29 March Friday

ജീവിതമെന്ന നിത്യചലനം.

അഭിലാഷ് മേലേതില്‍Updated: Saturday Feb 3, 2018

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

ഒരു വ്യക്തിയുടെ ജീവിതമോ അതിലെ സന്തോഷ സന്താപങ്ങളോ അല്ല Reservoir 13ൽ പ്രതിപാദിയ്ക്കപ്പെടുന്നത്, ഒരു ഗ്രാമീണ സമൂഹത്തിന്റേതു മൊത്തമാണ്. എഴുത്തുകാരൻ അവയിലേയ്ക്ക് നോക്കാൻ വച്ച ഒരു ദൂരദർശിനിപോലെയാണ് ഈ നോവൽ Jon McGregor ന്റെ 'Reservoir 13' നെപ്പറ്റി അഭിലാഷ് മേലേതില്‍  എഴുതുന്നു.

Jon McGregor എന്ന എഴുത്തുകാരന്റെ നാലാമത്തെ നോവലാണ് "Reservoir 13". കഴിഞ്ഞ ബുക്കർ ലോങ്ങ് ലിസ്റ്റിൽ ഇത് ഇടം പിടിച്ചിരുന്നു. വായനക്കാരെ പലതട്ടിലാക്കുന്ന തരം ഘടനയും ഉള്ളടക്കവുമാണ് ഈ നോവലിനുള്ളത് - ചിലരതു വെല്ലുവിളി പോലെ സ്വീകരിച്ചേയ്ക്കാം, മറ്റുള്ളവർ തള്ളുകയും ചെയ്തേക്കാം. “The river is moving, The blackbird must be flying" എന്ന Wallace Stevens-ന്റെ കവിതയിലെ ഒരു ഭാഗം ഉദ്ധരണിയായി നോവലിന്റെ ആദ്യത്തിലുണ്ട് (Thirteen Ways of Looking at a Blackbird എന്ന കവിത). നോവലിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ഒരു (സുന്ദരമായ) സൂചനയായി ഈ വരികളെ കാണാം. പതിമൂന്നു ശ്ലോകങ്ങളുള്ള ഒരു കവിതയാണിത്. നോവലിനുമുണ്ട് പതിമൂന്നു ഭാഗങ്ങൾ.  ഈ കവിതയിൽ പറഞ്ഞപോലെ ചലനമാണ് (Movement) ഈ നോവലിന്റെ അടിസ്ഥാന സ്വഭാവം. അത് തന്നെയാണ് ജീവിതമെന്നു സമർത്ഥിയ്ക്കുകയാണ് എഴുത്തുകാരൻ.    

ഒഴിവുകാലസന്ദർശനത്തിന് വന്ന, പതിമൂന്നുകാരിയായ റെബേക്ക (പേരതുതന്നെയെന്ന് ആർക്കും ഉറപ്പില്ല, അവളെ പലർ, പല പേരുകൾ വിളിയ്ക്കുന്നുണ്ട് ) എന്ന പെൺകുട്ടിയെ ഒരു ദിവസം ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിൽ വച്ച് കാണാതാകുന്നു. അവളെ കണ്ടുപിടിയ്ക്കാൻ പോലീസും നാട്ടുകാരും എല്ലാം ശ്രമിയ്ക്കുന്നു - അവളെവിടെപ്പോയെന്ന് ആർക്കും ഒരൂഹവുമില്ല. അതിനെപ്പറ്റിയുള്ള പല കഥകൾ നമ്മൾ കേൾക്കുന്നു. കേട്ടുകൊണ്ടേയിരിയ്ക്കുന്നു, നോവലിലുടനീളം. എന്നാൽ കഥ, ഗ്രാമത്തിലെ ആളുകളുടെ ജീവിതം ആ ഒരു സംഭവത്തിനുശേഷം, എങ്ങനെ മാറിമറിഞ്ഞു എന്നതിലാണ് ഊന്നുന്നത്. റെബേക്കയുമായി സൗഹൃദം സ്ഥാപിച്ചെടുത്ത നാലു സമപ്രായക്കാരുടെ കഥയുണ്ട് കൂട്ടത്തിൽ. അതിൽ ജെയിംസ് എന്ന പയ്യൻ താൻ റെബേക്കയുമായി പ്രേമത്തിലായിരുന്നു എന്ന് സൂചിപ്പിയ്ക്കുന്നു. എന്നാൽ അവൻ അവളെ കാണാതായ ദിവസം അവളോടൊത്തുണ്ടായിരുന്നു എന്നത് മറച്ചുവെയ്ക്കുന്നു. ഇത് രണ്ടു വർഷങ്ങൾക്കു ശേഷം അവൻ അച്ഛനമ്മമാരോട് പറയുന്നത് കുടുംബകലഹത്തിനിടയാക്കുന്നു. ആ ദമ്പതികൾ പിന്നീട് വിവാഹമോചനം നേടിയെന്നു നോവലിൽ ഒരിടത്തു പറയുന്നുണ്ട്. ഇത്തരത്തിൽ അന്നാട്ടിലെ ജീവിതം മുന്നോട്ടൊഴുകുകയാണ്. റിസർവോയറുകളിൽ വെള്ളം നിറയുകയും ഒഴിയുകയും ചെയ്യുന്നു. അടുത്തുള്ള കാട്ടിലെ മൃഗങ്ങൾ ഇണചേരുകയും പക്ഷികൾ കൂടുവെയ്ക്കുകയും മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുകയും അവയ്ക്കുവേണ്ടി ഇരതേടുകയും ഒക്കെ ചെയ്യുന്നു. മരങ്ങൾ പൂക്കുകയും ഇലകൾ പൊഴിയ്ക്കുകയും ചെയ്യുന്നു.

