20 April Saturday

വിശുദ്ധ സാക്ഷ്യങ്ങള്‍ ; എം മഞ്ജുവിന്റെ 'ചുവന്ന പുണ്യാളന്റെ വിശുദ്ധ സാക്ഷ്യങ്ങൾ' എന്ന നോവലിനെ കുറിച്ച് പ്രഭാവർമ എഴുതുന്നു

പ്രഭാവര്‍മ്മUpdated: Wednesday May 17, 2023

എം മഞ്ജുവിന്റെ 'ചുവന്ന പുണ്യാളന്റെ വിശുദ്ധ സാക്ഷ്യങ്ങൾ' എന്ന നോവൽ പ്രകാശനം

നോവല്‍ പലയിടങ്ങളില്‍ നിന്നായി കടമെടുക്കുന്ന പല ഘടകങ്ങളുടെ സംഘാടനത്താല്‍ ഉല്പാദിപ്പിക്കാവുന്ന കൃത്രിമ സൃഷ്ടിയാണെന്ന ചിന്ത കനപ്പെട്ടുവരുന്ന കാലത്ത്, ഇതാ, മണ്ണില്‍നിന്നും മനസ്സില്‍നിന്നും സമൂഹത്തില്‍നിന്നും കാലത്തില്‍നിന്നും സ്വയമേവയെന്നോണം ഒരു നീരുറവയെന്നപോലെ നിസര്‍ഗസുന്ദരമായി ഊര്‍ന്നുവരുന്ന ഒരു കലാസൃഷ്ടി! പരീക്ഷണാത്മകതയുടെ കാലത്തെ അനുഭവാത്മകതകൊണ്ട് അതിജീവിക്കാന്‍ പോരുന്ന ഒരു സർഗസൃഷ്ടി! ഭൗതിക വ്യഗ്രതയുടെ വിപര്യയ കാലത്തെ മനുഷ്യസത്തയുടെ സ്വച്ഛതകൊണ്ട് അതിജീവിക്കുന്ന സാഹിത്യകൃതി!

അതിവിദൂര ഭൂതകാലത്തിന്റെ ചരിത്രത്തെ പശ്ചാത്തലമാക്കി ഒരു ആഖ്യായിക എഴുതുക താരതമ്യേന എളുപ്പമാണ്. കാരണം, ആ ചരിത്രഘട്ടത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ആര്‍ക്കും അറിവുണ്ടാവില്ല. സർഗാത്മകമായ ഒരു മനസ്സിന് അവയെ സ്വന്തം ഭാവനയുടെ അടിസ്ഥാനത്തില്‍ ഏതുവിധത്തില്‍ വേണമെങ്കിലും സങ്കല്പിക്കാം, ആവിഷ്കരിക്കാം. ആരും ചോദ്യം ചെയ്യില്ല.

എം മഞ്ജു

എം മഞ്ജു

എന്നാല്‍, സമീപ ഭൂതകാല ചരിത്രത്തെ ഒരു ആഖ്യായികയ്ക്ക് ആസ്പദമാക്കുന്നത് വളരെ ദുഷ്കരമാണ്. കാരണം, അതിന്റെ സൂക്ഷ്മാംശങ്ങള്‍ നേരിട്ടറിയുന്നവര്‍പോലും സമൂഹത്തിലുണ്ടാവും. അവരുടെ യാഥാർഥ്യത്തിന്‌ നിരക്കാത്തതാവരുത് എഴുത്തുകാരന്റെ അഥവാ എഴുത്തുകാരിയുടെ സങ്കല്‍പ്പം. നിരക്കാത്തതായാല്‍ വിശ്വസനീയത പോവും. ചരിത്രാഖ്യായികയില്‍ വിശ്വാസ്യത പോയാല്‍ ഒന്നും അവശേഷിക്കില്ല. ദുഷ്കരമായ രണ്ടാമത്തെ വഴിയേയാണ് എം മഞ്ജു തന്റെ പുതിയ നോവലായ ചുവന്ന പുണ്യാളന്റെ വിശുദ്ധ സാക്ഷ്യങ്ങളിൽ സഞ്ചരിച്ചത്. വിഖ്യാതമായ പുന്നപ്രസമരത്തിന്റെ ചരിത്ര പശ്ചാത്തലമുള്ള കൃതി. പുന്നപ്ര സമരത്തില്‍ പങ്കെടുത്ത സേനാനികളില്‍ ചിലരെങ്കിലുമൊക്കെ ഇപ്പോഴും അങ്ങിങ്ങുണ്ട്. അവരുടെ നാവില്‍നിന്ന്‌ നേരിട്ട്‌ കഥകള്‍ കേട്ടറിഞ്ഞ ഒന്നാം പിന്‍തലമുറയുണ്ട്. അതുകൊണ്ട് അതീവ  ജാഗ്രതയോടെമാത്രം സമീപിക്കാവുന്ന ഒന്നാണ് ഈ ചരിത്ര പശ്ചാത്തലം.

