26 April Friday

പ്രവാസചരിത്രം പ്രകോപനങ്ങളില്ലാതെ

ബി അബുരാജ്Updated: Sunday Oct 9, 2016

അണമുറിയാതെ ആഡംബരവാഹനങ്ങള്‍ ഒഴുകുന്ന അംബരചുംബികള്‍നിറഞ്ഞ കുവൈത്ത് സിറ്റിയിലൂടെ ആദ്യമായി കാറോടിച്ചത് ആരാണ്? പേരറിയില്ലെങ്കിലും അതൊരിന്ത്യക്കാരനാണെന്ന് ആധികാരികരേഖകള്‍. 1912ലാണത്. ബോംബെയില്‍നിന്ന് കപ്പലില്‍ വന്ന അയാള്‍ കുവൈത്തിയായ അലി ഹുസാന്‍ അബു ഖന്‍ഫാറിനെ ഡ്രൈവിങ് പഠിപ്പിച്ച് ആ നാട്ടിലെ ആദ്യ ഡ്രൈവിങ് പരിശീലകനുമായി.

പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ ദിനാര്‍ ഔദ്യോഗികമായി നിലവില്‍ വരുംവരെ കുവൈത്തിന്റെ നാണയം എന്തായിരുന്നു? അവിശ്വസിക്കേണ്ട– ഇന്ത്യന്‍ രൂപ. 1948 വരെ കുവൈത്തിലെ തപാല്‍ മുദ്രകളില്‍ അടിച്ചിരുന്നതെന്താണെന്നറിയാമോ? ഇന്ത്യാ പോസ്റ്റേജ് എന്ന്!!

നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് നീളുന്ന ഉഭയകക്ഷി സൌഹൃദത്തിന്റെയും വാണിജ്യ–നയതന്ത്ര ബന്ധങ്ങളുടെയും വ്യാപ്തി വെളിപ്പിപ്പെടുത്താനാണ് കൌതുകകരമായ ഈ പൊതുവിജ്ഞാനം പങ്കുവച്ചത്. നാലുപതിറ്റാണ്ടായി കുവൈത്തില്‍ പ്രവാസിജീവിതം നയിക്കുകയും അവിടെ സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന സാം പൈനുംമൂടിന്റെ കുവൈത്ത് ഇന്ത്യന്‍ കുടിയേറ്റ ചരിത്രമെന്ന പുസ്തകത്തില്‍നിന്ന് കണ്ടെത്തിയതാണ് ഈ വിവരങ്ങള്‍. ദാരിദ്യ്രത്തില്‍നിന്ന് സമ്പല്‍ സമൃദ്ധിയിലേക്ക് പടിപടിയായി കയറിപ്പോയ കുവൈത്തുമായി എട്ടര ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹം ഇഴുകിച്ചേര്‍ന്നതിന്റെ ചരിത്രസാക്ഷ്യങ്ങളുടെ ശേഖരമാണ് സാമിന്റെ രചന.

മെസപൊട്ടോമിയന്‍മേഖലയുടെ ഭാഗമായിരുന്ന കുവൈത്ത് ബിസി മൂന്നാംനൂറ്റാണ്ടില്‍ അലക്സാണ്ടറുടെ അധീനതയിലായി. പില്‍ക്കാലത്ത് ഈ ദ്വീപ് രാജ്യത്തിന്റെ നിയന്ത്രണം പോര്‍ട്ടുഗലിനും ബ്രിട്ടനും ലഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സ്വതന്ത്രമായി. 1938ല്‍ ബുര്‍ഗാനില്‍ എണ്ണ കണ്ടെത്തിയതോടെ ദാരിദ്യ്രത്തിന്റെ കഥകള്‍ പഴഞ്ചനായി. ഈയൊരു വളര്‍ച്ച വിവരിക്കുകയും ഇന്ത്യന്‍സമൂഹം അതിനായി നടത്തിയ സംഭാവനകള്‍ അടയാളപ്പെടുത്തുകയും ചെയ്യുന്നു ഗ്രന്ഥകാരന്‍.

