24 September Saturday

വിസ്‌മൃതിയിലാണ്ട ദീർഘപ്രയാണം - ‘ജംഗം' എന്ന അസമീസ്‌ നോവലിനെ മുൻനിർത്തി ചരിത്രം ആരായുന്നു

രാഹുൽ രാധാകൃഷ്ണൻUpdated: Wednesday Jul 13, 2022

യുദ്ധക്കെടുതികളെ കുറിച്ചുള്ള മുന്നറിയിപ്പും പലായനത്തിന്റെ തിക്തതകളും മാനസിക പിരിമുറുക്കങ്ങളും അന്തർധാരയാവുന്ന ദേബേന്ദ്രനാഥ് ആചാര്യയുടെ ‘ജംഗം' എന്ന അസമീസ്‌ നോവലിനെ മുൻനിർത്തി  മനുഷ്യരുടെ നിലനിൽപ്പിന്റെയും കാത്തിരിപ്പിന്റെയും അനിശ്ചിതത്വത്തിന്റെയും ചരിത്രം ആരായുന്നു.

വിശ്വാസങ്ങൾ  നഷ്ടപ്പെട്ടുപോകുകയും മനുഷ്യരുടെ ഇടയിലുള്ള പരസ്പരധാരണ ഇല്ലാതാകുന്നത് സാധാരണമാകുകയും ചെയ്യുന്നതോടെ ലോകത്തിന്റെ കെട്ടുറപ്പ് കുറയുകയാണ്. ജീവിതവുമായി  അടുത്ത് ചേർന്നുകിടക്കുന്ന വിധത്തിൽ, മനുഷ്യവർഗത്തിന്റെ ഉത്കണ്ഠകളുടെയും ആകുലതകളുടെയും ചരിത്രം ഏതെല്ലാം തരത്തിലാണ് അടയാളപ്പെടുത്തേണ്ടത് എന്നതിന് നിയതമായ ചിട്ടവട്ടങ്ങളില്ല. നിലനിൽപ്പിന്റെയും കാത്തിരിപ്പിന്റെയും അനിശ്ചിതത്വത്തിന്റെയും താളുകൾ മറിക്കാനുള്ള യത്നത്തിൽ ലോകവും മാറുന്നു. പുതിയ ഇടം തേടിക്കൊണ്ടുള്ള ഒരു വലിയ സംഘം മനുഷ്യരുടെ ചലനം സ്പഷ്ടമായി നമുക്ക് മുന്നിലുണ്ട്.

അതിർത്തികളിലേക്ക് ഗൂഢമായി നീങ്ങുന്ന അഭയാർഥികളുടെ  പദചലനത്തിന്റെ താളം ഒരേ പോലെയാണെന്ന പ്രസ്താവന കേവലം കാൽപ്പനികമായി കാണേണ്ടതില്ല. ചരിത്രം നഷ്ടങ്ങളുടെ സ്ഥിതിവിവരപ്പട്ടികയായി പരിണമിക്കുന്നതിന്റെ ചിത്രമാണ് ഇത്തരം പലായനങ്ങൾ സ്ഥാപിക്കുന്നത്. സംഘർഷഭരിതമായ ലോകത്തിന്റെ ചുവരെഴുത്തുകൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് സ്വത്വബോധത്തെ വിസ്മൃതിയിലാക്കി കാലുറച്ചു നിൽക്കാനുള്ള ഇടം തേടിയുള്ള ഓട്ടത്തിലാണ് അഭയാർഥികൾ. പ്രസ്തുതഘട്ടത്തിൽ അതുവരെ പിന്തുടർന്ന ജീവിതക്രമവും ശൈലിയും കൈവിടേണ്ടതായി വരുന്നത് സ്വാഭാവികമാണ്.

നേരത്തെ ആലോചിക്കാത്ത സാഹചര്യങ്ങൾ അപ്രതീക്ഷിതമായി ഭ്രമണം ചെയ്യുന്നതോടെ മനുഷ്യർ സമ്മർദത്തിന്റെ പിടിയിലാവുന്നു. ഈ അവസ്ഥയാണ് രണ്ടാംലോകയുദ്ധത്തിന്റെ കാലത്ത് ബർമയിലെ ഇന്ത്യൻവംശജരുടെ ഇടയിൽ രൂപപ്പെട്ടത്.  1941 ഡിസംബറിൽ ബ്രിട്ടനും ജപ്പാനുമായുള്ള യുദ്ധത്തിന് തുടക്കമാവുകയും രണ്ടാഴ്ചയ്ക്കുള്ളിൽ അതിന്റെ പ്രത്യാഘാതം ബർമയിൽ അനുഭവപ്പെടുകയും ചെയ്തു.  ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ പ്രതിരോധം പാളുകയും അവർ പല തരത്തിലുള്ള പിൻവാങ്ങലുകൾക്ക് നിർബന്ധിതരാവാനും തുടങ്ങി.

1824 മുതൽ  ബ്രിട്ടീഷുകാർ ബർമയിലേക്ക് കടന്നുകയറി. 1885ൽ അത് പാരമ്യത്തിലെത്തുകയും ബർമ പൂർണമായും ബ്രിട്ടീഷ് അധീനതയിലാവുകയും ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആധിപത്യം ഉറപ്പിച്ച പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തന്നെ ഇന്ത്യയിൽ നിന്ന് ബർമയിലേക്കുള്ള കുടിയേറ്റം ആരംഭിച്ചു. ഇതിനും മുമ്പ് തന്നെ ഇന്ത്യക്കാർ  ബർമയിൽ  അങ്ങിങ്ങായി വാസസ്ഥാനമാക്കിയിരുന്നു. ബർമയിലെ ബ്രിട്ടീഷ് ഭരണകൂടം ദൈനംദിന ജോലി ആവശ്യങ്ങൾക്കായി ഇന്ത്യക്കാരെ അവിടേക്ക് കൊണ്ടുപോയി. 1897ലെ ചുഴലിക്കാറ്റും കാലാവസ്ഥാ വ്യതിയാനങ്ങളും കൂടുതൽ ഇന്ത്യക്കാരെ ബർമയിലേക്കെത്തിച്ചു.

