20 April Saturday

ദൈവസംവാദവും മാനവികതയും

ഡോ. യു നന്ദകുമാര്‍Updated: Sunday Oct 9, 2016

മതവും ദൈവവിശ്വാസവുമാണ് നമ്മുടെ ഏറ്റവും പ്രാചീനമായ പ്രമാണം. ബഹുഭൂരിപക്ഷംപേരും ഏതെങ്കിലും മതത്തിലും ഏതെങ്കിലും ദൈവത്തിലും വിശ്വസിക്കുന്നു. എന്നാല്‍, ഇത്തരം ഗാഢമായ വിശ്വാസത്തിന്റെ അടിത്തറ ചോദ്യംചെയ്യുന്നതിനോ അടിസ്ഥാനസങ്കല്‍പ്പങ്ങളെ കണ്ടെത്താനോ അല്ലെങ്കില്‍ ഏതെങ്കിലും നിലയിലുള്ള അപഗ്രഥനത്തിലൂടെ ദൈവത്തിന്റെ പ്രസക്തി നമ്മെ ബോധ്യപ്പെടുത്തുന്നതിനോ ശാസ്ത്രീയമായ ശ്രമം അധികമില്ല.

ഇവിടെയാണ് എ സി ഗ്രെലിങ് രചിച്ച 'ദൈവസംവാദം മതത്തിനെതിരെയും മാനവികതയ്ക്കുവേണ്ടിയും ഒരു നിലപാട്' (A C Grayling: The God Argument– The Case Against Religion and for Humanism , Bloomsbury) എന്ന പുസ്തകത്തിന്റെ പ്രസക്തി. ഗ്രെലിങ് സമകാലീന തത്വചിന്തകനാണ്. 2011 വരെ അദ്ദേഹം ലണ്ടന്‍ സര്‍വകലാശാലയിലെ ഫിലോസഫി പ്രൊഫസറായി പ്രവര്‍ത്തിച്ചു. അതിനുശേഷം മാനവികവിഷയങ്ങളുടെ പഠനങ്ങള്‍ക്കായി ഒരു സ്വതന്ത്ര കോളേജ് സ്ഥാപിച്ച് അതില്‍ പ്രവര്‍ത്തിക്കുന്നു. ആധുനിക തത്വചിന്തകന്റെ മാനിഫെസ്റ്റോ എന്തായിരിക്കണമെന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. ലഹരിമരുന്നുകളുടെ നിയമസാധുത, ദയാവധം, മനുഷ്യാവകാശം, മതനിരപേക്ഷത, നീതിശാസ്ത്രം, സദാചാരം എന്നിങ്ങനെ നമുക്കുചുറ്റും ചര്‍ച്ചചെയ്യപ്പെടുന്ന എന്തും ജനങ്ങളുമായി സംവദിക്കാനായി അദ്ദേഹം മുന്നോട്ടുവരുന്നു. അതിനാലാണ് അദ്ദേഹം രചിച്ച ഈ പുതിയ പുസ്തകം പെട്ടെന്നുതന്നെ വ്യാപകമായ ശ്രദ്ധനേടിയത്.

ദൈവം എന്ന സങ്കല്‍പ്പംതന്നെ ഒരു ചര്‍ച്ചയ്ക്ക് വഴങ്ങുന്നതാണെന്ന് ഗ്രെലിങ് കണ്ടെത്തുന്നു. 'ഒരു ഭൂചലനം വളരെപ്പേരെ കൊല്ലുന്നു എന്നുകരുതുക. ഈ കെടുതി അതിജീവിച്ചവരും അതില്‍ മരിച്ചവരും ഒപ്പംനിന്ന് ദീര്‍ഘകാലത്തെ ശ്രദ്ധയും പ്രയത്നവും മുതല്‍മുടക്കി സൃഷ്ടിച്ചതെല്ലാം നശിച്ചുപോയതിനുശേഷവും നാം കാണുന്നത് ജനങ്ങള്‍ ആരാധനാലയങ്ങളില്‍ പോയി ഉപകാരസ്മരണ ചൊല്ലുകയും മരിച്ചവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതാണ്. അതില്‍ വൈരുധ്യമോ വിരോധാഭാസമോ ആയി ഒന്നും ഇല്ല എന്ന മട്ടില്‍.' ഇത്തരം അവസ്ഥകളാണ് ദൈവസങ്കല്‍പ്പത്തെ ചോദ്യംചെയ്യപ്പെടേണ്ടതുണ്ട് എന്ന നിലയിലേക്ക് ഗ്രെലിങ്ങിനെ കൊണ്ടെത്തിക്കുന്നത്.