മലയടിവാരത്തിൽ ക്വാറികൾ തുറക്കുന്നു. അവയ്ക്കെതിരെ പ്രതിഷേധങ്ങൾ വർഷങ്ങളോളം നടക്കുന്നതായിക്കാണാം. ജെയിംസും സുഹൃത്തുക്കളും സ്‌കൂൾ കഴിഞ്ഞു യൂണിവേഴ്സിറ്റിയിൽ പഠിയ്ക്കാൻ പോകുന്നു. എന്നാൽ പെൺകുട്ടിയെ ആരും മറക്കുന്നില്ല, അവൾ അവരുടെ ജീവിതത്തിലെ ഒരു നിത്യസാന്നിധ്യമാണ്. കോളേജിൽ വച്ച് മറ്റുള്ള കുട്ടികൾ, അവരുടെ ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ, അവളെപ്പറ്റി ചോദിയ്ക്കുന്നു, ഇതെന്തൊരു ശല്യമാണെന്ന് കുട്ടികൾ വീട്ടിൽ വന്നു പറയുന്നു. ഫേസ്ബുക്കിൽ അവളുടെ പേരിൽ ആരോ വ്യാജ പ്രൊഫൈൽ തുടങ്ങിയെന്ന് ഒരിടത്തുണ്ട്. അവൾ നേപ്പാളിലോ ഇന്ത്യയിലോ ഉണ്ടെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. ഈ യുവാക്കളെ മാത്രമല്ല എന്നാൽ കഥ പിന്തുടരുന്നത്, ചുറ്റുപാടുമുള്ള ഒരു കൂട്ടം ആളുകളെയാണ്.   


