16 April Tuesday

മഹാഭാരതം സാംസ്‌കാരിക ചരിത്രം: സുനില്‍ പി ഇളയിടത്തിന്റെ കൃതിയെ വിലയിരുത്തി പി രാജീവ്

പി രാജീവ്‌Updated: Monday Aug 17, 2020

പി.രാജീവ്

പി.രാജീവ്

മുമ്പ് മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് സുനിൽ പി ഇളയിടം മഹാഭാരതത്തെ സമീപിച്ചത്. മഹാഭാരതത്തിന്റെ വ്യത്യസ്‌തമായ പാരായണങ്ങളിലൂടെയും വ്യഖ്യാനങ്ങളിലൂടെയും സഞ്ചരിച്ച പ്രഭാഷണം ഇതുവരെയില്ലാത്ത കാഴ്‌ചകളിലേക്കും വിശകലനങ്ങളിലേക്കും കേൾവിക്കാരെ കൂടെ നടത്തി. സാംസ്‌കാരികചരിത്രം എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിച്ച ആ യാത്ര അർഥവത്തായ സാംസ്കാരിക ഇടപെടലായിരുന്നു.
 


ഹാഭാരതത്തെ അടിസ്ഥാനമാക്കി സുനിൽ പി ഇളയിടം കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നടത്തിയ പ്രഭാഷണ പരമ്പര സമകാലിക കേരളീയ ചരിത്രത്തിൽ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു. പുരോഗമന സാംസ്കാരിക രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുകയും ശക്തമായ മതനിരപേക്ഷ നിലപാട് മുറുകെപിടിക്കുകയും ചെയ്യുന്ന സുനിലിനെ പോലൊരാൾ മഹാഭാരതത്തെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തുമ്പോൾ പലരും അത്ഭുതപ്പെട്ടിരുന്നു. എന്തായിരിക്കും അദ്ദേഹത്തിന്റെ സമീപനത്തിന്റെ പരിപ്രേക്ഷ്യം എന്നതായിരുന്നു ശ്രോതാക്കളുടെ ശ്രദ്ധ. എന്നാൽ, മുമ്പ് മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് സുനിൽ മഹാഭാരതത്തെ സമീപിച്ചത്. മഹാഭാരതത്തിന്റെ വ്യത്യസ്തമായ പാരായണങ്ങളിലൂടെയും വ്യഖ്യാനങ്ങളിലൂടെയും സഞ്ചരിച്ച പ്രഭാഷണം ഇതുവരെയില്ലാത്ത കാഴ്ചകളിലേക്കും വിശകലനങ്ങളിലേക്കും കേൾവിക്കാരെ കൂടെ നടത്തി. സാംസ്കാരികചരിത്രം എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിച്ച ആ യാത്ര അർഥവത്തായ സാംസ്കാരിക ഇടപെടലായിരുന്നു.

വർത്തമാനകാല ഇന്ത്യയിൽ വർഗീയ അവബോധ നിർമാണ ത്തിന്റെ പ്രധാന ഉപകരണങ്ങളിലൊന്ന് സാംസ്കാരിക ഇടപെടലു കളാണ്. ഭാരതീയ സംസ്ക്കാരത്തെ ക്കുറിച്ചുള്ള ഏകപക്ഷീയമായ അവതരണങ്ങളിലൂടെ ഹിന്ദുത്വശക്തികൾ ഈ ലക്ഷ്യമാണ് നേടാൻ ശ്രമിക്കുന്നത്. ഭാരതത്തിലാണ് എല്ലാമുണ്ടായിരുന്നതെന്ന് അവർ പ്രചരിപ്പിക്കുന്നു. 

അതുകൊണ്ടുതന്നെ ആ പ്രഭാഷണങ്ങൾ പുസ്തകരൂപത്തിൽ വരുന്നതിനു സവിശേഷമായ പ്രാധാന്യമുണ്ട്. ഏതു പ്രഭാഷണം കേൾക്കുന്നതും ഏതൊരു കൃതി വായിക്കുന്നതും കേവലമായ കേൾവിയോ വായനയോ അല്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. കൃതികൾ കാലാതിവർത്തിയാകുമ്പോഴാണ് അവയ്‌ക്ക് ഇതിഹാസമാനം ലഭിക്കുന്നത്. അത്തരം കൃതികൾ ഓരോ കാലത്തിലെ വായനയിലും തീർത്തും വ്യത്യസ്തമായ അർഥങ്ങൾ ഉൽപ്പാദിപ്പിക്കും. വായിക്കുന്നവരുടെ യും വ്യാഖ്യാനിക്കുന്നവരുടെയും രാഷ്ട്രീയ താൽപര്യങ്ങളും പ്രധാനമാണ്.  ഇതിഹാസങ്ങളെയും പുരാണങ്ങളെയും പല താൽപര്യങ്ങളുടെയും പ്രയോഗ ഉപകരണങ്ങളാക്കി മാറ്റുന്നതിന്‌ ചില ശക്തികൾ ശ്രമിക്കുന്ന സാഹചര്യത്തിൽ ഇത്തരം വായനകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വർത്തമാനകാല ഇന്ത്യയിൽ വർഗീയ അവബോധ നിർമാണ ത്തിന്റെ പ്രധാന ഉപകരണങ്ങളിലൊന്ന് സാംസ്കാരിക ഇടപെടലുകളാണ്. ഭാരതീയ സംസ്കാരത്തെക്കുറിച്ചുള്ള ഏകപക്ഷീയമായ അവതരണങ്ങളിലൂടെ ഹിന്ദുത്വശക്തികൾ ഈ ലക്ഷ്യമാണ് നേടാൻ ശ്രമിക്കുന്നത്. ഭാരതത്തിലാണ് എല്ലാമുണ്ടായിരുന്നതെന്ന് അവർ പ്രചരിപ്പിക്കുന്നു. അതിനായി പുരാണങ്ങളെയും ഇതിഹാസങ്ങളെയും ഉപയോഗിക്കുന്നു. വിശ്വാസത്തിന്റെ രാഷ്ട്രീയ പ്രയോഗമായി വർഗീയത മാറുന്നു. എന്നാൽ, ഈ രീതിശാസ്ത്രത്തോടുള്ള പ്രതികരണം എങ്ങനെയായിരിക്കണമെന്നത് എക്കാലത്തും വിവാദവിഷയമാണ്.

