06 June Tuesday

മിസ്കീനുകളുടെ സ്വർഗം: സങ്കടകരമായ ജീവിത ഗാഥ

സാം പൈനുംമൂട്Updated: Wednesday Nov 24, 2021

സാം പൈനുംമൂട്

സാം പൈനുംമൂട്

പ്രവാസിയായിരുന്ന രാമചന്ദ്രൻ കാഞ്ഞിങ്ങാട്ട് എഴുതിയ പ്രഥമ നോവലാണ് " മിസ്കീനുകളുടെ സ്വർഗം". 1976 മുതൽ കുവൈറ്റിൽ ജോലി ചെയ്തിരുന്ന അദ്ദേഹം 2001ലാണ് പ്രവാസം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. തൃശൂർ H and C Publishing House ആണ്‌ പുസ്തകം പ്രസിദ്ധീകരിച്ചത്.

ബോംബെയിൽ നിന്നും പുറപ്പെടുന്ന കപ്പലിൽ ഏലക്കായ ചാക്കുകൾക്കിടയിൽ ഒളിച്ചിരുന്ന് ദേവരാജൻ എന്ന മലയാളി യുവാവ് കുവൈറ്റിൽ എത്തുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്.

പ്രമുഖ കഥാകൃത്ത് സന്തോഷ് എച്ചിക്കാനം നിരീക്ഷിക്കുന്നതുപോലെ "ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലം നോവലിന്റെ  ഇതിവൃത്തമല്ലെങ്കിലും ചരിത്രത്തിൽത്തന്നെ പിന്നീട് പല രാഷ്ട്രീയ സംഘർഷാവസ്ഥക്കും കാരണമായ ആ സൈനികനീക്കത്തെ സ്പർശിച്ചുകൊണ്ടെഴുതിയ മലയാളത്തിലെ ആദ്യത്തെ നോവൽ എന്ന വിശേഷണം കൂടി മിസ്കീനുകളുടെ സ്വർഗത്തിന് അവകാശപ്പെട്ടതാണ് ". ഇതു തിരുത്തേണ്ട വസ്തുതയാണ്.

2012 ഡിസംബറിൽ കറൻ്റ് ബുക്സ് പ്രസിദ്ധീകരിച്ച "ഒരു പ്രവാസിയുടെ ഇതിഹാസം" എന്ന നോവലാണ്, ഇറാഖിന്റെ കുവൈറ്റ് സൈനിക നീക്കം സ്പർശിച്ചെഴുതിയ പ്രഥമ നോവൽ. കുവൈറ്റ് മലയാളി ബാലഗോപാലനാണ് ഗ്രന്ഥകാരൻ.

പ്രവാസ ജീവിതം അനാവരണം ചെയ്യപ്പെടുന്ന നോവൽ പേരുകൊണ്ട് അർത്ഥമാക്കുന്നത്‌ പാവപ്പെട്ടവരുടെ സ്വർഗം എന്നാണ്. (മിസ്കീൻ = പാവപ്പെട്ടവൻ) 1976 മുതൽ 1990 വരെയാണ് കഥ നടക്കുന്ന കാലം അടയാളപ്പെടുത്തിയിരിക്കുന്നത് . ഇന്നും തുടർക്കഥയാകുന്നു പ്രവാസത്തിൽ ഈ പ്രമേയം. പുതിയ രൂപത്തിലും ഭാവത്തിലും. മനുഷ്യക്കടത്ത് , വിസാ കച്ചവടം ,ഒളിച്ചോട്ടം , മദ്യകച്ചവടം , ഹവാല , "വാസ്ത'' (സ്വാധീനം) സ്ഥലകാല നിയമങ്ങളെ മറികടക്കാനുള്ള കുറുക്കുവഴികൾ ഗവേഷണാടിസ്ഥാനത്തിൽ ഇന്നും തുടരുന്നു.

മോഹിപ്പിക്കുന്ന സമ്പത്തുള്ള രാജ്യത്തേക്ക് ഇീിേൃമരേ ങശഴൃമിേ ണീൃസലൃെ ആയി വരാൻ എത്ര പേർക്ക് കഴിയും? സ്വദേശികളിലെ തൊഴിലില്ലായ്മയും കർശനമാക്കുന്ന സർക്കാർ നിയമങ്ങളും കോവിഡ് കാലവും മൂന്നാം ലോകത്തു നിന്നുമുള്ള തൊഴിലന്വേഷകരുടെ വരവ് നിലച്ചതിനു സമാനമാണ്. കുടിയേറ്റത്തിനു പകരം കൂടിയിറക്കമാണ് സമകാലികാവസ്ഥ !

