27 April Saturday
അഭിമുഖം. എം കെ മനോഹരൻ/ ടി പി വേണുഗോപാലൻ

സ്നേഹത്തിന്റെ കഥമരച്ചില്ലകൾ: നാട്ടിടവഴികളിൽ ചരിത്രം ചികഞ്ഞൊരു നടത്തം

നാരായണൻ കാവുമ്പായിUpdated: Saturday Jan 21, 2023

എം കെ മനോഹരൻ ,ടി പി വേണുഗോപാലൻ-ഫോട്ടോ: പി ദിലീപ്‌കുമാർ


കണ്ണൂർക്കോട്ടയുടെ പരിസരങ്ങളിലൂടെയുള്ള ഒരു സായാഹ്നസഞ്ചാരത്തിനിടയിലാണ്‌ ‘ദേശാഭിമാനി വാരിക’യ്‌ക്കുവേണ്ടി, എഴുത്തും ജീവിതവുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ എം കെ മനോഹരനും ടി പി വേണുഗോപാലനും ഓർത്തെടുക്കുന്നത്‌. കോലത്തിരിയും ആലിരാജയും പോർച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും മാറി മാറി കൈയാളിയ സെന്റ്‌ ആഞ്ജലോസ്‌ ഫോർട്ടിന്‌ പറയാൻ കഥകളേറെ. കാതോർത്താൽ അധിനിവേശത്തിന്റെ കുളമ്പടിയൊച്ച കേൾക്കാം. ചരിത്രമുണർന്നിരിക്കുന്ന അറയ്‌ക്കൽക്കെട്ടിനും മാപ്പിളബേക്കും മുന്നിലൂടെയുളള നടത്തത്തിനിടെ വീണുകിട്ടിയ വർത്തമാനത്തിൽനിന്ന്‌...

നാരായണൻ കാവുമ്പായി:  എം കെ മനോഹരൻ, ടി പി വേണുഗോപാലൻ. നിങ്ങൾ മലയാളത്തിലെ ശ്രദ്ധേയരായ ചെറുകഥാകൃത്തുക്കൾ. എഴുതിത്തുടങ്ങിയ കാലംമുതലേ രണ്ടുപേരുമായി എനിക്ക്‌ സൗഹൃദമുണ്ട്‌. 

ദേശാഭിമാനി വാരികയിലാണ്‌ മനോഹരന്റെ കഥ വായിച്ചുതുടങ്ങിയത്‌.  കോളേജ് പഠനകാലത്താണ്  ടി പി വേണുഗോപാലനെ പരിചയപ്പെടുന്നത്. പയ്യന്നൂർ കോളേജിൽ   വിദ്യാർഥി സംഘടനയിൽ സജീവമായിരുന്ന കാലം.

കണ്ണൂർ േകാട്ട-ഫോട്ടോ: മിഥുൻ അനിലാ മിത്രൻ

കണ്ണൂർ േകാട്ട-ഫോട്ടോ: മിഥുൻ അനിലാ മിത്രൻ

അക്കാലത്തുതന്നെ ആനുകാലികങ്ങളിൽ വേണുഗോപാലന്റെ കഥകൾ വന്നു തുടങ്ങിയിരുന്നു. രണ്ടുപേരുടെയും കഥകളിലും ജീവിതപരിസരങ്ങളിലും കൗതുകകരമെന്നുപറയാവുന്ന ഒരുപാട്‌ സാദൃശ്യങ്ങളുണ്ട്‌. മനോഹരൻ കണ്ണൂരിലെ പെരളശേരിയിൽ. പാപ്പിനിശേരിയിൽ വേണുഗോപാലൻ.  രണ്ടു ഗ്രാമവും  ചരിത്രത്തിന്‌ ചാലുകീറിയ ഭൂമികയാണ്‌. കാലത്തിന്‌ വഴികാട്ടിയ ചുവന്ന മണ്ണ്‌.

നവോത്ഥാനകാലംമുതൽ നീതികേടിനെതിരെ നിവർന്നുനിന്ന്‌ പൊരുതിയ ധീരരുടെ ഈ നാട്‌ കലയുടെയും സാഹിത്യത്തിന്റെയും വിളനിലമാണ്‌.  ഈ പരിസരത്തിന്റെ പരാഗരേണുക്കൾ രണ്ടുപേരുടെയും എഴുത്തിലും പ്രവർത്തനങ്ങളിലും പ്രകാശിതമാകുന്നത്‌ സ്വാഭാവികം.

ടി പി വേണുഗോപാലൻ: പെരളശേരിക്കും പാപ്പിനിശേരിക്കും മാത്രമല്ല, കണ്ണൂരിലെ ഓരോ ഗ്രാമത്തിനും ചരിത്രബന്ധിയായ നിരവധി കഥകൾ പറയാനുണ്ട്‌. മലബാറിലെ

എകെജി സ്‌തൂപം

എകെജി സ്‌തൂപം

സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ സിരാകേന്ദ്രമെന്നനിലയിൽ പാപ്പിനിശേരിക്ക്‌ ചരിത്രത്തെ ചുവപ്പിക്കുന്നതിൽ സുപ്രധാന പങ്കുണ്ട്‌. മൊറാഴ സംഭവവും ആറോൺമിൽ സമരവും കോട്ടൺമിൽ സമരവും തലമുറകളെ പ്രചോദിപ്പിച്ചിട്ടുണ്ട്‌്‌. പി കൃഷ്‌ണപിള്ളയുടെയും എ കെ ജിയുടെയും കെ പി ആർ ഗോപാലന്റെയും ഇ കെ നായനാരുടെയുമെല്ലാം കളരി കൂടിയായിരുന്നല്ലോ പാപ്പിനിശേരി. 

ഈ നാട്ടിൽ ജീവിക്കാനായതുകൊണ്ടാകാം ഇത്രയെങ്കിലും എഴുതാനും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുമായത്‌. നാട്‌ വലിയ പ്രേരണയും പ്രചോദനവുമാണ്‌. ‘കുത്തും കോമയുമുള്ള ഈ ജീവിതം’, ‘പ്രതീക്ഷാഭവൻ’ തുടങ്ങിയ കഥകളുടെ േപ്രരണ നേരത്തെ പറഞ്ഞ സമരാനുഭവങ്ങളാണ്‌.

എം കെ മനോഹരൻ:  എ കെ ജിയുടെ ജന്മനാട്‌ എന്ന നിലയിൽത്തന്നെയാണ്‌ പെരളശേരി ചരിത്രത്തിൽ തെളിഞ്ഞുനിൽക്കുന്നത്‌. നവോഥാനത്തിന്റെയും തൊഴിലാളി സമരങ്ങളുെടയും പ്രഭവകേന്ദ്രം കൂടിയാണ്‌ എന്റെ നാട്‌. തീർച്ചയായും ആ പരിസരവും പശ്ചാത്തലവും പ്രചോദിപ്പിക്കുമല്ലോ.

നാരായണൻ:  രണ്ടുപേരും എഴുതിത്തുടങ്ങിയത്‌ ഏതാണ്ട്‌  ഒരേകാലത്തായിരിക്കും.

ഇ കെ നായനാർ

ഇ കെ നായനാർ

മനോഹരൻ:  വേണുഗോപാലൻ പഠിപ്പിച്ചിരുന്ന പാപ്പിനിശേരി ഹൈസ്‌കൂളിലാണ്‌ കുട്ടികൾക്കായി ഞാനെഴുതിയ നാടകങ്ങളുടെ ആദ്യ അരങ്ങ്. ആ നാടകങ്ങളുടെ ആദ്യവായനക്കാരിലൊരാൾ. വേണുഗോപാലന്റെ സ്കൂളിലെ അധ്യാപകൻ, ഇപ്പോഴത്തെ ഫോക്‌ലോർ അക്കാദമി സെക്രട്ടറി  എ വി അജയകുമാർ സംവിധായകൻ. അന്നുതുടങ്ങിയ അടുപ്പമാണ്. അത് കഥയ്‌ക്കുമപ്പുറമാണ്.
വേണുഗോപാലന്റെ ‘ഭൂമിയുടെ തോട്ടക്കാർ’ എന്ന ആദ്യ കഥാസമാഹരത്തിന്റെ പ്രകാശന ചടങ്ങിന്‌ ഞാൻ പോയിട്ടുണ്ട്.

