29 March Friday

ലെയ്ക്കയ്ക്ക് വേണ്ടി മോസ്കോയിലെ പള്ളിയിൽ മെഴുകുതിരി

സുനീഷ്‌ ജോUpdated: Monday Oct 17, 2022

ലെയ്ക

തിരുവനന്തപുരം> തെരുവ്‌ നായ ‘ലെയ്‌ക്ക’യുടെ ബഹിരാകാശയ്‌ക്ക്‌ 65 വർഷമാകുന്നു. 1957 നവംബർ മൂന്നിന്‌ കൃത്രിമ ഉപഗ്രഹമായ സ്ഫുട്നിക്-2 ൽ ആയിരുന്നല്ലോ സോവിയറ്റ് യൂണിയൻ ലെയ്‌ക്കയെ ബഹിരാകാശത്ത്‌ എത്തിച്ചത്. മണിക്കൂറുകൾക്കുള്ളിൽ  ചൂടും സമ്മർദ്ദവും മൂലം ലെയ്‌ക്ക മരണപ്പെട്ടു.. മൂന്നുവയസ്‌ പ്രായമുണ്ടായിരുന്ന അതിന്‌ ആറുകിലോയായിരുന്നു ഭാരം. മനുഷ്യന്റെ ഭൂമിക്കപ്പുറത്തേക്കുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു ലെയ്‌ക്കയുടെ നിർബന്ധിതയാത്ര. ബഹിരാകാശത്തേക്ക്‌ പോയ ആദ്യ ജീവി. ലെയ്‌ക്കയെ കുറിച്ച്‌ നൊമ്പരത്തോടെ  ചിലരെങ്കിലും ഓർക്കാറുണ്ട്‌. പ്രമുഖ എഴുത്തുകാരൻ വി ജെ ജെയിംസ്‌ തന്റെ നാലാമത്തെ നോവലായ ‘ലെയ്‌ക്ക’ എഴുതപ്പെടാനുണ്ടായ സന്ദർഭത്തെ കുറിച്ച്‌ പറയുന്നു.

സ്‌കൂളിൽ പഠിക്കുന്ന കാലത്താണ്‌ ലെയ്‌ക്കയെ കുറിച്ച്‌ ആദ്യം കേൾക്കുന്നത്‌. സ്‌കോളർഷിപ്പിന്‌ പഠിക്കുന്ന കുട്ടികൾ പൊതുവിജ്ഞാന പുസ്‌തകങ്ങൾ വായിക്കണമെന്ന്‌ ക്ലാസ്‌ ടീച്ചർ പറഞ്ഞിരുന്നു. അങ്ങനെ  നാലാംക്ലാസിൽവച്ച്‌  വായിച്ച പുസ്‌തകത്തിൽനിന്നാണ്‌, ശൂന്യാകാശത്ത് ആദ്യമായി സഞ്ചരിച്ച ലെയ്‌ക്കയെന്ന നായയുടെ പേര് കാണാതെ പഠിക്കുന്നത്.  ആകാശത്ത് സഞ്ചരിക്കാൻ  ലെയ്‌ക്കയ്‌ക്ക്‌ ചിറക്‌ ഉണ്ടായിരുന്നോയെന്നൊക്കെ അക്കാലത്ത് ആലോച്ചിട്ടുണ്ട്‌. റോക്കറ്റിനെ കുറിച്ചൊന്നും അന്ന്‌ കേട്ടിട്ടില്ലല്ലോ. അന്നു മുതൽ  മനസ്സിൽ പതിഞ്ഞു കിടന്നിരുന്നു   ലെയ്‌ക്കയെന്ന പേര്. പിന്നീട്  എൻജിനീയറിങ്ങ് ഒക്കെ കഴിഞ്ഞ്  വിഎസ്‌എസ്‌സിയിൽ സയൻറിസ്റ്റായി ജോലി കിട്ടിയപ്പോഴാണ് ലെയ്ക്ക വീണ്ടുമെൻ്റെ ജീവിതത്തിൽ കടന്നു വരുന്നത്.  സാങ്കേതികകാര്യങ്ങൾ റഫർ ചെയ്യുന്നതിന്റെ ഭാഗമായി ലൈബ്രറിയിൽ സമയം ചെലവിടുമ്പോഴാണ്  ഒരു  ദിവസം  ലെയ്‌ക്കയുടെ  യാത്രയെ കുറിച്ചുള്ള ടെക്‌നിക്കലായ വിശദാംശങ്ങൾ വായിക്കാനിടയായത്.   


