08 December Friday

അഭയാർഥികളുടെ കഥാകാരി - കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഹരിത സാവിത്രിയുമായി അഭിമുഖം

ആർ പാർവ്വതി ദേവിUpdated: Friday Sep 1, 2023

ഹരിത സാവിത്രി - ഫോട്ടോ: അരുൺരാജ്‌

കുർദുകളെ തുടച്ചുനീക്കാനാണ് ഭരണകൂടങ്ങളുടെ ശ്രമം . മണിപ്പുരിലും സംഭവിക്കുന്നത് അതുതന്നെയാണ്. കുർദുകളുടെ സ്ഥാനത്ത് കുക്കികൾ എന്ന് മാത്രമേ ഉള്ളൂ. ഭരണാധികാരികളുടെ അനുമതിയോടെ നടക്കുന്ന വംശഹത്യ ആണിവിടെയും തുർക്കിയിലും നടക്കുന്നത്.

പലായനം, അഭയാർഥികൾ, നിസ്സഹായത, അടിച്ചമർത്തൽ,  അതിജീവനം  ...കേരള സാഹിത്യ അക്കാദമിയുടെ ഇക്കൊല്ലത്തെ പുരസ്‌കാരം നേടിയ ഹരിത സാവിത്രിയുടെ ‘മുറിവേറ്റവരുടെ പാതകൾ' എന്ന യാത്രാ പുസ്തകവും ‘സിൻ' എന്ന നോവലും കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഇതൊക്കെയാണ്.

ഹരിത സാവിത്രി

ഹരിത സാവിത്രി

സുഖസുഷുപ്തിയിലെന്നപോലെ ജീവിക്കുന്ന മലയാളികൾക്ക് തികച്ചും അന്യമായ, അപരിചിതമായ ഒരു ഭയാനക ലോകമാണ് ഹരിത കാണിച്ചു തരുന്നത്. മാനുഷികത എന്നത് തേഞ്ഞുമാഞ്ഞ  ഒരു കാല്പനികത മാത്രമായ ആ ലോകത്ത് മുറിവേറ്റവർ, പിടഞ്ഞു വീണവർ, വീണ്ടുംഉയർന്നെഴുന്നേറ്റ്  വർധിത വീര്യത്തോടെ പോരാടുന്നവർ, സ്ത്രീകൾ, പുരുഷന്മാർ, കുഞ്ഞുങ്ങൾ, വൃദ്ധർ... അവ ഒന്നും കേട്ടുകേൾവിയല്ല, ഹരിത നേരിൽ കണ്ട കാഴ്ചകളാണ്; അവർക്കൊപ്പം ദിവസങ്ങളോളം ജീവിച്ചറിഞ്ഞവയാണ്. 

കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിലും   ബാഴ്‌സലോണ സർവകലാശാലയിൽനിന്നും 'സാംസ്‌കാരിക സ്വത്വങ്ങളുടെ നിർമാണവും പ്രതിനിധാനവും’ എന്ന വിഷയത്തിലും ബിരുദാനന്തര ബിരുദം നേടിയ ഹരിത ഭർത്താവ് ഇവാൻ ഗിലോമെറ്റ്, രണ്ട് ആൺ മക്കൾ എന്നിവർക്കൊപ്പം ബാഴ്‌സലോണയിൽ ആണ് കഴിഞ്ഞ 17 വർഷങ്ങളായി  താമസിക്കുന്നത്‌. അവിടുത്തെ ജീവിതമാണ്  മുറിവേറ്റ പലരെയും കണ്ടുമുട്ടാൻ ഇടയാക്കിയത്. വംശഹത്യയുടെ ഇരകളായ കുർദുകൾ ആണ് ഇപ്പോൾ ഹരിതയുടെ വേദന.

കരുനാഗപ്പള്ളിയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലെ അധ്യാപകരായ അച്ഛനമ്മമാരുടെ മകൾ എങ്ങനെ തുർക്കിയിലെ കലാപഭൂമിയിൽ എത്തി  ?  കുർദുകളുടെ മുറിവുകളിലെ രക്തം സ്വന്തം രക്തമാണെന്ന് എങ്ങനെ തിരിച്ചറിഞ്ഞു  ?...
?പലസ്തീനും സിറിയയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ അഭയാർഥികളുടെ പ്രശ്നങ്ങളും ആഭ്യന്തര കലാപങ്ങളും ലോകം മുഴുവൻ ചർച്ച ചെയ്യുമ്പോൾ തുർക്കിയിലെ കുർദ് വംശജരെക്കുറിച്ചും അവർ നേരിടുന്ന വംശഹത്യാ ഭീഷണിയെയും കൂട്ടക്കൊലയെയും കുറിച്ചും ആരും അറിയാതെ പോകുന്നതെന്തുകൊണ്ടാണ് ?

