01 December Friday

ജീവിതത്തെക്കുറിച്ചുതന്നെ

ഡോ. യു നന്ദകുമാര്‍Updated: Sunday Aug 14, 2016

'വിചിത്രമെങ്കിലും ഫ്രാന്‍സില്‍ എത്തിയശേഷം ഇന്ത്യക്കാരനായ അജാതശത്രു ആകാശ് റാത്തോഡ് പറഞ്ഞ ആദ്യവാക്ക് സ്വീഡിഷ് ഭാഷയിലേതാണ്. ഐകിയ...'
ഇങ്ങനെയാണ് അതിവിചിത്രവും രസകരമായ വായനാനുഭവം തരുന്നതുമായ ഈ നോവല്‍ ആരംഭിക്കുന്നത്. 'ഒരു ഐകിയ തുണിപ്പെട്ടിയില്‍ കെണിയിലായ ഫക്കീറിന്റെ വിചിത്രമായ യാത്രകള്‍' റൊമാങ് പ്വെര്‍തോലാസ് രചിച്ച ആദ്യനോവലാണ് (The Extra Ordinary Journey of the Fakir who got Trapped in an IKEA Wardrobe – Romain Puertolas, Vintage Publishing). ഇതിനകം അനേകം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട, നിരൂപകരുടെ പ്രത്യേക ശ്രദ്ധനേടിയ പുസ്തകമാണ് ഇത്.

അജാതശത്രു ആകാശ് റാത്തോഡ് (Ajathashatru Oghash Rathod) എന്ന രാജസ്ഥാനി പാരീസില്‍ എത്തുന്ന നിമിഷംമുതലാണ് കഥ ആരംഭിക്കുന്നത്. പ്രത്യേകിച്ച് ലക്ഷ്യങ്ങളില്ലാത്ത, ഭാവിയുടെമേല്‍ നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഒരുതരം അസംബന്ധ (Absurd) മായ ജീവിതമാണ് ഇതിലൂടെ ചുരുളഴിയുന്നത്. അസംബന്ധം (Absurd) എന്ന സാഹിത്യശാഖ കഴിഞ്ഞ നൂറ്റാണ്ടില്‍ യൂറോപ്പില്‍ ശക്തിപ്രാപിച്ച ഒന്നാണ്. ലക്ഷ്യമറ്റ ജീവിതം, സംഭവങ്ങളുടെയും സാഹചര്യങ്ങളുടെയും ഇരയായി ജീവിക്കേണ്ടിവരുന്ന മനുഷ്യാവസ്ഥ– ഇതൊക്കെയാണ് അബ്സര്‍ഡിന്റെ മുഖമുദ്ര. കരോളിന്റെ അത്ഭുതലോകത്തിലെ ആലീസുമുതല്‍ അനവധി ശ്രദ്ധേയമായ സൃഷ്ടികള്‍ ജീവിതത്തിലെ ഈ അസംബന്ധാവസ്ഥയെ നമ്മുടെ മുമ്പില്‍ എത്തിക്കുന്നു. രസകരമായി വായിക്കാനുള്ള അവസരം എന്നതിനപ്പുറം ജീവിതാവസ്ഥകളും ഭാവിയെ നിയന്ത്രിക്കാനാകാത്ത മനുഷ്യന്റെ നിസ്സഹായാവസ്ഥയുമൊക്കെയാണ് പലപ്പോഴും ഇത്തരം രചനകളുടെ അടിസ്ഥാനം. അജാതശത്രുവിന്റെ കഥയും ഇപ്രകാരം വായിക്കേണ്ട ഒന്നാണ്. നോവലാരംഭത്തില്‍ത്തന്നെ "ഹൃദയം ഒരു പരിധിവരെ ഒരു വലിയ വസ്ത്രപ്പെട്ടിയാണ്'' എന്ന അജാതശത്രുവിന്റെ പ്രസ്താവം ആമുഖംപോലെ ചേര്‍ത്തിട്ടുണ്ട്. ഇതും നോവലിന്റെ ലഘുദര്‍ശനത്തെ നമ്മുടെ മുമ്പിലെത്തിക്കുന്നതാണ്.