പത്തുലക്ഷത്തിന്മേൽ ഇന്ത്യൻ വംശജർ ബർമയിൽ വസിച്ചിരുന്നുവെന്നാണ് 1931ലെ കണക്കുകൾ സൂചിപ്പിക്കുന്നത്. അവയിൽ ഒരു വലിയ പങ്കും ഇന്ത്യയിൽ ജനിച്ചവരായിരുന്നു. ബർമയിലെ തദ്ദേശീയർക്ക് ഇന്ത്യക്കാരോട് അമർഷവും നീരസവും ഉണ്ടായിരുന്നു. വംശീയമായ വെറുപ്പ് ഇന്ത്യക്കാർക്കെതിരെ പ്രകടമായി കാണപ്പെട്ടു. കപ്പൽശാലയിലെ വേതനവുമായി ബന്ധപ്പെട്ട്  1930ൽ നടന്ന പ്രക്ഷോഭത്തിൽ നൂറോളം ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യക്കാർക്കെതിരെയുള്ള എതിർപ്പുകൾ അവിടവിടെയായി പുകഞ്ഞുകൊണ്ടിരുന്നെങ്കിലും ജപ്പാന്റെ വരവോടെ അത് തീവ്രമായി. ലഭ്യമായ കണക്കനുസരിച്ച് അഞ്ചുലക്ഷത്തോളം ഇന്ത്യക്കാർ  മറ്റു സൗകര്യങ്ങളൊന്നും ലഭിക്കാതെ, നടന്നു കൊണ്ട് സ്വരാജ്യത്ത് മടങ്ങിയെത്തി. 1941ന്റെ ഒടുവിൽ റംഗൂണിൽ നടന്ന ബോംബാക്രമണമാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്.

േബാംബ്‌ സ്‌ഫോടനത്തിൽ തകർന്ന റങ്കൂണിലെ തെരുവ്‌

േബാംബ്‌ സ്‌ഫോടനത്തിൽ തകർന്ന റങ്കൂണിലെ തെരുവ്‌

1942ൽ, ജാപ്പനീസ് സൈന്യം സമ്പൂർണമായ ആധിപത്യം ബർമയിൽ സ്ഥാപിച്ചതോടെ, ഗത്യന്തരമില്ലാതെ സാധാരണക്കാർ കൈയിലെടുക്കാവുന്ന വസ്തുക്കളുമായി കാട്ടിലേക്ക് പലായനം ചെയ്തു തുടങ്ങി. അതൊരു സൂചന മാത്രമായിരുന്നു. ബർമയിൽ നിന്ന്‌ ഒരു കൂട്ടം ആളുകളുടെ കാടുകളും  മലകളും പുഴകളും മുറിച്ചുകടന്നുകൊണ്ടുള്ള മഹാപ്രയാണം ചരിത്രത്തിന്റെ ഭാഗമായി അടയാളപ്പെടുത്തിയിട്ടുണ്ട്. കൊതുകും അട്ടയും ഈച്ചയും പാമ്പും മറ്റു ഹിംസ്രജന്തുക്കളും അവരുടെ യാത്രയിലെ വിഘ്‌നങ്ങളായിരുന്നു. സഹായഹസ്തം എവിടെ നിന്നെങ്കിലും നീളുമോ എന്ന് യാതൊരു തീർച്ചയുമില്ലാതെ തുടങ്ങിയ ഈ കൂട്ടപ്പലായനം, എല്ലാം ഉപേക്ഷിച്ചു ജീവൻ കൊണ്ട് രക്ഷപ്പെടുന്നവരുടെ ചരിത്രമാണ് അനാവരണം ചെയ്യുന്നത്.

ബർമയിൽ തുടർന്നാലുണ്ടാവുന്ന അനിശ്ചിതത്വത്തെക്കാൾ പലായനത്തിന്റെ  പ്രവചിക്കാനാവാത്ത തിക്തത അനുഭവിക്കാൻ അവർ ഒരുക്കമായി. നാലുമാസത്തോളം ജപ്പാന്റെ ആക്രമണം അവിടെ നീണ്ടുനിന്നിരുന്നു. 1942 ജൂൺ, ജൂലൈ വരെ ഇന്ത്യൻ അഭയാർഥികളുടെ പലായനം വ്യാപകമായി തുടർന്നു. റങ്കൂണിന്റെ പതനത്തിന് മുമ്പ് 70,000 ഇന്ത്യക്കാരെ കടൽമാർഗം ഇന്ത്യയിലേക്ക് ഒഴിപ്പിക്കുകയും 1942 ഏപ്രിൽ, മെയ് മാസങ്ങളിലായി  4,801 ഇന്ത്യക്കാരെ വടക്കൻ ബർമയിൽ നിന്ന് വിമാനമാർഗം അയയ്ക്കുകയും  ചെയ്തിരുന്നു.

ഇവ രണ്ടും ഒഴിച്ച് നിർത്തിയാൽ ബാക്കിയുള്ള  പലായനം മുഴുവനും  നടന്നത് കരയിലൂടെയാണ്; ഒന്നുകിൽ അരക്കൻ വഴി ചിറ്റഗോങ്ങിലേക്ക്, അല്ലെങ്കിൽ ചിൻഡ്‌വിൻ താഴ്‌വരയിലൂടെ മണിപ്പൂരിലേക്ക്.

ദേബേന്ദ്രനാഥ് ആചാര്യ

ദേബേന്ദ്രനാഥ് ആചാര്യ

കൂട്ടം പിരിഞ്ഞുനടന്ന അവശേഷിച്ചവരെ വടക്കൻ ചുരങ്ങൾ വഴി ലെഡോയിലേക്കും വടക്കൻ അസമിലെ ഇടങ്ങളിലേക്കും എത്തിച്ചു. കടൽമാർഗവും അരക്കൻ വഴിയുമുള്ള യാത്രാപഥം അടച്ചതോടെ  ആയിരക്കണക്കിന് ഇന്ത്യക്കാർ തൊള്ളായിരം മൈൽ അകലെയുള്ള അസമിൽ എത്താമെന്ന പ്രതീക്ഷയിൽ വടക്കുഭാഗത്തേക്ക് യാത്ര തിരിച്ചു. ചിലർക്ക് കാളവണ്ടി സംഘടിപ്പിക്കാൻ കഴിഞ്ഞു. എങ്കിലും ഭയവും ഉത്കണ്ഠയും മാത്രമായിരുന്നു അവർക്കും കൂട്ട്.  കൈക്കുഞ്ഞുങ്ങളോടൊപ്പം സ്ത്രീകൾ അരിയും പാചകം ചെയ്യുന്ന പാത്രങ്ങളും തലയിൽ ചുമന്നുകൊണ്ടു പോയിരുന്ന രംഗം ആലോചിക്കാൻ പോലും  പ്രയാസകരമാണ്.