സ്‌കൂളിലെ കെയർടേക്കർ ആയി ജോലിചെയ്യുന്ന ജോൺസ്‌ എന്ന മധ്യവയസ്‌കൻ ചൈൽഡ് പോണോഗ്രഫി കൈവശം വച്ചതിനു  പോലീസ് പിടിയിലാകുന്നുണ്ട്. അയാൾ സ്‌കൂൾ അധികൃതരുമായി സുഖത്തിലായിരുന്നില്ല. അവർ അയാളെ കുടുക്കിയതായിരിക്കുമോ? ജയിലിൽ നിന്ന് പുറത്തുവന്നശേഷം അയാൾ പള്ളി വികാരിയോട് (സ്ത്രീയാണ്) പറയുന്നുണ്ട്, താൻ തെറ്റുകാരനായിരുന്നില്ല എന്ന്, എന്നാൽ അപ്പോഴും വികാരിയ്ക്കു തോന്നുന്നത് അയാൾ തന്നെ കയ്യേറ്റം ചെയ്യാൻ ഒരുങ്ങുകയാണ് എന്നാണ്. ജോൺസിന്റെ പെങ്ങൾക്ക് ചെറുപ്പം മുതലേ സുഖമില്ലായിരുന്നു അതിലെന്തോ അസ്വാഭാവികതയുണ്ടായിരുന്നു എന്നും നമ്മൾ ആദ്യഭാഗത്തു ഒരിടത്തു വായിയ്ക്കുന്നുണ്ട്. ഇങ്ങനെ ഒന്ന് കണ്ണുചിമ്മിയാൽ ശ്രദ്ധയിൽപ്പെടാതെ പോയേയ്ക്കാവുന്ന ചെറിയ കാര്യങ്ങളിലാണ് ഈ നോവലിന്റെ ശക്തിയിരിയ്ക്കുന്നത്. മാർട്ടിൻ എന്ന ഇറച്ചിക്കടക്കാരന്റെ കട ബാങ്ക് ജപ്തി ചെയ്യുന്നു. അയാൾ പിന്നീട് വിവാഹമോചനം നേടുന്നു. എന്നാൽ അയാൾ ഭാര്യയ്ക്ക് വാലെന്റൈൻസ് ഡേയ്ക്ക്  കാർഡയയ്ക്കുന്നു, അവരതു ചോദ്യം ചെയ്യുമ്പോൾ അയാൾ കാർഡയച്ചത് നിഷേധിയ്ക്കുകയാണ് ചെയ്യുന്നത്. അയാൾ ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേയ്ക്ക് പോയിക്കൊണ്ടിരിക്കുന്നതായി നോവലിൽ കാണാം. ഒരിടത്തു അയാൾ രണ്ടുപേർക്കൊപ്പം ലൈസൻസില്ലാത്ത തോക്കുമായി വേട്ടയ്ക്കുപോയി ഒരപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നു. അയാൾ ജോൺസിന്റെ ചെയ്തികളെ ന്യായീകരിയ്ക്കാൻ ശ്രമിയ്ക്കുന്ന ഒരു രംഗമുണ്ട് ഒരിടത്ത്. ജോൺസിന്റെ പക്കലുണ്ടായിരുന്നതു കുട്ടികളുടെയല്ല കൗമാരക്കാരുടെ പോൺ ആയിരുന്നെന്ന് അയാൾ പറയുമ്പോൾ ഒപ്പമുള്ളവർ അത്ഭുതപ്പെടുന്നു - പതിമൂന്നുകാരി എന്ന് പറഞ്ഞാൽ കുട്ടിയല്ലേ എന്നൊരാൾ ചോദിയ്ക്കുന്നു. മാർട്ടിൻ തന്റെ കമ്പ്യൂട്ടർ നശിപ്പിയ്ക്കുന്നുമുണ്ട്. എന്തായിരുന്നു അതിലുണ്ടായിരുന്നത് ? ജോൺസായിരുന്നോ പെൺകുട്ടിയുടെ തിരോധാനത്തിനും പിറകിൽ?      

