25 April Thursday

അക്കിത്തത്തെ ആദരിച്ച് കവിതയുടെ കാര്‍ണിവലിന് പ്രൗഢോജ്വല സമാപനം

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2017
പട്ടാമ്പി> മലയാളത്തിന്റെ പ്രിയകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ ആദരിച്ച് കവിതാ സ്‌നേഹികള്‍ കവിതചൊല്ലിപ്പിരിഞ്ഞു. കവിതയുടെ വഴികളും വരികളും വിശദമായി ചര്‍ച്ച ചെയ്തും ചൊല്ലിയും പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജിലെ മലയാള വിഭാഗം സംഘടിപ്പിച്ച കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം പതിപ്പിന് സമാപനമായി. 
 
പത്മശ്രീ ബഹുമതി നല്‍കി രാജ്യം ആദരിച്ച കവി അക്കിത്തത്തിന് റിയാസ് കോമു വരച്ച ചിത്രം യുവ കവയത്രി റൊമില സമ്മാനിച്ചു. എഴുത്തുകാരായ പി പി രാമചന്ദ്രന്‍, വിജു നായരങ്ങാടി, സജയ് കെ വി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കവിതയെക്കുറിച്ചു സംവദിക്കാന്‍ ഇത്തരം കാര്‍ണിവലുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നെന്നും തുടര്‍ച്ചയുണ്ടാകണമെന്നും അക്കിത്തം പറഞ്ഞു. പ്രായത്തിന്റെ വിവശതകള്‍ അവഗണിച്ചും കവിത ചൊല്ലിയാണ് അക്കിത്തം കാവ്യപ്രിയരുടെ ആദരത്തിന് മറുപടി നല്‍കിയത്. 
 
സ്വന്തം ദേശത്തുനിന്ന് ഓടിപ്പോകേണ്ടിവന്നവരാണ് മിഡില്‍ ഈസ്റ്റിലെ എഴുത്തുകാരെന്നും അതാണ് ആ ഭാഷയുടെ നേട്ടവും കോട്ടവുമെന്നും മിഡില്‍ ഈസ്റ്റില്‍നിന്നുള്ള പാലങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ വി മുസഫര്‍ അഹമ്മദ് പറഞ്ഞു. പ്രകൃതിയോടു പിന്‍പറ്റി എഴുതിയ കവികളാണ് പി കുഞ്ഞിരാമന്‍ നായരും ഡി വിനയചന്ദ്രനുമെന്ന് ഭാഷാപോഷിണി പത്രാധിപസമിതിയംഗം ഡോ. കെ എം വേണുഗോപാല്‍ പറഞ്ഞു. കുട്ടികളുടെ കാവ്യാലാപന മത്സരത്തോടെയും സാവിത്രി രാജീവനും എസ് ജോസഫും പങ്കെടുത്ത കവി സംവാദത്തോടെയുമാണ് കവിതയുടെ കാര്‍ണിവലിന് തിരശീല വീണത്. 
 
നാലു ദിവസങ്ങളിലായാണ് കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം പതിപ്പിന് പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജ് വേദിയായത്. വിവര്‍ത്തനമായിരുന്നു ഇക്കുറി കാര്‍ണിവലിന്റെ പ്രമേയം. ദക്ഷിണേന്ത്യന്‍ ഭാഷകളിലെ കവിതകളുടെ വിവര്‍ത്തന ശില്‍പശാലയായിരുന്നു കാര്‍ണിവലില്‍ ഏറ്റവും ശ്രദ്ധേയമായത്. ഇടശേരിയുടെ പൂതപ്പാട്ടിന് കോളജിലെ തിയേറ്റര്‍ ഗ്രൂപ്പ് ഒരുക്കിയ സാമൂഹികാവിഷ്‌കാരം, ഒരു ദേശം കവിത ചൊല്ലുന്നു വേറിട്ട അനുഭവമായി. 
 
കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി എഴുത്തുകാരും സാഹിത്യാസ്വാദകരും കാര്‍ണിവലിനെത്തി. കവിതയെക്കുറിച്ചു പഠിക്കുന്നവര്‍ക്കും സാഹിത്യ പ്രേമികള്‍ക്കും മികച്ച പാഠശാലയാണ് കാര്‍ണിവലിലൂടെ ഒരുക്കിയതെന്ന് പങ്കെടുക്കാനെത്തിയവര്‍ അഭിപ്രായപ്പെട്ടു. കവിതയെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകളും ആസ്വാദനവുമായി അടുത്തവര്‍ഷം കാര്‍ണിവലിന്റെ മൂന്നാം പതിപ്പു സംഘടിപ്പിക്കുമെന്ന് പട്ടാമ്പി കോളജ് മലയാള വിഭാഗ അധ്യക്ഷന്‍ എച്ച് കെ സന്തോഷ് പറഞ്ഞു. കവി പി പി രാമചന്ദ്രനായിരുന്നു ഫെസ്റ്റിവല്‍ ഡയറക്ടര്‍.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top