09 December Saturday

എൻ വി എന്ന ശതാവധാനി: ഒരു പഠനം

ഡോ. എം ആർ രാഘവവാരിയർUpdated: Tuesday Sep 5, 2023


കഴിഞ്ഞ നൂറ്റാണ്ട്‌ കേരളചരിത്രത്തിന്റെ വിവിധ മേഖലകളിൽ ഒരു സുവർണയുഗം ആയിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാലറിയാം. മറ്റു രംഗങ്ങളിലെന്നപോലെ ഭാഷാസാഹിത്യാദി മേഖലകളിലും ആ ഉഗ്രരശ്മികൾ തെളിവേറ്റു. കവിത, കഥ, നാടകം തുടങ്ങിയ ശാഖകളിൽ ലോകനിലവാരത്തോടു തോൾചേർന്നു നില്ക്കാവുന്ന രചനകൾ അന്നു പിറവിയെടുത്തു. ആ യുഗത്തിന്റെ സ്രഷ്ടാക്കളിൽ പ്രമുഖമായൊരു സ്ഥാനം അവകാശപ്പെടാവുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് എൻ വി  കൃഷ്ണവാരിയർ എന്ന വസ്തുത പരക്കെ അറിവുള്ളതത്രേ. എൻ വിയുടെ രചനകളിലൂടെ നെടുകെയും കുറുകെയും സഞ്ചരിച്ച് കവിതകളിലെ കാവ്യഭംഗിയോടൊപ്പം വൈജ്ഞാനിക പഥങ്ങളും ചിന്താഗരിമയും പരിചയപ്പെടുത്തുകയെന്ന കർത്തവ്യം ഏറ്റെടുത്ത ശ്രദ്ധേയങ്ങളായ ഏതാനും രചനകളുടെ സമാഹാരമാണ് എൻ വി എന്ന ശതാവധാനി എന്ന ഗ്രന്ഥം.

എൻ വിയുടെ കാവ്യപ്രപഞ്ചം എന്ന ആദ്യലേഖനം, വൈലോപ്പിള്ളി, ഇടശ്ശേരി തുടങ്ങിയ സമകാലികരായ കവികളുടെ ചിന്താപ്രപഞ്ചം എങ്ങനെ എൻ വിയുടേയും കൂട്ടുമുതൽ ആയിത്തീരുന്നുവെന്നു കാട്ടിത്തരുന്നു. തുടർന്ന്, ദേശീയപ്രസ്ഥാനം, സ്വാതന്ത്ര്യപ്രാപ്തി, ഭരണവർഗത്തിന്റെ കർമരംഗങ്ങൾ എന്നീ മേഖലകളെ തൊട്ടറിഞ്ഞ പഠനം വർത്തമാനകാലത്തിന്റെ വേദിയിലെത്തുന്നു. സമകാലകവിതയിലെ പ്രപഞ്ചബോധത്തേയും സാംസ്കാരികചര്യകളേയും എങ്ങനെ എൻ വി  പങ്കുവെയ്ക്കുന്നു എന്നു വിശദമാക്കിക്കൊണ്ട്‌, ഇന്ത്യയ്ക്കു കൈവരാതെ പോയത് പൂർണസ്വാതന്ത്ര്യമായിരുന്നുവെന്നും സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷവും ഇന്ത്യൻ ജനത സാംസ്കാരികദാസ്യത്തിലാണ് പുലരുന്നതെന്നും കാട്ടിത്തന്നുകൊണ്ട്‌ എൻ വി  കവിതകളുടെ സാംസ്കാരിക പശ്ചാത്തലം വെളിവാക്കുകയാണ് ഇവിടെ ലേഖകൻ നിറവേറ്റുന്ന കൃത്യം.

കെ വി രാമകൃഷ്‌ണൻ

കെ വി രാമകൃഷ്‌ണൻ

ഇന്ത്യയുടെ ധാർമികാധഃപതനത്തിന്റെ നേരെ ഉയർത്തിപ്പിടിച്ച കണ്ണാടിയാണ് എൻ വി കവിത; കാലത്തിന്റെയും എന്ന് വ്യക്തമാക്കിക്കൊണ്ട്‌ ഈ രചന എൻ വിയും സമകാലിക കവിതകളും പങ്കുവെച്ച ഒരു വ്യവഹാരമേഖലയെ ദീപ്തമാക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം 'എലികൾ', 'ഭഗവാൻ ഉറങ്ങുന്നു', 'മോഹൻദാസ് ഗാന്ധിയും നാഥുറാം ഗോഡ്സെയും', 'കള്ളദൈവങ്ങൾ', 'നക്സൽബാരി', 'കോഴിയും പുലരിയും', 'മഴക്കാറിനോട്', 'കാളിദാസന്റെ സിംഹാസനം', 'രാഷ്ട്രീയപ്പെൻഷൻ' തുടങ്ങിയ ഉറക്കംകെടുത്തുന്ന കവിതകളെടുത്ത് ഒന്നുകൂടി വായിക്കാനുള്ള ആഹ്വാനമായി.