യാത്രയുടെ ആദ്യത്തെ ഇരുന്നൂറു മൈലുകളോളം പ്രദേശവാസികൾ അഭയാർഥികളോട് പരസ്യമായി ശത്രുത പ്രകടമാക്കി. വല്ലാത്ത തരത്തിലുള്ള സാമ്പത്തികബാധ്യതയും ഇതിന്റെ ഭാഗമായി  ഉരുണ്ടുകൂടി. 1942ലെ അസം ബജറ്റിൽ അഭയാർഥികൾക്കായുള്ള ഭക്ഷണത്തിനും താമസത്തിനുമായി വലിയ ഒരു തുക മാറ്റിവെക്കേണ്ടി വന്നിരുന്നു. കരയിലൂടെ കുറഞ്ഞത് നാലുലക്ഷം  അഭയാർഥികളെങ്കിലും അസമിലേക്ക് പലായനം ചെയ്തതായി കരുതപ്പെടുന്നുണ്ട്. ഇക്കൂട്ടത്തിൽ അരലക്ഷത്തോളം ബ്രിട്ടീഷുകാരും ഉണ്ടായിരുന്നു. അഞ്ചുലക്ഷത്തോളം ആളുകൾ ഇന്ത്യയിൽ എത്തിയെന്നാണ് കണക്കെങ്കിലും ഈ പ്രയാണത്തിൽ മരണപ്പെട്ടവരുടെ കൃത്യമായ പട്ടിക തയ്യാറാക്കിയിട്ടില്ല.

എങ്കിലും ഏതാണ്ട് ഒരുലക്ഷം പേർ മരിച്ചിരിക്കാമെന്നു ഊഹിക്കുന്നു. ഇത്തരമൊരു പലായനത്തിന് 

ചരിത്രത്തെ ഫിക്ഷനാക്കി അവതരിപ്പിക്കുന്നത് എളുപ്പമല്ല. ആ ഉദ്യമമാണ് അസമീസ് ഭാഷയിൽ രചിക്കപ്പെട്ട ‘ജംഗം' എന്ന നോവൽ. ദേബേന്ദ്രനാഥ് ആചാര്യയുടെ ഈ നോവലിന് 1984ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

ചരിത്രത്തെ ഫിക്ഷനാക്കി അവതരിപ്പിക്കുന്നത് എളുപ്പമല്ല. ആ ഉദ്യമമാണ് അസമീസ് ഭാഷയിൽ രചിക്കപ്പെട്ട ‘ജംഗം' എന്ന നോവൽ. ദേബേന്ദ്രനാഥ് ആചാര്യയുടെ ഈ നോവലിന് 1984ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. നാല്പത്തിനാലാം വയസ്സിൽ മരണപ്പെട്ട നോവലിസ്റ്റ് മറ്റു മൂന്നു ചരിത്രനോവലുകൾ കൂടി എഴുതിയിട്ടുണ്ട്. അമിത് ആർ ബൈഷ്യയാണ് ‘ജംഗം' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.

യുദ്ധക്കെടുതികളെ കുറിച്ചുള്ള മുന്നറിയിപ്പും പലായനത്തിന്റെ തിക്തതകളും സ്ഥാനചലനത്തിന്റെ മാനസിക പിരിമുറുക്കങ്ങളും അന്തർധാരയാവുന്ന നോവൽ മനുഷ്യരുടെ നിസ്സഹായതയുടെ ആഖ്യാനമാണ്. ബർമയിലെ മങ്കു എന്ന ഗ്രാമപ്രദേശത്തെ ഇന്ത്യൻ വംശജരുടെ ജീവിതത്തെ മുൻനിർത്തിയാണ് നോവലിലെ അധ്യായം ആരംഭിക്കുന്നത്. ഐരാവതി നദി ആ ഗ്രാമത്തെ ചുറ്റി ഒഴുകുന്നുണ്ട്. നദിയുടെ പടിഞ്ഞാറേ തീരത്താണ് അരക്കൻ പർവതനിരകൾ സ്ഥിതി ചെയ്യുന്നത്. വെള്ളിനിറത്തിലുള്ള ഐരാവതിയിലെ ജലം അസ്തമയസൂര്യന്റെ രശ്മികളാൽ കുങ്കുമവർണമാവുന്ന മാന്ത്രികത അന്നാട്ടുകാർക്ക് ഒരു അത്ഭുതമേ ആയിരുന്നില്ല.

അമിത് ആർ ബൈഷ്യ

അമിത് ആർ ബൈഷ്യ

മാന്ദലെ(Mandalay)  എന്ന നഗരത്തെ സംബന്ധിച്ചും  അവിടത്തെ പ്രസിദ്ധമായ ബുദ്ധപ്രതിമയെ കുറിച്ചും നോവലിൽ വിവരിക്കുന്നു.  നിരന്തരമുള്ള ബുദ്ധപ്രാർഥനകളാൽ മുഖരിതമായ ഇടം യുദ്ധത്തോടെ താറുമാറായ സ്ഥിതിയാണ് എഴുത്തുകാരൻ അവതരിപ്പിക്കുന്നത്.  അവിടെ സ്ഥാപിക്കപ്പെട്ട ബുദ്ധപ്രതിമ, ബുദ്ധമതം സ്വീകരിച്ച തഥാഗതനെ സ്വാഗതം ചെയ്യാനായി ഇന്ദ്രൻ  സ്വന്തം കരങ്ങളാൽ നിർമിച്ചതാണെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.

