29 March Friday

ഭരണഘടനയുടെ കാവൽക്കാരി

ദീപക്‌ പച്ചUpdated: Thursday May 24, 2018

സംഘപരിവാരത്തിന്റെ ക്രൂരതയുടെ ചരിത്രത്തെ വായിക്കുമ്പോൾ അറിയാതെ തൊണ്ടയിലും നെഞ്ചിലും താങ്ങാനാവാത്ത കനം വന്നുനിറയും. ഈ സംഘപരിവാർ കാലത്ത് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് സാധ്യമാകുന്ന ക്രൂരതകൾക്ക് അതിരുകളിലെന്നു വീണ്ടും നമ്മെ ഓർമിപ്പിക്കുന്ന പുസ്തകമാണ് ഈ ഓർമ്മകുറിപ്പ്.ഇന്നീ രാജ്യത്ത് മാനവികതയുടെ പക്ഷത്തുനിൽക്കുന്ന ആരും ആഗ്രഹിക്കുന്ന ഒരുകാര്യം അത് സംഘപരിവാരത്തിന്റെ പരാജയമാണ്.ടീസ്‌റ്റ സെതൽവാദിന്റെ "Foot Soldier of the Constitution: A Memoir" എന്ന ഓർമ്മ കുറിപ്പിനെ കുറിച്ച്‌  ദീപക്‌ പച്ച എഴുതുന്നു. 

ദീപക് പച്ച

ദീപക് പച്ച

മൗലാനാഉമ്മർജി... ആ പേരങ്ങനെ ഓർമ്മയിലിരിക്കാൻ സാധ്യതയില്ല.സാമൂഹ്യപ്രവർത്തകനും ഇസ്ലാംപുരോഹിതനുമായിരുന്നു.ഗുജറാത്തിൽ മോദിസർക്കാർ വിചാരണകൂടാതെ POTA  പ്രാകാരം അറസ്റ്റ്ചെയ്ത് ഒൻപത് വർഷക്കാലത്തോളം ജയിലിലടച്ചിരുന്നു ഈമനുഷ്യനെ. 2002  ഡിസംബർമാസം മതിയായ തെളിവുകളില്ലാതെ അറസ്റ്റുചെയ്തു ഒടുവിൽ 2011 ൽകുറ്റവിമുക്തനാക്കുമ്പോൾ ആമനുഷ്യൻ പാടെതകർന്നിരുന്നു.

മാസങ്ങൾക്കുളളിൽ ആവേദനയിൽ തലച്ചോറിൽ രക്തംവാർന്ന് അയാൾമരിച്ചു.   ഗുജറാത്ത് കലാപത്തിൽ സർവ്വതും നഷ്ട്ടപെട്ട മനുഷ്യർക്കായി ദുരിതാശ്വാസക്യാമ്പുകൾ സംഘടിപ്പിച്ചു എന്നതായിരുന്നുകുറ്റം.
ധൃതിയിൽ ഏതോഒരുദിനപത്രത്തിൽ വായിച്ചുപോയ മൗലാനാഉമ്മർജിയുടെ പേരും അനുഭവവും സംഘപരിവാർ വിരുദ്ധരാഷ്ട്രീയ പ്രവർത്തകരുടെ ഓർമ്മയിൽപോലും അധികംബാക്കിയില്ല. ഇങ്ങനെഎത്രയെത്രപേരുകൾ, കൂട്ടക്കുരുതികൾ, കലാപങ്ങൾ. ഈവിധംസംഘപരിവാർപൊതുബോധത്തിന്റെ തിരകൾ മറവിയുടെ കടലിലേക്കെടുത്ത നീതികേടിന്റെ തീരത്തെ ഓർമയുടെ കരയിലേക്ക് അടുപ്പിക്കുന്നു എന്നതാണ് ടീസ്റ്റ സെതൽവാദിന്റെ "Foot Soldier of the Constitution: A Memoir"എന്ന ഓർമ്മകുറിപ്പിന്റെ കാലികപ്രസക്തി.