= എങ്ങനെ അറിയാനാണ്  ? അവർക്ക് ആരുമില്ല. അവർക്കുവേണ്ടി പറയാനും ആരുമില്ല.  കുർദുകൾ തുർക്കിയിലെ പൗരാവകാശമുള്ള വിഭാഗമാണ്. പക്ഷേ സ്വന്തം രാജ്യത്ത് അവർ അടിച്ചമർത്തപ്പെടുന്നു. അവരെ ഉന്മൂലനം ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നത്. കുർദ് ആണെന്ന ഒറ്റ കാരണത്താൽ അവർ തടവിലാക്കപ്പെടുന്നു. സ്ത്രീകൾ കൂട്ട ബലാത്സംഗത്തിന് ഇരകളാകുന്നു. കുഞ്ഞുകുട്ടികൾക്ക്  പോലും രക്ഷയില്ലാത്ത അവസ്ഥ. അവർ സ്വാഭാവികമായും ചെറുത്തുനിൽക്കുന്നു. സ്ത്രീകൾ പോലും ആയുധമെടുക്കുന്നു.

? സ്ത്രീകളുടെ സായുധസേനയായ വൈ പി ജെയെ കുറിച്ച് പലപ്പോഴും പരാമർശിക്കുന്നുണ്ടല്ലോ. എന്താണ് അവരുടെ പ്രവർത്തന ശൈലി...

= കുർദ് അവകാശ പ്രസ്ഥാനമായ പീപ്പിൾസ് പ്രൊട്ടക്‌ഷൻ യൂണിറ്റ്സ് എന്ന സംഘടനയുടെ സ്ത്രീഗറില്ലാ പോരാട്ട സംഘടനയാണ് വൈ പി ജെ. അബ്ദുല്ല ഒഹ് ജലാൻ ആണ് ഇവരുടെ അനിഷേധ്യ നേതാവ്  . കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന അദ്ദേഹം രണ്ടു പതിറ്റാണ്ടായി തുർക്കി തടവറയിലാണ്  .  കുർദുകളുടെ വിമോചനത്തിന് ലിംഗസമത്വം അനിവാര്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. പിടിക്കപ്പെട്ടാൽ ലൈംഗികാതിക്രമവും ക്രൂരമായ മരണവും ആണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് അറിഞ്ഞിട്ടും അവർ പോരാടുന്നു; ഏറ്റവും കരുത്തോടെ.

കുർദിഷ്‌ അഭയാർഥികൾ

കുർദിഷ്‌ അഭയാർഥികൾ

സിറിയയിൽ ഐ എസ് ഐ എസ് എന്ന മത മൗലിക സംഘടനയെ ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്തുന്നതിൽ  ഈ സ്ത്രീപോരാളികൾ വിജയിച്ചിരിക്കുന്നു.

അവരുടെ ധീരതയും സമർപ്പണവും അമ്പരപ്പിക്കുന്നതാണ്  . കുർദുകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിനൊപ്പം കുർദുകൾക്കിടയിലെ ആൺകോയ്മക്കെതിരെയും വൈ പി ജെ ആയുധം എടുക്കുന്നു എന്നതാണ് സവിശേഷത. ഓഹ് ജലാൻ മുന്നോട്ടുവച്ച ജിനോളജി (ജിൻ എന്നാൽ കുർദിഷിൽ സ്ത്രീ ) ഒരു പുതിയ ദർശനമായിരുന്നു  . സ്ത്രീകളെ ആവേശത്തോടെ സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ച വ്യത്യസ്തമായ ദർശനം.

? കുർദുകൾക്ക് നേരെ നടക്കുന്നത് വംശഹത്യാ ഭീഷണി തന്നെ ആണോ

= തീർച്ചയായും അതെ. തുർക്കിയിലെ ന്യൂനപക്ഷ ഗോത്ര വിഭാഗമാണ് കുർദുകൾ. ഇവരിൽ ഭൂരിപക്ഷം മുസ്ലിങ്ങളും കുറേ ക്രിസ്ത്യാനികളും ഉണ്ട്. ഭരണഘടന തുല്യത ഉറപ്പു നൽകുമ്പോഴും കുർദുകൾ കടുത്ത വിവേചനവും ചൂഷണവും അടിച്ചമർത്തലും നേരിടുന്നു. അങ്ങനെയാണവർ ചെറുത്തു നില്ക്കാൻ നിർബന്ധിതരാകുന്നത്. കുർദിസ്ഥാന് വേണ്ടി ശബ്ദം ഉയർന്നതും അതുകൊണ്ടാണ്  . സിറിയ, ഇറാഖ്, അർമേനിയ  , തുർക്കി എന്നീ രാജ്യങ്ങളുടെ അതിർത്തികൾ പങ്കിടുന്ന പ്രദേശങ്ങളിലാണ് കുർദുകൾ ജീവിക്കുന്നത്.