മതനിരപേക്ഷ പുരോഗമനശക്തികളിൽതന്നെ വലിയൊരു വിഭാഗം ഇവയെയെല്ലാം അവഗണിക്കാനാണ് ശ്രമിക്കാറുള്ളത്. ഇവിടെയാണ് എല്ലാമുണ്ടായിരുന്നതെന്നും ഇവിടെയുണ്ടായിരുന്നതിനപ്പുറത്ത് മറ്റൊന്നുമുണ്ടായിരുന്നില്ലെന്നും ഹിന്ദുത്വശക്തികൾ വാദിക്കുമ്പോൾ ഇവിടെ ഒന്നുമുണ്ടായിരുന്നില്ലെന്ന ഒറ്റ മറുപടിയോടെ അതിനെ നേരിടാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ, ഭാരതത്തിന് ദർശനത്തിലും ശാസ്ത്രത്തിലും ഉൾപ്പെടെ സമ്പന്നമായ ചരിത്രമുണ്ടെന്നും എന്നാൽ അതല്ലാതെ മറ്റൊന്നും ലോകത്ത് ഇതുവരെയുണ്ടായിട്ടില്ലെന്ന തെറ്റായ വാദത്തെയാണ് തങ്ങൾ എതിർക്കുന്നതെന്നുമുള്ള ശരിയായ നിലപാട് സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. ഭാരതീയ ചിന്തയുടെ ചരിത്രം തേടലും പുരാണങ്ങളെയും ഇതിഹാസങ്ങളെയും പുതിയ വായനക്ക് വിധേയമാക്കലും സമയം പാഴാക്കലായി ആദ്യവാദക്കാർ കരുതുന്നു. ഒരിക്കലും തുറന്നുനോക്കേണ്ടതില്ലാത്ത അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ശേഖരം മാത്രമായി അവർ പ്രാചീന സംസ്കൃതിയെ ചുരുക്കികാണുന്നു. തെറ്റായ ഈ ചിന്താഗതി സൃഷ്ടിച്ച ശൂന്യതയെ കൂടി ഉപയോഗിച്ചാണ് ഹിന്ദുത്വശക്തികൾ ആധിപത്യം നേടുന്നതെന്ന തിരിച്ചറിവ് പ്രധാനമാണ്.

ആമുഖത്തിൽ ഇക്കാര്യം മറ്റൊരു തലത്തിൽ സുനിൽ അഭിസംബോധന ചെയ്യുന്നുണ്ട്. 'ഹിന്ദുത്വശക്തികൾക്ക് ഇതിഹാസപുരാണങ്ങൾ സനാതനമൂല്യങ്ങളുടെയും ചരിത്ര സംഭവങ്ങളുടേയും സഞ്ചിതസ്ഥാനമാണ്. രണ്ടാമത്തെ കൂട്ടർക്ക് യുക്തിവാദ ശാസ്ത്രവാദ നിലപാടുകാർക്ക്, അത് അന്ധവിശ്വാസങ്ങളുടെ യും അയുക്തിക വീക്ഷണങ്ങളുടെയും സഞ്ചയമാണ്... ഒരു കൂട്ടർക്ക് അത് പരമസത്യമാണെങ്കിൽ മറ്റൊരു കൂട്ടർക്ക് പരമാബദ്ധമാണ്... രണ്ടിലുമില്ലാത്തത് ചരിത്ര ബോധമാണ്' (പേജ് 34).

ഏഴുഭാഗങ്ങളും ഇരുപത്തിയഞ്ചു അധ്യായങ്ങളിലുമായി 973 പേജുകളിലായി പടർന്നുകിടക്കുന്ന കൃതി മഹാഭാരതത്തിന്റെ വ്യാഖ്യാനലോകത്തെ മാത്രമല്ല അതിന്റെ ചരിത്രകാലത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ സവിശേഷതകളെയും വരച്ചിടുന്നു. ഏകമുഖമല്ലെന്നതുപോലെ തന്നെ ഒരു കർത്താവിന്റെ ഒരു പ്രത്യേക കാലത്തെ രചനയായി മഹാഭാരതത്തെ ചുരുക്കിക്കാണാനും ഗ്രന്ഥകർത്താവ് തയ്യാറല്ല.

എന്നാൽ, ഇടതുപക്ഷത്തുനിന്നുകൊണ്ടു ശരിയായ സമീപനത്തോടെ ഭാരതീയ ചിന്തയെ സമീപിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. ഭാരതീയ സംസ്കാരത്തെ എങ്ങനെയാണ് പുരോഗമന ശക്തികൾ സമീപിക്കേണ്ടത് എന്നതു സംബന്ധിച്ച് കെ ദാമോദരൻ ഭാരതീയ ചിന്തയിൽ വിശദീകരിക്കുന്നുണ്ട്. 'ചുരുക്കിപ്പറഞ്ഞാൽ, വിശ്വചിന്താ ഭണ്ഡാരത്തിലേക്ക് മികച്ച സംഭാവനകൾ നൽകിയ ഭാരതീയചിന്തയിൽ ആത്മീയവാദമുണ്ട്. ഭൗതികവാദമുണ്ട്. പ്രതിലോമകരമായ ഘടകങ്ങളുണ്ട്. പുരോഗമനപരമായ ഘടകങ്ങളുണ്ട്. പരിപൂർണതയിലേക്കുള്ള മനുഷ്യന്റെ പുരോഗതിയെ തടസപ്പെടുത്തുന്ന വശങ്ങളുണ്ട്. ഇന്ത്യൻ ജനത ദശാബ്ദങ്ങളിലൂടെ ആർജിച്ച സൈദ്ധാന്തികാനുഭവങ്ങളുണ്ട്. അവയാണ് ആധുനികഭാരതീയ ചിന്തയുടെ അടിത്തറ.