പണ്ടെന്നോ നടന്ന കുരിശുയുദ്ധ പശ്ചാത്തലത്തില്‍ എഴുതുന്നതുപോലെയല്ല എന്ന്‌ ചുരുക്കം. ചരിത്രത്തില്‍ നിന്നുള്ള വ്യതിയാനത്തിന് അനുവദനീയമായ വഴികള്‍ ഇവിടെ പരിമിതമാണ്. ആ പരിമിതിയുടെ ചട്ടക്കൂട്ടിനുള്ളില്‍ കൃത്യമായി നിന്നുകൊണ്ട്, അപരിമേയമായ ഭാവനയുടെ മഹാചക്രവാളങ്ങളിലേക്ക് അനുവാചക മനസ്സുകളെ പറത്തിവിടുന്നു ഈ കൃതിയില്‍ മഞ്ജു. ചരിത്രത്തെയും വര്‍ത്തമാനത്തെയും, യാഥാർഥ്യത്തെയും സങ്കല്പത്തെയും, സത്യത്തെയും മിഥ്യയെയും സ്വപ്നത്തിനെയും ജാഗ്രത്തിനേയും ഇഴചേര്‍ത്തുണ്ടാക്കിയ ഇന്ദ്രജാലസന്നിഭമായ ഒരു നോവല്‍!

നോവല്‍ പലയിടങ്ങളില്‍നിന്നായി കടമെടുക്കുന്ന പല ഘടകങ്ങളുടെ സംഘാടനത്താല്‍ ഉല്പാദിപ്പിക്കാവുന്ന കൃത്രിമ സൃഷ്ടിയാണെന്ന ചിന്ത കനപ്പെട്ടുവരുന്ന കാലത്ത്, ഇതാ, മണ്ണില്‍നിന്നും മനസ്സില്‍നിന്നും സമൂഹത്തില്‍നിന്നും കാലത്തില്‍നിന്നും സ്വയമേവയെന്നോണം ഒരു നീരുറവയെന്നപോലെ നിസര്‍ഗസുന്ദരമായി ഊര്‍ന്നുവരുന്ന ഒരു കലാസൃഷ്ടി! പരീക്ഷണാത്മകതയുടെ കാലത്തെ അനുഭവാത്മകതകൊണ്ട് അതിജീവിക്കാന്‍ പോരുന്ന ഒരു സർഗ സൃഷ്ടി!  ഭൗതിക വ്യഗ്രതയുടെ വിപര്യയകാലത്തെ മനുഷ്യസത്തയുടെ സ്വച്ഛതകൊണ്ട് അതിജീവിക്കുന്ന സാഹിത്യകൃതി!