അവർക്ക് സ്വന്തമെന്ന് പറയാൻ ഒരു നാടില്ല. ഒരു സമയത്ത് കുർദ് ഭാഷ പറയുന്നത് പോലും കുറ്റകരമെന്ന അവസ്ഥയുണ്ടായിരുന്നു. ഗതികെട്ടാണ് അവരുടെ യുവാക്കളും സ്ത്രീകളും ആയുധമെ ടുത്തത്. കുർദുകളെ തുടച്ചുനീക്കാനാണ് ഭരണകൂടങ്ങളുടെ ശ്രമം  . മണിപ്പുരിലും സംഭവിക്കുന്നത് അതുതന്നെയാണ്. കുർദുകളുടെ സ്ഥാനത്ത് കുക്കികൾ എന്ന് മാത്രമേ ഉള്ളൂ. ഭരണാധികാരികളുടെ അനുമതിയോടെ നടക്കുന്ന വംശഹത്യ ആണിവിടെയും തുർക്കിയിലും നടക്കുന്നത്.  

ഹരിത സാവിത്രിയും ആർ പാർവ്വതി ദേവിയും അഭിമുഖത്തിനിടെ-ഫോട്ടോ: അരുൺരാജ്‌

ഹരിത സാവിത്രിയും ആർ പാർവ്വതി ദേവിയും അഭിമുഖത്തിനിടെ-ഫോട്ടോ: അരുൺരാജ്‌

?എങ്ങനെയാണ് കുർദുകളുടെ ദുരിത ജീവിതം പരിചയപ്പെടാൻ ഇടയായത്  ? അവരിൽ ഒരാളായി ഹരിതക്ക് രൂപാന്തരം  സംഭവിച്ചിരിക്കുന്നു എന്നാണ് പുസ്തകങ്ങൾ വായിച്ചാൽ തോന്നുക. ശരിയാണോ  ?

= ബാഴ്‌സലോണ സർവകലാശാലയിൽ 'സാംസ്‌കാരിക സ്വത്വങ്ങളുടെ നിർമാണവും പ്രതിനിധാനവും’ എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുമ്പോൾ ആണ് ഇത്തരം അഭയാർഥി പ്രശ്നങ്ങളും മറ്റും മനസ്സിലാക്കാൻ കഴിഞ്ഞത്. അവിടെ അധ്യാപകർ വെറുതെ പഠിപ്പിക്കുകയല്ല ചെയ്യുന്നത്. കോഴ്സ് കഴിഞ്ഞിറങ്ങുമ്പോൾ ഓരോ കുട്ടിയും ഓരോ ആക്ടിവിസ്റ്റ് ആയി മാറി ക്കഴിയും. പലായനം, അഭയാർഥികൾ, വംശീയത  ..ഇത്തരം പ്രശ്നങ്ങളിലേക്ക് നമ്മൾ എടുത്തെറിയപ്പെടുന്നു. അവിടെ പഠിക്കുമ്പോളാണ് ബാഴ്‌സലോണയിൽ ഒരു പ്രകടനം നടന്നത്.

സിറിയയിലെ കുർദ്  ഭൂരിപക്ഷ പ്രദേശമായ അഫ്‌റാനിൽ തുർക്കി നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. കുർദുകളും അവരോട് അനുഭാവമുള്ള   മറ്റുള്ളവരും അതിൽ പങ്കെടുത്തു. ഞാനും  പങ്കെടുത്തു. അന്ന് പരിചയപ്പെട്ട ലിലാൻ എന്ന യുവതിയാണ് കുർദുകളുടെ ജീവിതം അടുത്തറിയാൻ ഇടയാക്കിയത്. അവൾ അവളുടെ കഥ പറഞ്ഞു. ഒപ്പം കുർദുകളുടെ ദുരിത ജീവിതവും.   അതെ, പിന്നെ ഞാൻ അവരിൽ ഒരാളെപ്പോലെ ആയി മാറി.

? ‘മുറിവേറ്റവരുടെ പാതകൾ 'ഒരു യാത്രാ ഗ്രന്ഥം ആയിരിക്കുമ്പോഴും രാജ്യങ്ങളേക്കാളേറെ വിവിധതരം പ്രശ്നങ്ങളാൽ ദുരിതം പേറുന്ന മനുഷ്യരെ ആണല്ലോ ഇതിൽ പരിചയപ്പെടുത്തുന്നത് ?

= ശരിയാണ്. ഈ ലോകത്ത് എന്തൊക്കെ പ്രശ്നങ്ങളിലൂടെയാണ് മനുഷ്യർ കടന്നുപോകുന്നത് ! അവരുടെ ജീവിതങ്ങളാണ് ഞാൻ എഴുതാൻ ശ്രമിക്കുന്നത്. തുർക്കിയിൽ  എത്രയോ തവണ ഞാൻ പോയിക്കഴിഞ്ഞു. ഏറ്റവും പ്രശ്ന സങ്കീർണമായ സ്ഥലങ്ങളിൽ ജീവിക്കുന്നവരുമായി അടുത്തിടപഴകുകയും അവരുടെ ദൈനംദിന പോരാട്ടങ്ങൾ കാണുകയും ചെയ്തു. ഇന്ന് അവർക്ക് ഞാൻ അന്യയല്ല. ഏറെ സ്നേഹത്തോടെ അവർ എന്നെ സ്വീകരിക്കുന്നു.

