26 April Friday

ഭൂപടം വെടിഞ്ഞ ഭാഷായാത്രകള്‍... ബുക്കര്‍ പ്രൈസ് നേടിയ ടൂം ഓഫ് സാൻഡ് എന്ന പുസ്തകത്തെ കുറിച്ച്

ലക്ഷ്മി ദിനചന്ദ്രന്‍Updated: Saturday Jul 2, 2022

പുസ്തകങ്ങളെ ഇന്ദ്രിയാനുഭവങ്ങളായി പരിഭാഷപ്പെടുത്താന്‍ സാധിക്കുമായിരുന്നെങ്കില്‍ ഇന്ന് നാം പരിചയപ്പെടുന്ന പുസ്തകം പൂവിതളുകളും സംഗീതവും പൊഴിയുന്ന ഏതോ ഗലിയില്‍ പെരുവിരലില്‍ തിരിയുന്ന ഒരു ദര്‍വിശിന്റെ കറക്കമായിരിക്കും. ഇക്കഴിഞ്ഞമാസം ഇന്ത്യ ഏറ്റവുമധികം ചര്‍ച്ചചെയ്ത പുസ്തകമാണ്  ഗീതാഞ്ജലി ശ്രീ എഴുതിയ ഹിന്ദി നോവലായ 'രേത് സമാധി'യുടെ പരിഭാഷ  ടൂം ഓഫ് സാന്‍ഡ് (Tomb of Sand). ഇന്‍റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് ഇന്ത്യയിലേക്ക് ആദ്യമായി കൊണ്ടുവന്ന പുസ്തകമാണ് ഇത്.

ഡല്‍ഹിയില്‍ താമസിക്കുന്ന ഗീതാഞ്ജലി ശ്രീയുടെ അഞ്ചാമത്തെ നോവലാണ് രേത് സമാധി. മായി, ഹമാര ശഹര്‍ ഉസ് ബരസ്, ഖാലി ജഗഹ്, പിന്നെ അനേകം ചെറുകഥകള്‍. പഠനകാലത്ത് പ്രേംചന്ദിനെക്കുറിച്ച് ഗവേഷണം നടത്തുകയും പിന്നീട് ചരിത്രാധ്യാപിക ആവുകയും ചെയ്ത ഗീതാഞ്ജലി ശ്രീ, വിവാദി എന്ന നാടകസംഘത്തിലും പ്രവര്‍ത്തിക്കുന്നു. അമേരിക്കക്കാരിയായ ഡെയ്സി റോക്വെല്‍ ഹിന്ദി, ഉര്‍ദു ഭാഷകളിലെ കൃതികളുടെ അറിയപ്പെടുന്ന പരിഭാഷകയാണ്. ഭീഷ്മ സാഹ്നിയുടെ 'തമസ്' അടക്കം എണ്ണം പറഞ്ഞ നിരവധി കൃതികള്‍ അവര്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

ആദ്യപേജിലെ ആദ്യ വാക്കുമുതല്‍, കാഴ്ചകളുടെയും വാക്കുകളുടെയും ഒരു വേഗമേറിയ ചുഴിയിലേക്ക് വായനക്കാരെ വലിച്ചിടുന്ന പുസ്തകമാണ് ടൂം ഓഫ് സാന്‍ഡ്. എഴുന്നൂറ്റി ഇരുപത്തിയഞ്ച് പേജുകളും, ശേഷം പേജ് നമ്പര്‍ ഇല്ലാത്ത ഒരു എപ്പിലോഗുമുള്ള, സാമാന്യം നല്ല വലുപ്പമുള്ള ഈ പുസ്തകം, ഏത് വിധത്തില്‍ നോക്കിയാലും എളുപ്പത്തില്‍ വായിച്ചുതീര്‍ക്കാവുന്ന ഒന്നല്ല. കഠിനമായ വാക്കുകളല്ല, പുതുമയുള്ള രീതികളില്‍ ലളിതമായ വാക്കുകള്‍ കോര്‍ത്തിണക്കിയിരിക്കുന്നു എന്നതാണ് ഈ രചനയുടെ സവിശേഷത. ഒരു കുടുംബ കഥ, പ്രണയകഥ, പണ്ടുമിപ്പോഴുമുള്ള സാമൂഹ്യരാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചും സ്ത്രീകളുടെയും ലിംഗന്യൂനപക്ഷങ്ങളുടെയും ഇടങ്ങളെപ്പറ്റിയും ഉള്ള ഒരു കമന്ററി എന്നിങ്ങനെ പലതുമാണ് ടൂം ഓഫ് സാന്‍ഡ്.