കുവൈത്തിലെത്തിച്ചേര്‍ന്ന ആദ്യകാല ഇന്ത്യക്കാരുടെ വിശദാംശങ്ങള്‍ ഇതിലുണ്ട്. മുഖദാവില്‍ കാണാന്‍ കഴിയുന്നവരില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയും ഒട്ടനവധി രേഖകള്‍ പരിശോധിക്കുകയും ചെയ്തിരിക്കുന്നു. ചരിത്രരചനയുടെ അക്കാദമിക് രീതികളേക്കാള്‍ മാധ്യമപ്രവര്‍ത്തകര്‍ അനുവര്‍ത്തിച്ചുവരുന്ന വിവരണാത്മകശൈലി സ്വീകരിക്കുന്നെങ്കിലും ഘടനാപരമായ അച്ചടക്കം ഉറപ്പാക്കുന്നുണ്ട്. ഇതിനായി കുടിയേറ്റ ചരിത്രത്തെ നാലുഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. 1900 മുതല്‍ 1940 വരെ ഒന്നാംഘട്ടം, 1941 മുതല്‍ 1970 വരെ രണ്ടാംഘട്ടം, 1971 മുതല്‍ 1990 വരെ മൂന്നാംഘട്ടം. 1990നുശേഷം നാലാംഘട്ടം എന്നിങ്ങനെയാണ് വിഭജനം. കേവലം പകര്‍ത്തിയെഴുത്ത് കര്‍മമല്ല ഇവിടെ നിര്‍വഹിച്ചിരിക്കുന്നത്. സമര്‍പ്പിതമനസ്സോടെ നടത്തിയ ഗവേഷണംതന്നെയാണ്.

ഒന്നാംഘട്ടത്തില്‍ത്തന്നെ ഇവിടെ മലയാളിസാന്നിധ്യമുണ്ടായിരുന്നതായി സാം സ്ഥാപിക്കുന്നു. കോഴിക്കോട് സ്വദേശി സീതിക്കാ വീട്ടില്‍ ഹാജി എസ് വി കുഞ്ഞഹമ്മദ് കോയയാണത്രേ അത്. അവിടെ തുടങ്ങി നിരവധി മലയാളികളുടെ, പ്രത്യേകിച്ചും ആദ്യഘട്ട പ്രവാസികളെ പരിചയപ്പെടുത്തുന്നു. അവരിലൂടെ പ്രവാസത്തിന്റെ ചരിത്രംപറയുന്ന രീതി ആസ്വാദ്യകരമാണ്. 1917ല്‍ പായ്ക്കപ്പലില്‍ കോഴിക്കോട്ടെത്തിയ യൂസഫ് സഖര്‍ എന്ന പ്രശസ്ത കുവൈത്തി വ്യാപാരി, 1945ല്‍ കുടിയേറിയ കൊല്ലം തങ്കശ്ശേരിക്കാരന്‍ കെ വി നായര്‍, കോഴഞ്ചേരി സ്വദേശി തോമസും കുടുംബവും, 1947ലെത്തിയ മംഗലാപുരത്തുകാരന്‍ ജോണ്‍ തുടങ്ങി ടൊയോട്ട സണ്ണി എന്ന പേരില്‍ പ്രശസ്തനായ എം മാത്യൂസുവരെ എത്രയെത്രപേര്‍ ഇതില്‍ കടന്നുവരുന്നു.

പ്രവാസിമലയാളികളുടെ സജീവമായ സാംസ്കാരിക പ്രവര്‍ത്തനകേന്ദ്രംകൂടിയാണ് കുവൈത്ത്. അതിന്റെ നായകസ്ഥാനത്ത് കുവൈത്ത് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ അഥവാ കലയാണല്ലോ. 1977ല്‍ പ്രവാസികളെ സന്ദര്‍ശിക്കാനെത്തിയ സ. ഇ കെ ഇമ്പിച്ചിബാവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ച് കല തുടങ്ങിയതുമുതലുള്ള ചരിത്രം സംഘടനയുടെ നേതൃസ്ഥാനത്തുള്ള സാം നല്‍കുന്നു.

aburaj@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top