25 April Thursday

അഭിനയകലയ്ക്ക് ഒരാമുഖം

പ്രശാന്ത് നാരായണന്‍Updated: Sunday May 22, 2016

അതിരുകളില്ലാത്ത വായനാസഞ്ചാരം എന്റെ ആനന്ദം. ആട്ടക്കഥയും കവിതയുംമുതല്‍ ആത്മകഥയും സഞ്ചാരസാഹിത്യവുംവരെ എന്തും വായിക്കും. വായിക്കുന്ന പുസ്തകങ്ങളുടെയെല്ലാം കുറിപ്പുകളെടുക്കും. അങ്ങനെയൊക്കെയായിട്ടും ആറുവര്‍ഷത്തോളം എന്റെ അക്ഷരഹര്‍ഷങ്ങളെ വേണ്ടെന്നുവച്ചതെന്തിന് ? ഇപ്പോള്‍ വീണ്ടും ഞാന്‍ വായനയിലേക്ക് മടങ്ങിയിരിക്കുന്നു.
ആട്ടവിളക്കിനുമുന്നില്‍ മാങ്കുളം കൃഷ്ണന്‍നമ്പൂതിരിയുടെ ദൈവികപരതയുള്ള ആനന്ദകൃഷ്ണനില്‍ മതിമറന്നിട്ടുള്ള ഞാനിപ്പോള്‍ അഗാധദുഃഖം പേറുന്ന മറ്റൊരു കൃഷ്ണനെ അറിഞ്ഞു കഴിഞ്ഞതേയുള്ളൂ, പ്രഭാവര്‍മ്മയുടെ ശ്യാമമാധവത്തില്‍. കവിതയില്‍നിന്ന് കൊഴിഞ്ഞുപോയ പൂക്കളുടെ സുഗന്ധം ശ്യാമമാധവം മടക്കിനല്‍കുന്നു. കമ്പരാമായണത്തിന്റെ സ്വതന്ത്രപരിഭാഷയായ ഭാഷാകമ്പരാമായണം അടുത്തിടെ വലിയ അന്വേഷണത്തിലൂടെ കണ്ടെത്തി. എന്റെ മുത്തച്ഛന്‍ ജി രാമകൃഷ്ണപിള്ളയാണ് അതിന്റെ രചയിതാവ്. 32 നോവലുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും ഏഴെണ്ണംമാത്രമേ കണ്ടെടുക്കാനായുള്ളൂ. ഗുരു നിത്യചൈതന്യയതിയുടെ 'ഉള്ളില്‍ കിന്നാരം പറയുന്നവര്‍' വായിച്ചുതുടങ്ങി. ഇതൊക്കെയാണെങ്കിലും എന്റെ തട്ടകമായ നാടകത്തില്‍ താല്‍പ്പര്യമുള്ള പുതുതലമുറയ്ക്ക് ഏറെ പ്രയോജനംചെയ്യുന്ന ഒരു പുസ്തകത്തെക്കുറിച്ച് ഇപ്പോള്‍ പറയാം.
'അഭിനയകല–ഒരാമുഖം.' രചയിതാവ് ടി എം എബ്രഹാം. കൊഴുത്ത കാളക്കുട്ടിയും രക്തബലിയും കീറിമുറിച്ച കണ്ണും നിഴല്‍ക്കൂടാരവുംപോലുള്ള മികച്ച നാടകങ്ങളിലൂടെ കൌതുകനാടകവേദിയില്‍നിന്ന് ഗൌരവനാടകവേദിയിലേക്ക് കേരളം മാറിയ ദശാസന്ധിയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ ടി എം എബ്രഹാമിന്റെ ഈ പുസ്തകം കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നു.