എണ്‍പതുപിന്നിട്ട ഒരു വൃദ്ധ  നോവലിന്റെ ആദ്യഭാഗത്ത് 'അമ്മ' എന്ന് മാത്രം അറിയപ്പെടുന്ന ചന്ദ്രപ്രഭാ ദേവി  സര്‍ക്കാരുദ്യോഗസ്ഥനായ തന്റെ മൂത്തമകനും കുടുംബത്തിനുമൊപ്പം താമസിക്കുന്ന, വളരെ സാധാരണക്കാരിയായ ഒരു സ്ത്രീ. ഭര്‍ത്താവ് മരിക്കുന്നതോടുകൂടി അവര്‍ കഠിനമായ വിഷാദത്തിലേയ്ക്ക് വഴുതിവീഴുന്നു. ശേഷം, അവര്‍ ജീവിതത്തിലേയ്ക്ക് ഉജ്ജ്വലമായ ഒരു തിരിച്ചുവരവ് നടത്തുന്നുണ്ട്. രണ്ടാം ഭാഗത്തില്‍ അവര്‍ തന്റെ അവിവാഹിതയായ, സ്വതന്ത്രമായി ജീവിക്കുന്ന, എഴുത്തുകാരിയായ മകളോടൊപ്പം താമസമുറപ്പിക്കുന്നു.

അമ്മയും മകളുമായുള്ള ബന്ധത്തിന്റെ ആഴത്തെയും പരപ്പിനേയും പറ്റിയുള്ള സൂചനകള്‍ ആദ്യഭാഗത്തുനിന്നു തന്നെ വായനക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ തിരിച്ചുവരവില്‍ 'സ്വതേ കണ്‍വെന്‍ഷനല്‍ ആയിരുന്ന 'അമ്മ തികച്ചും മോഡേണ്‍ ആകുന്നു, മകള്‍ ആകട്ടെ ദിനംപ്രതി ആധിയുള്ള അമ്മയുടെ റോള്‍ ഏറ്റെടുക്കുന്നു. അമ്മയാകട്ടെ, റോസി എന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയുമായി അടുത്ത സുഹൃത്തുക്കളാകുന്നു. മകളുടെ സുഹൃത്തായ ഗഗയോടൊപ്പം മദ്യപിക്കുന്നു, യാത്രപോകുന്നു... ഒരു വൃദ്ധ യുവത്വത്തിലേയ്ക്ക് മടങ്ങാനുള്ള തീരുമാനമെടുക്കുമ്പോഴുണ്ടാകുന്ന എല്ലാ ഉരസലുകളും സ്വാഭാവികമായും ഉണ്ടാകുന്നു.

റോസി മരിക്കുമ്പോള്‍ അവരുടെ പാകിസ്ഥാനിലുള്ള കുടുംബാംഗങ്ങളെ കാണുക എന്ന ലക്ഷ്യത്തോടെ അമ്മ അങ്ങോട്ട് തിരിക്കുന്നു. അതോടൊപ്പം, വിഭജനകാലത്തു വേര്‍പിരിഞ്ഞുപോയ തന്റെ കാമുകനെ കണ്ടെത്തുവാനും...  
 സമാധി എന്ന വാക്കിന്റെ മൂന്നു നിര്‍വചനങ്ങള്‍ നോവലിന്റെ തുടക്കത്തില്‍ തന്നെ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഏറ്റവും പരത്തിപ്പറഞ്ഞാല്‍ ഒരേ സമയം ചിന്തയും പ്രവൃത്തിയും ഇവ നടക്കുന്നയിടങ്ങളും സമാധി ആയി മാറുന്നതെങ്ങനെ  അല്ലെങ്കില്‍ ഈ മൂന്നു നിര്‍വചനങ്ങളിലൂടെയും നായിക നടന്നുനീങ്ങുന്നതെങ്ങനെ എന്നതാണ് ടൂം ഓഫ് സാന്‍ഡിന്റെ ഇതിവൃത്തം.

