28 March Thursday

ജിപ്‌സിയുടെ ഗിത്താർ

വെബ് ഡെസ്‌ക്‌Updated: Friday Jan 4, 2019

മരണത്തിന്റെ കാളക്കൊമ്പുകൾക്കിടയിലാണ്‌ ജീവിതമെന്ന്‌ കാളപ്പോരിന്റെ നാട്ടുകാരനായ കവിക്കറിയാം. ഫെഡറിക്കോ ഗാർഷ്യ ലോർക എന്ന സ്‌പെയിനിന്റെ മഹാനായ കവിയിൽ ഈ ബോധം, ‘ദ്യുവെന്ദേ’ എന്ന ഇരുണ്ട സൗന്ദര്യലഹരിയായി പതഞ്ഞുയർന്നു. നിഗ്രഹോത്സുകമായ പോർക്കാളയുടെ കൊമ്പിൻമുനയിലേക്ക്‌ സ്വയം എടുത്തെറിയുന്നവന്റെ സൗന്ദര്യബോധവും ജീവിതബോധവുമാണത്‌. ഈ രണോത്സവത്തിന്റെ രക്തപതാകപോലെ ലോർകയുടെ കവിതകൾ. ഡി വിനയചന്ദ്രനാണ്‌ ലോർകയെ മലയാളിയാക്കിയത്‌. ‘ജലം കൊണ്ട്‌ മുറിവേറ്റവൻ’ എന്ന വിനയചന്ദ്രന്റെ ലോർക പരിഭാഷ ആ സ്‌പാനിഷ്‌ ലഹരിയെ മലയാളിക്കുകൂടി ചിരപരിചിതമായ വീഞ്ഞാക്കിമാറ്റി. ഫോക്‌ലോറിന്റെ താളം വിളയുന്ന താഴ്‌വാരങ്ങളിലാണ്‌ ‘ദ്യുവെന്ദേ’ അതിന്റെ കാളക്കൊമ്പുയർത്തി കാമാക്രാന്തനായി വന്ന  ഋഷഭം അഭിസരണസന്നദ്ധനായ ധേനുവിനെയെന്നപോലെ മുഴുവൻ ഭൂമിയെയും അതിലെ ജീവിതമെന്ന ചവർപ്പൻ ലഹരിയെയും പ്രാപിക്കാൻ വെമ്പൽപൂണ്ടുനിൽക്കുന്നത്‌. ലോർകയിലെന്നപോലെ വിനയചന്ദ്രനിലും ഈ സാംസ്‌കാരികധമനി സമവേഗമാർന്ന്‌, സ്‌പന്ദിച്ചിരുന്നു. ഇത്തരം വിലപിടിച്ച ചില തിരിച്ചറിവുകളിലേക്കുകൂടിയാണ്‌ ലോർകയുടെ കവിതകളുടെ പുതുവായന, ഭാവുകനായ മലയാളിയെ എത്തിക്കുക. 2018ൽ പുറത്തുവന്ന ‘രണ്ട‌് ഒച്ചുകളുടെ സംവാദം(The Dialogue of Two Snails) ലോർക കവിതകളുടെ ചെറുതെങ്കിലും വ്യത്യസ്‌തമായ സമാഹാരമാണ്‌. പ്രസാധനം പെൻഗ്വിൻ മോഡേൻ; റ്റൈലർ ഫിഷറാണ്‌ പരിഭാഷകൻ. 

‘കാളപ്പോരുകാരനായ ഇഗ്‌നാതിയോ സാഞ്ചെസ്‌ മെഹിയാസിന്‌ ഒരു വിലാപകാവ്യം' പോലെയോ ‘എന്റെ അനിയൻ, മിഗ്വേലിന്‌’ പോലെയോ ‘സ്വപ്‌നഗാനം’ പോലെയോ ഏറെ പ്രസിദ്ധിയാർജിച്ച കവിതകൾ ഈ സമാഹാരത്തിൽ കണ്ടെന്നുവരില്ല. കൂടുതൽ ലഘുവും സരളവും സൗമ്യവുമായ കവിതകളാണ്‌ റ്റൈലർ പരിഭാഷയ്‌ക്ക്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. അമൂർത്തതയും സ്വപ്‌നാത്മകതയും നമുക്ക്‌ ഒരുപക്ഷേ, അപ്രാപ്യമായ ഗാനാത്മകതയുമാണ്‌ ലോർകയുടെ കാവ്യമുദ്രകൾ. 