അതിഗംഭീരമായ ഗവേഷണത്തിന്റെ പശ്ചാത്തലമുണ്ട് ഈ കൃതിക്കുപിന്നില്‍, എന്നാല്‍ ആ ഗവേഷണം അനുവാചകനെ ഭ്രമിപ്പിക്കാനുള്ള കൃത്രിമമായ മൂലധനം നേടലല്ല.  മറിച്ച് പുതിയ കാലത്തിന്റെ വിളക്കുകള്‍ തെളിക്കാനുള്ള പഴയ കാലത്തില്‍നിന്നുള്ള ഊര്‍ജശേഖരണമാണ്. ചരിത്ര പുരുഷൻമാരെ ചരിത്രത്തില്‍നിന്ന് അടര്‍ത്തിമാറ്റാതെ (decontextualise  ചെയ്യാതെ) അവതരിപ്പിക്കുന്നു. ചരിത്രപഥങ്ങളെ സങ്കല്പത്തിന്റെ സ്വച്ഛന്ദസഞ്ചാരത്തിനുള്ള നടവഴികളാക്കുന്നു. അതുവരെ അറിയാത്ത അനുഭവ മണ്ഡലങ്ങളിലേക്കും അനുഭൂതിമേഖലകളിലേക്കും മഞ്ജുവിന്റെ സഞ്ചാരം നമ്മെ നയിക്കുന്നു.
അത്യന്തം ഉല്‍ക്കടമായ ചരിത്ര സാഹചര്യങ്ങളിലൂടെയും ദുഃഖതീവ്രമായ ജീവിത മുഹൂര്‍ത്തങ്ങളിലൂടെയും ലോല സങ്കീര്‍ണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സുകടയുന്ന വൈകാരിക സന്ദര്‍ഭങ്ങളിലൂടെയുമാണ്‌ നോവല്‍ സഞ്ചരിക്കുന്നത്.

വസ്തുതാവിവരങ്ങളെ നിർധാരണംചെയ്ത് കല്പനകളോ ബിംബങ്ങളോ ആക്കി ഭാവാത്മകമായി മാറ്റിത്തീര്‍ക്കുക എന്നത് ഇത്തരം കൃതികളുടെ രചനയില്‍ രചയിതാവ്‌ നേരിടുന്ന വലിയ ഒരു വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ വേണ്ട ഭാവനാശാലിത്വവും സർഗാത്മകതയും ഈ കൃതിയുടെ രചനയില്‍ നിറഞ്ഞുനിന്നിരിക്കുന്നു.

ഒരു മാജിക്കല്‍ കൈയടക്കത്തോടെയെന്നോണം  ഇതിവൃത്തത്തെ എഴുത്തുകാരി ഒതുക്കിയെടുത്തിരിക്കുന്നു. അതേസമയം തന്നെ യാഥാർഥ്യത്തിന്റെ കറുപ്പും വെളുപ്പുമായ പ്രതലങ്ങളില്‍ നിന്നുയര്‍ന്നുവന്ന് ഭാവാത്മകമായ ഈ കൃതി വായനക്കാരുടെ മനസ്സില്‍ പൂത്തുലയുന്നു. നമ്മള്‍ എങ്ങനെ നമ്മളായി എന്നും കേരളം എങ്ങനെ കേരളമായി എന്നും ഈ നോവല്‍ ചരിത്രംകൊണ്ട് അടയാളപ്പെടുത്തുന്നു.

ചരിത്രത്തില്‍നിന്ന് വര്‍ത്തമാനത്തിലേക്ക്‌ സഞ്ചരിക്കുന്ന കഥാഗതി ശ്രദ്ധേയമാണ്. വാടയ്ക്കല്‍ എന്ന കടലോരപ്രദേശത്തെ പുന്നപ്രസമരകാലത്തുനിന്ന് സമകാലിക രാഷ്ട്രീയ യാഥാർഥ്യങ്ങളിലേക്ക് കൃതി സഞ്ചരിക്കുന്നു. കമ്യൂണിസ്റ്റ് പാർടിയിലെ പഴയതും പുതിയതുമായ നേതാക്കളുടെ സ്വഭാവ സങ്കീര്‍ണതയുടെ പരിച്ഛേദം ഈ കൃതി അവതരിപ്പിക്കുന്നു.

