29 March Friday

നെഹ്രുവിയൻ ഇന്ത്യ : പുനർവായനയുടെ രാഷ്ട്രീയം

രാജീവ് മഹാദേവന്‍Updated: Monday Aug 24, 2020

രാജീവ് മഹാദേവന്‍

രാജീവ് മഹാദേവന്‍

പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ എഴുതിയ  നെഹ്രുവിയൻ ഇന്ത്യ : പുനർവായനയുടെ രാഷ്ട്രീയം എന്ന കൃതിയെപ്പറ്റി രാജീവ് മഹാദേവന്‍ എഴുതുന്നു

“Long years ago we made a tryst with destiny, and now the time comes when we shall redeem our pledge, not wholly or in full measure, but very substantially. At the stroke of the midnight hour, when the world sleeps, India will awake to life and freedom”

-An excerpt from Jawaharlal Nehru's Tryst of Destiny speech, August 15, 1947

ഴുപത്തിമൂന്നു വർഷങ്ങൾക്കു മുൻപ് ആഗസ്റ്റ് പതിന്നാലിൻ പാതിരയിൽ, ഇന്ത്യയെന്ന സങ്കൽപ്പം ലോകത്തിൻറെ നെറുകയിലേക്കുയർത്തിക്കൊണ്ട് നെഹ്രു പറഞ്ഞ വാക്കുകളാണിത്. അത്ര തന്നെ വർഷങ്ങൾക്കിപ്പുറം ആ മഹത്തായ സങ്കൽപ്പം തുടർച്ചയായ് മുറിവുകളേറ്റ് വടുക്കളുറച്ച് വികൃതമാക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയെ കണ്ടെത്താനുള്ള യാത്രകൾ നെഹ്രുവിലേക്കെത്തിച്ചേരും എന്ന തിരിച്ചറിവിലേക്ക്, സ്വാതന്ത്ര്യപ്പുലരിയിൽ ഓരോ ഇന്ത്യക്കാരനും ഉണരേണ്ടതുണ്ട്. മതം വ്യക്തിജീവിതത്തിൻറെ ഭാഗം മാത്രമാണെന്നും രാഷ്ട്രീയജീവിതത്തിൻറെ കോണുകളിൽപ്പോലും അതിനു സ്ഥാനമില്ലെന്നുമുള്ള നിലപാടുകളിൽ ഉറച്ചു നിന്നു കൊണ്ടും സ്വജീവിതത്തിൽ അത് നടപ്പിലാക്കിക്കൊണ്ടും മതാധിഷ്ഠിത ഇന്ത്യൻ സമൂഹത്തിൽ മതേതര സർക്കാരിനെ രൂപപ്പെടുത്താൻ ശ്രമിച്ച ഭരണാധികാരി ആയിരുന്നു ജവഹർ ലാൽ നെഹ്‌റു.

നെഹ്രുവിനോടുള്ള വിയോജിപ്പിൻറെ തലങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ നെഹ്രുവിയൻ മൂല്യങ്ങളുടെ വർത്തമാനകാല രാഷ്ട്രീയവായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പുസ്തകമാണ് നെഹ്രുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം. കേരള ശാസ്ത്ര സാഹിത്യപരിഷത്തിൻറെ അമരക്കാരനായ ടി പി കുഞ്ഞിക്കണ്ണൻ മാഷിൻറെ ദശകങ്ങളായുള്ള ധൈഷണിക സമരപോരാട്ടങ്ങളിലെ ഏറ്റവും പുതിയ ഒരേടായിത്തന്നെ ഇതിനെ വായിച്ചെടുക്കാം. നെഹ്രുവിയൻ യാഥാർഥ്യങ്ങളെ വർത്തമാനകാല സങ്കല്പങ്ങളുമായി താരതമ്യം ചെയ്യുന്ന ഒരു പുസ്തകമല്ല ഇത്. പക്ഷെ ഇത് വായിച്ചു കൊണ്ടിരിക്കുന്ന ഓരോ ഘട്ടത്തിലും ഇത്തരമൊരു താരതമ്യം നമ്മുടെയുള്ളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കും എന്നെനിക്കുറപ്പാണ്.

ശാസ്ത്രമെന്നാൽ കുറെ അറിവുകൾ മാത്രമല്ലെന്നും, അതൊരു ജീവിതവീക്ഷണം കൂടിയാണെന്നും; ഇന്ത്യയെപ്പോലെ ബൃഹത്തും വൈവിധ്യപൂർണവുമായ ഒരു രാജ്യത്തെയും അവിടുത്തെ നാനാവിധ ജനങ്ങളേയും പുരോഗതിയിലേക്ക് നയിക്കുന്നതിനുതകുന്ന പ്രവർത്തനപരിപാടിയായ് അത് മാറണമെന്നും നെഹ്‌റു ഉൾക്കൊണ്ടു. ഒരു ചെറു ന്യൂനപക്ഷത്തിൻറെ അനാവശ്യങ്ങളല്ല; ഭൂരിപക്ഷത്തിൻറെ സ്വപ്ങ്ങളാണ് പ്രധാനം എന്നു വിഭാവനം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ സത്ത തന്നെ നെഹ്രുവിയൻ സങ്കല്പങ്ങളാണ്.

