02 April Sunday

പകര്‍ന്നാട്ടത്തിലെ പൊരുളാട്ടങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

സ‌്പർശത്തിലൂടെ സ‌്നേഹവും സുരക്ഷിതത്വവും കൊടുക്കാൻ കഴിയുമെന്ന‌് മലയാളിക്കറിയില്ല എന്നദ്ദേഹം നിരീക്ഷിക്കുന്നുണ്ട‌്.  വേദന, ഏകാന്തത, സ‌്നേഹ സ‌്പർശങ്ങൾക്കുള്ള കൊതി എന്നിവയെല്ലാം സുന്ദരമായി ആവിഷ‌്കരിച്ചിട്ടുണ്ട്.  ഏതു വിഷയവും കഥകളി യുമായി ബന്ധപ്പെടു ത്തിയാണ് ശശിധരൻ  മനസ്സിലാക്കുന്നതും അപഗ്രഥിക്കുന്നതും എഴുതുന്നതും

 ‘ഓരോ രാജ്യത്തെ നൃത്തരൂപങ്ങളെക്കുറിച്ച് പഠിക്കുമ്പോഴും  ആ നാടിന്റെ പശ്ചാത്തലം, ജനങ്ങളുടെ  ജീവിതരീതിയുടെ പ്രത്യേകതകൾ, നാടിന്റെ ചരിത്ര പശ്ചാത്തലം, നൃത്തത്തിന് അവരുടെ ജീവിതത്തിലുള്ള സ്ഥാനം, പ്രയോജനം, എന്നിവയെക്കുറിച്ചും  ഒരു സാമാന്യജ്ഞാനം ലഭിക്കും.  ഏതു നൃത്തത്തിലും ആ നാട്ടിലെ ജനജീവിതത്തിന്റെ സവിശേഷതാളം ഉൾച്ചേർന്നിരിക്കും. എവിടെയും നൃത്തം പ്രകൃതിയോട് പോരാടി ജയിച്ചതിന്റെ  സ‌്മരണ നിലനിർത്താനും  പ്രകൃതി ശക്തികളുടെ ആരാധനയുമായി ബന്ധപ്പെട്ടും നിലനിൽപ്പിനുവേണ്ടിയും ആനന്ദത്തിനും അതിജീവനത്തിനു വേണ്ടിയും എല്ലാമാണ‌്  രൂപപ്പെട്ടത്.’

ഒരു കലാപണ്ഡിതൻ എഴുതിയതല്ല ഈ വരികൾ. നാലാംക്ലാസ‌് വരെ മാത്രം  പഠിച്ച‌് കഥകളിയുടെ ഇരുപത്തിനാല‌്  മുദ്ര കൊണ്ടുമാത്രം ലോകരെ മുഴുവൻ ആകർഷിച്ച ശശിധരൻ കോട്ടക്കലിന്റെ വരികൾ. ഇത്‌ ലേഖന സമാഹാരമല്ല.  കോട്ടക്കൽ ശശിധരൻ എന്ന പ്രശസ‌്ത   നർത്തകന്റെ  ആത്മകഥ പകർന്നാട്ടം (രണ്ടു ഭാഗങ്ങൾ) ആണത്. പ്രസാധനം മാതൃഭൂമി ബുക‌്സ്.  
 
കഥകളിക്കാരുടെയും മറ്റും ആത്മകഥയും കേട്ടെഴുതിയ ജീവചരിത്രങ്ങളും മിക്കവാറും ഒരേ ഘടനയിലാണ്‌. ദാരിദ്ര്യം, കർശനശിക്ഷണം, ബാല്യത്തിലെ വ്യഥകൾ, പിന്നീടുണ്ടായ പ്രശസ‌്തി, പുരസ‌്കാരങ്ങൾ എന്നിവയ‌്ക്കപ്പുറം അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും സംഘർഷങ്ങളും ഒന്നും ആത്മകഥയിൽ വേണ്ട വിധം കടന്നുവരാറില്ല. 
ഇതിനപവാദമാണ‌് പകർന്നാട്ടം. കളരികൾ എങ്ങനെ സംവിധാനം ചെയ്യണം,  ഉഴിച്ചിലും മറ്റും പഴയ രീതിയിൽ പിന്തുടരേണ്ടതുണ്ടോ എന്നീ മൗലിക ചോദ്യങ്ങൾ അദ്ദേഹം ഉയർത്തുന്നു. വിദേശത്ത‌് പോയത‌് തൊട്ട‌് ദർപ്പണയിൽ  പുതിയ നൃത്തരൂപങ്ങൾ പരിശീലിക്കുന്നതും തുടർന്നുള്ള യാത്രകളും തികഞ്ഞ ഓർമയോടെ എഴുതിയിരിക്കുന്നു.  വിദേശത്ത്‌  കല പ്രദർശിപ്പിക്കുക മാത്രമല്ല,   വിദേശവിദ്യാർഥികളെ ഉൾപ്പെടുത്തി ഭാരതീയ പ്രമേയങ്ങളുടെ വലിയ പ്രൊഡക‌്ഷനുകൾ ചെയ്യാനും ശശിധരന‌്  കഴിഞ്ഞു. 
കഥകളി, ഭാരതീയ നൃത്തം എന്നിവ ലോകവുമായി എങ്ങനെ സംവദിക്കും എന്ന‌് സ്വാനുഭവത്തിലൂടെ പരിശോധിക്കുന്ന പഠനങ്ങളായി ആത്മകഥ മാറുന്നു.  മികച്ച സാംസ‌്കാരിക താരതമ്യ ചിന്തകളും അതിൽ കടന്നുവരുന്നുണ്ട‌്.  യൂണിവേഴ്സിറ്റി ഓഫ് ലോസ് ആഞ്ചൽസിൽ ശാകുന്തളം അവതരിപ്പിക്കുമ്പോൾ ഉണ്ടായ പല കാര്യങ്ങളും സംസ‌്കാര വ്യത്യാസത്തിന്റെ  കാര്യം തന്നെ. 
 
