20 August Saturday

'നില്‍ക്കൂ ശ്രദ്ധിക്കൂ' : ജസ്റ്റിസ് ചന്ദ്രുവിന്റെ മുന്നിലെത്തിയ ശ്രദ്ധേയമായ കേസുകള്‍

ലക്ഷ്മി ദിനചന്ദ്രൻUpdated: Monday Jun 20, 2022

സ്ത്രീകളും നിയമ വ്യവസ്ഥയുമായുള്ള ബന്ധം ചരിത്രപരമായിത്തന്നെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒന്നാണ്. സ്ത്രീകള്‍ മാത്രമല്ല കുട്ടികള്‍, ലൈംഗിക/മതന്യൂനപക്ഷങ്ങള്‍, ഇവര്‍ക്കൊക്കെയും നിലവിലുള്ള നിയമവ്യവസ്ഥിതി ഇരുതലമൂര്‍ച്ചയുള്ള ഒന്നായി ഭവിക്കാറുണ്ട്. ഇക്കഴിഞ്ഞയാഴ്ച ആദിലാ നാസ്റീനെയും ഫാത്തിമ നൂറയെയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ചതും, സ്വന്തം ശരീരത്തിനും ജീവിതത്തിനും മേല്‍ സ്ത്രീകള്‍ക്കുള്ള അടിസ്ഥാനപരമായ അധികാരങ്ങളെ നിരാകരിച്ചുകൊണ്ട് റോ. വേഡ് എന്ന സുപ്രധാനവിധി അട്ടിമറിച്ച് ഗര്‍ഭച്ഛിദ്രത്തെ പൂര്‍ണമായി നിയമവിരുദ്ധമാക്കാന്‍ പണിപ്പെടുന്നതും ജുഡീഷ്യല്‍ സംവിധാനങ്ങള്‍ തന്നെയാണ്; രണ്ടു

വര: സനൽ

വര: സനൽ

രാജ്യങ്ങളിലാണെന്നു മാത്രം.

ഇതിനു കാരണങ്ങള്‍ പലതാണ്. പുരുഷാധിപത്യവും ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യങ്ങളും നിയമങ്ങളുടെ കാലഹരണപ്പെടലുമെല്ലാം ഇവയില്‍പ്പെടും. സ്ത്രീകളുടെയും മുന്‍പുപറഞ്ഞ ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുതകുന്ന രീതിയില്‍ നിയമവ്യവസ്ഥിതിയെ പരിണമിപ്പിക്കുന്ന പ്രക്രിയയില്‍ ലെജിസ്ലേച്ചറിനും എക്സിക്യൂട്ടിവിനും ഉള്ളതിനേക്കാള്‍ വലിയ പങ്ക് വഹിക്കുന്നത് ജുഡീഷ്യല്‍ വ്യവസ്ഥയുടെ പ്രതിനിധികളായ അഭിഭാഷകരും ന്യായാധിപരുമാകും. ഇത്തരം സാര്‍ഥകമായ ഇടപെടലുകളുടെ ആള്‍രൂപമാണ് മുന്‍ മദ്രാസ് ഹൈകോടതി ജസ്റ്റിസ് കെ. ചന്ദ്രു.

ജസ്റ്റിസ് ചന്ദ്രു തന്റെ ഔദ്യോഗികകാലയളവില്‍ കൈകാര്യം ചെയ്തത് 54000ത്തിലധികം കേസുകളാണ്.

ജസ്റ്റിസ് ചന്ദ്രു

ജസ്റ്റിസ് ചന്ദ്രു

ഈ വ്യവഹാരങ്ങളില്‍ അദ്ദേഹം കൈക്കൊണ്ടിട്ടുള്ള നിലപാടുകള്‍ തന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ നീതിബോധത്തിന് പൂര്‍ണമായും നിരക്കുന്നവയായിരുന്നു എന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അറിയാന്‍ സാധിക്കും.