നെഹ്രുവിന്റെ ശാസ്ത്രബോധ്യങ്ങളുടെ അടിത്തറ ഹാരോ സ്‌കൂളിൽ നിന്നോ ട്രിനിറ്റി കോളേജിൽ നിന്നോ മാത്രമായ് ഉണ്ടായി വന്നതല്ല. തീരെച്ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ ശരിയായ വായനയുടെ ലോകത്തിലേക്ക് വഴിതുറന്ന, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രത്തെ തൊട്ടറിഞ്ഞ പാഠ്യ പദ്ധതികൾ തെരഞ്ഞെടുക്കാൻ നെഹ്‌റുവിനെ അച്ഛൻ മോത്തിലാൽ അനുവദിച്ചു. ‘നിയമത്തിൽ ഊന്നിയ പ്രതിഷേധ’ത്തിൻറെ വക്താവായിരുന്ന മോത്തിലാൽ മകൻറെ കാര്യത്തിൽ ആദ്യം മുതൽ തന്നെ നിയമങ്ങൾ ലംഘിക്കാൻ വിമുഖത കാട്ടിയിരുന്നില്ല. വ്യവസ്ഥാപിത സിലബസുകളെ പടിയ്ക്കു പുറത്തു നിർത്താൻ മോത്തിലാൽ കാണിച്ച ചങ്കൂറ്റമാണ് നെഹ്രുവിയൻ ഇന്ത്യയുടെ വിത്തുപാകിയതെന്ന് കാവ്യാത്മകമായി പറയാം. അത്ര കടന്നു പറയാൻ ഒരു കാരണമുണ്ട്. ഇന്നത്തെ, അല്ലെങ്കിൽ നാളത്തെ അച്ഛനമ്മമാർ മനസ്സിലാക്കേണ്ട ഒരു വലിയ പാഠമുണ്ടിതിൽ.

“യുക്തിക്ക് നിരക്കാത്ത ഒന്ന് ശരിയാണെന്ന് കരുതുന്നതിനെയാണ് വിശ്വാസം” എന്ന് എഡ്വിൻ മോണ്ടഗ്യു (Edwin Samuel Montagu) പറഞ്ഞത് യുവാവായിരുന്ന നെഹ്രു ഉൾക്കൊണ്ടതു പോലെ നമ്മുടെ കുട്ടികളും അത് തിരിച്ചറിയണമെങ്കിൽ നമ്മൾ മുതിർന്നവർ അതാദ്യം തിരിച്ചറിയണം. നമ്മുടെ പ്രവൃത്തികളിലൂടെ പിന്നീടവരും അത് മനസ്സിലാക്കിക്കൊള്ളും.

ടി പി കുഞ്ഞിക്കണ്ണൻ

ടി പി കുഞ്ഞിക്കണ്ണൻ

1912 ൽ ബാങ്കിപ്പൂർ കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്ത നെഹ്രു തൻറെ അനുഭവം പങ്കുവയ്ക്കുന്നതിങ്ങനെയാണ്. “Essentially it was a social gathering with no political excitement or tension”. ഇത് വായിക്കുമ്പോൾ, നെഹ്രു ഉദ്ദേശിച്ചത്  ആർഷഭാരത രാഹുൽ കോൺഗ്രസ്സിനെത്തന്നെയാണോ എന്ന് ഒരു വേള നമ്മൾ സംശയിച്ചു പോകും.

ലണ്ടനിൽ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഫാബിയൻ സോഷ്യലിസത്തിൽ ആകൃഷ്ടനായിരുന്ന നെഹ്രു, 1927 ലെ സോവിയറ്റ് സന്ദർശനത്തോടെ ശാസ്ത്രീയ സോഷ്യലിസത്തിൻറെ ഇന്ത്യൻ വക്താവായി മാറുകയായിരുന്നു. 1920 - 30 കാലത്ത് ലോകത്തെയാകമാനം ഗ്രസിച്ച Great Depression എന്നറിയപ്പെട്ട സാമ്പത്തികമാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ അന്നത്തെ ആഗോള ശക്തികളിൽ സോവിയറ്റ് യൂണിയന് മാത്രമാണു കഴിഞ്ഞത്. ഇത് നെഹ്രു സൂക്ഷ്മമായി വിലയിരുത്തിയിരുന്നു.