നാം അജാതശത്രുവിനെ ആദ്യം കാണുമ്പോള്‍ അയാളൊരു കോമിക് കഥാപാത്രമാണ്. മെലിഞ്ഞ് ഒലിവ് നിറമുള്ള ഒരാള്‍, വലിയമീശയും തലപ്പാവും, ശരിയാംവണ്ണം കെട്ടാത്ത ടൈ, സില്‍ക്ക് വസ്ത്രങ്ങള്‍, ചുണ്ടുകളിലും ചെവികളിലും ആഭരണങ്ങള്‍– ഇതൊക്കെ യൂറോപ്പിലെ ഒരാള്‍ക്ക് തമാശയായല്ലേ തോന്നുകയുള്ളൂ. പാരീസിലെത്തുമ്പോള്‍ അയാളുടെ കൈയില്‍ ആകെയുള്ളത് നൂറ് യൂറോയുടെ കള്ളനോട്ട്. ഇതുമായി ഐകിയ ഷോറൂമില്‍നിന്ന് അവരുടെ ഉല്‍പ്പന്നമായ ആണിപിടിപ്പിച്ച കിടക്ക (ഒരുതരം ശരശയ്യ) വാങ്ങി അടുത്തനാള്‍ തിരിച്ചുപോകേണ്ടതുണ്ട്, അയാള്‍ക്ക്. ഒരു കോമിക് നടന്റെ എല്ലാ ചുറ്റുവട്ടങ്ങളും ഉള്ള അയാള്‍ക്ക് നമ്മെ മോഹിപ്പിക്കുന്ന മറ്റൊന്നുണ്ട്. ആത്മവിശ്വാസം! ഒരു വശത്തുമാത്രം അച്ചടിച്ച നൂറ് യൂറോയുടെ ഒരു കള്ളനോട്ടുമായി പാരീസില്‍ യാത്രചെയ്യുകയും കിടക്ക വാങ്ങുകയും ചെയ്യാമെന്നു കരുതുന്നത് വിഡ്ഢിത്തമാകാം. പക്ഷേ, അതിനുപിന്നിലെ തയ്യാറെടുപ്പുകളും ധൈര്യവും മനസ്സാന്നിധ്യവും അംഗീകരിക്കേണ്ടതായിവരും.

രാജസ്ഥാനിലെ താര്‍ മരുഭൂമിയിലെ സര്‍വസാധാരണമായ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നാണ് അജാതശത്രു വരുന്നത്. അച്ഛനമ്മമാരില്ലാത്ത ബാല്യം, അവിടെ കുട്ടിയായ അജാതന്‍ തന്റെ സ്വത്വം കണ്ടെത്തുന്നത് മറ്റുള്ളവരില്‍നിന്നും വിഭിന്നനാകാനുള്ള ആഗ്രഹത്തിലൂടെയാണ്. ആ ബാല്യത്തില്‍ തിരിച്ചറിഞ്ഞതാണ്; അറിവ് അധികാരത്തിലേക്കുള്ള വഴിയാണ് എന്ന്. ആദ്യം കണ്ട അത്ഭുതം ഒരു സിഗററ്റ് ലൈറ്റര്‍ കത്തുന്നതാണ്. ഒരു ഇംഗ്ളീഷുകാരന്‍ സിഗററ്റ് കത്തിച്ച് ലൈറ്റര്‍ വീണ്ടും സുരക്ഷിതമായി പോക്കറ്റില്‍ ഇടുന്നതാണ് അജാതനെ അത്ഭുതപ്പെടുത്തിയത്. ഇത് കരസ്ഥമാക്കുവാന്‍ അജാതന് ഇംഗ്ളീഷുകാരന്റെ ലൈംഗികാഗ്രഹങ്ങള്‍ക്ക് വഴിപ്പെടേണ്ടതായി വന്നു. പക്ഷേ, ഇംഗ്ളീഷുകാരന്‍ വലിയൊരു പാഠംപഠിപ്പിച്ചു: മാജിക് എന്നാല്‍ ഒരു സമൂഹത്തിന്റെ ശാസ്ത്രപരിജ്ഞാനത്തിന്റെ അപ്പുറത്തുള്ള എന്തുമാണ് എന്ന്. ഈ നിലയില്‍നിന്ന് അജാതന്‍ ഗ്രാമത്തിലെ ഫക്കീറായി മാറുന്നതിനിടയില്‍ മറ്റ് ഗുരുക്കന്മാരും അയാളെ ലൈംഗികമായി ഉപയോഗിക്കുന്നുണ്ട്. അറിവിനുപകരം വച്ചുനീട്ടാവുന്ന കറന്‍സിയായി ലൈംഗികത അജാതന് അനുഭവപ്പെടുന്നുണ്ട്. ജീവിതത്തില്‍ പിടിച്ചുനില്‍ക്കുകയെന്ന വലിയ മാജിക് അജാതന് വശമാകുമ്പോള്‍ അയാള്‍ അതിജീവനത്തിന്റെ ഉയര്‍ന്ന പടവുകള്‍ താണ്ടിയിരുന്നു. കുറച്ച് മാജിക്കും അനല്‍പ്പമായ ആത്മവിശ്വാസവുമായി ലോകംചുറ്റാനിറങ്ങുകയെന്ന അസംബന്ധം (Absurd) നമ്മെ അതിശയിപ്പിക്കും.