ലളിതമാണ് വേണുഗോപാലന്റെ കഥകൾ. എന്നാൽ ആഴമുള്ളത്. മനുഷ്യർക്കാവശ്യമുള്ള എന്തൊക്കെയോ ആ കഥകളിലുണ്ട്. വേണുവിന്റെ ‘ടോർച്ച്’ എന്ന കഥയിലെ നന്മയാണ് ഞാനോർക്കുന്നത്. ‘ഇത് ഉള്ളിലെവിടെയോ ഞരങ്ങി കത്തുന്നുവല്ലോ...’ എന്ന അവസാന വാചകം എന്നെ വിസ്മയിപ്പിച്ചു. അങ്ങനെ കഥ പറയാൻ എനിക്കാവുന്നില്ലല്ലോ എന്ന സങ്കടവുമുണ്ടായി. അസൂയയല്ല; സങ്കടം.

ടി പി   വേണുഗോപാലൻ:  എഴുത്തിലേക്ക് വരുന്നതിനുമുമ്പേ വിദ്യാർഥി, യുവജന സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. നാട്ടിലെ ക്ലബ്ബ്‌, വായനശാല തുടങ്ങിയവയുടെ പ്രവർത്തനങ്ങളിലും ഇടപെട്ടിരുന്നു. പിന്നീട്

എം കെ മനോഹരൻ , നാരായണൻ കാവുന്പായി ,ടി പി വേണുഗോപാലൻ  -ഫോട്ടോ: പി ദിലീപ്‌കുമാർ

എം കെ മനോഹരൻ , നാരായണൻ കാവുന്പായി ,ടി പി വേണുഗോപാലൻ -ഫോട്ടോ: പി ദിലീപ്‌കുമാർ

അധ്യാപകനായപ്പോൾ സംഘടനാരംഗത്തും നാട്ടിലും പ്രവർത്തിച്ചിട്ടുണ്ട്. അധ്യാപകസംഘടനയിൽ പ്രവർത്തിച്ചതിന്റെ ഭാഗമായി ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. സംഘടനാപ്രവർത്തനങ്ങളുെട  തുടർച്ചയോ അനുബന്ധമോ മാത്രമാണ് എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത്. കോളേജ് പഠനകാലത്ത് നാട്ടിലെ സുഹൃത്തുക്കളുമായി ചേർന്ന് ‘നാവ്' എന്ന പേരിൽ മിനി മാസിക പ്രസിദ്ധീകരിച്ചിരുന്നു.  എൺപതുകളുടെ അവസാനമാണ് എഴുത്തിൽ സജീവമാവുന്നത്. ആദ്യകഥ  ‘ടോർച്ച്' മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് വന്നത്.

1988ൽ. രണ്ടാമത്തെ കഥ ‘വട്ടത്തിൽ കറങ്ങുന്ന കാറ്റ്' ദേശാഭിമാനി വാരികയിലും. ആ കഥ വന്ന ലക്കത്തിൽത്തന്നെ എം കെ മനോഹരന്റെ ‘ചിത്രപുസ്തകത്തിലെ വെള്ളക്കൊക്ക്' എന്ന കഥയും ഉണ്ടായിരുന്നു. മനോഹരന്റെ രചനകൾ അതിനുമുമ്പേ വായിച്ചിരുന്നു. ദേശാഭിമാനി വാരികയുടെ ഒരേ ലക്കത്തിൽത്തന്നെ ഞങ്ങൾ രണ്ടുപേരുടെയും കഥകൾ വന്നതിൽ സന്തോഷമുണ്ടായിരുന്നു. പിന്നീട്  മനോഹരൻ ആ ചെറുകഥ നാടകമാക്കുകയുണ്ടായി. സ്കൂൾ യുവജനോത്സവങ്ങളിൽ നിരവധി പുരസ്കാരങ്ങൾ ആ നാടകത്തിന് ലഭിച്ചിരുന്നു.

നാരായണൻ: മനോഹരന്റെ എഴുത്തിനെ സ്വാധീനിക്കുകയും വളർത്തുകയും ചെയ്‌തതിൽ ബീഡിത്തൊഴിലാളികളുടെ വായനാസംസ്‌കാരത്തിന്‌ വലിയ പങ്കുണ്ട്‌.
വേണുഗോപാലന്റെ എഴുത്തിന്‌ കലാലയ അന്തരീക്ഷം സഹായകമായിട്ടുണ്ടാകണം.

വേണുഗോപാലൻ:   പ്രത്യക്ഷമായി പറയാൻ പറ്റില്ലെങ്കിലും പരോക്ഷമായി നിരവധി അനുഭവങ്ങൾ ഉണ്ട്. ഒരു ഉദാഹരണം പറയാം. പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനായ ജോൺ സി ജേക്കബ് പത്രാധിപരായി പയ്യന്നൂർ കോളേജിൽ നിന്നും ‘സൂചിമുഖി ’ മാസിക പുറത്തിറങ്ങിയിരുന്നു. തുടക്കത്തിൽ കുറേക്കാലം ആ മാസികയുടെ വരിക്കാരനായിരുന്നു.

പരിസ്ഥിതി സംബന്ധമായ ചില ചെറിയ കുറിപ്പുകൾ അക്കാലത്ത് ഡിപ്പാർട്‌മെന്റിൽ ചെന്ന് നേരിട്ട് കൊടുക്കാറുണ്ട്. മാഷ് അവ ‘കത്തുകൾ’ എന്ന പംക്തിയിൽ ഉൾപ്പെടുത്താറുണ്ടായിരുന്നു.  ‘ഇന്ദിരാഗാന്ധിയുടെ മരണം ഒരു പോസ്റ്റ്മോർട്ടം റിപ്പോർട്ട്' എന്ന പേരിൽ ഡോ. ബേബി വർഗീസ് ‘സൂചിമുഖി’യിൽ ലേഖനം എഴുതുന്നത് അക്കാലത്താണ്.

ഭിന്ദ്രൻവാലയെ വളർത്താൻ സഹായിച്ചതുകാരണം, സ്വയംകുഴിച്ച കുഴിയിൽ വീഴുകയായിരുന്നു  ഇന്ദിരാഗാന്ധി എന്ന് സമർഥിക്കുന്ന ലേഖനമായിരുന്നു അത്. ഇതിൽ പ്രകോപിതരായി, അന്ന് സീനിയർ വിദ്യാർഥിയായിരുന്ന, പിന്നീട് എംപിയും കേന്ദ്രമന്ത്രിയുമൊക്കെയായി മാറിയ ഒരു നേതാവിന്റെ നേതൃത്വത്തിൽ ഒരുസംഘം കെഎസ്‌യു പ്രവർത്തകർ ജോൺസി മാഷുടെ ഡിപ്പാർട്‌മെന്റിൽ അതിക്രമിച്ചു കയറി, 

‘ഞങ്ങളുടെ അമ്മയെക്കുറിച്ചുപറയാൻ നിനക്ക് എന്തധികാരം' എന്ന് ചോദിച്ച് മാഷുടെ കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴക്കുകയുണ്ടായി. (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ജോൺസി മാഷുടെ ആത്മകഥയിൽ ഈ സംഭവം വിവരിച്ചിട്ടുണ്ട്). ആക്രമണത്തിനെതിരെ ഞങ്ങൾ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയുണ്ടായി. അതിന്റെ ഭാഗമായി  ഒരു ലഘുലേഖ തയ്യാറാക്കാനുള്ള ഉത്തരവാദിത്വം എന്റെ ചുമലിൽ യാദൃച്ഛികമായി വന്നുവീണു.

ചരിത്രവും പൗരധർമവും എല്ലാംകുത്തിനിറച്ച് പച്ചമലയാളത്തിൽ എന്തൊക്കെയോ എഴുതി. സാഹിത്യഭാഷ പഠിച്ചിട്ടില്ലാത്തതുകൊണ്ട് വാക്കുകൾ ഉപയോഗിക്കുന്നതിൽ അറച്ചുനിൽക്കേണ്ടിവന്നില്ല. പരമ്പരാഗത നോട്ടീസിൽനിന്നും അല്പം വിട്ടുപിടിച്ചായിരുന്നു ഈ എഴുത്ത്.  തുടർന്നും കോളേജിൽ പല നോട്ടീസുകളും തയ്യാറാക്കാനുള്ള സന്ദർഭമുണ്ടായിട്ടുണ്ട്. ഈ നോട്ടീസെഴുത്തുകൾ പിന്നീട് കഥയെഴുത്തിനുള്ള ഊർജമായി മാറി എന്നുവേണം കരുതാൻ.