കൃഷിപ്പണി ചെയ്തു ഉപജീവനമാർഗം കണ്ടെത്തിയിരുന്ന  ഇരുപതു കുടുംബങ്ങളാണ് മങ്കുവിൽ ഉണ്ടായിരുന്നത്. അക്കൂട്ടത്തിൽ  മൂന്ന് കുടുംബങ്ങൾക്ക് മാത്രമേ സ്വന്തമായി ഭൂമി ഉണ്ടായിരുന്നുള്ളൂ. ബർമക്കാരും ഇന്ത്യൻ വംശജരും അവരുടെ ഇടയിലുണ്ടായിരുന്നു. ആറുമാസം ഭക്ഷണവും അടുത്ത ആറുമാസം പട്ടിണിയും എന്ന നിലയിലാണ് പ്രസ്തുത കർഷകരുടെ  ജീവിതശൈലി. മങ്കുവിലെ  ബർമീസ് കർഷകർ ഒരുകാലത്തു സമ്പന്നരായിരുന്നു. എന്നാൽ ശ്രദ്ധക്കുറവോടെ ജീവിച്ച അവർ കടക്കെണിയിൽ പെടുകയും അതിജീവനത്തിനായി ഇന്ത്യക്കാരായ ചെട്ടിയാർ വർഗത്തെ ആശ്രയിക്കുകയും ചെയ്യേണ്ടി വന്നു.  ഈ ഇനത്തിൽ ഭീമമായ പലിശ കൊടുക്കേണ്ടി വരാനുമിടയായി. രാംഗോബിന്ദ എന്ന കർഷകനാണ് നോവലിലെ ഒരു പ്രധാന കഥാപാത്രം. പ്രായമായ അമ്മയും ലച്ച്മി എന്ന ഭാര്യയും ഏഴുവയസ്സുകാരനായ തനു എന്ന മകനും അടങ്ങിയ അയാളുടെ കുടുംബവും ചെട്ട്യാർമാരുടെ അധികാരത്തിലും പണക്കൊതിയിലും കഷ്ടതകൾ അനുഭവിക്കുന്നുണ്ടായിരുന്നു.

ബർമയിലെ മണ്ണിൽ നിന്ന് സ്വർണം വിളയിക്കാമെന്ന പ്രതീക്ഷയിൽ ഇന്ത്യയിൽ നിന്ന്  ജലമാർഗത്തിലൂടെ ബർമയിലെത്തിയ അയാളുടെ മാതാപിതാക്കൾക്ക് ചെട്ട്യാർമാരിൽ നിന്ന് ദുരനുഭവമാണ് ലഭിച്ചത്. ബർമയിൽ ജനിച്ചു വളർന്ന രാംഗോബിന്ദ് സ്വരാജ്യത്തേക്ക് പോയിരുന്നില്ല. കഷ്ടപ്പെട്ടാണെങ്കിലും ഒരുവിധം സമാധാനത്തോടെ ജീവിച്ച ഗ്രാമവാസികളുടെ ജീവിതം യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ പൊടുന്നനെ മാറി.

ജപ്പാൻ ബ്രിട്ടനെ ആക്രമിച്ചതോടെ അവർ ഭാവിയെ കുറിച്ച് ആകുലചിത്തരാവാനും പരിഭ്രാന്തരാവാനും ആരംഭിച്ചു. യുദ്ധവിവരങ്ങൾ ഗ്രാമത്തിൽ പതുക്കെയാണ് എത്തിയത്. പൂർണമായ തരത്തിൽ എന്താണ് സംഭവിക്കുന്നത്‌ എന്നതിനെ സംബന്ധിച്ച്‌ ഗ്രാമവാസികൾ അജ്ഞരുമായിരുന്നു. അതേപോലെ സ്വതവേ പ്രയോഗികജീവിതം നയിച്ചവർ  പോലും ജ്യോത്സ്യത്തിലും അന്ധവിശ്വാസത്തിലും അഭിരമിക്കുന്നതും കാണാമായിരുന്നു.

ഭൂസ്വത്തുമായി ബന്ധപ്പെട്ടാണ് ഗ്രാമത്തിൽ ഓരോരുത്തർക്കുമുള്ള സ്ഥാനം തീരുമാനിക്കപ്പെട്ടിരുന്നത്. ഏറ്റവും അധികം സ്ഥലം കൈവശമുണ്ടായിരുന്ന ജയനാവോയ്ക്ക് ഗ്രാമത്തിൽ സവിശേഷസ്ഥാനം കല്പിച്ചുനൽകി. അയാളുടെ മകനായ നുങ്നാവോ വിദ്യാസമ്പന്നനും വിപ്ലവചിന്തകളെ ഹൃദയത്തിലേറ്റിയവനുമായിരുന്നു. യുദ്ധത്തിന്റെ തീക്ഷ്ണസ്വഭാവവും ബർമയുടെ അവസ്ഥയും അയാളിൽ നിന്നാണ് ഗ്രാമവാസികൾ അറിഞ്ഞത്. ആസന്നമായ  അത്യാപത്തിൽ നിന്ന് രക്ഷ നേടണമെങ്കിൽ ഇന്ത്യയിലേക്കുള്ള പലായനം  മാത്രമേ പരിഹാരമുള്ളൂവെന്നു അവർക്ക് താമസിയാതെ ബോധ്യപ്പെടുകയാണ്. ജപ്പാന്റെ മുന്നേറ്റത്തിന്റെ സാധ്യത ചൂഷണം ചെയ്തുകൊണ്ട്  ബർമക്കാർ ഇന്ത്യൻ വംശജരെ ആക്രമിക്കാൻ മുതിരുകയാണ് എന്ന വാർത്ത അവരെ സമ്മർദത്തിൽപ്പെടുത്തി.

ബ്രിട്ടീഷ് ഭരണത്തോടും ചെട്ട്യാർമാരുടെ ചൂഷണത്തോടും അങ്ങേയറ്റത്തെ വെറുപ്പുള്ളവരായിരുന്നു ഈ വിപ്ലവസംഘം. ബർമയിൽ സാമ്രാജ്യം സൃഷ്ടിക്കാനെത്തുന്ന വിദേശശക്തികളെ പൊരുതിത്തോൽപ്പിക്കുക എന്ന നയമാണ് വിപ്ലവകാരികളുടേത്. ഇതിനു ഉദാഹരണമെന്ന പോലെ പതിനാറാം നൂറ്റാണ്ടിൽ ബർമയിലെ സ്ഥാനം ഉറപ്പിക്കാൻ  ശ്രമിച്ച പോർച്ചുഗീസ് സേനാനിയായ ഫെലിപ്പ് ഡി ബ്രിട്ടോയെ പറ്റി നോവലിൽ പറയുന്നുണ്ട്. അയാളെ  ശൂലത്തിലേറ്റി വധിക്കുകയായിരുന്നു. മരണത്തിലേക്ക് നീങ്ങുമ്പോൾ ദാഹജലം ചോദിച്ച അയാൾക്ക് ഒരിറ്റുവെള്ളം പോലും അവിടെക്കൂടിയിരുന്ന മനുഷ്യർ നൽകിയില്ല എന്നും നുങ്നാവോ ഓർമിക്കുന്നുണ്ട്.