'കാലത്തിന്റെ ചില്ലയിൽ ഒരു കിളി ' എന്ന രണ്ടാമത്തെ ലേഖനം എൻവിക്കവിതയുടെ രാഷ്ട്രീയ‐സാംസ്കാരിക പശ്ചാത്തലത്തെ കവിതയിലെ വരികളുദ്ധരിച്ച്‌, തിളക്കുകയാണ്. 'കവിതയോട്', 'വൈഗ', 'ആഗസ്റ്റ്കാറ്റിൽ ഒരില', 'ഗാന്ധിയും ഗോഡ്സെയും', 'ജീവിതവും മരണവും', ' മദിരാശിയിൽ ഒരു രാത്രി', 'കടൽക്കാക്ക' എന്നിങ്ങനെ പല രചനകളെ സ്പർശിച്ചുകൊണ്ട്‌ 'കാളിദാസീയമായ ഈ നിർമലത എൻ വി യുടെ അസ്മിതയെ അരോഗമാക്കുന്നു' എന്ന് ദർശിക്കുകയാണ്.

എൻ വിക്കവിതയിലെ യാത്രാസങ്കല്പത്തെപ്പറ്റിയുള്ള രചന, 'യാത്ര' എന്ന ആശയത്തിന്റെ നാനാവർണഗഹനമായ കവിസങ്കല്പം പല കവിതകളിൽ സ്ഫുരിക്കുന്നതെങ്ങനെ എന്നു കാട്ടിത്തരുന്നു. 'ഒരു പഴയപാട്ട്' എന്ന രചനയിൽ, മലയാറ്റൂരിൽനിന്നു തുടങ്ങിയ വഞ്ചിയാത്രയെ ആധാരമാക്കിയുള്ള യഥാർഥ കാഴ്ചകളാണ്.  'അലക്സിസ് പുണ്യവാളൻ' എന്ന കവിതയിലെത്തുമ്പോൾ സ്വർഗം അന്വേഷിച്ചലഞ്ഞ് ഒടുവിൽ നരകത്തിലെത്തിച്ചേരുന്നതു കാട്ടിത്തന്ന്, യാത്രയുടെ മറ്റൊരു മുഖം വെളിവാക്കുന്നു. തുടർന്ന് സമാനമായ മറ്റൊരനുഭവം ദൃശ്യമാക്കുന്നു, 'മിഷണറി' എന്ന കവിത. അജ്ഞാനച്ചളിക്കുണ്ടിലാണ്ടുള്ളോരേഷ്യക്കാർക്ക് വിജ്ഞാനം വിതറാൻ വന്ന മിഷണറി, ഹിമാലയം മുതൽ കന്യാകുമാരിവരെ യാത്രചെയ്ത് ഒടുവിൽ,
ഉണ്മയിൽ, വെളിച്ചത്തി
ലമരത്വത്തിൽച്ചേർന്നേൻ
ഇല്ലായ്മ, ഇരുൾ, മൃതി
യില്ലിവയെനിയ്ക്കിനി

എന്ന ദർശനം നേടുകയാണ്. അമൂല്യാശയസമ്പന്നമായ ഭാരതീയതയുടെ തെളിമുഖം തന്നെയാണ് ഇവിടെ തെളിവേൽക്കുന്നത് എന്നുകൂടി കൂട്ടിച്ചേർത്തുകൊള്ളട്ടെ.
'നിങ്ങളെലികളോ' എന്ന ശീർഷകത്തോടെ വരുന്ന അടുത്ത ഇനം, രണ്ടു കവിതകളുടെ ആശയലോകങ്ങളെ അടുപ്പിച്ചുവെച്ച് എൻ വി നിറവേറ്റിയ സാമൂഹ്യവിമർശത്തിന്റെ സ്വരം വ്യക്തമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

