാം അവര്‍. ഒരുപക്ഷേ, സമാനമായ സാഹചര്യത്തില്‍ നാമെല്ലാം ഇത്തരം കഥാപാത്രങ്ങളാകാമെന്നും നാം തിരിച്ചറിയും. അങ്ങനെ ഒരു ഗ്രാമത്തിലെ മനുഷ്യരുടെ വിശ്വാസങ്ങളും നിലപാടുകളും സൃഷ്ടിച്ചെടുത്ത അവ്യക്തവും ദുര്‍ജ്ഞേയവുമായ രൂപക സങ്കല്‍പ്പങ്ങളാണ് നോവലിന് ചൈതന്യം നല്‍കുന്നത്.

സ്റ്റോണ്‍ യു (Stone You) എന്ന് പേരിട്ടിരിക്കുന്ന ഒരാള്‍ (ഇതെന്തുപേര്?); അയാള്‍ താമസിക്കുന്ന ഇടം യു ഗ്രാമം. അയാളുടെ ഭാര്യയുടെ പേര് നാലാംപത്നി യു എന്നാണ്. അയാള്‍ ഒന്നിലേറെ വിവാഹം കഴിച്ചതായോ ബഹുഭാര്യാത്വം സമൂഹത്തില്‍ നിലനില്‍ക്കുന്നതായോ സൂചനകളില്ല. അവര്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ടാകുന്നു; അവര്‍ക്കും പേരുകളില്ല– ഒന്നാം മകള്‍, രണ്ടാം മകള്‍, മൂന്നാംമകള്‍, ഇങ്ങനെയാണ് അവരുടെ വിളിപ്പേരുകള്‍. മൂന്നുപെണ്‍കുട്ടികളും വിവിധ രീതിയിലുള്ള അംഗപരിമിതികളും ചുഴലിരോഗങ്ങളും ഉള്ളവര്‍. പില്‍ക്കാലത്ത് അവര്‍ക്ക് ഒരു മകനുണ്ടാകുന്നു. രോഗമില്ലാത്ത കുട്ടിയാണ് എന്നവര്‍ വിശ്വസിച്ചിരുന്നെങ്കിലും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പരിശോധിച്ചുപറഞ്ഞത് മറ്റ് മൂന്നുപേര്‍ക്കുള്ള അതേ പരിമിതികള്‍ ഈ കുട്ടിക്കുമുണ്ട് എന്നാണ്. മാത്രമല്ല, നാലുപേരുടെയും രോഗങ്ങള്‍ ഒന്നുതന്നെയാണെന്നും പിതാവുവഴി പകരുന്ന ഒരു തരം ജനിതക വൈകല്യമാണെന്നും ഡോക്ടര്‍ പറഞ്ഞു. നാം നോവല്‍വായന തുടങ്ങുമ്പോള്‍ ഈ സംഭവം കഴിഞ്ഞ് ഇരുപതുവര്‍ഷമായിരിക്കുന്നു. ദുഃഖവും കുറ്റബോധവും താങ്ങാനാകാതെ  സ്റ്റോണ്‍ യു അന്നുതന്നെ ആത്മഹത്യചെയ്തു.

പിന്നീടുള്ള വര്‍ഷങ്ങള്‍ നാലാംപത്നി യുവിന് കഷ്ടപ്പാടുകളുടെയും യാതനകളുടേതുമായിരുന്നു. കുടുംബത്തെത്തന്നെ മോശപ്പെട്ട ശകുനമായിക്കാണുന്ന ഗ്രാമം. നിരന്തരം പ്രയത്നിച്ചുവേണം ജീവിക്കാന്‍. നിലമൊരുക്കലും വെള്ളമെത്തിക്കലും വിളവെടുക്കലും എല്ലാം ഒറ്റയ്ക്ക്, കുട്ടികളുടെപോലും സഹായമില്ലാതെ. ഈ ജീവിതകാലംമുഴുവന്‍ മക്കളുടെ വികലാംഗത്വം ഉയര്‍ത്തുന്ന നിരവധി സങ്കീര്‍ണങ്ങളായ അവസ്ഥകളുമായി മല്ലിട്ടുകൊണ്ടാണ് നാലാംപത്നി യു ജീവിതവുമായി മുന്നോട്ടുപോകുന്നത്. സ്റ്റോണ്‍യു നാലാംപത്നി യുവിനെ കാണാന്‍ പലപ്പോഴും എത്തും. മറ്റുള്ളവര്‍ക്ക് അദൃശ്യനായ അയാള്‍ നാലാംപത്നി യുവിനോട് സംവദിക്കുകയും കുടുംബത്തിനുവേണ്ട ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍, നാലാംപത്നി യുവിനയാളെ പുച്ഛമാണ്. ജീവിതത്തിലെ കഷ്ടപ്പാടുകളും യാതനകളും ഒറ്റപ്പെടുത്തലുകളും നേരിടാന്‍ സഹായിക്കാതെ ആത്മഹത്യയിലൂടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടിയ അയാളോട് അവര്‍ക്ക് മറ്റെന്താണ് തോന്നുക? അങ്ങനെ വികലാംഗത്വംമാത്രമല്ല, ആത്മഹത്യയും സാമൂഹികജീവിതത്തിലെ മെറ്റഫര്‍ ആയി നോവല്‍ വാര്‍ത്തെടുത്തിട്ടുണ്ട്. മാനസിക ആരോഗ്യപരിമിതികളുള്ള ഇളയ രണ്ട് കുട്ടികളില്‍ ഉണ്ടാകുന്ന ലൈംഗികവ്യതിയാനങ്ങള്‍– നിയന്ത്രണാതീതമായ ലൈംഗികവാഞ്ഛ പുറത്തുവന്നപ്പോള്‍ നാലാംപത്നി യു അതിനും തന്റേതായരീതിയില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണ്.