ചില വസ‌്ത്രങ്ങളുടെ ഉലച്ചിൽ, ചില ഓർമകളുടെ ഗന്ധങ്ങൾ, ചില നിറങ്ങളുടെ സ‌്പ‌ർശങ്ങൾ തുടങ്ങിയ കവിത പോലുള്ള സാന്ദ്രാനുഭവങ്ങൾ  സുലഭം.  സത്യസന്ധമായി നിറം ചേർക്കാതെ പല പ്രശസ‌്തരെയും ഇതിൽ പരിചയപ്പെടുത്തുന്നു.  മൃണാളിനി സാരാഭായ്‌, മല്ലിക സാരാഭായ്‌, വെണ്മണി ഹരിദാസ് അങ്ങനെ.  കലയിൽ ഏകാധിപത്യം പരാജയപ്പെടും എന്നാണ‌് ശശിധരന്റെ  നിരീക്ഷണം. പ്രശസ‌്ത  കഥകളി പണ്ഡിതൻ ബോളണ്ടിനെക്കുറിച്ചുള്ള ചിത്രം മിഴിവുറ്റതാണ്.   
 
സ‌്പർശത്തിലൂടെ സ‌്നേഹവും സുരക്ഷിതത്വവും കൊടുക്കാൻ കഴിയുമെന്ന‌് മലയാളിക്കറിയില്ല എന്നദ്ദേഹം നിരീക്ഷിക്കുന്നുണ്ട‌്.  വേദന, ഏകാന്തത, സ‌്നേഹസ‌്പർശങ്ങൾക്കുള്ള കൊതി എന്നിവയെല്ലാം സുന്ദരമായി ആവിഷ‌്കരിച്ചിട്ടുണ്ട്. 
 
ഏതു വിഷയവും കഥകളിയുമായി ബന്ധപ്പെടുത്തിയാണ് ശശിധരൻ  മനസ്സിലാക്കുന്നതും അപഗ്രഥിക്കുന്നതും എഴുതുന്നതും. ഓരോ ജീവിത സന്ദർഭവും വ്യക്തമാക്കാൻ പലപ്പോഴും ആട്ടക്കഥയിലെ പദങ്ങളാണ് പൊന്തിവരുന്നത്, ആ ഹൃദയത്തിൽ. 
 
കോട്ടക്കൽ നാട്യസംഘം, കോട്ടക്കൽ ക്ഷേത്രത്തിലെ  എപ്പോഴും കൂടെയുള്ള വിശ്വംഭരൻ, പന്തലൂർ, അമ്മ, കോട്ടക്കൽ മധു, ഭാര്യ വസന്തയും മകൻ കീർത്തിയും എന്നിവർ ഈ പുസ‌്തകത്തിലെ നിത്യസാന്നിധ്യങ്ങൾ. കഥകളിയിലെ തലയെടുപ്പുള്ള പലർക്കും  ഇതുപോലെ  തങ്ങളുടെ  കലാജീവിതം അടയാളപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ അത് വലിയ അനുഗ്രഹം ആയേനെ. എന്നാൽ സ്വന്തം കലയെ മാറിനിന്ന‌് മനസ്സിലാക്കുകയും ഉള്ളിലേക്കിറങ്ങി ധ്യാനിക്കുകയും ചെയ്യുന്ന, സ്വന്തം കലാവീക്ഷണം വളർത്താത്ത ഒരു രീതിയായിരുന്നു ഇവിടെ ഉണ്ടായത‌്.  അത‌് മാറാൻ ഈ പുസ‌്തകം പ്രേരണയാകട്ടെ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top