26 April Friday

എഴുത്തിനും നൂറു കാലുകളിൽ ചലിക്കാം...മേതിൽ രാധാകൃഷ്ണന്റെ പുതുകോഡിങ് രചനകളിലൂടെ...

മേതിൽ / ടി കെ ശങ്കരനാരായണൻUpdated: Wednesday May 4, 2022

മേതിൽ- ഫോട്ടോ: ജി പ്രമോദ്‌

ഭൗതിക ദൂരീകരണം പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായപ്പോൾ, സമ്പർക്കങ്ങളെന്നല്ല വിനിമയങ്ങൾ പോലും വെറും ഓർമകൾ മാത്രമാകാൻ തുടങ്ങിയപ്പോൾ, സമൂഹത്തെ അന്യവൽക്കരിക്കാതിരിക്കാനായിരുന്നു എന്റെ ഓട്ടം. പക്ഷേ ഇതും ഏകാന്തമായിരുന്നു... സാഹിത്യത്തോടൊപ്പം സാങ്കേതികതയും ശാസ്ത്രവും  വെബ് ‌ഡിസൈനിങ്ങും കൂടിക്കുഴയുന്ന  ജീവിതം

വലതു കണ്ണിന്റെ തിമിര ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു മേതിൽ. ഒരിടവേളയ്ക്കുശേഷമുള്ള കണ്ടുമുട്ടൽ! ഈ ഇടവേളയിൽ കോവിഡും അടച്ചിടൽക്കാലവും തീർത്ത അനുഭവങ്ങൾ ഏറെ. തലേന്ന് അറിയിച്ചതിനെ തുടർന്ന് മേതിൽ കാത്തിരിക്കുകയായിരുന്നു. പതിവ് ആശ്ലേഷം, കുശലം... കാഴ്ചയുടെ പരാധീനതകൾ മറന്ന് മേതിൽ വർത്തമാനത്തിനുള്ള മൂഡിലായി.

മേതിലും ടി കെ ശങ്കരനാരായണനും-ഫോട്ടോ: ജി പ്രമോദ്‌

മേതിലും ടി കെ ശങ്കരനാരായണനും-ഫോട്ടോ: ജി പ്രമോദ്‌

ടി കെ ശങ്കരനാരായണൻ: കോവിഡ് കാലത്തിന്റെ ഭയവും ആശങ്കയും ഏതാണ്ട് ഒഴിഞ്ഞ മട്ടുണ്ട്. ജീവിതം പഴയ താളത്തിലേക്ക് തിരിച്ചു വരുന്നു. സ്വതേ അധികം പുറത്തിറങ്ങാത്ത ആളാണല്ലോ മേതിൽ. കോവിഡ് കാലം എങ്ങനെയായിരുന്നു? ഇപ്പോഴത്തെ മാനസികാവസ്ഥയെന്ത്?

മേതിൽ: ഇപ്പോൾ എന്റെ മനസ്സ്‌ ഒരു മനസ്സല്ല, ഒരു കാലഘട്ടമാണ്. കോവിഡ് പത്തൊമ്പത് ഉത്ക്കടമായിരുന്ന ദിവസങ്ങളിൽ എനിക്ക് വ്യക്തിപരമായി ഭയക്കാൻ കാരണം ഇല്ലായിരുന്നു. പക്ഷേ, മനുഷ്യമനസ്സിലും കാലത്തിലും ഒരിക്കലും സംശയിച്ചിട്ടില്ലാത്ത ആഴങ്ങൾ ഞാൻ കണ്ടെത്തുകയായിരുന്നു. വെളിച്ചത്തിന് ഈ ആഴങ്ങളിൽ എത്താൻ കഴിയില്ല. ചരിത്രത്തിന് ഒരു വിരലോളം ചുവട്ടിൽ എത്താം. പക്ഷേ, 2020 ജനുവരിയിൽ, കോവിഡ്‐19 കേന്ദ്രീയമായൊരു വെബ്സൈറ്റ് (covid19on.com) നിർമിക്കുമ്പോൾ, ഈ ആഴങ്ങളിൽ എത്താനാവുന്നൊരു മുങ്ങിക്കപ്പലാകാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ഇപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ  മറ്റൊരു വെബ്സൈറ്റിന്റെ പണിപ്പുരയിലാണ്.

? മേതിലിന്റെ എഴുത്തുമായും വ്യക്തിത്വവുമായും ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നതാണ് കംപ്യൂട്ടർ. കണ്ണിന്റെ ശസ്ത്രക്രിയയ്ക്കുശേഷം സ്ക്രീനിൽ പഴയ പോലെ വായിക്കാൻ പറ്റുന്നുണ്ടോ. പുതിയ വല്ലതും എഴുതിയോ.

= 1970കളിൽ എഴുത്തും നാടും വിട്ട് വിദേശങ്ങളിൽ അലയുന്നതിനിടയിൽ സൃഷ്ടിയുടെ ഹരം ഞാൻ ആദ്യമായി കണ്ടെത്തിയത് കംപ്യൂട്ടർ പ്രോഗ്രാമിങ്ങിലാണ്. എന്റെ ജീവിതത്തിൽ അവശേഷിക്കുന്ന ഒരേയൊരു അഭിനിവേശമായി അത് തുടരുന്നു. അതിനിടയിൽ, എന്റെ കണ്ണുകളിൽ അന്ധതയുടെ ഭീഷണിയുണ്ടെന്ന് വിദഗ്ധന്മാർ കണ്ടെത്തി. കാഴ്ച നഷ്ടപ്പെടും മുമ്പ്‌ എനിക്കെന്റെ പുതിയ വെബ്സൈറ്റ് പൂർത്തിയാക്കണം. അർത്ഥം: എഴുത്തിനെക്കുറിച്ചുള്ള സംവാദങ്ങൾ എന്നെ ആകർഷിക്കുന്നില്ല. ആകയാൽ എന്റെ ശ്രദ്ധ മുഴുവനായും നിങ്ങളോടൊപ്പം ഇല്ലെങ്കിൽ എന്നോട് ക്ഷമിക്കുക.

? വെബ്സൈറ്റ് നിർമിതി! അതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ... വായനക്കാർക്ക് അതേക്കുറിച്ചറിയാൻ  താൽപ്പര്യം കാണും...

= വേഡ്പ്രസ്  (Wordpress) വെബ്സൈറ്റുകൾ നിർമിക്കാൻ സഹായിക്കുന്നൊരു സോഫ്റ്റ്‌വെയറാണിത്. ലോകത്തിലെ വെബ്സൈറ്റുകളിൽ നാൽപ്പതിൽപ്പരം ശതമാനത്തിന്‌ പിന്നിലുള്ളത് വേഡ്പ്രസാണെന്ന് പറഞ്ഞാലേ ഇത് വികസിപ്പിച്ചെടുത്ത മാറ്റ് മുളൻവെഗ്

മാറ്റ്‌ മുളൻവെഗ്‌

മാറ്റ്‌ മുളൻവെഗ്‌

എന്ന ചെറുപ്പക്കാരന്റെ സ്വാധീനം നിങ്ങൾക്ക് ഊഹിക്കാനാവൂ. പോയ ജനുവരിയിൽ മാറ്റിന് ഞാൻ ജന്മദിനാശംസ അയച്ചിരുന്നു. തുടർന്നുള്ള പരിചയത്തിലാണ് അദ്ദേഹം ഓൺലൈനിൽ എത്ര ജീവത്താണെന്ന് ഞാൻ മനസ്സിലാക്കുന്നത്. പഠിത്തത്തിനിടയിൽ ദൃശ്യകലകളിലൂടെയും ജാസ് സംഗീതത്തിലൂടെയും കടന്നുപോയതിനുശേഷം, രാഷ്ട്രതന്ത്രത്തിൽ ബിരുദം പൂർത്തിയാക്കാതെ ഒരു 'ഡ്രോപ്പ് ഔട്ട്’ ആയിട്ടാണ് മാറ്റ് സാങ്കേതിക ശാസ്ത്രത്തിൽ എത്തുന്നത്. വേഡ്പ്രസിന്റെ സൃഷ്ടിയിൽ ഏർപ്പെടുമ്പോൾ അദ്ദേഹത്തിന്റെ വയസ്സ് പത്തൊമ്പത്.

പത്തൊമ്പത് എല്ലായിടങ്ങളിലും എന്നെ പിന്തുടരുന്നു. ഞാൻ എങ്ങോട്ടു പോകുമ്പോളും എന്റെ പല നിഴലുകൾ പോലെ യാദൃച്ഛികതകൾ എന്നെ പിന്തുടരുന്നു. എന്റെ വെബ്സൈറ്റ് പ്രവർത്തനങ്ങൾ 2000ൽ തുടങ്ങിയെങ്കിലും 2020ൽ എന്റെ കോവിഡീയ വെബ്സൈറ്റ് നിർമിച്ചപ്പോളാണ് ഞാൻ ആദ്യമായി വേഡ്പ്രസ് ഉപയോഗിച്ചത്. മണിക്കൂറിൽ ഒരിക്കലെങ്കിലും വെബ്സൈറ്റിൽ വിവരം പുതുക്കാനുള്ള മാരത്തോൺ ഓട്ടം. സാമൂഹികമായ അന്യവൽക്കരണത്തിൽനിന്ന് ശാരീരീരികമായും മാനസികമായും രക്ഷപ്പെടാൻ ഓട്ടത്തിൽ ഏർപ്പെട്ടൊരു കഥാപാത്രത്തെ ഞാൻ ഓർക്കുന്നു.