പുസ്തകം ചര്‍ച്ചയ്ക്ക് വയ്ക്കുന്ന മറ്റൊരു വിഷയമുണ്ട്. ഒരു സ്ത്രീ തന്റെ ത്യാഗങ്ങളുമായി എത്രവരെ പോകാം? ഒരുപക്ഷേ, ചൈനയിലെ ഗ്രാമജീവിതത്തിലെ വിശ്വാസപ്രമാണങ്ങളാകാം ഈ പരീക്ഷണങ്ങള്‍ സാധ്യമാക്കുന്നത്. സ്വശരീരത്തിലെ മജ്ജയും രക്തവും മരുന്നായി സ്വീകരിച്ചാല്‍ ജനിതകവൈകല്യങ്ങള്‍ മറികടക്കാനാകുമത്രേ. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നതും. നാലാംപത്നി യു തന്റെ രക്തവും അസ്ഥികളും മറ്റ് മക്കള്‍ക്ക് നല്‍കി അവരുടെ വൈകല്യങ്ങള്‍ മാറ്റി 'പൂര്‍ണ'മനുഷ്യരാക്കി മാറ്റുന്നതാണ് നോവല്‍ ഉയര്‍ത്തുന്ന അസ്തിത്വ സംവാദം. ഇത് യഥാര്‍ഥമാണോ ഭാവനയാണോ എന്നതല്ല, മറിച്ച് നിലനില്‍പ്പുകളുടെ സമവാക്യങ്ങളില്‍ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍, വിശ്വാസങ്ങള്‍ എന്നിവ ഏതൊരു സമൂഹത്തിലും ഒഴിച്ചുകൂടാനാകാത്തവയാണ് എന്നതാണ് കാതല്‍.

തൊണ്ണൂറുകളില്‍ ആരംഭിച്ച ചൈനീസ് സാഹിത്യത്തിലെ പുത്തന്‍ ഉണര്‍വിനെ, പ്രതിനിധാനംചെയ്യുന്ന എഴുത്തുകാരില്‍ മുന്‍പന്തിയിലാണ് യെന്‍ ലിയെങ്കെ. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അ്വാങ്–ഗാദ് സാഹിത്യകാരില്‍ നൊബേല്‍ സമ്മാന സാധ്യതയുള്ള യെന്‍ ലോകസാഹിത്യത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടുവരുന്നു. എഴുപതുകളില്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ മുന്നേറ്റവുമായി ഇപ്പോഴത്തെ ചൈനീസ് സാഹിത്യപ്രസ്ഥാനത്തെ താരതമ്യപ്പെടുത്താനാകും. 2000–ാമാണ്ട് മുതല്‍ ഇന്നുവരെയുള്ള കാലഘട്ടത്തില്‍ ലോകശ്രദ്ധ ആകര്‍ഷിച്ച നിരവധി എഴുത്തുകാര്‍ ചൈനയില്‍നിന്നുമുണ്ടായിട്ടുണ്ട്. രണ്ടുപേര്‍ക്ക് ഇതിനകം നൊബേല്‍ പുരസ്കാരം ലഭിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് 'മജ്ജ' എന്ന ഈ പുസ്തകം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിലാണ് ഇതിന്റെ ഇംഗ്ളീഷ് പരിഭാഷ ഇന്ത്യയില്‍ എത്തിത്തുടങ്ങിയത്. എന്നാല്‍ ഇതിനകംതന്നെ വായനയെ ഗൌരവമായെടുക്കുന്നവര്‍ സ്വീകരിച്ചുകഴിഞ്ഞു.

ചൈനീസ് ഭാഷയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഇപ്പുസ്തകത്തിന്റെ പേര് മജ്ജയെന്നായിരുന്നില്ല. കഥ വികസിച്ചുവരുന്ന മെറ്റഫറിനെ ചുറ്റിപ്പറ്റിയാണ് ഇംഗ്ളീഷില്‍ ഈ പേര് സ്വീകരിച്ചത്. യെന്‍ നല്‍കിയ പേര്, മൊഴിമാറ്റം ചെയ്താല്‍ ഏകദേശം, "ബലൂ കുന്നുകളിലെ അശരീരി ഗാനങ്ങള്‍' (Sky songs of the Balou Mountains) എന്നാകും വരിക.

unnair@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top