സംഘപരിവാരത്തിന്റെ ക്രൂരതയുടെ ചരിത്രത്തെ വായിക്കുമ്പോൾ അറിയാതെ തൊണ്ടയിലും നെഞ്ചിലും താങ്ങാനാവാത്ത കനം വന്നുനിറയും. ഈ സംഘപരിവാർ കാലത്ത് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് സാധ്യമാകുന്ന ക്രൂരതകൾക്ക് അതിരുകളിലെന്നു വീണ്ടും നമ്മെ ഓർമിപ്പിക്കുന്ന പുസ്തകമാണ് ഈ ഓർമ്മകുറിപ്പ്.ഇന്നീ രാജ്യത്ത് മാനവികതയുടെ പക്ഷത്തുനിൽക്കുന്ന ആരും ആഗ്രഹിക്കുന്ന ഒരുകാര്യം അത് സംഘപരിവാരത്തിന്റെ പരാജയമാണ്. സുശക്തമായ സംഘടനാസംവിധാനമുള്ള, തങ്ങളുടെഅധികാരമുറപ്പിക്കാൻ ഏത് ക്രൂരകർമ്മത്തിനും തയ്യാറാവുന്ന, വെറുപ്പിന്റെ രാഷ്ട്രീയം പ്രസരിപ്പിക്കുന്നവർക്കെതിരെയുള്ള ഏത്പോരാട്ടവും ഇൻഡ്യാമഹാരാജ്യത്തിന്റെ ആത്മാവ് തിരിച്ചറിയുന്ന ആർക്കും ആവേശവും പ്രതീക്ഷയും നൽകുന്ന ഒന്നാണ്.അത്തരത്തിലുള്ള സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ചരിത്രമാണ് ഈപുസ്തകം.

വ്യക്തികേന്ദ്രികൃതമായ വിവരണം ഒരുപരിമിതിയായിതോന്നാമെങ്കിലും ഇത് വെറുമൊരു ഓർമ്മകുറിപ്പല്ല.  ഈരാജ്യത്ത് പ്രത്യേകിച്ച് ഗുജറാത്തിലും ബോംബെയിലും സംഘപരിവാർ നടത്തിയ നടത്തിക്കൊണ്ടിരിക്കുന്ന

അപരവിദ്വേഷവ്യാപാരത്തിന്റെ പരിചയപ്പെടേണ്ട ചരിത്രംകൂടിയാണ്.തന്റെ സാമൂഹ്യപ്രവർത്തനത്തിൻെറയും അതിനാധാരമായ നിയമപാരമ്പര്യമുള്ള കുടുംബപശ്ചാത്തലം, ഗുജറാത്തിൽ സംഘപരിവാർ നേതൃത്വത്തിൽ ഹിന്ദുതീവ്രവാദികൾ നടത്തിയ കൂട്ടക്കുരുതികൾ, അതിനെതിരെയുള്ള നിയമപോരാട്ടങ്ങൾ, ബി.ജെ.പിയുടെ പ്രതികാരനടപടികൾ ഇവയെല്ലാം വിവരിക്കുന്ന നാലുചാപ്റ്ററുകളുള്ള പുസ്തകം സംഘവിരുദ്ധരാഷ്ട്രീയം കയ്യാളുന്ന ഓരോമനുഷ്യനും വായിക്കേണ്ടതാണ്.

2002 ൽഗോദ്രയിലെ സബർമതി എക്സ്പ്രസ്സിന് തീകൊടുത്തതും തുടർന്ന് ആസൂത്രിതമായി നടത്തിയ മുസ്ലിംവേട്ടയുംകേന്ദ്രമായാണ്ഈഓർമ്മക്കുറിപ്പ്. ലെഫ്റ്റ് വേർഡാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഗുജറാത്ത് കലാപം ബാബറിമസ്ജിദ് തകർത്തതിന്ശേഷം ശിവസേനയുടെ നേതൃത്വത്തിൽ ബോംബയിൽ നടത്തിയകലാപം, 1984 ലെ ഭീവണ്ടികലാപം ഇന്ത്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിച്ച ഈകലാപങ്ങളെ പത്രപ്രവർത്തക എന്നനിലയിലും സാമൂഹ്യപ്രവർത്തക എന്നനിലയിലും നേരിട്ടറിഞ്ഞആളാണ് ടീസ്തസെറ്റൽവാദ്.