ഭൗതിക ദൂരീകരണം പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായപ്പോൾ, സമ്പർക്കങ്ങളെന്നല്ല വിനിമയങ്ങൾ പോലും വെറും ഓർമകൾ മാത്രമാകാൻ തുടങ്ങിയപ്പോൾ, സമൂഹത്തെ അന്യവൽക്കരിക്കാതിരിക്കാനായിരുന്നു എന്റെ ഓട്ടം. പക്ഷേ ഇതും ഏകാന്തമായിരുന്നു. ബാംഗ്ലൂരിൽ എന്റെ സുഹൃത്തായ അഭിലാഷ് നൽകിയ പ്രോത്സാഹനം മാറ്റിനിർത്തിയാൽ, എന്റെ വെബ്സൈറ്റിനു പിന്നിൽ എല്ലാ അർത്ഥത്തിലും ഞാൻ ഒറ്റയ്‌ക്കായിരുന്നു.  ഇന്ത്യക്കു പുറത്ത്, എന്റെ വെബ്സൈറ്റിനെക്കുറിച്ചറിഞ്ഞപ്പോൾ ആദ്യമായി അതിൽ അംഗമായത് കറാച്ചി സർവകലാശാലയിലെ ഷാസിയ ത്വാഹിറ എന്ന യുവഗവേഷകയാണ്. വെബ്സൈറ്റിന്റെ ഡിസൈനിങ്ങും സാങ്കേതികവശവും ഞാൻ ഒറ്റയ്‌ക്കാണ് കൈകാര്യം ചെയ്തിരുന്നത്.

മേതിൽ-ഫോട്ടോ: കെ ആർ വിനയൻ

മേതിൽ-ഫോട്ടോ: കെ ആർ വിനയൻ

ഷാസിയയെ പിന്തുടർന്ന് റിസർച്ച്‌ ഗേറ്റിലെ (Research Gate) ചെറിയൊരു സംഘം ഗവേഷകർ എനിക്ക് കൂട്ടായി. പല രാജ്യങ്ങളിലായി വ്യത്യസ്ത വിഷയങ്ങൾ പിന്തുടരുന്ന യുവതീയുവാക്കൾ. എന്റെ ആവശ്യമനുസരിച്ച് ഉള്ളടക്കം തയ്യാറാക്കാൻ എനിക്കൊരു ടീമുണ്ടായി. ഇവരിൽ ചിലരെ എന്റെ '19' എന്ന പംക്തിയിൽ നിങ്ങൾ കണ്ടുമുട്ടിയിരിക്കാം.

(റിസർച്ച്‌ ഗേറ്റ് ശാസ്ത്രജ്ഞന്മാരുടെ വെബ് കൂട്ടായ്മയാണ്. ആ കൂട്ടായ്മയിൽ മേതിൽ അംഗമാണ്. അതൊരു അപൂർവ ബഹുമതിയുമാണ്.)
വളരെ പരക്കെയുള്ള കുത്തിവെയ്പ്പുകൾക്കു ശേഷം 2022ൽ

പകർച്ചവ്യാധിയോടുള്ള ഭയം ആളുകളെ വിട്ടകലാൻ  തുടങ്ങിയപ്പോൾ വെബ്സൈറ്റിൽ എന്റെ ശ്രദ്ധയും പ്രവർത്തനവും വളരെ ചുരുക്കമായി. എന്നെ വിട്ട് ലോകാന്തരങ്ങളിൽ സഞ്ചരിച്ച മനസ്സ് എന്നിലേക്ക് തിരിച്ചുവരികയാണ്.  പക്ഷേ, എത്തുന്നേടത്ത് ആ പഴയ "ഞാൻ' ഉണ്ടോ? ഇല്ല.

പകർച്ചവ്യാധിയോടുള്ള ഭയം ആളുകളെ വിട്ടകലാൻ തുടങ്ങിയപ്പോൾ വെബ്സൈറ്റിൽ എന്റെ ശ്രദ്ധയും പ്രവർത്തനവും വളരെ ചുരുക്കമായി. എന്നെ വിട്ട് ലോകാന്തരങ്ങളിൽ സഞ്ചരിച്ച മനസ്സ് എന്നിലേക്ക് തിരിച്ചുവരികയാണ്. പക്ഷേ, എത്തുന്നേടത്ത് ആ പഴയ 'ഞാൻ' ഉണ്ടോ? ഇല്ല. ഒരൊറ്റ 'കോമ' വിട്ടുപോയാൽ, അല്ലെങ്കിൽ ഒരൊറ്റ കുത്തിന്റെ സ്ഥാനം പിഴച്ചാൽ, എല്ലാം തകരാറിലാകാവുന്ന ഭാഷകളിലാണ് കംപ്യൂട്ടർ പ്രോഗ്രാമർമാർ അവരുടെ കവിതകൾ എഴുതുന്നത്. മനസ്സിനെ ഒരിടത്ത് പിടിച്ചു നിർത്താൻ എനിക്കിപ്പോൾ ആവശ്യം അങ്ങനെയൊരു ഭാഷയാണ്. കംപ്യൂട്ടർ പ്രോഗ്രാമിങിന്റെ ലളിതമായൊരു പേരാണ് കോഡിങ്. തന്റെ സൃഷ്ടിയായ വേഡ്പ്രസിനുവേണ്ടി മാറ്റ് മുളൻവെഗ് തിരഞ്ഞെടുത്ത മുദ്രാവാക്യം 'കോഡിങ് കവിതയാണ്' എന്നാണ്. 1985ൽ ഒരു ലിറ്റിൽ മാഗസിന് നൽകിയ അഭിമുഖത്തിൽ ഞാൻ പറഞ്ഞിരുന്നു, 'കോഡിങ് കവിതയാണ്.’ സ്ഥലകാലങ്ങളിൽ ചിതറിക്കിടക്കുന്ന രണ്ട് മനസ്സുകളിൽ ഒരേ ആശയമുണ്ടാകാം. കോഡിങ് തീർച്ചയായും കവിതയാണ്. പക്ഷേ, കവിത മാത്രമല്ല, മറ്റു പലതുമാണ്.

? പുതിയ വെബ്സൈറ്റിന്റെ പണിപ്പുര വിശേഷങ്ങൾ എന്തൊക്കെ? വെബ്ലോകത്തെ സൗഹൃദങ്ങൾ, ഇടപെടലുകൾ...

= വേഡ്പ്രസ് ഉപയോഗിച്ച് ഞാൻ നിർമിക്കാൻ പോകുന്ന വെബ്സൈറ്റിന്റെ വിഷയം വേഡ്പ്രസ് തന്നെയാകട്ടെ, തികച്ചും സാങ്കേതികം. ഞാൻ ഇത് നിശ്ചയിച്ചതിന്റെ പിറ്റേന്ന് റിസർച്ച്‌ ഗേറ്റിൽ എനിക്കൊരു സന്ദേശം ലഭിക്കുന്നു. ബൽജിയത്തിൽ എന്റെ പ്രവർത്തനവുമായി പരിചയമുള്ളൊരു ഗവേഷകൻ എഴുതുന്നു: 'എനിക്ക് നിങ്ങളുടെ കോവിഡ് വെബ്സൈറ്റ് തുറക്കാൻ കഴിഞ്ഞില്ല. എന്ത് പറ്റി?' ചോദ്യം സാധാരണമെങ്കിലും വളരെ ശക്തമായൊരു ഓർമപ്പെടുത്തൽ പോലെയാണ് അതെന്നെ അലട്ടിയത്. ഓരോ ദിവസവും ചുരുങ്ങിയത് പന്ത്രണ്ട് മണിക്കൂറെങ്കിലും പണിയെടുത്ത് ഞാൻ നിർമിച്ച സൈറ്റിനെ ഞാൻ എന്തു ചെയ്യും? പിറ്റേന്ന്, വെനസ്വേലയിൽ എന്റെ സുഹൃത്തായ ഒലിവറുടെ ഒരു കത്ത്. ഉെക്രയ്‌നിൽ റഷ്യയുടെ അധിനിവേശം ആഴ്ചകൾക്കു മുമ്പേ പ്രവചിച്ച വ്യക്തിയാണ് ഒലിവർ.