എന്റെ അടുത്ത വരവിനായി അവിടുത്തെ അമ്മമാർ കാത്തിരിക്കുന്നു. അവിടുത്തെ ആതിഥ്യമനുസരിച്ച് മധുരപലഹാരങ്ങൾ തീറ്റിച്ച് എന്നെ ശ്വാസം മുട്ടിക്കുന്നു.

ഒരിക്കൽ റംസാൻ കാലത്ത് ഞാൻ ചിച് ക എന്ന കുർദ് പ്രദേശത്തു പോയ ഓർമകൾ ഒരിക്കലും മറക്കാനാവില്ല. അവിടുത്തെ വീടുകളിൽ യുവാക്കളില്ല. പലരും കൊല  ചെയ്യപ്പെട്ടു. പലരും ജയിലിൽ. എന്നിട്ടും അവിടുത്തെ അമ്മമാർ വീണ്ടും മക്കളെ യുദ്ധരംഗത്തേക്ക് അയക്കുന്നു. അടുത്ത തലമുറയെങ്കിലും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അവർ ത്യാഗം ചെയ്യുകയാണ്  . ഈ അവസ്ഥയിലും അവർ എന്നെ സൽക്കരിച്ചു  , സ്നേഹിച്ചു.

ഒരിക്കൽ റംസാൻ കാലത്ത് ഞാൻ ചിച് ക എന്ന കുർദ് പ്രദേശത്തു പോയ ഓർമകൾ ഒരിക്കലും മറക്കാനാവില്ല. അവിടുത്തെ വീടുകളിൽ യുവാക്കളില്ല. പലരും കൊല  ചെയ്യപ്പെട്ടു. പലരും ജയിലിൽ. എന്നിട്ടും അവിടുത്തെ അമ്മമാർ വീണ്ടും മക്കളെ യുദ്ധരംഗത്തേക്ക് അയക്കുന്നു. അടുത്ത തലമുറയെങ്കിലും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അവർ ത്യാഗം ചെയ്യുകയാണ്  . ഈ അവസ്ഥയിലും അവർ എന്നെ സൽക്കരിച്ചു  , സ്നേഹിച്ചു.

?ഇത് എങ്ങനെയാണു സാധ്യമായത്  ? എന്താണതിന്റെ രഹസ്യം  ? ഭാഷയും രീതികളും എല്ലാം വ്യത്യസ്തമായ ഒരു വിദേശ വനിതയായ ഹരിതയ്ക്ക് അവരുമായി ആശയ വിനിമയം നടത്താനും അവരുടെ സ്നേഹം പിടിച്ചുപറ്റാനും എങ്ങനെ കഴിഞ്ഞു?

= സ്നേഹത്തിന് ഭാഷ ആവശ്യമില്ല എന്ന് പറയുന്നത് വെറുതെയല്ല. കുർദിഷ് മാത്രം സംസാരിക്കുന്ന അമ്മമാരുടെ സ്നേഹം വാക്കുകളിലൂടെയല്ല പ്രകടിപ്പിക്കുന്നത്. പുതിയ തലമുറയിലുള്ളവർ പലരും ഇംഗ്ലീഷ് സംസാരിക്കും. പ്രധാനപ്പെട്ട കാര്യം അവർക്ക് എന്നിലുള്ള വിശ്വാസമാണ്. ഞാൻ അവർക്ക് വേണ്ടിയാണ് എഴുതുന്നതെന്ന് അവർക്കറിയാം. ഞങ്ങളെക്കുറിച്ച് ദയവായി എഴുതൂ, ലോകം ഞങ്ങളുടെ യാതന അറിയട്ടെ എന്നാണ് അവർ പറയുന്നത്. അവർക്ക് മറ്റൊന്നും ആവശ്യമില്ല. എനിക്കും മറ്റ് ഒരു ഉദ്ദേശ്യവുമില്ല. ആരും പറയാത്ത കുർദുകളെക്കുറിച്ച്   പറയണം എന്നെനിക്ക് തോന്നി.

? വളരെ അപകടം പിടിച്ച ഒരു ദൗത്യമല്ലേ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്

= തീർച്ചയായും ആണ്. അപകടമുണ്ട്. പക്ഷേ ഇനി പിന്നോട്ടില്ല. എഴുതാതെ വയ്യ. എനിക്ക് ആയുധം എടുത്ത് പോരാടാൻ ആവില്ല. ആരെങ്കിലും ആക്രമിച്ചാൽ ഒന്ന് ഓടി രക്ഷപ്പെടാൻ പോലും എനിക്കാവില്ല. പക്ഷേ എഴുത്ത് നിർത്താൻ ഇപ്പോൾ കഴിയില്ല. ഭയന്നിട്ടാണ് ആരും എഴുതാൻ തയ്യാറാകാത്തത്  . കശ്മീരിലെ ജനത എന്താണ് അനുഭവിക്കുന്നതെന്ന് ആരും അറിയുന്നില്ലല്ലോ. അതിന്റെ കാരണവും ഭയം തന്നെയാണ്.