മാജിക്കല്‍ റിയലിസത്തിന്റെ സൗന്ദര്യം തുളുമ്പിനില്‍ക്കുന്ന ആഖ്യാനരീതിയാണ് ശ്രീ ഈ നോവലില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ചില താളുകളിലൊക്കെ മാര്‍ക്കേസിനെയും കോളറക്കാലത്തെ പ്രണയവും ഫെര്‍മിനയെയും ഫ്ലോരെന്റിനോയെയും ഒക്കെ ഓര്‍ത്തുപോകുന്നു.   വാക്കുകള്‍കൊണ്ട് തീര്‍ക്കുന്ന മായാജാലം. പരിഭാഷയില്‍ നഷ്ടപ്പെട്ടുപോകുന്നതാണ് കവിത എന്ന ചൊല്ലൊന്നും ഈ നോവലിന് ബാധകമായിട്ടില്ല എന്നു തോന്നും ഈ പുസ്തകം വായിക്കുമ്പോള്‍. പലയിടങ്ങളിലും കവിതയും കഥയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞില്ലാതെയാകുന്നത് അനുഭവവേദ്യമാകുന്നു. 

സത്യത്തില്‍ ഈ പുസ്തകം എത്രത്തോളം ഗീതാഞ്ജലി ശ്രീയുടേതാണോ അത്രതന്നെ ഡെയ്സി റോക്ക്വെല്ലിന്റെതുമാണ്. പരിഭാഷ എന്ന പ്രക്രിയയില്‍ അവശ്യം നടത്തേണ്ടിവരുന്ന രൂപമാറ്റങ്ങള്‍ ഹിന്ദിയുടെ, അതും അതിന്റെ സകല വളവുകളും വഴക്കങ്ങളുമുള്ള ഹിന്ദിയുടെ, കോര്‍ഡിനേറ്റുകളില്‍ നിന്നും ഇംഗ്ലീഷിന്റെ കോര്‍ഡിനേറ്റുകളിലേക്ക്  മാറ്റുക എന്ന ശ്രമകരമായ ജോലി എത്ര മനോഹരമായാണ് അവര്‍ ചെയ്തിരിക്കുന്നത്! ഒരുപക്ഷെ ഹിന്ദിയുടേതായ ഹൈപ്പര്‍ലോക്കല്‍ പ്രയോഗങ്ങള്‍ പലതും മാറ്റേണ്ടിവരികയോ പരിഭാഷയ്ക്ക് വഴങ്ങാതെ ഇരിക്കുകയോ ചെയ്തിട്ടുണ്ടാകാം. പക്ഷെ ആ നഷ്ടങ്ങള്‍ കല്ലുകടിയാകാതെയിരിക്കാന്‍ വിവര്‍ത്തക നന്നായി ശ്രദ്ധിച്ചിട്ടുണ്ട്.

പതിഞ്ഞ താളത്തിലാണ് കഥ വികസിക്കുന്നത്. പല നിറങ്ങളിലെ നൂലുകള്‍ കൊണ്ട് മുറുക്കമില്ലാതെ നെയ്തു നെയ്തു പോകുന്നതു പോലെ കഥപറച്ചില്‍. വാമൊഴിയും ചിന്തയും സ്വപ്നങ്ങളും കനമുള്ള ഗദ്യവും ആത്മഗതങ്ങളുമൊക്കെ ആയി പല നൂലുകള്‍, ഇടയ്ക്കൊരു മഴവില്ലുപോലും കഥ പറയുന്നുണ്ട്. വാക്കുകളുടെ താളവും ക്രമവും നമ്മുടെ സമ്പന്നമായ വാമൊഴിപാരമ്പര്യത്തെ (oralt raditions) ഓര്‍മിപ്പിക്കുന്നു. നിശ്ശബ്ദം വായിക്കേണ്ട ഒരു പുസ്തകത്തേക്കാള്‍ വായിച്ചു കേല്‍ക്കലിന് വഴങ്ങുന്ന ഒരു പുസ്തകമാണ് ഇത് എന്ന് തോന്നിപ്പോകും.  ഇന്ത്യയിലെ കുടുംബബന്ധങ്ങളെ സൂക്ഷ്മമായി വരച്ചിടുന്നുണ്ട് ഈ പുസ്തകത്തില്‍.

നമ്മുടെയൊക്കെ വീടുകളില്‍ കണ്ടു പഴകിയ പല പെരുമാറ്റങ്ങളും ഈ നോവലില്‍ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് കടന്നുവരുന്നുണ്ട്. ഉദാഹരണത്തിന്, അനിയത്തി വീട്ടിലെത്തുമ്പോള്‍ അകാരണമായി മറ്റുള്ളവരോട് ഒച്ച ഉയര്‍ത്തി തന്റെ അധികാരം ഉറപ്പിക്കുന്ന ചേട്ടനെ നമ്മള്‍ പലയിടത്തും കണ്ടിരിക്കും. കഥാഗതിയുമായി നേരിട്ട് ബന്ധമില്ല എന്ന് തോന്നുന്ന കഥാപാത്രങ്ങളെ പോലും വിശദമായി വിവരിച്ചിരിക്കുന്നു. അമ്മയുടെ കഥയ്ക്കൊപ്പം ഇവരുടെയെല്ലാം കഥകളും ഒഴുകുന്നുണ്ട്.

