23 April Tuesday

'കാടു കയറുന്ന ഇന്ത്യൻ മാവോവാദം'; എം വി ഗോവിന്ദന്റെ പുസ്തകം പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻUpdated: Wednesday Sep 23, 2020

തിരുവനന്തപുരം > ആധുനിക മാവോവാദത്തിനു മാർക്സിസവുമായോ മാവോയുടെ ചിന്താഗതിയുമായോ പുലബന്ധംപോലുമില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. 1960--80 കാലത്തുണ്ടായ നക്സലൈറ്റ് വിഭാഗത്തിന്റെയോ തീവ്രനിലപാടെടുത്ത കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെയോ പാരമ്പര്യം ഇന്നത്തെ മാവോയിസ്റ്റുകൾക്ക് അവകാശപ്പെടാനാകില്ല. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ രചിച്ച 'കാടു കയറുന്ന ഇന്ത്യൻ മാവോവാദം' സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉയർന്നുവന്ന കാലത്തെ നിലപാടിൽ തറച്ചുനിൽക്കുകയല്ല, പ്രയോഗത്തിലെ അനുഭവങ്ങളെ ഉൾച്ചേർത്ത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതാണ് മാർക്സിസം. ആ നിലയിൽ വികസിപ്പിക്കാനാണ് ലോകത്തെ കമ്യൂണിസ്റ്റു പാർടികൾ ശ്രമിക്കുന്നത്. ഇതിനോട് മുഖംതിരിഞ്ഞു നിൽക്കുന്ന നിലപാടാണ് മാവോയിസ്റ്റുകളുടേത്. അന്ധവിശ്വാസികളുടെ, തികഞ്ഞ ആശയവാദികളുടെ മാർക്സിസ്റ്റ് വിരുദ്ധമായ സമീപനമാണ് അവരുടേത്.

ജനങ്ങളിൽനിന്ന് പഠിച്ച് ജനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന സമീപനം കമ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തനശൈലിയായി മാറ്റുന്നതിൽ മാവോ സെ ദൊങ്ങിന്റെ സംഭാവന വളരെ വലുതാണ്. ഇതിന്റെ പരിപൂർണ നിഷേധമാണ് ആധുനിക മാവോയിസ്റ്റുകളുടേത്.  ഖനി മാഫിയകളാണ് അവരുടെ ഏറ്റവുംവലിയ സാമ്പത്തിക സ്രോതസ്. സാമ്രാജ്യത്വ ശക്തികളുമായും മതതീവ്രവാദ ശക്തികളുമായും അവർക്ക് ബന്ധമുണ്ട്. സാമ്രാജ്യത്വത്തെയും കോർപറേറ്റുകളെയും ചൂഷകവർഗത്തെയും സഹായിക്കുന്ന അവർ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്.  അതേസമയം, തെറ്റിദ്ധരിക്കപ്പെട്ടുപോയവരും അവരുടെ കൂട്ടത്തിലുണ്ടാകും. അവർ തെറ്റുതിരുത്തി പൊതുജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്നും എസ്ആർപി പറഞ്ഞു.

ഭീകരവാദ പ്രവർത്തനംകൊണ്ട് സമൂഹത്തെ മാറ്റാനാകില്ലെന്ന് മാവോയിസ്റ്റുകൾ തിരിച്ചറിയണമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനമെന്ന് പറഞ്ഞ് ലഷ്‌കർ ഇ തോയ്ബയെപോലും ന്യായീകരിക്കുകയാണ് അവർ. സിപിഐ എമ്മിനെ ദുർബലപ്പെടുത്താൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് സഹായം നൽകുന്ന നിലപാടാണ് കോൺഗ്രസ് എക്കാലവും സ്വീകരിച്ചത്. എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള സമരത്തിലും ഇത്തരം തീവ്രവാദ ശക്തികളെ കോൺഗ്രസ് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചിന്ത എഡിറ്റർ ഡോ. ഡി ജയദേവദാസ് അധ്യക്ഷനായി. എം വി ഗോവിന്ദൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി പി നാരായണൻ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ, ചിന്ത ജനറൽ മാനേജർ കെ ശിവകുമാർ എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top