മിസ്കീനുകളുടെ സ്വർഗം പ്രവാസ ജീവിതത്തിന്റെ പ്രതിഫലനമാണ്. സങ്കല്പമല്ല. സ്വപ്നതുല്യമായ ഭാവന വരുന്നത് നോവൽ എന്ന ശിൽപത്തെ മനോഹരമാക്കുന്നു. മലയാളികളായ ബഷീർ , ഷെയ്ഖ് ലില്ലി , ഖാദർഭായി , കുര്യാക്കോസ് , ആലിക്ക , ഇസ്മായേൽ ഹാജി , ഗഫൂർ , സെബാസ്റ്റ്യൻ, ജബ്ബാർ, മാത്തുക്കുട്ടി, ഷിൻസി, പലസ്തീനി അൽ സയാനി, ജയിംസ്, മത്തായി മാഷ്, സുഗുണൻ, തോമസ് വർഗീസ്, ബോംബെക്കാരൻ സുപ്പാരിവാല, മഹേഷ് കുൽക്കർണി, അബ്ദുൾ ഹമീദ്, മൊയ്തു നമ്പ്യാർ, കഫീൽ നഫീസയാക്കൂബ്, ദേവകി റാണി, ഗോവക്കാരി ഫ്ളോറ , ശ്രീലങ്കക്കാരി മാതംഗി സർവഗുണ .. .പ്രവാസ ലോകത്തെ വ്യത്യസ്ത കഥാപാത്രങ്ങൾ നോവലിനെ സചേതനമാക്കുന്നു.

പ്രവാസ ലോകത്തെ "മിസ്കിനുകളുടെ " ജീവിതാവസ്ഥ പ്രകടമാണ് നോവലിൽ. അതിജീവനത്തിനായി പൊരുതുന്നവനാണ് ദേവൻ. ധാർമികത ഉയർത്തിപ്പിടിക്കുന്നവരിൽ പ്രമുഖനാണ് സെബാസ്റ്റ്യൻ. അധാർമ്മികമായി ജീവിക്കുന്നവരാണ് കുര്യാക്കോസും ഷെയ്ഖ് ലില്ലിയും. മൂന്നു പ്രധാന ഭാഗങ്ങളായി തിരിച്ചിരിക്കുന്ന നോവലിൽ അധാർമ്മികതയുടെ വിജയപ്രഖ്യാപനത്തോടെയാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. ഫലമോ, നിലനിൽപ്പിനായി പോരാടുന്ന ദേവൻ ജയിലറക്കുള്ളിലും !

ജയിൽ മോചിതനായ ദേവരാജൻ ,ദേവകുമാർ എന്ന നാമത്തിൽ നിയമാനുസരണമുള്ള കുവൈറ്റ് ആഗമനത്തോടെയാണ് നോവലിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ ആണ് തട്ടകം. അൽ ഡല്ലാസ് ക്ലീനിംഗ് കമ്പനിയിലെ ആരംഭം. കമ്പനി വലുതായപ്പോൾ ദേവകുമാറിനും സ്ഥാനകയറ്റം. ഹ്യൂമൻ റിസോഴ്സ് മാനേജർ ! ഒപ്പം , സാമ്പത്തിക നേട്ടവും. ഒരു ശരാശരി പ്രവാസിയുടെ സ്വപ്നതുല്യമായ ആഡംബര ജീവിതമായിരുന്നു പ്രവാസത്തിന്റെ  രണ്ടാമൂഴം ദേവന് സമ്മാനിച്ചത്.

എട്ടു വർഷം നീണ്ടു നിന്ന ഇറാഖ് - ഇറാൻ യുദ്ധാനന്തര സാഹചര്യങ്ങൾ കുവൈറ്റിൽ ഉയർത്തുന്ന സാധ്യതകളോടെ നോവലിന്റെ മൂന്നാം ഭാഗത്തിന്റെ തുടക്കം.

1982 ലാണ് ഇറാഖ് ഇറാൻ യുദ്ധം ആരംഭിച്ചതെന്നാണ് (പേജ് 126) നോവൽ പരാമർശം. ഇതു ചരിത്ര വിരുദ്ധമാണ്. 1980 സെപ്റ്റംബർ 22 ന് തുടങ്ങിയ യുദ്ധം അവസാനിച്ചത് 1988 ആഗസ്റ്റ് 20നാണ്. ഇറാൻ എന്ന രാജ്യത്തിനുനേർക്കുള്ള ഇറാഖിന്റെ  അധിനിവേശമായി ചരിത്രം അടിയാളപ്പെടുത്തുന്നു. ഈ യുദ്ധം പശ്ചിമേഷ്യയിലെ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനങ്ങളെയും അറബ് ജനതയെയും നിരാശരാക്കി. കനത്ത സാമ്പത്തിക നഷ്ടവും ആൾനാശവുമാണ് ഇരു രാജ്യങ്ങൾക്കും ഉണ്ടായത്. മാത്രല്ല, സാമ്രാജ്യത്വ രാജ്യങ്ങളുടെ യുദ്ധോപകരണങ്ങൾ വലിയ തോതിൽ വിറ്റഴിക്കാൻ കഴിത്തു ഈ മേഖലയിൽ.