റിച്ചാർഡ് എന്നയാളുടെ അമ്മ ഭർത്താവിന്റെ മരണത്തിനുശേഷം തന്റെ വീട് പുത്തൻപോലെ പെയിന്റ് ചെയ്‌തെടുക്കുന്നു. എന്നാൽ അവർക്കു ശാരീരിക അവശതകളുണ്ട്. അവരെ നോക്കാൻ വരുന്ന മകൻ ആ സ്ത്രീയുടെ സാവധാനമുള്ള തകർച്ച കാണുന്നു. ആദ്യമൊക്കെ അവർ കസേരയിൽ നിന്ന് ഇടയ്ക്കിടയ്ക്ക് വീഴുകയും എഴുന്നേൽക്കാൻ  ബുദ്ധിമുട്ടുകയുമൊക്കെയാണ്, പതിയെ അവർ കിടപ്പാകുന്നു. പിന്നെ അവർ ആശുപത്രിയിലാകുന്നു. അമ്മയുടെ മരണത്തിനുശേഷവും അയാളും സഹോദരിമാരും തമ്മിലുള്ള പലവിധ തർക്കങ്ങൾ തുടരുകയാണ്. റിച്ചാർഡ് അതിനിടയിലും പഴയകാല കാമുകിയോട് വീണ്ടുമടുക്കുന്നുണ്ട്. അവർക്ക് അയാളോട് വിരോധമൊന്നുമില്ല എന്നാൽ അയാളോടൊത്തു ഇനിയൊരു ജീവിതം സാദ്ധ്യമോ എന്നതവർക്കു തീർച്ചയില്ല. അയാളാണെങ്കിൽ എല്ലാം ശരിയായ മട്ടിലാണ് മുന്നോട്ടു പോകുന്നത്. ബിബിസിയിൽ ജോലി ചെയ്യുന്ന സു കൂപ്പർ ഇരട്ടക്കുട്ടികളെ വളർത്താൻ ബുദ്ധിമുട്ടുന്നു. ആ വിദൂര സ്ഥലത്തു കുട്ടികളുടെമേലെ സദാ ശ്രദ്ധയാവശ്യമുള്ളത് അവരുടെ ജോലിയെ ബാധിയ്ക്കുന്നു. അവർക്കു തിരികെ താൻ വളർന്ന നഗരത്തിൽ പോകണമെന്നുണ്ട് എന്നാലത് നടക്കുന്നില്ല. ബിബിസിയിൽ ചെലവുകുറയ്ക്കലിന്റെ ഭാഗമായി ആളുകളെ പറഞ്ഞുവിടുന്നുണ്ട്, അവർ സുവിനും ഒരു പാക്കേജ് ഓഫർ ചെയ്യുന്നു. അവരത് സ്വീകരിച്ചില്ല, തൊട്ടടുത്ത വർഷം അതിലും കുറഞ്ഞ പാക്കേജിൽ  അവരെ ബിബിസി പറഞ്ഞുവിടുന്നു. അവരുടെ കുട്ടികൾ വർഷങ്ങൾക്കുശേഷം പിക്നിക്ക് പോയി വന്ന് അമ്മയോട് കാണാതായ പെൺകുട്ടിയെപ്പറ്റി ചോദിയ്ക്കുന്നു. സു പെട്ടെന്ന് ആശങ്കയിലാകുന്നു. കുട്ടികളോട് ഒരിയ്ക്കലും മലമുകളിലെ ഗുഹകളിലും കാട്ടിലും അതുപോലെയുള്ള സ്ഥലങ്ങളിലും ഒറ്റയ്ക്ക് പോകില്ലെന്ന് വാക്കുകൊടുക്കാൻ പറയുകയാണ് അവർ. ഇങ്ങനെ പെൺകുട്ടിയെ കാണാതായതിനുശേഷമുള്ള പതിമൂന്നു വർഷങ്ങളിൽ ആ ഗ്രാമത്തിലുണ്ടായിരുന്ന ആളുകളുടെ ജീവിതങ്ങളിൽ അവളുടെ ഒഴിയാത്ത സാന്നിധ്യം വരച്ചു വെയ്ക്കുകയാണ് കഥാകാരൻ. മലമുകളിൽ, കാട്ടിൽ എല്ലാമായി അലഞ്ഞു നടക്കുന്ന പെൺകുട്ടിയുടെ അച്ഛൻ, അയാൾ വിവാഹമോചനം നേടി എന്ന് പറയപ്പെടുന്നത്, വർഷങ്ങൾക്കു ശേഷവും അനുഷ്ഠാനം പോലെ അയാൾ മകളെ കണ്ടെന്നു പറയപ്പെടുന്ന സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്, പിന്നെ ക്വാറിയ്ക്കെതിരെ നടക്കുന്ന അക്രമത്തിൽ പങ്കുണ്ടെന്നു പറഞ്ഞു അയാളെ പോലീസ് അറസ്റ്റു ചെയ്യുന്നത്  - വളരെ തുച്ഛമായ സംഭാഷണങ്ങളുള്ള നോവലിൽ ജീവിതത്തിന്റെ ക്രൂരത, അതിന്റെ സങ്കീർണ്ണത, എന്നാൽ പഴയ കാലം മറന്നെന്ന പോലെയുള്ള അതിന്റെ മുന്നോട്ടുള്ള പ്രവാഹം, മലമുകളിൽ നിന്നൊഴുകിവരുന്ന അന്നാട്ടിലെ നദിയെപ്പോലെ അത് കരകളിൽ വിട്ടിട്ടുപോകുന്ന എക്കൽ പോലെയുള്ള ജീവിതങ്ങൾ - എഴുത്തുകാരന്റെ സൂക്ഷ്മ ദൃഷ്ടിയിലൂടെ നമ്മൾ എല്ലാം കണ്ടുകൊണ്ടിരിയ്ക്കുകയാണ്. അലസമെന്നു തോന്നിയ്ക്കുന്ന, പലപ്പോഴും ആവർത്തിയ്ക്കുന്ന വിവരണങ്ങളിലൂടെ ജീവിതം, നിറയുകയും ഒഴിയുകയും ചെയ്യുന്ന ഒരു സംഭരണിപോലെയാണ് എന്ന് കാണിയ്ക്കുകയാണ് നോവൽ. ഋതുക്കൾ മാറി വരുന്ന മുറയ്ക്ക് അത് മുന്നോട്ടു നീങ്ങുന്നു - ആളുകൾ ജനിയ്ക്കുന്നു, ജീവിയ്ക്കുന്നു, മരിയ്ക്കുന്നു, അതൊന്നും ലോകക്രമത്തിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. പെൺകുട്ടിയെ എന്നാൽ ഗ്രാമത്തിലുള്ള ആരും മറക്കുന്നില്ല. അവളെ ഓർമ്മിപ്പിയ്ക്കുന്ന എന്തെങ്കിലുമൊക്കെ എപ്പോഴും സംഭവിയ്ക്കുന്നുണ്ട്. അവസാന അധ്യായത്തിലും അവളെക്കുറിച്ചുള്ള, ആവർത്തിച്ചു വരുന്ന വാചകങ്ങളുണ്ട്. 