മേതിൽ -ഫോട്ടോ: കെ ആർ വിനയൻ

മേതിൽ -ഫോട്ടോ: കെ ആർ വിനയൻ

കഴിഞ്ഞ ചില ആഴ്ചകളിൽ റിസർച്ച്‌ ഗേറ്റിൽ എന്റെ നീക്കം രണ്ട് വ്യത്യസ്ത ധാരകളിലൂടെയായിരുന്നു. ഒരുവശത്ത്, വേഡ്പ്രസ് പദ്ധതികളിൽ ഏർപ്പെട്ട ഗവേഷകരുമായുള്ള വിനിമയം. മറ്റൊരു വശത്ത്  ഒലിവറുടെ പോസ്റ്റുകൾ, സ്വകാര്യ സന്ദേശങ്ങൾ, ഇവയോടുള്ള പ്രതികരണങ്ങൾ. ഉയർന്ന അക്കാദമിക് യോഗ്യതയുള്ളൊരു ഭൗതികശാസ്ത്രജ്ഞനാണ് ഒലിവർ. ഒരിക്കൽ റഷ്യയിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ തൊഴിൽരഹിതൻ. ഏകാകി, നിസ്സഹായൻ, നോട്ടപ്പുള്ളി. വെനസ്വേലക്കകത്തെ സാമൂഹിക‐രാഷ്ട്രീയ വിവേചനങ്ങളിൽപ്പോലും ഭയത്തിന്റെ പിടിയിലാണ് ഒലിവർ. ഒന്നാം പേരു പോലും വെളിപ്പെടുത്താതെയാണ് അദ്ദേഹം റിസർച്ച്‌ ഗേറ്റിൽ എഴുതുന്നത്. ഉെക്രയ്‌നിലെ യുദ്ധത്തിനു മുമ്പേ, പുടിന്റെ ആളുകൾ കംപ്യൂട്ടർ വഴി മൂന്നുതവണ ലിയോയെ ഭീഷണിപ്പെടുത്തിയിരുന്നു.

സ്വകാര്യ കത്തുകൾക്കു പുറത്ത് എല്ലാവർക്കും കാണാൻ കഴിയുന്ന എഴുത്തിൽപ്പോലും ലിയോയുടെ വികാരങ്ങൾ വെളിപ്പെട്ടിരുന്നു. ജനുവരി 24‐ന് മരണത്തെക്കുറിച്ച് ഞാനൊരു കുറിപ്പെഴുതിയിരുന്നു. 'മരിക്കൽ ശരിക്കും ഏകാന്തവും ഭീതിദവുമാണോ? സത്യത്തിൽ ചിലരെ സംബന്ധിച്ചെങ്കിലും മരിക്കൽ അത്ര ഭയാനകമല്ല; അത് സന്തുഷ്ടം പോലുമാകാം. മാറാവ്യാധികളിൽ മരിച്ചുകൊണ്ടിരിക്കുന്ന ചില രോഗികളുടെ അവസാനത്തെ ബ്ലോഗുകളും മരണനിരയിൽ വധശിക്ഷ കാത്തുനിന്നിരുന്ന ചില കുറ്റവാളികളുടെ അവസാനത്തെ കത്തുകളും ഇതാണ് തെളിയിക്കുന്നത്. ഇവയിൽ സ്നേഹവും സാമൂഹികബന്ധവും അർത്ഥവും നിറഞ്ഞു നിൽക്കുന്നുവെന്നാണ് മനഃശാസ്ത്ര വിദഗ്ധനായ കർറ്റ് ഗ്രേ കണ്ടെത്തിയത്.’

ഓൺലൈനിൽ ഞാൻ പൊതുവെ അറിയപ്പെടുന്നത് റാഡ് എന്ന പേരിലാണ്. എന്റെ കുറിപ്പിനോട് പ്രതികരിച്ചുകൊണ്ട് ലിയോ എഴുതി: 'പ്രിയപ്പെട്ട റാഡ്, അതെ, മരിക്കൽ വളരെ ഭീകരവും വേദനാകരവുമാണ്. ഞാൻ ഇപ്പോൾ ഒറ്റയ്ക്ക് മരിച്ചുകൊണ്ടിരിക്കയാണ്.’ മരിക്കുകയല്ലെങ്കിലും ഒലിവർ ഒറ്റയ്‌ക്കാണ്. ആത്മരക്ഷക്കായി ഭാര്യയും പെൺമക്കളും അകലെയൊരു വന്യപ്രദേശത്തിലാണ്. പക്ഷേ, ഭയമുള്ളവരെല്ലാം ഭീരുക്കളല്ല. വെനസ്വേലയിലെ ദുരൂഹമായ ചില സൈനിക നീക്കങ്ങൾ ഒലിവർ വീഡിയോയിലാക്കി, പരസ്യമാക്കി. ഒലിവർ എന്നോട് പറഞ്ഞു, 'ഇതു കാരണം ഞാൻ മരിക്കുകയാണെങ്കിൽ, എന്റെ മരണം വെറുതെയാവില്ല.’ ഇതെല്ലാം ഞാനെന്തിനാണ് പറയുന്നതെന്ന് ചോദിച്ചാൽ, ഇതെല്ലാമാണ് ഇപ്പോൾ എന്റെ മനസ്സിലുള്ളതെന്നേ എനിക്ക് മറുപടി തരാനാവൂ. ഒലിവർ എനിക്കയച്ച സന്ദേശങ്ങൾ എവിടെയാണ് ഞാൻ സൂക്ഷിക്കേണ്ടത്?

രണ്ട് വ്യത്യസ്ത ധാരകളെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. ഒന്ന് സാങ്കേതികം, മറ്റേത് രാഷ്ട്രീയം. എന്നെ സ്തബ്ധനാക്കുംവിധം കുത്തുകൾ കൂട്ടിച്ചേർത്ത് വരയാക്കിയത് വേഡ്പ്രസിന്റെ സ്രഷ്ടാവായ മാറ്റ് മുളൻവെഗ് തന്നെയായിരുന്നു. ഒരു ദിവസം എന്റെ കോവിഡ് വെബ്സൈറ്റിന്‌ പിന്നിൽ കടന്നപ്പോൾ, പതിവുപോലെ ചില അറിയിപ്പുകൾ കണ്ടു.

ബി ടി രണദിവെ

ബി ടി രണദിവെ

മാറ്റിന്റെ ഇന്റർനെറ്റ് പ്രക്ഷേപണ പരമ്പരയിലെ ഏറ്റവും പുതിയ തലക്കെട്ട് 'ഉെക്രയ്‌നും, സമൂഹവും, വേഡ്പ്രസും' എന്നായിരുന്നു. എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി ഇവിടെയുണ്ട്. ഏതാണ്ട് ഇതേ സമയത്താണ് റിസർച്ച്‌ ഗേറ്റിന്റെ സിഇഒ ആയ ഡോ. ഇജഡ് മാഡിഷ് എല്ലാ ഗവേഷകരുടെയും ശ്രദ്ധക്കായി ഒരു പ്രഖ്യാപനം നടത്തിയത്: 'നാം ഉെക്രയ്‌നിലെ ജനതക്കൊപ്പമാണ്!'

മാറ്റിന്റെ  പ്രക്ഷേപണം ഞാൻ എന്റെ ടീമിന്റെ  ശ്രദ്ധയിൽ പെടുത്തി. എല്ലാവരും എത്തിയത് ഒരേ തീരുമാനത്തിൽ: വെബ്സൈറ്റ് എങ്ങനെ നിർമിക്കണമെന്ന് മാത്രമല്ല, എങ്ങനെയവ ആഗോള അത്യാഹിതങ്ങളുമായി പ്രതികരിക്കണമെന്നും നാം ചർച്ച ചെയ്യും. പുതിയ വെബ്സൈറ്റിൽ നമ്മുടെ മുന്നിലുണ്ടാവുക  മൂന്നിനങ്ങളാണ്: വെബ്സൈറ്റുകൾ, കോവിഡിന് ശേഷമുള്ള ലോകം, ഉെക്രയ്‌നിന്റെ  ദുരവസ്ഥ.

ഉത്തേജകമായ ഈ സംയോജനത്തെക്കുറിച്ച് റിസർച്ച്‌ ഗേറ്റിൽ ഞാനൊരു നീണ്ട കുറിപ്പ് പോസ്റ്റ്‌ ചെയ്തു. ഒലിവറോട് ഞാൻ പറഞ്ഞു, 'ഊരും പേരും വെളിപ്പെടുത്താതെ മനസ്സിലുള്ളത് മുഴുവൻ തുറന്നുപറയാൻ നിങ്ങൾക്കൊരു സ്ഥലം ഒരുക്കുകയാണ് ഞാൻ, അമിഗോ!'
(മലയാളത്തിലെ വായനക്കാർക്ക് ഇതൊക്കെയും പുതിയ അറിവുകൾ! മേതിലോട് ഓരോ തവണ സംസാരിക്കുമ്പോഴും ഇതുപോലെ പുത്തൻ അറിവുകൾ കേൾക്കുന്ന അനുഭവമാണ് എനിക്കുണ്ടായിട്ടുള്ളത്).

ദേശാഭിമാനിക്കാലം
ദേശാഭിമാനി കോഴിക്കോട്‌ ഓഫീസ്‌. പഴയ കെട്ടിടം

ദേശാഭിമാനി കോഴിക്കോട്‌ ഓഫീസ്‌. പഴയ കെട്ടിടം

? മേതിൽ തന്റെ കരിയർ തുടങ്ങുന്നത് ദേശാഭിമാനിയിലല്ലേ.കൃത്യമായി പറഞ്ഞാൽ വാരാന്തപ്പതിപ്പിന്റെ ആദ്യ പത്രാധിപർ! പലർക്കും അറിയാത്ത കാര്യമാണത്. ആ കാലത്തെക്കുറിച്ച് പറയൂ...