ബ്രിട്ടിഷുകാരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ച രാജ്യവാസികളോടുള്ള വെറുപ്പാണ് അയാളുടെ വാക്കുകളിൽ പൊതുവെ പ്രകടമായത്. തന്ത്രപരമായ ഇടങ്ങളെല്ലാം ജപ്പാൻ പിടിച്ചടക്കിയതോടെ മങ്കു വിടാതെ അവിടത്തുകാർക്ക് രക്ഷയില്ലെന്നായി. നഗരങ്ങൾ വീഴുന്നതിന് ആനുപാതികമായി ഗ്രാമങ്ങളിലേക്ക് ജനങ്ങൾ നിയന്ത്രണാതീതമായി എത്തിത്തുടങ്ങി. അവർ പല തരത്തിലുള്ള ഉപദ്രവങ്ങൾക്ക് വിധേയമാവുന്നതും വാർത്തയായിരുന്നു. പട്ടാപ്പകൽപ്പോലും അമർച്ചയും പിടിച്ചുപറിയും പതിവായി. സമ്പാദിച്ചുകൂട്ടിയ ധനവും നിലങ്ങളും വസ്തുവകകളും പാടെ മറന്നു രായ്ക്കുരാമാനം ചെട്ട്യാർമാർ രാജ്യം വിട്ടോടി എന്നറിഞ്ഞതോടെ സ്ഥിതിഗതികളുടെ ഗൗരവം ഗ്രാമീണർക്ക് വ്യക്തമായി.

സാഹചര്യങ്ങൾ ബോധ്യപ്പെട്ട ഗ്രാമവാസികൾ ഒട്ടും വൈകാതെ എങ്ങനെയെങ്കിലും ബർമ വിട്ടുപോകണമെന്ന്  തീരുമാനിക്കുകയാണ്. തങ്ങളുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ വിളകളെല്ലാം ഉപേക്ഷിച്ചുവേണം പോകാനെന്ന ചിന്ത അവരിൽ സൃഷ്ടിച്ച നിരാശ വലുതായിരുന്നു. ഐരാവതി നദിയുടെ മറുവശത്ത് അരക്കൻ  മലനിരകളിലെ ചുരത്തിലൂടെ ബംഗാൾ ഉൾക്കടലിലേക്ക് എത്തിച്ചേരുന്ന ഒരു  ദുർഘടമായ പാതയുണ്ടായിരുന്നു. അതുവഴി പോയാൽ  മത്സ്യബന്ധനഗ്രാമമായ തൗഗപ്പിലേക്ക് പോകാം. അവിടെ ചെന്നാൽ ചെറിയ പായ്ക്കപ്പലുകളും വഞ്ചികളും മറ്റും ലഭിക്കാൻ സാധ്യതയുണ്ട് എന്ന് ഇന്ത്യൻ അഭയാർഥികൾ  മനസിലാക്കി. ഈ വഴി സഞ്ചരിച്ചാൽ  എത്തിച്ചേരുന്ന അക്യാബ് തുറമുഖത്തിൽ തീരദേശത്തു നിന്ന് വരുന്ന കപ്പലുകൾ  സമയക്രമമനുസരിച്ച് ഉണ്ടായിരുന്നു. അങ്ങനെ ചിറ്റഗോങ് തുറമുഖത്ത് അഭയം തേടാമെന്ന വിവരം ഇന്ത്യക്കാർക്ക് ആശ്വാസദായകമായി.

എന്നാൽ  ഈ മാർഗത്തിലൂടെയുള്ള യാത്രയെ സംബന്ധിച്ച വിവരം ജപ്പാൻ സൈന്യം  വളരെ പെട്ടെന്ന് തന്നെ കണ്ടെത്തി. അതിനാൽ ആ വഴിയും അപകടം നിറഞ്ഞതായി.  മാത്രമല്ല, വംശവും നിറവും വിമാനയാത്രയ്ക്ക് യോഗ്യത കല്പിക്കുന്ന ഘടകങ്ങളായി പരിണമിച്ചതോടെ ഇന്ത്യക്കാർക്ക് അത് അപ്രാപ്യമായിത്തീർന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ആശയഭിന്നത മാറ്റിവെച്ചുകൊണ്ട്  ഗ്രാമവാസികളുടെ യാത്രയ്ക്ക് കഴിയുന്നത്ര സഹായം നൽകാൻ നുങ്നാവോ ശ്രമിച്ചു എന്ന കാര്യം ഇവിടെ പ്രസക്തമാണ്.   

വൃദ്ധയായ അമ്മയെയും ഗർഭിണിയായ ഭാര്യയെയും കൊച്ചുകുട്ടിയെയും കൊണ്ട് നാടുവിടുന്നത് തീരെ എളുപ്പമല്ല എന്ന തിരിച്ചറിവിൽ രാംഗോബിന്ദ പതറുന്നുണ്ട്. നിർധനരായ തങ്ങൾ   എന്തിനാണ് പുറത്തുപോകുന്നത് എന്ന രാംഗോബിന്ദയുടെ  ചോദ്യമൊന്നും വിലപ്പോയില്ല. ജീവശ്വാസം നിലനിർത്താനുള്ള തത്രപ്പാടിൽ അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് ഗ്രാമീണർക്കറിയാം. അങ്ങനെ ഒരു രാത്രി മങ്കുവിലെ ഇന്ത്യക്കാർ കാൽനടയായി രാജ്യം വിടാൻ തീരുമാനിച്ചു. കൈയിൽ കിട്ടിയ സാധനസാമഗ്രികളുമായി, ലക്ഷ്യത്തിലെത്തിച്ചേരുമോ എന്നുറപ്പില്ലാത്ത ഒരു പറ്റം മനുഷ്യരുടെ  യാത്ര ആരംഭിക്കുകയാണ്.