അവ പഠിച്ചു മനസ്സിലാക്കുകയും അവയിലടങ്ങിയ പുരോഗമനപരമായ ഉൽകൃഷ്ടാംശങ്ങളെ സ്വാംശീകരിക്കുകയും ചെയ്തുകൊണ്ടല്ലാതെ ഭാരതീയ സംസ്കാരത്തെ ആധുനിക സാമൂഹിക ജീവിതത്തിന് അനുയോജ്യമായ വിധത്തിൽ വളർത്താൻ കഴിയില്ല. ശോഭനമായ ഭാവിക്കുവേണ്ടി പടവെട്ടുന്ന ജനതയെ സംബന്ധിച്ചിടത്തോളം, വിശേഷിച്ചും ഇത്തരമൊരു പഠനം ഒഴിച്ചുകൂടാൻ വയ്യാത്തതാണ്. ഏംഗൽസ് ചൂണ്ടിക്കാട്ടിയതുപോലെ, താത്വികമായ ചിന്ത മനുഷ്യന്റെ സഹജമായ ശക്തി എന്ന നിലക്ക് അവനിൽ അന്തർലീനമായിരിക്കുന്ന ഒരു ഗുണവിശേഷമാണ്. ഈ സഹജമായ ശക്തിയെ വളർത്തുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനു മുൻകാല തത്വചിന്തയുടെ പഠനത്തെക്കാൾ കൂടുതൽ സഹായകരമായ മറ്റൊരു മാർഗമില്ല’  (കെ ദാമോദരൻ, ഭാരതീയ ചിന്ത, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1998, പേജ് 115).

എന്നാൽ, ഇതേ രീതിയിലുള്ള അന്വേഷണം വേണ്ടത്ര നടന്നിരുന്നില്ല എന്നതാണ് യാഥാർഥ്യം. ഡി ഡി കൊസാംബി, ആർ എസ് ശർമ, ദേബീപ്രസാദ് ചതോപാധ്യായ, രാഹുൽ സംകൃത്യായൻ എന്നിവർ അക്കാദമിക തലത്തിലും അതിനപ്പുറത്തുംനിന്ന് ഈ കാഴ്ചപ്പാടോടെ ഭാരതീയ ചിന്തയേയും അതിന്റെ ഭാഗമായി ഇതിഹാസ പുരാണങ്ങളേയും സമീപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അതിന്റെ വികസിതമായ തുടർച്ചകൾ ഉണ്ടായില്ലെന്നുതന്നെ പറയാം. റോമില ഥാപ്പർ, ഇർഫാൻ ഹബീബ്,  കെ എൻ പണിക്കർ തുടങ്ങിയവരുടെ ശ്രമങ്ങൾ ശ്രദ്ധേയമാണ്. എന്നാൽ, സംഘടിത ശ്രമങ്ങളുണ്ടായിട്ടില്ല.

സുനിൽ പി ഇളയിടം      ഫോട്ടോ: ബിനുരാജ്‌

സുനിൽ പി ഇളയിടം ഫോട്ടോ: ബിനുരാജ്‌

അതോടൊപ്പം പ്രധാനപ്പെട്ട മറ്റൊരു പ്രശ്നമുണ്ട്. കൊസാംബിയെ പോലുള്ളവരുടെ ഗഹനമായ പഠനങ്ങളിലെ നിരീക്ഷണങ്ങളും നിഗമനങ്ങളും വേണ്ടത്ര ചർച്ചക്ക് വിധേയമാക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള ചിന്താപദ്ധതിയോ പ്രയോഗരൂപങ്ങളോ  ആവിഷ്കരിക്കുകയും ചെയ്യുന്നതിൽ ഗൗരവമായ കുറവുകളുണ്ടായി. അതുകൊണ്ടുതന്നെ വ്യത്യസ്ത വായനകളുടെയും വ്യാഖ്യാനങ്ങളുടെയും വികസിത സാധ്യതകൾ ഇല്ലാതായെന്നു തന്നെ പറയാം. ഇതു സൃഷ്ടിച്ച ശൂന്യതയെക്കൂടി ഉപയോഗിച്ചാണ് ഹിന്ദുത്വശക്തികൾ ഏകമുഖവും ഏകപക്ഷീയവുമായ വ്യാഖ്യാനങ്ങളിലൂടെ വർഗീയവൽക്കരണ പ്രക്രിയക്ക് നേതൃത്വം നൽകുന്നത്.