കമലാനെഹ്രുവിന്റെ സംസ്കാരച്ചടങ്ങുകൾക്കു ശേഷം സ്വിട്സർലാന്റിൽ നിന്ന് മടങ്ങും വഴി, ഇറ്റലി സന്ദശിക്കാനുള്ള മുസോളിനിയുടെ ക്ഷണവും, 1939 കാലത്ത് ജർമനി സന്ദർശിക്കാനുള്ള നാസികളുടെ ക്ഷണവും നെഹ്രു വേണ്ടെന്നു വച്ചത്, ഫാസിസത്തിനെതിരെ എക്കാലവും അദ്ദേഹം ഉയർത്തിപ്പിടിച്ച നിലപാടുകളുടെ നിദർശനമാണ്. അക്രമോൽസുക ദേശീയതയുടെയും ഫാസിസത്തിൻറെയും ബാലപാഠങ്ങൾ കരിങ്കുപ്പായക്കാരിൽ നിന്ന് ട്യൂഷൻ കിട്ടിയവർക്ക് നെഹ്രുവിന്റെ നെഞ്ചിൽ കാവിക്കൊടി നാട്ടാൻ വേറെ കരണമന്വേഷിക്കേണ്ടതില്ലെന്ന് വ്യക്തമല്ലേ.

യന്ത്രാധിഷ്ഠിത വ്യവസായങ്ങൾ, ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങൾ, വൈദ്യുതോൽപ്പാദനം ഇവ മൂന്നുമാണ് ഇന്ത്യൻ വ്യവസായ വികസനത്തിൻറെ ആണിക്കല്ലുകളായി നെഹ്രു കണക്കാക്കിയിരുന്നത്. 1942-45 കാലത്ത് അഹമ്മദ് നഗർ കോട്ടയിൽ വച്ചെഴുതിയതാണ് ഇന്ത്യയെ കണ്ടെത്തൽ (The Discovery of India). ശാസ്ത്രാവബോധം (Scientific Temper) എന്ന പദം നെഹ്‌റു ആദ്യമായുപയോഗിക്കുന്നത് ഈ പുസ്തകത്തിലാണ്.

1929 ൽ ലാഹോർ കോൺഗ്രസ്സിൽ അധ്യക്ഷപ്രസംഗം നടത്തിയ നെഹ്രു ഇങ്ങനെ പറഞ്ഞു: “നമ്മുടെ (ഇന്ത്യയുടെ) പ്രധാന പ്രശ്നങ്ങളായ ദാരിദ്ര്യവും അസമത്വവും അവസാനിപ്പിക്കാൻ ഇന്ത്യ സോഷ്യലിസം അംഗീകരിച്ച് നടപ്പിലാക്കണം”. അതിലും ഒരു പടി കൂടി കടന്ന്, “The true civic ideal is the socialist ideal, the communist ideal” എന്ന് 1936 ലെ ലക്നൗ കോൺഗ്രസ്സിൽ നെഹ്രു പ്രസംഗിച്ചു. 1936 മെയ് 15 നു നടന്ന ഇന്ത്യൻ പ്രോഗ്രസ്സീവ് ഗ്രൂപ്പ് യോഗത്തിൽ നെഹ്രു പറഞ്ഞു: “ശാസ്ത്രീയ സോഷ്യലിസം അഥവാ മാർക്സിസമാണ് ലോകത്തെ ഗ്രസിച്ചിരിക്കുന്ന പ്രശ്നങ്ങൾക്കുള്ള ഏക പ്രതിവിധി”.

സ്വരാജിന് സോഷ്യലിസത്തെക്കാൾ പ്രാധാന്യം നൽകുകയും, ഗാന്ധിജിയുടെയും കോൺഗ്രസ്സിന്റെയും പൊതുബോധങ്ങളോട് സമരസപ്പെടുക എന്ന പ്രായോഗികതയുടെ പേരിലും, ‘ഇന്ത്യൻ സാഹചര്യങ്ങൾ’ കണക്കിലെടുത്തും പിന്നീടുള്ള വർഷങ്ങളിൽ നെഹ്രുവിയൻ സോഷ്യലിസം അതിലെ ശാസ്ത്രീയതെല്ലാം ഊറ്റിക്കളഞ്ഞ് സോഷ്യൽ ഡെമോക്രസി എന്ന പിന്തിരിപ്പൻ ആശയമായി രൂപാന്തരപ്പെട്ടുവെന്നത് വിരോധാഭാസം.

കുലീനവും അതിസമ്പന്നവുമായിരുന്ന പ്രഭുകുടുംബത്തിൽ ജനിക്കുകയും, മുതലാളിത്ത ശീലങ്ങളിൽ വളരുകയും പിന്നീട് സോഷ്യലിസ്റ്റാവുകയും, അവിടുന്ന് കമ്യുണിസത്തിലേക്ക് വികസിക്കാതെ പോവുകയും ചെയ്ത നെഹ്‌റുവിന്റെ രാഷ്ട്രീയം, കമ്മ്യുണിസ്റ്റ് സാമൂഹികവികാസത്തോട് ഏറെക്കുറെ സമാനതകൾ പുലർത്തുന്നു എന്നത് കൗതുകകരമാണ്. കോൺഗ്രസിനുള്ളിൽ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതിയ്ക്ക് പിന്തുണ നൽകിയിരുന്ന വിഭാഗമാണ് പിന്നീട് കോൺഗ്രസ്സിൽ നിന്നടർന്ന് കമ്യുണിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയത്. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് സമീപനത്തിൽ വന്ന മാറ്റത്തെ അക്കമിട്ട് വിമർശിക്കുകയും ചെയ്തിട്ടുണ്ടവർ.

ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മാർക്സിസത്തെ അപഗ്രഥിക്കാനും വികസിപ്പിക്കുവാനും തക്ക വിധം ദൃഢവും ആഴമേറിയതുമായിരുന്നില്ല നെഹ്രുവിൻറെ മാർക്സിസ്റ്റ് പരിജ്ഞാനം എന്നാണ് ബിപിൻ ചന്ദ്രയെപ്പോലുള്ള ചരിത്രകാരന്മാർ വിലയിരുത്തിയിട്ടുള്ളത്. ചരിത്രവിശകലനത്തിനുള്ള ഉപാധി എന്ന നിലയ്ക്ക് മാത്രമാണ് പിന്നീടദ്ദേഹം മാർക്സിസത്തെ സമീപിച്ചിരുന്നതെന്നും ബിപിൻ ചന്ദ്ര ചൂണ്ടിക്കാട്ടുന്നുണ്ട്. പണ്ട് സ്‌കൂളിൽ സോഷ്യൽ സ്റ്റഡീസ് പഠിച്ചപ്പോൾ, ഇന്ത്യ മിശ്രസമ്പദ്‌വ്യവസ്ഥയെന്നാണ് നമ്മളൊക്കെ പഠിച്ചത്. മുതലാളിത്തവും സോഷ്യലിസവും കലർന്ന ഒരൈറ്റം. നെഹ്രുവിന്റെ സോഷ്യലിസം ചെന്ന് നിന്നത് ഈ മിശ്രവ്യവസ്ഥയുടെ പടിക്കലാണ്.

ലോകെത്തെവിടെയുമുള്ള കുടുംബവാഴ്ചകളെ നിശിതമായി വിമർശിച്ചിരുന്നു നെഹ്‌റുവിന് പക്ഷേ തൻറെ പിൻഗാമികളായി ഇന്ദിരയെയല്ലാതെ മറ്റാരെയും വളർത്തിയെടുക്കാൻ കഴിഞ്ഞില്ല. സ്വാതന്ത്രലബ്ധിയ്ക്കു മുൻപേ തന്നെ എല്ലാത്തരം പിന്തിരിപ്പൻ ചിന്താഗതികളുടെയും വക്താക്കളായി മാറിയ കോൺഗ്രസ്സ് പ്രവർത്തകരിൽ നിന്നോ, അതിലേറെ ദയനീയമായി കഴിവുകെട്ടവരായിത്തീർന്ന കോൺഗ്രസ്സ് നേതൃത്വത്തിൽ നിന്നോ അത്തരമാരെയും കണ്ടെടുക്കാൻ നെഹ്രുവിനു കഴിഞ്ഞില്ല എന്നതാണ് സത്യം. ഇപ്പോഴും ആ ഗതികേട് കോൺഗ്രസ്സിനെ വിട്ടൊഴിയാതെ തുടരുന്നു.

സോവിയറ്റ് യൂണിയനിൽ നിന്ന് കടം കൊണ്ട പഞ്ചവത്സര പദ്ധതികളും സാമ്പത്തിക ആസൂത്രണം എന്ന ആശയവും, സ്വതത്ര ഇന്ത്യയിൽ മാറ്റത്തിൻറെ വലിയ കൊടുങ്കാറ്റാണഴിച്ചു വിട്ടത്. നെഹ്‌റുവിന് പകരം മറ്റാര് പ്രധാനമന്ത്രിയായി ആ ഘട്ടത്തിൽ വന്നിരുന്നെങ്കിലും ഇന്ത്യ ഇന്നു കാണുന്ന നിലയിലേക്ക് വളരുമായിരുന്നില്ല എന്ന വസ്തുത, ലോകത്തിലെ ഏറ്റവും വലിയ പ്രതിമയുയർത്തി ചെറുതാക്കാനാവില്ല. ഇങ്ങനെയായിരിക്കെത്തന്നെ, സമൂഹത്തിലെ സമ്പന്ന ദരിദ്ര അനുപാതം കൂടി വരുന്ന ഒരു സ്ഥിതിവിശേഷം അക്കാലത്ത് തന്നെ ഉണ്ടായിരുന്നു. അത് നെഹ്‌റു കൃത്യമായി നിരീക്ഷിച്ചിരുന്നു.

ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ രാജ്യമെമ്പാടും സ്ഥാപിക്കുന്നതിൽ നിഷ്ക്കർഷയുണ്ടായിരുന്ന നെഹ്‌റു ഒരിക്കൽ ഇങ്ങനെ പറഞ്ഞു : തനിക്ക് വേണ്ടത്ര യോഗ്യത ഉണ്ടായിരുന്നെങ്കിൽ ഒരു ശാസ്ത്ര ഗവേഷണസ്ഥാപനത്തിൻറെ ഡയറക്ടർ ആകാമായിരുന്നു. ആ യോഗ്യതയില്ലാത്തതു കൊണ്ടാണ് താൻ വെറുമൊരു പ്രധാനമന്ത്രിയായിരിക്കുന്നതെന്ന്. ശാസ്ത്ര സംഘടനകളിൽ നേരിട്ട് അംഗമായിരുന്ന നെഹ്രു, ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സിൻറെ ഉപജ്ഞാതാവായ നെഹ്രു, സ്വാതന്ത്രാനന്തര ഇന്ത്യയുടെ പുനർനിർമ്മാണത്തിന് വിദേശികളും സ്വദേശികളുമായ ശാസ്ത്ര സാങ്കേതിക വിദഗ്‌ധരുടെ സഹായത്തോടെ ഇന്ത്യൻ ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലകളെ ലോക നിലവാരത്തിലേക്കുയർത്തിയ നെഹ്‌റു. ഇങ്ങനെയൊരാൾ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ഒരു രാജ്യമാണ് നമ്മുടേതെന്നോർക്കണം.

അതോർമ്മയുണ്ടെങ്കിൽ; ക്യാമറയ്ക്ക് മുന്നിൽ ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരെക്കൊണ്ട് കോമാളി വേഷം കെട്ടിക്കുകയും, ശാസ്ത്ര സമ്മേളന വേദികളിൽ വിദ്യാർത്ഥികളുടെ മുന്നിൽപ്പോലും  തികച്ചും അശാസ്ത്രീയവും വസ്തുതാവിരുദ്ധവുമായ പച്ചക്കള്ളങ്ങൾ ഒരു മടിയും കൂടാതെ തട്ടിവിടുകയും ചെയ്യുന്ന ഒരാൾ ഈ രാജ്യത്തെ പ്രധാനമന്ത്രിയായിരിക്കുന്നതിൽ അസ്വാഭാവികത തോന്നാത്തവർ കണ്ണടച്ചിരുട്ടാക്കുന്നതിൽ അഭിമാനം കൊള്ളുന്നവരാണെന്നു പറയേണ്ടി വരും.

“Politics led me to economics, and this led me entirely to Science and Scientific approach to all our problems and our life itself”. ഇതായിരുന്നു നെഹ്രുവിന്റെ ശാസ്ത്രവീക്ഷണം.

ആഗോളവ്യാപകമായി കാലാവസ്ഥാവ്യതിയാനം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന ഈ ഘട്ടത്തിൽ; ”Global Warming is a Lie” എന്ന് പാടുകയും അതേറ്റ്‌ പാടുകയും ചെയ്യുന്ന രാഷ്ട്രത്തലവന്മാർ നമ്മളെ വിനാശത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുമ്പോൾ നെഹ്രുവിയൻ ചിന്തകളുടെ പുനർവായന എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന് നാമോരുത്തരും തിരിച്ചറിയണം.

ഇന്ത്യൻ ശാസ്ത്ര രംഗത്തിന്റെ ശാക്തീകരണവുമായും ശാത്രബോധത്തിന്റെ പ്രചാരണവുമായും ബന്ധപ്പെട്ട നെഹ്രുവിന്റെ സംഭാവനകൾ 1946 ൽ പുറത്തു വന്ന ഇന്ത്യയെ കണ്ടെത്തൽ മുതൽ 1976 ലെ 42 ആം ഭരണഘടനാ ഭേദഗതി വരെ എത്തി നിൽക്കുന്നതാണെന്നാണ് ലേഖകൻ അടയാളപ്പെടുത്തുന്നത്. ഈ ഭേദഗതിയോടു കൂടിയാണ് ശാസ്ത്രബോധം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാവുന്നതും.

“ശാസ്ത്രീയസമീപനവും ശാസ്ത്രബോധവും ഒരു ജീവിത രീതിയും ചിന്താരീതിയുമാണ്. മറ്റു മനുഷ്യരുമായുള്ള സഹകരണം, ഇടപെടൽ എന്നിവയുടെയും ഒരു രീതിയാണിത്. ജനങ്ങളുടെ പ്രവർത്തന ദിശയാണ് ശാസ്ത്രബോധം; അതൊരു സ്വതന്ത്ര മനുഷ്യന്റെ അവബോധമാണ്”

“ശാസ്ത്രത്തിനു മാത്രമേ വിശപ്പ്, ദാരിദ്ര്യം, മാലിന്യം, നിരക്ഷരത, അന്ധവിശ്വാസം തുടങ്ങിയവ ഇല്ലാതാക്കാൻ കഴിയൂ. പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗം തടയാൻ ശാസ്ത്രത്തിനു മാത്രമേ കഴിയൂ”.