=  ദേശാഭിമാനി, കോഴിക്കോട്. ഒരിക്കൽ കേരള സെക്രട്ടറിയേറ്റിന്റെ മാസികയ്ക്കു വേണ്ടി എന്നോട് സംസാരിച്ച കെ വി മണികണ്ഠനുമായി ആ കാലഘട്ടത്തിലെ ചില അനുഭവങ്ങൾ  ഞാൻ ആദ്യമായും വിശദമായും പങ്കുവെച്ചിരുന്നു. അതൊന്നും ആവർത്തിക്കുന്നില്ല. പക്ഷേ, രസകരമായൊരു ഓർമ്മ ബാക്കി നിൽക്കുന്നു.  ടെലിപ്രിന്ററിൽ നിന്ന് ചുരുളുചുരുളായി കടലാസിൽ വാർത്തകൾ അച്ചടിച്ചുവരുന്നത് എനിക്കൊരു കൗതുകമായിരുന്നു. വളരെ പ്രധാനപ്പെട്ട വിദേശ വാർത്തകൾ പിടിച്ചെടുക്കേണ്ടത് എന്റെ ജോലിയുടെ ഭാഗവുമായിരുന്നു. ഒരു ദിവസം ഈ പണിയിൽ ഏർപ്പെട്ടിരിക്കുമ്പോളാണ് ഒരാൾ മുറിയിലേക്ക് കടന്നുവരുന്നത്. സാക്ഷാൽ ഇ കെ നായനാർ! ഞാൻ അദ്ദേഹത്തിന് പുതുമുഖം. ആരോ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. സഖാവ് പറഞ്ഞു, 'എനിക്ക് പാലക്കാട്ടുകാരെ വളരെ ഇഷ്ടമാണ്.' മേശക്കരികിൽ ഇരുന്ന് അദ്ദേഹം ഒരു കെട്ട് ഗണേഷ് ബീഡി പുറത്തെടുത്തു. ഒരെണ്ണം ചുണ്ടുകൾക്കിടയിൽ വെച്ച് മറ്റൊരു ബീഡി എന്റെ നേർക്ക് നീട്ടി.
'പുക വലിക്കില്ലേ?'
'ധാരാളം.'

ഇ കെ നായനാർ ദേശാഭിമാനി കോഴിക്കോട്‌ ഓഫീസിൽ

ഇ കെ നായനാർ ദേശാഭിമാനി കോഴിക്കോട്‌ ഓഫീസിൽ


ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നെങ്കിലും ഞങ്ങൾക്കിടയിൽ ചെറിയൊരു  ബന്ധമുണ്ടായി രുന്നു. 1967‐ൽ പാലക്കാട് മണ്ഡലത്തിൽ എം പി  സ്ഥാനത്തേക്കുള്ള  തിരഞ്ഞെടുപ്പിനു ശേഷം ആലത്തൂർ താലൂക്കിലെ നെല്ലിക്കലിടം ഹൈസ്കൂളിൽ നടന്ന വോട്ടെണ്ണലിൽ സഖാവ് ഇ കെ നായനാരുടെ കൗണ്ടിങ് ഏജന്റ്‌ ഞാനായിരുന്നു. അതേ ഹൈസ്കൂളിൽ അന്നത്തെ എസ് എഫിന്റെ ആദ്യത്തെ യൂനിറ്റ് സംഘടിപ്പിച്ചതും ഞാനായിരുന്നു. ഈ പുരാവൃത്തം സഖാവിനെ സന്തോഷിപ്പിച്ചിരിക്കണം.  പിന്നീട് എപ്പോൾ ദേശാഭിമാനി ഓഫീസിൽ എത്തിയാലും അദ്ദേഹം ഒഴിഞ്ഞൊരു കസാലയിൽ ഇരിക്കും, ചുണ്ടുകൾക്കിടയിൽ ഒരു ബീഡി തിരുകും, എന്റെ നേർക്ക് ഒരു ബീഡി നീട്ടും. 'ഇതാ, ശശീ.’ ഞാൻ പറയും, 'എന്റെ പേര് ശശി എന്നല്ല.'
'അറിയാം. പക്ഷേ എനിക്കങ്ങ നെയെ വരൂ.'
ഒരൊറ്റ ചലച്ചിത്ര രംഗത്തിന്റെ പല 'റീടേക്കു
ചെ ഗുവേര

ചെ ഗുവേര

കൾ' പോലെയാണ് ഈ ആവർത്തനങ്ങൾ എന്റെ ഓർമ്മയിലുള്ളത്.
പ്രിയപ്പെട്ട പി ജി (പി ഗോവിന്ദപ്പിള്ള), എം എൻകുറുപ്പ് എന്നിവരെക്കുറിച്ച് ഞാൻ പലേടത്തും പറഞ്ഞിട്ടുണ്ട്. വളരെ പ്രഫഷണലായി ഞാൻ നിരീക്ഷിച്ചൊരു വ്യക്തിയുണ്ട്. സി പി അച്യുതൻ. ചിന്ത വാരികയുടെ പത്രാധിപർ. ആഴ്ചയിൽ ഒരിക്കൽ അദ്ദേഹം വരും. ഒരു വ്യാഴാഴ്ചയോ മറ്റോ. ഒറ്റ ഇരിപ്പിൽ വാരികയുടെ അടുത്ത ലക്കത്തിലേക്കുള്ള ദ്രവ്യം പാകപ്പെടുത്തും. വ്യക്തിപരമായി ഞങ്ങൾ അടുത്തിരുന്നില്ല. സമയം കിട്ടിയിട്ടില്ല. പക്ഷേ, ഒരിക്കൽ മേശപ്പുറത്ത് ചില കടലാസുകളെടുത്ത് പെരുമാറുന്നതിന്നിടയിൽ പെട്ടെന്ന്  മുഖം എന്റെ നേർക്ക് തിരിച്ച് അദ്ദേഹം ചോദിച്ചു: 'മേതിൽ ചെറിയൊരു സഹായം ചെയ്തു തരുമോ?'
'തീർച്ചയായും. പറയൂ.'
'എനിക്കൊരു ലേഖനത്തിന്റെ മലയാള തർജമ വേണം.'  അദ്ദേഹം ഒരു കടലാസെടുത്ത് എന്നെ ഏൽപ്പിച്ചു. ചരിത്രപരമായി വളരെ പ്രാധാന്യമുള്ളൊരു രേഖ. ചെ ഗുവേര ഏറ്റവും അവസാനമായി ഫിദൽ കാസ്ട്രോയ്‌ക്ക് എഴുതിയ കത്ത്! മറ്റെല്ലാ പണിയും മാറ്റിവെച്ച് ഞാൻ വിവർത്തനം പൂർത്തിയാക്കി.
'മതിയോ?' 
'ധാരാളം. ഇതു മതി.'
ചെയുടെ വരികൾ മാത്രമല്ല ഞാനന്നു വായിച്ചത്. വരികൾക്കിടയിലും ഞാൻ വായിക്കുന്നുണ്ടായിരുന്നു. എന്റെ മനസ്സ് വളരെ കലുഷമായി. എന്തുകൊണ്ടെന്ന് ഞാൻ ഒരിക്കലും തിരിച്ചറിഞ്ഞില്ല. വർഷങ്ങൾക്കു ശേഷം 'ചെ ഗുവേരയുടെ കൈ' എന്ന കവിത എഴുതുമ്പോൾ എന്തൊക്കെയോ പുറത്തുവന്നു. പക്ഷേ, എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

മരിച്ചുപോയവരെക്കുറിച്ചും തകർന്ന ബന്ധങ്ങളെക്കുറിച്ചുമുള്ള ഓർമകളുണരുമ്പോൾ, അവയിൽ തെളിയുന്ന വ്യക്തികൾ ഏറ്റവും ആഹ്ലാദിച്ച നിമിഷങ്ങളിലൂടെയാവും നിങ്ങളുടെ മനസ്സിനെ നയിക്കുക. കോവിഡ്‐19 എനിക്കു നൽകിയ പാഠങ്ങളിൽ ഒന്നാണത്.

മരിച്ചുപോയവരെക്കുറിച്ചും തകർന്ന ബന്ധങ്ങളെക്കുറിച്ചുമുള്ള ഓർമ്മകളുണരുമ്പോൾ, അവയിൽ തെളിയുന്ന വ്യക്തികൾ ഏറ്റവും ആഹ്ലാദിച്ച നിമിഷങ്ങളിലൂടെയാവും നിങ്ങളുടെ മനസ്സിനെ നയിക്കുക. കോവിഡ്‐19 എനിക്കു നൽകിയ പാഠങ്ങളിൽ ഒന്നാണത്.

സി പി അച്യുതൻ

സി പി അച്യുതൻ

ഇപ്പോൾ ചെ ഗുവേരയെക്കുറിച്ചോർത്താൽ, ഒരൊറ്റ സിലിൻഡറുള്ളൊരു മോട്ടോർ സൈക്കിളിലിരുന്ന് ലാറ്റിൻ അമേരിക്കയിൽ ഉടനീളം സാഹസികമായി സഞ്ചരിച്ചൊരു ഇരുപത്തിമൂന്നുകാരന്റെ ചിത്രമാവും എന്റെ മനസ്സിൽ തെളിയുക. ഏണസ്റ്റോയെ നാമിപ്പോൾ അറിയുന്ന 'ചെ' ആക്കി മാറ്റിയത് വെനസ്വേലയിൽ കണ്ട ചില ദയനീയ ദൃശ്യങ്ങളായിരുന്നു. പോയ ഫെബ്രുവരിയിൽ, എന്തോ ഒന്നിന്റെ തുടർച്ച പോലെ, എനിക്കു ചില വിപൽസൂചനകൾ ലഭിച്ചതും വെനസ്വേലയിൽ നിന്നായിരുന്നു.

