20 April Saturday
ലക്ഷ്യമിട്ടത്‌ എഴുത്തിൽനിന്ന്‌ മാറ്റിനിർത്താൻ

നൊറോണയ്‌ക്കറിയണം, ആരാണ്‌ ഇതിനുപിന്നിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

കൊച്ചി> പരാതികളുടെയും വിവാദങ്ങളുടെയും ഭാഗമാക്കി തന്നെ ആരോ ടാർജറ്റ്‌ ചെയ്യാൻ ശ്രമിക്കുന്നതായി എഴുത്തുകാരൻ ഫ്രാൻസിസ്‌ നൊറോണ. ആദ്യം മാസ്‌റ്റർപീസ്‌ എന്ന നോവലിനെതിരെ പരാതി പോയി. പിന്നാലെ കക്കുകളി എന്ന നാടകവിവാദത്തിലേക്ക്‌ വലിച്ചിഴയ്‌ക്കാൻ ശ്രമിച്ചു. ഇതിനെല്ലാം പിന്നിൽ ആരെന്ന്‌ അറിയില്ല. അറിയാൻ താൽപ്പര്യമുണ്ടെന്നും നൊറോണ പറഞ്ഞു. സർക്കാർ ജോലിയിൽനിന്ന്‌ രാജിവയ്‌ക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച്‌ ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ടശേഷം ദേശാഭിമാനിയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ കുടുംബകോടതിയിലെ സീനിയർ ക്ലർക്ക്‌ പദവിയിൽനിന്ന്‌ വെള്ളിയാഴ്‌ചയാണ്‌ നൊറോണ സ്വയം വിരമിച്ചത്‌. മൂന്നുവർഷംകൂടി സർവീസ്‌ ശേഷിക്കെയാണ്‌ വിരമിക്കൽ. തനിക്കെതിരായ നീക്കങ്ങൾക്കെല്ലാം പിന്നിൽ ആരാണെന്ന്‌ അറിയില്ലെങ്കിലും അവരുടെ ഉദ്ദേശ്യം വ്യക്തമാണെന്ന്‌ നൊറോണ പറഞ്ഞു.  താൻ ഒന്നൊതുങ്ങണം. എഴുത്തിൽനിന്ന്‌ മാറിനിൽക്കണം. മാസ്‌റ്റർപീസിനെതിരെ ഹൈക്കോടതി രജിസ്‌ട്രാർക്ക്‌ പരാതി നൽകിയത്‌ എഴുത്തുകാരോ സഹപ്രവർത്തകരായിരുന്നവരോ ആകാനിടയില്ല.  പരാതിക്കുപിന്നിൽ എഴുത്തുകാരായിരിക്കുമെന്ന്‌ ചിലർ സംശയം പറഞ്ഞിരുന്നു. അങ്ങനെയാകാതിരിക്കട്ടെ എന്നാണ്‌ പ്രാർഥന. സഹപ്രവർത്തകരും മേലുദ്യോഗസ്ഥരുമെല്ലാംതന്നെ വായിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമാണ്‌. ഡിപ്പാർട്ട്‌മെന്റിൽനിന്നുള്ള പരാതി ജില്ലാ ജഡ്‌ജിക്കാണ്‌ സാധാരണ പോവുക. ഹൈക്കോടതിയിൽ പോകാനൊന്നും ധൈര്യപ്പെടില്ല. വെറും വ്യവഹാരപ്രിയരും ആകാനിടയില്ല. അങ്ങനെയെങ്കിൽ ഹർജി ഫയൽ ചെയ്‌തേനെ.   

സങ്കീർണമായത്‌ കക്കുകളിയോടെ

ജനുവരിയിലാണ്‌ മാസ്‌റ്റർപീസ്‌ വിവാദവും വകുപ്പുതലനടപടികളും തുടങ്ങിയത്‌. 2022ലാണ്‌ നോവൽ പ്രസിദ്ധീകരിച്ചത്‌. രജിസ്‌ട്രാർക്ക്‌ നൽകിയ പരാതിയിൽ ഹൈക്കോടതിക്കുകീഴിലെ പ്രത്യേക സെല്ലിൽനിന്ന്‌ മെമ്മോ കിട്ടി. നോവലിനെതിരെയാണ്‌ പരാതിയെന്നും മുൻകൂർ അനുമതി വാങ്ങിയാണോ  എഴുതിയതെന്നും മെമ്മോയിൽ ചോദിച്ചു. ആലപ്പുഴ ജില്ലാ കോടതി തുടരന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകി. ആവശ്യമായ തിരുത്തൽ വരുത്തി ജോലിയിൽ തുടരാൻ നിർദേശിച്ചാണ്‌ പരാതി ക്ലോസ്‌ ചെയ്‌തത്‌.

കക്കുകളി നാടകവിവാദം വന്നതോടെയാണ്‌ കാര്യങ്ങൾ സങ്കീർണമായത്‌. കക്കുകളി നാടകവിവാദം പൊട്ടിപ്പുറപ്പെട്ട തൃശൂരിൽ 14ന്‌ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്‌. ജോലിയിൽ തുടർന്നുകൊണ്ട്‌ വിവാദങ്ങൾക്ക്‌ ധീരമായ മറുപടി പറയാനാകില്ല. ജോലിയിൽനിന്ന്‌ പിരിച്ചുവിടാൻപോലുമാകും.  അതുകൊണ്ടാണ്‌ ജോലിയിൽ തുടരേണ്ടെന്ന്‌ തീരുമാനിച്ചത്‌. നീക്കങ്ങൾക്കുപിന്നിൽ ആരെന്ന്‌ കണ്ടെത്തുമെന്നും നൊറോണ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top