നാരായണൻ: വേണുഗോപാലന്റെ ഐച്ഛികവിഷയം  ഹിന്ദിയായിരുന്നല്ലോ.

വേണുഗോപാലൻ: അതെ. പത്താംക്ലാസിനുശേഷം ക്ലാസ് മുറിക്കകത്ത് മലയാളം പഠിച്ചിട്ടില്ലെന്നതിൽ വലിയ നിരാശയൊന്നും തോന്നിയിട്ടില്ല. മാത്രമല്ല, ഹിന്ദി സാഹിത്യത്തെ അടുത്തറിയുന്നതിന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി സർവേശ്വർ ദയാൽ സക്സേനയുടെ ‘ബക്രി' നാടകം ‘ആട്' എന്ന പേരിൽ വിവർത്തനം ചെയ്യാനായത്‌.

ടി എൻ പ്രകാശ്

ടി എൻ പ്രകാശ്


ഇന്ത്യൻ ജനാധിപത്യത്തിൽ ഉൾച്ചേർന്നിരിക്കുന്ന ജനവിരുദ്ധത കറുത്തഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന നാടകമാണ് ‘ആട്’. ഓരോ വരിയും, എഴുതപ്പെട്ട കാലത്തെന്നപോലെ ഇന്നും പ്രസക്തം. ഈ വിവർത്തനത്തിലേക്ക് എത്തിച്ചത് കഥാകൃത്ത് ടി എൻ പ്രകാശ് ആണ്. എഴുത്തിൽ അദ്ദേഹം നൽകിയ പിന്തുണ ചെറുതല്ല.

നാരായണൻ: മലയാള ചെറുകഥയിൽ ഏതാണ്ട് മൂന്നുപതിറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമാണ് നിങ്ങൾ രണ്ടുപേരും. ശ്രദ്ധേയങ്ങളായ കഥകളെഴുതുന്നുണ്ട്‌, എന്നാൽ കഥകളുടെ മികവിനൊത്ത നിലയിൽ സാഹിത്യമേഖലയിൽ അംഗീകരിക്കപ്പെട്ടില്ല എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.

മനോഹരൻ:  അംഗീകാരത്തെക്കുറിച്ചൊന്നും ആലോചിച്ച് വേവലാതിപ്പെടാറില്ല. മറ്റുള്ളവരുടെ മികച്ച കഥകൾ വായിക്കുമ്പോൾ എന്റെ കഥയുടെ പരിമിതി എനിക്ക് ബോധ്യപ്പെടാറുമുണ്ട്. കണ്ണൂരും കണ്ണൂരിന്റെ രാഷ്ട്രീയവും എന്റെ കഥകളെ സ്വാധീനിച്ചിട്ടുണ്ട്. കഥകളിൽ കമ്യൂണിസ്റ്റായി ജീവിക്കുന്ന മനുഷ്യരെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് വിജയിച്ചോ എന്നെനിക്കറിയില്ല.

വേണുഗോപാലൻ: വായനക്കാർക്കുവേണ്ടിയാണ് എഴുതുന്നത്. അവരിൽ നിന്നുണ്ടാകാറുള്ള പ്രതികരണമാണ് എഴുത്തിനെ മുന്നോട്ടുനയിക്കുന്നത്. വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത വായനക്കാർ ഫോൺ വഴിയോ കത്തിലൂടെയോ സമൂഹമാധ്യമങ്ങൾ വഴിയോ കഥയെപ്പറ്റി അഭിപ്രായം പങ്കുവെക്കുമ്പോൾ അത് വലിയ അംഗീകാരമാണ്. ‘എന്റെ കഥയേ', ‘എന്റെ സാഹിത്യമേ' എന്നുപറഞ്ഞ്‌ കെട്ടിപ്പിടിച്ച് കിടക്കാൻ താൽപ്പര്യമില്ലാത്തതുകൊണ്ട്  അവഗണകളൊന്നും നൊമ്പരപ്പെടുത്താറില്ല. അംഗീകാരങ്ങൾ അത്രകണ്ട് ആഹ്ലാദിപ്പിക്കാറുമില്ല. നിരൂപകരുടെ അവഗണന എഴുത്തിന്റെ പരിമിതിയായി തോന്നിയിട്ടില്ല. നിരൂപകരുടെ ഇഷ്ടാനിഷ്ടങ്ങളെയും വ്യക്തിതാല്പര്യങ്ങളെയും നിയന്ത്രിക്കാൻ എഴുത്തുകാരന് എന്തവകാശം! പക്ഷേ സാഹിത്യചരിത്ര ഗ്രന്ഥങ്ങൾ സമഗ്രവും സത്യസന്ധവും നിഷ്പക്ഷവും ആയിരിക്കണം.

പ്രൊഫ. എരുമേലി പരമേശ്വരൻപിള്ള

പ്രൊഫ. എരുമേലി പരമേശ്വരൻപിള്ള

ഇക്കാര്യത്തിൽ പ്രൊഫ. എരുമേലി പരമേശ്വരൻപിള്ള മാതൃകയാണ്. ‘മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ' എന്ന അദ്ദേഹത്തിന്റെ കൃതി ഏറെക്കുറെ സാഹിത്യ ചരിത്രത്തോട് നീതിപുലർത്തുന്നതായി തോന്നിയിട്ടുണ്ട്. എന്നാൽ പിന്നീട് വന്ന ചരിത്രകാരന്മാർക്ക് ഈ സത്യസന്ധത പാലിക്കാനായിട്ടില്ല.

നാരായണൻ:  മലയാള സാഹിത്യത്തിൽ പുഷ്‌കലമായ ശാഖ ചെറുകഥയാണെന്ന്‌ പറയുന്നത്‌ വെറുതെയല്ല. ലോകകഥകളുെട നിലവാരത്തിലുള്ള ചെറുകഥകൾമലയാളത്തിലുണ്ടായിട്ടുണ്ട്‌.

വേണുഗോപാലൻ:  തീർച്ചയായും നിരവധി കഥകളുണ്ട്. കാരൂരിന്റെ ‘മോതിരവും’, ‘ഉതുപ്പാന്റെ കിണറും' വല്ലാതെ പിന്തുടർന്ന കഥയാണ്. ടി പത്മനാഭന്റെ  ‘നിധി ചാല സുഖമാ...' ഓരോ വായനയിലും പുതിയ പുതിയ അനുഭൂതി നൽകാറുള്ള കഥയാണ്.

‘അയാൾക്ക് നിശ്ചയമില്ലാത്ത ഏതോ ഒരു കർണാടകരാഗത്തിന്റെ മധുരമായ അലകൾ രാമനാഥന്റെ മുറിയിൽനിന്ന് പുറത്തുവരുന്നുണ്ടായിരുന്നു...' എന്ന അവസാനത്തെ വരിയിലേക്കെത്തുമ്പോൾ വാക്കുകൾക്കതീതമായ സംഗീതം ഉള്ളിൽ നുരയുന്ന പ്രതീതിയുണ്ടാവും.

മനോഹരൻ: അത്‌ ശരിയാണ്‌. പപ്പേട്ടന്റെ ‘മഖൻ സിങ്ങിന്റെ മരണം’  ഹൃദയത്തെ തൊട്ട കഥയാണ്. ഈയൊരു കാലത്ത് പറയേണ്ട  മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയമാണ് അത്രയും കാലംമുമ്പ് പപ്പേട്ടൻ പറഞ്ഞത്.