?പുതിയ പുസ്തകത്തിന്റെ പണിപ്പുരയിൽ ആണോ

= അതെ. ഒരു പുതിയ നോവൽ. അത് തുർക്കിയിലെ നീതിന്യായ വ്യവസ്ഥയിലെ കൊടും അഴിമതിയെക്കുറിച്ചാണ്  . ഇന്ത്യയിലെ സ്ഥിതിയും ഇതുതന്നെ അല്ലേ ! കോടതികൾ ഫാസിസ്റ്റ് ഭരണകൂടത്തിന് അതിവേഗം വിധേയപ്പെടും. അവിടെ നിന്നും നീതി പ്രതീക്ഷിക്കാൻ ആവില്ല.

? ഹരിതയുടെ ഭാഷ ആർദ്രവും ഊഷ്മളവുമാണ്. നോവൽ ആയാലും ലേഖനം ആയാലും ഏതാണ്ട് ഒരേ ഭാഷ ആയി തോന്നുന്നു.

=ശരിയായിരിക്കാം  . നോവലായും  ലേഖനമായും  യാത്രാവിവരണം ആയും  ഞാൻ അനുഭവിക്കുന്നതാണ് ഞാൻ എഴുതുന്നത്. എനിക്ക് എങ്ങനെ അനുഭവപ്പെട്ടോ വായനക്കാർക്കും അതങ്ങനെ തന്നെ അനുഭവപ്പെടണം എന്നാണ് ഞാൻ കരുതുന്നത്. എല്ലാവരും ഇതെല്ലാം വായിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. വേണമെങ്കിൽ ഇതേ കാര്യങ്ങൾ സൈദ്ധാന്തികമായി എഴുതാം.

വിരസമായ ഭാഷയിൽ വിവരിക്കാം. പക്ഷേ അത് എത്രപേർക്ക് ആസ്വാദ്യകരമാകും  ? നോവൽ എഴുതിയതുതന്നെ ഈ ഉദ്ദേശ്യത്തോടെയാണ്. കൂടുതൽ പേരിലേക്ക് എത്തിക്കാൻ വേണ്ടിയാണ്. പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ കുഞ്ഞുങ്ങൾക്ക് മരുന്ന് കൊടുക്കാൻ പഞ്ചസാര കൂടി ചേർക്കുന്നത് പോലെയാണിത്. 'സിൻ’ ഞാൻ എഴുതിയത് അങ്ങനെയാണ്. കഠിനമായ സത്യത്തെ കഥ ആക്കി മാറ്റി.

?സീത എന്ന മലയാളി പെൺകുട്ടി കുർദ് പോരാളിയായ ദേവ്റാൻ  എന്ന കാമുകനെ തേടി തുർക്കിയിൽ എത്തുന്നതാണല്ലോ സിൻ എന്ന നോവലിന്റെ പ്രമേയം.   അവൾ ഉൾപ്പെടെ മറ്റു പല കഥാപാത്രങ്ങളും ഭരണകൂട ഭീകരതയുടെ ഇരകൾ ആയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിൽ ഭാവന എത്രയുണ്ട്  ? യാഥാർഥ്യം എത്രയുണ്ട്...

=പച്ചയായ യാഥാർഥ്യമാണ് സിൻ. ഒട്ടും അതിശയോക്തിയില്ല. അതിൽ പറഞ്ഞിട്ടുള്ള ഓരോ സംഭവവും നടന്നതാണ്. സീതയും പ്രണയവും മാത്രമാണ് ഭാവന. മറ്റെല്ലാ കഥാപാത്രങ്ങളും ജീവനുള്ളവരാണ്. മരണങ്ങൾ പോലും യാഥാർഥ്യം  . ഇതെഴുമ്പോൾ ഞാൻ വല്ലാത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയിരുന്നു. ഇനി ഒരിക്കൽ കൂടി ആ പുസ്തകം വായിക്കാൻ എനിക്കാവില്ല. അത് എഴുതിക്കഴിഞ്ഞു. ഇനി അതിൽ ഒന്നുമില്ല. എനിക്കതിലേക്ക് തിരിച്ചു പോകാനും ആവില്ല. പക്ഷേ ഒന്നുണ്ട്. സിൻ സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ കൂടിയാണ്. അത്തരം ഉപാധികളില്ലാത്ത, പ്രാണൻ വരെ ത്യജിക്കുന്ന സൗഹൃദങ്ങളും യാഥാർഥ്യമാണ്.