ഇത്തരം സാഹചര്യത്തിൽ, 'ദൂറിങ്ങിനെതിരെ' എന്ന കൃതിയിൽ ഏംഗൽസ് ചൂണ്ടിക്കാണിക്കുന്നതുപോലെ മുൻകാല ദർശനവും സംസ്കാരവും ആഴത്തിൽ പഠിക്കേണ്ടതുണ്ട്. ഈ ദിശയിലുള്ള ശ്രദ്ധേയ ഇടപെടലാണ് സുനിൽ പി ഇളയിടം മഹാഭാരത പഠനത്തിലൂടെ നിർവഹിക്കുന്നത്. അതിൽ അദ്ദേഹം പിൻപറ്റാൻ ശ്രമിക്കുന്ന വഴി ആമുഖത്തിൽ സുചിപ്പിക്കുന്നുണ്ട്. അതിനു മുന്നോടിയായി അംബേദ്കറെ ഉദ്ധരിക്കുന്നുണ്ട്. 'പ്രാചീന ഭാരതത്തിൽ ഏറിയപങ്കും ചരിത്രമേയല്ല.

പ്രാചീന ഭാരതത്തിന് ചരിത്രമില്ലാത്തതുകൊണ്ടല്ല. അതിനു ധാരാളം ചരിത്രമുണ്ട്. പക്ഷേ, ചരിത്രത്തിന് അതിന്റെ സ്വഭാവം നഷ്ടപ്പെട്ടുപോയി. പ്രാചീന ഭാരതചരിത്രം കുഴിച്ചെടുത്ത് പുറത്തുകൊണ്ടുവന്നേ തീരൂ. അതു കുഴിച്ചെടുക്കാത്തപക്ഷം പ്രാചീനഭാരതത്തിന് ചരിത്രമില്ലാതെ പോകും. ബ്രാഹ്മണ ഗ്രന്ഥകാരന്മാർ ഭ്രാന്തുപിടിച്ച് കൂനകൂട്ടിയ ചപ്പുചവറുകളിൽനിന്നുവേണം അതു കുഴിച്ചെടുക്കാൻ. ഇങ്ങനെ കുഴിച്ചുനോക്കിയാൽ പ്രാചീനഭാരതീയ ചരിത്രം ഒരു പുതിയ വെളിച്ചത്തിൽ നമുക്ക് കാണാൻ കഴിയും' (പേജ് 38). ഡി ഡി കൊസംബി മുതൽ വെൻഡി ഡോണിഗർ വരെയുള്ളവർ ഇന്ത്യൻ ഇതിഹാസങ്ങളെ സംബന്ധിച്ച് ചരിത്രപരവും ഭൗതികവാദപരമായ വിവിധ മേഖലകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളെ കൂടി പരാമർശിച്ചുകൊണ്ട്  സുനിൽ തന്റെ സമീപനം വ്യക്തമാക്കുന്നു. 'തങ്ങളുടെ പഠനങ്ങളിലൂടെ അവർ പുറത്തുകൊണ്ടുവന്ന വിവരങ്ങളുടെ ബൃഹദ്ശേഖരം തന്നെ നമ്മളുടെ മുന്നിലുണ്ട്. പ്രാചീന ഇന്ത്യാചരിത്രപഠനത്തിന്റെ പ്രധാന അടിസ്ഥാനങ്ങളിലൊന്നും അതാണ്.

ഏഴുഭാഗങ്ങളും ഇരുപത്തിയഞ്ചു അധ്യായങ്ങളിലുമായി 973 പേജുകളിലായി പടർന്നുകിടക്കുന്ന കൃതി മഹാഭാരതത്തിന്റെ വ്യാഖ്യാനലോകത്തെ മാത്രമല്ല അതിന്റെ ചരിത്രകാലത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ സവിശേഷതകളെയും വരച്ചിടുന്നു. ഏകമുഖമല്ലെന്നതുപോലെ തന്നെ ഒരു കർത്താവിന്റെ ഒരു പ്രത്യേക കാലത്തെ രചനയായി മഹാഭാരതത്തെ ചുരുക്കിക്കാണാനും ഗ്രന്ഥകർത്താവ്- തയ്യാറല്ല.

അംബേദ്കർ ഉൾപ്പെടെയുള്ളവർ തുറന്നിട്ട ഇതിഹാസപഠനങ്ങളുടെ ആ വഴി ഇപ്പോഴും സംഗതമായി തന്നെ തുടരുന്നു എന്നാണെന്റെ വിശ്വാസം. അതിലൂടെ സഞ്ചരിക്കാ നാണ് ഈ ഗ്രന്ഥത്തിൽ മുഖ്യമായും ഞാൻ ശ്രമിച്ചിട്ടുള്ളത്' (പേജ് 39). യഥാർഥത്തിൽ ഏംഗൽസ് വ്യക്തമാക്കിയകാര്യം തന്നെയാണ് മറ്റൊരു തരത്തിൽ അംബേദ്കറും സൂചിപ്പിച്ചത്. ഈ വഴികളിലൂടെ സഞ്ചരിച്ച് മഹാഭാരത വായനകളിലെ കാഴ്ചപ്പാടുകളെ കോർത്തിണക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. മൗലികമായ കാഴ്ചപ്പാടുകളൊന്നും ഈ പുസ്തകത്തിലില്ല എന്ന് ചിലർ വിമർശിക്കുന്നുണ്ട്. അതു സുനിൽ തന്നെ വ്യക്തമാക്കുന്ന കാര്യമാണ്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലെ മഹാഭാരത പഠനങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങളെ ക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 'മഹാഭാരതത്തെക്കുറിച്ച് സാഹിതീയമോ ദാർശനികമോ ആയ പുതിയ വ്യാഖ്യാനങ്ങളൊന്നും ഈ ഗ്രന്ഥത്തിലില്ല... എന്റേതായി പുതിയതൊന്നു കൂടി കൂട്ടിചേർക്കാനല്ല ഞാൻ ശ്രമിച്ചത്... ആധുനികദശയിൽ മതാത്മകമായി കെട്ടിയുറപ്പിക്കപ്പെട്ട മഹാഭാരതപാഠത്തെ മതനിരപേക്ഷമായി കെട്ടഴിച്ചുവിടാനുള്ള ശ്രമമെന്ന് ഇതിനെ പ്രാഥമികമായി വിശേഷിപ്പിക്കാം’.