വേണുഗോപാലൻ: എം ടിയുടെ  ‘കർക്കിടകം' ഇഷ്ടപ്പെടാൻ കാരണം അതിലെ കുട്ടിയുടെ ജീവിതസാഹചര്യം എന്റേതുമായിരുന്നു എന്നതുകൊണ്ടാണ്. പുറമേക്ക് സമ്പന്നത തോന്നിക്കുമെങ്കിലും കൂട്ടുകുടുംബമായതുകൊണ്ട്  ബാല്യകാലത്ത്  വീടിന്റെ അകത്തളങ്ങളിൽ അനുഭവിച്ച ദാരിദ്ര്യത്തിന്റെ വ്യത്യസ്ത അവസ്ഥകൾ പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. ‘ഉറക്കം എവിടെയാണിപ്പോഴും പതുങ്ങി നിൽക്കുന്നത്?' എന്ന ചോദ്യം ‘കർക്കിടക'ത്തിലെ കുട്ടിയുടേത് മാത്രമായിരുന്നില്ല.

എം ടി

എം ടി

ആദ്യകാല വായനയിൽ എന്നെ ഏറെ സ്വാധീനിച്ച മറ്റൊരു കഥയാണ് എം കെ മനോഹരന്റെ ‘രണ്ടു കോഴികൾ'. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച ആ കഥ പിന്നീട് ‘സ്വപ്നനാണയം' എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വാർഥതയിൽ അധിഷ്ഠിതമായ സ്നേഹത്തെ ഇത്രമേൽ ഹൃദയസ്പർശിയായി അവതരിപ്പിച്ച കഥകൾ അധികം ഉണ്ടായിട്ടില്ല.

നാരായണൻ:  നിങ്ങൾ രണ്ടുപേരുടെയും കഥകളെ നാടകം ഏറെ സ്വാധീനിച്ചതായി തോന്നാറുണ്ട്‌. വേണുഗോപാലന്റെ ഒേട്ടറെ കഥകളിൽ നാടകം പ്രമേയമായി വരുന്നുണ്ട്‌. മനോഹരനാണെങ്കിൽ നാടകകൃത്തുകൂടിയാണല്ലോ.

വേണുഗോപാലൻ:  നാടകം നിറഞ്ഞുനിന്ന ഒരു കാലത്തായിരുന്നു എഴുത്തിന്റെ തുടക്കം എന്നുപറയാം. അക്കാലത്ത് നാട്ടിലെ സാംസ്കാരിക കേന്ദ്രം ബീഡിതെറുപ്പുശാലകളായിരുന്നു. നാടകങ്ങൾ ഏറെയുണ്ടായിരുന്ന സ്ഥലങ്ങൾ.
എഴുത്തുകാർ, പ്രഭാഷകർ, നാടക പ്രവർത്തകർ, ഗായകർ, സർവോപരി മികച്ച ആസ്വാദകർതുടങ്ങിയവരുടെ കേന്ദ്രമായിരുന്നു അത്.  കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള ഏതൊരാളുടെയും പച്ചത്തുരുത്തായിരുന്നു ബീഡിക്കമ്പനി.

ടി പത്മനാഭൻ

ടി പത്മനാഭൻ

മനോഹരൻ: അതെ. പെരളശേരിയിലെ ബീഡിക്കമ്പനിയിലെ പുസ്തക വായനകളാണ്‌ എന്നെസാഹിത്യത്തോട്‌ അടുപ്പിച്ചത്‌ എന്നുപറയാം. ബീഡിക്കമ്പനികൾ മികച്ച വായനശാലകളായിരുന്നു. ചെറുകാടിന്റെ ‘ദേവലോക’വും ടി പത്മനാഭന്റ ‘മഖൻസിങ്ങിന്റെ മരണ’വും മാർക്സിം ഗോർക്കിയുടെ ‘അമ്മ’യും എഥൽലിലിയൻ വോയ്നിച്ചിന്റെ ‘കാട്ടുകടന്ന’ലും... അങ്ങനെ ഒരുപാട് പുസ്തകങ്ങൾ.

ദേശാഭിമാനി, മാതൃഭൂമി, കലാകൗമുദി, മലയാളനാട്‌ തുടങ്ങിയ ആനുകാലികങ്ങൾ. പരന്നതും ആഴമേറിയതുമായ വായന. മൂന്നുപത്രങ്ങളുടെ മുഖപ്രസംഗങ്ങൾ, രാഷ്ട്രീയ ലേഖനങ്ങൾ, വാർത്തകൾ അതിന്റെ ചൂടേറിയ സംവാദങ്ങൾ. കഥകളിലും കവിതകളിലും അവർ രാഷ്ട്രീയ ഉത്‌കണ്ഠകൾ അന്വേഷിക്കും. പണിയിടങ്ങളിൽ ഇങ്ങനെയൊരു ജീവിതസന്ദർഭം ലോകത്തിലെവിടെയുമില്ലെന്നുതോന്നുന്നു. അതിനിടയിൽ പ്രകടനത്തിനും യോഗത്തിനും ഇറങ്ങിപ്പോകുന്നു. അയൽവീട്ടിലെ രോഗിയെ ആശുപത്രിയിലെത്തിക്കുന്നു.

രോഗിക്ക് കാവലിരിക്കുന്നു. മരണവീട്ടിലെ ആശ്വാസവും സഹായവുമാകുന്നു.

എം വി ജയരാജൻ

എം വി ജയരാജൻ

ബീഡിത്തൊഴിലാളികളുടെ മനുഷ്യപ്പറ്റ്. അവരുടെ വായന. അതാവാം എന്റെ കഥകളെ ഉണ്ടാക്കിയത്.  മുൻ എംഎൽഎ കെ കെ നാരായണേട്ടൻ ബീഡിത്തൊഴിലാളിയായിരുന്നു. മികച്ച വായനക്കാരനായിരുന്നു. ആശാൻ കവിതകൾ കാണാപ്പാഠമായിരുന്നു അദ്ദേഹത്തിന്‌. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും ബീഡിക്കമ്പനിയിലെ നല്ല വായനക്കാരനായിരുന്നു.

വായനയുടെ സംസ്‌കാരം വിളഞ്ഞ തൊഴിൽ കേന്ദ്രങ്ങൾ തന്നെയായിരുന്നു കണ്ണൂരിലെ ബീഡിക്കമ്പനികൾ. എന്റെ പ്രായത്തിലുള്ളവരിൽ വീട്ടിലെ ദാരിദ്ര്യം കാരണം ബീഡിക്ക് കെട്ടാനും മറ്റു കൂലിപ്പണികൾക്കും പോകുമായിരുന്നു. എന്തോ, ഞാൻ അങ്ങനെ പോയില്ല. ഗണേഷ് പിന്നെ ദിനേശ്, സാധു, മായൻ തുടങ്ങിയ പതിനഞ്ചോളം ബീഡിക്കമ്പനികളുണ്ടായിരുന്നു പെരളശേരിയിൽ.

 കണ്ണൂർ ദിനേശ്‌ബീഡി കന്പനിയിൽ നിന്ന്‌-ഫോട്ടോ: മിഥുൻ അനിലാ മിത്രൻ

കണ്ണൂർ ദിനേശ്‌ബീഡി കന്പനിയിൽ നിന്ന്‌-ഫോട്ടോ: മിഥുൻ അനിലാ മിത്രൻ

അക്കാലത്തെ അനുഭവങ്ങളിൽ ചിലത്‌ ഒരിക്കലും മനസ്സിൽ നിന്നുമായില്ല. അടിയന്തരാവസ്ഥക്കാലത്ത്‌ പെരളശേരിയിൽ ഞങ്ങളൊരു കൈയെഴുത്തു പത്രം തയ്യാറാക്കിയിരുന്നു. ‘ശരം’. എ കെ ജിയുടെ ‘പെൺഹിറ്റ്ലർ ജനിക്കുന്നു’ എന്ന പാർലമെന്റ് പ്രസംഗം അതിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു.

അത് എ കെ ജി യെ കാണിക്കാൻ കണ്ണൂർ അഴീക്കോടൻ മന്ദിരത്തിലേക്ക് പോയത്‌ ആവേശകരമായ

പെരളശ്ശേരി അങ്ങാടി

പെരളശ്ശേരി അങ്ങാടി

ഓർമയാണ്. എന്റെ കൂടെ പ്രിയസുഹൃത്ത്, അന്നത്തെ ബാലസംഘക്കാരൻ  സുരേഷ് പെരളശേരിയുണ്ടായിരുന്നു. (ഇന്ന്‌ സുരേഷ്‌ നമ്മോടൊപ്പമില്ല. അകാലത്തിലാണ്‌ ആ വലിയ ചിത്രകാരൻ വിട പറഞ്ഞത്‌).

