29 March Friday

നടരാജവംശാവലിയിലെ ഒരേട്

സുനില്‍ പി ഇളയിടംUpdated: Sunday Jan 22, 2017

നടരാജവിഗ്രഹത്തെക്കുറിച്ചുള്ള വിശ്വപ്രസിദ്ധ ശില്‍പ്പി റോഡിന്റെ (Auguste Rodin) പഠനത്തെയും അതിലെ ആശയാവലികളെയും അതുളവാക്കിയ സ്വാധീനത്തെയും കുറിച്ച് സമഗ്രമായി പരിശോധിക്കുന്നു  റോഡിനും  നടരാജനൃത്തവും (Rodin and the Dance of Siva) എന്ന അസാധാരണ ഗ്രന്ഥം

അതിവിപുലമായ ദ്രാവിഡകലാപാരമ്പര്യത്തില്‍നിന്ന് ആധുനിക കലാചരിത്രത്തിലേക്ക് നടന്നുകയറിയ ശില്‍പ്പരൂപമാണ് നടരാജന്‍. ക്രിസ്തുവര്‍ഷം പത്തും പതിനൊന്നും ശതകങ്ങളിലെ ചോളഭരണകാലം ജന്മം നല്‍കിയ ഈ ശില്‍പ്പരൂപം നൂറ്റാകുുകള്‍ പിന്നിട്ട് വര്‍ത്തമാനകാലത്തിലും ഇടംപിടിച്ച ഒന്നാണ്. ഇതിനിടയില്‍ കലാചരിത്രപരമായ ചില നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെ അത് കടന്നുപോകുകയുകുായി. വിശ്വപ്രസിദ്ധ ശില്‍പ്പിയായ റോഡിന്‍ (Auguste Rodin) 1911-12 കാലയളവില്‍ എഴുതിയതും റോഡിന്റെ മരണശേഷം 1921ല്‍ 'ശിവനടനം' (The Dance of Shiva) എന്ന പേരില്‍ പാരീസില്‍നിന്നുള്ള അൃ അശെമശേര എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടതുമായ ലേഖനം അതില്‍ അതിപ്രധാനമായ ഒന്നാണ്. (സമാനമായ മറ്റൊരു സന്ദര്‍ഭം വിശ്വപ്രസിദ്ധ കലാവിമര്‍ശകനായ ആനന്ദകുമാരസ്വാമി നടരാജനൃത്തത്തെയും നടരാജവിഗ്രഹത്തെയുംകുറിച്ച് പ്രസിദ്ധീകരിച്ച ശിവനടനം എന്ന ശീര്‍ഷകത്തില്‍ത്തന്നെ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്). നടരാജന്‍ എന്ന ശില്‍പ്പത്തിന് ലോകശില്‍പ്പകലാചരിത്രത്തില്‍ പ്രധാനപ്പെട്ട ഒരിടം നേടിക്കൊടുക്കുന്നതില്‍ ചിതറിയ ചിന്താശകലങ്ങളുടെ രൂപത്തില്‍ റോഡിന്‍ എഴുതിയ ആ കുറിപ്പ് വലിയ പങ്കുവഹിക്കുകയുകുായി. ആധുനികകാലത്തെ മഹാശില്‍പ്പിയായി ലോകമെങ്ങും പുകഴ്പെറ്റ റോഡിന്‍ നടരാജനുമേല്‍ ചൊരിഞ്ഞ പ്രശംസകള്‍ ആ ശില്‍പ്പരൂപത്തിന്റെ പില്‍ക്കാലജീവിതത്തെ നിര്‍ണയിച്ച ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നായിത്തീര്‍ന്നു.