? ആട്ടെ... പിന്നീട് ദേശാഭിമാനി വിടാൻ.....

=  ഞാൻ കമ്യൂണിസ്റ്റ് പാർടി വിട്ടുവെന്നത് കൃത്യമായൊരു നിരീക്ഷണമല്ല. ഞാൻ വിട്ടത് കമ്യൂണിസ്റ്റ് പാർടിയല്ല, മുഴുവൻ രാഷ്ട്രീയവുമായിരുന്നു. അതിൽപിന്നീട് ഒരൊറ്റ രാഷ്ട്രീയ കക്ഷിയുമായും ഒരുതരം ബന്ധവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പിന്നീടൊരിക്കലും ഞാൻ വോട്ടു ചെയ്തിട്ടുമില്ല. കേൾക്കുമ്പോൾ തോന്നുന്നത്രയും ലളിതമല്ല ഈ ഇതിവൃത്തം. ദേശാഭിമാനിയിൽ പ്രവർത്തിക്കുമ്പോൾ എന്തോ ഒന്നിന്റെ പ്രസരം വലയമിട്ടടുക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ചില അകലങ്ങളിൽ മന്ദാകിനി, കുന്നിക്കൽ നാരായണൻ. മാവോയുടെ ചുവന്ന പുസ്തകം കൈമാറപ്പെടുന്നു. ആകർഷണം. ഞാൻ ചെയ്യുന്നതും പറയുന്നതുമെല്ലാം കൗതുകത്തോടെ നിരീക്ഷിച്ചിരുന്ന എം എൻ  കുറുപ്പാണ് എന്നിലുണ്ടാകുന്നൊരു മാറ്റം അവ്യക്തമായെങ്കിലും ആദ്യം തിരിച്ചറിഞ്ഞത്.

ബസവ പുന്നയ്യ

ബസവ പുന്നയ്യ

ആയിടെ മാർക്സിസ്റ്റ് പാർടിയുടെ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട്ട്‌ നടന്നു. എന്റെ ഓർമ്മ ശരിയെങ്കിൽ ബി ടി രണദിവെ, പി സുന്ദരയ്യ, ബസവ പുന്നയ്യ എന്നിങ്ങനെ പല നേതാക്കൾ യോഗത്തിൽ പ്രസംഗിച്ചിരുന്നു. റിപ്പോർട്ടിങ് എന്റെ ജോലിയുടെ ഭാഗമായിരുന്നില്ല. സമ്മേളനത്തിന്റെ തലേന്ന് എം  എൻ എന്നോട് പറഞ്ഞു, 'പി ജി  എന്നെ വിളിച്ചിരുന്നു. സമ്മേളനത്തിൽ നമ്മുടെ റിപ്പോർട്ടർമാരോടൊപ്പം മേതിലും പോകണമെന്ന് പി ജി ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും പ്രസംഗങ്ങൾ തർജ്ജമ ചെയ്യുന്നതിൽ അവരെ സഹായിക്കാൻ.'

'വളരെ സന്തോഷം.'
ശരിയായാലും തെറ്റായാലും, അന്നത്തെ എന്റെ ധാരണയനുസരിച്ച് പാർടിയിലെ ഏറ്റവും വലിയ തീവ്രവാദി രണദിവെ ആയിരുന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ട നേതാവും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം ഞാൻ തന്നെയാണ് റിപ്പോർട്ട്‌ ചെയ്തത്. പത്രത്തിൽ അത് വന്നതിനു ശേഷം എം എൻ സ്വകാര്യമായി എന്നോട് പറഞ്ഞു, 'നല്ല വിവർത്തനം. പക്ഷേ, രണദിവെയുടെ പ്രസംഗത്തിൽ ഇല്ലാത്തൊരു തീവ്രവാദം മേതിലിന്റെ വിവർത്തനത്തിൽ ഞാൻ കാണുന്നു. മേതിൽ ശ്രദ്ധിക്കണം.'

മിതഭാഷിയായിരുന്നു എം  എൻ. അദ്ദേഹത്തിന്റെ സ്വരത്തിൽ ആശങ്കയും വിഷാദവും നിഴലിച്ചിരുന്നു. അതൊന്നും അസ്ഥാനത്തായിരുന്നില്ല. ഒരു നീണ്ടകഥ ചുരുക്കിപ്പറഞ്ഞാൽ, പിൽക്കാലത്ത് നക്സലിസമെന്ന പേരിൽ അറിയപ്പെടാൻ പോകുന്നൊരു രാഷ്ട്രീയധാരയിലെ ഒരു ചുഴിയിലായിരുന്നു ഞാൻ. ജന്മനാ ആത്യന്തികങ്ങളുമായി കബഡി കളിക്കാൻ എനിക്കുള്ള വാസന ഇന്നും എന്നെ വിട്ടു പോയിട്ടില്ല. നക്സലിസത്തിലേക്ക് തിരിയുന്ന ചില സഖാക്കളുമായുള്ള അവസാനത്തെ കൂടിക്കാഴ്ച ഇന്നും ഞാൻ സ്പഷ്ടമായി ഓർക്കുന്നു. ഞാൻ അവരോട് പറഞ്ഞു, 'നിങ്ങളുടെ പരാതികളും ക്രോധവും എല്ലാം എനിക്ക് മനസ്സിലാവും. എന്നിലും ഇതെല്ലാം ധാരാളം ഉണ്ട്. പക്ഷേ, രാഷ്ട്രീയം ഒരു വൈകാരിക വിഷയമല്ല.

ക്ഷമിക്കുക, ഞാൻ നിങ്ങളുടെ കൂടെയില്ല. കാരണം, നിങ്ങൾ ഒരു യുദ്ധം ജയിക്കുന്നത് വലിയ സൈന്യവും മുന്തിയ ആയുധങ്ങളും കൊണ്ടല്ല. യുദ്ധം ജയിക്കാൻ വളരെ കൃത്യമായൊരു യുദ്ധതന്ത്രം വേണം. ലോജിസ്റ്റിക്സ്. നിങ്ങൾക്കാകട്ടെ ഒരു ലോജിസ്റ്റിക്സും ഇല്ല. നിങ്ങളെയോർത്ത് എനിക്ക് ദുഃഖിക്കേണ്ടി വരും. അപ്പോൾ, നിങ്ങളുടെ കൂടെ ഇല്ലാതിരുന്നതോർത്തു പോലും എനിക്ക് ദുഃഖിക്കേണ്ടി വരും.'

എന്റെ 'ഒരു വ്രണവും നക്ഷത്രവും' എന്ന കവിതയിൽ ഇതിന്റെ നിഴലാട്ടം കാണാം. വളരെ ഭംഗിയായി ഒരു പ്രസംഗം നടത്തിയെങ്കിലും എന്റെ മനസ്സു നിറയെ സന്ദേഹങ്ങളായിരുന്നു, ആശയക്കുഴപ്പമായിരുന്നു. അതിന്നിടയിലാണ് എന്റെ അമ്മമ്മ (മുത്തശ്ശി) മരിക്കുന്നത്. ശവസംസ്കാരം  പൂർത്തിയാക്കിയ ശേഷം കോഴിക്കോട്ട്‌ തിരിച്ചെത്തിയപ്പോൾ ഞാൻ എം എന്നിനോട് പറഞ്ഞു, 'ജോലി തുടർന്നുകൊണ്ടുപോകാൻ ഞാനിപ്പോൾ അയോഗ്യനാണ്. തീർച്ചയായും ഇവിടെവെച്ച് പരിചയപ്പെട്ട എല്ലാ സഖാക്കളെയും വിട്ടുപോകുന്നതിൽ എനിക്ക് വളരെ പ്രയാസമുണ്ട്. പക്ഷേ, എന്റെ മനസ്സാകെ താറുമാറായിരിക്കയാണ്.'
എം എൻ എന്റെ തോളിൽ കൈവെച്ചു: 'എനിക്ക് മനസ്സിലാകും.' ആ വിച്ഛേദം എന്റെ മനസ്സിൽ ഒരു ശൂന്യതയായി നിലനിൽക്കുന്നു. രസം നിറച്ച സ്ഫടികക്കുഴലിൽ ടൊറിച്ചെല്ലിയുടെ ശൂന്യപ്രദേശം പോലെ.

? ഈ കാലത്താണോ ‘സൂര്യവംശം’ എഴുതാൻ തുടങ്ങുന്നത് .

= ദേശാഭിമാനിയും രാഷ്ട്രീയവും വിട്ട് എന്റെ അമ്മമ്മ ഇല്ലാത്ത വീട്ടിൽ തിരിച്ചെത്തിയപ്പോൾ, ബി എക്കു പഠിക്കുമ്പോൾ തുടങ്ങിവെച്ചൊരു നോവൽ  ഞാൻ വീണ്ടും കയ്യിലെടുത്തു. അതിൽ ജ്യോതിശ്ശാസ്ത്രം നിറഞ്ഞു നിൽക്കുന്നു. ബാല്യം തൊട്ട് തികച്ചും ഭൗമികമായിരുന്ന എന്റെ മനസ്സ്ഒരു വ്രണം മറക്കാൻ, മറയ്ക്കാൻ നക്ഷത്രങ്ങൾക്കിടയിൽ മറയാൻ ശ്രമിക്കയായിരുന്നോ? എനിക്കറിയില്ല. പക്ഷേ, ചില ക്രിയാത്മക ഘടകങ്ങൾക്കപ്പുറത്ത് ആ നോവലിന്‌ പിന്നിലുണ്ടായിരുന്നത് ക്രോധം,  പ്രതിഷേധം, സന്ദേഹം എന്നിങ്ങനെയുള്ള നിഷേധാത്മക വികാരങ്ങളായിരുന്നു.