എ കെ ജി ഞങ്ങൾക്ക് 20 രൂപ തന്നു. ഭക്ഷണം കഴിക്കാനും കൈയെഴുത്തുപത്രത്തിന്റെ ചെലവിനും. ഒരു പക്ഷേ, എ കെ ജി തന്ന സ്നേഹവും കൈയെഴുത്തുപത്രവും ബാലസംഘവും പിന്നീട് എഴുത്തിന് പ്രേരണയും ശക്തിയുമായി എന്നുപറയാം.

എ കെ ജി

എ കെ ജി

നാരായണൻ:  അർധ ഫാസിസത്തിന്റെ ഇരുളിലേക്ക്‌ രാജ്യം എടുെത്തറിയപ്പെട്ട അടിയന്തരാവസ്ഥയുടെ നാളുകളിൽ പെരളശേരിയിലും കണ്ണൂരിന്റെ വിവിധഭാഗങ്ങളിലും ബീഡിക്കമ്പനികൾക്കുനേരെ നടന്ന തേർവാഴ്‌ചയെ ചെറുക്കുന്നതിൽ എ കെ ജിയുടെ സാന്നിധ്യം ആവേശത്തോടെ പഴയ തൊഴിലാളി സഖാക്കൾ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.

വായന മാത്രമല്ല, നാടകങ്ങളുടെയും മറ്റു കലാവതരണങ്ങളുടെയും കേന്ദ്രങ്ങളായിരുന്നല്ലോ ബീഡിതെറുപ്പ്‌ കേന്ദ്രങ്ങൾ.
നാടകങ്ങളെക്കുറിച്ച്‌ പറയുമ്പോഴാണ്‌ ഒരുകാര്യം ഓർത്തത്. മനോഹരനാണെങ്കിൽ നല്ലൊരു നാടക സംഘാടകൻ കുടിയാണ്‌. കുറേക്കാലമായി ‘കണ്ണൂർ സംഘചേതന’യുടെ സെക്രട്ടറിയുമാണല്ലോ.

മനോഹരൻ: ‘കണ്ണൂർ സംഘചേതന’ നാടകവേദിക്ക് രാഷ്ട്രീയ സൗന്ദര്യം നൽകുന്നതിൽ

കരിവെള്ളൂർ മുരളി

കരിവെള്ളൂർ മുരളി

ചരിത്രപരമായ പങ്കുവഹിച്ചിട്ടുണ്ട്. ദീർഘകാലം അതിന്റെ സെക്രട്ടറിയായിരുന്നു കരിവെള്ളൂർ മുരളി. മുരളിയേട്ടനാണ് കണ്ണൂർ സംഘചേതനയുടെ നാടകങ്ങളെ രാഷ്ട്രീയത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാക്കിയത്. അതിന്റെ തുടർച്ചകൾ ഉണ്ടാകുന്നുണ്ട്.

നാരായണൻ:   വേണുഗോപാലന്റെ ഒരുപാടുകഥകളിൽ നാടകങ്ങളുടെ അണിയറയാണ്‌ പ്രധാന പ്രമേയം.

വേണുഗോപാലൻ: അക്കാലത്ത്‌ നാട്ടിലെങ്ങും നാടകാവതരണങ്ങൾ ഉണ്ടാകും. മുക്കിന്‌ മുക്കിന്‌ ക്ലബ്ബുകൾ.  ഞങ്ങളുടെ ക്ലബ്ബിന് ആ സ്ഥാനമൊന്നും ഉണ്ടായിരുന്നില്ല. റെയിൽപ്പാളത്തിൽ നിരന്നിരുന്നോ, പന്തുകളിക്കുന്ന വയലിൽ വട്ടമിട്ടിരുന്നോ, മാവിന്റെ ചാഞ്ഞ കൊമ്പുകളിൽ കയറിയിരുന്നോ ആണ് യോഗങ്ങൾ കൂടാറുള്ളത്. സ്വാഗതം, അധ്യക്ഷൻ, റിപ്പോർട്ട്, നന്ദി, പിരിച്ചുവിടൽ തുടങ്ങിയ ഔപചാരികതകൾ ഒന്നുമില്ല. ആർക്കും എപ്പോഴും കയറി ഇടപെടാവുന്ന ഒരുതരം ‘ഹാപ്പനിങ് തിയറ്റർ’ ആയിരുന്നു അന്നത്തെ യോഗങ്ങൾ. നാടക റിഹേഴ്സലുകളും ഏതാണ്ട് അങ്ങനെ തന്നെ. അക്കാലത്തെ അനുഭവങ്ങളാണ് കഥകളിൽ നാടകം ഇടിച്ചുകയറാൻ കാരണമായതെന്നുതോന്നുന്നു.

സ്കൂൾ മൈതാനത്തും അമ്പലപ്പറമ്പിലും നാടകങ്ങൾക്കായി ചുവന്ന കർട്ടനുമുന്നിൽ കാത്തിരിക്കുമ്പോൾ വിരൽ ഞൊട്ടി, ‘ഹലോ ഹലോ...’  പറഞ്ഞുള്ള മൈക്ക് ടെസ്റ്റിങ്ങും, പലമാതിരി ലൈറ്റുകളുടെ ക്രമീകരണവും, തബലയുടെയും ഹാർമോണിയത്തിന്റെയും ശ്രുതിയൊപ്പിക്കലും ഗൃഹാതുരമായ ഓർമകളാണ്. അണിയറയിൽ നടക്കുന്ന മുന്നൊരുക്കങ്ങളെക്കുറിച്ചും രംഗപശ്ചാത്തല സജ്ജീകരണങ്ങളെക്കുറിച്ചും കഥാപാത്രങ്ങൾ ആവുന്നതിന്‌ തൊട്ടുമുമ്പുള്ള നടീനടൻമാരുടെ മാനസികാവസ്ഥയെക്കുറിച്ചും അനാവശ്യമായി ചിന്തിക്കുന്ന ശീലമുണ്ടായിരുന്നു.

കെ ജി ജോർജ്‌

കെ ജി ജോർജ്‌

കെ ജി ജോർജിന്റെ  ‘യവനിക' ഇത്തരം ആലോചനകൾക്ക് വെള്ളവും വളവും ആവോളം നൽകുകയുണ്ടായി. ഒട്ടേറെ മികവുകൾ അവകാശപ്പെടാവുന്ന സിനിമയാണത്. നാടകവും ജീവിതവും തമ്മിലുള്ള കണ്ണിചേർക്കലാണ് ഏറെകൗതുകകരമായി അനുഭവപ്പെട്ടത്. ‘യവനിക' പോലെ ഇത്രമേൽ പിന്തുടർന്ന മറ്റൊരു സിനിമയില്ല. പ്രീഡിഗ്രിക്കാലത്ത് നാട്ടിലെ ചങ്ങാതിമാരെ സംഘടിപ്പിച്ച്‌ ക്ലബ്ബ് രൂപീകരിച്ചതും നാടകം അവതരിപ്പിച്ചതും രസകരമായ അനുഭവമാണ്. നാടകം എങ്ങനെ ഉണ്ടാക്കുമെന്ന് നിശ്ചയമുണ്ടായിരുന്നില്ല.

നാരായണൻ: മലയാളത്തിലെ കുട്ടികളുെട നാടകവേദിക്ക്‌ മികച്ച സംഭാവനകൾ മനോഹരൻ
നൽകിയിട്ടുണ്ട്‌. വിശേഷിച്ച്‌ സ്കൂൾ കലോത്സവ നാടകങ്ങൾ.

മനോഹരൻ: മുതിർന്നവരുടെ ലോകമായിരുന്നു അക്കാലത്ത് സ്കൂൾ യുവജനോത്സവങ്ങളിലെ നാടകങ്ങൾ. ജി ശങ്കരപ്പിള്ളയാണ് കുട്ടികളുടെ നിഷ്കളങ്കതയും ജീവിതവും കുട്ടികളുടെ നാടക ലോകത്തിലേക്ക് കൊണ്ടുവന്നത്. അതിന്റെ വിനീതമായ തുടർച്ചയായിരുന്നു ഞങ്ങൾ. സ്കൂൾ കലോത്സവങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടായത്‌ അടുത്ത കാലത്താണ്‌.  കളികൾ, കുട്ടികളുടെ ജീവിതസന്ദർഭങ്ങൾ അവരുടെ സങ്കടങ്ങൾ, സന്തോഷങ്ങൾ വേവലാതികൾ എല്ലാം കുട്ടികളുടെ അരങ്ങിൽ നിറഞ്ഞുവന്നു. 