നടരാജവിഗ്രഹത്തെക്കുറിച്ചുള്ള റോഡിന്റെ പഠനത്തെയും അതിലെ ആശയാവലികളെയും അതുളവാക്കിയ സ്വാധീനത്തെയുംകുറിച്ച് സമഗ്രമായി പരിശോധിക്കുന്ന ഗ്രന്ഥമാണ് കാത്യ ലെഗ്രെറ്റ് (Katia Legeret Manochhayya) എഡിറ്റ് ചെയ്ത് പാരീസ് സര്‍വകലാശാലയുടെ പിന്തുണയോടെ ദല്‍ഹിയിലെ നിയോഗി ബുക്സ് പ്രസിദ്ധീകരിച്ച റോഡിനും നടരാജനൃത്തവും എന്ന അസാധാരണ ഗ്രന്ഥം. അസാധാരണമെന്നോ അനന്യമെന്നോ, അതിശയോക്തിസ്പര്‍ശമേയില്ലാതെ വിവരിക്കാവുന്ന ഗ്രന്ഥമാണിത്. സാധാരണവലുപ്പത്തില്‍ അച്ചടിച്ചാല്‍ രക്ു പുറങ്ങളില്‍ അവസാനിക്കുന്ന (ഈ പുസ്തകത്തില്‍ കലാപരമായ സ്ഥലവിതരണരീതിയില്‍ അച്ചടിച്ചിട്ടും നാല് പുറങ്ങള്‍മാത്രം വരുന്ന) അത്യന്തം ഹ്രസ്വമായ ഒരു കുറിപ്പാണ് നടരാജനെക്കുറിച്ച് റോഡിന്‍ എഴുതിയത്. അതീവഹ്രസ്വമായ അത്തരമൊരു ലേഖനത്തെക്കുറിച്ചാണ് നൂറ്റമ്പതോളം പേജുകളിലുള്ള ഒരു വിശദമായ പഠനഗ്രന്ഥം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്! നടരാജവിഗ്രഹത്തിന്റെയെന്നപോലെ, ആ ശില്‍പ്പരൂപത്തിന്റെ വംശാവലിചരിത്രത്തില്‍ റോഡിന്റെ പഠനത്തിനുള്ള സ്ഥാനത്തിന്റെയും തെളിവാണ് 2016 അവസാനം പുറത്തുവന്ന ഈ ഗ്രന്ഥം. ഇത്രമേല്‍ ഹ്രസ്വമായ ഒരു ലേഖനത്തെ മുന്‍നിര്‍ത്തി ഇത്രയും വിപുലമായ ഒരു പഠനം ഗ്രന്ഥരൂപത്തില്‍ പുറത്തുവരുക എന്നത് ഒട്ടും സാധാരണമല്ലല്ലോ. അസാധാരണമായ ഒരു ഗ്രന്ഥം എന്ന് അതിശയോക്തിസ്പര്‍ശമില്ലാതെ ഇതിനെ വിശേഷിപ്പിക്കാം എന്നുപറഞ്ഞതും അതുകൊകുാണ്.