എന്നാൽ, ഒറ്റനോട്ടത്തിൽ തോന്നുന്നത്ര ലളിതമായ പ്രക്രിയയല്ലിത്. എത്ര വലിയ സമർപ്പണം ആവശ്യപ്പെടുന്ന കഠിനമായ ദൗത്യമാണ് ഇതെന്ന് ഗ്രന്ഥം വായിക്കുന്ന ഏതൊരാൾക്കും തിരിച്ചറിയാൻ കഴിയും. മഹാഭാരതത്തിന്റെ വ്യത്യസ്ത വായനകൾ ഒറ്റ പുസ്തകത്തിൽ കോർത്തിണക്കിവെച്ചിരിക്കുന്നു. മറ്റു വ്യാഖ്യാനങ്ങൾ  നേരിട്ട് വായിച്ചാൽ മതിയല്ലോ എന്ന് ചില നിഷ്കളങ്ക ചോദ്യങ്ങളും കേട്ടു. എന്നാൽ, അത്തരം ഗ്രന്ഥങ്ങളിലെ വ്യാഖ്യാനങ്ങളുടെ പകർത്തിയെഴുത്തല്ല ഈ പുസ്തകത്തിലുള്ളത്. താൻ ശരിയെന്നു കരുതുന്ന ചില ആശയസംഹിതകളെ അടിസ്ഥാനമാക്കി മഹാഭാരതത്തെക്കുറിച്ചുള്ള അറിവുകളെ ക്രമീകരിക്കുകയാണ് ഈ ഗ്രന്ഥം ചെയ്യുന്നത്. നമ്മളുടെ സാധാരണ വായനയിൽനിന്നും കണ്ടെത്താൻ കഴിയാത്ത പലതും മുൻപറഞ്ഞ വ്യാഖ്യാനങ്ങളിൽനിന്നും കണ്ടെത്തുകയും മതനിരപേക്ഷമായ ചരടിൽ കോർത്തിണക്കി പുതിയ കാലം ആവശ്യപ്പെടുന്ന സാംസ്കാരിക ആയുധമാക്കി അതിനെ സ്വാംശീകരിക്കുകയും ചെയ്യുന്നുവെന്നതാണ് സുനിലിന്റെ ഗ്രന്ഥത്തിന്റെ സവിശേഷത.

ഏഴുഭാഗങ്ങളും ഇരുപത്തിയഞ്ചു അധ്യായങ്ങളിലുമായി 973 പേജുകളിലായി പടർന്നുകിടക്കുന്ന കൃതി മഹാഭാരതത്തിന്റെ വ്യാഖ്യാനലോകത്തെ മാത്രമല്ല അതിന്റെ ചരിത്രകാലത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ സവിശേഷതകളെയും വരച്ചിടുന്നു. ഏകമുഖമല്ലെന്നതുപോലെ തന്നെ ഒരു കർത്താവിന്റെ ഒരു പ്രത്യേക കാലത്തെ രചനയായി മഹാഭാരതത്തെ ചുരുക്കിക്കാണാനും ഗ്രന്ഥകർത്താവ് തയ്യാറല്ല. എങ്ങനെയാണ് ബ്രാഹ്മണിക്കലായ വായനയിലേക്കും വ്യാഖ്യാനങ്ങളിലേക്കും മഹാഭാരതം ചുരുക്കിക്കെട്ടിയതെന്ന് വ്യത്യസ്ത ഗ്രന്ഥകർത്താക്കളുടെ നിരീക്ഷണങ്ങൾ കോർത്തിണക്കി സമർഥിക്കാനാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്.

മഹാഭാരതം സാംസ്കാരിക ചരിത്രമെന്ന ഗ്രന്ഥത്തിന്റെ വിശദമായ വിലിയിരുത്തലിന് ഈ ഘട്ടത്തിൽ തുനിയുന്നില്ല. അത് ദുഷ്കരമായ ദൗത്യവുമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ മതനിരപേക്ഷവും ചരിത്രപരവും ഭൗതികവാദപരവുമായ ഈ വായന എന്തുകൊണ്ട് ഏറ്റവും അനിവാര്യമായ സാംസ്കാരികവും രാഷ്ട്രീയവുമായ ഇടപെടലായി മാറുന്നുവെന്നതിനൊപ്പം ഈ കൃതി മുന്നോട്ടുവയ്ക്കുന്ന ചില സവിശേഷമായ മാനങ്ങൾ സൂചിപ്പിക്കാനും മാത്രമാണ് ഉദ്ദേശിക്കുന്നത്.

ഭൗതികവാദപരമായ വായന എങ്ങനെയാണ് മഹാഭാരതത്തിന് സാധ്യമാകുന്നതെന്ന സാധാരണ ചോദ്യത്തിന് വിശദമായ മറുപടി മുമ്പും പലരും നടത്തിയിട്ടുണ്ട്. സുനിൽ എടുത്തുകാണിക്കുന്നതുപോലെ ഡി ഡി കൊസാംബിയുടെ ‘മിത്തും യാഥാർഥ്യവും’ എന്ന പുസ്തകത്തിൽ ഭഗവദ്ഗീതയുടെ സാമൂഹിക സാമ്പത്തികവശങ്ങൾ എന്ന അധ്യായത്തിന്റെ തലക്കെട്ടു മാത്രമല്ല ഉള്ളടക്കവും ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിൽ ഗീതയെ സമീപിക്കുന്നതാണ്. കൊസാംബിയും മറ്റും തുടങ്ങിവച്ച ഈ ശാസ്ത്രീയ രീതി വികസിത തുടർച്ചകളിലേക്കും പുതുക്കലുകളിലേക്കും നയിക്കുന്നതിലെ പരിമിതികൾ നേരത്തെ സുചിപ്പച്ചല്ലോ. എന്നാൽ, ഹിന്ദുത്വവാദികൾ അതിനെ അടിസ്ഥാനരഹിതമായ വാദങ്ങൾ വഴി അപനിർമിക്കാൻ  ശ്രമിക്കുന്നുണ്ടെന്നത് കാണാതിരുന്നുകൂട.

