കുന്നമംഗലം > കുട്ടികളുണ്ടാക്കിയ വലിയ വിശേഷാൽപ്പതിപ്പുമായി ശാസ്‌ത്രമാസികയായ യുറീക്കയുടെ നവംബർ ലക്കം പുറത്തിറങ്ങുന്നു. 100 ചിത്രങ്ങൾ, 40 സൃഷ്ടികൾ, ഒന്നാം ക്ലാസിലെ കുട്ടി വരച്ച കവർചിത്രം എന്നിങ്ങനെ നിരവധി പുതുമകളുമായി കുട്ടികൾ മാത്രമടങ്ങിയ 15 അംഗ പത്രാധിപ സമിതിയാണ് തയ്യാറാക്കിയത്.
തൃശൂർ ജില്ലയിലെ പൊറത്ത്ശേരി മഹാത്മ എൽപി ആൻഡ് യുപി സ്കൂളിലെ ഒന്നാം ക്ലാസുകാരി ദേവന ദീപുവിന്റേതാണ് കവർചിത്രം. എറണാകുളം ജില്ലയിലെ റോഷ്നി പദ്ധതിയിലുള്ള അതിഥി തൊഴിലാളികളുടെ മക്കളും ഗോത്രവർഗ പ്രദേശങ്ങളിലെ കുട്ടികളും ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളും മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികളുമുൾപ്പെടെയുള്ളവരുടെ സർഗസൃഷ്ടികളാണ് ഉള്ളടക്കം.
പ്രീ പ്രൈമറിക്കാരും ഒന്നാം ക്ലാസുകാരും ബേസ് ലൈൻ വരകളിലൂടെ യുറീക്കയുടെ ഭാഗമായി. അധ്യാപകരെ വിമർശന വിധേയമാക്കി ആക്ഷേപഹാസ്യത്തിൽ എഴുതിയ ‘പത്തിരി ', ആദിവാസി വിഭാഗത്തിലെ കുട്ടി എഴുതിയ ഈന്തിൻകുരു തോരൻ തയ്യാറാക്കുന്ന ‘കൊറങ്കാട്ടി', മഴവിൽപ്പൊട്ട്, കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച സാന്ദ്ര ഡേവീസുമായുള്ള അഭിമുഖം ‘കാണാ ക്രിക്കറ്റിലെ കാഴ്ച', ഉറുമ്പെട്ടുകാലി, വേനൽ മഴ തുടങ്ങിയവയെല്ലാം പുതിയ വായനാനുഭവം സമ്മാനിക്കുന്നു. കുട്ടികൾമാത്രം തയ്യാറാക്കുന്ന യുറീക്കയുടെ പതിനാലാമത്തെ ലക്കമാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..