രണ്ടുഭാഗങ്ങളായാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. ആദ്യഭാഗം മതത്തിനെതിരായുള്ള വാദങ്ങളാണ്. മതവും ദൈവവും മനുഷ്യരാശിക്ക് ആവശ്യമാണെന്ന് വിശ്വസിക്കുന്നവരുടെ വാദങ്ങള്‍ കണ്ടെത്തി അതിന് മറുവാദങ്ങള്‍ നിരത്തുകയാണ് പതിനൊന്ന് അധ്യായങ്ങളിലൂടെ അദ്ദേഹം ചെയ്യുന്നത്. രണ്ടാംഭാഗത്തിനും പതിനൊന്ന് അധ്യായങ്ങളാണ്. 'മാനവികതയ്ക്കുവേണ്ടി' എന്നാണ് ഈ ഭാഗത്തിന്റെ പേര്. മതവിശ്വാസങ്ങള്‍ വേരറ്റുകഴിഞ്ഞാല്‍ ഉണ്ടാകാവുന്ന ശൂന്യതയില്‍ കൂടുതല്‍ ചേതനയുള്ള മറ്റൊരു സങ്കല്‍പ്പം ആകാം. മതത്തിനുപകരം മാനവികത എന്ന ആശയം അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.

മനുഷ്യന് മനസ്സിലാകാത്ത നിരവധി സംഭവങ്ങള്‍ പ്രകൃതിയില്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഇതേക്കുറിച്ചുള്ള കഥകളും മിത്തുകളും കുറെ അതിഭാവുകത്വം നിറഞ്ഞതാകുന്നതിലും അത്ഭുതപ്പെടേണ്ടതില്ല. ഇങ്ങനെതന്നെയാണ് നമ്മുടെ ആദ്യകാല ശാസ്ത്രവും സാങ്കേതികജ്ഞാനവും. മതങ്ങള്‍ ഉണ്ടായതും ഇത്തരത്തിലുള്ള കഥകളില്‍നിന്നും ആശയങ്ങളില്‍നിന്നുമാണ് എന്നതിലും തര്‍ക്കിക്കാനാകില്ല. ഇതില്‍നിന്ന് വിവിധതരത്തിലുള്ള ദൈവസങ്കല്‍പ്പങ്ങളും മെല്ലെ ഉടലെടുത്തു. എന്നാല്‍, ആധുനികകാലത്ത് ഇത്തരം ദൈവസങ്കല്‍പ്പങ്ങള്‍ക്ക് ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും വിശകലനങ്ങളെ അതിജീവിക്കാനാകില്ല. ഡേവിഡ്  ഹ്യൂം 18–ാം നൂറ്റാണ്ടില്‍ത്തന്നെ മനുഷ്യമനസ്സിനും ധിഷണയ്ക്കും നിരക്കാത്ത ദൈവത്തെ നിരാകരിച്ചിരുന്നു. ഓഖാമിന്റെ വാള്‍ (Okham's Razor) എന്ന തത്വം ദൈവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ഹ്യൂം കരുതുന്നു. ഏത് പ്രവര്‍ത്തനത്തെക്കുറിച്ച് ആലോചിക്കുമ്പോഴും ഏറ്റവും കുറച്ച് സങ്കല്‍പ്പങ്ങളേ ഉപയോഗിക്കാവൂ എന്ന് ഓഖാം നിഷ്കര്‍ഷിക്കുന്നു. പില്‍ക്കാലത്ത് ബര്‍ട്രണ്ട് റസ്സല്‍ തന്റെ ന്യായവാദത്തിലൂടെ ശാസ്ത്രത്തിന്റെ വഴികള്‍ എന്തൊക്കെയാണെന്ന് പറഞ്ഞുതരുന്നു. ഇതും ദൈവസിദ്ധാന്തങ്ങളില്‍ പരീക്ഷിക്കപ്പെടുമ്പോള്‍ ദൈവമുണ്ട് എന്നും പറയാനാകില്ല. ഇതുപോലെ ദൈവത്തിനനുകൂലമായി പാസ്കലിന്റെ വാദങ്ങളെയും ഗ്രെലിങ് തെറ്റാണെന്ന് സമര്‍ഥിക്കുന്നുണ്ട്. കാള്‍ സാഗന്റെ വാഹനപ്പുരയിലെ വ്യാളി (Dragon In The Garage)യും പല ദൈവവാദങ്ങളെയും ഖണ്ഡിക്കുന്നു.