ദേശീയപ്രസ്ഥാനകാലവും സ്വാതന്ത്ര്യാനന്തര കാലവും തമ്മിൽ ഭാരതീയമായ ആശയാദർശങ്ങൾക്കു സംഭവിച്ച ഹൃദയഭേദകമായ ച്യുതിയുടെ ചിത്രം ചൂണ്ടിത്തരുന്നവയാണാ കൃതികൾ. 'മദിരാശിയിലെ ഒരു രാത്രി', 'ജീവിതവും മരണവും' എന്നീ രചനകൾ‐ ഇതിൽ ആദ്യത്തേതിന്റെ പൂരകമാണ് പിന്നത്തേത് എന്ന വിവേകമത്രേ ഇവയുടെ പഠനം പ്രസക്തമാക്കുന്ന ദർശനം. ദേശീയപ്രസ്ഥാനത്തിന്റെ നാളുകൾ നിരന്തരം ഘോഷിക്കപ്പെട്ട ഭാരതീയപൈതൃകത്തിന്റെ ഉത്തേജകങ്ങളായ മൂല്യങ്ങൾക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സംഭവിച്ച ഹൃദയഭേദകമായ ച്യുതിയെ ദൃശ്യവത്കരിക്കുന്ന ഈ രചനകൾ എൻ വിയുടെ സ്വരം വ്യക്തമായി കേൾപ്പിച്ചുതരുന്നതെങ്ങനെ എന്നു വെളിപ്പെടുത്തുകയാണ് ലേഖകന്റെ ഉദ്ദേശ്യം. അതു ഫലവത്താകുന്ന രീതിയിലത്രേ പഠനത്തിന്റെ ആശയഘടന.

'എൻ വിയുടെ മദിരാശിക്കവിതകൾ' എന്ന അടുത്ത പഠനത്തിൽ, 'മദിരാശിയിൽ ഒരുരാത്രി', 'മദിരാശിയിൽ ഒരു സായാഹ്നം', 'മലൈയാള മാന്ത്രികൻ', ' കൊച്ചുതൊമ്മൻ', 'ജീവിതവും മരണവും' എന്നീ അഞ്ചു കവിതകളാണ് പഠനവിധേയമാവുന്നത്. ഇവയിൽ 'കൊച്ചുതൊമ്മനി' ൽ മാത്രമാണ് മദിരാശിനഗരം സജീവ കഥാരംഗമായി പ്രത്യക്ഷപ്പെടുന്നത്.

'എൻ വിയുടെ മദിരാശിക്കവിതകൾ' എന്ന അടുത്ത പഠനത്തിൽ, 'മദിരാശിയിൽ ഒരുരാത്രി', 'മദിരാശിയിൽ ഒരു സായാഹ്നം', 'മലൈയാള മാന്ത്രികൻ', ' കൊച്ചുതൊമ്മൻ', 'ജീവിതവും മരണവും' എന്നീ അഞ്ചു കവിതകളാണ് പഠനവിധേയമാവുന്നത്. ഇവയിൽ 'കൊച്ചുതൊമ്മനി' ൽ മാത്രമാണ് മദിരാശിനഗരം സജീവ കഥാരംഗമായി പ്രത്യക്ഷപ്പെടുന്നത്. തൊമ്മന്റെ കഥാഗതി പതിവു പ്രേമകാവ്യങ്ങളിൽ നിന്ന് വ്യത്യാസപ്പെടുന്നു. പ്രേമാഭ്യർഥന, അതിന്റെ നിരാസം, അഥവാ പലതരം വിഘ്നങ്ങൾ, ശോകം, വിലാപം എന്നീ വിധമുള്ള പതിവുരീതിവിട്ട് മറ്റൊന്നായി മാറുന്നു. ഭാര്യയായിരിക്കാമോ എന്ന നേർക്കുനേരെയുള്ള ചോദ്യം, തുടർന്ന് അതിനുള്ള പ്രതികരണം ‐രണ്ടു പതിവുരീതി വിട്ടൊഴിയുകയാണ്, കാമുകിയുടെ മറുപടി.

ഞാൻ തലശ്ശേരിക്കാരി,
അമ്മയില്ലാത്തോൾ, പപ്പ
ഗിണ്ടിയിൽ ടിക്കറ്റ്ചെക്കർ
ഇന്നലെജ്ജയിലിലായ്
മദ്യവർജ്ജനക്കുറ്റം
മൂലം‐ ഈയനാഥയെ‐
ക്കാത്താലും നിൻദാസിയെ
പ്രേയാനേ, ദയാവാനേ!
എന്നാകുന്നതോടെ, പ്രണയഗീതങ്ങളുടെ പതിവുഗതിവിട്ട് യാഥാർഥ്യാധിഷ്ഠിതമായ മറ്റൊരു ഗതി കൈക്കൊള്ളുന്നു എന്നതാണിവിടെ ശ്രദ്ധേയം. മദിരാശിക്കവിതകളിൽ പൊതുവേ കാണുന്ന സ്വരം, കാല്പനിക സ്വപ്നങ്ങളിൽ നിന്നകന്ന, യാഥാർഥ്യത്തിന്റെ ഉള്ളടക്കം കടയുന്ന അനുഭവമാണെന്ന നിരീക്ഷണത്തോടെ ആ പഠനം അവസാനിക്കുന്നു.