മലയടിവാരങ്ങളിലൂടെയും നദികളും  കാടുകളും മുറിച്ചുകടന്നും പാതയോരങ്ങളിൽ ഭാഗ്യവശാൽ കാണപ്പെടുന്ന ബ്രിട്ടീഷുകാരുടെ ക്യാമ്പുകളിൽ വിശ്രമിച്ചും മുന്നോട്ടുപോകാനായിരുന്നു അവരുടെ പദ്ധതി. ചരിത്രത്തിൽ നിന്ന് മായ്ചുകളഞ്ഞേക്കാവുന്ന മനുഷ്യരുടെ അതിജീവനത്തിനായുള്ള ചെറുത്തുനിൽപ്പുകൾക്ക് പിന്തുണയേകി മങ്കുവിലെ മണ്ണും മരങ്ങളും  അവർക്ക് യാത്രയയപ്പ് നൽകി. ഒരുവശത്തു ജപ്പാൻസൈന്യവും മറുവശത്തു ബർമീസ് വിപ്ലവകാരികളും ചെകുത്താനും കടലുമെന്നപോലെ നില കൊണ്ടു. ഈ രണ്ടുകൂട്ടരുടെ ഇടയിലൂടെ പലായനത്തിന്റെ പാത സുഗമമാക്കുന്നതിനുള്ള കൂടിയാലോചനകളും ശ്രമങ്ങളും ഉരുവപ്പെട്ടു. പാറകൾ നിറഞ്ഞ വഴികളും വനമാർഗങ്ങളും താണ്ടുക എന്നത് ദുർഘടമായ യത്നമായി മാറി. വഴിമധ്യേയുള്ള  വന്യമൃഗങ്ങളുടെ ശല്യവും തരണം ചെയ്യേണ്ടതുണ്ടായിരുന്നു.

അനുകൂലമല്ലാത്ത കാലാവസ്ഥയാണ് ശത്രുപക്ഷത്ത് നിലയുറപ്പിച്ച മറ്റൊരു ഘടകം. കത്തുന്ന സൂര്യനെ താങ്ങാനാവാതെ, അഭയാർഥികൾ തളരുന്ന അവസ്ഥയിലായി. ചെറിയ ദൂരം താണ്ടിയപ്പോൾ തന്നെ സംഘത്തിലുള്ള പലരെയും ക്ഷീണം ആക്രമിക്കുകയായിരുന്നു. ഭക്ഷണദൗർബല്യവും അവർ നേരിടുന്ന ഒരു വെല്ലുവിളിയായി പരിണമിച്ചു. യാത്ര ആരംഭിച്ച് അധികം കഴിയുന്നതിനു മുന്നേ രണ്ടു പുരോഹിതർ സംഘത്തിലേക്ക് ചേർന്നു. മിഷൻ ആശുപത്രിയിലാണ് അവർ ജോലി ചെയ്തിരുന്നത്. അവരിലൊരാൾ ഡോക്ടർ ആയിരുന്നു. അവരുടെ കൂടെയുണ്ടായിരുന്ന രണ്ടു രോഗികളും സംഘത്തിന്റെ ഭാഗമായി. റെയിൽ വിമാനം മുഖേനയുള്ള യാത്രാപഥം മുഴുവനായും തടസ്സപ്പെട്ടതിനാലാണ് അവർ കാൽനടയായി രക്ഷപ്പെടാനുള്ള തീരുമാനത്തിലെത്തുന്നത്. അവരുടെ സാന്നിധ്യം പിന്നീടുള്ള യാത്രയിൽ പലവിധത്തിൽ ഉപകാരപ്രദമായി ഭവിച്ചു.

അതിനിടയിൽ മേരി എന്ന് പേരുള്ള ഒരു ആംഗ്ലോബർമീസ് പെൺകുട്ടി കൂടി  ആ സംഘത്തിൽ എത്തിപ്പെട്ടു.  ജപ്പാൻ ആക്രമണത്തിൽ നിന്ന് രക്ഷ നേടാനായി  റങ്കൂണിലേക്ക് യാത്ര തിരിച്ച ഒരു ഇംഗ്ലീഷ് കുടുംബത്തിൽ മേരി നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.  പ്രസ്തുതയാത്രയിൽ വഴിയിലങ്ങോളം കോളറ പടർന്നുകൊണ്ടിരുന്നു. ഗൃഹനാഥയും രണ്ടുമക്കളും കോളറയ്ക്ക് കീഴടങ്ങി മരണപ്പെട്ടു.  ദുഃഖം സഹിക്കാനാവാതെ കുടുംബനാഥൻ സ്വയം വെടിവെച്ച് മരിക്കുകയും  മേരി ഏകയായിത്തീരുകയും ചെയ്തു. അങ്ങനെയാണ് മേരി പലായനസംഘത്തോടൊപ്പം ചേർന്നത്. മേരിയുടെയും ഡോക്ടർമാരുടെയും സാന്നിധ്യം സംഘത്തിന് ആശാസവും സഹായവും നൽകി.

ഇത്രയും മനുഷ്യരുടെ വേണ്ടത്ര സുരാക്ഷാക്രമീകരണമില്ലാത്ത യാത്രയിൽ അപകടങ്ങളും രോഗങ്ങളും വരുകയെന്നത്  സാധാരണമാണ്. ജപ്പാൻ പട്ടാളത്തെ ഭയന്ന്, ഗ്രാമങ്ങളും സ്വാഭാവിക വാസസ്ഥലങ്ങളും ഒഴിവാക്കിക്കൊണ്ടാണ് സംഘം

നടന്നത്. കൃത്യമായി തിട്ടപ്പെടുത്താത്ത വഴിയിലൂടെ നീങ്ങിയ അഭയാർഥികൾക്ക് ഇടതൂർന്ന വനങ്ങളും ഉയരം കൂടിയ വൃക്ഷങ്ങളും കടുത്ത അലോസരം സൃഷ്ടിച്ചു. ശവങ്ങളും ഛേദിക്കപ്പെട്ട അവയവങ്ങളും വസ്തുവകകളും വഴിയരികിൽ ചിതറിക്കിടക്കുന്നത് സഹജമായ ദൃശ്യമായി തീർന്നു. പട്ടാളത്തിന്റെ വെടിയുണ്ടകളിൽ നിന്ന് രക്ഷപ്പെടാനുള്ള യത്നത്തിൽ വിജയിച്ചാലും പട്ടിണിയും മാരകരോഗവും പിടിപെട്ട് മരിക്കാനാവുമോ നിയോഗം എന്ന സംശയം അവരിൽ ഉദയം ചെയ്തു. അരി തീർന്നുപോയത് മൂലം മുളയും വാഴപ്പിണ്ടിയും വറുത്തെടുത്ത് അവർക്ക് ഭക്ഷിക്കേണ്ടി വരുന്നുണ്ട്.