അസാധാരണമായ ചരിത്രജീവിതമുള്ള ഇന്ത്യന്‍ ശില്‍പ്പരൂപങ്ങളിലൊന്നാണ് നടരാജന്‍. ഒരു നൂറ്റാകുെങ്കിലുമായി, 'ഭാരതീയത' എന്ന ആശയത്തിന്റെ ലക്ഷണമൊത്ത പ്രതീകമാണത്. നൃത്തവേദികള്‍മുതല്‍ കോര്‍പറേറ്റ് കാര്യാലയങ്ങളിലെ സ്വീകരണമുറികള്‍ വരെയും, ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ അഭിജാത ഗൃഹാങ്കണങ്ങള്‍മുതല്‍ പൌരാണികകലയുടെ കേദാരങ്ങളായ മ്യൂസിയങ്ങള്‍വരെയുമുള്ള ഇടങ്ങളില്‍ അതുല്യവും അധൃഷ്യവുമായ സാന്നിധ്യമായി നടരാജന്‍ നിലയുറപ്പിച്ചിരിക്കുന്നു. 'ഭാരതീയപാരമ്പര്യ'ത്തിന്റെ പ്രതീകസംഗ്രഹമെന്ന ഇത്തരമൊരു പദവി മറ്റേതെങ്കിലും ഒരു ശില്‍പ്പത്തിന് ഇതുവരെ കൈവന്നിട്ടില്ല. 'ഹരപ്പന്‍ നര്‍ത്തകി'യും 'ദി ദര്‍ഗഞ്ച് യക്ഷി'യും മുതല്‍ ബേലൂരിലെയും ഹൊളേബീഡിലെയും അതിസൂക്ഷ്മാലംകൃത ശില്‍പ്പങ്ങള്‍വരെ, നൃത്തത്തിന്റെയും നര്‍ത്തകികളുടെയും എണ്ണമറ്റ ശില്‍പ്പമാതൃകകള്‍ നമുക്ക് ലഭ്യമാണെങ്കിലും അവയ്ക്കൊന്നിനും നടരാജന് കൈവന്ന അപൂര്‍വവും അനന്യവുമായ പ്രാധാന്യമില്ല. പുരാവസ്തുവിജ്ഞാനംമുതല്‍ ശില്‍പ്പകലാചരിത്രംവരെയുള്ള ഒറ്റയൊറ്റ ലോകങ്ങളിലാണ് അവയൊക്കെയും നിലനില്‍ക്കുന്നത്. നടരാജനാകട്ടെ പല പല ലോകങ്ങളില്‍ ഒരുമിച്ചുപാര്‍ത്തു. ശില്‍പ്പകലമുതല്‍ മതദര്‍ശനംവരെയും കവിതമുതല്‍ കണികാഭൌതികംവരെയുമുള്ള ലോകങ്ങളില്‍ ഒരുപോലെ സഞ്ചരിച്ച അതിഭൌതിക പ്രഭാവമാണ് നടരാജന്റേത്. നടരാജവിഗ്രഹത്തിന്റെ ഈ അതിഭൌതികപ്രഭാവത്തിന് ഇപ്പോഴും കുറവൊന്നും വന്നിട്ടുമില്ല. ഇരുപതാംശതകത്തിന്റെ മധ്യദശകങ്ങള്‍തൊട്ട് ഇന്ത്യന്‍നൃത്തവേദിയുടെ ദൈവതവും നടരാജനാണ്. പ്രപഞ്ചനടനത്തിന്റെ പൊരുളും പ്രകാരവുമായി, പുഷ്പാര്‍ച്ചിതവും പൂജിതവുമായി, നൃത്തവേദിയുടെ മുന്‍ഭാഗത്ത് അക്കാലംമുതല്‍ നടരാജവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഈ പ്രപഞ്ചനര്‍ത്തകനെ കൈകൂപ്പിത്തൊഴുതാണ് ഓരോ നര്‍ത്തകിയും നര്‍ത്തകനും രംഗവേദിയില്‍ ചുവടുവച്ചത്. ചിദംബരത്തെ നടരാജക്ഷേത്രംമുതല്‍ വഴിയോരങ്ങളിലെ വില്‍പ്പനശാലകളില്‍ നടരാജന്‍ ഇപ്പോഴും പ്രഭാപൂര്‍ണം നിലകൊള്ളുന്നു. ദക്ഷിണേന്ത്യയിലെ ശില്‍പ്പഗ്രാമങ്ങളിലും പണിപ്പുരകളിലും ലോഹശാലകളിലും പല പല അനുപാതങ്ങളില്‍ നൂറുകണക്കിനു നടരാജവിഗ്രഹങ്ങള്‍ പണിതെടുക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു.


