21 June Friday

അധിനിവേശം എന്ന അന്ധകാരയുഗം

സുനില്‍ പി ഇളയിടംUpdated: Sunday Mar 12, 2017

ആധുനികയുഗം അധിനിവേശത്തിന്റെകൂടി യുഗമാണ്. പുറമേക്കെങ്കിലും പരസ്പരവിരുദ്ധമായി തോന്നാവുന്ന ഒരു കാര്യമാണത്. സ്വാതന്ത്യ്രം, ജനാധിപത്യം, മതനിരപേക്ഷത, സാര്‍വലൌകികത, മാനവികത, യുക്തിബോധം, ശാസ്ത്രീയത എന്നിങ്ങനെ എത്രയോ വലിയ മൂല്യങ്ങള്‍ക്ക് ജന്മം നല്‍കിയ, പലപല അനുപാതങ്ങളിലാണെങ്കിലും, അവയെ മനുഷ്യവംശത്തിന്റെയും ജീവിതത്തിന്റെയും വിവിധ വിതാനങ്ങളില്‍ ഉറപ്പിച്ചെടുത്ത, ഒരു കാലയളവിനെയാണ് നാം ആധുനിക കാലമായി പരിഗണിച്ചുപോരുന്നത്. മനുഷ്യവംശം ഒരു ലോകവ്യവസ്ഥയിലേക്ക് കാലൂന്നിയത് ആധുനികതയോട് ഒപ്പമാണ്. സാര്‍വദേശീയത എന്ന ആശയത്തിന്റെ അടിപ്പടവായിത്തീര്‍ന്നതും മറ്റൊന്നല്ല.

എങ്കിലും ഈ ആധുനികയുഗംതന്നെയായിരുന്നു അധിനിവേശത്തിന്റെ അന്ധകാരയുഗവും. മധ്യയുഗങ്ങളെ മതാന്ധതയുടെ കാലമായും പിന്നാലെവന്ന ക്രിസ്തുവര്‍ഷം 11-14 നൂറ്റാണ്ടുകളെ അന്ധകാരയുഗമായുമെല്ലാം പടിഞ്ഞാറന്‍ നാഗരികതയുടെ ചരിത്രകാരന്മാര്‍ വിവരിച്ചുപോന്നിട്ടുണ്ട്. ഈ അന്ധകാരയുഗത്തെ ഭേദിച്ച് നവോത്ഥാനത്തിന്റെയും ആധുനികതയുടെയും വെളിച്ചം പൊട്ടിക്കിളിര്‍ത്തതായും ലോകമെമ്പാടും പരന്നതായും നവോത്ഥാനചരിത്രകാരന്മാര്‍ പറഞ്ഞുപോരുന്നു. എന്നാല്‍, നവോത്ഥാനത്തിന്റെയും ആധുനികതയുടെയും യുഗം എന്ന് അവര്‍ പേരിട്ടുവിളിച്ച അതേ കാലയളവ് തന്നെ ഭൂമിയുടെ മറുപകുതിയിലെ-ആഫ്രോ, ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ - കോടാനുകോടി മനുഷ്യരെ സംബന്ധിച്ചിടത്തോളം മറ്റൊരു അന്ധകാരയുഗത്തിന്റെ ആരംഭമായിരുന്നു. ലളിതമായി പറഞ്ഞാല്‍ ആധുനികതയോടൊപ്പം പിറന്ന ഈ അന്ധകാരയുഗത്തിന്റെ പേരാണ് അധിനിവേശം. യൂറോപ്പില്‍ ആധുനികതയുടെ വെളിച്ചം പരന്ന കാലത്തുതന്നെ അത് ലോകത്തിന്റെ മറുപാതിയില്‍, ദക്ഷിണാര്‍ധഗോളത്തില്‍, അന്ധകാരത്തിന്റെ വിത്തും വിതച്ചു. ശതാബ്ദങ്ങള്‍ നീണ്ടുനിന്ന കൊള്ളയുടെ, കൂട്ടക്കൊലകളുടെ, അടിമക്കച്ചവടത്തിന്റെ, വെട്ടിപ്പുകളുടെ, വഞ്ചനകളുടെ സമാരംഭംകൂടിയായിരുന്നു കൊളോണിയലിസം. പുറമേക്ക് പരന്ന പ്രകാശത്തിന്റെയും ഭാസുരതയുടെയും മറുപുറത്തെ ഇരുട്ട്. ഒരു കൊളോണിയല്‍ കല്‍പ്പനതന്നെ കടമെടുത്ത് പറഞ്ഞാല്‍ ആധുനികയുഗത്തെ ചൂഴ്ന്നുനിന്ന അന്ധകാരത്തിന്റെ ഹൃദയം (Heart of  Darkness!) അധിനിവേശമായിരുന്നു.