ആളോന്തീസ് എന്ന കഥാപാത്രം ഏറെ മിഴിവുറ്റതായി നിലകൊള്ളുന്നു. മൂലധനം വായിച്ചല്ലാതെ, ജീവിതംകണ്ട്‌ കമ്യൂണിസ്റ്റായിമാറിയ ആളാണ് ആളോന്തീസ്.
ജയിംസ്, രാജീവൻ എന്നീ സഖാക്കള്‍ യുവത്വത്തിന്റെയും ആധുനികതയുടെയും പ്രതീകങ്ങളാവുന്നു. അതേസമയം തന്നെ ഒരു നേതാവിന്റെ മഹാമേരുസമാനമായ വ്യക്തിത്വങ്ങളില്‍ വളര്‍ന്നുവന്നവരെങ്കിലും ഭിന്നങ്ങളോ വിരുദ്ധങ്ങള്‍ തന്നെയോ ആയ മനോഘടനയില്‍ ഇവര്‍ രൂപപ്പെട്ടുവരുന്നു. ജയിംസിന്റെ മനോഘടനയില്‍ വരുന്ന മാറ്റത്തില്‍ സമകാലികതയുടെ ചില ഭാവവിന്യാസങ്ങള്‍ വായിച്ചെടുക്കാം.

ആലപ്പുഴയുടെ സമരവീര്യം ഉള്‍ക്കൊള്ളുമ്പോള്‍ത്തന്നെ വ്യതിചലനങ്ങളെ തൊട്ടുകാണിക്കുക കൂടി ചെയ്യുന്ന ഈ നോവല്‍ പ്രായോഗിക രാഷ്ട്രീയക്കാരന്റെ വര്‍ത്തമാനകാല മുഖം രാജീവിലൂടെ വെളിവാക്കിത്തരുന്നു. കമലയില്‍ കാണുന്നത്‌ കരുത്തുറ്റ സ്ത്രീ വ്യക്തിത്വത്തിന്റെ  അതിശക്തമായ പ്രതിഫലനമാണെങ്കില്‍, സുദര്‍ശനയില്‍ പ്രായേണ ഉയര്‍ന്ന സാഹചര്യത്താല്‍ ആര്‍ജിച്ച സവിശേഷ വ്യക്തിത്വവിശേഷം തിളങ്ങി നില്‍ക്കുന്നു.

എവിടെയെങ്കിലുമൊക്കെ എത്തിച്ചേരാനും അതിനായി സമർഥമായി കരുക്കള്‍ നീക്കാനും വ്യക്തിബന്ധങ്ങളെ കൃത്രിമമായിപ്പോലും സൃഷ്ടിച്ചെടുക്കുന്നതിലെ ദാരുണതകളെ കൃതി ഓർമിപ്പിക്കുന്നു. ഒപ്പമുള്ളവനെ തകര്‍ക്കാനുള്ള വലവീശലുകളും നേട്ടത്തിനുള്ള കോണികള്‍ രൂപപ്പെടുത്തിയെടുക്കാന്‍ സമാന തരംഗദൈര്‍ഘ്യത്തിലെന്ന നിലയ്ക്കുള്ള പ്രതീതി സൃഷ്ടിക്കലും വാക്കിന് ഇല്ലാത്ത അർഥങ്ങളുടെ കരിമ്പടം ചാര്‍ത്തിക്കൊടുക്കലും ജീവകാരുണ്യപരമായ മാനുഷിക നടപടിക്കു പോലും ദുർവ്യാഖ്യാനങ്ങള്‍ ചമച്ച് ഒപ്പമുള്ളവരെ ഇല്ലാതാക്കലും മറ്റും ജീവിതത്തിന്റെ പകര്‍പ്പാക്കി ഈ കൃതിയെ മാറ്റുന്നു.