ഭഗവദ്ഗീതയിലെ ആശയലോകം ഫ്യൂഡലിസത്തിനു പ്രത്യയശാസ്ത്ര അടിത്തറയാകുന്നതെങ്ങനെയെന്ന് വിശദീകരിക്കാൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നു. അതിനായി ഗീതയിലെ ശ്ലോകങ്ങളുടെ വ്യാഖ്യാനങ്ങളും ചരിത്രപശ്ചാത്തലവും കൂട്ടിച്ചേർക്കലുകളുമെല്ലാം നന്നായി വിശദീകരിക്കുന്നു. ഇന്നത്തെ ഹിന്ദുത്വശക്തികളുടെ ഒരു രീതിയെന്നത് സംസ്കൃത ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള ദീർഘമായ വ്യാഖ്യാനങ്ങളാണ്. ശ്ലോകങ്ങളുടെ നെടുങ്കൻ വ്യാഖ്യാന ങ്ങളിൽ വർഗസ്വഭാവ താൽപര്യങ്ങൾ സമർഥമായി വിളക്കിച്ചേ ർക്കുന്നു. സന്യാസിമാർ പലരും നടത്തുന്ന ഗീതാപ്രഭാഷണങ്ങളും മറ്റും ഒരു ആശയപരിസരം ഹിന്ദുത്വക്ക് അനുകൂലമായി രൂപപ്പെടുത്തുന്നുണ്ട്. അത്തരം വ്യാഖ്യാനങ്ങളെ പ്രതിരോധിക്കുന്നതിനുള്ള തുറന്നുകാണിക്കലുകൾ ഈ ഗ്രന്ഥത്തിൽ കാണാം.

‘മഹാഭാരതം സാംസ്‌കാരിക ചരിത്ര’ത്തിലെ ഏഴാമത്തെ അധ്യായം യുദ്ധവും ഭൗതികാധാരങ്ങളുമെന്നതാണ്. ഈ അധ്യായത്തെ സംബന്ധിച്ചുമാത്രമല്ല കൃതിയേയും അതിലേക്ക് നയിച്ച പ്രഭാഷണങ്ങളെയും നിർണയിക്കുന്ന രീതിശാസ്ത്രം യഥാർഥത്തിൽ ചരിത്രപരവും ഭൗതികവാദവുമാണ്. ഭാരതീയ ചിന്തയെ ആശയവാദമായി മാത്രം ചുരുക്കിക്കെട്ടുന്ന ശക്തികൾ ഏറ്റവും ശക്തമായി പ്രഭാഷണത്തെയും കൃതിയെയും എതിർക്കുന്നതിന്റെ ഒരു ന്യായം ഇതാണ്. എന്നാൽ, വിവേകാനന്ദൻ ഭൗതികവാദത്തെ എങ്ങനെയാണ് വിലയിരുത്തിയതെന്ന് നോക്കുന്നത് നന്നായിരിക്കും. 'ജീവിതത്തിന്റെ വാതിലുകൾ എല്ലാവർക്കും മുമ്പിൽ മലർക്കെ തുറന്നുകൊടുത്തുകൊണ്ടും വർണവ്യവസ്ഥയുടെ സങ്കുചിതമായ ആനുകൂല്യങ്ങൾ തകർത്തുകൊണ്ടും, ഉപയോഗിക്കാൻ പോലും അറിയാതെ ഒരുപിടി മൂഢന്മാരുടെ കൈകളിൽപ്പെട്ട് കിടന്നിരുന്ന നമ്മുടെ വിലമതിക്കാനാവാത്ത വിജ്ഞാനസമ്പത്തിനെപ്പറ്റിയുള്ള തുറന്ന ചർച്ചക്ക് വഴിയൊരുക്കിക്കൊണ്ടും ഭൗതികവാദം ഒരർഥത്തിൽ ഇന്ത്യയുടെ രക്ഷയ്‌ക്ക് എത്തിയിരിക്കുന്നു'  (വിവേകാനന്ദസാഹിത്യസർവസ്വം, വാള്യം നാല്‌, പേജ് 157). വിവേകാനന്ദൻ അഭിനന്ദിക്കുന്ന ഈ ദൗത്യത്തിന്റെ പുതിയകാല പ്രയോഗമാണ് യഥാർഥത്തിൽ കൊസാംബിയുടെ യും മറ്റും അന്വേഷണങ്ങളിലും അതിനെ പിൻപറ്റുന്ന സുനിലിന്റെ പ്രഭാഷണങ്ങളിലുമുള്ളത്.
എന്താണ്‌ ഭൗതികവാദമെന്ന് സുനിൽ 'പാഠം, വായന, അർത്ഥം' എന്ന ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്.