അധിനിവേശം എന്ന ഈ അന്ധകാരയുഗം ഇന്ത്യയോട് ചെയ്തത് എന്താണ് എന്നതിന്റെ സരളവും അതേസമയം കണിശവുമായ വിവരണമാണ് ശശി തരൂരിന്റെ അന്ധകാരയുഗം (An Era of Drakness). 2016 അവസാനത്തോടെ ഡല്‍ഹിയിലെ അലേഫ് ബുക്ക് കമ്പനി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം അതിലെ വസതുതകളുടെ സമൃദ്ധികൊണ്ടും പ്രതിപാദനരീതിയുടെ സുതാര്യതകൊണ്ടും ഹൃദ്യമായ പാരായണക്ഷമതകൊണ്ടും ഇതിനകം തന്നെ വലിയതോതില്‍ വായനക്കാരുടെ ശ്രദ്ധ നേടിയ ഒന്നാണ്. അധിനിവേശത്തെയും അത് അധിനിവേശജനതയ്ക്കുമേല്‍ നടത്തിയ കടന്നാക്രമണങ്ങളെയും സംബന്ധിച്ച്, കഴിഞ്ഞ മൂന്ന്-നാല് പതിറ്റാണ്ടിനിടയില്‍ ഉയര്‍ന്നുവന്ന സൈദ്ധാന്തികാലോചനകള്‍ അതിവിപുലമാണ്.

കോളനിയനന്തരചിന്തയുടെ ഒരു പുതിയ ലോകംതന്നെ ഇക്കാലത്ത് നിലവില്‍വന്നു. അത്തരം ആശയാവലികളിലേക്കും അവ ഉയര്‍ത്തിക്കൊണ്ടുവരുന്ന സങ്കീര്‍ണമായ സംവാദങ്ങളിലേക്കും ഏറെയൊന്നും കടക്കാതെ അധിനിവേശത്തിന്റെ ആകത്തുകയെന്തെന്ന് കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയാണ് ശശി തരൂര്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ നര്‍മസുരഭിലവും സുതാര്യവുമായ ഭാഷ ഇത്തരം സ്ഥിതിവിവരക്കണക്കുകളെ ജടിലവസ്തുതകളായി ചുരുക്കാതെ, വായനക്കാരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒന്നായി രൂപാന്തരപ്പെടുത്തുന്നു. അന്യഥാ ഒരു വരണ്ട വിവരശേഖരമായി മാറിപ്പോകാവുന്ന ഈ ഗ്രന്ഥത്തെ ഇത്രമേല്‍ ഹൃദയാവര്‍ജകമാക്കുന്നതും ശശി തരൂരിന്റെ പ്രസാദപൂര്‍ണവും ചൊടിയുള്ളതുമായ ഭാഷയാണ്.

2015 മെയ് മാസത്തില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു ഡിബേറ്റില്‍ പങ്കെടുത്തുകൊണ്ട് ശശി തരൂര്‍ നടത്തിയ പ്രസംഗത്തിന്റെ വികസിതരൂപമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറയുന്നതുപോലെ അസാധാരണമായ വിധത്തില്‍ പുതുമയുളള യാതൊന്നും ആ പ്രസംഗത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നില്ല. ആ പ്രസംഗത്തിലെന്നപോലെ ഈ ഗ്രന്ഥത്തിലും. ദാദാഭായ് നവറോജി മുതല്‍ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവരെയുള്ളവര്‍ ദേശീയസ്വാതന്ത്യ്രപ്രക്ഷോഭകാലത്തും അതിനുമുമ്പും പലരൂപത്തില്‍ പറഞ്ഞ കാര്യങ്ങളുടെ ക്രോഡീകരണമാണ് ഈ ഗ്രന്ഥം. എങ്കിലും കൊളോണിയലിസവും അത് ഇന്ത്യക്ക് (ലോകജനതയ്ക്കും) മേല്‍ നടത്തിയ അതിക്രമങ്ങള്‍ പൊതുബോധത്തിലേക്ക്, പ്രത്യേകിച്ച് യുവതലമുറയുടെ ശ്രദ്ധയിലേക്ക്, മടക്കിക്കൊണ്ടുവരുന്നതില്‍ ആ പ്രസംഗം അസാധാരണമായ വിധത്തില്‍ വിജയം നേടിയിരിക്കുന്നു.