‘ഒലീവ്‌ മരങ്ങളുടെ 
സമതലം
ഒരു വിശറിപോലെ 
വിടർന്നു ചുരുങ്ങുന്നു (‘ഭൂഭാഗ ദൃശ്യം’‐ലാൻഡ്‌സ്‌കേപ് ‐ എന്ന കവിത) എന്നെഴുതി, അവിസ്‌മരണീയമായ ഒരു വാങ്‌മയാനുഭവം സൃഷ്ടിച്ച്‌ പിൻവാങ്ങുന്നതാണ്‌ ലോർകയുടെ രീതികളിൽ ഒന്ന്‌. മറ്റു ചിലപ്പോൾ അത്‌, അനാർഭാടസുന്ദരമായി മരണവിചാരത്തിലും ജീവിതധ്യാനത്തിലും മുഴുകുന്നു. 
അത്രമാത്രം ജീവിതം.
എല്ലാം എന്തിനുവേണ്ടി? 
പരപ്പൻ പാത വിരസം
സ്‌നേഹമില്ല, വേണ്ടുവോളം
 
എന്തൊരു തിടുക്കം. 
എല്ലാം എന്തിനുവേണ്ടി? 
കടവില്ലാത്ത തോണിയിലേറാനുള്ള 
തിടുക്കം
കൂട്ടരേ മടങ്ങിപ്പോരൂ!
അരുതേ
മൃത്യുവിന്റെ കോപ്പയിൽ 
പകരരുതേ 
നിങ്ങളുടെയാത്മാവ്‌. 
‘അർധ വിലാപകാവ്യം’ (ക്വാസി എലിജി) എന്ന ലോർകയുടെ കവിതയാണിത്‌. വിഷാദത്തിന്റെയും വിഫലതാബോധത്തിന്റെയും വിളുമ്പിൽനിന്നത്‌ വാഴ്‌വിന്റെ ഹരിത ശാദ്വലത്തിലേക്കുതന്നെ തിരികെ നടക്കുന്നു. വിഷാദം, ലക്കുകെട്ട്‌ മുങ്ങിത്താഴാനുള്ള കയമല്ല  ലോർകയ്‌ക്ക്‌. ‘തിങ്കളിന്റെ പാട്ട്‌’  (ബാലഡ്‌ ഓഫ്‌ ദ മൂൺ മൂൺ) എന്ന കവിതയിലെ ‘ചെറുവാല്യക്കാരൻ’ചന്ദ്രനോടൊപ്പം പലായനംചെയ്യുകയും അവനെ പിടികൂടാൻ വരുന്ന ജിപ്‌സികൾ ചൂളയിൽവീണ്‌ പൊരിയുകയും ചെയ്യുന്നത്‌ പോലെയാണിത്‌. ഈ ചന്ദ്രൻ, ലോർകയുടെ കവിതയിലെ  നിത്യസാന്നിധ്യമാണ്‌. ഭാവനയും ഉന്മാദവും വിഷാദവും ചേർന്ന്‌ രാകിമിനുക്കിയെടുത്ത രജതബിംബം. ആ അർഥത്തിൽ, ലോർകയുടെ പാട്ടുകളത്രയും തിങ്കളിന്റെ പാട്ടുകൾ. 
ഓരോ ഗാനവും എന്ന കവിതയിൽ ലോർക എഴുതുന്നു:
ഓരോ ഗാനവും 
തിര പിൻവാങ്ങവെ
തീരത്തു തളംകെട്ടിനിൽക്കുന്ന
ഒരിറ്റു പ്രേമത്തിന്റെ സമുദ്രം
 
ഓരോ പകൽ നക്ഷത്രവും
തിര പിൻവാങ്ങവെ
തീരത്തു തളംകെട്ടിനിൽക്കുന്ന 
ഒരിറ്റുകാലത്തിന്റെ സമുദ്രം
കാലച്ചരടിലിട്ട കടും‐
കെട്ട്‌. 