ഇന്ത്യന്‍ സമൂഹത്തില്‍ ജാതിയും വര്‍ഗഭേദവും ജനനം മുതല്‍ മരണവും അതിലപ്പുറവും വരെ സ്പര്‍ശിക്കുന്നുണ്ട് ബ്ദ നമ്മുടെ കോടതികളുടെ പരിഗണനയില്‍ വരുന്ന കേസുകളിലും ഇവ നിഴലിക്കുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. പൊതു ശ്മശാനങ്ങളിലെ, ഉച്ചഭക്ഷണം വിളമ്പുന്നതിലെ, ജോലിസ്ഥലത്തെ, ആരാധനലയങ്ങളിലെ ഒക്കെ പലതരം വിവേചനങ്ങളെ എതിര്‍ക്കുന്നതും എടുത്തുപറയാവുന്നവയുമായ അനേകം വിധികള്‍ അദ്ദേഹത്തിന്റേതായി ഉണ്ട്.

അവയില്‍ സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് തന്റെ മൂന്നിലെത്തിയ കേസുകളില്‍ ശ്രദ്ധേയമായ ചിലവയെക്കുറിച്ചാണ് ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ 'നില്‍ക്കൂ ശ്രദ്ധിക്കൂ' എന്ന പുസ്തകത്തില്‍ ജസ്റ്റിസ് ചന്ദ്രു കുറിച്ചിരിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ ജയ് ഭീം എന്ന സിനിമയ്ക്ക് ആധാരമായ പുസ്തകം എന്ന നിലയ്ക്കാണ് വ്യാപകശ്രദ്ധ നേടിയത്. 'Listen to my case"-  എന്ന പേരില്‍ ലെഫ്റ്റ് വേഡ് ബുക്സ് പുറത്തിറക്കിയ ഈ ചെറുപുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ചിഞ്ചു പ്രകാശാണ്.

നൂറോളം പേജുകളിലായി പറഞ്ഞിരിക്കുന്നത് ഇരുപത് സ്ത്രീകള്‍ നടത്തിയ ധീരമായ നിയമപോരാട്ടങ്ങളുടെ കഥകളാണ്. അവയില്‍ കസ്റ്റഡിമരണങ്ങള്‍ക്കും അനാസ്ഥയ്ക്കും പ്രിയരെ നഷ്ടപ്പെട്ടവര്‍, അമ്മമാര്‍, ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വന്നവര്‍,

വര: കബിത

വര: കബിത

മതവിശ്വാസത്തിനുവേണ്ടിയും പ്രാകൃതമായ മതബോധങ്ങള്‍ക്ക് എതിരായും നിലകൊണ്ടവര്‍, അന്തസ്സോടെ ജീവിക്കാന്‍ പൊരുതിയവര്‍  എന്നിങ്ങനെയുള്ള തലക്കെട്ടുകള്‍ക്കു കീഴില്‍ ഈ ഇരുപതുകഥകള്‍ അടുക്കിയിരിക്കുന്നു.

മിക്കവാറും നാലോ അഞ്ചോ പേജുകളുള്ള ചെറുകുറിപ്പുകളുടെ രൂപത്തിലാണ് അധ്യായങ്ങള്‍ തയാറാക്കിയിരിക്കുന്നത്. കേസിന്റെ പശ്ചാത്തലവും അതില്‍ ഉള്‍പ്പെട്ടവരുടെ വിശദാംശങ്ങളും ലളിതമായ ഭാഷയില്‍ ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിച്ചിട്ടുണ്ട്. ഒപ്പം ഓരോ കേസിന്റെയും നാള്‍വഴികള്‍ ഓരോ ലേഖനത്തിന്റെയും അവസാനവും.

നിയമത്തേക്കുറിച്ചുള്ള എഴുത്തുകളില്‍ നിന്നും സാധാരണക്കാരെ അകറ്റുന്നത് അതിലുപയോഗിക്കുന്ന കട്ടിയുള്ള ഭാഷയാണ്. പക്ഷേ അങ്ങനെയുള്ള ഭാഷാഭാരങ്ങളില്ലാതെ ആര്‍ക്കും എളുപ്പത്തില്‍ മന സിലാകുന്ന ഭാഷയാണ് ഈ പുസ്തകത്തിന്റേത്. ഇടയ്ക്കൊക്കെ കവിതകളും കഥകളും ഉദ്ധരിച്ചിരിക്കുന്നത് വായന വിരസമാകാതെയിരിക്കാന്‍ സഹായിക്കുന്നുണ്ട്.  കൂടുതല്‍ അറിയേണ്ടവര്‍ക്കു വേണ്ടി ഓരോ അധ്യായത്തിന്റെയും അവസാനം വിശദമായ റഫെറന്‍സുകളും ചേര്‍ത്തിരിക്കുന്നു എന്നത് വളരെ ഉപകാരപ്രദമാണ്.