മതത്തിന്റെയും ദൈവത്തിന്റെയും ആധിപത്യത്തില്‍നിന്ന് നാം രക്ഷപ്പെട്ടുകഴിഞ്ഞാല്‍ മാനവികതയാണ് ഏറ്റവും യുക്തിഭദ്രമായ വിശ്വാസരീതി. മാനവികത എന്ന ചിന്താധാരയുടെ വിവിധ വശങ്ങളാണ് പുസ്തകത്തിന്റെ രണ്ടാംഭാഗം ചര്‍ച്ചചെയ്യുന്നത്. തുടക്കത്തില്‍ത്തന്നെ സദാചാരബോധം, നൈതികത എന്നിവയുടെ വ്യത്യാസം ചര്‍ച്ചചെയ്യപ്പെടുന്നു. മാനവികതയുടെ അടിസ്ഥാനം നൈതികതതന്നെയാണ്. ഉദാഹരണത്തിന് ഒരു സദാചാരവാദിക്ക് വിവാഹമോചനം തെറ്റാണെന്ന പൊതുധാരണയുണ്ടാകും. എന്നാല്‍, സ്വതന്ത്രസമൂഹത്തില്‍ ജീവിക്കുന്ന വ്യക്തി തന്റെ നൈതികതയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ അസന്തുഷ്ടമായ വിവാഹബന്ധം തുടരാത്തതാണ് ശരി എന്ന നിലപാടിലെത്തും. നൈതികത ഏതുതരം സംവാദത്തിനും മാറിവരുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്കും വഴങ്ങുന്നതാണ്. ഈ അടിസ്ഥാനത്തിലാണ് ഗ്രെലിങ് തന്റെ മാനവികത വികസിപ്പിക്കുന്നത്. അതായത്, നാം ജീവിക്കുമ്പോള്‍ത്തന്നെ ബൌദ്ധികവും ചിന്തോദ്ദീപകവുമായ തലങ്ങള്‍ നമുക്കുചുറ്റും ഉണ്ടായിരിക്കണം. ഈ സാഹചര്യങ്ങളോട് നാം അനുകൂലമായി പ്രതികരിക്കുകയും ജീവിതത്തിലെ നിലവാരം, സത്യസന്ധത, ലക്ഷ്യങ്ങള്‍ എന്നിവ നേടുന്നതിനായുള്ള സാധ്യതകള്‍ തുടര്‍ച്ചയായി കൈവരിക്കാന്‍ ശ്രമിക്കുകയും വേണം. അതോടൊപ്പം മറ്റുള്ളവര്‍ക്കും ഇതേ സാധ്യതകള്‍ ഉണ്ടാകണമെന്ന് നാം ഉറപ്പാക്കുകയും വേണം.

ഒരു ദാര്‍ശനികന്‍ എന്ന നിലയില്‍ മാനവികതയെ കാണുമ്പോള്‍ ഗ്രെലിങ് ആധുനികസമൂഹത്തിന്റെ പല കാഴ്ചപ്പാടുകളെയും നിശിതമായി വിമര്‍ശിക്കുന്നു. ഫിലോസഫിപോലും കലാശാലകളിലെ ചാരുകസേരശാസ്ത്രമായപ്പോള്‍, ജീവിതത്തിലെ പല സന്ദിഗ്ധാവസ്ഥകളുടെയും ചര്‍ച്ച ജനങ്ങള്‍ക്ക് അപ്രാപ്യമായി. വൈദ്യശാസ്ത്രം, പരിസ്ഥിതി, വിപണി, യുദ്ധം, സംഘര്‍ഷം എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അക്കാദമിക് ഫിലോസഫിക്കാര്‍ വിട്ടുനില്‍ക്കുന്നു. ഇത് മാനവികതയെ ബാധിക്കുന്ന പ്രശ്നമാണ്.

ഭ്രമാത്മകത, മിഥ്യാബോധം, അതിശയോക്തി ഇവയൊന്നുമില്ലാതെ മനുഷ്യനെ കാണുന്ന അവസ്ഥയാണ് മാനവികതയുടെ അടിസ്ഥാനം. അത് നമ്മുടെ ജീവിതവുമായി നേര്‍ബന്ധത്തിലാണ് – മരണാനന്തരജീവിതത്തിന്റെ താങ്ങ് അതിനാവശ്യമില്ല. ദൈവികമായ ഒരു കല്‍പ്പനയും ആവശ്യമില്ല. നമുക്ക് വേണ്ടത് ശുദ്ധമായ കാഴ്ചയും അനുകമ്പയും നീതിബോധവുംമാത്രം. അത്തരം ഒരിടത്തില്‍ ലഭ്യമായ ജീവിതംകൊണ്ട് അനന്തമായ സാധ്യതകള്‍ സൃഷ്ടിക്കാന്‍ നമുക്കെല്ലാം കഴിയും. ഇതാണ് ഗ്രെലിങ്ങിന്റെ ദര്‍ശനം.

'ദൈവസംവാദം' തുടര്‍ന്നും ചര്‍ച്ചചെയ്യപ്പെടുമെന്നതില്‍ തര്‍ക്കമില്ല. മതത്തെയും മാനവികതയെയും ഒപ്പത്തിനൊപ്പം നിര്‍ത്തി പരിശോധിക്കുന്ന ഈ ഗ്രന്ഥം പുസ്തകപ്പുരയിലെ സ്വാഗതാര്‍ഹമായ സാന്നിധ്യമാണ്.

unnair@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top