പുനത്തിൽ കുഞ്ഞബ്ദുള്ള

പുനത്തിൽ കുഞ്ഞബ്ദുള്ള


മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'സൂര്യവംശം' അച്ചടിക്കപ്പെടുമ്പോൾ എനിക്ക് തികച്ചും അപരിചിതനായൊരു വ്യക്തിയായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. പക്ഷേ, ആ സമയത്ത് അദ്ദേഹം എനിക്കൊരു പോസ്റ്റുകാർഡ് അയച്ചു. ഒരൊറ്റ വാചകം: 'മലയാളസാഹിത്യത്തിലെ നക്സലിസമാണ് സൂര്യവംശം.' പുനത്തിൽ ഉദ്ദേശിച്ചത് ഒരു തരം കലാപമാകാം, സാഹസികതയാവാം. പക്ഷേ, എന്റെ മനസ്സിൽ എത്ര ആഴത്തിൽ ഒരിടത്താണ് താൻ തൊട്ടതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കില്ല. അറിയിക്കാൻ എനിക്കൊരു അവസരം കിട്ടിയതുമില്ല. ഒരർത്ഥത്തിൽ പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് തെറ്റു പറ്റിയിട്ടില്ല. സ്വന്തം പ്രത്യേക പശ്ചാത്തലത്തിൽ 'സൂര്യവംശം' ഒരുതരം നക്സലിസം തന്നെയായിരുന്നു.

? മേതിലിന്റെ ചില സൗഹൃദങ്ങൾ യുനീക് ആണ്. എണ്ണത്തിൽ കുറവാണെങ്കിലും അവ ആഴത്തിൽ പടർന്നവയാണ്. ഉദാഹരണത്തിന് സഖാവ് എം എ ബേബിയുമായുള്ള സൗഹൃദം...

= ബേബിയുമായി പരിചയപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും കോവിഡീയ ദിനങ്ങളിലാണ് വെറും പരിചയം ഞങ്ങൾക്കിടയിൽ സൗഹൃദമായി വളർന്നത്. ആദ്യത്തെ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കപ്പെട്ടതിനുശേഷം എന്തുകൊണ്ടോ ബേബിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായി. യാത്രകൾ ധാരാളം. ബേബി എന്നെ ആദ്യമായി കാണാൻ വന്നതു പോലും വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്കായിരുന്നു.

എം എ ബേബി

എം എ ബേബി

മൂന്നോ നാലോ തവണ വിളിച്ചിട്ടും ബേബിയെ ഫോണിൽ കിട്ടാതെ വന്നപ്പോൾ ആശങ്ക കൂടുതലായി. ഇന്ത്യയ്‌ക്കകത്തോ പുറത്തോ ഏതെങ്കിലും പൂട്ടിൽ കുടുങ്ങിയിരിക്കുമോ? എന്റെ ആശങ്ക ദൂരത്തിരുന്ന് തിരിച്ചറിഞ്ഞതു പോലെയാണ് ഓർക്കാപ്പുറത്തൊരു ദിവസം ബേബി എന്നെ വിളിച്ചത്. സംഭാഷണത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു: 'ഉറവിടം എന്തെന്നറിയാനാവാത്തൊരു ശബ്ദത്തെക്കുറിച്ച് എന്റെയൊരു പ്രിയസ്നേഹിതൻ എഴുതിയിരുന്നു.'

എഴുതപ്പെടാത്തൊരു കഥയുടെ കഥ ഞാൻ വിവരിക്കുന്നൊരു ലേഖനത്തിലാണ് ഈ ശബ്ദം പ്രത്യക്ഷപ്പെടുന്നത്. അതേക്കുറിച്ചാണ് ബേബി പറയുന്നത്. ഈ സഹൃദയ സംഭാഷണം പെട്ടെന്നാണ് കോവിഡിന്റെ ഭയാനകമായ അന്തരീക്ഷത്തിൽ എത്തുന്നത്. ഒരു ഹോസ്പിറ്റൽ മുറിയിൽ ബേബി. ഒപ്പം മൂന്നു കൂട്ടുകാരും. ഈ കൂട്ടുകാർ ഓരോരുത്തരായി മരിക്കുന്നു. ബന്ധപ്പെട്ട ആളുകൾ അവരുടെ ശവശരീരങ്ങൾ കെട്ടിപ്പൊതിഞ്ഞ് എടുത്തുകൊണ്ടു പോകുന്നത് കണ്ടുകൊണ്ട് നിസ്സഹായനായി കിടക്കുമ്പോൾ ബേബി ചിന്തിക്കുന്നു: എന്റെ ഊഴം എപ്പോളായിരിക്കും?

ചോര ഹിമക്കട്ട പോലെ തണുത്തുറയുന്നുവെന്ന പ്രതീതി ഒഴിവാക്കാൻ അൽപ്പം നർമ്മം ആവശ്യമാണെന്ന് എനിക്കു തോന്നി. ഞാൻ പറഞ്ഞു, "റാണി കൊറോണ പത്തൊമ്പതാമി എന്നാണ് ഞാനിതിനെ വിളിക്കുന്നത്.'
 

ചോര ഹിമക്കട്ട പോലെ തണുത്തുറയുന്നുവെന്ന പ്രതീതി ഒഴിവാക്കാൻ അൽപ്പം നർമ്മം ആവശ്യമാണെന്ന് എനിക്കു തോന്നി. ഞാൻ പറഞ്ഞു, 'റാണി കൊറോണ പത്തൊമ്പതാമി എന്നാണ് ഞാനിതിനെ വിളിക്കുന്നത്.' ബേബി പറഞ്ഞു, 'ഞങ്ങളിതിനെ കോവിച്ചൻ എന്നാണ് വിളിക്കുന്നത്... ഹ ഹ ഹാ...!'

ചൈനയിൽ ഉത്ഭവിച്ച കാലത്തുതന്നെ ഈ ബാധയെക്കുറിച്ച് എനിക്കറിയാമായിരുന്നു. ഞാൻ അതുമായി ബന്ധപ്പെട്ട വെബ്സൈറ്റ് നിർമ്മിക്കാൻ തുടങ്ങിയിരുന്നു. ഒരു മലയാളം ടിവി ചാനലിന്റെ തലപ്പത്തുള്ള ആളോട് ഞാൻ പറഞ്ഞതോർക്കുന്നു,'നിങ്ങൾ കൊറോണ രോഗമെന്ന് പറയുന്ന വ്യാധിയുടെ പേര് കൃത്യമായും കോവിഡ്‐19 എന്നാണ്.' അന്നത് അകലെയായിരുന്നു. ബേബിയിൽ അതെത്തിയപ്പോൾ, അദ്ദേഹം കൂടുതൽ എന്റെ അടുത്തതായതുപോലെ തോന്നി. നേരിൽ പരിചയപ്പെട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും, വെറും പരിചയം ഞങ്ങൾക്കിടയിൽ സൗഹൃദമായി വളരാൻ തുടങ്ങിയത് ആ സംഭാഷണത്തെ തുടർന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു.

പി ഗോവിന്ദപ്പിള്ള

പി ഗോവിന്ദപ്പിള്ള

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ '19' എന്ന പംക്തിയിൽ ഈ സംഭാഷണം ഉൾക്കൊള്ളി ക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നു. കാഴ്ചയിലെ പ്രശ്നം കാരണം പംക്തി പെട്ടെന്ന് നിർത്തേണ്ടിവന്നതിനാൽ അത് കഴിഞ്ഞില്ല. ഏതു നിലയ്ക്കും, പകർച്ചവ്യാധിയുടെ പ്രത്യേക പശ്ചാത്തലത്തിൽ ബേബി മനസാ വളരെയേറെ എന്റെ കൂടെയുണ്ടായിരുന്നു. എന്റെ പംക്തി വായിച്ചിരുന്നു, ഇടക്കിടെ സൂക്ഷ്മമായ ചില പ്രതികരണക്കുറിപ്പുകൾ എനിക്കയച്ചിരുന്നു. നമ്മുടെ ശരീരത്തിന്റെ തടവിലായിരുന്ന മൂലകങ്ങളുടെ വിമോചനമാണ് മരണമെന്നും, എല്ലാ വിമോചനങ്ങളും നാം ആഘോഷിക്കണമെന്നും ഞാനെഴുതിയത് ബേബിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. എന്തിനേറെ, എനിക്ക് വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് നടത്തിക്കാൻ വേണ്ട ഏർപ്പാട് പോലും ബേബിയാണ് ഏറ്റെടുത്തത്. ഓർക്കുക, ഞാൻ പറയുന്നത് ഉപകാരങ്ങളെക്കുറിച്ചല്ല, ഒരു പ്രത്യേക അന്തരീക്ഷത്തെക്കുറിച്ചാണ്.