'ദി പേര്‍സണല്‍ ഈസ് പൊളിറ്റിക്കല്‍' എന്ന് പറയുന്നതുപോലെ, ഒരു വൃദ്ധയുടെയും അവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കഥ സ്ത്രീപക്ഷരാഷ്ട്രീയം, വിഭജനം, ദേശീയത തുടങ്ങിയ പലതിനെയും സ്പര്‍ശിച്ചുതന്നെയാണ് കടന്നുപോകുന്നത്. ശക്തരായ സ്ത്രീ കഥാപാത്രങ്ങളുള്ള നോവലുകള്‍ പലതുമുണ്ടെങ്കിലും, അവയില്‍ ഇടയ്ക്കെങ്കിലും കടന്നുകൂടുന്ന ഉപദേശരൂപത്തിലോ മുദ്രാവാക്യം പോലെയോ ഉള്ള കഥപറച്ചില്‍ ടൂം ഓഫ് സാന്‍ഡില്‍ ഇല്ലേ ഇല്ല. ഇത്ര ആഴത്തില്‍ തൊടുന്ന വിഷയങ്ങള്‍ പോലും ലാഘവത്തോടെ പറഞ്ഞുപോയിരിക്കുന്നു. കഥാപാത്രങ്ങളിലെ കാരിരുമ്പ് പക്ഷെ, വായനക്കാര്‍ കാണാതെ പോകുന്നില്ല.

രാഷ്ട്രീയമായി നാം കാണേണ്ട ഒരു വിഷയം കൂടി ഇവിടെയുണ്ട്. ഹിന്ദിയെ രാഷ്ട്രഭാഷയാക്കി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരും സംഘപരിവാരവും ഗീതാഞ്ജലി ശ്രീയുടെ അവാര്‍ഡിനോട് കാര്യമായ ഒരു പ്രതികരണവും നടത്തിയില്ല. ട്വീറ്റിനുള്ള ഒരു അവസരം പോലും വിട്ടുകളയാത്ത നമ്മുടെ പ്രധാനമന്ത്രിയും നിശ്ശബ്ദനായിരുന്നു. ഹിന്ദിഭക്തര്‍ എന്തുകൊണ്ടാകും ഈ സുവര്‍ണ്ണാവസരം വിട്ടുകളഞ്ഞത് എന്നതിനുള്ള ഉത്തരം ടൂം ഓഫ് സാന്‍ഡില്‍തന്നെയുണ്ട്.

സംഘപരിവാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഹിന്ദി ഒരു ഭാഷ മാത്രമല്ല, ഹിന്ദുത്വത്തെ പിന്‍പറ്റുന്ന ഒരു സംസ്കാരം കൂടിയാണ്. ഹിന്ദുത്വ മൂല്യങ്ങള്‍ക്ക് നിരക്കുന്നതൊന്നുമല്ല ഗീതാഞ്ജലി ശ്രീ തന്റെ എഴുത്തിലൂടെ പറഞ്ഞുവെക്കുന്നതും. അവരുടെ മുന്‍കാല നോവലുകളും ഹിന്ദുത്വരാഷ്ട്രീയത്തെ എതിര്‍ത്തവതന്നെ ആണ്. ഭാഷ എന്നത് ആശയങ്ങള്‍ പങ്കുവെക്കാനുള്ള ഒരു മാധ്യമം എന്നല്ലാതെ, രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുള്ള ആയുധമായി കാണുന്ന മതവാദികള്‍ക്ക്, ഇത്തരം കാറ്റും വെളിച്ചവുമുള്ള എഴുത്ത് ഇഷ്ടമാകാന്‍ ഒരു സാധ്യതയുമില്ലല്ലോ.

സത്യത്തില്‍ അതുതന്നെയാണ് ഈ പുസ്തകം, കാറ്റും, വെളിച്ചവും, സുഗന്ധവും, സംഗീതവും, ചിരിയും, അര്‍ത്ഥമുള്ള കണ്ണീരും, മനോഹരമായ ചില വേദനകളുമുള്ള ഒരു വലിയ, ചെറിയ കഥ.

(ചിന്ത വാരികയിൽ നിന്ന്)

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top