അതിജീവനം എന്നത് അതീവ ദുഷ്കരമായ സംഗതിയാകുന്നതോടെ മരണം കടന്നു വരുന്ന ദിശകൾക്ക് പ്രാധാന്യമില്ലാതായി. സംഘത്തിലെ ചിലരുടെ ആരോഗ്യവും വലിയ ചോദ്യചിഹ്നമായി അവർക്ക് മുഖാമുഖം നിന്നു. ഗർഭിണിയായ ലച്ച്മിയുടെ അവശതയും ബല്ലഭിനുണ്ടായ ശാരീരികക്ലേശവും സംഘത്തെ സംഘർഷത്തിൽ പെടുത്തി. പ്രസവാനന്തരം തീരെ വയ്യാതായ ലച്ച്മിയെയും നടക്കാൻ പോയിട്ട് നേരെ നിൽക്കാൻ പോലും കഴിയാത്ത ബുദ്ദുവിന്റെ വൃദ്ധയായ അമ്മയെയും ബല്ലഭിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി അവർക്ക് ആകസ്‌മികമായി പട്ടാളത്തിന്റെ ഒരു വാഹനം ലഭിച്ചു.

ശീലങ്ങളും ചിട്ടകളും പാലിക്കപ്പെടാൻ സാധിക്കാതെയുള്ള ആ യാത്രയിൽ, മതാചാരങ്ങൾ തെറ്റിച്ചുകൊണ്ടുള്ള ശവസംസ്കാരത്തിനും മറ്റും  വിധേയമാകേണ്ടി വരുമെന്ന് രാംഗോബിന്ദയുടെ അമ്മയുടെ ശവമടക്ക് ഓർമിപ്പിക്കുന്നു.  ഒരു ഘട്ടത്തിൽ  ഗ്രാമങ്ങൾ ആക്രമിച്ച്  ആവശ്യമുള്ള വസ്തുക്കൾ കൊള്ളയടിക്കാമെന്നു ചില സംഘാംഗങ്ങൾ ആലോചിക്കുന്നുണ്ട്. അനീതിയുടെ വ്യവഹാരം അംഗീകരിക്കാത്ത രാംഗോബിന്ദ മുളയിലേ ആ വിചാരം നുള്ളിക്കളയുകയാണ്. തുടർന്ന് അവർ എത്തിച്ചേർന്ന ബ്രിട്ടീഷ് അഭയാർഥിക്യാമ്പുകളിലെ സ്ഥിതി ആശാവഹമായിരുന്നില്ല. മുറിവേറ്റ പട്ടാളക്കാരും രോഗികളും നിറഞ്ഞ ക്യാമ്പിൽ അവർക്ക് ഇടം കൊടുക്കാൻ അധികൃതർക്ക് സാധിക്കില്ലല്ലോ. ബ്രിട്ടീഷ് സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടത്തിയിരുന്ന ക്യാമ്പുകളിലും പരിതാപകരമായ അവസ്ഥയായിരുന്നു. താമസിക്കാൻ ഒട്ടുമിടമില്ലാത്ത ക്യാമ്പിൽ നിന്ന് അഭയാർഥികളെ മറ്റൊരിടത്തേക്ക് പറഞ്ഞുവിടുക എന്നത് മാത്രമേ അധികൃതർക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ.   

അവിചാരിതമായി കണ്ണിൽപ്പെട്ട ഒരു ഹോട്ടലിൽ കയറിയ സംഘത്തിനു പക്ഷെ അവിടെ നിന്നും ആഹാരമൊന്നും ലഭിച്ചില്ല. അടുക്കള പ്രവർത്തനരഹിതമായിരുന്നു. അവിടെ ഉപേക്ഷിക്കപ്പെട്ടുപോയ ഒരു കത്ത് സംഘത്തിലുള്ള ഡോക്ടർ കാണാനിടയായി. അതിൽ ഇങ്ങനെ എഴുതിയിരുന്നു. 'പ്രിയപ്പെട്ടവളെ, ഞങ്ങൾക്ക് ഇത്തവണ  നല്ല കാലാവസ്ഥയായിരുന്നു. ബർമയിലെ ഈ ഭാഗം ഇതുവരെ ജപ്പാൻ ആക്രമിച്ചിട്ടില്ല. പത്രത്തിൽ വരുന്ന തീർത്തും അസുഖകരമായ വാർത്തകൾ വിശ്വസിക്കരുതേ. എനിക്ക് ഇവിടെ യാതൊരു കുഴപ്പവുമില്ല. എത്രയും പെട്ടെന്നു അവിടെയെത്തി നിന്നെയും കുഞ്ഞിനേയും ആശ്ലേഷിക്കാൻ എനിക്കാവും. അടുത്ത മാസം ഒരു നീണ്ട അവധി ലഭിക്കുമെന്ന് ഇവിടെ പറഞ്ഞു കേൾക്കുന്നു. ഞാൻ എന്റെ കുഞ്ഞിനെ ഇത് വരെ കണ്ടിട്ടുമില്ലല്ലോ...” എന്നാൽ  ആ കത്ത് മുഴുമിപ്പിക്കാൻ എഴുതിയ ആൾക്ക് കഴിഞ്ഞിട്ടില്ല എന്ന് തീർച്ചയാണ്.

അതിനുമുൻപ് തന്നെ അയാളുടെ ജീവൻ ഒടുങ്ങിയിട്ടുണ്ടാവണം. ഇത്തരത്തിലുള്ള എഴുത്തുകൾ കലുഷിതകാലത്തിന്റെ ബാക്കിപത്രങ്ങളായി നിലനിൽക്കുന്നു. വാഗ്ദത്തഭൂമി എത്തുന്നതിനു മുൻപ് അഭയാർഥിസംഘം നേരിടേണ്ടി വന്ന വെല്ലുവിളികൾ പലതായിരുന്നു. മഴയും വെള്ളപ്പൊക്കവും കരകവിഞ്ഞൊഴുകുന്ന പുഴകളും വെല്ലുവിളി തീർക്കുന്ന യാത്രയിൽ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും സഹായത്തിനെത്താത്ത തരത്തിൽ പ്രതിബന്ധങ്ങൾ അവരെ കാത്തിരുന്നു. കള്ളന്മാരും കൊള്ളിവെപ്പുകാരും ചൈനീസ് പട്ടാളക്കാരും  ഗ്രാമങ്ങളിൽ നിരന്തരം ശല്യം ചെയ്യുന്നതും ജപ്പാൻ ബോംബർ വിമാനങ്ങളും  മറ്റും ബ്രിട്ടീഷ്‌ പട്ടാളം ഒരുക്കുന്ന അഭയാർഥി ക്യാമ്പുകളെ ആക്രമിക്കുന്നത് പതിവായി.

