18 April Thursday

നമുക്ക് ലൈബ്രറികൾ തിരിച്ചു വേണം

അനിൽ സേതുമാധവൻUpdated: Sunday Jun 19, 2022

നന്നേ ചെറുപ്പം തൊട്ടേ ഞാൻ ലൈബ്രറിയിൽ പോവാറുണ്ട്. എന്റെ ബാല്യത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാൾ ആ ലൈബ്രറിയിലെ ലൈബ്രേറിയൻ ചേട്ടൻ ആയിരുന്നു. ആ ചേട്ടൻഎന്നെ സൈക്കിളിൽ ഇരുത്തി വായനാ മത്സരങ്ങൾക്കും, സർഗ്ഗോത്സവങ്ങൾക്കും എല്ലാം കൊണ്ടുപോയിരുന്നു. എന്റെ ആ കാലത്തെ നല്ല ഓർമ്മകൾ എല്ലാം ലൈബ്രറിയുമായി ചുറ്റി പറ്റിയുള്ളതാണ്. ഉണ്ടാക്കിയിട്ടുള്ള കൊറേ നല്ല സൗഹൃദങ്ങൾ വായനയുടെ പുറത്തു, പുസ്‌തകങ്ങൾ കൈമാറി തുടങ്ങിയ ചങ്ങാത്തങ്ങളാണ്.

ലൈബ്രറി സംസ്കാരം നമ്മുടെ നാടിന്റെ നട്ടെല്ലായ ഒരു സംസ്കാരമായിരുന്നിരിക്കണം. കേരളത്തിന് പുറത്ത് മറ്റ് ഏതെങ്കിലും ഇന്ത്യൻ സംസ്ഥാനത്ത് ഇത്തരമൊരു സംസ്കാരം നിലനിന്നിരുന്നോ? സംശയമാണ്. ചന്ദ്രശേഖരൻ മാഷിനെ പറ്റി പറയാം. മാഷിന്റെ ഓർമ്മ എന്നും പ്രചോദനം നൽകുന്ന ഒന്നാണ്. ലൈബ്രറിയിലെ ബാലവേദി പ്രവർത്തനങ്ങൾക്കായി എന്നെ ആദ്യം വിളിച്ചു കൊണ്ടു പോവുന്നത് മാഷാണ്. എന്നെ മാത്രമല്ല. ഓരോ കുട്ടിയെയും അവരുടെ വീടുകളിൽ ചെന്ന് വിളിക്കും. ലൈബ്രറിയിലേക്ക് കൊണ്ടു വരും. അവിടെ ഇരുന്നു ഞങ്ങളോട് സംസാരിക്കും. അച്ഛനമ്മമാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മാഷ് തന്നെ ഞങ്ങളെ ദൂര സ്ഥലങ്ങളിലേക്ക് മത്സരങ്ങൾക്ക് വേണ്ടി കൊണ്ടു പോയി. മത്സരങ്ങൾക്ക് കൊണ്ടു പോവുക എന്നതല്ല. ഒപ്പമുണ്ട് എന്നൊരു ഉറപ്പാണ് അങ്ങനെയുള്ള ഗ്രന്ഥശാലാ പ്രവർത്തകർ നൽകുന്നത്.