ശാസ്‌താവബോധത്തെപ്പറ്റി നെഹ്രുവിന്റെ സങ്കല്പങ്ങൾ ഇങ്ങെയൊക്കെയായിരുന്നു. സാമ്പത്തിക ആസൂത്രണത്തിൻറെ വക്താവായിരുന്നു നെഹ്രു. ആദ്യ മൂന്ന് പഞ്ചവത്സര പദ്ധതികളുടെയും നടത്തിപ്പുകാരനും നെഹ്രുവായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ അരങ്ങേറിയ കലാപങ്ങളും കെടുതികളുമൊന്നും നമുക്ക് മറക്കാനാവില്ല. അത് മാത്രമായിരുന്നില്ല, പലവിധത്തിലുള്ള അന്തച്ഛിദ്രങ്ങളിൽ പെട്ട് കലുഷിതമായിരുന്ന ഒരു രാഷ്ട്രീയ ഘട്ടമായിരുന്നു അത്.

അത്തരം പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ നിന്ന് കൊണ്ടാണ് നെഹ്രു ഈ മൂന്ന് പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കൃഷി, വ്യവസായം, സാമൂഹിക വികസനം എന്നിങ്ങനെ യഥാക്രമം മുൻഗണന നല്കപ്പെട്ടിരുന്ന ഈ മൂന്നു പദ്ധതികളുമാണ് ഇന്ത്യയുടെ മുഖച്ഛായ മാറ്റുകയും, ലോകരാജ്യങ്ങളുടെ മുൻപിൽ നിവർന്ന് നിൽക്കാൻ ഇന്ത്യയെ പ്രാപ്തയാക്കുകയും ചെയ്തത്. ആസൂത്രണക്കമ്മീഷൻ തന്നെ ഇല്ലാതായ ഒരു കാലത്തു നിന്നാണ് നമ്മൾ നെഹ്രുവിയൻ ഇന്ത്യയെ വായിക്കാൻ ശ്രമിക്കേണ്ടത്.

1946 ഡിസംബർ 13 ന് നെഹ്രു അവതരിപ്പിച്ച Objective Resolution ആണ് പിന്നീട് ഇന്ത്യൻ ഭരണഘടനയുടെ സത്ത എന്ന് വിശേഷിപ്പിക്കപ്പെടുന്ന Preamble ആയി മാറിയത്. ഭരണഘടനയുടെ കരട് ചർച്ചകളിൽ നെഹ്റുവിന്റെ സംഭാവനകൾ വളരെ വലുതായിരുന്നു. സോഷ്യലിസം, ശാസ്ത്രീയ സമീപനം ഇവ ഇന്ത്യൻ ഭരണഘടനയുടെ അന്തർധാരയായി മാറിയത് നെഹ്രുവിന്റെ ഇടപെടൽ കൊണ്ടുതന്നെയാണ്.

കോമൺവെൽത്തിലെ ഇന്ത്യയുടെ അംഗത്വവും ചേരിചേരാ പ്രസ്ഥാനത്തിലെ നേതൃത്വപരമായ പങ്കും രാഷ്ട്ര താല്പര്യം വിദേശികൾക്ക് അടിയറവ് വയ്ക്കാതെ തന്നെ അവരുമായി എങ്ങനെ വേദികൾ പങ്കിടാം എന്നുള്ളതിന്റെ നെഹ്രുവിയൻ മാതൃകകളാണ്. ദേശീയപ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിൻറെയും മൂല്യങ്ങൾ സമന്വയിപ്പിച്ചുകൊണ്ടാണ് നമ്മുടെ വിദേശനയം രൂപപ്പെടുന്നത്.

ഒരു രാജ്യത്തിൻറെ തദ്ദേശീയ വികസനമാണ് അതിന്റെ വിദേശനയം രൂപപ്പെടുത്തുന്നത് എന്നായിരുന്നു നെഹ്രുവിന്റെ അഭിപ്രായം. യുദ്ധങ്ങൾക്കും മത്സരങ്ങൾക്കും പകരം സഹകരണമാണ് വേണ്ടതെന്ന് നെഹ്രു കരുതി. എന്നാൽ തൊട്ടടുത്ത അയൽരാജ്യങ്ങളുമായി അത്തരമൊരടുപ്പം സൂക്ഷിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ചൈനയുമായി ആദ്യ യുദ്ധമുണ്ടായതും നെഹ്രുവിന്റെ ഭരണകാലത്താണ്.

വിഭവസമ്പന്നത, അതേ സമയം തന്നെ സാമ്പത്തിക പിന്നോക്കാവസ്ഥ; അന്നത്തേയുമെന്ന പോലെ ഇന്നത്തെയും ഇന്ത്യയുടെ സവിശേഷത ഇതാണ്. ഈ രണ്ടവസ്ഥകളെയും കൂട്ടിമുട്ടിക്കാൻ നെഹ്‌റു വലിയ തോതിൽ പ്രയത്നിച്ചു എന്നത് കാണാതെ പോകരുത്. അതേസമയം, വിഭവങ്ങൾ വിൽപ്പനയ്ക്ക് വച്ചുകൊണ്ട്, ഈയവസ്ഥകൾ തമ്മിലുള്ള വിടവ് വലുതാക്കാനാണ് പിന്നീട് വന്നവർ ശ്രമിച്ചത്. ഇപ്പോഴാപ്രക്രിയ 5 ജി സ്പീഡിൽ നടന്നുകൊണ്ടിരിക്കുന്നു എന്നും കാണാം.