ഐകിയ വസ്ത്രപ്പെട്ടിയില്‍ ഒളിച്ചിരിക്കുന്ന അജാതന്‍ തന്റെ യാത്ര തുടങ്ങുകയായി. അന്ന് രാത്രി ഈ പെട്ടി ഇംഗ്ളണ്ടിലേക്ക് കയറ്റി അയക്കപ്പെട്ടു. ഈ പെട്ടി കയറ്റിയ കണ്ടെയ്നറില്‍വച്ച് അജാതന്‍ മറ്റ് മനുഷ്യരുടെ തിക്തമായ ജീവിതത്തിന് മുഖാമുഖം എത്തുന്നു. സുഡാനിലെ കഷ്ടപ്പാടുകളില്‍നിന്ന് രക്ഷപ്പെടാനുള്ള ത്വരയുമായി ഒളിച്ചുകടക്കുന്ന ഏതാനും ചെറുപ്പക്കാര്‍ അയാള്‍ക്ക് ജീവിതത്തിന്റെ മറ്റൊരധ്യായം വരച്ചുകാട്ടി. അഭയാര്‍ഥിജീവിതമാണ് യഥാര്‍ഥത്തില്‍ ഈ നൂറ്റാണ്ടിലെ അതിസാഹസികത. മറ്റൊരാളിനെങ്കിലും ഉപയോഗപ്രദമായി ജീവിക്കണമെന്ന തീരുമാനം അജാതന്‍ ആ രാത്രിയിലാണ് എടുത്തത്. ക്രമവിരുദ്ധമായി ഇംഗ്ളണ്ടിലേക്ക് കടന്ന അജാതനെ അവര്‍ സ്പെയിനിലേക്ക് നാടുകടത്തി. അവിടെനിന്ന് ഇറ്റലിയിലേക്കും കടല്‍മാര്‍ഗം ലിബിയയിലേക്കും തുടര്‍ന്ന് ഫ്രാന്‍സിലേക്കുമുള്ള യാത്രയാണ് നോവല്‍.

സാഹസികത, കാല്‍പ്പനികത, അതിജീവനം– ഇതൊക്കെ ഇന്നത്തെ പ്രത്യേകതകളാണ്. സമൂഹത്തിന്റെ പ്രധാന വീഥികളില്‍നിന്ന് പുറന്തള്ളപ്പെട്ടവരുടെ സുവിശേഷ ജീവിതമാണ് ഈ പുസ്തകം നമ്മുടെ മുമ്പിലെത്തിക്കുന്നത്. ഇവരില്‍ ഓരോ കഥാപാത്രവും ഓരോ മനുഷ്യാവസ്ഥയുടെ പ്രതീകങ്ങളാണ്. ഇരകളായി ജീവിക്കേണ്ടവര്‍ സ്വപ്നംകാണുമ്പോള്‍ സംഭവിക്കുന്നത് വളരെ സരസമായി പ്വെര്‍തോലാസ് ആവിഷ്കരിച്ചിരിക്കുന്നു എന്നുപറയാതെവയ്യ.
unnair@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top