17 April Wednesday

അയർലൻഡിൽ ആദ്യ മലയാള പുസ്തകമേള

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022


കൊച്ചി
അയർലൻഡ്‌ ചരിത്രത്തിൽ ആദ്യ മലയാളം പുസ്തകമേള. ഡബ്ലിൻ കേന്ദ്രമായി  പ്രവർത്തിക്കുന്ന കേരള ഹൗസ്‌ സംഘടിപ്പിച്ച മേളയിൽ ആയിരക്കണക്കിന്  പുസ്തകസ്നേഹികളും വായനക്കാരും പങ്കെടുത്തു. ഇടതുപക്ഷക്കാരായ അക്ഷര സ്‌നേഹികളാണ് മേളയ്‌ക്ക്‌ നേതൃത്വം നൽകിയത്‌. പുസ്തകമേള ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര ഉദ്‌ഘാടനം ചെയ്തു. വായന പ്രോത്സാഹിപ്പിക്കുക, ഭാഷ പ്രചരിപ്പിക്കുക എന്ന ലക്ഷ്യതൊടെ നടത്തുന്ന പുസ്തകമേള അയർലൻഡ്‌ പ്രവാസികളിൽ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. വെള്ളിമൺ നെൽസൺ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്‌ത ശ്രീനാരയണ ഗുരുവിന്റെ പ്രശസ്ത പുസ്തകം ശിവശതകം അനൂപ് ജോസഫിൽ നിന്ന്‌ വാങ്ങിയാണ്‌ അദ്ദേഹം  ഉദ്‌ഘാടനം ചെയ്‌തത്‌. രാജൻ ചിറ്റാർ അധ്യക്ഷനായി. അനൂപ് ജോസഫ് സ്വാഗതവും അഭിലാഷ് ജി കരിമ്പന്നൂർ നന്ദിയും പറഞ്ഞു.

കേരളത്തിലെ പ്രമുഖ പ്രസാധകരായ ഡിസി, കറന്റ് ബുക്ക്സ്‌, ചിന്ത പബ്ലീഷേഴ്സ്, ദേശാഭിമാനി എന്നിവരുടേതിന്‌ ഒപ്പം നിരവധി സമാന്തര പ്രസാധകരുടെയും പുസ്തകങ്ങൾ  ലഭ്യമായിരുന്നു. മലയാളത്തോടും ജന്മനാടിനോടുമുള്ള ആത്മബന്ധം അക്ഷരങ്ങളിലൂടെ പങ്കുവയ്‌ക്കുകയാണ് അയർലന്റ്‌ മലയാളികളെന്ന് ഡിസി ബുക്സ് സന്ദേശത്തിൽ പറഞ്ഞു. അണിയറ പ്രവർത്തകർക്കും അയർലൻഡിലെ പ്രിയ വായനക്കാർക്കും ചിന്ത പബ്ലിഷേഴ്സ് അഭിവാദ്യം അറിയിച്ചു. 

കേരളത്തിലെയും വിദേശത്തെയും പ്രമുഖ സാഹിത്യകാരന്മാർ മേളയ്‌ക്ക് അഭിവാദ്യങ്ങളർപ്പിച്ച് സന്ദേശങ്ങൾ അയച്ചു. ഒരു കൊച്ചു തുരുത്തിൽ മലയാള ഭാഷയും വായനയും പ്രചരിപ്പിക്കാൻ കുറെ ചെറുപ്പക്കാരായ പുരോഗമന വാദികൾ മുന്നോട്ടുവരുന്നതും അവരോടൊപ്പം ഒരു നാടാകെ അണിനിരക്കുന്നതും കേരളത്തോടും ഭാഷയോടുമുള്ള സ്നേഹവും കരുതലുമാണെന്ന് സന്ദേശത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു. 

കവി കുരീപ്പുഴ ശ്രീകുമാർ, കഥാകാരൻ കെ എസ്‌ രതീഷ്, കവികളായ സച്ചിദാനന്ദൻ പുഴങ്കര, കെ സി അലവിക്കുട്ടി, കവിയും പ്രഭാഷകനുമായ സി എം വിനയചന്ദ്രൻ, ഹിന്ദി സാഹിത്യകാരൻ വെള്ളിമൺ നെൽസൺ, സിനിമ സംവിധായകൻ ബിജു വർമ്മ, സിനിമാതാരം മധുപാൽ തുടങ്ങിയവരും സന്ദേശങ്ങൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top