പൌരസ്ത്യമായ ഒരുപാട് നാടകപഠനങ്ങള്‍ മലയാളത്തിന് പരിചയമുണ്ട്. നാട്യശാസ്ത്രം വിവര്‍ത്തനംചെയ്യപ്പെടുകയും ഒട്ടേറെ തരത്തില്‍ വ്യഖ്യാനിക്കപ്പെടുകയുംചെയ്തിട്ടുണ്ട്. പക്ഷേ നാടകത്തിന്റെ പ്രയോഗവശത്തെപ്പറ്റി കൂടുതല്‍ ആഴത്തില്‍ പോകാനായോ എന്ന സംശയം ബാക്കി. പൌരസ്ത്യമായ അഭിനയപ്രവേശികകളെ പ്രതിപാദിക്കുന്ന പുസ്തകമാണ് അഭിനയകല–ഒരാമുഖം. നാടകത്തെ ഹൃദയത്തില്‍പേറുന്ന എത്രയോപേര്‍ക്ക് അക്കാദമിക് പരിശീലനം കിട്ടാന്‍ അവസരമില്ലാത്ത സാഹചര്യത്തില്‍ ഈ പുസ്തകം കൂടുതല്‍ പ്രസക്തമാകുന്നു. ആഴത്തിലുള്ള പഠനമല്ല ഇതെന്ന് എടുത്തുപറയണം. പരപ്പിലാണ് ഇവിടെ കാര്യം. വിശദീകരിച്ചുപോകുന്ന ഒരുപാട് കാര്യങ്ങളില്‍ നിരവധി ചൂണ്ടുപലകകള്‍ കുത്തിനിര്‍ത്തിയിട്ടുണ്ട്. നാടകപ്രയോഗത്തിന്റെ വിവിധ വശങ്ങളിലേക്ക് കടക്കാന്‍ വാസനാസമ്പന്നരായ കലാകാരന്മാര്‍ക്ക് പ്രേരണനല്‍കുന്ന വിധത്തിലാണ് ഇതിന്റെ ഘടന.
ആദ്യത്തെ നടന്‍, എന്താണ് നടന്‍, എങ്ങനെയാണ് നടന്‍ ജനിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇതില്‍ പറഞ്ഞുപോകുന്നു. അഭിനയപരിശീലനമാണ് മുഖ്യചര്‍ച്ചാവിഷയം. അഭിനേതാവ് പരിശീലനം നേടേണ്ടത് അനിവാര്യമായ തരത്തിലേക്ക് ലോകമെമ്പാടും കാര്യങ്ങള്‍ മാറിയിരിക്കുന്നു. നമുക്ക് പരിചയമുള്ള അഭിനയപ്രതിഭകളൊക്കെ പരിശീലനപദ്ധതിയിലൂടെ കടന്നുപോയവരാണോ എന്ന ചോദ്യമുണ്ടാകും. സാമൂഹ്യസാഹചര്യങ്ങളും തലമുറയും മാറിയിരിക്കുന്നു എന്നു തിരിച്ചറിയണമെന്നുമാത്രമേ മറുപടിയുള്ളൂ. അഭിനയം ഒരു മാന്ത്രികസിദ്ധിയാണോ എന്ന ഗംഭീരമായ ചോദ്യം ടി എം എബ്രഹാം മുന്നോട്ടുവയ്ക്കുന്നു. നടന്റെ ലക്ഷ്യം, നടനും പ്രേക്ഷകനും തമ്മിലുള്ള ബന്ധം എന്നിവയെല്ലാം വിശദീകരിക്കുന്നു. ഓരോ കഥാഗാത്രത്തിനും കഥാഗതിക്കും ഓരോ തരത്തിലുള്ള ശരീരഭാഷയും മനോവ്യാപാരവും ശബ്ദപ്രയോഗങ്ങളും ആവശ്യമാണല്ലോ. 'പ്രതിപാത്രം ഭാഷണഭേദ'ത്തില്‍ പറയുംപോലെ.
നാടകാചാര്യനായ സ്റ്റാനിസ്ളാവിസ്കിയെപ്പറ്റി കൂടുതല്‍ അറിയാന്‍ വിനിമയാപഗ്രഥന ശാസ്ത്രമുണ്ടാക്കിയ എറിക്ബോണിനെപ്പറ്റി പ്രത്യേകമായ ഒരധ്യായംതന്നെയുണ്ട്. ശരീരം, സമൂഹം, മനസ്സ് എന്നിങ്ങനെയുള്ള മൂന്ന് ഡൈമന്‍ഷനുകളില്‍ നാടകത്തെ അവതരിപ്പിക്കുന്നതെങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ 'അഭിനയകല–ഒരാമുഖം' സഹായിക്കും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top