കേസുകൾ വിവരിക്കുന്ന ചിലഭാഗങ്ങൾ ആവർത്തനവിരസതയായി തോന്നിയേക്കാം. പക്ഷേ ഭരണകൂടത്തിനെതിരെയുള്ള നീതിക്കായുള്ള പോരാട്ടങ്ങൾ ആയുസ്സുള്ളടുത്തോളം ആവർത്തിക്കേണ്ട രാഷ്ട്രീയപരിസരത്തിലാണല്ലോ നമ്മുടെരാജ്യമിന്ന്.

ബോംബെ ജൂഹു കടൽതീരത്തുള്ള മനോഹരമായ ടീസ്തയുടെ വീട്ടിൽ ഡി.വൈ.എഫ്.ഐനേതാക്കളായ പ്രീതിയേച്ചിയുടെയും മുഹമ്മദ്റിയാസ് സഖാവിന്റെയും കൂടെ ഒരിക്കൽപോയിരുന്നു.  മനോഹരമായ ഈവീട് ടീസ് റ്റയുടെ മുത്തച്ഛൻപണ്ട് പണിതതാണെന്നു സംസാരത്തിനിടെ അന്ന് ജാവേദ്ആനന്ദ് പറഞ്ഞിരുന്നതു പുസ്തകത്തിൽ ആ വീട് വന്നുനിറയുമ്പോഴെല്ലാം ഓർത്തു.  ടീസ്റ്റയുടെ മുത്തച്ഛൻ എം.സിസെറ്റൽവാദ് ഇന്ത്യയുടെ ആദ്യ അറ്റോണിജനറലായിരുന്നു, പിതാവ് അതുൽ സെതൽവാദും അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു. മുതുമുത്തച്ഛൻ ചിമൻലാൽ സെറ്റൽവാദ് ജാലിയൻവാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച ജനറൽഡയറിനെ കുറ്റക്കാരനെന്ന് വിധിച്ച ഹണ്ടർ കംമീഷന്റെ ഭാഗമായിരുന്ന നിയമവിദഗ്ദനായിരുന്നു. നീതിക്കായുള്ളപോരാട്ടങ്ങളുടെ ആപാരമ്പര്യം തന്നെയാകും സംഘപരിവാർ വേട്ടയാടലുകൾക്കിടയിലും ആസ്ത്രീയ്ക്ക് കരുത്തുപകർന്നിരിക്കുക.

പുസ്തകത്തിൽ ടീസ്റ്റ ആവർത്തിക്കുന്ന ഒരുകാര്യം സംഘപരിവാർ രാഷ്ട്രീയത്തിലെ ഭരണഘടനവിരുദ്ധതയാണ്. ഇക്കാലത്തു രാജ്യത്തോട് ഉത്തരവാദിത്വമുള്ള പൗരർ എന്നനിലയിൽ നാംഓരോരുത്തരും ഉയർത്തിപ്പിടിക്കേണ്ടത് ഭരണഘടനാതത്വങ്ങളാണെന്ന് പുസ്തകം ഓർമ്മിപ്പിക്കുന്നു.നിയമങ്ങൾ കാറ്റിൽപറത്തി എല്ലാവരും തുറന്നസ്ഥലത്ത് പോസ്റ്റുമാർട്ടം നടത്തിയും, ഗോദ്രയിൽ മരിച്ചവരുടെ ശവശരീരവുംകൊണ്ട് ദീർഘദൂരം വിലാപയാത്രനടത്തിയും ആർ.എസ്.എസും.വി.എച്ച്.പിയും മോഡിഭരണത്തിന്റെ ഒത്താശയോടെ ഗുജറാത്ത്കലാപം നടത്തിയത് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. കലാപത്തിന്റെ സൂത്രധാരനെന്ന നിലയിൽ മുഖംനഷ്ട്ടപെട്ട മോഡി കോർപറേറ്റുകളുടെ സഹായത്തോടെ പ്രതിമാസം 25000 ഡോളർകൊടുത്ത് APCO Worldwide എന്ന കൺസൾട്ടൻസിയെ നിയമിച്ചതും വൈബ്രന്റ് ഗുജറാത്ത് എന്നപൊള്ളയായ മുദ്രാവാക്യം ഉയർത്തി വികസനനായകനായതിന്റെ രാഷ്ട്രീയപരിസരവും പുസ്തകത്തിലൂടെ വ്യക്തമാണ്. 