ഓരോ നിശ്വാസവും 
തിര പിൻവാങ്ങവെ
തീരത്തു തളംകെട്ടിനിൽക്കുന്ന
ഒരിറ്റു കരച്ചിൽ
‘സാഹസിയായ ഒച്ചിന്റെ കണ്ടുമുട്ടലുകൾ’(ദി എൻകൗണ്ടേസ്‌ ഓഫ്‌ ആൻ അഡ്വഞ്ചറസ്‌ സ്‌നെയിൽ) എന്ന, സമാഹാരത്തിലെ കവിത വ്യത്യസ്‌തമാണ്‌. പോപ്ലാൻ മരക്കാടുകൾക്കിടയിലൂടെ ഇഴഞ്ഞുനീങ്ങുകയാണ്‌, സാവധാനിയായ ഒരൊച്ച്‌. ‘വീതി കുറഞ്ഞ വഴിയിലൂടെ ശാന്തനായ ബൂർഷ്വ’ എന്ന്‌ ലോർക ആ ഒച്ചിനെ വിവരിക്കുന്നു തന്റെ വഴിയുടെ അങ്ങേയറ്റംവരെ പോകണമെന്നാണ്‌ അതിന്റെ ഇച്ഛ. വഴിയിൽ അത്‌ രണ്ടു തവളകളെ കണ്ടുമുട്ടുന്നു. വൃദ്ധരും വിവശരുമായ അവർ ദൈവത്തിന്റെ ഉൺമയെത്തന്നെ സംശയിച്ചു തുടങ്ങിയിരിക്കുന്നു. ആ കണ്ടുമുട്ടൽ, കവിതയിൽ ഇങ്ങനെ വിവരിക്കപ്പെട്ടിരിക്കുന്നു:
ഇതൊരു പൂമ്പാറ്റയാണോ? 
മുക്കാലും കുരുടനായ തവള ചോദിച്ചു
‘അതിനു രണ്ടു കൊമ്പുണ്ട്‌’
മറ്റേത്തവള പറഞ്ഞു, 
‘അതൊരൊച്ചാണ്‌.’ 
രണ്ട്‌ ഇവാഞ്ചലിസ്റ്റുകളെപ്പോലെയാണ്‌ തുടർന്ന്‌ ആ രണ്ടു തവളകൾ സംസാരിക്കുന്നത്‌. പ്രാർഥിക്കാത്ത, പരലോകത്തിൽ വിശ്വാസിക്കാത്ത ആ സാധുജീവിയോട്‌ അവർ കയർക്കുന്നു. എന്നാലോ ആ കുരുടൻ തവളയ്‌ക്ക്‌ അതിലൊന്നും വലിയ വിശ്വാസമില്ല താനും. എന്നിട്ടും താൻ പാവം ഒച്ചിനോട്‌ വിശ്വാസവിളംബരം നടത്തിയതെന്തിനാണെന്ന കൂട്ടുകാരന്റെ ചോദ്യത്തിന്‌ തവള ഇങ്ങനെ മറുപടി പറയുന്നു:
ചെളിക്കുണ്ടിൽനിന്ന്‌ 
എന്റെ മക്കൾ, 
ഊറ്റത്തോടെ 
ദൈവത്തെ വിളിച്ച്‌ 
കരയുന്നതു കേൾക്കുമ്പോൾ 
ഞാൻ വികാരത്താൽ വിജൃംഭിക്കുന്നു 
