26 April Friday

'ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു...'; ഇടതുചിന്തയ്ക്ക് പുതുവെളിച്ചം നൽകി ബാംഗ്ലൂർ ഇഎംഎസ് പഠനവേദി

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

ബംഗളൂരു > ഇഎംഎസ് ഇല്ലാതെ കടന്നുപോയ രണ്ടുദശകങ്ങളെ ഇഎംഎസ് കൃതികളുടെ നിരന്തര പഠനങ്ങൾ കൊണ്ട് ചിന്തകളാൽ ജ്വലിപ്പിച്ചു നിർത്തുന്ന ദൗത്യം പൂർത്തിയാക്കി ബാംഗ്ലൂർ മലയാളികൾ എഴുതിച്ചേർത്തത് പുതിയ ചരിത്രം. ഇഎംഎസ് സമ്പൂർണ്ണകൃതികളുടെ നൂറു സഞ്ചികകൾ ഓരോന്നായി വായിച്ച്  ചർച്ചചെയ്യുന്ന സമാനതകളില്ലാത്ത രാഷ്ട്രീയദൗത്യം പൂർത്തിയാക്കിയാണ്‌ ബാംഗ്ലൂർ ഇഎംഎസ് പഠനവേദി സാംസ്കാരിക രംഗത്ത് ഇടതുചിന്തയ്ക്ക് പുതുവെളിച്ചം നൽകിയത്.

നൂറാം സഞ്ചികാ ചർച്ചയ്ക്ക് അനുബന്ധമായി സംഘടിപ്പിക്കപ്പെട്ട 'ഇഎംഎസ്  ചരിത്രത്തിലൂടെ' എന്ന വിഷയത്തിൽ നടന്ന സമാപന സെമിനാറിൽ  രണ്ടു ദശാബ്ദമായി നിലനിന്ന ഈ പഠന പ്രവർത്തനത്തിൻ്റെ നാൾവഴികൾ വിലയിരുത്തി. പഠനപ്രബന്ധം കൺവീനർ  സുദേവൻ പുത്തൻചിറ അവതരിപ്പിച്ചു. എഴുത്തുകാരനും വാഗ്മിയുമായ സുരേഷ് കോടൂർ ചർച്ചയ്ക്ക് ആമുഖം നൽകി. വി എം പി നമ്പീശൻ അധ്യക്ഷനായി. സെമിനാറിൽ സിപിഐ എം സംസ്ഥാന നേതാക്കളായ ജി എൻ നാഗരാജ്, ഡോ. കെ പ്രകാശ് എന്നിവർ പങ്കെടുത്തു. ചെയർമാൻ ആർ വി ആചാരി സെമിനാറിൽ അധ്യക്ഷനായി.



10 ലക്ഷത്തിൽപരം മലയാളികളുള്ള ബാംഗ്ലൂരിലെ സജീവമായ സാംസ്കാരിക പ്രവർത്തനരംഗത്ത് വിപ്ലവചിന്തയോട് ആഭിമുഖ്യമുള്ള വായനക്കാരിൽ മാർക്സിയൻ അവബോധം ഉറപ്പിച്ചെടുക്കാൻ പഠനചർച്ചകളുടെ സജീവമായ സംവാദവേദികൾക്ക് കഴിഞ്ഞിട്ടുണ്ട്‌.

ഇഎംഎസിൻ്റെ ചരമശേഷം ചിന്താ പബ്ലിഷേഴ്സ് സമ്പൂർണ്ണകൃതികൾ പുറത്തിറക്കുമ്പോൾ വരിക്കാരെ ചേർക്കുന്നതിനായി 1998 ഒക്ടോബർ 13 ന് കബൻ പാർക്കിലെ എൻജിഓ ഹാളിൽ ചേർന്ന യോഗത്തിൽ മുഖ്യാതിഥിയായെത്തിയത് പുസ്തകശൃംഖലയുടെ ചീഫ് എഡിറ്ററായിരുന്ന പി ഗോവിന്ദപ്പിള്ളയായിരുന്നു.  അന്നുടലെടുത്ത ആശയമാണ്, നൂറു സഞ്ചികകളായി ഇറങ്ങുന്ന പുസ്തകങ്ങൾ ഓരോന്നും കാലിക സന്ദർഭങ്ങളുമായി കണ്ണിചേർത്ത് ചർച്ചചെയ്യുന്ന രാഷ്ട്രീയ പഠനം. അതാണ് സഞ്ചികാ ചർച്ചയോടെ  പൂർത്തിയായത്.

പ്രബന്ധാവതരണം, ചർച്ച ആമുഖം, തുടർചർച്ച, കാവ്യാലാപനങ്ങൾ, വിപ്ലവഗാനങ്ങൾ,  ചോദ്യോത്തരങ്ങൾ, അധ്യക്ഷൻ്റെ  ഉപസംഹാരം എന്നീ ഉള്ളടക്കങ്ങളോടെ ഓരോ സഞ്ചികകളും കാലികമായി വിലയിരുത്തപ്പെട്ടു.

കേരളത്തിൽ നിന്ന് ഉദ്യാനനഗരിയിൽ പുതുതായി വിരുന്നെത്തിയ യുവ വിപ്ലവമനസ്സുകൾ കണ്ടുമുട്ടുന്ന, ഒത്തുചേർന്ന് ആശയവിനിമയം നടത്തി ഒരേ മനസ്സായി പ്രവർത്തിക്കുന്ന, ഒരിടമായി ഇഎംഎസ് പഠനവേദി മാറി. സർഗ്ഗപ്രതിഭകളുടെ എഴുത്തിൻ്റെ ഉള്ളുറവകൾക്ക് ആശയസ്രോതസ്സായി, ചരിത്രഗതിയിലെ നാൾവഴികൾ അടയാളപ്പെടുത്തിയ പുസ്തകപ്പുറങ്ങൾ മാറി. സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലൂടെ ചർച്ചകൾക്ക് തുടർചലനങ്ങളുണ്ടായി. ഏകപക്ഷീയമായ ചർച്ചകളല്ല, നിശിതമായ  വിമർശനങ്ങളിലൂടെ ഇടതുപക്ഷ നിലപാടുകളെക്കുറിച്ചുള്ള സുവ്യക്തമായ അവബോധം ഉറപ്പിച്ചെടുക്കുന്ന പ്രവർത്തനമാണ് ബാംഗ്ലൂർ മലയാളികളിലെ ഈ ഇടതുപക്ഷ ധാരയിലൂടെ യാഥാർത്ഥ്യമായത്.

പുസ്തകചർച്ചകൾക്കൊപ്പം വിവിധ വിഷയങ്ങളിൽ  സെമിനാറുകളും കാലിക വിഷയങ്ങളിൽ  സംവാദങ്ങളും പഠനവേദി സംഘടിപ്പിച്ചുവന്നിരുന്നു. പ്രൊ. പ്രഭാത് പട്നായിക്, വെങ്കിടേഷ് ആത്രേയ, രാജൻ ഗുരുക്കൾ  തുടങ്ങിയ മാർക്സിസ്റ്റ് ചിന്തകർ സെമിനാറുകളിൽ പ്രഭാഷകരായെത്തിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top