കലോത്സവങ്ങളിൽ സ്കൂൾതലംമുതൽ സംസ്ഥാനതലംവരെ ഉണ്ടാകുന്ന നാടകങ്ങൾ പ്രതീക്ഷയാണ്‌. മനോഹരമായ കുട്ടികളുടെ തിയറ്റർ കേരളത്തിലുണ്ട്.  ബാലസംഘം ‘വേനൽ തുമ്പികൾ’ എടുത്തുപറയേണ്ടതാണ്‌. ശശി മാഷ്‌ (എൻ ശശിധരൻ ) കുട്ടികളുടെ നാടകങ്ങൾ എഴുതിയിട്ടുണ്ട്. കുട്ടികളുടെ ജീവിതവും സ്നേഹവും നിറച്ചുവയ്‌ക്കാനാണ് ശ്രമിച്ചത്. കുട്ടികൾ നടന്മാരെന്നുള്ള നിലയിൽ എന്തുമാത്രം ഗംഭീരമായാണ്

എൻ ശശിധരൻ

എൻ ശശിധരൻ

ചെയ്യുന്നത്. അത്ഭുതം തോന്നും. പക്ഷേ, ഒരു സങ്കടമുണ്ട്. സ്‌കൂൾ കഴിഞ്ഞാൽ പിന്നെയീ കുട്ടികളെ പുറത്തെ നാടക വേദിയിൽ കാണാനില്ല. ഒരു കാര്യം പറയാതിരുന്നുകൂടാ. സമ്മാനം നേടാൻ വേണ്ടി ട്യൂൺ ചെയ്തെടുക്കുന്ന നാടകങ്ങൾ  ഉണ്ടാകുന്നുണ്ട്. അത് കുട്ടികളുടെ നാടകങ്ങളുടെ നിഷ്കളങ്ക പരിസരം ഇല്ലാതാക്കും.

നാരായണൻ:  ഇടതുപക്ഷ വിരുദ്ധത പ്രചരിപ്പിക്കുന്നതിൽ ഒരു വിഭാഗം ബുദ്ധിജീവികളും എഴുത്തുകാരും പഴയതിനെക്കാൾ സജീവമായിരിക്കുന്ന കാലമാണിത്‌. മുഖ്യധാരാ മാധ്യമങ്ങൾ ആസൂത്രിതമായ പ്രചാരണത്തിലാണ്‌.

വേണുഗോപാലൻ:  വലതുപക്ഷ മാധ്യമങ്ങൾക്ക് കൃത്യമായ  അജണ്ടയുണ്ട്. അവർ ഹൈലൈറ്റ് ചെയ്യുന്നവരിൽ മിക്കവരും ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്. ഇടതുപക്ഷ പുരോഗമന ആഭിമുഖ്യമുള്ള എഴുത്തുകാരെ അരികിലാക്കുന്നതിനുവേണ്ടി എല്ലാകാലത്തും മാധ്യമങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽനിന്ന്, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർടിയിൽനിന്ന് തെറ്റിനിൽക്കുന്ന എഴുത്തുകാർക്ക് മാധ്യമങ്ങൾ പ്രത്യേക പരിഗണന നൽകാറുണ്ട്. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളെ എതിർക്കുന്നവരെ മാധ്യമങ്ങൾ വലിയ പരിവേഷത്തോടെ എഴുന്നള്ളിക്കുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. അവർപറയുന്നത് പത്രങ്ങളിൽ വെണ്ടക്കയിൽ വരും.

ചാനൽ ചർച്ചകളിൽ അവർക്ക് സ്‌പേസ് കിട്ടും. ഇടതുപക്ഷം വിമർശനത്തിന്‌ അതീതമല്ല. എന്നാൽ ഇപ്പോൾ നടക്കുന്നത് അന്ധമായ കമ്യൂണിസ്റ്റ് വിരോധം മുഖമുദ്രയാക്കിയ മാധ്യമങ്ങൾ വിരിച്ച വലയിൽ ചില എഴുത്തുകാരും ബുദ്ധിജീവികളും വീണുപോകുന്നു എന്നതാണ്. മലയാളത്തിലെ മഹാഭൂരിപക്ഷം പ്രസിദ്ധീകരണങ്ങളും ചാനലുകളും അവരെത്രമാത്രം കമ്യൂണിസ്റ്റ് വിരുദ്ധവിഷം പ്രസരിപ്പിച്ചാലും, അവ നൽകുന്ന ശീതളച്ഛായ ഉപേക്ഷിക്കാൻ പല എഴുത്തുകാരും തയ്യാറല്ല എന്നതാണ് വാസ്തവം. അവർ എഴുതുന്ന കഥയോ കവിതയോ നോവലോ ഒന്നുമല്ല മാധ്യമങ്ങൾക്ക് ആവശ്യം. മറിച്ച് എത്രമാത്രം ഇടതുവിരോധം പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അവർക്ക് പരിവേഷംലഭിക്കുന്നത്.

മനോഹരൻ:  അരാഷ്‌ട്രീയതയാണ്‌ മാധ്യമങ്ങൾ കൊണ്ടാടുന്നത്‌. പക്ഷേ, മനുഷ്യജീവിതത്തെക്കുറിച്ചുള്ള ഉത്‌കണ്ഠ തന്നെയാണ് എഴുത്ത്. വ്യക്തിജീവിതം എഴുതുമ്പോഴും വ്യക്തിയിൽ കേന്ദ്രീകരിക്കുന്ന ആവിഷ്കാരം അഭികാമ്യമല്ല. നല്ല കഥ കുതറി മാറി സാമൂഹ്യ അവസ്ഥയെ പ്രതിഫലിപ്പിക്കും.

ടി പി വേണുഗോപാലൻ

ടി പി വേണുഗോപാലൻ


അതുകൊണ്ട് തങ്ങൾക്ക് രാഷ്ട്രീയമില്ല എന്ന്‌ കഥയെഴുത്തുകാർ പറയുന്നുണ്ടെങ്കിൽ അത് നുണയാണ്. കഥയിൽ രാഷ്ട്രീയം വരാതെ നിവൃത്തിയില്ല. മനുഷ്യനോട് പുറംതിരിഞ്ഞുനിൽക്കുന്ന രാഷ്ട്രീയത്തിന് കഥയിൽ നിലനിൽക്കാനാവില്ല.

നാരായണൻ: എഴുത്തിനൊപ്പം നല്ലനിലയിൽ സാംസ്‌കാരികപ്രവർത്തനവും നടത്തുന്നവരാണ്‌ നിങ്ങൾ രണ്ടുപേരും. പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതാക്കളാണ്‌. എഴുത്തുകാരും കലാകാരന്മാരും സംഘടിക്കേണ്ടതുണ്ട്‌ എന്നുപറയുമ്പോൾ ചിലരുടെയെങ്കിലും നെറ്റി ഇക്കാലത്തും ചുളിയുന്നുണ്ട്‌.

വേണുഗോപാലൻ: അങ്ങനെ ചിന്തിക്കുന്നവരുണ്ട്. ചില പരിഹാസങ്ങൾ കേൾക്കാറുമുണ്ട്‌.  പക്ഷേ എഴുത്തുകാരുടെ നേർക്ക് സംഘടിതമായ അക്രമം നടക്കുമ്പോൾ ഇക്കൂട്ടരെ നാം കാണാറില്ല. മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ കേരളത്തിൽ എഴുത്തുകാർക്കുനേരേ അക്രമം താരതമ്യേന കുറഞ്ഞതിനുകാരണം സംഘടിതമായി പ്രതികരിക്കാൻ

എം കെ മനോഹരൻ

എം കെ മനോഹരൻ

സാധിക്കുന്നതുകൊണ്ടാണ്. ഇന്ത്യയൊട്ടാകെ എഴുത്തുകാർ ആക്രമിക്കപ്പെടുകയാണ്.  സ്വതന്ത്രമായ എഴുത്തിനെ തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ബോധപൂർവം  നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഒട്ടേറെ എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാകാരന്മാരെയും ഉന്മൂലനം ചെയ്തിട്ടുണ്ട്. പലരെയും ഭയപ്പെടുത്തി വരുതിയിലാക്കിയിട്ടുണ്ട്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത ആശയങ്ങൾ പങ്കുവയ്‌ക്കുന്ന എഴുത്തുകാരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച്‌ ശാരീരികമായും മാനസികമായും തളർത്താൻ നോക്കുന്നുണ്ട്.