ആമുഖം കൂടാതെ എട്ട് അധ്യായങ്ങളായാണ് ‘അന്ധകാരയുഗം’ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണംമുതല്‍ കോളനിഭരണത്തിന്റെ പരിസമാപ്തിക്കുശേഷം വരെയുള്ള സ്ഥിതിഗതികള്‍വരെ ഈ അധ്യായത്തില്‍ വിശദമായി പരിശോധിക്കപ്പെടുന്നുണ്ട്. ഗവേഷണപരമായ കൃത്യതയും വിശദാംശങ്ങളുടെ സമൃദ്ധിയും നിറഞ്ഞ സുതാര്യമായ ഭാഷയില്‍, കോളനിവാഴ്ച ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിച്ച സര്‍വനാശത്തിന്റെ ചിത്രം ശശി തരൂര്‍ അത്യന്തം ഫലപ്രദമായി അനാവരണംചെയ്തിട്ടുണ്ട്. മുഗള്‍ഭരണം അവസാനിക്കുമ്പോള്‍ ലോകത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GDP) 23 ശതമാനത്തിന്റെ പങ്കാളിയായിരുന്ന ഇന്ത്യ ബ്രിട്ടീഷ് ഭരണം അവസാനിക്കുമ്പോള്‍ മൂന്ന് ശതമാനത്തിന്റെ പങ്കാളിത്തം എന്ന പരമദയനീയാവസ്ഥയിലേക്ക് കൂപ്പുകുത്തിയതിന്റെ ചിത്രം ഈ പുസ്തകം സവിസ്തരം വരച്ചുകാട്ടുന്നു. ഇന്ത്യന്‍ വിഭവസ്രോതസ്സുകള്‍ കൊള്ളയടിക്കുകയും ഇന്ത്യയിലെ നൂല്‍നൂല്‍പ്പ്, വസ്ത്രനിര്‍മാണം, ഉരുക്കുവ്യവസായം, കപ്പല്‍വ്യവസായം തുടങ്ങിയവയെല്ലാം സമ്പൂര്‍ണമായി തകര്‍ക്കുകയും കാര്‍ഷികമേഖലയിലെ ഉല്‍പ്പാദനക്രമങ്ങളെ അട്ടിമറിക്കുകയും ചെയ്തുകൊണ്ട് ബ്രിട്ടീഷ് കോളനിവാഴ്ച ഇന്ത്യന്‍ ജനതയുടെ ജീവിതത്തെ നരകസമാനമായ അവസ്ഥയിലേക്ക് പിടിച്ചുതാഴ്ത്തിയതിന്റെ സമഗ്രചിത്രം ഈ ഗ്രന്ഥത്തിലുണ്ട്. ജനാധിപത്യവും രാഷ്ട്രീയസ്വാതന്ത്യ്രവും നിയമവാഴ്ചയും റെയില്‍വേയും കമ്പിത്തപാലും മറ്റും നല്‍കുകവഴി, പരോക്ഷമായെങ്കിലും, ബ്രിട്ടീഷ് ഭരണം ഇന്ത്യക്ക് അനുഗ്രഹമായിത്തീര്‍ന്നിട്ടുണ്ട് എന്ന് ഇപ്പോഴും കരുതിപ്പോരുന്നവരുടെ എല്ലാ വാദഗതികളെയും അതിസമര്‍ഥമായി, വേണ്ടത്ര വസ്തുതകളുടെ പിന്‍ബലത്തോടെ, ഖണ്ഡിക്കാന്‍ ശശിതരൂരിന് ഈ പുസ്തകത്തില്‍ കഴിഞ്ഞിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ മികവും മറ്റൊന്നല്ല.

അടിസ്ഥാനപരമായി താര്‍ക്കികമായ ഒരു വിഷയപരിചരണരീതിയാണ് ശശി തരൂര്‍ പിന്‍തുടരുന്നത്. ഈ ഗ്രന്ഥത്തിന്റെ പാരായണക്ഷമതയെയും പ്രഭാവത്തെയും നിര്‍ണയിക്കുന്നതില്‍ അതിന് വലിയ പങ്കുണ്ടുതാനും. അധിനിവേശത്തെക്കുറിച്ചുളള ചരിത്രപരമോ സൈദ്ധാന്തികമോ ആയ വിശകലനങ്ങളിലേക്ക് തിരിയാതെ, വസ്തുതകളെ അനുഭവമാത്രമായ നിലയില്‍ അവതരിപ്പിക്കുന്നു എന്ന വിമര്‍ശനം ഇതിനെക്കുറിച്ച് ന്യായമായും ഉന്നയിക്കപ്പെടാവുന്നതാണ്. എന്നാല്‍, ഇതിനെല്ലാം ശേഷവും ഈ ഗ്രന്ഥം നമ്മുടെ കാലഘട്ടത്തിന് കൈവന്ന മികച്ച സംഭാവനകളിലൊന്നായിത്തന്നെ അവശേഷിക്കുന്നുണ്ട്. ഇപ്പോള്‍ വിദൂരമായ ഒരു ചരിത്രസ്മൃതിയായി തോന്നുമെങ്കിലും, അധിനിവേശം യഥാര്‍ഥത്തില്‍ എന്തായിരുന്നു എന്നതിനെക്കുറിച്ച്, നടുക്കം തോന്നാവുന്ന വിധത്തില്‍ ഈ ഗ്രന്ഥം വായനക്കാരോട് സംസാരിക്കുന്നു. പുത്തന്‍ അധിനിവേശത്തിന്റെ നാനാതരം അരങ്ങേറ്റങ്ങളുടെ ഈ കാലത്ത് ആ ഓര്‍മപ്പെടുത്തലിന് വലിയ പ്രാധാന്യമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top