വി എസ്, ടി വി തോമസ്, ഗൗരിയമ്മ തുടങ്ങിയവരൊക്കെ ഈ നോവലില്‍ അങ്ങിങ്ങായി വന്നു തെളിയുമ്പോള്‍ പി കെ സി ഒരു കഥാപാത്രമായി, ആ പേരില്‍ തന്നെ ഇതില്‍ നിലകൊള്ളുന്നു. പുന്നപ്ര സ്റ്റേഷന്‍ മാര്‍ച്ചിനെ സംബോധന ചെയ്തുകൊണ്ട് ആക്രമണത്തിനുമുമ്പായി പി കെ സി നടത്തിയ പ്രസംഗം, പി കെ സിയുടെ മനസ്സറിഞ്ഞ് എന്ന വിധം വളരെ സ്വാഭാവികമായ നിലയില്‍ കഥയില്‍ മഞ്ജു ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

കടലോരത്തിന്റെ ഭാഷ, ഒരുപക്ഷേ പുതിയ തലമുറ കേട്ടിട്ടില്ലാത്ത പഴയ മുദ്രാവാക്യങ്ങള്‍, മറവിയിലേക്ക്‌ വഴുതി വീഴുന്ന ചില വിപ്ലവഗാനശകലങ്ങള്‍ എന്നിവയൊക്കെ ചരിത്രഘട്ടങ്ങളെ പുനരുജ്ജീവിപ്പിക്കാനെന്ന നിലയില്‍ നോവലിസ്റ്റ് സമർഥമായി ഉപയോഗിച്ചിരിക്കുന്നു. ചില മൂല്യങ്ങളുടെ പ്രതിനിധാനം കൂടിയുണ്ട് ഇവിടെ.

കടലോരത്തിന്റെ ഭാഷ, ഒരുപക്ഷേ പുതിയ തലമുറ കേട്ടിട്ടില്ലാത്ത പഴയ മുദ്രാവാക്യങ്ങള്‍, മറവിയിലേക്ക്‌ വഴുതി വീഴുന്ന ചില വിപ്ലവഗാനശകലങ്ങള്‍ എന്നിവയൊക്കെ ചരിത്രഘട്ടങ്ങളെ പുനരുജ്ജീവിപ്പിക്കാനെന്ന നിലയില്‍ നോവലിസ്റ്റ് സമർഥമായി ഉപയോഗിച്ചിരിക്കുന്നു. ചില മൂല്യങ്ങളുടെ പ്രതിനിധാനം കൂടിയുണ്ട് ഇവിടെ.
കേവലം ശരീരബന്ധങ്ങളെയും മനസ്സിന്റെ ബന്ധങ്ങളെയും സദാചാര ലംഘനഭീതി കൂടാതെ ആര്‍ജവത്തോടെ നോവലിസ്റ്റ് ആവിഷ്കരിക്കുന്നു.

സൂസന്ന, കമല, സുദര്‍ശന എന്നീ സ്ത്രീകഥാപാത്രങ്ങള്‍ പുസ്തകം വായിച്ചു മടക്കിവച്ചശേഷവും ഒട്ടേറെക്കാലം മനസ്സില്‍ തങ്ങിനില്‍ക്കും. യാതനാനുഭവങ്ങളുടെ കനല്‍പ്പാതകള്‍ താണ്ടിയ സഹനത്തിന്റെയും പീഡനാനുഭവത്തിന്റെയും വഴികളിലൂടെയാണ് പുണ്യാളത്വത്തിലേക്ക് ആരും എത്തിച്ചേരുക എന്ന സത്യത്തിന്റെ ഉടലാണ്ട രൂപമാവുന്നുണ്ട് ആളോന്തീസ്!
ചുരുക്കിപ്പറഞ്ഞാല്‍, ചരിത്രത്തില്‍നിന്ന്, മനസ്സില്‍നിന്ന്, കാലത്തില്‍നിന്ന്, ജീവിതത്തില്‍നിന്ന് ചീന്തിയെടുത്ത ഒരേട് എന്ന് ഈ നോവലിനെ നിസ്സംശയം അടയാളപ്പെടുത്താം .

(ദേശാഭിമാനി വാരികയിൽ നിന്ന്)

 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top