? മാനവികതക്ക് പ്രാധാന്യം കൊടുക്കുന്ന പരിഷ്കൃത മനുഷ്യരാണെന്ന് ഭാവിക്കുമ്പോഴും ലോക രാഷ്ട്രങ്ങൾ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണല്ലോ അഭയാർഥികളുടേത്. സിറിയൻ അഭയാർഥികളെക്കുറിച്ച് ഹരിത എഴുതിയത് ഏറ്റവും ഹൃദയസ്പർശിയായ ഒന്നാണ്.

= അഭയാർഥികൾക്കുമുണ്ട് വർഗ, വർണ വ്യത്യാസം. വെളുത്ത തൊലിക്കാരായ അഭയാർഥികളെ യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിക്കും. ഇപ്പോൾ റഷ്യ ‐ഉക്രയ്‌ൻ യുദ്ധം മൂലം നാട് വിടേണ്ടി വരുന്നവരെ രണ്ടുകൈയും നീട്ടി യൂറോപ്യൻ രാജ്യങ്ങൾ സ്വാഗതം ചെയ്യുകയല്ലേ  ?  പക്ഷേ മറ്റുള്ളവരോ  ? അവരും മനുഷ്യരല്ലേ  ? ജീവനും കൈയിൽ പിടിച്ച് പാഞ്ഞോടി വരുന്ന മനുഷ്യരെ തടയാൻ ആർക്കാണ് അവകാശം  ? ഈ ഭൂമി എല്ലാവർക്കും സ്വന്തമല്ലേ  ? രാജ്യത്തിന്റെ അതിർത്തികൾ ആരുണ്ടാക്കിയതാണ്! എന്തിനു വേണ്ടി ! മൃഗങ്ങൾക്ക് അതിർത്തികൾ മുറിച്ചുകടക്കാം.

അഭയമില്ലാതെ വരുന്ന നിസ്സഹായരായ മനുഷ്യർ തടയപ്പെടുന്നു. അഫ്ഗാനിസ്ഥാൻ, തുർക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നും ആയിരങ്ങളാണ് വീടും നാടും ഉപേക്ഷിച്ച് ക്യാമ്പുകളിൽ കഴിയുന്നത്. ഇത്തരം അഭയാർഥി ക്യാമ്പുകളിൽ നടക്കുന്നത് നമുക്ക് ചിന്തിക്കാനാകാത്ത കാര്യങ്ങളാണ്.

അഭയമില്ലാതെ വരുന്ന നിസ്സഹായരായ മനുഷ്യർ തടയപ്പെടുന്നു. അഫ്ഗാനിസ്ഥാൻ, തുർക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നും ആയിരങ്ങളാണ് വീടും നാടും ഉപേക്ഷിച്ച് ക്യാമ്പുകളിൽ കഴിയുന്നത്. ഇത്തരം അഭയാർഥി ക്യാമ്പുകളിൽ നടക്കുന്നത് നമുക്ക് ചിന്തിക്കാനാകാത്ത കാര്യങ്ങളാണ്. മാംസക്കച്ചവടവും അവയവ കച്ചവടവും അവിടെ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ചെറിയ കുട്ടികൾ പോലും ഇതിന്റെയൊക്കെ ഇരകളാണ്.

സിറിയൻ അഭയാർഥി

സിറിയൻ അഭയാർഥി

 

?എല്ലാ സംഘർഷങ്ങളുടെയും പ്രധാന ഇരകൾ സ്ത്രീകൾ ആണല്ലോ. അവരെക്കുറിച്ച് ഹരിത ധാരാളം എഴുതിയിട്ടും ഉണ്ടല്ലോ? യോയെസ്,സഹൻദ്, ക്ലാര, ലൗറ, റബേക്ക ഇങ്ങനെ എത്രയോ പേരാണ് ...

= തീർച്ചയായും അതെ. ലോകമെമ്പാടും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഏകതാന സ്വഭാവമാണ്. പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകൾക്ക് ഒരു പരിധിവരെ ചലനസ്വാതന്ത്ര്യം ഉണ്ടെന്ന് മാത്രം. മണിപ്പുരിലും വംശഹത്യയുടെ ഇരകൾ സ്ത്രീകൾ ആണെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ.  കേരളം പോലും സ്ത്രീകളുടെ കാര്യത്തിൽ യാഥാസ്ഥിതിക കാഴ്ചപ്പാട് വച്ചുപുലർത്തുന്നു എന്നാണ് എന്റെ അഭിപ്രായം. രാഷ്ട്രീയമായി വ്യത്യസ്തമാണ് കേരളം എന്നതിന് സംശയമില്ല. ഇവിടെയുള്ള അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും ഇന്ത്യയിൽ വേറെ  എവിടെയുമില്ല. എന്നാൽ സ്ത്രീകളോടുള്ള മലയാളികളുടെ സമീപനം സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ കണ്ടാൽ വ്യക്തമാകും.

?ആഴത്തിൽ മുറിവേറ്റ അനേകരുടെ ജീവിതങ്ങൾ വായനക്കാർക്ക് പരിചയപ്പെടുത്താൻ സ്ത്രീ ആണെന്നത് സഹായിച്ചിട്ടുണ്ടാകുമോ?