വിശ്വാസത്തിന്റെ അന്ധതയെയും വ്യർഥതയെയും പരിഹാസ്യതയെയുമാണ്‌ ഈ ‘ഒച്ചുപുരാണം’ വിമർശനവിധേയമാക്കുന്നത്‌.(‘ഞാഞ്ഞൂൾ പുരാണം’ എന്ന പേരിൽ ഇതിനു സമാനമായ ഒരു കവിത നമ്മുടെ ഭാഷയിലുമുണ്ട്‌.) നിത്യധ്വാനം എന്ന നിയമം മറികടന്ന്‌ പോപ്ലാർ മരത്തുഞ്ചത്തു കയറി, നക്ഷത്രങ്ങളെ നോക്കിയതിനു ശിക്ഷയായി തന്റെ സഹജീവികളാൽ കൊല്ലാക്കൊല ചെയ്യപ്പെട്ട ഒരു പാവം ഉറുമ്പിനെയും കണ്ടുമുട്ടുന്നത്‌ ഒച്ച്‌ തന്റെ യാത്രയിൽ. ഒച്ചോ മറ്റുറുമ്പുകളോ നക്ഷത്രങ്ങൾ കണ്ടിട്ടില്ല. അതെന്താണെന്നുപോലും അവർക്കറിയില്ല. അങ്ങനെ പുല്ലുകളുടെ പൊക്കത്തിനപ്പുറമുള്ളവ കണ്ടിട്ടേയില്ലാത്ത ഒച്ച്‌ തന്റെ പര്യടനം തുടരുന്നു. ദൈവം, നക്ഷത്രം, പരലോകം തുടങ്ങിയവയുടെ അസ്‌തിത്വത്തെച്ചൊല്ലിയുള്ള ആശങ്കയാൽ ആകുലമാണ്‌ ഇപ്പോൾ അതിന്റെയുള്ളം. മഞ്ഞുമൂടി ധൂസരമായ പരിസരപ്രകൃതിയിൽ കണ്ണുനട്ടുകൊണ്ട്‌, ഇടുങ്ങിയ പാതയിലെ സാവധാനിയായ ആ ബൂർഷ്വാ തന്റെ മന്ദസഞ്ചാരം തുടർന്നു എന്നു പറഞ്ഞുകൊണ്ടാണ്‌ കവിത അവസാനിക്കുന്നത്‌. 
‘ദ്യുവെന്ദേ’യുടെ ഉന്മത്തവേഗങ്ങൾക്കപ്പുറം ലോർകയിൽ ചിലതുണ്ടായിരുന്നു എന്ന‌് വ്യക്തമാക്കാൻ വേണ്ടിയാണ്‌ ഇതത്രയും ഇവിടെ വിവരിച്ചത്‌. ഒച്ചിന്റെയും ഉറുമ്പിന്റെയും തവളയുടെയും പഞ്ചതന്ത്രഭാഷയിലെഴുതപ്പെട്ട ഈ പരിഹാസകവനം അതാണ‌്‌ വ്യക്തമാക്കുന്നത്‌. 
‘വർത്തുളാകാരമായ കവലയിൽ
ആറു കന്യകമാർ നൃത്തംചെയ്യുന്നു.
മാംസശരീരിണികളായ മൂന്നുപേർ, 
രജതശരീരിണികളായ മൂന്നുപേരും. 
ഇന്നലെയുടെ കനവുകൾ അവരെ 
അകലെനിന്ന്‌ പിന്തുടരുന്നു.
പക്ഷേ 
ഒറ്റക്കണ്ണനായ ഒരു സൗവർണ രാക്ഷസൻ
അവരെ പിടികൂടിയിരിക്കുന്നു. 
ഓ, ഗിത്താർ! ‘ഗിത്താറിന്റെ പ്രഹേളിക’(റിഡ്‌ൽ ഓഫ്‌ ദ ഗിത്താർ’) എന്ന ലോർകയുടെ കവിതയുടെ ഒരേകദേശ പരിഭാഷയാണിത്‌. പാട്ടും പ്രഹേളികയും കാട്ടുപക്ഷികളെപ്പോലെ കലമ്പൽ കൂട്ടുന്ന ഒരു ജിപ്‌സി ഗിത്താർ‐ അതായിരുന്നു ഫെഡറിക്കോ ഗാർഷ്യ ലോർകയുടെ കവിത.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top