'അമ്മയും മകനും തുഞ്ചനും' എന്ന അടുത്ത പ്രബന്ധം ആ പേരുള്ള കവിതയുടെ വിശകലനമാണ്. സമകാലകേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സംഭവിക്കുന്ന കൊടും ചേതങ്ങളെക്കുറിച്ചുള്ള തീക്ഷ്ണമായ ഒരു മുനയാണ് ആ രചനയെ ശ്രദ്ധേയമാക്കുന്നത്. വിദ്യാഭ്യാസകാലത്ത് തുഞ്ചനെ അറിയാനുള്ള ഒരു ശ്രമവുമില്ല. കോളേജിലെത്തുന്നതിനുമുമ്പുള്ള ഒരു വിദ്യാർഥിയാണ് പറയുന്നത്, 'അറിയാൻ കഴിഞ്ഞീലാ തുഞ്ചനെ' എന്ന്. തുടർന്ന്,
കോളേജിൽ കടന്നതിൻ
ശേഷമാ ബോറും തീർന്നു'
തുഞ്ചനെ അറിയുന്നതുകൊണ്ട്‌ തനിക്ക് യാതൊരു പ്രയോജനവുമില്ല എന്നുംകൂടി വിളിച്ചു പറയാൻ തക്കവണ്ണം മുരടിച്ചുകഴിഞ്ഞു നമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം. ആ സംസ്കാരച്യുതിയുടെ നേർക്കുനീളുന്ന മുനയാണ് തുഞ്ചനെയും മകനേയും ചേർത്തുനിർത്തിക്കാണിച്ചുതരുന്ന ഈ എൻ വിക്കവിത. ചെറിയതെങ്കിലും അതിശക്തവും മുർച്ചയേറിയതുമായ ആ രചന അതർഹിക്കുന്ന തരത്തിൽ പഠനവിധേയമാക്കുന്ന ഒരു പ്രബന്ധമെന്ന നിലയിൽ ഇതിന്റെ പ്രാധാന്യം എത്ര പറഞ്ഞാലും ഏറിപ്പോവില്ല.

എൻ വി കവിതയിലെ നർമബോധത്തെക്കുറിച്ചാണ് അടുത്ത പ്രബന്ധം. ആളുകൾക്കിഷ്ടംപോലെ
അടയ്ക്കാൻ തുറക്കാനും
സ്കൂളുകളുണ്ടെന്നതേ
രാഷ്ട്രത്തിൻ മഹാനേട്ടം
എന്ന് എൻ വി ഒഴിഞ്ഞുമാറിനിന്നു ചിരിക്കുന്നത് വായനക്കാരനിൽ എരികനൽ ചിതറുന്ന വസ്തുത കാട്ടിത്തന്നുകൊണ്ട്‌ അത്രയേറെ ശ്രദ്ധയേൽക്കാത്ത ഒരു വിഷയത്തിൽ വെട്ടം ചിതറുകയാണ് ഗ്രന്ഥകാരൻ ചെയ്യുന്നത്.
അരിവാങ്ങുവാൻ ക്യൂവിൽ
ത്തിക്കിനിൽക്കുന്നു ഗാന്ധി
അരികേ കൂറ്റൻ കാറിൽ
ഏറിനീങ്ങുന്നു ഗോഡ്സെ
എന്ന വരികൾ വായിക്കുമ്പോഴേക്കും അവയിലടക്കിവെച്ച നർമവും ഉള്ളാലെ അതിൻനേർക്കുള്ള മർമഭേദിയായ പരിഹാസവും വെളിവായിക്കഴിഞ്ഞു. കാപട്യങ്ങളിലൂടെ അധികാരക്കസേരകളിലെത്തി ടൂറിസ്റ്റ് ഹോട്ടലിൽ എല്ലാ കള്ളപ്പണക്കാരേയും സ്വീകരിച്ച് മദ്യവും മദിരാക്ഷിയുമായി രമിക്കുന്ന പുത്തൻ നേതൃവർഗത്തിന്‌  എൻ വി നൽകുന്ന പേരാകുന്നു ഗോഡ്‌സേ എന്നും അതിനു കാവൽ നിൽക്കാൻ വിധിക്കപ്പെട്ട പടികാവൽക്കാരനാണ് ഗാന്ധി എന്നുമുള്ള നിരീക്ഷണങ്ങൾ ഈ രചനയെ കൂർത്തുമൂർത്ത സാമൂഹ്യവിമർശനത്തിന്നു നിദർശനമാക്കുന്നു.