“എനിക്കെൻറെ ജനങ്ങളെ മുന്നോട്ട് നയിക്കണം. അതിനായെനിക്ക് അണക്കെട്ടുകളും സ്‌കൂളുകളും ആശുപത്രികളും റിസർവോയറുകളും പണിയണം. എന്റെ നാട്ടിലെ വയലുകൾ ഉഴുതുമറിച്ച് ഫലഭൂയിഷ്ഠത വരുത്തണം. അതുകൊണ്ട് ഞാൻ ഒരിക്കലും യുദ്ധത്തിന് മുതിരില്ല. ഒരു ചേരിയിലും ചേരാതെ നിഷ്പക്ഷരായ നിലകൊള്ളും” എന്ന് പ്രഖ്യാപിച്ച നെഹ്‌റുവിൽ നിന്നും ഇന്നത്തെ ഭരണാധികാരികൾ എത്ര നൂറ്റാണ്ടുകൾ അകന്നുമാറിയിക്കുന്നു. എങ്ങനെ നടക്കണം, എങ്ങനെ ചിരിക്കണം, എങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്യണം, എവിടെയല്ലാം ഒപ്പു വയ്ക്കണം, എന്തെല്ലാം പ്രസംഗിക്കണം, പ്രഖ്യാപിക്കണം എന്നൊക്കെ ഒരു പ്രധാനമന്ത്രിയ്ക്ക് കോർപറേറ്റ് ദേശീയതയുടെ ഏജന്റുമാർ കോച്ചിങ് നടത്തി വിടുന്ന നാട്ടിൽ. സ്വന്തമായി പ്രധാനമന്ത്രിയുള്ള കോർപ്പറേറ്റ് ലോബികളാണ് ഇന്ത്യയുടെ ചേരി നിശ്ചയിക്കുന്നത്. പടിഞ്ഞാറൻ മേൽക്കോയ്മകൾക്ക് മുന്നിൽ സാഭിമാനം പണയം വയ്ക്കാതെ നെഞ്ചു വിരിച്ച് തലയുയർത്തി നിന്ന, മൂന്നാം ലോക, വികസ്വര രാജ്യങ്ങളുടെ ലീഡർ ആയിരുന്ന ഇന്ത്യ. എന്നാൽ, സാമ്രാജ്യത്തിന്റെ ജൽപ്പനങ്ങൾക്ക്  റാൻ മൂളി പഞ്ചപുശ്ചമടക്കി നിൽക്കുന്ന ദയനീയാവസ്ഥയാണ് ഇന്നുള്ളത്.

സോവിയറ്റ് ബ്ലോക്കിന്റെ പതനത്തോടെ ഏകധ്രുവലോകം എന്ന നിലയിൽ ലോകശക്തികബലം മാറിമറിഞ്ഞപ്പോൾ, ഇതിനെ കരുത്തോടെ പ്രതിരോധിക്കേണ്ട ചേരിചേരാ പ്രസ്ഥാനമെന്ന മൂന്നാം മുന്നണി അതിൻറെ കരുത്ത് ചോർന്ന് ശുഷ്ക്കമായത് നേതൃസ്ഥാനത്ത് നിന്ന ഇന്ത്യയുടെ നിലപാടുമാറ്റം കൊണ്ടായിരുന്നു. എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും മാസത്തിൽ രണ്ടു വീതം കത്തയക്കുമായിരുന്നു നെഹ്രു. ഫെഡറലിസം എന്ന വാക്കിന്റെയർത്ഥം കേന്ദ്രമന്ത്രിമാർക്കു പോലും അറിയാതെ പോകുന്നതിന്റെ രാഷ്ട്രീയസൂചനകൾ നെഹ്‌റുവിയൻ നിലപാടുകളുടെ വെളിച്ചത്തിൽ നിന്ന് വായിച്ചെടുക്കാൻ നമുക്ക് കഴിയണം.

ആർ എസ് എസ്സിൻറെ പ്രവർത്തനങ്ങൾ എത്രമാത്രം വിപൽക്കരമാണെന്ന് ഗാന്ധിവധത്തിനു മുൻപു തന്നെ തിരിച്ചറിഞ്ഞ്, അതിനെ നേരിടാൻ വേണ്ട നിർദ്ദേശം മുഖ്യമന്ത്രിമാർക്ക് നൽകിയിരുന്നു നെഹ്രു. നാസികൾ ജർമനിയുടെ തകർച്ചയ്ക്ക് എങ്ങനെ കാരണമായോ അങ്ങനെ തന്നെ ആർ എസ് എസ് ഇന്ത്യയെ ഇല്ലാതാക്കും എന്ന് 1947 ൽ നെഹ്രു തിരിച്ചറിഞ്ഞു. ഇപ്പോൾ നമ്മളത് കണ്ടറിയുന്നു. അയോധ്യയിൽ രാമക്ഷേത്രത്തിൻറെ ശിലാസ്ഥാപനം, മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി നടത്തിക്കഴിഞ്ഞതോടെ അവരുടെ അജണ്ടകളുടെ പ്രവർത്തനത്തിൻറെ ഗതിവേഗം ഇന്ത്യക്കാർ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നു കരുതാം.