ഈ പുസ്തകം വായിച്ചുതുടങ്ങുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ജയ് ഭീം പറഞ്ഞ രാജാക്കണ്ണിന്റെ കേസിലെ നിയമപോരാട്ടമാണ്.

പാർവതി അമ്മാൾ

പാർവതി അമ്മാൾ

കസ്റ്റഡിമരണങ്ങള്‍, പൊലീസിന്റെ അധികാരദൂര്‍വിനിയോഗം തുടങ്ങിയ സിസ്റ്റെമിക് ആയ പ്രശ്നങ്ങള്‍ മാത്രമല്ല, കുടുംബങ്ങളിലെ സൂക്ഷ്മമായ dynamics പോലും ഈ കുറിപ്പുകളില്‍ കാണാം.

പത്തുവയസ്സുകാരനായ മകനെക്കൊണ്ട് വിവാഹമോചനക്കേസില്‍ അമ്മയായ അമുദക്കെതിരെ സാക്ഷിപറയിക്കാന്‍ തുനിഞ്ഞ അവരുടെ ഭര്‍ത്താവിനെ അതിന് അനുവദിക്കാതെ ഇരുന്ന വിധിയിലൂടെ ഇത്തരമൊരു ഉള്‍ക്കാഴ്ച വ്യക്തമാകുന്നുണ്ട്. മകന്റേതെന്ന പേരില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ഭാഷ ഒരു കുഞ്ഞിന്റേതല്ലെന്നും, അച്ഛന്റെകൂടെ താമസിച്ചിരുന്ന കുഞ്ഞിനെ മനഃപൂര്‍വമായി അമ്മയ്ക്കെതിരെ തിരിച്ചതാകാമെന്നും നിരീക്ഷിച്ച കോടതി, വിധി പ്രസ്താവിച്ചത് ഖലീല്‍ ജിബ്രാന്റെ പ്രശസ്തമായ കവിത ഉദ്ധരിച്ചുകൊണ്ടായിരുന്നു.

കേസുകളുടെ വിശദാംശങ്ങള്‍ക്കൊപ്പം, സ്കൂളുകളില്‍ ഉച്ചയൂണ് നല്‍കുന്നതും ന്യൂനപക്ഷവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചരിത്രവും ഒക്കെ സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളുടെയും ഒരു രേഖാചിത്രം ജസ്റ്റിസ് ചന്ദ്രു കുറഞ്ഞ വാക്കുകളില്‍ വരഞ്ഞിടുന്നു.

ആമുഖവും ഗീത ഹരിഹരന്‍ എഴുതിയ അവതാരികയും ജസ്റ്റിസ് ചന്ദ്രുവുമായുള്ള അഭിമുഖവുമടക്കം വിട്ടുകളയാന്‍ യാതൊന്നുമില്ലാത്ത 112 പേജുകളാണ് 'നില്‍ക്കൂ, ശ്രദ്ധിക്കൂ' എന്ന പുസ്തകം. ഇന്ത്യയിലെയും യൂറോപ്പിലെയും സ്ത്രീകളെ വരയ്ക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ സ്റ്റൈലുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിച്ചിരുന്ന പ്രശസ്ത ചിത്രകാരി അമൃത ഷെര്‍ഗില്‍ വരച്ച 'രണ്ടു സ്ത്രീകള്‍' എന്ന ചിത്രം ഈ പുസ്തകത്തിനു ചേര്‍ന്ന പുറംചട്ടയാണ്.

രാജ്യത്തെ സകല ഭരണഘടനാസ്ഥാപനങ്ങളേയും കുറിച്ച് ആശങ്കകള്‍ ഉയരുന്ന ഇക്കാലത്ത് പ്രതീക്ഷയുടെ ഒരു തിരിയാണ് ഈ പുസ്തകം. ഒപ്പം, സകല പ്രതിബന്ധങ്ങളെയും അതിജീവിച്ച് തങ്ങളനുഭവിച്ച അനീതികള്‍ക്കെതിരെ ഭരണഘടന കാട്ടിക്കൊടുത്ത വഴികളിലൂടെ കലഹിക്കാനൊരുങ്ങിയ ഇരുപത് സ്ത്രീകള്‍ക്കുള്ള ആദരവും.

(ചിന്ത വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top