നരോദപാട്യ, ഗുൽബർഗ്സൊസൈറ്റി, നരോദഗാവോൺ, സർദാർപുർ ഇവിടുങ്ങളിൽ ആർ.എസ്.എസ് ക്രിമിനലുകൾ നടത്തിയ ചോരമരവിപ്പിക്കും വിധമുള്ള ക്രൂരഹത്യകൾ.ഇലക്ഷൻ പട്ടികനോക്കി നേരത്തെ തിരഞ്ഞെടുത്തു വച്ച മുസ്ലിംനാമധേയങ്ങൾ, ഗോദ്രസംഭവത്തിന്ശേഷം മണിക്കൂറുകൾക്കുള്ളിൽ സംസഥാനത്തിന്റെ വിവിധഭാഗങ്ങളിലെ കർസേവകരുടെ കരങ്ങളിലേക്ക് ഒഴുകിയെത്തിയആയുധങ്ങൾ, കലാപവ്യാപനത്തിനായുള്ള ഭരണകൂടത്തിന്റെനേരിട്ടുള്ള ഇടപെടലുകൾ, ഫോറിൻസിക് തെളിവുകൾപോലും നശിപ്പിക്കുന്നതിനായുള്ള പോലീസ് ഒത്തുകളികൾ, ദുരിതാശ്വാസക്യാമ്പുകളോട് മോദിഭരണകൂടം കാണിച്ച മനുഷ്യത്വരഹിതമായ വിവേചനങ്ങൾ ... അങ്ങനെ അറിഞ്ഞതിലും എത്രയോഭീകരമാണ് സംഘപരിവാർ എന്നക്രിമിനൽ സംഘത്തിന്റെ യഥാർത്ഥ മുഖമെന്നു അടയാളപ്പെടുത്തുന്നുണ്ട് പുസ്തകം.

 "No riot can last for more than 24 hours unless the state wants it to continue"  പോലീസ് സേനയിലെ വർഗീയതയെകുറിച്ചു പഠിച്ച എൻ.  വിഭൂതിറായ് ഐ.പി.എസ് ടീസ്തയുമായി നടത്തുന്ന അഭിമുഖത്തിൽ പറയുന്ന ഒരുവാചകമാണിത്.കലാപങ്ങളിൽ പോലീസും കോടതികളും മാധ്യമങ്ങളും പോലീസും ഭരണകൂടവും എല്ലാംകൃത്യമായി പക്ഷംപിടിക്കുന്നുണ്ടെന്നു തന്റെ നേരനുഭവങ്ങിലൂടെ ടീസ്തസാക്ഷ്യപ്പെടുത്തുന്നുണ്ട്.   ബാൽതാക്കറെയുടെ നേതൃത്വത്തിൽ  1992‐93ൽ ബോംബെകലാപം നടക്കുമ്പോൾ മഹാരാഷ്ട്ര ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നിട്ടും പോലീസ്സേ നശിവസേനയുടെ പ്രവർത്തകരെപോലെ കലാപങ്ങളിൽ പങ്കാളികളായത് ചൂണ്ടിക്കാട്ടി കോൺഗ്രസിനെയും പ്രതിസ്ഥാനത്തുനിരത്തുന്നുണ്ട് ടീസ്റ്റ.