= (ഒട്ടൊന്ന് ആലോചിച്ച ശേഷം) ഉണ്ടാകും എന്നാണ് തോന്നുന്നത്. ഞാൻ കണ്ടുമുട്ടിയ സ്ത്രീകൾ ഇത്രയേറെ മനസ്സ് തുറന്നത് ഞാനൊരു സ്ത്രീ ആയതുകൊണ്ട് കൂടിയാകാം  . നമുക്ക് കഴിയുന്നതുപോലെ പരസ്പരം മനസ്സിലാക്കാൻ പുരുഷന് കഴിയണമെന്നില്ല. എനിക്ക് മറ്റ് താൽപ്പര്യങ്ങൾ ഇല്ല എന്ന് അറിഞ്ഞിട്ടുകൂടിയാകാം അവരെല്ലാവരും എന്നോട് ഒരു കൂട്ടുകാരിയോടെന്നപോലെ സംസാരിക്കാറുണ്ട്. അവർ പറയുമ്പോൾ എനിക്ക് ഉണ്ടാകുന്നത് സഹതാപമല്ല, അനുതാപമാണ്. അതാണവർ എന്നെ അവരിൽ ഒരാളായി കണക്കാക്കുന്നത്.

? ഒരു എഴുത്തുകാരിക്കൊപ്പം ഒരു കുടുംബിനിയും ആണല്ലോ. എങ്ങനെയാണ് രണ്ടുംകൂടി കൊണ്ടുപോകുന്നത്...

= എന്റെ ഭർത്താവ്, സ്പെയിൻകാരനായ ഇവാൻ  , അധ്യാപകനാണ്. സ്‌പെയിൻ കമ്യൂണിസ്‌റ്റ്‌ പാർടി പൊളിറ്റ്  ബ്യൂറോ അംഗമാണ്. ഞാനും അവിടെ പാർടി പ്രവർത്തകയാണ്. എനിക്ക് രണ്ട്‍ ആൺമക്കൾ‐നിർമൽ  ,ആനന്ദ്. മക്കൾ അവരവരുടെ കാര്യങ്ങൾ നോക്കാൻ പ്രാപ്‌തരായിട്ടുണ്ട്  . എങ്കിലും മൂന്നാണുങ്ങൾ ഉള്ള കുടുംബം നോക്കലും പാചകവും ചെറിയ കാര്യമല്ല.

അവർ ഉറക്കെ ടിവിയിൽ ക്രിക്കറ്റ് കളി കാണുമ്പോഴും അവരുടെ മധ്യത്തിൽ ഇരുന്ന് ഞാൻ എഴുതും. അതിനിടയിൽ അവരുടെ ഭക്ഷണ കാര്യങ്ങളും ശരിയാക്കും. പലപ്പോഴും അടുക്കളയിൽ ലാപ്ടോപ്പ് കൊണ്ടുവച്ചും എഴുതിയിട്ടുണ്ട്. ഇവാന്റെയും മക്കളുടെയും പിന്തുണ എഴുത്തിനുണ്ട്. സുരക്ഷിതമായി മാത്രമേ യാത്രചെയ്യാവൂ എന്നവർ പറഞ്ഞുകൊണ്ടിരിക്കും എന്ന് മാത്രം.

? ഭക്ഷണവും പാചകവും ഹരിതക്ക് ഇഷ്ടമാണെന്ന് തോന്നുന്നു. പുസ്തകങ്ങളിൽ വളരെ സങ്കടകരമായ കാര്യങ്ങൾ  പറയുമ്പോഴും ആഹാരത്തെക്കുറിച്ച്, അതുണ്ടാക്കുന്ന രീതികൾ ഉൾപ്പെടെ എഴുതിക്കാണാറുണ്ട്. കൊതിപ്പിക്കുന്ന തരത്തിലാണ് റെയിൻ ഡിയറിന്റെയും ബീവറിന്റെയും നെയ്യിൽ മൊരിയിച്ച മാംസത്തെക്കുറിച്ച് പറയുന്നത്.

= (പൊട്ടിച്ചിരിച്ചുകൊണ്ട് ) ശരിയാണ്. എനിക്ക് ഭക്ഷണം  കഴിക്കാനും ഉണ്ടാക്കാനും ഇഷ്ടമാണ്. പല വായനക്കാരും ഇത് പറയാറുണ്ട്. ലോകത്തെ വ്യത്യസ്തതരം ആഹാര രീതികൾ ഞാൻ പരീക്ഷിച്ചിട്ടുണ്ട്.

? എഴുത്തിനും പാചകത്തിനും  ഒപ്പം ഹരിത ചിത്രവും വരയ്‌ക്കും, അല്ലേ...