പ്രവാസികളുടെ കഥ പറയുന്നതിനോടൊപ്പം അവരുടെ ജീവിത ചുറ്റുപാടും സാമുഹ്യ - രാഷ്ടീയ സാഹചര്യങ്ങളും നോവലിൽ പരാമർശ വിഷയങ്ങളാകുന്നതും കാലഗണന അടയാളപ്പെടുത്തുന്നതും നോവലിനെ ശ്രദ്ധേയമാക്കുന്നു.

നോവലിസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതു പോലെ പ്രവാസ ലോകത്ത് പണമെന്ന മരുപ്പച്ച തേടുന്നതിനിടയിൽ കടന്നു പോകുന്ന കാലം.മറന്നു പോകുന്ന ജീവിതം. പ്രീയപ്പെട്ടവരുടെ വിയോഗങ്ങൾ . സ്വന്തം ജീവിതം ബലി കൊടുത്ത് , സാമ്പത്തിക അഭയാർത്ഥിയായി തലകുനിച്ചുനിൽക്കുന്ന നിസ്സഹായൻ - മിസ്കീൻ! ഇത് കഥയോടും പ്രവാസ ജീവിത യാഥാർത്ഥ്യങ്ങളോടും നീതി പുലർത്തുന്ന നിരീക്ഷണം !

ചരിത്രബോധമില്ലാത്ത പുതിയ തദ്ദേശീയ തലമുറയുടെ മനോഭാവം വ്യക്തമാക്കുന്നു ദേവന്റെ ക്ലീനിംഗ്‌ കമ്പനിയിൽനിന്നുമുള്ള പടിയിറക്കം!

1990 ഓഗസ്റ്റ് 2 നു നടന്ന ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന്റെ കഥ പറഞ്ഞുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്. നിരവധി പുസ്തകങ്ങൾ കുവൈറ്റ് അധിനിവേശവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിട്ടുണ്ട്. ഈ കൃതിയിലും ഇറാഖിന്റെ അധിനിവേശവും തുടർന്നുള്ള കുവൈറ്റിന്റെ പൊതു ജീവിതവും രേഖപ്പെടുത്തിയിരിക്കുന്നത് വസ്തുതാപരമാണ്. നീതിന്യായ വ്യവസ്ഥയുടെ അഭാവത്തിൽ പ്രവാസികളുടെ ജീർണതകൾ മറനീക്കി പുറത്തുവന്നത് പ്രത്യേകിച്ചും !

സ്വദേശികളുടെ സാമൂഹ്യ ജീവിതവും ഗൃഹാന്തരീക്ഷവും വ്യക്തമാക്കുന്നു , കഫീൽ നഫീസ യാക്കൂബിന്റെ കഥയിലുടെ. ദേവന്റെ സർവ്വസമ്പാദ്യവും മുടക്കി ആരംഭിച്ച അൽ മൻസൂർ ജ്വല്ലറി നഫീസ യാക്കൂബിന്റെതാണ്. "നഫീസ യാക്കൂബിന്റെ മാത്രം ! അതിൽ ഒരു ഇന്ത്യക്കാരനും പങ്കില്ല" എന്ന പ്രഖ്യാപനത്താടെ സ്വദേശികളുടെ വികൃത മുഖം വ്യക്തമാകുന്നു!

1976 ൽ ബോംബെ തീരംവഴി കപ്പൽമാർഗം നാടുവിട്ട ഭാഗ്യാന്വേഷിയായ ദേവൻ ഒരു ശരാശരി മലയാളി യുവത്വത്തിന്റെ പ്രതീകമാണ്. അനധികൃതമായി കുടിയേറിയവനാണെങ്കിലും അതിജീവനം സാദ്ധ്യമാക്കിയ യുവത്വത്തിന്റെ  പ്രതിനിധിയാണ്. Contract Migrant Worker ആയി. ജ്വല്ലറി മുതലാളിയായി. കഥാന്ത്യം ഇറാഖിന്റെ കുവൈറ്റ് അധിനിവേശം പാപ്പരാക്കിയ - മിസ്കീൻ! ഗൾഫ് പ്രവാസത്തിൻ്റെ മാസ്മരിക പ്രഭയിൽ നാം കാണുന്ന കാഴ്ചകളുടെ പ്രതിനിധിയാണ്, ദേവൻ.

പലപ്പോഴും പുറം ലോകം കേൾക്കാത്ത അപശ്രുതികൾ സർവ്വസാധാരണം. പ്രവാസ ലോകത്ത് കണ്ടെത്തിയ വിവിധ ജീവിതങ്ങളുടെ സങ്കടകരമായ ജീവിത ഗാഥയാകുന്നു , മിസ്കീനുകളുടെ സ്വർഗം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top