The girl’s name was Rebecca, or Becky, or Bex. She had been looked for, everywhere. She had been looked for in the lambing sheds on Jackson’s farm, people moving through the thick stink of frightened ewes and climbing up into the lofts and squeezing behind the stacks of baled hay, and in the darkness outside great heaving lungfuls of fresh air were taken as people made their way across the field to the other barns. She had been looked for in the caves, and in the quarries, and in the reservoirs and all across the hills. It was no good. Dreams were had about her, still. There were dreams about her catching a bus to a railway station and boarding a train which ran out of control and hurtled off the rails. There were dreams where she ran down to the road and met a man with a car who took her to a ferry. Dreams where she ran and just kept running, to the road, to a bus station, to a city where she could find enough places to hide. There were dreams about finding her on the night she went missing, stumbling across her on the moor in the lowering dark and helping her back to her parents. In the dreams the parents said thank you, briefly, and people muttered something about it being no problem at all.    

Jon McGregor-ന്റെ മുൻ നോവലുകളിലും ഇതുപോലെയുള്ള surveillance മാതൃകയിലുള്ള എഴുത്തുകാണാം. അയാളുടെ തേച്ചുമിനുക്കിയെടുത്ത, ധാരാളിത്തമില്ലാത്ത ഭാഷ ഈ നോവലുകളെ ആകർഷകമാക്കുന്നതിൽ വലിയ പങ്കു വഹിയ്ക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവിതമോ അതിലെ സന്തോഷ സന്താപങ്ങളോ അല്ല Reservoir 13-ൽ പ്രതിപാദിയ്ക്കപ്പെടുന്നത്, ഒരു ഗ്രാമീണ സമൂഹത്തിന്റേതു മൊത്തമാണ്. എഴുത്തുകാരൻ അവയിലേയ്ക്ക് നോക്കാൻ വച്ച ഒരു ദൂരദർശിനിപോലെയാണ് ഈ നോവൽ. ഭാഷാസൗന്ദര്യമുണ്ടെങ്കിലും, അത്തരമൊരു കാഴ്ചയ്ക്ക് താൽപ്പര്യമുള്ള ഒരു ന്യൂനപക്ഷത്തിന് വേണ്ടി എഴുതപ്പെട്ട നോവലാണിത് എന്ന വസ്തുത എടുത്തുപറയേണ്ടതുണ്ടെന്ന് തോന്നുന്നു.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top