മൺമറഞ്ഞവരെപ്പോലും അപമാനിക്കാൻ ശ്രമിക്കുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, കേന്ദ്രീയ ഹിന്ദി സൻസ്ഥാൻ, ഈയിടെ പ്രേംചന്ദിന്റെ ‘ഗോദാന്‍’ പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യുകയുണ്ടായി. പശു രാഷ്ട്രീയവും ബ്രാഹ്മണമേൽക്കോയ്‌മയും ചര്‍ച്ചചെയ്യുന്നുവെന്നതാണ് അവരുടെ ആരോപണം. ‘കർഷകരുടെ മഹാകാവ്യം' എന്നുവിശേഷിപ്പിക്കപ്പെട്ട നോവലാണ് ‘ഗോദാൻ'. പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ കർഷകരെ ഇല്ലായ്മ ചെയ്യുന്നതുപോലെ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന നോവലിനെയും തമസ്കരിക്കാൻ ശ്രമിക്കുന്നു.

ഈയിടെ ഇന്റർനാഷണൽ ബുക്കർ പുരസ്കാരം നേടിയ എഴുത്തുകാരി

ഗീതാഞ്ജലി ശ്രീ

ഗീതാഞ്ജലി ശ്രീ

ഗീതാഞ്ജലിശ്രീയെ ആദരിക്കാൻ ആഗ്രയിൽ സംഘടിപ്പിച്ച പരിപാടി ഭീഷണിമൂലം റദ്ദാക്കേണ്ടിവന്നു. അവരുടെ ‘രേത്‌ സമാധി’ എന്ന നോവലിന്റെ പ്രമേയം അധികാരികളെ അലോസരപ്പെടുത്തുന്നുണ്ട്. അത് മറച്ചുവെച്ചുകൊണ്ട് ഹിന്ദു ദേവതകളെ ആക്ഷേപിച്ചു എന്ന ഇല്ലാത്ത കുറ്റം ചാർത്തിയാണ് ഗീതാഞ്ജലിശ്രീയെ തളർത്താൻ ശ്രമിച്ചത്. കേരളത്തിലും അങ്ങിങ്ങായി ചില ഭീഷണികൾ ഉയർത്താൻ നോക്കുന്നുണ്ട്. ‘എഴുത്തുകാർ മൃത്യുഞ്ജയഹോമം നടത്തിക്കോ’ എന്ന ഭീഷണി ഈയിടെയാണ് നാം കേട്ടത്. കേരളം അതിനെ സംഘടിതമായി ചെറുത്തുതോൽപ്പിക്കുകയുണ്ടായി. സംഘടനാപ്രവർത്തനം എഴുത്തിനെ പിന്നോട്ട് നയിക്കും എന്ന വാദം ശരിയല്ല.കുമാരനാശാൻ ഏറ്റവും നല്ല സംഘടനാപ്രവർത്തകനായിരുന്നു.

മനോഹരൻ: എന്റെ അനുഭവത്തിൽ സാംസ്കാരിക പ്രവർത്തനം എഴുത്തിനെ ബാധിച്ചു എന്നു പറയാനാവില്ല. ജനങ്ങളുമായുള്ള ബന്ധവും സാംസ്കാരിക പ്രവർത്തനവുമൊക്കെയുള്ളതുകൊണ്ടാവാം ഇത്രയെങ്കിലും കഥകളെഴുതിയത്. കഥയെഴുതാതിരുന്നാൽ ഭൂമി ഇടിഞ്ഞുപൊളിഞ്ഞു വീഴും എന്നൊന്നും തോന്നാറില്ല.
നല്ല കഥകൾ വായിക്കുമ്പോൾ 'നിന്റെ ലൊട്ട എഴുത്ത്. ഇതൊന്നും നിനക്കു പറഞ്ഞതല്ല’ എന്നു ഞാൻ എന്നോടുതന്നെ പറയാറുണ്ട്. കുറച്ചു കഥകളേ ഞാൻ എഴുതിയിട്ടുള്ളൂ. കുറച്ചുവായനക്കാർ വായിച്ചിട്ടുണ്ടാകും. അത് മതി.

നാരായണൻ: പുതിയ കഥകളിൽ പഴയതിനേക്കാൾ രാഷ്‌ട്രീയ ഉള്ളടക്കം കടന്നുവരുന്നതായി തോന്നിയിട്ടുണ്ട്‌.

മനോഹരൻ: കഥയിൽ നല്ല മാറ്റങ്ങളുണ്ട്. അത് രാഷ്ട്രീയം പറയുന്നുണ്ട്.

കഥ ചെറുകാടിലേക്ക് വളരുകയാണ്‌ എന്നുതോന്നുന്നു. ചെറുകാടിനെ തള്ളിപ്പറഞ്ഞ ശുദ്ധസൗന്ദര്യവാദികൾ ഇപ്പോളില്ല. പുതിയ കഥയെഴുത്തിനെ നോക്കി ഇതാണ് രാഷ്ട്രീയ സൗന്ദര്യം എന്നുപറയാൻ തോന്നുന്നു. ഭാഷയിലെ സാധാരണത്വമാണ് ഇപ്പോൾ നല്ല കഥകളുടെ സവിശേഷത. അതിലളിത വാക്കുകളിൽ അശോകൻ ചരുവിൽ എഴുതുന്നതു നോക്കൂ. കഥ വായിച്ചുതീരുമ്പോൾ ഉള്ളുലക്കുന്ന രാഷ്ട്രീയ സന്ദർഭത്തിലൂടെ കടന്നുവന്ന അനുഭവം.

പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തനത്തിന്റെ വിശാലമായ ഇടം. ബ്രാഞ്ച്തലം മുതൽ മനുഷ്യർക്കിടയിലെ അവരുടെ ഇടപെടലുകൾ. സങ്കടങ്ങളിലും സന്തോഷങ്ങളിലും അവരുണ്ട്. എന്നിട്ടും നമ്മുടെ സാഹിത്യത്തിൽ അതങ്ങനെ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടോ.

ഇത്രയേറെ എഴുത്തുകൾ. കലാസൃഷ്ടികൾ  അതിന്റെ വൈവിധ്യവും വൈപുല്യവും വലുതാണ്. അതിന്റെ നൂറിരട്ടി വായനക്കാരുണ്ട്. ആസ്വാദകരുമുണ്ട്. സർഗാത്മകമായ ഇടപെടൽ നടത്തുന്നു രാഷ്ട്രീയ രംഗവുമുണ്ട്. സാമൂഹ്യ സാംസ്കാരിക പ്രവർത്തനമുണ്ട്. എന്നിട്ടും മനുഷ്യർ അവനവനിലേക്ക് ചുരുങ്ങുന്നു. വെറുപ്പിന്റെയും വിഭജനത്തിന്റെയും ലോകമുണ്ടാകുന്നു. ഇതെന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്.