നടരാജന്റെ ഈ ചരിത്രജീവിതം അതിന്റെ ശില്‍പ്പപരമായ മികവുകൊകുുമാത്രമോ, ലാവണ്യാത്മകമാനംകൊകുുമാത്രമോ രൂപപ്പെട്ട ഒന്നല്ല. പല നൂറ്റാകുുകളില്‍ പല പല പ്രകാരങ്ങളില്‍ ജീവിച്ചാണ് നടരാജന്‍ ഇന്നത്തെ 'നടരാജവിഗ്രഹ'മായത്. ബഹുമുഖാര്‍ഥങ്ങളാല്‍ പൂരിതമായ ഒരു വംശാവലിചരിത്രം നടരാജവിഗ്രഹത്തിനുക്ു എന്നര്‍ഥം. അതിനുമുകളിലാണ് നാമിന്നറിയുന്ന നടരാജവിഗ്രഹം അതീതപ്രഭാവങ്ങളോടെ നിലയുറപ്പിച്ചിരിക്കുന്നത്.

നടരാജന്റെ ഈ വംശാവലിചരിത്രത്തിലെ അതിപ്രധാന സ്ഥാനമായിത്തീര്‍ന്ന അഗസ്റ്റെ റോഡിന്റെ നടരാജവിചാരത്തെ അഭിസംബോധനചെയ്യാനാണ് കാത്യ ലെഗ്രെത്ത് തന്റെ ഗ്രന്ഥത്തില്‍ ശ്രമിക്കുന്നത്. ആമുഖംകൂടാതെ നാല് ഭാഗങ്ങളായാണ് ഗ്രന്ഥകാരി ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. നടരാജശില്‍പ്പത്തെക്കുറിച്ച് റോഡിന്‍ എഴുതിയ അത്യന്തം കാവ്യാത്മകമായ കുറിപ്പ്, ആ വിലയിരുത്തലിലേക്ക് റോഡിനെ നയിച്ച പ്രേരണകളും അവയുടെ പ്രഭവങ്ങളും എന്നിവയാണ് ഈ ഗ്രന്ഥത്തിലെ പ്രധാന ഭാഗങ്ങള്‍ എന്ന് പറയാം. ഇതോടൊപ്പം കംബോഡിയയിലെ ബോറോബുദുര്‍ ക്ഷേത്രസമുച്ചയത്തിലെ ബുദ്ധശില്‍പ്പത്തെക്കുറിച്ച് റോഡിന്‍ നടത്തിയ നിരീക്ഷണങ്ങളെയും അത് റോഡിന്റെ കലാദര്‍ശനത്തില്‍ ചെലുത്തിയ സ്വാധീനങ്ങളെയുംകുറിച്ച് ബെനെഡിക്ട് ഗാര്‍നിയര്‍ നടത്തുന്ന പഠനവും (Living Stillness: A collection of Ancient Gestures), റേഡിനും നടരാജനും തമ്മിലുള്ള വിനിമയങ്ങളെക്കുറിച്ച് കലാചിന്തകനും വചനകവിതാപണ്ഡിതനുമായ എച്ച് എസ് ശിവപ്രകാശ് നടത്തുന്ന പഠനവും (Through Each Other’Eyes: Rodin and Nataraja) പുസ്തകത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുക്ു. അങ്ങനെ, റോഡിന്റെ നടരാജപഠനത്തെ ഒറ്റതിരിഞ്ഞ ഒരു ലേഖനമായിപരിഗണിക്കാതെ വിപുലമായ ഒരു സൌന്ദര്യാത്മക വ്യവഹാരത്തിന്റെ ചരിത്രത്തിനുള്ളില്‍വച്ച് അതിനെ വിലയിരുത്താനുള്ള അര്‍ഥപൂര്‍ണമായ ശ്രമമായി ഈ ഗ്രന്ഥം മാറിത്തീര്‍ന്നിരിക്കുന്നു.