'അർഥോൽപ്പാദനത്തിന്റെ ഭൗതികചരിത്രം എന്നു പറയുമ്പോൾ ഒരു കാര്യം പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്. എന്താണ് ഭൗതികത എന്നത്. എന്താണ് ആശയങ്ങളുടെ ഉൽപാദനരീതി. എങ്ങനെയാണ് ഒരു പ്രത്യേക ആശയം നിലവിൽ വരികയും പ്രവർത്തനക്ഷമത കൈവരിക്കുകയും ചെയ്യുന്നത്? അതിനു ജന്മം നൽകുന്ന പ്രക്രിയകൾ എന്തൊക്കെയാണ്? ഇത്തരം കാര്യങ്ങളെ നാം ഭൗതികമായിതന്നെ കാണേണ്ടതുണ്ട്. ആശയങ്ങൾ ഭൗതികശക്തിയല്ലെന്ന് തെറ്റിദ്ധരിച്ചുകൂട. മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ ആഴത്തിൽ ഇടപെട്ടു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഭൗതികശക്തികളിൽ ഒന്നുതന്നെയാണ് ആശയങ്ങൾ' (പേജ് 370). ഏറെ ചിന്തിപ്പിക്കുന്ന പ്രയോഗമാണിത്.

ഭൗതികശക്തികളിൽ ആധിപത്യമുള്ള വർഗത്തിനുതന്നെയാണ് ബൗദ്ധികമണ്ഡലത്തിലും ആധിപത്യമെന്ന് ജർമൻ പ്രത്യയശാസ്ത്രത്തിലാണ് മാർക്സും ഏംഗൽസും ആദ്യമായി അവതരിപ്പിക്കുന്നത്. ആശയം ഭൗതികശക്തി തന്നെയാണെന്ന് സുനിൽ ഇവിടെ ഉറപ്പിച്ചുപറയുന്നു. അതിഭൗതികതയുടെ വഴിയിൽനിന്നും വൈരുധ്യാത്മകതയുടെ സമ്പന്നമായ രീതിശാസ്ത്രത്തെ പുണരുകയാണ് ഈ പ്രയോഗത്തിലൂടെ ചെയ്യുന്നത്. ആശയം ഭൗതികശക്തിയായി മാറുന്നത് ജനങ്ങൾ ഏറ്റെടുക്കുമ്പോഴാണ് എന്ന് മാർക്സിസം ശാസ്ത്രീയമായി സ്ഥാപിക്കുന്നുണ്ട്. ആശയത്തെ ഭൗതികശക്തിയാക്കി മാറ്റിത്തീർക്കുന്ന ആ പ്രവർത്തനത്തിന്റെ ഭാഗമായി ഈ കൃതിയെയും വായിച്ചെടുക്കാം.

ആശയങ്ങളെ കേവലമായി സമീപിക്കുന്ന അടിത്തറമാത്ര വാദികളിൽനിന്നും വ്യത്യസ്തമാണ് വൈരുധ്യാത്മകമായ സമീപനം. അടിത്തറ മേൽക്കൂരയെ നിർണയിക്കുന്നതുപോലെ മേൽക്കൂരയിൽനിന്നും അടിത്തറയെയും ഊഹിച്ചെടുക്കാൻ കഴിയുമെന്ന് കൊസാംബി സൂചിപ്പിക്കുന്നുണ്ട്. മഹാഭാരതത്തിലെ സാമൂഹികക്രമങ്ങൾ എന്ന ആറാം അധ്യായത്തിൽ ഈ ഊഹിച്ചെടുക്കൽ കാണാൻ കഴിയും. അതിന് കൊസാംബിയുടെ വ്യാഖ്യാനങ്ങളെ തന്നെയാണ് കൂടുതലായി ആശ്രയിക്കുന്നതും. 'കുലധർമവും വർണധർമവും തമ്മിലുള്ള വൈരുധ്യങ്ങളാണ് മഹാഭാരതത്തിലെ ചരിത്രപരവും പാഠരൂപപരവുമായ പ്രക്രിയകളുടെ കേന്ദ്രപ്രശ്നം' (പേജ് 202). ഇതിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് ശാന്തിപർവവും അനുശാസനപർവവും പോലുള്ള പ്രബോധനാത്മക ഭാഗങ്ങൾ പിതൃദായത്തെയും വർണധർമ പാരമ്പര്യത്തെയും പറഞ്ഞുറപ്പിക്കുന്നതെന്നും, മഹാഭാരതത്തിലെ ആഖ്യാനഭാഗങ്ങൾ മാതൃദായത്തിന്റെയും കുലഗോത്രപാരമ്പര്യങ്ങളുടെയും ബന്ധരൂപങ്ങളെ ഉയർത്തിപ്പിടിക്കുന്നതെന്നും, ഇതു തമ്മിലുള്ള വൈരുധ്യമാണ് മഹാഭാരതത്തിന്റെ ചരിത്രഭൂമികയിൽ ഏറ്റവും പ്രബലമായ ഘടകമെന്നും അദ്ദേഹം സ്ഥാപിക്കുന്നു.

മഹാഭാരതത്തെ സമീപിക്കുമ്പോൾ താൻപിൻപറ്റുന്ന ആശയത്തിന്റെ വഴിയിലൂടെ മാത്രം സഞ്ചരിക്കുകയല്ല സുനിൽ പി ഇളയിടം ചെയ്യുന്നത്-. വ്യത്യസ്ത വ്യാഖ്യാനങ്ങളിലൂടെ ശരിയായ നിഗമനങ്ങളിലേക്ക് എത്തുന്നതിന് വായനക്കാരനെ സഹായിക്കുന്ന സമീപനമാണ് ഗ്രന്ഥകർത്താവിനുള്ളത്-. 