വേണുഗോപാലൻ: വളരെ ശരിയാണ്. നിസ്വാർഥരായ നിരവധി ജനസേവകർ ഉണ്ട്. മെഴുകുതിരിപോലെ മറ്റുള്ളവർക്ക് വെളിച്ചം പകർന്ന്, സ്വയം ഉരുകിത്തീരുന്നവർ.  മനോഹരന്റെ തന്നെ ‘ജലത്തിൽ മത്സ്യത്തെപ്പോലെ' പോലുള്ള കഥകളിൽ ഇത്തരം മനുഷ്യരെക്കുറിച്ച് പറയുന്നുണ്ട്. ‘മറ്റെല്ലാ മനുഷ്യരും ദുഃഖിക്കുന്നതിനു മുമ്പേ ദുഃഖിക്കുന്നവരും, മറ്റെല്ലാ മനുഷ്യരും സന്തോഷിച്ചതിനുശേഷം മാത്രം സന്തോഷിക്കുന്നവരു'മായ എത്രയോ മനുഷ്യർ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. മാധ്യമങ്ങൾ, പക്ഷേ ഇവരെ അവഗണിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യും. ജനസേവനം ശ്വാസോച്ഛ്വാസം പോലെ കൊണ്ടുനടന്ന ഓമനക്കുട്ടനോട് മാധ്യമങ്ങൾ കാട്ടിയ ക്രൂരതയുടെ കഥ നമ്മുടെ മുമ്പിലുണ്ടല്ലോ.

നാരായണൻ: ഈയടുത്തകാലത്ത് കഥകളിൽ ഇങ്ങനെയൊരു രാഷ്ട്രീയ ജീവിതം കടന്നുവരുന്നുണ്ട്.

മനോഹരൻ: എൻ എസ് മാധവന്റെ ‘തിരുത്ത്’ വന്നപ്പോൾ മലയാളത്തിലെ ഒരു കഥാകാരൻ ഇത് നിലനിൽക്കില്ല എന്നുപറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

എൻ എസ്‌  മാധവൻ

എൻ എസ്‌ മാധവൻ

ഇത് വെറും രാഷ്ട്രീയത്തിന്റെ കഥയാണ് എന്നാണദ്ദേഹം അന്ന്‌ പറഞ്ഞത്. പക്ഷേ, ‘തിരുത്ത്’ ശുദ്ധസാഹിത്യവാദികളെ ഞെട്ടിച്ചുകൊണ്ട് അന്നത്തെയും ഇന്നത്തെയും നാളത്തെയും കഥയായി മലയാള കഥയുടെ ചരിത്രത്തിലുണ്ടാകും. ആ കഥ വന്ന രാഷ്ട്രീയകാലം അതിനേക്കാൾ ശക്തിയിൽ നമുക്ക് ചുറ്റിലുമുണ്ട്. നമ്മുടെ രാജ്യത്തിപ്പോൾ രണ്ട് രാഷ്ട്രീയമാണ് പ്രവർത്തിക്കുന്നത്. ഒന്ന് സ്നേഹത്തിന്റേത്, മറ്റേത് വെറുപ്പിന്റേത്. സ്നേഹത്തിന്റെ ജീവിത സന്ദർഭങ്ങൾ ആവിഷ്കരിക്കുന്ന സാഹിത്യമെല്ലാം രാഷ്ട്രീയരചനയാണ്.

നാരായണൻ: ഒരു പ്രമുഖ ആഴ്‌ചപ്പതിപ്പ്‌ അടുത്ത കാലത്ത്‌ പുതിയ എഴുത്തുകാർക്കായി നടത്തിയ കഥാമത്സരത്തിൽ മികച്ച രചനകൾ വരാത്തതിനാൽ ആർക്കും സമ്മാനം നൽകാത്ത സ്ഥിതിയുണ്ടായി. അതേസമയം മലയാളത്തിൽ മികച്ച കഥകൾ ഉണ്ടാകുന്നുവെന്ന്‌ അഭിപ്രായമുള്ളവരുമുണ്ട്‌.  മലയാളകഥയുടെ വർത്തമാനം പ്രതീക്ഷയുണ്ടാക്കുന്നതാണെന്ന്‌ തോന്നാറുണ്ട്‌.

മനോഹരൻ:   കഥയിൽ നല്ല മാറ്റങ്ങളുണ്ട്  . ഹൃദയസ്പർശിയായതും, ഞെട്ടിക്കുന്നതും മറക്കാനാവാത്തതുമായ കഥകൾ മലയാളത്തിൽ ഉണ്ടാകുന്നുണ്ട്. നാടകത്തിലും കവിതയിലും ചലച്ചിത്രങ്ങളിലുമെല്ലാം ഇത് വേറൊരു രീതിയിൽ കാണാം. സാമൂഹ്യ പ്രതിബദ്ധതയെ പരിഹസിക്കുന്നവർ ഇപ്പോളില്ല. പ്രത്യക്ഷത്തിൽ രാഷ്‌ട്രീയത്തെയും പ്രതിബദ്ധതയെയുമൊന്നും പിന്തുണക്കാത്ത എഴുത്തുകാരനാണ്‌ ടി പത്മനാഭൻ. എന്നാൽ ഈയടുത്ത കാലത്തെഴുതിയ പപ്പേട്ടന്റെ കഥകളിൽ രാഷ്‌ട്രീയം നിറഞ്ഞുനിൽക്കുന്നുണ്ട്‌്‌.  രാഷ്ട്രീയ സംഭവങ്ങൾ, രാഷ്ട്രീയ വ്യക്തിത്വങ്ങൾ രാഷ്ട്രീയ ജീവിതം എല്ലാം പപ്പേട്ടന്റെ  കഥകളിലുണ്ട്‌. ‘ആക്രി’, ‘സഖാവ്’ തുടങ്ങിയ കഥകൾ. മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളതയുള്ള കഥകളെല്ലാം രാഷ്ട്രീയ കഥകളാണ്. മനുഷ്യ ബന്ധങ്ങൾ തന്നെയാണല്ലോ രാഷ്ട്രീയം.

വേണുഗോപാലൻ: പുതിയ കലയും സാഹിത്യവും പ്രതീക്ഷക്ക് വകനൽകുന്നു എന്നത് ശരിയായ നിരീക്ഷണമാണ്. പണ്ട് രാഷ്ട്രീയമുള്ള സാഹിത്യത്തെയാണ് വായനക്കാർ തിരസ്കരിച്ചിരുന്നതെങ്കിൽ, ഇന്ന് രാഷ്ട്രീയമില്ലാത്ത സാഹിത്യത്തോടാണ് അവർക്ക് അതൃപ്തി. കഥയിലും കവിതയിലും നാടകത്തിലും സിനിമയിലുമെല്ലാം ഇത് പ്രകടമാണ്. ഇതിൽ സിനിമകളാണ് മൂർച്ചയേറിയ രാഷ്ട്രീയം പങ്കുവെക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം' എന്ന സിനിമ ഉദാഹരണം.

വ്യത്യസ്ത മതങ്ങളെ, സംസ്കാരങ്ങളെ, വേഷങ്ങളെ, ഭാഷകളെ, ഭക്ഷണശീലങ്ങളെ എല്ലാം ഒന്നിപ്പിക്കുന്ന കണ്ണികളുണ്ട് എന്ന് അടിവരയിട്ടുകൊണ്ടാണ്, ചിത്രം ഇന്നത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടുന്നത്. വിപിൻദാസിന്റെ ‘ജയ ജയ ജയ ജയഹേ', ജിയോ ബേബിയുടെ ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ', സിദ്ധാർത്ഥ്‌ ശിവയുടെ ‘ആണ് ' തുടങ്ങിയവ  സ്ത്രീപക്ഷ രാഷ്ട്രീയം പങ്കുവെക്കുന്ന സിനിമകളാണ്.

മനോഹരൻ: മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള, വേവലാതികളെ ക്കുറിച്ചുള്ള ആവിഷ്കാരങ്ങൾ നമുക്ക്‌ തള്ളിക്കളയാൻ പറ്റില്ല. അത് ഏതോ രീതിയിൽ നമ്മുടെ ജീവിതത്തെ സ്നേഹമയമാക്കുന്നുണ്ട്. അത് കുറച്ചുകാലം കഴിഞ്ഞാൽ ലോകം മനസ്സിലാക്കുമെന്ന് എനിക്ക് തോന്നുന്നു. എനിക്ക് നല്ല പ്രതീക്ഷയാണുള്ളത്. പുതിയ എഴുത്തുകാരുടെ കഥകൾപോലെ, പുതിയ കുട്ടികളുടെ ജീവിതവും ലോകത്തെ മനസ്സിലാക്കുന്നുണ്ട്. അവർ സ്നേഹത്തിന്റെ കൂടെ തന്നെയാണ്. വെറുപ്പിന്റെ കൂടെയല്ല  .

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top