അഭയാർഥികളുടെ ക്യാമ്പുകളിലേക്ക് കഴുകന്മാരെപ്പോലെ പറന്നുവരുന്ന ബോംബർ വിമാനങ്ങൾ വലിയ നാശമാണ് വിതച്ചത്. തീയും പുകയും ആവരണമണിഞ്ഞ ക്യാമ്പുകളിൽ സ്വസ്ഥത എന്ന വാക്ക് നിലവിലുണ്ടായിരുന്നില്ല. പരിക്കേറ്റതും മരണപ്പെട്ടവരുമായ പട്ടാളക്കാരെയും അഭയാർഥികളെയും ട്രെഞ്ചുകളിൽ നിന്ന് ആംബുലൻസുകളിലേക്ക് മാറ്റുക എന്ന പ്രവൃത്തി അവിടത്തെ സ്ഥിരകാഴ്ചയായിരുന്നു.

ഇന്ത്യക്കാർ വിട്ടുപോയ മങ്കു ആളൊഴിഞ്ഞ അരങ്ങായി അനുഭവപ്പെട്ടു. ഇന്ത്യക്കാരെ രക്ഷപ്പെടാൻ സഹായിച്ചു എന്ന കാരണത്താൽ ബർമീസ് വിപ്ലവകാരികൾ  നുങ്നാവോയെ ക്രൂരമായി കൊലപ്പെടുത്തി. തങ്ങളുടെ ശത്രുക്കൾ തങ്ങളുടെ ഇടയിൽ നിന്നുള്ളവർ തന്നെയാണെന്ന  ബോധ്യം  ഗ്രാമീണരിലുണ്ടായി. വിഭാഗീയതയുടെ വിഷവിത്തുകൾ പാകിക്കൊണ്ട് തീവ്രവിപ്ലവകാരികൾ  സമൂഹത്തെ ഛിദ്രമാക്കുമെന്ന ഭയം സാധാരണക്കാരുടെയിടയിൽ ഭയം ജനിപ്പിച്ചു. ഐക്യവും പരസ്പരവിശ്വാസവും നഷ്ടപ്പെട്ടുപോയ ജനതയുടെ ഭാവിയെ കുറിച്ച് ആശങ്കകൾ ഉരുത്തിരിയുന്നത് സ്വാഭാവികമാണ്.

റങ്കൂണിന്റെ വീഴ്ചയോടെ ജപ്പാൻ സൈന്യം ഇന്ത്യയെ ലക്ഷ്യമാക്കി വടക്കോട്ട്  അതിവേഗം ചുവടുവെച്ചുതുടങ്ങി. ബ്രിട്ടീഷ് പട്ടാളത്തിനും ഒന്നും ചെയ്യാനാവാത്ത വിധത്തിൽ അഭയാർഥികളും മറ്റും നിസ്സഹായരായി  നിൽക്കുന്ന കാഴ്ചയാണ് ഇവിടെ സംജാതമായത്. ഭാരം താങ്ങാൻ തീരെ വയ്യാത്തതുകൊണ്ട് കൈയിൽ ശേഷിക്കുന്ന വസ്തുക്കൾ  കളഞ്ഞുകൊണ്ട് വെറും വയറോടെ ക്ഷീണിതരായി മുന്നോട്ടുനീങ്ങുന്ന ഒരു പറ്റം ആളുകളുടെ ചിത്രമാണ് ചരിത്രം ബാക്കിവെക്കുന്നത്. ജീവിതത്തിന്റെ ആകെസമ്പാദ്യമായ നാണയത്തുട്ടുകൾ പോലും വലിച്ചെറിയാൻ അവർ നിർബന്ധിതരാവുകയാണ്.

ചരിത്രരേഖകളിൽ  പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടാത്ത ഐതിഹാസികമായ ഈ പലായനം ശ്രദ്ധയിൽ കൊണ്ടു വരുന്ന  നോവലായ ‘ജംഗം’  ചലനത്തിന്റെ നൈരന്തര്യത്തെയും സൂചിപ്പിക്കുന്നു. വ്യക്തമായ കാരണമില്ലാതെ മൂടിവെക്കാൻ ആഗ്രഹിക്കപ്പെട്ട ചരിത്രത്തിലെ ഒരധ്യായത്തെയാണ് ഈ നോവൽ പുറത്തുകൊണ്ടുവരുന്നതെന്നു വ്യക്തം. നോവലിലെ  ഒരു  കഥാപാത്രത്തിന്റെ ഈ നിരീക്ഷണം പ്രസക്തമാണ്. 'ചരിത്രത്തിന്റെയും കാലത്തിന്റെയും വഴികളിൽ എത്ര നിരാലംബരായ മനുഷ്യർക്ക് സ്ഥാനചലനം ഉണ്ടാവുമെന്ന് പറയാനാവില്ല. പുരോഗതിയുടെ കൊടുങ്കാറ്റിൽ നിർഭാഗ്യകരമായ മനുഷ്യരാശിയുടെ എത്ര സ്വപ്നങ്ങൾ ക്രൂരമായി തകർന്നുപോകുമെന്നും പ്രവചിക്കാനാവില്ല’.

ചലനം  ആത്യന്തികമായ പരാമർഥമായി  നിലകൊള്ളുകയാണ്. ഒരു സംഘം മനുഷ്യർ അതിർത്തി ഭേദിച്ചുപോകുമ്പോൾ  മറ്റൊരു കൂട്ടർ അതേ അതിര് മുറിച്ചുകടന്ന് ഇങ്ങോട്ടേക്ക് എത്തുന്നു. മറ്റൊരു ദേശത്തെ മണ്ണിൽ മറ്റൊരു ജീവിതം കെട്ടിയുയർത്താമെന്നുമുള്ള  പ്രത്യാശയാണ് ഇരുകൂട്ടരെയും  അതിർത്തി കടത്തുന്ന ഊർജം. അന്ത്യമില്ലാത്ത ഈ പ്രവണത മനുഷ്യരാശിയുടെ മുഖമുദ്രയായി ഭവിക്കുകയാണ്. പാത അവസാനിച്ചിട്ടും അവസാനിക്കാത്ത യാത്രയാണ് അഭയാർഥികളുടേത് .

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top