വാസ്തവത്തില്‍ റോഡിന്‍ നടരാജവിഗ്രഹത്തിന്റെ യഥാര്‍ഥമാതൃകകളിലൊന്നുപോലും നേരില്‍ കകുിട്ടില്ല. നടരാജവിഗ്രഹത്തെ മുന്‍നിര്‍ത്തുന്ന നടരാജനൃത്തവും അദ്ദേഹത്തിന് പരിചിതമായിരുന്നില്ല. (പ്രമുഖ നര്‍ത്തകനായ രാംഗോപാല്‍ 1938ല്‍ മാത്രമാണ് നടരാജനൃത്തം പാരീസില്‍ അവതരിപ്പിക്കുന്നത്. ടെഡ്ഷ്വാണിനെപ്പോലുള്ള പടിഞ്ഞാറന്‍ നര്‍ത്തകര്‍ നടരാജനൃത്തം തങ്ങളുടേതായ രീതിയില്‍ പുനരാവിഷ്കരിച്ചിട്ടുകുെങ്കിലും പാരീസിന് അത് 1938ന് മുമ്പ് പരിചിതമായിരുന്നില്ല). നടരാജവിഗ്രഹത്തിന്റെ ഫോട്ടോഗ്രാഫുകളെ മുന്‍നിര്‍ത്തിയാണ് റോഡിന്‍ അദ്ദേഹത്തിന്റെ വിലയിരുത്തലിലേക്ക് നീങ്ങിയത്. ഇതുപോലെതന്നെ കംബോഡിയയിലെ ക്ഷേത്രസമുച്ചയത്തിലെ ബുദ്ധശില്‍പ്പത്തിന്റെ പകര്‍പ്പുരൂപങ്ങളെ മുന്‍നിര്‍ത്തി ബുദ്ധശില്‍പ്പത്തെക്കുറിച്ചും അദ്ദേഹം ആലോചിക്കുകയുകുായി. തന്റെ ശില്‍പ്പങ്ങളുടെ സൌന്ദര്യാത്മക സ്വരൂപത്തെക്കുറിച്ചുള്ള ആലോചനകളുടെ ഭാഗമായാണ് റോഡിന്‍ അതിനെ സ്വയംവിഭാവനം ചെയ്തതെങ്കിലും, ഫലത്തില്‍ അവ, ആ ശില്‍പ്പരൂപങ്ങളുടെ പില്‍ക്കാല ജീവിതത്തെയും അവയുടെ സൌന്ദര്യാത്മകതയെയും വിശദീകരിക്കുന്നതില്‍ ഏറ്റവുമധികം പ്രാധാന്യം ചെലുത്തിയ ആലോചനകളായി മാറി. ആയിരത്തോളം വര്‍ഷങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും അകലമുകുായിരുന്നിട്ടും ഇവ പരസ്പരം ഒത്തിണക്കം നേടി, പുതിയൊരു പില്‍ക്കാല ജീവിതത്തിലേക്ക് കടക്കുകയുംചെയ്തു. ഈ പുസ്തകം പറയുന്നത് അതിന്റെ കഥയാണ്.

2012 ഒക്ടോബറില്‍, പാരീസിലെ റോഡിന്‍ മ്യൂസിയത്തില്‍ പാരീസ് സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറിലെ പ്രബന്ധങ്ങളാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത്. നടരാജശില്‍പ്പത്തിന്റെയും റോഡിന്റെ അനവധി സ്കെച്ചുകളുടെയും ജീവിതസന്ദര്‍ഭങ്ങളുടെയും ചിത്രങ്ങള്‍ ചേര്‍ന്ന് മനോഹരമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം കലാപഠനത്തില്‍, പ്രത്യേകിച്ചും അതിന്റെ വ്യാവഹാരികചരിത്രത്തില്‍, തല്‍പ്പരരായവര്‍ക്ക് അങ്ങേയറ്റം ഉപയോഗപ്രദമായിരിക്കും. വിശ്വപ്രസിദ്ധമായ ഒരു ശില്‍പ്പവും വിശ്വപ്രസിദ്ധനായ ഒരു ശില്‍പ്പിയും സഹസ്രാബ്ദങ്ങളുടെ അകലത്തില്‍ നിലയുറപ്പിച്ചുകൊക്ു, പരസ്പരം പൂരിപ്പിക്കുന്നതിന്റെ മനോഹരദൃശ്യമാണ് ഈ ഗ്രന്ഥം വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top