സ്വാതന്ത്ര്യത്തെപ്പറ്റി പറയുവതേതോ നിഷ്ഠുരപരിഹാസം എന്നാണാ വിമർശത്തിന്റെ അന്തർഗതം. ഒരുതുള്ളി കണ്ണുനീരേ ഇതിൻ നേർക്ക് ഒഴിക്കാനുള്ളൂ. ഈ കണ്ണുനീരാണ് എൻ വി ക്കവിതയുടെ അന്തരശ്ചൈതന്യം എന്ന നിരീക്ഷണത്തോടെ ലേഖനം അവസാനിക്കുന്നു. എൻ വിക്കവിതയുടെ സാമൂഹ്യവിമർശനത്തിന്റെ ജ്വാല ഉള്ളിൽ തട്ടുംവിധം ആളിനില്ക്കുന്നുണ്ട്‌ ഇവിടെ.

'എൻ വിയുടെ സ്വാതന്ത്ര്യസങ്കല്പം' എന്ന പഠനം ആ ശതാവധാനിയുടെ രാഷ്ട്രീയ സാംസ്കാരികമേഖലകളെ തിളക്കിക്കാട്ടുന്നു. കാലടി ആശ്രമം ഹൈസ്കൂളിൽ ഹൈഡ്മാസ്റ്ററായിരിക്കെ ആ ജോലി രാജിവെച്ച് ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കെടുക്കാനായി പോരുന്നതു മുതൽക്കുള്ള നാനാപ്രവർത്തനങ്ങളെ സ്പർശിച്ചു പോവുന്നതാണ് ചെറുതെങ്കിലും സംഭവബഹുലമായ ആ വിവരണം.

ആ കാലത്ത് സ്കൂളിൽ പ്രാർഥനയായിരുന്ന രാജസ്തുതിഗീതം നീക്കി ഈശ്വരപ്രാർത്ഥന രചിച്ച് കുട്ടികളെ പഠിപ്പിച്ചതു മുതൽ തുടങ്ങുന്ന ആ പ്രയാണം തനിക്ക് ശരിയല്ല എന്നു തോന്നുന്ന എന്തിനോടും പൊരുത്തപ്പെടാനാവാത്ത പോരാളിയാക്കി, എൻ വിയെ. ഭാരതത്തിന്റെ വൈദേശികാധിപത്യവും എൻ വിയ്‌ക്ക് പൊറുക്കാനാവുന്നതായിരുന്നില്ല എന്നു സാരം. 'പടയാളി' എന്നൊരു കവിതയിൽ

നമ്മൾക്കറിയാം മരിയ്ക്കുവാൻ, ആകയാൽ
നമ്മൾക്കറിഞ്ഞിടാം ജീവിയ്ക്കുവാനുമേ
എന്ന് 1939‐ലെ ഒരു രചനയിൽ എൻ വി പ്രസ്താവിക്കുന്നത് ഉയർത്തിക്കാട്ടിക്കൊണ്ടാണ് എൻ വിയുടെ കവിവ്യക്തിത്വത്തിന്റെ മാറ്ററിയാനുള്ള സംരഭം.

‘ഈ സാമൂഹ്യബോധത്തിന്റെ വളക്കൂറുള്ള മണ്ണിലാണ് ഇന്ത്യയുടെ പൂർണസ്വാതന്ത്ര്യം എന്ന സങ്കല്പത്തിന്റെയും സമത്വസുന്ദരവും ഐശ്വര്യസമൃദ്ധവുമായ നാളെ എന്ന സ്വപ്നത്തിന്റെയും മുളപൊട്ടിയ വിത്തുകൾ എൻ വി പാകി നനച്ചുവളർത്തുന്നത്’.

1947ൽ ഇന്ത്യയ്ക്കു കൈവന്നത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമാണെന്നും സാംസ്കാരിക സ്വാതന്ത്ര്യംകൂടി ലഭിക്കുമ്പോഴേ സ്വാതന്ത്ര്യം പൂർണത കൈവരിക്കൂ എന്നും എൻ വി വിശ്വസിച്ചു. അതായിരുന്നു എൻ വിയുടെ സ്വാതന്ത്ര്യദർശനം. മുതലാളിത്തത്തിന്റെ നഷ്ടാവശിഷ്ടങ്ങൾക്കു മാത്രമേ സോഷ്യലിസം‐ സഹകരണോല്പാദനം‐കെട്ടിപ്പടുക്കാനാവൂ, മഹാകവി ഇടശ്ശേരിയുടെ കൂട്ടുകൃഷിയ്ക്കെഴുതിയ അവതാരികയിലെ ഈ ദർശനം എൻ വിയുടെ സ്വാതന്ത്ര്യസങ്കല്പത്തിന്റെ അടിത്തറയായിരുന്നു. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലത്ത് എഴുതിയ 'മഴക്കാറിനോട്' എന്ന കവിതയിൽനിന്ന് ഏതാനും വരികൾ ഉദ്ധരിച്ചുകൊണ്ട്‌ ഈ പ്രകരണം അവസാനിപ്പിക്കുമ്പോൾ എൻ വിയുടെ സ്വാതന്ത്ര്യദർശനം തെളിമയോടെ വിശദമായിത്തീരുന്നു.