മഹാഭാരതത്തിലെ ഒരു ചോദ്യത്തിൽനിന്നും ആ കാലത്തിന്റെ സാമ്പത്തിക അടിത്തറയുടെ മൗലികസ്വഭാവങ്ങളെ വായിച്ചെടുക്കുന്നതിൽ ഈ രീതിശാസ്ത്ര പ്രയോഗം കാണാം. ‘രാജാവേ, നീയാദ്യം പണയപ്പെട്ടെങ്കിൽ പിന്നെ എന്നെ പണയപ്പെടുത്താൻ നിനക്ക് അവകാശമുണ്ടോ?' വർണധർമ പാരമ്പര്യത്തിനകത്തോ പിൽക്കാല ബ്രാഹ്മണ്യവ്യവസ്ഥയ്ക്കകത്തോ ഒരു സ്ത്രീക്ക് ഒരിക്കലും ഉന്നയിക്കാൻ പറ്റാത്ത ചോദ്യമാണത്’. ഈ വിശകലനത്തിലൂടെ ആ കാലത്തെ ഊഹിച്ചെടുക്കുകയാണ് ചെയ്യുന്നത്.

ആശയവാദത്തെയും വൈരുധ്യാത്മകമായി സമീപിക്കണമെന്ന നിലപാടാണ് കെ ദാമോദരനും മറ്റും സ്വീകരിച്ചിട്ടുള്ളത്. ആത്മീയവാദം ഇന്ത്യാചരിത്രത്തിൽ എപ്പോഴും പ്രതിലോമപരമായ പങ്കാണ്‌ വഹിച്ചതെന്ന്  അർഥമില്ലെന്ന് അദ്ദേഹം ഭാരതീയ ചിന്തയിൽ വ്യക്തമാക്കുന്നു. എന്നാൽ, അതിന്റെ വർഗപരമായ ദൗത്യത്തെ എടുത്തുകാണിക്കുന്നു. 'സമൂഹത്തിലെ ചൂഷകവർഗങ്ങൾ പലപ്പോഴും തങ്ങളുടെ സ്ഥാപിത താൽപര്യങ്ങളെ കാത്തുസൂക്ഷിക്കാൻ ആത്മീയചിന്തകളെ ഉപയോഗിച്ചിട്ടുണ്ടെന്നത് ശരിതന്നെ.

പക്ഷേ, ആ സ്ഥാപിതതാൽപര്യങ്ങൾക്ക് എതിരായി പോരാടിയ പുരോഗമനവാദികളും ആത്മീയവാദത്തെ ആശ്രയിച്ചിട്ടുണ്ട്... അതിനാൽ ഭൗതികവാദ ചിന്താഗതികളുടെ എന്നപോലെതന്നെ ആത്മീയവാദ ചിന്താഗതികളുടെയും ഭാവോജ്വലമായ സംഭാവനകളെപ്പറ്റി വസ്തുനിഷ്ഠമായും മൂർത്തമായും പഠിക്കാതെ ഭാരതീയ ചിന്തയുടെ അടിയൊഴുക്കുകൾ മനസ്സിലാക്കാൻ പറ്റില്ല' (ഭാരതീയ ചിന്ത, പേജ് 115). മഹാഭാരതത്തെ സമീപിക്കുമ്പോൾ താൻ പിൻപറ്റുന്ന ആശയത്തിന്റെ വഴിയിലൂടെ മാത്രം സഞ്ചരിക്കുകയല്ല സുനിൽ പി ഇളയിടം ചെയ്യുന്നത്. വ്യത്യസ്ത വ്യാഖ്യാനങ്ങളിലൂടെ ശരിയായ നിഗമനങ്ങളിലേക്ക് എത്തുന്നതിന് വായനക്കാരനെ സഹായിക്കുന്ന സമീപനമാണ് ഗ്രന്ഥകർത്താവിനുള്ളത്.

യഥാർഥത്തിൽ ഓരോ അധ്യായവും സൂക്ഷ്‌മമായ വായന ആവശ്യപ്പെടുന്നുണ്ട്. പുസ്തക ശരീരത്തിലും അടിക്കുറിപ്പുകളിലുമായി  വിഭജിച്ച് കിടക്കുകയാണ് റഫറൻസുകൾ. ഒന്നിച്ചുവച്ചാൽ, അടിക്കുറിപ്പുതന്നെ പുസ്തകത്തിന്റെ നല്ലൊരുഭാഗവും അപഹരിച്ചേനെ. പ്രഭാഷണത്തിന്റെ ഘടനാപരമായ രൂപാന്തരീകരണം പുസ്തകമായി വരുമ്പോൾ വായനാസമൂഹത്തിന്റെ ഉത്തരവാദിത്തം വർധിക്കുന്നു.

പ്രഭാഷണത്തിന്റെ കേൾവിക്കാരനിൽനിന്നും ഉത്തരവാദിത്തമുള്ള വായനക്കാരനിലേക്ക് നമ്മളും ഉയരേണ്ടതുണ്ട്. ഏകമുഖ മതാത്മക സംസ്‌കാരം ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ബഹുമുഖ മതനിരപേക്ഷ സംസ്കാരത്തിന് അതിനെ മറികടക്കാൻ കഴിയണമെങ്കിൽ ഇതുപോലുള്ള പുസ്തകങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ആശയത്തെ ഭൗതികശക്തിയാക്കി മാറ്റിത്തീ ർക്കാൻ കഴിയുന്ന സാമൂഹ്യമായ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ. പ്രഭാഷണം പുസ്തക രൂപത്തിൽ വന്നതോടെ ഗ്രന്ഥകാരന്റെ ഉത്തരവാദിത്തത്തിന്റെ ഒരു ഭാഗം പൂർത്തീകരിച്ചിരിക്കുന്നു. ഇനി സംവാദാത്മകസമീപനത്തിലൂടെ എഴുത്തിനെ വാക്കിലേക്ക് തിരിച്ച് കൂടുതൽ ശക്തിയോടെ ആവാഹിക്കാനും മതനിരപേക്ഷ അവബോധ നിർമാണത്തിനുളള ആയുധമാക്കിമാറ്റാനും കഴിയേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top