ഇറക്കുമതി ബദൽനയത്തിൽ(import substitution- ഇറക്കുമതി ചെയ്തുകൊണ്ടിരുന്നവ കഴിയുന്നത്ര ഇന്ത്യയിൽത്തന്നെ ഉൽപ്പാദിപ്പിക്കുക) ഊന്നിയ നെഹ്രുവിയൻ വ്യാപാരനയം, തൊണ്ണൂറുകളോടെ ഉദാരീകരണ നയത്തിലേക്ക് വഴിമാറുകയും, യുപിഎ സർക്കാരിൻറെ കാലമാകുമ്പോഴേക്കും ചങ്ങാത്ത മുതലാളിത്തം അതിൻറെ പരമകാഷ്ഠയിലെത്തുകയും ചെയ്തു. നവലിബറൽ നയങ്ങൾ അഭംഗുരം നടപ്പിലാക്കുന്നതിന് വേണ്ടി, നവഫാസിസ്റ്റ് ഭരണകൂടങ്ങളെ മൂലധനമൊഴുക്കി നിർമ്മിച്ചെടുക്കുകയും പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കോർപ്പറേറ്റ് മുതലാളിത്ത നാടകങ്ങൾ പകൽവെളിച്ചത്തിൽ മറയില്ലാതെ ആടുന്ന കാഴ്ചകളാണ് പിന്നീടിങ്ങോട്ട് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.

സാമൂഹിക സാമ്പത്തിക രംഗങ്ങളിലെ ഉച്ചനീചത്വങ്ങളോടേറ്റുമുട്ടിക്കൊണ്ടു മാത്രമേ അറിവിൻറെ ജനകീയവൽക്കരണം സാധ്യമാവുകയുള്ളൂ. അസമത്വം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ എന്ത് തന്നെ ലഭ്യമാക്കിയാലും അതിന്റെ വിതരണം അസന്തുലിതമായി മാത്രമേ പര്യവസാനിക്കൂ എന്ന് നെഹ്രു മനസ്സിലാക്കിയിരുന്നെങ്കിലും ആ നിലയിലുള്ള പ്രവർത്തങ്ങളുമായി മുന്നോട്ടു പോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല; അതേറ്റടുത്തു നടത്താൻ നെഹ്രുവിന്റെ പിൻഗാമികൾക്കും കഴിഞ്ഞില്ല.

‘സോഷ്യലിസ്റ്റ് പ്രസംഗവും മുതലാളിത്ത പ്രയോഗവു’മായിരുന്നു നെഹ്രുവിയൻ യുഗത്തിൻറെ മുഖമുദ്ര എന്ന് ഡോ. എം പി പരമേശ്വരൻ മുൻപൊരിക്കൽ പറഞ്ഞത് ഒരു പരിധിവരെ ശരി തന്നെയെങ്കിലും, ഇന്നിൻറെ രാഷ്ട്രീയ സാമൂഹിക കാലാവസ്ഥയിൽ നെഹ്രുവിയൻ പുനർവായനകൾ ഏത് നിലയ്ക്കും പ്രാധാന്യമർഹിക്കുന്ന രാഷ്ട്രീയപ്രവർത്തനം തന്നെയാണ്.

“ധനമൂലധനത്തിനെതിരായ കൂട്ടായ്മയിൽ ഏത് ദുർബലർക്കും ഇന്നൊരു സമരതലമുണ്ട്, ഇടമുണ്ട്. കല, ശാസ്ത്രം, വായന, എഴുത്ത്, പൊതുവിദ്യാഭ്യാസ പ്രവർത്തനം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ ഏത് തലത്തിലുമുള്ള പ്രവർത്തനങ്ങളും സമരങ്ങളാണ്” എന്ന് പ്രഖ്യാപിക്കുന്ന കുഞ്ഞിക്കണ്ണൻ മാഷിൻറെ നെഹ്രുവിയൻ പുനർവായനയുടെ രാഷ്ട്രീയം, പുതു തലമുറകൾ ശരിയായി വായിച്ചെടുക്കട്ടെ; അതിലൂടെ പുത്തൻ സമരപാതകൾ തുറക്കട്ടെ.

“Indeed to be a Nehruvian Indian requires one to decisively reject the politico-religious creed that goes by the name of Hindutva”

-The Last liberal and Other Essays, Prof. Ramachandra Guha

 
നെഹ്രുവിയൻ ഇന്ത്യ : പുനർവായനയുടെ രാഷ്ട്രീയം 
പ്രൊഫ: ടി പി കുഞ്ഞിക്കണ്ണന്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
₹ 250


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top