എൻ വിയുടെ ഗദ്യരചനകളിലെ ചിന്താസൗരഭം വ്യക്തമാക്കുന്നതാണ് അടുത്ത പഠനം. സാഹിതീയവും വൈജ്ഞാനികവുമായ പല മേഖലകളിൽ ഒഴുകിപ്പരക്കുന്നതാണ് ആ ചിന്താപ്രവാഹം. 'വിസ്തൃതികൊണ്ടും വിഷയവൈവിധ്യംകൊണ്ടും ഉൾക്കാമ്പുകൊണ്ടും വേറിട്ട് അടയാളപ്പെടുത്തേണ്ട നിരവധി അവതാരികകളുണ്ട്‌ എൻ വി യുടെ വകയായിട്ട്. ഈ വകുപ്പിൽപ്പെട്ടതായി എൻ വി യുടെ തൂലിക ഒരുക്കിവെച്ച വിപുലതരമായ രേഖാപ്രപഞ്ചത്തിലെ നിരവധി ഇനങ്ങളെ പേരെടുത്തു പറഞ്ഞുകൊണ്ടുള്ള വിവരണം എൻ വി എന്ന വിജ്ഞാന സാഗരത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കിത്തരുന്നു. ഭാവിയിൽ ഗവേഷണ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര വിഭവങ്ങൾ ഒരുക്കിവെച്ച ഒരു വിജ്ഞാനക്ഷേത്രമാണ് ഈ ലേഖനം എന്നുകൂടി സൂചിപ്പിക്കട്ടെ.

ഭാഷാഗദ്യത്തിന്റെ ഒട്ടെല്ലാ ശാഖകളിലുമുള്ള എൻ വിയുടെ സംഭാവനകൾ നിരവധിയാണ്. അവയിൽ ഗവേഷണാത്മക പഠനങ്ങളുണ്ട്‌. ഗ്രന്ഥനിരൂപണങ്ങളുണ്ട്‌. യാത്രാവിവരണങ്ങളുണ്ട്‌. മറ്റു ഭാഷകളിൽനിന്നുള്ള വിവർത്തനങ്ങളുണ്ട്‌, മുഖപ്രസംഗങ്ങളുണ്ട്‌, ആയുർവേദസംബന്ധിയായ രചനകൾകൂടി ഉണ്ട്‌.

ഭാഷാഗദ്യത്തിന്റെ ഒട്ടെല്ലാ ശാഖകളിലുമുള്ള എൻ വിയുടെ സംഭാവനകൾ നിരവധിയാണ്. അവയിൽ ഗവേഷണാത്മക പഠനങ്ങളുണ്ട്‌. ഗ്രന്ഥനിരൂപണങ്ങളുണ്ട്‌. യാത്രാവിവരണങ്ങളുണ്ട്‌. മറ്റു ഭാഷകളിൽനിന്നുള്ള വിവർത്തനങ്ങളുണ്ട്‌, മുഖപ്രസംഗങ്ങളുണ്ട്‌, ആയുർവേദസംബന്ധിയായ രചനകൾകൂടി ഉണ്ട്‌. ഇക്കൂട്ടത്തിൽ എൻ വി എഴുതിയ മുഖപ്രസംഗങ്ങളുടെ വിഷയ വൈവിധ്യവും ഗഹനതയും ഒന്നു വേറെത്തന്നെ.

സാഹിത്യഗവേഷണത്തിന്റെ മേഖലയിൽപ്പെടുന്ന എൻ വിയുടെ രചനകളെ വേറിട്ടൊരു വകുപ്പായിത്തന്നെ എടുത്തുപറയണം. ഇത്തരത്തിലുള്ളവയുടെ ഉൾക്കാഴ്ചയും വൈശദ്യവും ഗരിമയും സുവിദിതമത്രേ. ഭാഷാവൃത്തചരിത്രമായിരുന്നു എൻ വിയുടെ ഗവേഷണവിഷയം. കുട്ടികൃഷ്ണമാരാരെപ്പോലുള്ള അതുല്യ നിരൂപകന്മാർപോലും എൻ വിയെ ഉപജീവിച്ചിട്ടുണ്ട്‌ എന്ന വസ്തുത പരക്കെ അറിയപ്പെട്ടുകഴിഞ്ഞിട്ടില്ല. സ്മാരക പ്രഭാഷണങ്ങളായി എൻ വിയുടെ വക എട്ടു രചനകളുണ്ട്‌. അവ ഒന്നടങ്കം ബന്ധപ്പെട്ട ശാഖകളിലെ അതുല്യസംഭാവനകളാകുന്നു.