കാര്യമൊക്കെ ശരിയാണ്. നമുക്കിപ്പോൾ വായിക്കണമെങ്കിൽ ലൈബ്രറി വേണമെന്നില്ല. പുസ്തകങ്ങൾ വേണമെന്നില്ല. പക്ഷേ വായനശാലകളിൽ വന്നു തന്നെ വായിക്കുന്ന കുട്ടികൾ ഇവിടെ തന്നെയുണ്ട്. അവർക്ക് വേണ്ടി നമ്മളീ സംസ്കാരം മരിക്കാതെ സൂക്ഷിക്കണം. ലൈബ്രറികളിൽ നടന്നിരുന്ന ചർച്ചകൾക്ക് നമ്മുടെ നാടിന്റെ ജനാധിപത്യ സ്വഭാവം കാത്തു സൂക്ഷിക്കുന്നതിൽ വലിയ പ്രാധാന്യമുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ലൈബ്രറി എന്നല്ല, ചായക്കട അടക്കമുള്ള ആളുകൾ ഒത്തുകൂടുന്ന ഇടങ്ങളെന്നു പൊതുവെ പറയാം. പക്ഷേ നമുക്ക് ഈ ഒത്തുകൂടൽ ഇന്ന് സാധ്യമാവാതെ പോവുന്നുണ്ട്. തിരക്കുകളിൽ പെട്ട് നമ്മൾ ഒഴിവാക്കിയ പലതുകളിൽ ഒന്ന് ഈ സംസ്കാരം കൂടിയാണ്. പകരം നമ്മളിന്ന് ഒത്തുകൂടുന്നത് മറ്റു പല ഇടങ്ങളിലും ആണ്. ആ ഇടങ്ങളിൽ ഉണ്ടാവുന്ന ഒത്തുകൂടലുകൾ നമ്മുടെ നാടിന്റെ മതേതരത്വത്തിന്റെ, ജനാധിപത്യത്തിന്റെ ഭാവിയെ ഇരുട്ടിൽ ആക്കുന്നുണ്ട്. മതപഠനത്തിനു മറ്റൊരു കാലത്തും കിട്ടാത്ത പ്രാധാന്യം ഇന്ന് നമുക്കിടയിൽ ലഭിക്കുന്നുണ്ട്. കുട്ടികൾ ഭഗവത്ഗീത അമ്പലത്തിൽ പോയി തന്നെ പഠിക്കണം എന്ന് നിർബന്ധം പിടിക്കുന്ന, അച്ഛനമ്മമാരെ, കുട്ടികളെ രാഷ്ട്രീയ റാലികളിൽ അന്യമതക്കാരനെ കൊന്നു കളയും എന്ന് മുദ്രാവാക്യം വിളിപ്പിക്കുന്നവരെ നമ്മൾ ചുറ്റിനും കാണുന്നുണ്ട്. ഇതിനൊക്കെ ഇടയിൽ നമുക്ക് ഒന്നു കൂടിയിരിക്കാൻ, സംസാരിക്കാൻ, ഒരു ലൈബ്രറി ഉണ്ടാവുന്നത് എത്ര നല്ല കാര്യമാണ്!

വായന മരിക്കില്ല. അത് ഇടങ്ങൾ മാറി, രൂപം മാറി വളർന്നു കൊണ്ടേയിരിക്കും. മരിക്കാതെ നമ്മൾ കാക്കേണ്ടത് അതുമായി ചുറ്റി പറ്റിയുള്ള സംസ്കാരമാണ്. ആ സംസ്കാരത്തിന്റെ ഗുണഭോക്താക്കൾ സമൂഹത്തിലെ എല്ലാവരും ആയി തീരാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. പി എൻ പണിക്കരെ ഞാൻ മനസ്സിലാക്കുന്നത് കേരളത്തിന്റെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ മനുഷ്യനായിട്ടാണ്. വായിച്ചു വളരാനാണ് അദ്ദേഹം പറഞ്ഞത്. നമ്മൾ വായിക്കുന്നുണ്ട്. വളരുന്നുണ്ട്. നമ്മുടെ ലോകം അങ്ങനെ വളരുന്നുണ്ടോ? ലോകത്തെയും കൂടെ ചേർത്തു പിടിച്ചു ഒപ്പം നമുക്ക് വളരേണ്ടതുണ്ട്. തിരിച്ചു ലൈബ്രറികളിലേക്ക് പോകണം. ബാലവേദി കൂട്ടുകാരുടെ ഒപ്പം കൂടിയിരിക്കണം. വനിതാ വേദികളും, യുവസമിതികളും പ്രവർത്തന സജ്ജമാക്കണം. പുസ്തകങ്ങളെ കുറിച്ചു ചർച്ച ചെയ്യണം. വർഗ്ഗീയതയെയും, ഫാസിസത്തെയും ചെറുക്കാനുള്ള മാർഗ്ഗങ്ങൾ ഇത് കൂടിയാണല്ലോ. ജനാധിപത്യം വളരുന്നത് ഇവിടങ്ങളിൽ നിന്നൊക്കെയാണല്ലോ. വായനാപക്ഷാചരണം അങ്ങനെയൊക്കെ അർത്ഥപൂർണമാവട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top