25 April Thursday

കിങ്ങിണിക്കുട്ടന്റെ 'പിതാവ്': നാടകത്തിന്റെ പേരില്‍ നാടുകടത്തലും

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

കൊച്ചി> ഒരു റേഡിയോ നാടക രചനയുടെ പേരില്‍ ആന്റമാനിലേക്ക് 'നാടുകടത്തപ്പെട്ട' നാടകകൃത്ത് കൂടിയാണ് വെള്ളിയാഴ്ച അന്തരിച്ച കവി എസ് രമേശന്‍ നായര്‍. റേഡിയോ നാടകോത്സവത്തിൽ 1994 ഒക്ടോബർ 16 ന് രാത്രി പ്രക്ഷേപണം ചെയ്ത ‘ശതാഭിഷേകം’എന്ന നാടകമാണ് അന്ന് ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം എക്സിക്യൂട്ടീവായ രമേശന്‍ നായരെ പോര്‍ട്ട്‌ ബ്ലയര്‍ നിലയത്തിലേക്ക് സ്ഥലം മാറ്റാന്‍ ഇടയാക്കിയത്. കെ എസ് റാണാപ്രതാപൻ ആയിരുന്നു സംവിധായകന്‍.

നാടകത്തിലെ  കഥാപാത്രങ്ങളായ കിട്ടുമ്മാമനെയും കിങ്ങിണിക്കുട്ടനെയും   കെ കരുണാകരനെയും കെ മുരളീധരനെയും പരിഹസിക്കാന്‍ സൃഷ്ടിച്ചതാണെന്നായിരുന്നു ആരോപണം. കിട്ടുമ്മാവന് ശബ്ദം നല്‍കിയത് പ്രശസ്ത നടന്‍ നെടുമുടി വേണുവും കിങ്ങിണിക്കുട്ടനു ശബ്ദം നല്‍കിയത് നടന്‍ ജഗന്നാഥനുമായിരുന്നു. സേച്ഛാധിപത്യ സ്വഭാവമുള്ള കാരണവരും ബുദ്ധിക്കുറവുള്ള  അനന്തിരവനുമായിരുന്നു ഈ കഥാപാത്രങ്ങള്‍. വിവാദമായതോടെ അന്വേഷിക്കാൻ ആകാശവാണി ഡയറക്ടർ ജനറൽ ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട്  രമേശന്‍ നായര്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍ വിവാദം അടങ്ങിയില്ല.

രമേശൻ നായരെ  പോർട്ട്ബ്ലയർ നിലയത്തിലേക്ക് സ്ഥലം മാറ്റി. വന്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും നടപടി പിന്‍വലിക്കപ്പെട്ടില്ല. അദ്ദേഹം പോർട്ട്ബ്ലയറില്‍ പോയില്ല. പന്ത്രണ്ട് വർഷത്തെ സർവ്വീസ് ബാക്കിനില്‍ക്കെ 1996-ൽ അദ്ദേഹം സർവ്വീസിൽ നിന്ന് സ്വമേധയാ വിരമിച്ചു.
 
നാടകം പിന്നീട് പുസ്തകമായി ഇറങ്ങി. പല എഡിഷനിലായി ഒട്ടേറെ കോപ്പികള്‍ വില്‍ക്കപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top