'ഉണരുന്ന ഉത്തരേന്ത്യ', 'അമേരിക്കയിലൂടെ', 'പുതിയ ചിന്ത സോവിയറ്റ് യൂണിയനിൽ' എന്നിവയാണ് യാത്രാവിവരണങ്ങളായി എൻ വി രചിച്ച ഗ്രന്ഥങ്ങൾ, മാതൃഭൂമി ആഴ്ചപ്പതിന്റെ 'വളരുന്ന സാഹിത്യം' എന്ന പംക്തിയിലെ എൻ വിയുടെ ലേഖനങ്ങൾ വിവിധങ്ങളായ വിഷയങ്ങളുടെ മേഖലയിൽ അന്നു നിലവിലിരുന്ന വീക്ഷണങ്ങളും സമീപനങ്ങളും പശ്ചാത്തലമാക്കിക്കൊണ്ടുള്ളവയാണ്.

ചുരുക്കത്തിൽ, എഴുതാൻ തുടങ്ങുന്ന ഏതൊരാളും മനസ്സിരുത്തി വശപ്പെടുത്തേണ്ട നിരവധി തത്ത്വങ്ങളുടെയും മാർഗങ്ങളുടേയും ഒരു രത്നഖനിയാണ് ആ നിരൂപണങ്ങൾ എന്നു സാമാന്യമായി ഉപദർശിക്കാം. ഇതു പറയുമ്പോൾ എടുത്തുപറയേണ്ട ഒരിനമാണ് ഇതെഴുതുന്ന ലേഖകന്റെ 'വടക്കൻപാട്ടുകളുടെ പണിയാല' എന്ന നാടൻപാട്ടുപഠന ഗ്രന്ഥത്തിന് എൻ വി എഴുതിയ പ്രസ്താവന. പ്രസ്തുതവിഷയം സംബന്ധിച്ച് അക്കാലത്ത്‌ (1982) പുറത്തിറങ്ങിയ നിരവധി ഇംഗ്ലീഷ് പഠനങ്ങളുടെ ചിന്താധാരകളെക്കുറിച്ചുള്ള അഗാധമായ ധാരണകൾ ആ കുറിപ്പിനെ ശ്രദ്ധേയമായ പഠനമാക്കി മാറ്റുന്നു എന്ന കാര്യം എടുത്തുപറയണം.

'എൻ വിയുടെ പത്രപ്രവർത്തനം' എന്ന ചിന്താർഹമായ രചനയോടെ എൻ വിയുടെ ശതാവധാനിത്വം വെളിവാക്കുന്ന ഗ്രന്ഥം പരിസമാപ്തിയിലെത്തുന്നു. പത്രപ്രവർത്തനത്തിന്റെനാനാതലങ്ങളിൽ‐പ്രൂഫ്വായന, വാർത്താനിർമ്മിതി, അച്ചടി, വിതരണം തുടങ്ങി വിവിധങ്ങളായ എല്ലാ തലങ്ങളിലും പ്രവർത്തിച്ച അനുഭവവും പരിചയവും ഉള്ള ഒരു പത്രപ്രവർത്തകൻ മലയാളത്തിൽ ഒരാളേ കാണൂ‐ എൻ വി മാത്രം എന്നു സൂചിപ്പിച്ചുകൊണ്ടാണ് പഠനത്തിന്റെ തുടക്കം.