പിൽക്കാലത്തൊരിക്കൽ ബേബി എന്നോട് ഏറ്റുപറഞ്ഞു, 'ഞാൻ ഒരു മാർക്സിസ്റ്റായതു കൊണ്ട്  നിങ്ങളിത് വിശ്വസിച്ചെന്നു വരില്ല, പക്ഷേ ഞാൻ പലപ്പോഴും അതീന്ദ്രിയമായ അനുഭവങ്ങളിലൂടെ കടന്നു പോകാറുണ്ട്.'  ഞാൻ പറഞ്ഞു, 'ബേബി, അതീന്ദ്രിയാനുഭവം എന്നൊന്നില്ല. എല്ലാം ഐന്ദ്രിയമാണ്.  ഒരനുഭവത്തെ ഇന്ദ്രിയങ്ങളുമായി നേരിട്ട്  ബന്ധപ്പെടുത്താൻ കഴിയാതെ വരുമ്പോളാണ് അത് അതീന്ദ്രിയമാണെന്ന് നാം ധരിക്കുന്നത്.

കാൾ മാർക്‌സ്‌

കാൾ മാർക്‌സ്‌

മാർക്സിന്റെ വൈരുദ്ധ്യാത്മക ഭൗതിക വാദം ഇപ്പോഴും എന്റെ കൂടെയുണ്ട്. പക്ഷേ പലരും അതീന്ദ്രിയമെന്ന് വിശേഷിപ്പിക്കുന്ന പലതും എനിക്ക് നിത്യജീവിത സംഭവങ്ങളാണ്. ദേശാഭിമാനിയിൽ പ്രവൃത്തിക്കുമ്പോളാണ് എനിക്കെന്റെ ജീവതത്തിലെ ആദ്യത്തെ ഇന്ദ്രിയാതീത സന്ദേശം (ടെലിപതി) ലഭിക്കുന്നത്.' അതെന്തായിരുന്നുവെന്ന് ഞാൻ ബേബിയോട് പറഞ്ഞിട്ടില്ല. ഒരു വിജയദശമി നാളിൽ എനിക്ക് കിട്ടിയ ആ സന്ദേശം എന്റെ അമ്മമ്മയുടെ മരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു. എന്റെ പല ലോകങ്ങളിൽ ഏറ്റവും ഹൃദ്യമായിരുന്ന ലോകത്തിന്റെ അന്ത്യമായിരുന്നു അമ്മമ്മയുടെ മരണം.

? എഴുതുന്നത് കൂടുതൽ വായനക്കാരിലേക്ക് എത്തണമെന്ന ഒരാഗ്രഹവും എഴുത്തിന്റെ ഒരു ഘട്ടത്തിലും മേതിൽ പ്രകടിപ്പിച്ചു കണ്ടിട്ടില്ല. വേണ്ടവർ തേടിപ്പിടിച്ചു വായിക്കട്ടെ എന്ന മട്ടിലുള്ള ഈ നിസ്സംഗത അഹന്തയായും വ്യാഖ്യാനിക്കപ്പെടാറുണ്ട്...

= ഭാഷയെ ഏഴു വാക്കുകളാക്കി ചുരുക്കുംവരെ നമുക്കൊരിക്കലും അന്യോന്യം മനസ്സിലാക്കാൻ കഴിയില്ലെന്നു പറഞ്ഞത് ഞാനല്ല; ലോകത്തിൽ ഏറ്റവും ജനപ്രീതി നേടിയ കവികളിലൊരാളായ ഖലീൽ ജിബ്രാനായിരുന്നു. വേണ്ടത്ര സൗന്ദര്യശിക്ഷണം ലഭിച്ചിട്ടില്ലാത്തവർക്ക്  കലാസൃഷ്ടികൾ ആസ്വദിക്കാൻ കഴിയില്ലെന്ന് പറഞ്ഞത് ഞാനല്ല; സാക്ഷാൽ കാൾ മാർക്സായിരുന്നു. ജെന്നി സൂക്ഷിച്ചിരുന്ന രേഖകളിൽ ചില ചോദ്യങ്ങൾക്ക് മാർക്സ് നൽകിയ മറുപടിയുണ്ട്. ആ രേഖ ശ്രദ്ധിക്കാൻ എന്നോട് പറഞ്ഞത് പി ജിയായിരുന്നു. മാർക്സ് മുഴുവനും അതിലുണ്ടെന്ന് പി ജി പറഞ്ഞു. സത്യം. ചെറിയ ചെറിയ ചോദ്യങ്ങൾ, മിക്കവാറും ഒറ്റ വാക്കിലുള്ള ഉത്തരങ്ങൾ. ഏറ്റവും ഇഷ്ടപ്പെട്ട 'ഡിഷ്?’
'ഫിഷ്.’
‘ഏറ്റവും ഇഷ്ടപ്പെട്ട നിറം?’
‘ചുവപ്പ്.’  
‘ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാർ?’
ഗ്രീക്ക് സാഹിത്യത്തിലെ അതികായരായിരുന്ന ചിലരുടെ പേരുകൾ മാർക്സിന്റെ മറുപടിയിലുണ്ട്. ഒപ്പം ആധുനിക കാലഘട്ടത്തിലെ ഒരേയൊരു എഴുത്തുകാരന്റെ പേരുമുണ്ട്: ബൽസാക്.

ബൽസാക്‌

ബൽസാക്‌

രാഷ്ട്രീയത്തിൽ രാജവാഴ്ചയെ അനുകൂലിച്ച വ്യക്തിയായിരുന്നു ബൽസാക്കെന്നറിഞ്ഞാൽ ഇതൊരു ഞെട്ടലാണ്.
ബൽസാക്കിന്റെ പ്രകടരാഷ്ട്രീയത്തിനപ്പുറത്ത് എഴുത്തിൽ  അദ്ദേഹത്തിന്റെ മർമ്മം തിരിച്ചറിയാൻ മാർക്സിന്‌ കഴിഞ്ഞിരുന്നു. പോരാ, എഴുത്തിനെക്കുറിച്ചുള്ള സങ്കല്പങ്ങളിൽ, ശാഠ്യങ്ങളിൽ, ബൽസാക് എന്നും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എന്തെഴുതണമെന്ന് മാർക്സിനെ ആരും പഠിപ്പിക്കേണ്ടതില്ല. പക്ഷേ, എങ്ങനെയെഴുതണമെന്ന കാര്യത്തിൽ മാർക്സിന്റെ മാർഗദർശി ബൽസാക്കായിരുന്നു. മനസ്സിൽ 'മൂലധനം' രൂപപ്പെടുന്ന കാലത്ത് അദ്ദേഹം വളരെ ഉത്കണ്ഠയോടെ എംഗൽസിനയച്ചൊരു കത്തിൽ ഇതു കാണാം. ബൽസാക് ഈ കത്തിൽ കേന്ദ്രീയമാണ്. എഴുത്തുകാർ സർഗവേദനയെന്നു വിശേഷിപ്പിക്കുന്ന അവസ്ഥയിലൂടെയാണ് 'മൂലധനം' എന്ന സാമ്പത്തികശാസ്ത്ര പുസ്തകം എഴുതുമ്പോൾ മാർക്സിന്റെ മനസ്സ് കടന്നു പോയിരുന്നത്.

ജെന്നി സൂക്ഷിച്ച രേഖയിലേക്ക് തിരിച്ചു പോകുക. ഏറ്റവും വലിയ വെറുപ്പെന്തെന്ന ചോദ്യത്തിന് മറുപടിയായി മാർക്സ് നൽകുന്നത് ഒരു പേരാണ്. മാർറ്റിൻ റ്റപ്പർ. ആരാണീ റ്റപ്പർ? ആർക്കും അറിഞ്ഞുകൂടാ. മാർക്സിന്റെ പുസ്തകം എഡിറ്റ് ചെയ്ത വ്യക്തി അടിക്കുറിപ്പിൽ അറിയിക്കുന്നു: എളുപ്പത്തിലുള്ള പ്രശസ്തിക്കു വേണ്ടി താണ നിലവാരമുള്ള നൈതിക പുസ്തകങ്ങൾ എഴുതിയൊരാളാണ് മാർറ്റിൻ റ്റപ്പർ.

? ചോദ്യം വളരെ പഴയത്. എങ്കിലും പുതിയ മറുപടി കേൾക്കാനുള്ള കൗതുകം കൊണ്ട് ചോദിക്കുകയാണ്. എന്താണ് മേതിലിന്റെ കാലസങ്കൽപ്പം.