ലെയ്‌ക്ക അനുഭവിച്ച മാനസികവും ശാരീരികവുമായ സംഘർഷങ്ങളുടെ ഒരു പൂർണചിത്രം  കിട്ടിപ്പോൾ അതെന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. തിരിച്ചു കൊണ്ടുവരാൻ യാതൊരു പ്ലാനുമില്ലാതെ സുനിശ്ചതമായ ഒരു മരണത്തിലേക്ക് അയയ്ക്കപ്പെട്ട പാവം ജീവിയെ ആസ്പദമാക്കി ഒരു നോവൽ ഉണ്ടാവുന്നത് അങ്ങനെയാണ്.  ലെയ്ക്കയുമായി അടുത്തിടപഴകുന്ന എഞ്ചിനീയർ തൻ്റെ നാലു വയസുകാരിയായ മകൾ പ്രിയങ്കയ്ക്ക് നായയെക്കുറിച്ചുള്ള കഥകൾ പറഞ്ഞു കൊടുക്കുമ്പോൾ, അവൾക്ക്  ലെയ്ക്കയുമായുണ്ടായ വലിയ അടുപ്പവും, ലെയ്ക്കയുടെ മരണം എഞ്ചിനീയറുടെ കുടുംബത്തിൽ ഉണ്ടാക്കിയ ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരന്തവുമാണ് നോവലിൽ കടന്നു വരുന്നത്.  നോവൽ പുസ്‌തകരൂപത്തിൽ 2004 ലാണ് പ്രസിദ്ധീകരിച്ചത്. നോവലെഴുതുമ്പാൾ റഷ്യയെക്കുറിച്ച് നേരിട്ടുള്ള അറിവുകളില്ലാത്തതിനാൽ അവിടെ പോയിട്ടുള്ളവരിൽ നിന്നും ചില റഫറൻസുകളിൽ നിന്നും ഒക്കെ വേണ്ടിയിരുന്നു എനിക്കാ അന്തരീക്ഷം ഭാവനയിൽ  സൃഷ്ടിക്കാൻ.

നോവലിൽ ഏറെ പ്രാധാന്യത്തോടെ വരുന്ന റഷ്യൻ  ഓർത്തഡോക്‌സ് പള്ളിയുണ്ട്. പ്രിയങ്ക അന്തിയുറങ്ങുന്ന സെമിത്തേരി  അഞ്ചു താഴികക്കുടങ്ങളുള്ളആ പള്ളിയോട് ചേർന്നാണ്..  മറ്റുള്ളവരുടെ വിവരണങ്ങളിൽ നിന്ന് കേട്ടറിഞ്ഞ്   ആ അന്തരിക്ഷമൊക്കെ അക്ഷരത്തിലേക്ക് ആവാഹിക്കുമ്പോൾ,  ഒരിക്കലും ഞാൻ കരുതിയില്ല, വൈകാതെ  എനിക്കവിടെ എത്തിച്ചേരാൻ സാധിക്കുംവിധം സാഹചര്യങ്ങൾ മാറി മറിയുമെന്ന്.   വലിയമല യൂണിറ്റിൽ നിന്ന് എനിക്ക് വട്ടിയൂർക്കാവിലുള്ള CMSE യിലേക്ക്  ട്രാൻസ്ഫർ കിട്ടത്തക്ക വിധത്തിൽ ചില സാഹചര്യങ്ങളുണ്ടായി. ചിലർ നമ്മെ ദ്രോഹിക്കുമ്പോൾ അത് അനുഗ്രഹമായി മാറും എന്നതുപോലെയായിരുന്നു ആ ട്രാൻസ്ഫർ.  അവിടെ നിന്ന്   അഡ്വാൻസ്‌ഡ്‌ ആയ ഒരു ടെസ്‌റ്റിങ്‌ എക്യുപ്പ്‌മെന്റ്‌ റഷ്യയിൽനിന്ന്‌ വാങ്ങേണ്ട ആവശ്യത്തിലേക്കായി എനിക്ക് മോസ്കോയിലേക്ക് ഔദ്യോഗിക യാത്ര പോകേണ്ടി വന്നു. ആ യാത്ര എന്നെ എത്തിച്ചു ചേർത്തത് ഭാവനയിൽ മാത്രം ഞാൻ കണ്ടിട്ടുള്ള മോസ്കോയിലെ റഷ്യൻ ഓർത്തഡോക്സ് പള്ളിയിലും പ്രിയങ്ക അന്തിയുറങ്ങുന്നതായി സങ്കല്പിച്ച സെമിത്തേരിയിലുമാണ്.  


പിന്നോട്ടുവലിക്കുന്ന ശാസ്ത്രജ്ഞൻ്റെ ബുദ്ധി മാറ്റി വച്ചിട്ട് എഴുത്തുകാരൻ്റെ ഹൃദയവികാരത്തിന് വഴിപ്പെട്ട്, പ്രിയങ്കയ്ക്കും ലെയ്ക്കയ്ക്കും വേണ്ടി  ഞാനവിടെ ഓരോ   മെഴുകുതിരി കത്തിച്ചു. എൻ്റെ കൈവശം അപ്പോൾ ലെയ്ക്കയെന്ന നോവലിൻ്റെ കോപ്പിയുണ്ടായിരുന്നു. നാലാം ക്ലാസിൽ വച്ച് മനസ്സിൽ കയറിക്കൂടി, വി.എസ്.എസ്.സി യിലെ എഞ്ചിനീയറായിരിക്കേ എന്നെക്കൊണ്ട് നോവലെഴുതാൻ നിർബന്ധിച്ച ശേഷം ആ നോവലിലെ ഇടങ്ങളിലേക്ക് എന്നെ വിളിച്ചു കൊണ്ടുപോയ ലെയ്ക്കയെയും  പ്രിയങ്കയെയും കുറിച്ചുള്ള നോവൽ, കണ്ണുകൾ ഈറനണിയാതെ വായിക്കാനായില്ലെന്ന് പല വായനക്കാരും  പറയുമ്പോൾ ഞാനോർക്കാറുണ്ട്, ഏഴുതുന്ന നേരം എഴുത്തുകാരൻ്റെ കണ്ണും നിറഞ്ഞുവെന്നതല്ലേ സത്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top