=ചിത്രം ഒരുകാലത്ത് ധാരാളം വരച്ചിരുന്നു. ഇപ്പോൾ സമയം തീരെ കിട്ടുന്നില്ല. എങ്കിലും എന്റെ അമ്മായിഅമ്മക്ക് വേണ്ടി ഒരു ചിത്രം വരച്ചുകൊണ്ടിരിക്കുന്നു. അവർ പണിയുന്ന പുതിയ വീടിനുവേണ്ടി. അത് ഗോൾഡ് ലീഫ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചെയ്യുന്നത്. പൂർത്തിയായിട്ടില്ല. സെപ്‌തംബറിൽ സ്‌പെയിനിൽ മടങ്ങിപ്പോയാലേ ഇനി അത് തീർക്കാൻ കഴിയൂ. സ്വർണ നിറത്തിലുള്ള മത്സ്യങ്ങളുടെ ഒരു ചിത്രം. അസ്തമയ സൂര്യന്റെ രശ്മികൾ പതിയുന്നിടത്താണ് അതിന്റെ സ്ഥാനം കണ്ടിരിക്കുന്നത്. അതിന്റെ വെളിച്ചത്തിൽ ചിത്രം മനോഹരമായി പ്രോജ്വലിക്കുമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

?എഴുത്തുകാരുടെ സാമൂഹ്യ ഉത്തരവാദിത്വം എന്താണെന്നാണ് കരുതുന്നത്...

= ഒരു മാധ്യമ പ്രവർത്തകയാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു  . എഴുത്തുകാരാണെങ്കിലും മാധ്യമ പ്രവർത്തകർ ആണെങ്കിലും സത്യത്തിനൊപ്പം നിൽക്കണം  . നിഷ്പക്ഷമായി, പ്രതിബദ്ധതയോടെ പ്രവർത്തിക്കണം. ജനങ്ങളെ സത്യം ബോധ്യപ്പെടുത്തണം  . ഞാൻ അതിനാണ് ശ്രമിക്കുന്നത്. സാഹിത്യ അക്കാദമി അവാർഡ് തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്നാൽ ഈ അവാർഡ് മൂലം പുസ്തകം കൂടുതൽ പേരിലേക്ക് എത്തുന്നുവെന്ന് അറിയുന്നത് ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ട്. അതായിരുന്നു എഴുതുമ്പോൾ ഞാൻ ആഗ്രഹിച്ചത്. എല്ലാവരും വായിക്കുകയും നമ്മുടെ സഹജീവികൾ അനുഭവിക്കുന്നതെന്താണെന്ന് അറിയുകയും വേണം.

? മലയാളം ആകുമ്പോൾ വായനക്കാർ പരിമിതമല്ലേ  ? ഹരിത എഴുതുന്നത് ലോകം മുഴുവനും വായിക്കണം എന്ന് തോന്നുന്നില്ലേ?

= അങ്ങനെ ചിന്തിക്കുന്നുണ്ട്  . സിൻ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തു. എങ്കിലും എനിക്ക് സ്വന്തമായി എഴുതിയാൽ മാത്രമേ പൂർണ തൃപ്തി ഉണ്ടാകൂ. പക്ഷേ ഞാൻ എഴുതുമ്പോൾ സ്വാഭാവികമായും ഭരണകൂടങ്ങൾ അസ്വസ്ഥരാകും. കാരണം ഭരണകൂട ഭീകരതയാണല്ലോ തുർക്കിയിലും സിറിയയിലും മറ്റും നടക്കുന്നത്. എന്റെ കുടുംബത്തിന്റെ സുരക്ഷിതത്വം കൂടി നോക്കണമല്ലോ. തങ്ങൾക്കെതിരെ നിൽക്കുന്നവരുടെ കുടുംബങ്ങളെ ഇല്ലാതാക്കിയ നിരവധി സ്വേച്ഛാധിപതികളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്.

? കേരളത്തിന്റെ പശ്ചാത്തലത്തിൽ എന്തെങ്കിലും എഴുതാൻ ആലോചിക്കുന്നുണ്ടോ ?

= എന്തായാലും ഇപ്പോഴില്ല. അതിന് വ്യക്തിപരമായ പല കാരണങ്ങളും ഉണ്ട്. എന്റെ നാട് സ്‌പെയിൻ ആയിക്കഴിഞ്ഞു. രണ്ടാമത്തേത്  തുർക്കിയും ആണ്. ഇപ്പോൾ മനസ്സിൽ അവരാണ് ഉള്ളത്. സ്‌പെയിനിൽ നമുക്ക്, സ്ത്രീകൾക്ക്, താരതമ്യേന സ്വാതന്ത്ര്യമുണ്ട്‌. എവിടെ വേണമെങ്കിലും പോകാം, ഏതു സമയത്തും യാത്ര ചെയ്യാം, ഏത് വേഷവും ധരിക്കാം, ആരുമായും കൂട്ടുകൂടാം  . ആരും ചോദ്യം ചെയ്യില്ല. ആ സ്വാതന്ത്ര്യം ഞാൻ ഇഷ്ടപ്പെടുന്നു.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top