=  കോവിഡ് പത്തൊമ്പതിന്റെ കാലഘട്ടം എന്നിലുണ്ടാക്കിയ ഏറ്റവും ശക്തമായൊരു പ്രതികരണമാണ് കാലത്തെക്കുറിച്ചുള്ള പുനർവിചാരം. അല്ലെങ്കിൽത്തന്നെ കാലം എന്ന മാനം (ഡിമൻഷൻ) ഭൗതിക ശാസ്ത്രത്തിനാവശ്യമായൊരു സങ്കേതം എന്ന നിലയിൽക്കവിഞ്ഞൊരു വാസ്തവികതയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. എന്നെ സംബന്ധിച്ചേടത്തോളം കാലം എന്നൊന്ന് ഇല്ലായിരുന്നു. അഥവാ സ്ഥലീയം (സ്പേഷൽ) എന്ന നിലയിലാണ് ഞാൻ കാലത്തെ കണ്ടിരുന്നത്. വിഷയം സാങ്കേതികമായി ദുർഗ്രഹമാകാം. ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, ഗോളോർജതന്ത്രത്തിൽ പല കണ്ടെത്തലുകൾ നടത്തിയ നിക്കോളെ കോസിറെഫ് എന്ന റഷ്യക്കാരന്റെ നിരീക്ഷണങ്ങളെക്കുറിച്ച് കേട്ടപ്പോഴാണ് കാലം എന്നൊന്നുണ്ടാകാം എന്ന ആശയത്തിൽ ഞാൻ ആദ്യമായി എത്തുന്നത്. അദ്ദേഹവുമായി ഞാൻ കത്തിടപാടിൽ ഏർപ്പെട്ടു.

ഒരു പക്ഷേ, എന്റെ 'ആഴങ്ങളിലെ ഇറച്ചി' എന്ന കഥയിലെ ഒരു നിരീക്ഷണം നിങ്ങൾ ഓർക്കുന്നുണ്ടാവാം. 'വെള്ളത്തിൽ നീന്തുന്നൊരു മത്സ്യത്തെ നിരീക്ഷിക്കുമ്പോൾ നാമും അതു പോലൊരു മാധ്യമത്തിലാണെന്ന് നാം ശ്രദ്ധിക്കുന്നില്ല.'   കോസിറെഫ് എന്നോട് പറഞ്ഞു, 'നാം ജീവിക്കുന്ന മാധ്യമമാണ് കാലം.' എനിക്കത് പെട്ടെന്ന് മനസ്സിലാക്കാം. തുടക്കം, മധ്യം, ഒടുക്കം. എന്താണിതെല്ലാം? കഥാസാഹിത്യത്തിലെ ഒരു സങ്കേതമാണ് ആദിമധ്യാന്തപ്പൊരുത്തം. കഥകൾക്കു പുറത്ത്, കാലത്തെക്കുറിച്ചുള്ള യഥാർത്ഥ അവഗാഹത്തെ ഇത് വികൃതമാക്കുന്നു. കാരണം നമ്മുടെ ഓർമ്മകൾ ചരിക്കുന്നതും, മസ്തിഷ്കം പ്രവർത്തിക്കുന്നതും ഇങ്ങനെയൊരു ചിട്ട അനുസരിച്ചല്ല. ഭൂത‐വർത്തമാന‐ഭാവികളുടെ മുച്ചീട്ടുകളിയാണ് കാലം. ഞാൻ എടുക്കുന്ന ചീട്ട് വർത്തമാനമാണെന്ന് ഉറപ്പിക്കാമോ? മുച്ചീട്ടിൽ ഞാനെന്നും തോറ്റിട്ടേയുള്ളൂ.

എം എൻ കുറുപ്പ്‌

എം എൻ കുറുപ്പ്‌

? മുമ്പൊരിക്കൽ 'എഴുത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ' എന്ന് പ്രത്യാശാപൂർവം ചോദിച്ചപ്പോൾ 'പഴുതാരയുടെ ധർമ്മസങ്കടം' (The Centipede's dilemma) എന്ന കൊച്ചുകവിതയെ ഉദ്ധരിച്ച് മേതിൽ പറഞ്ഞ മറുപടി ഞാനിപ്പോഴും ഓർക്കുന്നു. എട്ടുകാലി പഴുതാരയോട് ചോദിച്ചു: 'ഇത്രയും കാലുകളുടെ ഏകോപനം നീ എങ്ങനെ സാധിക്കുന്നു?' അതോടെ പഴുതാരയ്ക്ക് നടക്കാൻ കഴിയാതായി. ആ കവിതയുടെ മറ്റൊരു ഭാഷ്യത്തിലെ ചോദ്യം കൂടുതൽ കുഴക്കുന്നതാണ്. 'നിന്റെ മുപ്പത്തിനാലാമത്തെ ഇടത്തേക്കാലിന് എന്തുപറ്റി?' നേരെ ചൊവ്വെ അബോധപൂർവം നടക്കുന്നൊരു പ്രവർത്തനത്തെക്കുറിച്ച് ബോധപൂർവം ചിന്തിക്കാൻ തുടങ്ങിയാൽ ചിലപ്പോൾ ആ പ്രവർത്തനം നിലച്ചുപോവും. പക്ഷേ എന്റെ മുപ്പത്തിനാലാമത്തെ ഇടത്തേ കാലിന് എന്തുപറ്റി എന്ന് എനിക്കറിയാം. അടുത്ത ചുവടുവെക്കാൻ അത് നിരുപാധികം വിസമ്മതിക്കുന്നു. മുപ്പത്തിനാലാം കാലിന്മേൽ എന്റെ ഇച്ഛ അടിച്ചേൽപ്പിക്കാൻ ഞാൻ മെനക്കെടില്ല. അടുത്ത ചുവടുവെക്കാൻ അതു തീരുമാനിക്കുകയാണെങ്കിൽ മുടക്കുകയുമില്ല...' മുപ്പത്തി നാലാമത്തെ ഇടത്തേ കാലിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്  ? വായനക്കാർക്കും അതറിയാൻ താല്പര്യമുണ്ട്...

= ആ കാലിന്റെ അവസ്ഥ പഴയപടി തുടരുന്നു. അനിശ്ചിതം, പക്ഷേ ഈ നിമിഷത്തിലെങ്കിലും എനിക്ക് ഉറപ്പുള്ളൊരു കാര്യമുണ്ട്. തീർച്ചയായും ഞാൻ ഇനിയും ഏറെ ലേഖനങ്ങൾ എഴുതിയേക്കാം, എന്തെങ്കിലും കാരണത്താൽ വല്ലപ്പോഴും ഒരു കവിത എഴുതിയേക്കാം. എന്റെ ഏറ്റവും ഒടുവിലത്തെ കവിത (ഇനേർഷ) ഞാൻ എഴുതിയത് കണ്ണിൽ ഒരു ശസ്ത്രക്രിയക്ക് ശേഷം എന്റെ കാഴ്ച പരിശോധിക്കാൻ വേണ്ടി മാത്രമായിരുന്നു. സ്ക്രീനിലെ അക്ഷരങ്ങൾ ശരിക്കും കാണാൻ കഴിയുന്നുണ്ടോ? കീബോർഡിൽ വിരലുകൾ വീഴുന്നത് കൃത്യമായാണോ? ഇതറിയാൻ എന്തെങ്കിലുമൊക്കെ ടൈപ്പ്‌ ചെയ്യണം. അതെങ്ങനയോ ഒരു കവിത പോലായി. എനിക്കിനി ഒരിക്കലും എഴുതാൻ കഴിയാത്തത് ഒരു പക്ഷേ നീണ്ട കഥകളാവും. നോവെല്ലകൾ അഥവാ നോവലെറ്റുകൾ. എഴുത്തിൽ എനിക്കേറ്റവും പ്രിയപ്പെട്ട മാധ്യമം.

എം മുകുന്ദൻ

എം മുകുന്ദൻ

കഥയ്‌ക്കും കവിതയ്‌ക്കും ഇടയിലെ അതിർത്തി ഞാൻ തകർത്തുകളഞ്ഞെന്ന് എം മുകുന്ദൻ ഒരിക്കൽ എവിടെയോ എഴുതിയിരുന്നു. വാസ്തവമാകാം. എന്റെ നീണ്ട കഥകളിൽ കവിതാഭാഗങ്ങളും ലേഖനഭാഗങ്ങളും കടന്നു വരാറുണ്ട്. ഹെർമൻ മെൽവിലിന്റെ 'മോബി‐ഡിക്ക്' എന്ന തിമിംഗല നോവലിൽ തിമിംഗലങ്ങളെക്കുറിച്ചൊരു നീണ്ട ഉപന്യാസമുണ്ട്. അതിലൂടെ കടന്നുപോകുമ്പോൾ ഒരുതരം മാധ്യമ മാറ്റവും എനിക്കനുഭവപ്പെട്ടിട്ടില്ല. കൂട്ടത്തിൽ പറയട്ടെ, ഇവിടെയും ഒരു പഴുതാരയുണ്ട്. മെൽവിലിന്റെ മുഖ്യ മനുഷ്യകഥാപാത്രമായ അഹാബ് എന്ന നാവികൻ ഒരൊറ്റക്കാലനാണ്. അദ്ദേഹത്തിന്റെ മറ്റേക്കാൽ കടിച്ചെടുത്തത്  'മോബി‐ഡിക്ക്' എന്ന തിമിംഗലമാണ്. ഇതിവൃത്തം ഒരു പ്രതികാരവേട്ട. കഥാഖ്യാതാവായ ഇസ്മേൽ പറയുന്നു: ഒറ്റക്കാൽ അഹാബിന്റെ ശരീരത്തിനാണ്; അഹാബിന്റെ ആത്മാവാകട്ടെ ഒരു നൂറു കാലുകളിൽ ചരിക്കുന്നൊരു പഴുതാരയാണ്. എഴുത്തിനും നൂറു കാലുകളിൽ ചലിക്കാം  .   

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top