'സ്വതന്ത്രഭാരതം' എന്ന പ്രസിദ്ധീകരണത്തിന്റെ പ്രവർത്തകനായിട്ടാണ് എൻ വി പത്രപ്രവർത്തനരംഗത്ത്‌ കടന്നുവരുന്നത്. ഈ സ്ഥാനത്തെ പ്രവർത്തനത്തോടെ അച്ചുനിരത്തൽ, മാറ്റർ എഴുതിത്തയ്യാറാക്കൽ, കെട്ടുംമട്ടും ഒരുക്കൽ എന്നിവയടക്കം  പത്രപ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും പരിചയംനേടാൻ ആ യുവപ്രതിഭ വിജയകരമായി പ്രവർത്തിച്ചു. മദിരാശി ഗവൺമെന്റിന്റെ വിദ്വാൻ പരീക്ഷ എഴുതി ജയിച്ചത് ഈ പ്രവർത്തനങ്ങൾക്കിടയിലാണെന്നുംകൂടി ഇവിടെ വെളിപ്പെടുത്തുന്നു. മാതൃഭൂമി പത്രത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നതോടെ എൻ വിയുടെ ജീവിതത്തിൽ പുതിയ ഒരധ്യായത്തിന്റെ തുടക്കമായി. അതിന്റെ വിശദാംശങ്ങളടക്കം ഉള്ളടക്കമായി വരുന്ന ഈ രചന, മാതൃഭൂമി പത്രാലയത്തിന്  എൻ വി നിറവേറ്റിപ്പോന്ന നിരവധി പ്രവർത്തനങ്ങളെക്കുറിച്ചുള്ള സൂക്ഷ്മവും കൃത്യവുമായ വിവരങ്ങൾ ഉൾക്കൊള്ളുന്നു.

ഈ മേഖലയിൽനിന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേഖലയിലേക്കുള്ള മാറ്റമാണ് അടുത്തത്. അവിടെ എൻ വിയുടെ പ്രവർത്തനപഥം മറ്റൊന്നായി. മലയാളഭാഷയെ ആധുനിക വിജ്ഞാന സ്ഫോടനത്തിന്റെ ഊർജങ്ങൾക്ക് വാഹകമാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ടായി ശ്രമങ്ങൾ. 'വിജ്ഞാന കൈരളി' മാസികയിലൂടെ എൻ വി നിറവേറ്റിപ്പോന്നത് മുഖ്യമായും വിജ്ഞാനവ്യാപനമാണ്. മധുര യൂണിവേഴ്സിറ്റിയുലെ ഗവേഷണം, 'കുങ്കുമ'ത്തിന്റെ പത്രാധിപത്യം, കേരളശബ്ദത്തിന്റെ ചുമതല ഇത്യാദി പ്രവർത്തനങ്ങളായി പത്രപ്രവർത്തനത്തിന്റെ ഭാഗമായി എൻ വി ഏറ്റെടുത്ത ചുമതലകളുടെ ഏതാണ്ട്‌ പൂർണമായ വിവരശേഖരണവും വിശദീകരണങ്ങളുമാണ് അവസാനത്തെ ഇനത്തിന്റെ വിലതീരാത്ത ഉള്ളടക്കം.

വിവിധ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളിലൂടെ എൻ വി എന്ന ശതാവധാനി നിറവേറ്റിപ്പോന്ന അതിവിസ്തൃതവും അനന്യസാധ്യവുമായ സേവനങ്ങൾ ഇന്നോളം അർഹമായ അളവിലും രീതിയിലും വിവരിക്കുകയോ വിലയിരുത്തുകയോ ഉണ്ടായിട്ടില്ല എന്ന നിരീക്ഷണത്തോടെ ഈ പ്രബന്ധം സമാപ്തമാവുന്നു.

വിവിധ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളിലൂടെ എൻ വി എന്ന ശതാവധാനി നിറവേറ്റിപ്പോന്ന അതിവിസ്തൃതവും അനന്യസാധ്യവുമായ സേവനങ്ങൾ ഇന്നോളം അർഹമായ അളവിലും രീതിയിലും വിവരിക്കുകയോ വിലയിരുത്തുകയോ ഉണ്ടായിട്ടില്ല എന്ന നിരീക്ഷണത്തോടെ ഈ പ്രബന്ധം സമാപ്തമാവുന്നു. എൻ വി എന്ന ശതാവധാനിയെ സ്പർശിക്കുന്ന അളവറ്റ വസ്തുതകളിലൂടെയുള്ള വിജ്ഞാനയാത്രയും ഇവിടെ സമാപിക്കുകയായി. എൻ  വി എന്ന മഹാപ്രതിഭന്റെ ശിഷ്യനും സഹപ്രവർത്തകനും ആരാധകനുമായ ഒരാൾക്കു മാത്രമേ ഈ കൃത്യം വിജയകരമായി പൂർത്തീകരിക്കാനാവൂ. ഭാവി ഗവേഷണങ്ങൾക്കുള്ള വിഭവങ്ങളുടെ അതീവ സമ്പന്നമായ ഒരു വൈജ്ഞാനികഗ്രന്ഥം വായിച്ചവസാനിപ്പിച്ച ദീപ്താനുഭവമാണ് അനുവാചകർക്ക് ഇവിടെ അനുഭവവേദ്യമാവുന്നത്.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top