എസ്.ഐ.ടിയുടെനിരുത്തരവാദപരമായ അന്വേഷണവും,SIT മേധാവി ആർ. കെ രാഘവന്റെ കോർപറേറ്റ്ബന്ധവും, ബെസ്റ്റ്ബേക്കറി കേസിന്റെ അട്ടിമറിയിലെ കോൺഗ്രെസ്സ്  ഇടപെടലും , കലാപത്തിനുശേഷം രണ്ടുതവണ കേന്ദ്രത്തിൽ അധികാരത്തിൽവന്നിട്ടും കലാപകാരികൾക്ക് ശിക്ഷവാങ്ങികൊടുക്കാൻ ഇടപെടാതിരുന്നകോൺഗ്രസ് രാഷ്ട്രീയവും,കലാപകാലത്തെ ടെലിഫോൺരേഖകൾ പരിശോധിക്കാതിരുന്നതും,  ആശിഷ് കേതൻതെഹൽക്കയ്ക്കായി നടത്തിയ ഓപ്പറേഷൻ കളങ്കിന്റെ തെളിവുകൾ പരിഗണിക്കാതിരുന്നതും അങ്ങനെ ഏകപക്ഷീയമായി ഹിന്ദുവർഗീയതയയുടെ വിഷംവമിക്കുന്ന ഇന്ത്യയുടെ ഭരണകൂടസ്ഥാപനങ്ങളെ കുറിച്ച് ഇന്ന് വായിക്കുമ്പോൾ കൂടുതൽ തെളിമയുണ്ട്. 

ഇന്ന് സുപ്രീംകോടതിപോലും സംഘപരിവാരത്തിന്റെ നീതിബോധത്തിനനുസരിച്ചു പ്രവർത്തിക്കുന്നു എന്നത് ഈ പുസ്തകം വായനയിൽ ഒട്ടും അതിശയോക്തിയായി തോന്നില്ല. .സംഘപരിവാറിന്  കീഴടങ്ങാത്ത, ചുരുക്കം ചിലഉദ്യോഗസ്ഥരെക്കുറിച്ചും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അതിൽപ്രധാനിയാണ് മലയാളിയായ എഡിജിപിആർ. ബി.ശ്രീകുമാർ. എന്ത് തന്നെയായാലും പുസ്തകം സംഘപരിവാരത്തിനെ അലോസരപ്പെടുത്തിയിട്ടുണ്ട്. അവിചാരിതമെന്നു നാംകരുതിയതെല്ലാം സംഭവിക്കുമ്പോൾ ആർ.എസ്.എസ് ദേശീയതയുടെ അപരമത ഉന്മൂലനത്തിന്റെ ചരിത്രംഓർമ്മപ്പെടുത്തുന്ന ഒന്നുംഈരാജ്യത്ത് ബാക്കിയില്ലാതെവന്നേക്കാം. ആ കാലംഎത്തുംമുൻപേ ഈപുസ്തകംവായിക്കേണ്ടതുണ്ട് .അത്തരമൊരുകാലമെത്താതിരിക്കാനുള്ള പോരാട്ടത്തിനായെങ്കിലും.

പുസ്തകംവായിക്കുമ്പോൾ മുഴുവൻ എന്റെമനസ്സിൽ അയാളുടെ മുഖമായിരുന്നു, ഗുജറാത്ത്കലാപത്തിലെ സംഘപരിവാർഭീകരതയുടെ ഐക്കണായിമാറിയ അശോക് മോച്ചി എന്ന ഗുജറാത്ത്കാരന്റെമുഖം. സഖാവ് സഹീദ്റൂമിയോടൊപ്പം ഒരുഡി.വൈ.എഫ്.ഐപരിപാടിയും കഴിഞ്ഞു ബോംബയിലെ ചെമ്പൂരിൽനിന്നും വാശി കേരളഹൗസിലേക്ക് അശോക് മോച്ചിയുടെ അടുത്തിരുന്നുയാത്രപോയ ആരാത്രി എന്റെ ചോദ്യത്തിന് മറുപടിയായി  'ഞങ്ങളെപറഞ്ഞുപറ്റിച്ചതാ ' എന്നയാൾ പറഞ്ഞ മറുവാചകം എന്റെ ചെവിയിൽ ഇപ്പോഴുമുണ്ട്. വാശിപാലത്തിലൂടെ അപ്പോൾഒ രുട്രെയിൻ നിലവിളിച്ചുകൊണ്ട് ഓടുന്നുണ്ടായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top